ധാര്‍മികത നിശ്ചയിക്കുന്നത് ആര്?

അര്‍ഷദ് കുറിശ്ശാംകുളം

2022 മാർച്ച് 19, 1442 ശഅബാൻ 16

യഥാര്‍ഥത്തില്‍ ആരാണ് ധാര്‍മികത നിശ്ചയിക്കുന്നത്? നന്മതിന്മകള്‍ നിര്‍ണയിക്കാന്‍ ശാസ്ത്രത്തിനു കഴിയുമോ? അതല്ല ഓരോരുത്തര്‍ക്കും തോന്നുന്നതാണോ ശരി, അല്ലെങ്കില്‍ തെറ്റ്? മനുഷ്യന്‍ നിര്‍മിക്കുന്ന ഇസങ്ങള്‍ക്ക് കഴിയുമോ ശരിതെറ്റുകള്‍ വ്യവച്ഛേദിക്കുവാന്‍?

സര്‍വജ്ഞനായ അല്ലാഹുവാണ് ഒരു കാര്യം നന്മയാണോ തിന്മയാണോ എന്നു തീരുമാനിക്കേണ്ടത്. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ നമ്മുടെ അല്‍പബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാകാം, യുക്തിപരമല്ലെന്ന് നമുക്ക് തോന്നിയേക്കാം. നമ്മുടെ യുക്തികൊണ്ട് അല്ലാഹുവിന്റെ യുക്തിയെ അളക്കുവാന്‍ നോക്കുന്നതാണ് പ്രശ്‌നം. അവന്‍ സര്‍വശക്തനും മഹോന്നതനുമായതുകൊണ്ട് നമുക്ക് അവനെ എത്തിപ്പിടിക്കാനാവില്ല. അവന്‍ പ്രപഞ്ചാതീതനാണ്.

ശരി തെറ്റുകള്‍ തീരുമാനിക്കുവാന്‍ ലിബറലിസ്റ്റുകള്‍ കൊണ്ടുവരുന്ന ‘ഹാം പ്രിന്‍സിപില്‍,’ ‘ഹെഡോര്‍ണിസം,’ ‘യൂട്ടിലിറ്റേറിയനിസം’ പോലുള്ള ധാര്‍മികമാനദണ്ഡങ്ങള്‍ തികച്ചും വ്യക്തിനിഷ്ഠവും പക്ഷപാതപരവുമാണ്; അപ്രായോഗികമാണ്.

ലിബറലിസത്തിന്റെ വക്താക്കള്‍ വാദിക്കുന്നത് മതങ്ങള്‍ അധാര്‍മികമാണെന്നാണ്. അപ്പോള്‍ നമുക്ക് ചോദിക്കാം; അങ്ങനെയാണെങ്കില്‍ നിങ്ങളുടെ ധാര്‍മികതയുടെ മാനദണ്ഡം എന്താണ്? നന്മയും തിന്മയും വേര്‍തിരിക്കാന്‍ നിങ്ങള്‍ ഏതു മാപിനിയാണ് ഉപയോഗിക്കുന്നത്? അവര്‍ ആദ്യം ഉയര്‍ത്തുന്നത് ഹാം പ്രിന്‍സിപില്‍ ആയിരിക്കും. ലിബറലിസ്റ്റുകളുടെ പ്രധാനപ്പെട്ട ധാര്‍മിക മാനദണ്ഡങ്ങള്‍ നമുക്ക് പരിശോധിക്കാം.

ഹെഡോര്‍ണിസം

സുഖം പരമാവധി കൂട്ടുക എന്നതാണ് ജീവിതലക്ഷ്യം, സുഖം കിട്ടാന്‍വേണ്ടി നമ്മള്‍ ഉപയോഗിക്കുന്നതെന്തും ധാര്‍മികമായി ശരിയാണ് എന്ന സിദ്ധാന്തമാണ് ഹെഡോണിസം. ബിസി 356ല്‍ മരണപ്പെട്ട അറിസ്റ്റിപ്പസ് എന്ന ഗ്രീക്ക് തത്ത്വചിന്തകന്‍ കൊണ്ടുവന്നതാണ് ഈ സിദ്ധാന്തം. ‘ഒരാള്‍ സുഖിക്കുമ്പോള്‍ അത് മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കുന്നുവെങ്കിലോ’ എന്ന ചോദ്യത്തിന് ഇവരുടെ ഉത്തരം ‘സുഖങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുക, എന്നിട്ട് വേദന കുറക്കുക, അപ്പോള്‍ സുഖമാണ് കൂടുതലെങ്കില്‍ അത് ധാര്‍മികമായി ശരിയാണ്’ എന്നതാണ്.

