സമസ്ത-ശീഈ ആദര്‍ശ സാധര്‍മ്യത്തിന്റെ ആഴവും പരപ്പും

മൂസ സ്വലാഹി കാര

2022 ഫെബ്രുവരി 12, 1442 റജബ്  10

മതത്തെ കളങ്കപ്പെടുത്തിയും അതിന്റെ പ്രമാണങ്ങളെ അപഹസിച്ചും സച്ചരിത സരണിയെ നിരസിച്ചും പ്രയാണം നടത്തുന്ന ശിയാക്കളും സമസ്തയും ഒരു കൂട്ടിലെ ഇണക്കിളികളാണെന്ന് സമസ്തയുടെ പണ്ഡിതന്‍ തന്നെ വെളിപ്പെടുത്തുന്നത് കാണുക:

“അടിസ്ഥാന വിശ്വാസമായ തൗഹീദില്‍ സുന്നികളും ശിയാക്കളും യോജിക്കുന്നു. സുന്നികളും ശിയാക്കളും തമ്മിലുള്ള ഭിന്നത ആരംഭിക്കുന്നത് മതത്തിന്റെ രാഷ്ട്രീയ വശത്തിലാണ്. അതായത് ഇമാമത്ത്-ഖിലാഫത്ത് പ്രശ്‌നത്തിലാണ്'' (അല്‍മുബാറക്, 1989 ആഗസ്റ്റ് 16, പേജ് 5).

വിശദീകരണം ആവശ്യമില്ലാത്തവിധം ഇവര്‍ തമ്മിലുള്ള സാധര്‍മ്യം വ്യക്തമായല്ലോ. ഇരുകൂട്ടരും തമ്മിലുള്ള ആശയ സൗഹൃദത്തിന്റെ ആഴം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതോടൊപ്പം സന്മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കാനും നന്മയില്‍ ധൃതികാണിക്കാനും നമുക്ക് സാധിക്കണം. അല്ലാഹു പറയുന്നു: ‘‘ആകയാല്‍ അല്ലാഹുവില്‍നിന്ന് ആര്‍ക്കും തടുക്കാനാവാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി നീ നിന്റെ മുഖം വക്രതയില്ലാത്ത മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അന്നേദിവസം ജനങ്ങള്‍ (രണ്ടുവിഭാഗമായി) പിരിയുന്നതാണ്. വല്ലവനും നന്ദികേട് കാണിച്ചാല്‍ അവന്റെ നന്ദികേടിന്റെ ദോഷം അവന്നുതന്നെയായിരിക്കും. വല്ലവനും സല്‍കര്‍മം ചെയ്യുന്നപക്ഷം തങ്ങള്‍ക്കുവേണ്ടി തന്നെയാണ് അവര്‍ സൗകര്യമൊരുക്കുന്നത്'' (ക്വുര്‍ആന്‍ 30:43,44).

മതാധ്യാപനങ്ങള്‍ വിശ്വാസികള്‍ക്ക് പകര്‍ന്നുകിട്ടിയത് സച്ചരിതരായ പൂര്‍വികരില്‍നിന്നാണ്. അവരെ സത്യസന്ധമായി പിന്‍പറ്റുന്നവര്‍ക്ക് മാത്രമെ നേര്‍മാര്‍ഗം പ്രാപിക്കാനാകൂ. അല്ലാഹു പറയുന്നു:‘‘നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ'' (ക്വുര്‍ആന്‍ 2:137).

അല്‍മുബാറകില്‍ വീണ്ടും പറയുന്നു: ‘‘മരിച്ചുപോയ പ്രവാചകന്മാര്‍ക്കും ഔലിയാഅ് എന്ന് പറയുന്ന പുണ്യാത്മാക്കള്‍ക്കും അവരുടെ മരണശേഷവും ഭൗതികലോകത്തെ കാര്യങ്ങളില്‍ ഇടപെടാനും ലോകരെ സഹായിക്കാനും വേണമെങ്കില്‍ ഉപദ്രവിക്കാനും അല്ലാഹു കഴിവ് നല്‍കുമെന്നാണ് അശ്അരി മാതുരീതി സുന്നികളുടെ വിശ്വാസം. ഇതുതന്നെയാണ് ശിയാക്കളും വിശ്വസിക്കുന്നത്'' (അല്‍മുബാറക്, 1989 ആഗസ്റ്റ് 16, പേജ് 5).

