വിവാഹദിനത്തിലെ ആഭാസപ്രകടനങ്ങള്‍; വിശ്വാസികള്‍ ജാഗ്രത പാലിക്കുക

ടി.കെ അശ്‌റഫ്

നമുക്ക് ഒരാള്‍ ഒരു ഉപകാരം ചെയ്താല്‍ അതിന് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്’ എന്ന് സാധാരണയായി ആളുകള്‍ പറയാറുണ്ട്. നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടവും സംതൃപ്തിയോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. അനുഗ്രഹങ്ങള്‍ക്ക് നാം നന്ദി ചെയ്യണം. അനുഗ്രഹങ്ങള്‍ അനുഭവിക്കുന്ന സമയത്ത് പോലും ചിലര്‍ നന്ദികേട് കാണിക്കുന്നു എന്നത് ഖേദകരമാണ്.

പഠനം, ജോലി, വിവാഹം, വീട്, മക്കള്‍, മക്കളുടെ വിവാഹം... ഇതെല്ലാം പ്രയാസമില്ലാതെ ലക്ഷ്യം കൈവരിക്കാനാവുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താലാണ്. അവനാണ് അതിനുള്ള മാര്‍ഗങ്ങള്‍ തുറന്നുതരുന്നത്. ‘അല്ലാഹുവേ...കണ്ണിമവെട്ടുന്ന സമയം പോലും എന്റെ കാര്യത്തെ എന്നെ ഏല്‍പിക്കരുതേ...’ എന്ന നബിതിരുമേനിയുടെ പ്രാര്‍ഥന ഇവിടെ പ്രസക്തമാണ്.

അനുഗ്രഹങ്ങള്‍ നന്ദികേട് കാണിക്കാന്‍ കാരണമാകുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. അതില്‍ ഈ കാലഘട്ടത്തില്‍ നാം ഗൗരവപൂര്‍വം വിശകലന വിധേയമാക്കേണ്ട ഒന്നാണ് വിവാഹരംഗം. അനുയോജ്യമായ ഒരു ഇണയെ കണ്ടെത്തി വിവാഹം കഴിക്കാനാവുക എന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. നമുക്ക് യോജിച്ച ഒരു ബന്ധം ലഭിച്ചുവെന്നതും വിവാഹം നല്ലരീതിയില്‍ നടത്താനായി എന്നതും നിസ്സാരമായ കാര്യമല്ല. വിവാഹം ഒത്തുവന്നാല്‍ ഒരു മുസ്‌ലിം ചെയ്യേണ്ടത് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് വിവാഹം നടത്തുക എന്നതാണ്.

എന്നാല്‍ അതിനുപകരം ചിലര്‍ വിവാഹവുമായി ബന്ധപ്പെട്ട് ഇസ്‌ലാം നല്‍കുന്ന നിര്‍ദേശങ്ങള്‍ വിസ്മരിക്കുകയും ഇതര മതങ്ങളിലെയും മറ്റും ആചാരങ്ങളും ആധുനികതയുടെ പേരില്‍ നടക്കുന്ന പല ആഭാസങ്ങളും അപ്പടി പകര്‍ത്തുകയും ചെയ്യുന്നതാണ് നാം കാണുന്നത്!

