ശിയാക്കളുടെ വ്യാജവാദങ്ങളും കുരുക്കിലകപ്പെട്ട സമസ്തയും -02

മൂസ സ്വലാഹി കാര

2022 ജൂലായ് 09, 1442 ദുൽഹിജ്ജ 10

അഹ്‌ലുസ്സുന്നയുടെ ശത്രുവിഭാഗമായ ബറേൽവി വിഭാഗത്തിന്റെ നേതാവ് അഹ്‌മദ് റളാഖാൻ ബറേൽവിയെപ്പറ്റി സമസ്തയുടെ പ്രസിദ്ധീകരണത്തിൽ എഴുതിയത് കാണുക: “എല്ലാ ഫന്നുകളിലും അവഗാഹമുള്ള മഹാപണ്ഡിതനായിരുന്നു ബഹുമാനപ്പെട്ടവർ. അഹ്‌ലുസ്സുന്നയുടെ അഖീദ സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അവരും നമ്മളും അഖീദയിൽ ഒരേ നിലപാടുകാരാണ്’’ (സുന്നിവോയ്‌സ് / 2020 ജൂലൈയ് 1-15/പേജ് 32).

ശീഈ-സൂഫി ധാരയിൽപ്പെട്ട സമൽക്കാനി, ഇബ്‌നുബത്തൂത്ത, തഖിയുദ്ദീനുസ്സുബ്കി, താജുദ്ദീനുസ്സുബ്കി, ഇസ്സ്ബ്‌നു ജമാഅത്ത്, ഖുസ്ഥലാനി, നൂറുദ്ദീനുൽ ഹലബി, ഇബ്‌നുഹജറുൽ ഹൈത്തമി, ശംസുദ്ദീനുൽ റംലി, അബ്ദുൾഗനിയ്യിന്നാബൽസി, മുസ്തഫൽ ബക്‌രി, സയ്യിദ് അലവിയ്യിൽ ഹദ്ദാദ്, ശൈഖ് അഹ്‌മദ് സൈനീ ദഹ്‌ലാൻ, ശൈഖ് യൂസുഫുന്നബഹാനി, സയ്യിദ് ശൈഖ് ജീഫ്‌രി, മുഹമ്മദുൽ ഖലീലീ എന്നിവരെ സംബന്ധിച്ച് സമസ്തയുടെ 6ാം വാർഷിക റിപ്പോർട്ടിലും അബുൽ ഹസൻ അൽബക്‌രി, അഹ്‌മദ് സൈനീ ദഹ്‌ലാൻ, യൂസുഫുന്നബ്ഹാനി, അഹ്‌മദ് സർഹിന്ദ്, മുഹമ്മദ് അലവി മാലികി എന്നിവരെക്കുറിച്ച് മറ്റു പ്രസിദ്ധീകരണങ്ങളിലും അവരുടെ പ്രമുഖ ആചാര്യന്മാരാണെന്ന വിശേഷ വർണനകൾ ധാരാളമുണ്ട്.

രിസാലത്തു ബക്‌രി, രിസാലത്തു ദഹ്‌ലാൻ, ശിഫാഉസ്സിഖാം, ജാമിഉ കറാമാത്തിൽ ഔലിയാഅ്, അൽമആരിഫുല്ലദുൻയ്യ, ഫതാവൽ കുബ്‌റാ, ഇഹ്‌യാ ഉലൂമിദ്ദീൻ, തദ്കിറത്തുൽ ഔലിയാഅ്, ക്വസീദത്തുൽ ബുർദ, അൽഫത്ഹുർറബ്ബാനി അൽ ഫൈളുർറഹ്‌മാനി... ഇതെല്ലാമാണ് ഇവരുടെ വഴിവിട്ട ആദർശത്തിന് തെളിവാക്കപ്പെടുന്നത്.

ഓരോ തലമുറയിലും മതവിഷയങ്ങളിൽ അഗാധജ്ഞാനവും പ്രാമാണിക മികവും നേടിയ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരെയോ, അവർ ഇസ്‌ലാമിന് നൽകിയ സംഭാവനകളോ അല്ല പൗരോഹിത്യത്തിനാവശ്യം; മറിച്ച് മതവാണിഭത്തിന് വഴിയൊരുക്കിയവരിലും അവരുടെ ഗ്രന്ഥങ്ങളിലുമാണ് ഇവർക്ക് പ്രിയം. പടിപടിയായി സമൂഹത്തെ വളർത്തിയ പണ്ഡിതശ്രേഷ്ഠരെ അവഗണിക്കുന്ന നിഷേധികളെ കാത്തിരിക്കുന്നത് തീരാനഷ്ടമാണ്.

അല്ലാഹു പറയുന്നു: “പിന്നെ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവൻ അവർക്ക് അപമാനം വരുത്തുന്നതാണ്. എനിക്ക് പങ്കുകാരുണ്ടെന്ന് വാദിച്ചുകൊണ്ടായിരുന്നല്ലോ നിങ്ങൾ ചേരിപിരിഞ്ഞ് നിന്നിരുന്നത്. അവർ എവിടെ എന്ന് അവൻ ചോദിക്കുകയും ചെയ്യും. അറിവ് നൽകപ്പെട്ടവർ പറയും: ഇന്ന് അപമാനവും ശിക്ഷയും സത്യനിഷേധികൾക്കാകുന്നു; തീർച്ച’’ (ക്വുർആൻ 16:27).