മുഅ്തസിലി അഭിപ്രായങ്ങളിലൂടെ വളരുകയും    പിന്നീട് ഇബ്‌നുകുല്ലാബ് ഉണ്ടാക്കിയ വചനശാസ്ത്ര മദ്ഹബ് സ്വീകരിക്കുകയും ശേഷം ഇമാം അഹ്‌മ്മദി(റ)ന്റെ പാതയിലേക്ക് മടങ്ങുകയും ചെയ്ത അബുല്‍ ഹസന്‍ അല്‍അശ്അരിയിലേക്ക് ചേര്‍ക്കപ്പെടുന്ന വിഭാഗമാണ് അശ്അരികള്‍. ഞങ്ങളില്‍ ശാഫിഈകളും മാലികികളുമുണ്ടെന്നാണ് ഇവരുടെ വാദം.

കുല്ലാബിനെ കണ്ടുമുട്ടാതെ അദ്ദേഹത്തെ ശൈഖായി സ്വീകരിച്ച് അശ്അരിയ്യത്തിന്റെ വഴിയെ വളര്‍ന്നുവന്ന അബൂ മന്‍സൂറുല്‍ മാതുരീദിയുടെ അനുയായികളായ മാതുരീദികള്‍ ഹനഫി വക്താക്കളുമാണ്. ഖവാരിജുകളും    ശിയാക്കളും തുറന്ന വ്യതിയാന വാതിലിലൂടെ പ്രവേശിച്ചുണ്ടായ ഇവര്‍ പടച്ചുണ്ടാക്കിയ വികല ആശയങ്ങളില്‍ ചിലത് സൂചിപ്പിക്കാം:

ആരാധന അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കുന്നത് ശിര്‍ക്കല്ലെന്നും അവന്റെ വിശേഷണങ്ങളെ നിഷേധിക്കല്‍ തൗഹീദാണെന്നും ഇവര്‍ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നു. അവയില്‍ ആലങ്കാരികമായവ ഉണ്ടെന്നും വാദിക്കുന്നു. അദ്വൈത, അവതാര വിശ്വാസങ്ങളും തെളിവുകളെക്കാള്‍ ബുദ്ധിയെ മുന്തിക്കുന്ന രീതിയും ഇവരിലുണ്ട്. മാരണവും അമാനുഷികതയും ഒന്നാണെന്നും ക്വുര്‍ആനിന്റെ പദങ്ങള്‍ സൃഷ്ടിയാണെന്നും ഇവര്‍ ജല്‍പിക്കുന്നു.

വിശ്വാസമെന്നാല്‍ സത്യപ്പെടുത്തല്‍ മാത്രമാണെന്നും മലക്കുകള്‍ ശരീരമില്ലാത്ത ആത്മാക്കളാണെന്നും അവര്‍ ഔലിയാക്കളില്‍ ഇറങ്ങുമെന്നും പ്രചരിപ്പിക്കുന്നു. പരലോകത്ത് വിശ്വാസികള്‍ അല്ലാഹുവിനെ കണ്ണുകൊണ്ട് കാണുമെന്നതിനെ നിഷേധിക്കുന്നു. മാത്രമല്ല അബൂ ഹാമിദ് അല്‍ഗസ്സാലി അല്‍ഖുശൈരിയിലൂടെ സൂഫിസവും ക്വുബൂരിസവും ഇവരില്‍ പ്രവേശിച്ചതിനാല്‍ ക്വബ്‌റാരാധനയും മരണപ്പെട്ടവരോടുള്ള സഹായതേട്ടവും ഔലിയാക്കളോടുള്ള പ്രാര്‍ഥനയും ശക്തമായിത്തന്നെ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നു.

ഗ്രീക്ക് തത്ത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, പ്രമാണങ്ങളില്‍നിന്ന് അകന്നുപോയ തെറ്റായ വഴികളില്‍ പ്രവേശിക്കല്‍, നബിചര്യയെ വെടിഞ്ഞ് ദേഹേച്ഛയെ പിന്‍പറ്റല്‍ എന്നീ കാരണങ്ങളാല്‍ മുഅ്തല്ലത്ത്, മുര്‍ജിഅത്ത്, ജഹ്‌മിയ്യത്ത്, ജബ്‌രിയ്യത്ത്, കുല്ലാബീയ്യത്ത്, കലാമിയ്യത്ത്, അക്വ്‌ലാനിയ്യത്ത്, ക്വുബൂരിയ്യത്ത്, സൂഫിയ്യത്ത്, ഫല്‍സഫത്ത് തുടങ്ങിയ നാമങ്ങളിലെല്ലാം ഇരുവിഭാഗങ്ങളും അറിയപ്പെട്ടിട്ടുണ്ട്.

