പ്രവാചകന്മാരുടെ ദൗത്യത്തിന്റെ കാതൽ

സലീം പട്‌ല

2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

മനുഷ്യർക്ക് നന്മതിന്മകളും ശരിതെറ്റുകളും ധർമാധർമങ്ങളും പുണ്യവും പാപവും സന്മാർഗവും ദുർമാർഗവും വേർതിരിച്ച് വ്യക്തമാക്കിക്കൊടുക്കാനും ദൈവിക കൽപനകളനുസരിച്ചു ജീവിച്ച് കാണിച്ചുകൊടുക്കാനും സർവലോകരക്ഷിതാവ് മനുഷ്യരിൽനിന്നുതന്നെ തെരഞ്ഞെടുത്ത് ദൗത്യമേൽപിച്ചു കൊടുത്തവരാണ് പ്രവാചകൻമാർ എന്നും ദൈവദൂതൻമാർ എന്നും അറിയപ്പെടുന്നത്. കാലാകാലങ്ങളിൽ വിവിധ ദേശങ്ങളിൽ, വ്യത്യസ്ത സമൂഹങ്ങളിൽ ദൈവത്താൽ നിയുക്തരായ പ്രവാചകൻമാർ നടത്തിയ പ്രബോധനത്തിന്റെ കാതലായ വശം കണിശമായ ഏകദൈവവിശ്വാസമായിരുന്നു.

‘മനുഷ്യരേ, നിങ്ങളെ സൃഷ്ടിച്ച്, നിങ്ങൾക്ക് വായുവും വെള്ളവും വെളിച്ചവും ആഹാരവും നൽകുകയും സംരക്ഷിച്ച് വളർത്തുകയും ആയുസ്സ് നിർണയിക്കുകയും ചെയ്യുന്ന ഒരു സർവലോക പരിപാലകനുണ്ട്, അവനാണ് അല്ലാഹു. അവൻ ഏകനും പങ്കുകാരില്ലാത്തവനും അതുല്യനും അന്യൂനനും അത്യുന്നതനും മഹാനും പരമപരിശുദ്ധനും മഹത്ത്വപൂർണനുമാണ്. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ്. അവൻ പരമകാരുണികനും കരുണാനിധിയും അലിവും അനുകമ്പയും വാത്സല്യവും കൃപയും സ്‌നേഹവും ഏറെയുള്ളവനും, അനുഗ്രഹപൂർണനും ഏറെ പൊറുക്കുന്നവനും, സഹനശീലനും സൗമ്യനും മാപ്പരുളുന്നവനും കുറ്റവാളികളെ അതികഠിനമായി ശിക്ഷിക്കുന്നവനുമാണ്. അവൻ എല്ലാം കേൾക്കുകയും കാണുകയും അറിയുകയും ചെയ്യുന്ന, ഹൃദയങ്ങളിലുള്ളതറിയുന്ന, ഏതു നേരവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന, എല്ലാത്തിനും സാക്ഷിയായ, സർവശക്തനും സർവജ്ഞനുമാണ്. അവനെ മാത്രമെ ആരാധിക്കാവൂ. നമസ്‌കാരം, ബലികർമം, നേർച്ച, പ്രാർഥന, അഭൗതിക വഴിയിലുള്ള സഹായതേട്ടം, പാപമോചന പ്രാർഥന അടക്കമുള്ള; ആരാധനയുടെ, പരമമായ കീഴ്‌വണക്കത്തിന്റെ ഒരംശവും ഒരു രൂപവും ലോകരക്ഷിതാവായ അല്ലാഹുവിനല്ലാതെ സമർപ്പിക്കരുത്. അവന്റെ അസ്തിത്വം പോലെ മറ്റൊരു അസ്തിത്വമില്ല! അവന്റെ ഗുണങ്ങൾക്ക് തുല്യമായ ഗുണമുള്ളവരോ, അവന്റെ നാമങ്ങൾക്ക് തുല്യമായ നാമമുള്ളരോ, അവന്റെ വിശേഷണങ്ങൾക്ക് തുല്യമായ വിശേഷണങ്ങളുള്ളവരോ ഇല്ല! അവന്റെ പ്രവർത്തനങ്ങൾക്ക് തുല്യമായി പ്രവർത്തനങ്ങൾ നടത്തുന്നരായി ആരുമില്ല! യാതൊരു സൃഷ്ടിക്കും ദിവ്യത്വം കൽപിക്കരുത്. അങ്ങനെ ചെയ്താൽ നരകത്തിൽ നിത്യവാസിയായിത്തീരും...’

ഇതായിരുന്നു പ്രവാചകൻമാരുടെയെല്ലാം പ്രബോധനത്തിന്റെ കാതലായ വശം.

അല്ലാഹു പറയുന്നു: “ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് (മുഹമ്മദ് നബിക്ക്) മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’’ (ക്വുർആൻ 21/25).

“തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)’’ (ക്വുർആൻ 16/36).

നബിമാർ തങ്ങളുടെ ജനതയോട് ഈ ആദർശം പ്രഖ്യാപിക്കുന്നത് ക്വുർആൻ എടുത്തു പറഞ്ഞിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണുക:

നൂഹ് നബി(അ)

“നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുവിൻ. അവനല്ലാതെ നിങ്ങൾക്ക് ഒരു ദൈവവുമില്ല. തീർച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങൾക്കു (വന്നുഭവിക്കുമെന്ന്) ഞാൻ ഭയപ്പെടുന്നു’’ (ക്വുർആൻ 7/59).

ഇബ്‌റാഹിം നബി(അ)

“ഇബ്‌റാഹീമിനെയും (നാം അയച്ചു). അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ): നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം. നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ. നിങ്ങൾ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നത് ആരെയാണോ അവർ നിങ്ങൾക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാൽ നിങ്ങൾ അല്ലാഹുവിങ്കൽ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങൾ മടക്കപ്പെടുന്നത്’’ (ക്വുർആൻ 29/16,17).