ഹാം പ്രിന്‍സിപ്പില്‍

ഇംഗ്ലീഷ് തത്ത്വചിന്തകനായ ജോണ്‍ സ്റ്റുവര്‍ട് മില്ല് (1806-1873) ആണ് ഇത് ആവിഷ്‌കരിച്ചത്. ഒരു കാര്യം ചെയ്യുമ്പോള്‍ -എന്തു കാര്യമാകട്ടെ- അത് മറ്റുള്ളവരെ വേദനിപ്പിക്കാത്ത രീതിയില്‍ ആണെങ്കില്‍ അത് ധാര്‍മികമായി ശരിയാണ് എന്നാണ് ഹാം പ്രിന്‍സിപില്‍ പറയുന്നത്. അതായത് മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ചെയ്യുന്നതെല്ലാം ശരിയാണ് എന്ന്. സുഖവും സന്തോഷവും ലഭിക്കുന്ന കാര്യങ്ങളെല്ലാം ധാര്‍മികമായി ശരിയാണ് എന്നാണ് ലിബറലിസ്റ്റുകള്‍ വാദിക്കുന്നത്.

ലിബറല്‍ ധാര്‍മിക മാനദണ്ഡങ്ങളുടെ പ്രശ്‌നങ്ങള്‍

അങ്ങനെയെങ്കില്‍ സമ്മതത്തോടുകൂടി ഒരു അച്ഛനും മകളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ധാര്‍മികമായി തെറ്റാകുമോ? കാരണം ഇവിടെ ആര്‍ക്കും ‘ഹാം’ (ഉപദ്രവം) ഉണ്ടാകുന്നില്ല. പാരമ്പര്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ വാദിക്കും. അപ്പോള്‍ അങ്ങനെ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഗര്‍ഭനിരോധന ഉറകള്‍ പോലുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടാണ് ഏര്‍പ്പെടുന്നന്തെങ്കിലോ? അവിടെ ഹാം ഉണ്ടാകുന്നില്ല!

ധാര്‍മികതയെ നിശ്ചയിക്കുവാന്‍ ഈ തലതിരിഞ്ഞ തത്ത്വങ്ങളൊന്നും പര്യാപ്തമല്ല എന്നു വ്യക്തം.അതിനു പുറമെനിന്നു തന്നെ ഒരു ഇടപെടല്‍ അവശ്യമാണ്. യൂറോപ്പിലെ ചില രാജ്യങ്ങളില്‍ അഗമ്യഗമനം (ശിരലേെ) നിയമപരമാണെങ്കിലും കേരള പുരോഗമനവാദികള്‍ അതിനെ അധാര്‍മികമായിട്ടാണ് കാണുന്നത്. എന്നാല്‍ ഇത് അവര്‍ കൊണ്ടുവരുന്ന ധാര്‍മിക മാനദണ്ഡങ്ങളെ അസാധുവാക്കുന്നു എന്നത് അവര്‍ തിരിച്ചറിയുന്നില്ല.

ദുഃഖവും സങ്കടവും ഉണ്ടാക്കുന്നതെല്ലാം തെറ്റാണ്, സുഖമാണ് വേദനയെക്കാള്‍ കൂടുതലെങ്കില്‍ അത് ധാര്‍മികമായി ശരിയാണ് എന്ന ഹെഡോണിസം, അല്ലെങ്കില്‍ ജെറമി ബെന്‍താവ് ആവിഷ്‌കരിച്ച യൂട്ടിലിറ്റേറിയനിസം (പ്രയോജനവാദം) പോലുള്ള ധാര്‍മികമാപിനികള്‍ ലിബറലിസ്റ്റുകളെ തന്നെ തിരിച്ചടിക്കുന്നത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഒരു പെണ്‍കുട്ടിയെ പത്തുപേര്‍ ചേര്‍ന്ന് മയക്കുമരുന്ന് കൊടുത്ത് ബലാത്സംഗം ചെയ്യുന്നു. ഇവിടെ ലഹരിബാധിച്ചതിനാല്‍ ഹാം ഉണ്ടാകുന്നതിനെക്കാള്‍ കൂടുതല്‍ സുഖം ലഭിക്കുകയാണ് ചെയ്യുക. അപ്പോള്‍ ലിബറല്‍ മാനദണ്ഡം അനുസരിച്ച് കൂട്ടബലാത്സംഗം ധാര്‍മികമാണെന്നു വരും. ഭാവിയില്‍ കൂട്ടബലാത്സംഗത്തെ നിയമവിധേയമാക്കണമെന്നു പറഞ്ഞ് ആരെങ്കിലും സമരം നടത്തിയാല്‍ ലിബറലിസ്റ്റുകള്‍ ഏത് മാനദണ്ഡമുപയോഗിച്ച് അവരെ എതിര്‍ക്കും?