നാല് മദ്ഹബുകളുടെ ഇമാമുകളോ, പ്രമുഖരായ ഹദീസ് പണ്ഡിതന്മാരോ ഇവരുടെ പക്ഷക്കാരല്ല. എന്നാലും ഞങ്ങള്‍ അഹ്‌ലുസ്സുന്ന വല്‍ജമാഅയാണെന്ന് ഇവര്‍ വാദിക്കുകയും ചെയ്യുന്നു.

ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ‘‘നിങ്ങള്‍ അറിവുള്ളവരാവുക. മതത്തില്‍ പുതുതായി ഉണ്ടാക്കുന്നതിനെയും അതില്‍ അതിര് വിടുന്നതിനെയും അമിതമാകുന്നതിനെയും നിങ്ങള്‍ സൂക്ഷിക്കുക. പൂര്‍വികരെ നിങ്ങള്‍ ചേര്‍ത്തുപിടിക്കുക.''

കര്‍മരംഗത്ത് സമസ്ത ശീലിച്ച അന്ധമായ അനുകരണത്തിനും അവര്‍ക്ക് മാതൃക ശിയാക്കളാണെന്ന്. അവര്‍ പറയുന്നത് നോക്കൂ: ‘‘കര്‍മശാസ്ത്രപരമായി ജഅ്ഫരി, സൈദി മദ്ഹബുകളിലൊന്ന് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ശിയാക്കള്‍ വിശ്വസിക്കുന്നു. സുന്നികള്‍ക്കും ഇതുപോലെ മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്'' (അല്‍ മുബാറക്, പേജ് 5).

അല്ലാഹുവിനെയും നബി ﷺ യെയും അനുസരിക്കുന്നവര്‍ പ്രമാണങ്ങള്‍ കൊണ്ട് പ്രബലമായ അഭിപ്രായത്തെയാണ് സ്വീകരിക്കുക. അല്ലാഹു പറയുന്നു:

‘‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (ക്വുര്‍ആന്‍ 4:59).

അജ്ഞതയിലും അനാചാരങ്ങളിലും ജനങ്ങളെ കെട്ടിയിടാന്‍ പൗരോഹിത്യം മറയാക്കിയത് അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ അബൂഹനീഫ(റഹി), ശാഫിഈ(റഹി) എന്നിവരെയാണ്. എന്നാല്‍ അവര്‍ പഠിപ്പിച്ചതെന്താണ്?

അബൂഹനീഫ(റ) പറഞ്ഞു: ‘‘അല്ലാഹുവിന്റെ കിതാബിനും റസൂലി ﷺ ന്റെ സുന്നത്തിനും എതിരായി ഞാന്‍ വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ വാക്കുകള്‍ നിങ്ങള്‍ ഉപേക്ഷിക്കുക.''

ഇമാം ശാഫിഈ(റഹി) പറഞ്ഞു: ‘‘എന്റെ ഗ്രന്ഥത്തില്‍ നബി ﷺ യുടെ സുന്നത്തിന് വിരുദ്ധമായത് വല്ലതും നിങ്ങള്‍ കണ്ടാല്‍ നബി ﷺ യുടെ സുന്നത്ത് നിങ്ങള്‍ സ്വീകരിക്കുക. ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഉപക്ഷിക്കുക.''

