അബസ (മുഖം ചുളിച്ചു) 

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 മാര്‍ച്ച് 23 1440 റജബ് 16

അധ്യായം: 80, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

كَلَّا إِنَّهَا تَذْكِرَةٌ (١١) فَمَنْ شَاءَ ذَكَرَهُ (١٢) فِي صُحُفٍ مُكَرَّمَةٍ (١٣) مَرْفُوعَةٍ مُطَهَّرَةٍ (١٤) بِأَيْدِي سَفَرَةٍ (١٥) كِرَامٍ بَرَرَةٍ (١٦) قُتِلَ الْإِنْسَانُ مَا أَكْفَرَهُ (١٧) مِنْ أَيِّ شَيْءٍ خَلَقَهُ (١٨) مِنْ نُطْفَةٍ خَلَقَهُ فَقَدَّرَهُ (١٩) ثُمَّ السَّبِيلَ يَسَّرَهُ (٢٠)
(11) നിസ്സംശയം ഇത് (ക്വുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച. (12) അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ. (13) ആദരണീയമായ ചില ഏടുകളിലാണത്. (14) ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍). (15) ചില സന്ദേശവാഹകരുടെ കൈകളിലാണത്. (16) മാന്യന്മാരും പുണ്യവാന്മാരും ആയിട്ടുള്ളവരുടെ. (17) മനുഷ്യന്‍ നാശമടയട്ടെ; എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍? (18) ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? (19) ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും എന്നിട്ട് അവനെ (അവന്റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. (20) പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.

11-12) അല്ലാഹു പറയുന്നു: (നിസ്സംശയം ഇത് (ക്വുര്‍ആന്‍ ഒരു ഉല്‍ബോധനമാകുന്നു, തീര്‍ച്ച). തീര്‍ച്ചയായും ഇത് ഒരു ഓര്‍മപ്പെടുത്തലാണ്. അല്ലാഹുവില്‍ നിന്നുള്ള ഓര്‍മപ്പെടുത്തല്‍. അല്ലാഹു തന്റെ അടിമകളെയാണ് ഓര്‍മപ്പെടുത്തുന്നത്. അവര്‍ക്കാവശ്യമുള്ളത് വേദഗ്രന്ഥത്തിലൂടെ വിശദീകരിച്ച് കൊടുക്കുന്നു. വഴികേടില്‍ നിന്നും സന്മാര്‍ഗമേതെന്ന് വ്യക്തമാക്കി കൊടുക്കുന്നു. അത് ഒരാള്‍ക്ക് വ്യക്തമായിക്കഴിഞ്ഞാല്‍, (അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ചുകൊള്ളട്ടെ). അതവന്‍ പ്രാവര്‍ത്തികമാക്കട്ടെ.

وَقُلِ الْحَقُّ مِنْ رَبِّكُمْ ۖ فَمَنْ شَاءَ فَلْيُؤْمِنْ وَمَنْ شَاءَ فَلْيَكْفُرْ ۚ

''പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ'' (18:29).

13-14). പിന്നീട് ഈ ഉല്‍ബോധനത്തിന്റെ സ്ഥാനവും മഹത്ത്വവും ഔന്നത്യവുമാണ് പരാമര്‍ശിക്കുന്നത്. (ആദരവും ഔന്നത്യവും നല്‍കപ്പെട്ടതുമായ ചില ഏടുകളിലാണത്). സ്ഥാനത്തിലും പദവിയിലും (പരിശുദ്ധമാക്കപ്പെട്ടത്). അപകടങ്ങളില്‍ നിന്നും പിശാചുക്കളുടെ കൈകള്‍ അതിനെ കൈകാര്യം ചെയ്യുന്നതില്‍ നിന്നും അത് കട്ടുകേള്‍ക്കുന്നതില്‍ നിന്നുമെല്ലാം.

15). മാത്രവുമല്ല, (ചില സന്ദേശവാഹകന്മാരുടെ കൈകളിലാണത്). അവര്‍ മലക്കുകളാണ്; അല്ലാഹുവിനും അവന്റെ ദാസന്മാര്‍ക്കും ഇടയിലുള്ള സന്ദേശവാഹകന്മാര്‍.

16). (മാന്യന്മാരായ) ധാരാളം നന്മയും അനുഗ്രഹങ്ങളുമുള്ള. (പുണ്യവാന്മാരുമായ) ഹൃദയത്തിലും പ്രവര്‍ത്തനത്തിലും.

അല്ലാഹു തന്റെ ഗ്രന്ഥത്തിന് ഏര്‍പെടുത്തിയ സംരക്ഷണമാണിതെല്ലാം. സൂക്ഷ്മാലുക്കളും ശക്തരും മാന്യന്മാരുമായ ദൂതന്മാരായ മലക്കുകളെ അതിന്റെ സന്ദേശവാഹകരാക്കി. പിശാചുക്കള്‍ക്ക് യാതൊരു വഴിയും അതിന്മേലില്ല. ഇതെല്ലാം നാം പൂര്‍ണമായി അംഗീകരിച്ച് വിശ്വസിക്കേണ്ട കാര്യങ്ങളാണ്.

എന്നാല്‍ ഇതൊക്കെയാണെങ്കിലും മനുഷ്യന്‍ അങ്ങേയറ്റം നന്ദികെട്ടവനാവുകയാണ്. അതാണ് അല്ലാഹു പറഞ്ഞത്:

17-19). (മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക്. സത്യം വ്യക്തമായിട്ടും എത്ര ധിക്കാരമാണവന്‍ സത്യത്തോട് കാണിക്കുന്നത്! എന്താണവന്‍? വസ്തുക്കളില്‍ ഏറ്റവും ദുര്‍ബലമായതില്‍നിന്നാണവന്‍. നിസ്സാരമായ ദ്രാവകത്തില്‍ നിന്നും അവനെ അല്ലാഹു സൃഷ്ടിച്ചു. പിന്നീട് അവന്റെ സൃഷ്ടിപ്പിനെ നിര്‍ണയിച്ചു. എന്നിട്ട് ശരിയായ ഒരു മനുഷ്യനാക്കി സംവിധാനിച്ചു. ആന്തരികവും ബാഹ്യവുമായ അവന്റെ ശക്തിയെ സുദൃഢമാക്കി.

(20) (പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു). മതപരവും ഭൗതികവുമായ കാരണങ്ങളെ അവന് എളുപ്പമാക്കിക്കൊടുത്തു. ശരിയായ വഴിയിലേക്ക് നയിച്ചു. കല്‍പനകളും വിരോധങ്ങളും വ്യക്തമാക്കിക്കൊടുക്കുകയും അതുമൂലം പരീക്ഷിക്കുകയും ചെയ്തു.