ഇന്‍സാന്‍ (മനുഷ്യന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

അധ്യായം: 76, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

هَلْ أَتَىٰ عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا (١) إِنَّا خَلَقْنَا الْإِنْسَانَ مِنْ نُطْفَةٍ أَمْشَاجٍ نَبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا (٢) إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا (٣) إِنَّا أَعْتَدْنَا لِلْكَافِرِينَ سَلَاسِلَ وَأَغْلَالًا وَسَعِيرًا (٤) إِنَّ الْأَبْرَارَ يَشْرَبُونَ مِنْ كَأْسٍ كَانَ مِزَاجُهَا كَافُورًا (٥) عَيْنًا يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيرًا (٦) يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا (٧‬)
(01) മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? (02) കലര്‍പ്പുള്ള ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (03) തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. (04) തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്ജ്വലിക്കുന്ന നരകാഗ്‌നിയും ഒരുക്കി വെച്ചിരിക്കുന്നു. (05) തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്റെ ചേരുവ കര്‍പ്പൂരമായിരിക്കും. (06) അല്ലാഹുവിന്റെ ദാസന്‍മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്. അവരത് പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും. (07) നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും.

1). ഈ അധ്യായത്തില്‍ അല്ലാഹു പരാമര്‍ശിക്കുന്നത് മനുഷ്യന്റെ ആദ്യാവസ്ഥയും തുടക്കവും ഒടുക്കവും അതിനിടയിലുള്ള അവസ്ഥയുമെല്ലാമാണ്. തുടര്‍ന്ന് പറയുന്നു: അവന്റെ മേല്‍ കടന്നുപോയി (ഒരു കാലഘട്ടം). അത്അവനുണ്ടാകുന്നതിന് മുമ്പാണ്. അവന്‍ ഇല്ലാത്തവനായിരുന്നു. (പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത).

2). പിന്നീട് അവന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ പിതാവായ ആദമിനെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. പിന്നീട് അവനില്‍ നിന്ന് തുടര്‍ പരമ്പരകളെ ഏര്‍പ്പെടുത്തി. (കൂടിക്കലര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്). അതായത് നിസ്സാരവും വെറുപ്പുളവാക്കുന്നതുമായ. (നാം അവനെ പരീക്ഷിക്കുന്നതിനായിട്ട്). മനുഷ്യന്‍ അവന്റെ ആദ്യ അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കുകയുമാണോ ചെയ്തത്; അതോ, അതിനെ വിസ്മരിക്കുകയും സ്വയം വഞ്ചിതനാവുകയുമാണോ ചെയ്തത് എന്ന്.

അല്ലാഹു അവനെ ഉണ്ടാക്കി, ബാഹ്യവും ആന്തരികവുമായ ശക്തി സൃഷ്ടിച്ചു നല്‍കി; കേള്‍വി പോലെയും കാഴ്ച പോലെയും. സമ്പൂര്‍ണവും സുരക്ഷിതവുമായ മറ്റു അവയവങ്ങളും. അതുമൂലം അവന്റെ ആവശ്യങ്ങളെല്ലാം നിര്‍വഹിക്കാന്‍ അവന് കഴിയുന്നു.

3). പിന്നീട് അവനിലേക്ക് പ്രവാചകന്മാരെ നിയോഗിക്കുകയും വേദങ്ങള്‍ ഇറക്കുകയും ചെയ്തു. അങ്ങനെ അല്ലാഹുവിലേക്കെത്താനുള്ള വഴി കാണിച്ചുകൊടുത്തു. അത് വ്യക്തമാക്കി കൊടുക്കുകയും അതില്‍ താല്‍പര്യമുണ്ടാക്കുകയും ചെയ്തു. അവന്റെ അടുക്കലെത്തിയാല്‍ ലഭിക്കാനുള്ളതും അറിയിച്ചുകൊടുത്തു.

പിന്നീട് നാശത്തിലേക്കെത്തുന്ന വഴിയും അറിയിച്ചു. അതിനെക്കുറിച്ച് ഭയപ്പെടുത്തി. അതില്‍ പ്രവേശിച്ചാല്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ അറിയിച്ചുകൊടുത്തു. അതുമൂലം അവനെ പരീക്ഷിച്ചു. ഒരു വിഭാഗം അല്ലാഹു ഏല്‍പിച്ച കടമകള്‍ നിര്‍വഹിക്കുന്ന, അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവരായിത്തീര്‍ന്നു. മറ്റൊരു വിഭാഗം അവന്‍ ചെയ്തുകൊടുത്ത മതപരവും ഭൗതികവുമായ അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിക്കുന്നവരാണ്. അവരതിനെ നിരാകരിച്ചു. തന്റെ രക്ഷിതാവിനോട് നന്ദികേട് കാണിച്ചു. നാശത്തിന്റെ വഴിയില്‍ പ്രവേശിച്ചു.

4). അല്ലാഹുവില്‍ അവിശ്വസിക്കുകയും അവന്റെ പ്രവാചകന്മാരെ കളവാക്കുകയും അവന്റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെടുകയും ചെയ്യുന്നവന് നാം ഒരുക്കുകയും തയ്യാറാക്കുകയും ചെയ്തിട്ടുണ്ട് (ചങ്ങലകള്‍), നരകാഗ്നിയില്‍. അല്ലാഹു പറയുന്നു: 

ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ

''പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ'' (69:32).

(വിലങ്ങുകളും) അവരുടെ കൈകള്‍ കഴുത്തിലേക്ക് ബന്ധിക്കാനും പിടിച്ചുകെട്ടാനും. (കത്തിജ്വലിക്കുന്ന നരകാഗ്നിയും) അവരുടെ ശരീരങ്ങളെ കത്തിച്ച് കരിച്ച് കളയുന്ന തീ.

كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ

''അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റിക്കൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ച് കൊണ്ടിരിക്കാന്‍ വേണ്ടിയാണിത്'' (4:56)

ഈ ശിക്ഷ അവര്‍ക്ക് നിത്യമായിരിക്കും. അതിലവര്‍ കാലാകാലം ശാശ്വതരായിരിക്കും.

5). എന്നാല്‍ (പുണ്യവാന്മാര്‍) അല്ലാഹുവിനെ കുറിച്ചുള്ള അറിവിനാലും സ്‌നേഹത്താലും അവരുടെ നല്ല സ്വഭാവ ഗുണങ്ങളാലും അവര്‍ നന്മ ചെയ്തു. അങ്ങനെ അവരുടെ കര്‍മങ്ങള്‍ നന്നായി. പുണ്യങ്ങളുടെ അവസരങ്ങളെ അവര്‍ പ്രയോജനപ്പെടുത്തി. 

അതിനാലവര്‍ (ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്). കര്‍പ്പൂരം കലര്‍ത്തിയ മദ്യത്തില്‍ നിന്നുള്ള രുചികരമായ പാനീയം. കര്‍പ്പൂരം കലര്‍ത്തുന്നത് അതിന്റെ തീവ്രത കുറക്കാനും തണുപ്പിക്കാനുമാണ്. ഈ കര്‍പ്പൂരം അങ്ങേയറ്റം രുചികരമാണ്. ഇഹലോകത്തെ കര്‍പ്പൂരത്തിനുള്ള ന്യൂനതയില്‍ നിന്നും കലക്കത്തില്‍ നിന്നുമെല്ലാം അത് സുരക്ഷിതമായിരിക്കും. സ്വര്‍ഗത്തിലുണ്ടെന്ന് അല്ലാഹു പറഞ്ഞ ദുനിയാവിലെ വസ്തുക്കളില്‍ നിന്നെല്ലാം അതിന്റെ അപകടങ്ങള്‍ ഇല്ലാതാവും. അല്ലാഹു പറയുന്നു:

فِي سِدْرٍ مَّخْضُودٍ (28) وَطَلْحٍ مَّنضُودٍ (29)

''മുള്ളിലാത്ത ഇലന്തമരം, അടുക്കടുക്കായി കുലകളുള്ള വാഴ'' (56:28, 29).

أَزْوَاجٌ مُّطَهَّرَةٌ ۖ

''പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും'' (2:25).

لَهُمْ دَارُ السَّلَامِ عِندَ رَبِّهِمْ ۖ

''അവര്‍ക്ക് അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ സമാധാനത്തിന്റെ ഭവനമുണ്ട്'' (6:127).

وَفِيهَا مَا تَشْتَهِيهِ الْأَنْفُسُ وَتَلَذُّ الْأَعْيُنُ ۖ

''മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരവുമായ കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും'' (43:71).

6). (അല്ലാഹുവിന്റെ ദാസന്മാര്‍ കുടിക്കുന്ന ഒരു ഉറവ ജലം). തീര്‍ന്നുപോകുമെന്ന് ഭയപ്പെടാതെ അവര്‍ കുടിക്കുന്ന ആ കോപ്പ. നിന്നുപോകാത്ത ഒരു ഉറവിടമുണ്ട്. നിത്യമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ഉറവയാണത്. അല്ലാഹുവിന്റെ അടിമകള്‍ ഉദ്ദേശിക്കുന്നിടത്തെല്ലാം അതിനെ ഒഴുക്കിക്കൊണ്ടിരിക്കും. അവര്‍ വിചാരിക്കുന്ന പ്രകാരം പ്രശോഭിതമായ തോട്ടങ്ങളിലേക്കും പുഷ്പിച്ചു നില്‍ക്കുന്ന പൂന്തോട്ടങ്ങളിലേക്കും അവരതിനെ തിരിച്ചുവിടുന്നു. അലംകൃതമായ താമസസ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ഭാഗങ്ങളിലൂടെയും അവര്‍ കാണുന്ന മനോഹരമായ ഏത് ഭാഗത്തും അതിനെ ഒഴുക്കുന്നു.

7). പിന്നീട് അവര്‍ ചെയ്ത ഏതാനും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശക്കുന്നു. (നേര്‍ച്ച അവര്‍ നിറവേറ്റുകയും) നേര്‍ച്ചകളില്‍ നിന്നും കരാറുകളില്‍ നിന്നും അല്ലാഹുവിന് വേണ്ടി അവര്‍ സ്വയം തങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയത്. നിര്‍ബന്ധമല്ലാത്തവ സ്വയം നിര്‍ബന്ധമാക്കി നേര്‍ച്ച നിര്‍വഹിക്കുന്നവര്‍ അടിസ്ഥാനപരമായി നിര്‍ബന്ധമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനും നിര്‍വഹിക്കാനും അതിലേറെ മുന്‍ഗണനയും സൂക്ഷ്മതയും പുലര്‍ത്തുന്നു. (ആപത്ത് പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും). പരന്ന് വ്യാപിക്കുന്ന അതിന്റെ ദുരന്തങ്ങള്‍ അവരെ പിടികൂടുമെന്ന് ഭയപ്പെടുന്നതിനാല്‍. ശിക്ഷ അനിവാര്യമായിത്തീരുന്ന എല്ലാ കാരണങ്ങളും അവര്‍ ഉപേക്ഷിക്കുന്നു.