ഇത് കാണാത്തവരല്ലല്ലോ മുസ്‌ലിയാക്കന്മാര്‍? എന്നിട്ടും സമസ്തയിലെ ഒരു മുതിര്‍ന്ന മുസ്‌ലിയാര്‍ പറയുന്നത് നോക്കൂ:

‘‘ഇസ്‌ലാമില്‍ കര്‍മപരവും വിശ്വാസപരവുമായ കാര്യങ്ങളുണ്ട്. വിശ്വാസകാര്യങ്ങള്‍ ഇമാം അശ്അരിയും ഇമാം മാതുരീദിയും ക്രോഡീകരിച്ചിട്ടുണ്ട്. അതിനെതിരായ വിശ്വാസം ഇസ്‌ലാമിന്റെ വിശ്വാസമല്ല. കര്‍മപരമായ കാര്യങ്ങള്‍ നാലിലൊരു മദ്ഹബനുസരിച്ചാവലും അനിവാര്യമാണ്. വിശ്വാസവും കര്‍മവും ഇപ്പറഞ്ഞതിനെതിരായാല്‍ അത് ഇസ്‌ലാമല്ലാത്തതാണ്. ഇങ്ങനെയാണ് മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായമായ തീരുമാനം'' (ഇവരെ എന്തുകൊണ്ട് അകറ്റണം?, എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചാലിയം, പേജ് 19).

മതം പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളെ മതമായി പഠിപ്പിക്കുന്ന ഈ വിഭാഗങ്ങളെ കരുതിയിരിക്കുക. നമ്മുടെ പരലോകത്തെ ബാധിക്കുന്ന വിഷയമാണിത്.

അല്ലാഹു പറയുന്നു: ‘‘അല്ലാഹുവിന്റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു'' (ക്വുര്‍ആന്‍ 16:9).

സൂറഃ മുഹമ്മദിലെ 24ാം വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ശന്‍ക്വീത്വി(റഹി) പറഞ്ഞത് കൂടി ഓര്‍മ്മിപ്പിക്കട്ടെ:

‘‘ക്വുര്‍ആന്‍ പഠിക്കുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും അതിനെപ്പറ്റി ചിന്തിക്കുന്നതും മനസ്സിലാക്കുന്നതുമൊക്കെ മുസ്‌ലിംകള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് ഈ പ്രസ്താവിക്കപ്പെട്ട ആയത്തുകള്‍ അറിയിക്കുന്നു. ഇത്തരം(ക്വുര്‍ആനെപ്പറ്റി ആലോചിക്കല്‍) കാര്യങ്ങളില്‍ വ്യാപൃതരാകുന്നവരാണ് ജനങ്ങളിലേറ്റവും ഉത്തമര്‍ എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. ഉസ്മാനുബ്‌നു അഫ്ഫാനി (റ)ല്‍നിന്ന് ഉദ്ധരിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഹദീഥില്‍ പ്രവാചകന്‍ ﷺ ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്: ‘നിങ്ങളിലേറ്റവും ഉത്തമര്‍ ക്വുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ്.' അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ വേദ ഗ്രന്ഥം പഠപ്പിച്ച് വരുന്നതുകൊണ്ടും നിങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും നിങ്ങള്‍ ‘റബ്ബാനികള്‍' (മതോപദേഷ്ടാക്കള്‍) ആയിത്തീരുവീന്‍ എന്നായിരിക്കും (അദ്ദേഹം പറയുക).'

ക്വുര്‍ആന്‍ പാരായണം ചെയ്യല്‍, അത് മനസ്സിലാക്കല്‍, ക്വുര്‍ആനും ക്വുര്‍ആനിന്റെ വിശദീകരണമായ സ്ഥിരപ്പെട്ട സുന്നത്തുകളുമനുസരിച്ച് പ്രവര്‍ത്തിക്കല്‍ എന്നിവയില്‍നിന്ന് ഒരുപാട്  പേര്‍ പിന്തിരിയുന്നു എന്നത് വളരെ മോശമായതും വമ്പിച്ചതുമായ തെറ്റാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ സ്വയം സന്മാര്‍ഗത്തിലാണെന്ന് വിചാരിച്ചാലും ശരി.

ഇമാമുമാരുടെ ക്രോഡീകരിക്കപ്പെട്ട മദ്ഹബുകളില്‍ തങ്ങള്‍ക്ക് മതിയായതെല്ലം ഉള്ളതിനാല്‍ ക്വു ര്‍ആനും സുന്നത്തും ആവശ്യമില്ല, മദ്ഹബുകള്‍ മാത്രം മതി എന്നു വിചാരിച്ചുകൊണ്ട് ക്വുര്‍ആനും സുന്നത്തുമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതില്ല എന്നു പറയുന്നതിലെ വലിയ വിഡ്ഢിത്തം ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അല്ലാഹുവിന്റെ ഗ്രന്ഥത്തിനും പ്രവാചകന്റെ സുന്നത്തിനും സ്വഹാബാക്കളുടെ ഇജ്‌മാഇനും (ഏകാഭിപ്രായത്തിനും) നാല് ഇമാമുമാരുടെ വാക്കുകള്‍ക്കും എതിരാണിത്. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനും റസൂലിനും സ്വഹാബാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കുമെല്ലാം എതിരാണ്'' (അള്‌വാഉല്‍ ബയാന്‍).