ഒരു മുസ്‌ലിമിനെ സംബന്ധിച്ച് വിവാഹത്തിന്റെ മാര്‍ഗരേഖ ക്വുര്‍ആനും സുന്നത്തുമായിരിക്കണം; അല്ലാതെ ഇവന്റ് മാനേജ്‌മെന്റ് ടീമിന്റെ ബ്രോഷറാകരുത്. അതില്‍ പലതുമുണ്ടാകാം. അതപ്പടി കോപ്പിയടിക്കരുത്. നമ്മുടെ ചടങ്ങുകളും രീതികളും നാം തീരുമാനിക്കണം. ഇക്കാലത്ത് വീടുകളില്‍ വിവാഹം നടത്താന്‍ പരിമിതികളേറെയാണ്. സ്വാഭാവികമായും ഓഡിറ്റോറിയങ്ങളുടെയും അനുബന്ധ ഏജന്‍സികളുടെയും സഹായം തേടേണ്ടിവരും. അതിന്റെ പേരില്‍ എല്ലാം അവര്‍ ഡിസൈന്‍ ചെയ്യുന്നതുപോലെ ആവാന്‍ പാടില്ല. ഒരു ബഹുമത സമൂഹമായതിനാല്‍ പല രീതിയിലുള്ള ചടങ്ങുകളും അതിനാവശ്യമായ ആരവങ്ങളും അവരുടെ അടുക്കല്‍ ഉണ്ടാവാം. അതില്‍നിന്ന് നമ്മുടെ വിശ്വാസത്തിനും സംസ്‌കാരത്തിനും യോജിക്കാത്തത് നാം ഓര്‍ഡര്‍ ചെയ്യരുത്.

നബി(സ) പറഞ്ഞു: ‘നികാഹ് എന്റെ ചര്യയില്‍ പെട്ടതാണ്. എന്റെ സുന്നത്തനുസരിച്ച് അത് നിര്‍വഹിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ല....’(ഇബ്‌നുമാജ).

വിവാഹത്തിന്റെ ഓരോ ഘട്ടത്തിലും അതിന്റെ ഇസ്‌ലാമികമര്യാദ പാലിക്കണം. ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ മതനിഷ്ഠക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.  മുന്‍കാലത്ത് നമ്മുടെ നാട്ടിൽ രക്ഷിതാക്കള്‍ ഉറപ്പിച്ച ഇണയെ നിര്‍ബന്ധപൂര്‍വം സ്വീകരിക്കേണ്ടിവരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇക്കാലത്താകട്ടെ, മക്കള്‍ തീരുമാനിച്ചുറപ്പിച്ച ബന്ധം, അതെത്ര അനുയോജ്യമല്ലെങ്കിലും നടത്തിക്കൊടുക്കാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു രക്ഷിതാക്കള്‍. ഈ രണ്ട് രീതികളുമല്ല നമുക്ക് വേണ്ടത്. മക്കളുടെ അനുമതിയും വലിയ്യിന്റെ അവകാശങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരിക്കണം ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട്.

സ്ത്രീയുടെ അനുമതിയില്ലാതെ അവളെ വിവാഹം കഴിപ്പിച്ച് കൊടുക്കാന്‍ വലിയ്യിന് അധികാരമില്ല. നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

അബൂമൂസല്‍ അശ്അരി(റ) നിവേദനം; ‘‘റസൂല്‍ ﷺ പറഞ്ഞു: ‘നിങ്ങളിലാരെങ്കിലും സ്വന്തം മകളെ വിവാഹം കഴിപ്പിക്കാനുദ്ദേശിക്കുകയാണെങ്കില്‍, അവന്‍ അവളുടെ അനുമതി തേടട്ടെ.’’

വധുവിന്റെ സമ്മതം വിവാഹ കരാറിലെ അവശ്യഘടകമാണ് എന്നു വ്യക്തം. അതുപോലെ വലിയ്യില്ലാത്ത നികാഹ് സാധുവാകുകയില്ല. അതിനാല്‍ വലിയ്യിന്റെ നേതൃത്വത്തിലായിരിക്കണം വിവാഹ ആലോചനയുടെ ഓരോ ഘട്ടവും കടന്നുപോകേണ്ടത്.