ഇൽയാസ് നബി(അ)

“ഇൽയാസും ദൂതൻമാരിലൊരാൾ തന്നെ. അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ? നിങ്ങൾ ബഅലിനെ (ബാൽദേവൻ) വിളിച്ച് പ്രാർഥിക്കുകയും ഏറ്റവും നല്ല സൃഷ്ടികർത്താവിനെ വിട്ടുകളയുകയുമാണോ? അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂർവപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ’’ (ക്വുർആൻ 37/123-126).

യഅ്ക്വൂബ് നബി(അ)

“എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങൾ ആരാധിക്കുക എന്ന് യഅ്ക്വൂബ് മരണം ആസന്നമായ സന്ദർഭത്തിൽ തന്റെ സന്തതികളോട് ചോദിച്ചപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നോ? അവർ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാക്വിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങൾ ആരാധിക്കും. ഞങ്ങൾ അവന്ന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും’’ (ക്വുർആൻ 2/33).

യൂസുഫ് നബി(അ)

“ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സർവാധികാരിയുമായ അല്ലാഹുവാണോ? അവന്നു പുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന് അവൻ കൽപിച്ചിരിക്കുന്നു. വക്രതയില്ലാത്തമതം അതത്രെ. പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല’’ (ക്വുർആൻ 12/39,40).

ഈസാ നബി(അ)

“വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ വന്നിട്ട് ഇപ്രകാരം പറഞ്ഞു: തീർച്ചയായും വിജ്ഞാനവും കൊണ്ടാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. നിങ്ങൾ അഭിപ്രായഭിന്നത പുലർത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ചിലത് ഞാൻ നിങ്ങൾക്ക് വിവരിച്ചുതരാൻ വേണ്ടിയും. ആകയാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ. തീർച്ചയായും അല്ലാഹു തന്നെയാകുന്നു എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതാകുന്നു നേരായ പാത’’ (ക്വുർആൻ 43/63,64).

“(ഈസാ പറഞ്ഞു:) തീർച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാർഗം’’ (ക്വുർആൻ 19/36).

“തീർച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതാകുന്നു നേരായ മാർഗം’’ (ക്വുർആൻ 3/51).

“മർയമിന്റെ മകൻ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാൽ മസീഹ് പറഞ്ഞത്; ‘ഇസ്‌റാഈൽ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കുവിൻ. അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല’ എന്നാണ്’’ (ക്വുർആൻ 5/72).

“(പരലോകത്ത്) അല്ലാഹു പറയുന്ന സന്ദർഭവും (ശ്രദ്ധിക്കുക:) ‘മർയമിന്റെ മകൻ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിൻ. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?’ അദ്ദേഹം പറയും: ‘നീയെത്ര പരിശുദ്ധൻ! എനിക്ക് (പറയാൻ) യാതൊരു അവകാശവുമില്ലാത്തത് ഞാൻ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീർച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങൾ അറിയുന്നവൻ. നീ എന്നോട് കൽപിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കണം എന്ന കാര്യം മാത്രമെ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാൻ അവരുടെമേൽ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂർണമായി ഏറ്റെടുത്തപ്പോൾ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവൻ. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു’’ (ക്വുർആൻ 5/116,117).

ഈസാ നബി(അ)യെ അഥവാ യേശുവിനെ ദൈവ പുത്രനായി കാണുകയും വിളിച്ചുതേടുകയും ചെയ്യുന്നവരാണല്ലോ ക്രൈസ്തവർ. എന്നാൽ അവർ വേദഗ്രന്ഥമായി അംഗീകരിച്ചാദരിക്കുന്ന ബൈബിളിൽ തന്നെ യേശു പറഞ്ഞതായി രേഖപ്പെടുത്തിയ ചില വചനങ്ങൾ കാണുക: (മലയാള പരിഭാഷയിൽ അവർ എഴുതിയതുപോലെ തന്നെ വായിക്കാം).

“ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു. അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകൽപന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: ‘എല്ലാറ്റിലും മുഖ്യകൽപനയോ? യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം എന്നു ആകുന്നു’’ (മാർക്കോസ് 12/ 28-30)

“യേശു അവനോടു: ‘സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ’ എന്നു പറഞ്ഞു’’ (മത്തായി 4:10).

യേശു അവനോടു: ‘നിന്റെ ദൈവമായ കർത്താവിനെ നമസ്‌കരിച്ചുഅവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു’ എന്നുഉത്തരം പറഞ്ഞു (ലൂക്കോസ് 4:8)

“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു’’ (യോഹന്നാൻ 17:3).

“ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ’’ (മത്തായി 10:28).

“എന്നാൽ എന്റെ സ്‌നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻനിങ്ങളോടു പറയുന്നു’’ (ലൂക്കോസ് 12:4, 5).

യേശു ദൈവപുത്രനാണ്, മൂവരിൽ ഒരുവനാണ്, മൂവരും ഒരേ കഴിവും ശക്തിയുമുള്ളവരാണ് എന്നാണ് ക്രൈസ്തവ സുഹൃത്തുക്കൾ പറയാറുള്ളത്. എന്നാൽ മുകളിൽ കൊടുത്ത വചനങ്ങളിൽനിന്നുതന്നെ യേശുവിനെക്കാളും ശക്തിയും കഴിവും പൂർണതയുമുള്ള സാക്ഷാൽ ദൈവം ഉണ്ടെന്നും അവനാണ് ആരാധനകൾക്കർഹൻ എന്നും വ്യക്തമാകുന്നു.