ശ്രേഷ്ഠരായ സ്വഹാബിമാര്‍ക്കിടയില്‍ നാല് പേര്‍ക്ക് മാത്രം പ്രത്യേകത കല്‍പിക്കുകയും അവരെ സ്‌നേഹിക്കലും പിന്‍പറ്റലുമാണ് മതമെന്നും അവരില്‍നിന്ന് വന്നത് മാത്രമാണ് സ്വീകരിക്കേണ്ടതെന്നുമുള്ള വ്യാജവാദങ്ങള്‍ ഉയര്‍ത്തിവിട്ടാണ് ശിയാക്കള്‍ നിലനില്‍ക്കുന്നത്.

നബികുടുംബത്തോട് പ്രിയമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് നിഗൂഢ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുകയാണ് അവരുടെ കാര്യപരിപാടി. സമസ്തയുടെയും ജീവവായു ഇതുതന്നെ. അവര്‍ എഴുതിയത് കാണുക: ‘‘ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ശിയാക്കളും സുന്നികള്‍ തന്നെയാണ്. കാരണം അവരും നബിയുടെ സുന്നത്ത് അനുഗമിക്കുന്നവര്‍ തന്നെയാണ്. പക്ഷേ, അഹ്‌ലുബൈത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകളെ അവര്‍ സ്വീകരിക്കുകയുള്ളുവെന്നതാണ് വ്യത്യാസം'' (അല്‍മുബാറക്, പേജ് 5).

വിശുദ്ധ ക്വുര്‍ആന്‍ 42 ല്‍ 23ാം വചനത്തിന്റെ പ്രബല വ്യാഖ്യാനത്തെ അട്ടിമറിച്ച് ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക:

‘‘അഹ്‌ലുബൈത്തിന്റെ സവിശേഷ സ്ഥാനവും പദവിയും പരിശുദ്ധ ഖുര്‍ആന്‍ വഴി സ്ഥാപിതമായതാണ്. അവരെ സ്‌നേഹിക്കലും ആദരിക്കലും നമുക്ക് കടമയാണ്. അല്ലാഹു പറയുന്നു: നബിയേ തങ്ങള്‍ പറയുക; ഇതിന്റെ(പ്രബോധനത്തിന്റെ) പേരില്‍ പ്രതിഫലമൊന്നും നിങ്ങളോട് ഞാന്‍ ചോദിക്കുന്നില്ല. എന്റെ കുടുംബത്തെ സ്‌നേഹിക്കലല്ലാതെ'' (എസ്.വൈ.എസ് അറുപതാം വാര്‍ഷികോപഹാരം, പേജ് 123).

ഈ ആയത്തിലെ ‘അല്‍ക്വുറുബ' എന്നത് ക്വുറൈശികളെല്ലാം നബി ﷺ യുമായി കുടുംബബന്ധമുണ്ടെന്നാണ് സൂചപ്പിക്കുന്നതെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇമാം ബുഖാരി(റഹി) ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നുകഥീറും ഈ അഭിപ്രായത്തെയാണ് മുന്തിച്ചിട്ടുള്ളത്.

നബി ﷺ യുടെ പത്‌നിമാര്‍, സന്തതികള്‍, ബനൂ ഹാശിം, ബനൂ മുത്വലിബ് എന്നിവരടങ്ങുന്ന അവിടുത്തെ കുടുംബത്തെ അലി(റ)യിലേക്ക് മാത്രമായി    ചുരുക്കുന്നത് ഉത്കൃഷ്ടരായ മറ്റു സ്വഹാബത്തിനോടുള്ള അനിഷ്ടത്തെയല്ലേ സൂചിപ്പിക്കുന്നത്?

