യാത്രയില്‍ ശ്രദ്ധിക്കേണ്ടത്

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

2022 ഏപ്രിൽ 02, 1442 റമദാൻ 01

ഇബ്‌നു ഉമര്‍(റ) പറയുകയാണ്: ‘‘നബി ﷺ എന്റെ തോളില്‍ പിടിച്ച് പറഞ്ഞു: ‘നീ ഇഹലോകത്ത് ഒരു വഴിയാത്രക്കാരനെ പോലെയോ അല്ലെങ്കില്‍ അപരിചിതനെപ്പോലെയോ ആയിരിക്കുക’’ (ബുഖാരി).

യാത്രയ്ക്കിടയില്‍, അല്ലെങ്കില്‍ പരിചിതമല്ലാത്തിടത്ത് ചെന്നുപെട്ടാല്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും ഇല്ലായ്മയെ ഉള്‍കൊള്ളാനും ജീവിത വീക്ഷണങ്ങളെ പരിവര്‍ത്തിപ്പിക്കാനും സാധിക്കും. ഇത് ജീവിതത്തിന് നല്‍കുന്ന സമാധാനം വളരെ വലുതായിരിക്കും. യാത്രയുടെ ലക്ഷ്യം നിറവേറ്റി തിരിച്ചുപോകുവാനായിരിക്കും അവന്റെ അദമ്യമായ ആഗ്രഹം.

യാത്രക്ക് വേണ്ടത് എന്തൊക്കെയാണ്? അത്യാവശ്യത്തിന്ന് പാഥേയം, കൃത്യമായ ഒരു ലക്ഷ്യസ്ഥാനം, മാര്‍ഗം വ്യക്തമായി മനസ്സിലാക്കല്‍, ഇടയ്ക്കുള്ള തടസ്സങ്ങളെ അവഗണിക്കല്‍, വന്നുചേരുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമിക്കല്‍... ഇങ്ങനെ പലതും ശ്രദ്ധിക്കണം.

യാത്രക്കാര്‍ പലവിധമാണ്. ലക്ഷ്യം മാത്രം ശ്രദ്ധിച്ച് ഓരോ പ്രവൃത്തിയെയും ലക്ഷ്യത്തിലേക്കുളള കാര്യമായി പരിവര്‍ത്തിപ്പിക്കുന്നവരുണ്ട്. മറ്റൊരു കൂട്ടരുണ്ട്; അവരെ കണ്ടാല്‍ ലക്ഷ്യം മറന്നവരാണെന്ന് തോന്നും. കാരണം അവര്‍ കിട്ടിയ വിഭവങ്ങളില്‍ ആനന്ദിക്കുകയല്ലാതെ ലക്ഷ്യത്തിലേക്കെത്താന്‍ ഒന്നും ചെയ്യുന്നില്ല. വേറൊരു കൂട്ടര്‍ തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാത്രം കാണുകയും കരകയറുക എന്നത് മാത്രം ലക്ഷ്യം വെച്ച് പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും സഹിക്കാന്‍ കഴിയാതെ തീയില്‍ ചവിട്ടിയവരെപ്പോലെ അസ്വസ്ഥരാകുന്നവരാണ്. നമ്മള്‍ ഏതിലാണ് ഉള്‍പെടുക എന്ന് വിലയിരുത്തണം. തിന്മയും നന്മയും ഇരുളും വെളിച്ചവും തിരിച്ചറിയലാണ് ലക്ഷ്യത്തിന്റെ വഴിയിലേക്കെത്താന്‍ വേണ്ടത്.

പ്രയാസങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള എളുപ്പ മാര്‍ഗം ആത്മഹത്യയാണെന്ന മൂഢധാരണയുള്ള പലരുമുണ്ട്. ഉള്ളുതുറന്ന് സംസാരിക്കാന്‍ ഒരാളെ കിട്ടിയാല്‍ തീരുന്ന പ്രശ്‌നമായിരിക്കും പലര്‍ക്കുമുള്ളത്. അവരുടെ പ്രയാസം അവര്‍ക്കുതന്നെ പരിഹരിക്കാന്‍ കഴിയുമെന്ന ബോധം അവരില്‍ ആത്മവിശ്വാസം വളര്‍ത്തും. സ്രഷ്ടാവില്‍ എല്ലാം സമര്‍പ്പിക്കുന്നതിലൂടെയാണ് അത് സാധ്യമാവുക. സര്‍വശക്തനും സര്‍വനിയന്താവും എല്ലാം അറിയുന്നവനുമായ അല്ലാഹു എന്റെ പ്രയാസങ്ങള്‍ നീക്കിത്തരുമെന്നും കഴിഞ്ഞതും വരാനിരിക്കുന്നതും മുഴുവന്‍ കാരുണ്യവാനായ രക്ഷിതാവ് അറിഞ്ഞ് നല്‍കുന്നതാണെന്നും ചിന്തിക്കുന്നവന്ന് അവനോടുള്ള തേട്ടത്തിന് പകരം വേറൊരു മാര്‍ഗം കാണുക സാധ്യമല്ല. ജീവിതത്തിന്റെ മുഖ്യലക്ഷ്യം തന്നെ ക്വുര്‍ആന്‍ പറയുന്നത് അല്ലാഹുവിനെ മാത്രം ആരാധിക്കലാണ് എന്നതാണ്. ഈ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുന്നതാണ് ജീവിതയാത്രയിലെ പ്രയാസങ്ങള്‍ക്ക് മുഖ്യഹേതു.

ജീവിതയാത്രയുടെ അറ്റം എവിടെയാണ് എന്ന ചോദ്യത്തിന് പലരും പറയുന്ന മറുപടി മരണത്തില്‍ എന്നാണ്. യഥാര്‍ഥത്തില്‍ മരണം അനന്തമായ ജീവിതത്തിന്റെ തുടക്കം മാത്രമാണ്. അവിടെ പ്രവര്‍ത്തിക്കാന്‍ അവസരമില്ല, പ്രവര്‍ത്തിച്ചതിന്റെ ഫലങ്ങള്‍ ആസ്വദിക്കാം. യാത്ര അവസാനിക്കുന്നതിന്ന് തൊട്ടു മുമ്പ് നന്മയാകുന്ന പാഥേയം നന്നായി ഒരുക്കിവച്ചവന് യാത്രയ്ക്കു ശേഷം ശാശ്വത സ്വര്‍ഗം ഉറപ്പ്; അല്ലാത്തവര്‍ക്ക് നരകവും.

നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ ജീവിതയാത്രയിലെ ഒാരോ നിമിഷത്തിലും അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിക്കുവാനാണ്. നന്മകള്‍ക്ക് ആത്മാര്‍ഥമായി പ്രതിഫലം പ്രതീക്ഷിക്കുകയും ശിക്ഷയെ ഭയപ്പെടുകയും വേണം. സ്വര്‍ഗമെന്ന കേന്ദ്രബിന്ദുവെ മാത്രം ലക്ഷ്യമാക്കി മുന്നേറണം. അപ്പോള്‍ ഐഹിക സമാധാനവും പരലോകരക്ഷയും ലഭിക്കും.