ഇവിടെയാണ് ദൈവത്തിന്റെ പ്രസക്തി വ്യക്തമാകുന്നത്. നന്മയും തിന്മയും വേര്‍തിരിച്ചു കാണിച്ചു കൊടുക്കാന്‍ മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിന് മാത്രമെ കഴിയുകയുള്ളൂ. ഒരു ഉദാഹരണം പറയാം: ഈ ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ഉപകരണം ഒരാള്‍ നിര്‍മിക്കുന്നു. എന്നിട്ട് ആ ഉപകരണം വേറൊരാള്‍ വാങ്ങുന്നു. അശ്രദ്ധമായ ഉപയോഗംമൂലം ഒരു ദിവസം ആ ഉപകരണം പ്രവര്‍ത്തിക്കുന്നില്ല എന്നു കരുതുക. ആ ഉപകരണം പഴയപടിയാക്കാന്‍ ആര്‍ക്കാണ് കഴിയുക? ഉത്തരം വ്യക്തം, അതിന്റെ നിര്‍മാതാവിന്. മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ എല്ലാ കാര്യങ്ങളും അറിയുന്നവനാണ് സ്രഷ്ടാവായ ദൈവം. അപ്പോള്‍ മനുഷ്യന് ഏതാണ് ഗുണകരമെന്നും ഏതാണ് ഉപദ്രവകരമെന്നും അറിയുവാന്‍ വ്യക്തമായി കഴിയുക ദൈവത്തിനാണ്.

അതുകൊണ്ട് ധാര്‍മികത നിശ്ചയിക്കാന്‍, നന്മതിന്മകള്‍ വേര്‍തിരിക്കാന്‍ മനുഷ്യനെ സൃഷ്ടിച്ച ആ ശക്തിക്ക് മാത്രമെ കഴിയുകയുള്ളൂ. ആ സ്രഷ്ടാവ് മനുഷ്യന് നേരായ മാര്‍ഗത്തില്‍ ജീവിക്കാന്‍ വേണ്ടി നല്‍കിയ സമഗ്രവും പരിപൂര്‍ണവുമായ നിമയനിര്‍ദേശങ്ങളാണ് ഇസ്‌ലാമിലുള്ളത്. സ്വന്തം ജീവിതത്തെ സ്രഷ്ടാവ് കാണിച്ചുതന്ന മാര്‍ഗത്തിലൂടെ നയിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അഥവാ ദൈവത്തിന് സ്വന്തത്തെ സമര്‍പ്പിക്കുക, അതുവഴി ഇഹപര സമാധാനം നേടുക. ആ സമര്‍പ്പണം എങ്ങനെയെന്ന് കൃത്യവും സുവ്യക്തവുമായി നമുക്ക് പറഞ്ഞുതരുന്ന മര്‍ഗദര്‍ശിയാണ് ക്വുര്‍ആന്‍. ഈ ക്വുര്‍ആനിനെ ജീവിതത്തില്‍ പകര്‍ത്തി മനുഷ്യകുലത്തിനു മാതൃകയായി ജീവിച്ച മഹാനാണ് അന്തിമദൂതന്‍ മുഹമ്മദ്  ﷺ . ആ മാര്‍ഗമാണ് മനുഷ്യനെ എല്ലാ അര്‍ഥത്തിലും മനുഷ്യനാക്കാന്‍ പര്യാപ്തമായത്.