മേല്‍ പറയപ്പെട്ട കാര്യത്തെ ഒന്നുകൂടി ഊട്ടിയുറപ്പിച്ചത് കാണുക: ‘‘കേരള മുസ്‌ലിംകള്‍ എക്കാലവും ആദര്‍ശങ്ങളില്‍ മധ്യമ നിലപാട് സ്വീകരിച്ചവരായിരുന്നു. ശാഫിഈ, അശ്അരി പാത പിന്തുടരുന്നതോടൊപ്പം  പ്രവാചക  കുടുംബത്തോടുള്ള സ്‌നേഹാദരവുകള്‍ ഉള്ളില്‍ സൂക്ഷിച്ച് അതിന്റെ പവിത്രത ഉള്‍കൊണ്ട് ജീവിക്കുന്നവരാണ്'' (തെളിച്ചം മാസിക/മാര്‍ച്ച് 2017/ പേജ്,21:)

അഹ്‌ലുസ്സുന്ന വല്‍ ജമാഅയുടെ പക്ഷത്തുള്ള സലഫികള്‍ അഹ്‌ലു ബൈത്തിനെ അനാദരിക്കുന്നവരും അവഗണിക്കുന്നവരുമാണെന്ന ദുഷ്‌പ്രചാരണം പുരോഹിതന്മാര്‍ വ്യാപകമായി നടത്താറുണ്ട്. എന്നാല്‍ അവരുടെ കാര്യത്തിലുള്ള അതിരുവിട്ട വിശ്വാസങ്ങളെ ശക്തമായി എതിര്‍ക്കുന്നതോടൊപ്പം അവര്‍ക്കുള്ള സ്ഥാനവും പദവിയും ഒട്ടും കുറയ്ക്കാതെ നല്‍കുന്നവരാണ് സലഫികള്‍.

അഹ്‌മദുബ്‌നു ഹമ്പല്‍(റഹി) പറഞ്ഞു: ‘‘ഈ സമുദായത്തില്‍ പ്രവാചകന് ശേഷം അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരാണ് ഉത്തമര്‍. പ്രവാചകന്റെ അനുചരന്മാര്‍ അവരെ മുന്തിച്ചത് പോലെ നാം മുന്തിക്കുന്നു. അതിലവര്‍ അഭിപ്രായ വ്യത്യാസമുള്ളവരായിട്ടില്ല. ഈ മൂന്നുപേര്‍ക്ക് ശേഷം കൂടിയാലോചന സമിതിയിലെ അംഗങ്ങളായ അലിയ്യുബ്‌നു അബീത്വാലിബ്(റ), ത്വല്‍ഹത്ത്(റ), സുബൈര്‍(റ), അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ), സഅ്ദ്(റ) എന്നീ അഞ്ചു പേരാണ്. ഇവരെല്ലാം ഖിലാഫത്തിന് പറ്റുന്നവരും ഇമാമുമാരുമാണ്. ഇബ്‌നു ഉമറി(റ)ന്റെ ഹദീസില്‍ കാണാം: ‘നബി ﷺ യും അവിടുത്തെ സ്വഹാബത്തും ജീവിച്ചിരിക്കെ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിങ്ങനെ ഞങ്ങള്‍ എണ്ണാറുണ്ടായിരുന്നു. അപ്പോള്‍ നബി ﷺ അതിനെ എതിര്‍ക്കാറുണ്ടായിരുന്നില്ല'' (ഉസൂലുസ്സുന്ന).

ഈ ക്രമം നബി ﷺ അവിടുത്തെ ഇഷ്ടത്തിനോ, ഇച്ഛക്കോ അനുസരിച്ച് വരുത്തിയതല്ല. അല്ലാഹുവിന്റെ നിശ്ചയ പ്രകാരമാണത്.

ക്വുര്‍ആന്‍ പറയുന്നു: ‘‘നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം ഉന്നതനുമായിരിക്കുന്നു'' (28:68).

ഇബ്‌നു തൈമിയ്യ(റഹി) അവരെക്കുറിച്ച് പറഞ്ഞു: ‘‘നിര്‍ബന്ധമായും സംരക്ഷിക്കേണ്ടതായ അവകാശങ്ങള്‍ അവര്‍ക്കുണ്ട്. കാരണം അല്ലാഹു അവര്‍ക്ക് ഫയ്ഇലും ഖുമുസിലും (യുദ്ധാര്‍ജിത മുതലുകള്‍) അവകാശം നല്‍കിയിട്ടുണ്ട്. പ്രവാചകന് വേണ്ടി പ്രര്‍ഥിക്കുന്നതോടൊപ്പം അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും അല്ലാഹു കല്‍പിച്ചു'' (മജ്‌മൂഅ് ഫതാവ).