സാമൂഹ്യ മാധ്യമങ്ങള്‍ മുഖേന വിവാ ഹ അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ ഇല്ലാത്ത ‘സൗന്ദര്യം’ പെരുപ്പിച്ച് കാണിച്ച് പരസ്പരം കബളിപ്പിക്കുന്ന പ്രവണതയെ ഗൗരവമായി കാണണം. വിവാഹ നിശ്ചയം ശൂറ (കൂടിയാലോചന)യാണന്ന കാര്യം വിസ്മരിക്കരുത്. പലപ്പോഴും നിശ്ചയം കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞതുപോലുള്ള ഒരു പ്രതീതി ഇരു കുടുംബത്തിലും ഉണ്ടാകുന്ന പ്രവണത വര്‍ധിച്ച് വരുന്നുണ്ട്. നികാഹ് കഴിയുന്നതുവരെ വധുവരന്മാര്‍ അന്യര്‍തന്നെയാണന്ന കാര്യം വിസ്മരിക്കരുത്. നിശ്ചയ ദിവസം വിവിധ സമ്മാനങ്ങള്‍, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കൈമാറുകയും വധുവരന്മാര്‍ ഒന്നിച്ച് ചേരുകയും പരസ്പരം പൂമാല ചാര്‍ത്തുകയുമൊക്കെ ചെയ്യുന്നത് ഇസ്‌ലാമികമായി യാതൊരു ന്യായീകരണവും ഇല്ലാത്തതും അല്ലാഹുവിന്റെ കോപത്തിന് ഇടയാക്കുന്നതുമാണ്. വിവാഹം നീട്ടി നിശ്ചയിക്കുകയും അത്രയും കാലം ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ഒന്നിച്ച് യാത്ര ചെയ്യുകയും ഇടപഴകുകയും ഫോണിലൂടെ മണിക്കൂറുകള്‍ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിലൂടെ ഇസ്‌ലാമിലെ നികാഹിനെ നോക്കുകുത്തിയാക്കുകയാണ് ചെയ്യുന്നത്.

വിവാഹാഘോഷത്തിലും അതിരുകവിയല്‍ ഒരു പ്രശ്‌നമല്ലാതായിരിക്കുന്നു ഇക്കാലത്ത്! കുടുംബബന്ധം കൂട്ടിയിണക്കുക, അയല്‍പക്കബന്ധം ദൃഢമാക്കുക, സാമൂഹ്യബന്ധം ശാക്തീകരിക്കുക, പിണങ്ങിയവരെ ചേര്‍ത്തുപിടിക്കുക... തുടങ്ങിയ ധാരാളം നന്മകള്‍ നേടിത്തരേണ്ട വിവാഹാഘോഷങ്ങള്‍ അതിനെയെല്ലാം അട്ടിമറിക്കുന്ന തരത്തില്‍ നടത്തപ്പെടുന്നതായാണ് നാം കാണുന്നത്.

ഈയിടെ കണ്ണൂരിലെ തോട്ടടയില്‍ വിവാഹാഘോഷത്തിന്റെ രാത്രിയില്‍ ഗാനമേളയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ ബോംബേറിലാണ് പര്യവസാനിച്ചത്!

വിവാഹ വീടുകളില്‍ വിവാഹത്തലേന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ആഭാസനൃത്തം ചവിട്ടുകയും, കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സംസാരിക്കുകയുമൊക്കെ ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. പുരുഷന്‍മാര്‍ സ്ത്രീകളുടെ വേഷംകെട്ടി കാമാസക്തിയോടെ നൃത്തം ചവിട്ടുക, വധുവിന്റെ ചെരിപ്പില്‍ എണ്ണയൊഴിച്ച് ആ ചെരിപ്പില്‍ കയറി നടക്കാന്‍ നിര്‍ബന്ധിക്കുക, വധൂവരന്‍മാരുടെ കഴുത്തില്‍ ചെരിപ്പുമാലയിട്ട് നടത്തിക്കുക, അവരുടെ കിടപ്പുമുറി അലങ്കോലപ്പെടുത്തുക, കിടക്കയില്‍ വെള്ളം നനച്ച് കുതിര്‍ക്കുക, ജെ.സി.ബിയിലും വാഴത്തൈ വെച്ച്‌കെട്ടിയ ഓട്ടോറിക്ഷയിലും വധുവരന്മാരെ ആനയിക്കുക, ഭക്ഷണ സാധനങ്ങള്‍ തലക്ക് മുകളില്‍ ഒഴിക്കുക... തുടങ്ങിയ ക്രൂരവിനോദങ്ങളാണ് നടത്തുന്നത്. ശവപ്പെട്ടിയില്‍ വരന്‍ പോകുന്ന ദൃശ്യവും കണ്ണൂരില്‍ നാം കണ്ടതാണ്. വിവാഹാഘോഷത്തിന്റെ പേരില്‍ യുവാക്കള്‍ നടത്തുന്ന ഇത്തരം ഉളുപ്പില്ലാത്ത ചെയ്തികള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്. ഇതിന് കടിഞ്ഞാണിടാന്‍ ഓരോ പ്രദേശത്തുള്ളവരും രംഗത്തിറങ്ങണം. ഉത്തരവാദപ്പെട്ടവര്‍ ബാധ്യത നിര്‍വഹിക്കണം. സുഹൃത്തുക്കളോട് ആദ്യമേതന്നെ അത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് പറയാന്‍ വരന്‍ തയ്യാറാകണം.