പ്രമാണങ്ങൾ മഹത്ത്വം കൽപിക്കാത്ത സ്ഥലങ്ങളെയും വസ്തുക്കളെയും മഹത്ത്വവൽക്കരിച്ച് അതിലൂടെ ശിർക്ക് വ്യാപിപ്പിക്കുന്നതിൽ സമസ്തക്കാർ അനുകരിക്കുന്നത് ശിയാക്കളുടെവഴി തന്നെയാണ്. നജഫ്, കർബല, ഗും, ഖൂഫ എന്നീ പട്ടണങ്ങളും അവിടെയുള്ള ജാറങ്ങളും ശിയാക്കളുടെ പ്രസിദ്ധ ചിഹ്നങ്ങളാണ്. ആമിലിയുടെ വസാഇലുശ്ശീഅയിലും ഹായിരിയുടെ അഹ്കാമുശ്ശീആയിലും മുഹ്‌സിൻ കാശാനിയുടെ അൽവാഫിയിലും മജ്‌ലിസിയുടെ ബിഹാറുൽ അൻവാറിലും ഇതുണ്ട്.

സമസ്തയുടെ മറ്റൊരു പ്രസിദ്ധീകരണത്തിൽ എഴുതിയത് കാണുക:

“കേരള ഉലമക്കിടയിൽ അനുബന്ധമായി മറ്റൊരു ചർച്ചയും നടന്നിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി പരാജയപ്പെട്ടാൽ മക്ക, മദീന, ബൈതുൽ മുഖദ്ദസ്, നജഫ്, കർബല, ബസ്വറ, തുടങ്ങിയ മുസ്‌ലിം പുണ്യകേന്ദ്രങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ഭാഗിച്ചെടുക്കുമോ എന്ന ആശങ്കയായിരുന്നു അത്’’ (രിസാല, 2022 ഫെബ്രുവരി16/പേജ് 34).

‘മുർശിദിയുടെ കുടുംബ പരമ്പര, മറ്റുചില തറവാടുകൾ, മസ്ജിദുൽ അഖ്‌സ, തുർക്കിയിലെ ഇസ്തംബുൾ, ലബനോണിലെ ത്വറാബൽസ്, പലസ്തീനിലെ അൽജസ്സാർ മസ്ജിദ്, കെയ്‌റോയിലെ ഹുസൈൻ മസ്ജിദ്, ഇറാഖിലെ കർബല, പലസ്തീനിലെ നാബൽസിലെ ഹമ്പലി പള്ളി, ടുനീഷ്യ, ലെബനോണിലെ ഉമരി ജുമാമസ്ജിദ്, തുർക്കി ബോസ്‌നയിലെ ഖസ്‌റൂബേക്ക് മസ്ജിദ്, കൈറോ നഖ്ശബന്ദി പർണശാല, ഡമസ്‌കസിലെ സഅദിയ്യ പർണശാല, സിറിയയിലെ ഹലബിലുള്ള വലിയ ജുമുഅത്തുപള്ളി, ലിബിയയിലെ ബനീഗാസിലുള്ള ഉസ്മാൻ മസ്ജിദ് തുടങ്ങി ഇന്ത്യക്ക് പുറത്ത് ഒട്ടന്നവധി സ്ഥലങ്ങളിൽ തിരുകോശങ്ങൾ സൂക്ഷിച്ച് ബറകത്തെടുക്കുന്നു’’ (സുന്നിവോയ്‌സ്/2011 ഫബ്രുവരി/പേജ് 78,79).

പുണ്യയാത്ര അനുവദിക്കപ്പെട്ട പള്ളികളുടെ പേരുകളെ കൂട്ടുപിടിച്ച് എല്ലാ വ്യാജകേന്ദ്രങ്ങളെയും പരസ്യപ്പെടുത്താമെന്നതാണ് പൗരോഹിത്യത്തിന്റെ മോഹം. മക്കത്തും മദീനത്തുമായുള്ള നമിറ, ഹുദൈബിയ്യ, തൻഈം, അൽമശ്ഹരിൽ ഹറാം, ക്വുബാ, ഉഹ്ദ്, അൽഫത്ഹ് എന്നീ പള്ളികൾക്കൊന്നുമില്ലാത്ത പ്രത്യേകതകളും ശ്രേഷ്ഠതകളുമാണ് മതചൂഷകന്മാരുടെ ആസ്ഥാനങ്ങൾക്ക്!

പരലോകത്തെക്കാൾ ഇഹലോക സുഖത്തിന് പ്രാമുഖ്യം നൽകി മതത്തെ കളങ്കപ്പെടുത്താനും ജനങ്ങളെ അതിൽനിന്ന് തടയാനും തുനിഞ്ഞവരുടെ അവസ്ഥയെപ്പറ്റി അല്ലാഹു പറയുന്നു:

“സത്യനിഷേധികൾക്ക് കഠിനമായ ശിക്ഷയാൽ മഹാനാശം തന്നെ. അതായത്, പരലോകത്തെക്കാൾ ഇഹലോകജീവിതത്തെ കൂടുതൽ സ്‌നേഹിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുകയും അതിന് (ആ മാർഗത്തിന്) വക്രത വരുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവർക്ക്. അക്കൂട്ടർ വിദൂരമായ വഴികേടിലാകുന്നു’’ (ക്വുർആൻ 14:2,3).

മുസ്‌ലിം സമൂഹത്തെ ആത്മീയമായി ദ്രോഹിക്കുന്ന ഇവർക്കെതിരെ ജാഗ്രതാവലയം തീർക്കാൻ മതബോധം കൈവിടാത്തവർക്കേ സാധിക്കൂ.