 മതപരമായ ഭിന്നതകളുണ്ടാകുമ്പോള്‍ സച്ഛരിതരായ ഖലീഫമാരുടെ പാത മുറുകെ പിടിക്കണമെന്നത് നബി ﷺ യുടെ ഉപദേശമാണ്. അവർ തന്നെയും പരസ്പരമുള്ള സ്ഥാനങ്ങളെ അംഗീകരിച്ചവരും വരാനുള്ള കുഴപ്പങ്ങളെ നബിവചനങ്ങളിലൂടെ തിരിച്ചറിഞ്ഞവരുമാണ്. എല്ലാ സ്വഹാബത്തും പിന്‍പറ്റപ്പെടേണ്ടവരായതിനാല്‍ അവരെല്ലാം വിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശികളാണ്.

ഇബ്‌നു മസ്ഊദ്(റ)പറഞ്ഞു: ‘‘നിങ്ങളില്‍ ആരെങ്കിലും മാതൃകയാക്കുന്നുവെങ്കില്‍ മുഹമ്മദ് നബി ﷺ യുടെ സ്വഹാബത്തിനെ മാതൃകയാക്കട്ടെ. അവരാണ് ഈ സമൂഹത്തിലെ ഏറ്റവും നല്ല അവസ്ഥയിലുള്ളവര്‍, അഗാധജ്ഞാനമുള്ളവര്‍, കൃത്രിമത്വം ഒട്ടുമില്ലാത്തവര്‍, നേര്‍മാര്‍ഗത്തില്‍ നിലകൊണ്ടവര്‍, തന്റെ പ്രവാചകന്റെ അനുയായികളാവാന്‍ അല്ലാഹു തെരഞ്ഞെടുത്തവരാണവര്‍. നിങ്ങള്‍ അവരുടെ ശ്രേഷ്ഠത അംഗീകരിക്കണം. അവരുടെ കാല്‍പാടുകളെ നിങ്ങള്‍ പിന്‍പറ്റണം. കാരണം അവരായിരുന്നു നേര്‍മാര്‍ഗത്തില്‍ നിലകൊണ്ടവര്‍'' (ഇബ്‌നു അബ്ദുല്‍ബര്‍റ്/ജാമിഉ ബയാനില്‍ ഇല്‍മ്).

സൂറഃ തൗബയിലെ 100-ാം വചനത്തെ വിശദീകരിച്ച് ഇമാം ശന്‍ക്വീഥ്വി(റ) പറഞ്ഞത് കൂടി കാണുക: ‘‘മുഹാജിറുകളില്‍നിന്നും അന്‍സാറുകളില്‍നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു എന്ന കാര്യം അല്ലാഹു ഈ ആയത്തില്‍ വ്യക്തമാക്കി എന്നതില്‍  അവ്യക്തതയില്ല. ആരാണോ അവരെ ചീത്ത വിളിക്കുന്നതും അവരോട് ദേഷ്യം വച്ചുപുലര്‍ത്തുന്നതും അവന്‍ വഴിതെറ്റിയവനും അല്ലാഹുവിനെതിരായവനുമാണെന്നതിന് വ്യക്തമായ തെളിവാണ് ഈ ആയത്ത്. കാരണം അല്ലാഹു തൃപ്ത്തിപ്പെട്ടവനെയാണല്ലോ അവന്‍ വെറുത്തത്. അല്ലാഹു തൃപ്തിപ്പെട്ടവരെ വെറുക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരവും അതിരുലംഘിക്കലും എതിരാവലുമാണെന്നതില്‍ സംശയമില്ല'' (അള്‌വാഉല്‍ ബയാന്‍).

വ്യതിയാന കക്ഷികളില്‍നിന്ന് ഉണ്ടാകുന്ന പരീക്ഷണങ്ങളെ ജാഗ്രതയോടെ കാണാനും സമൂഹത്തെ ബോധവാന്മാരാക്കാനും നമുക്ക് സാധിക്കണം.