പൂച്ചക്ക് ആരും മണികെട്ടും എന്ന ശങ്കയിലാണ് എല്ലാവരും. വിവാഹത്തില്‍ സംബന്ധിച്ചവരെല്ലാം ഈ പേക്കൂത്തുകളില്‍ അമര്‍ഷം രേഖപ്പെടുത്തും. പക്ഷേ, ഉറക്കെ പറയാന്‍ പലര്‍ക്കും സാധിക്കാറില്ല. ഞാനായിട്ട് ഇതിനെ വിമര്‍ശിച്ച് ഇവരുടെ വിവാഹത്തിന് ഒരു ഭംഗം വരുത്തണ്ട എന്നാണ് പലരും കരുതുന്നത്. ബന്ധുക്കളെല്ലാം പരസ്പരം അടക്കംപറയുമെന്നല്ലാതെ ഉറക്കെപ്പറഞ്ഞാല്‍ കുടുംബം തെറ്റുമോയെന്ന് ഭയപ്പെടുന്നു. മാതാപിതാക്കളാകട്ടെ, മക്കളെ ഭയന്ന് എല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. വിവാഹിതനാകുന്ന വരന്‍ ഇതുപോലെ സുഹൃത്തുക്കളുടെ വിവാഹത്തിന് എല്ലാ തെമ്മാടിത്തത്തിനും നേതൃത്വം നല്‍കിയ വ്യക്തിയായതിനാല്‍ ഒരക്ഷരം എതിര്‍ത്ത് പറയാന്‍ സാധിക്കുന്നുമില്ല. അവന്‍ ഇത്രയും കാലം ചെയ്തതിനുള്ള പ്രതികാരമായിരിക്കാം ഇത്. ഓടുംതോറും കിലുങ്ങും, കിലുങ്ങുംതോറും ഓടും എന്ന് പറഞ്ഞപോലെയാണ് വിവാഹ ആഭാസങ്ങളുടെ അവസ്ഥ!

വിവാഹസദ്യ നടത്തുന്നതില്‍ കാണിക്കുന്ന ആര്‍ഭാഡവും ധൂര്‍ത്തും നിര്‍ബന്ധമായും അവസാനിപ്പിക്കേണ്ടതുണ്ട്. ഇസ്‌ലാം പഠിപ്പിക്കുന്നത് ധൂര്‍ത്തും ആഭാസം കാണിക്കലുമൊക്കെ പൈശാചികതയാണെന്നാണ്.

‘‘...നീ (ധനം) ദുര്‍വ്യയം ചെയ്തുകളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു’’ (ക്വുര്‍ആന്‍ 17:26,27).

സംഗീതമാകട്ടെ വിശ്വാസികള്‍ക്ക് നിഷിദ്ധവുമാണ്. സ്വസമുദായത്തില്‍ നിന്നുതന്നെ സംഗീതത്തെയും മദ്യപിച്ചുള്ള നൃത്തനൃത്യങ്ങളെയും ന്യായീകരിക്കുന്നവര്‍ വരുമെന്ന് പ്രവാചകന്‍ ﷺ ദീര്‍ഘദര്‍ശനം നടത്തിയിട്ടുണ്ട്.

അബൂമാലിക് അല്‍അശ്അരി(റ) പ്രവാചകന്‍ ﷺ ഇങ്ങനെ പറഞ്ഞതായി പറയുന്നു: ‘‘എന്റെ സമുദായത്തില്‍ ഹിര്‍വിലും (വ്യഭിചാരവും ദുര്‍നടപ്പും) പട്ടിലും (സ്വാഭാവിക പട്ട് പുരുഷന് നിരോധിക്കപ്പെട്ടതാണ്) മദ്യത്തിലും സംഗീതോപകരണങ്ങളിലും മുഴുകുന്ന കുറെയാളുകള്‍ ഉണ്ടായിത്തീരും...’’

അനസ്(റ), ഇംറാന്‍(റ) തുടങ്ങിയവര്‍ പ്രവാചകന്‍ ﷺ ഇപ്രകാരം പറഞ്ഞതായി പറയുന്നു: ‘‘ഈ സമുദായത്തിലെ ചിലര്‍ ഭൂമി തകര്‍ന്നടിയുന്നതില്‍ പെടും. കല്ലുവീഴ്ചയില്‍ പെടും. രൂപാന്തരം വന്ന് ശിക്ഷിക്കപ്പെടും. ഇതുണ്ടാകുക അവര്‍ ഖംറ് (മദ്യം) കുടിക്കുകയും സ്ത്രീഗായികമാരെ കൂടെ താമസിപ്പിക്കുകയും സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് പാടുകയും ചെയ്യുമ്പോഴായിരിക്കും.’’

അപ്പോള്‍ ഒരു വിശ്വാസിക്ക് എങ്ങനെയാണ് വിവാഹത്തിന്റെ പേരില്‍ ആഭാസങ്ങള്‍ക്ക് കുടപിടിക്കാനാവുക? ചടങ്ങുകള്‍ വര്‍ധിക്കുന്നതിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റേയും വിലപ്പെട്ട സമയം കൂടി ദുര്‍വ്യയം ചെയ്യപ്പെടുകയാല്ലേ ചെയ്യുന്നത്?

ഹല്‍ദി, മെഹന്തി, ബ്രൈഡല്‍, ഷവര്‍, ഡസ്റ്റിനേഷന്‍ വെഡ്ഡിംഗ്, മഞ്ഞള്‍ക്കല്യാണം തുടങ്ങി ‘ബ്രൈഡ് ടുബി’ എന്ന യൂറോപ്യന്‍ സംസ്‌കാരത്തില്‍വരെ എത്തിനില്‍ക്കുന്നു വിവാഹച്ചടങ്ങുകള്‍. നാളെ എവിടെയെത്തും എന്നതിന്റെ അപകടകരമായ സൂചനയാണ് കണ്ണൂരിലെ ബോംബേറില്‍ നാം കണ്ടത്.

ഉത്തരവാദപ്പെട്ടവര്‍ ഉടനടി ഇക്കാര്യത്തില്‍ ഇടപെടണം. ഓരോ വിശ്വാസിയും എന്റെ കുടുംബത്തില്‍ ഈ ആഭാസങ്ങള്‍ ഉണ്ടാവില്ലന്ന് ഉറപ്പിക്കണം. മഹല്ലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പ്രാദേശികമായി മത, സാമൂഹിക, രാഷ്ട്രീയ രംഗത്തുള്ളവര്‍ സംയുക്തമായി കൂടിയാലോചിച്ച് ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.

ഒരു കാര്യം ഓര്‍ക്കുക; വിവാഹമെന്ന അനുഗ്രഹത്തിന് സ്രഷ്ടാവിനോട് നന്ദി ചെയ്തില്ലെങ്കിലും അന്നേദിവസം നന്ദികേട് കാണിക്കാതിരിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യുക.