ശിയാക്കളും സമസ്തയും ആശയവീഥിയിലെ ഒരേ തൂവല്‍ പക്ഷികള്‍

മൂസ സ്വലാഹി കാര

2022 മാർച്ച് 12, 1442 ശഅബാൻ 9

വിശ്വാസദൃഢതയും പ്രമാണനിഷ്ഠയും സച്ചരിതരായ മുന്‍ഗാമികളെ പിന്‍പറ്റലും സലഫികളുടെ സവിശേഷതയാണ്. ജൂതസൃഷ്ടിയായ ശിയാഇസത്തിന്റെ വക്താക്കള്‍ക്കും സില്‍ബന്തികള്‍ക്കും ഇത് വലിയ അരോചകമുണ്ടാക്കുന്ന കാര്യമാണ്.

ശിയാ വിശ്വാസത്തെ നെഞ്ചേറ്റിയുള്ള സമസ്തയുടെ പ്രവര്‍ത്തനങ്ങളെ തെളിവുകളിലൂടെ പരസ്യപ്പെടുന്നത് പ്രതിരോധിക്കാന്‍ കഴിയാത്തതും അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൊടുന്നനെ തകര്‍ക്കപ്പെടുന്നതും സമസ്തയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.

ജൂത, ക്രൈസ്തവ സഭകെള പോലെ ഇക്കൂട്ടരും മതത്തില്‍ സ്വന്തമായി പലതും കടത്തിക്കൂട്ടുന്നു. അതിനെ എതിര്‍ക്കുന്നവരെ മതവിരോധികളായി പ്രഖ്യാപിക്കുന്നു. തങ്ങള്‍ മാത്രമാണ് യഥാര്‍ഥ ഇസ്‌ലാമിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന് അവകാശപ്പെടുന്നു.

ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഖ്യാപനം നോക്കൂ: ‘‘സമസ്ത ഒരു പുതിയ പാര്‍ട്ടിയല്ല. അത് ഇസ്‌ലാമിന്റെ, സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ഥ രൂപമാണ്. അത് നിലനില്‍ക്കാന്‍ വേണ്ടിയാണ് സമസ്ത നിലകൊള്ളുന്നത്. അല്ലാത്ത മുഴുവന്‍ പാര്‍ട്ടികളും നശിച്ചു നാമാവശേഷമാവുകയാണ്. ആവുക തന്നെ ചെയ്യും’’ (ശംസുല്‍ ഉലമയുടെ പ്രസംഗം/ പേജ്,10).

സുന്നത്ത് ജമാഅത്തിന് എതിരായ നിലപാടില്‍ മുന്നോട്ട് പോകുന്നവര്‍ എങ്ങനെയാണ് അതിന്റെ വക്താക്കളായി മാറുക? ഇത് ഇവരുടെ വ്യാമോഹം മാത്രമാണ്. വേദക്കാരുടെ ഇത്തരത്തിലുള്ള വ്യാമോഹത്തിന് ക്വുര്‍ആന്‍ നല്‍കുന്ന മറുപടി കാണുക:

‘‘(ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; ‘നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ’ എന്ന്. എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല’’ (ക്വുര്‍ആന്‍ 2:111,112).

ഇബ്‌നു കഥീര്‍(റഹി) ഈ ആയത്തിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു: ‘‘എന്നാല്‍ പുരോഹിതരുടെയും അവരോട് സാമ്യതയുള്ളവരുടെയും കര്‍മങ്ങള്‍, (അവര്‍ അവരുടെ കര്‍മങ്ങളില്‍ ആത്മാര്‍ഥതയുള്ളവരാണെന്ന് വന്നാല്‍ പോലും) അവരിലേക്കും ജനങ്ങളിലേക്ക് മുഴുവനായും നിയോഗിതനായ നബി ﷺ യെ പിന്‍പറ്റിക്കൊണ്ട് ചെയ്യുന്നതുവരെ അവരില്‍നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല.’’

അല്ലാഹുവിന്റെ മുമ്പില്‍ മാത്രം അര്‍പ്പിക്കേണ്ട ആരാധനകളെ സൃഷ്ടികളിലേക്ക് മാറ്റാന്‍ സമസ്ത കൈക്കൊണ്ടത് ശിയാക്കളുടെ അതേ തത്ത്വമാണ്. ‘കശ്ഫുല്‍ അസ്‌റാര്‍’ എന്ന ഗ്രന്ഥത്തില്‍ ഖുമൈനി പറയുന്നു: ‘‘ഇലാഹും റബ്ബുമാണെന്ന വിശ്വാസത്തോടെ അല്ലാഹുവല്ലാത്തവരോട് ചോദിക്കലാണ് ശിര്‍ക്ക്. എന്നാല്‍ അല്ലാഹുവല്ലാത്തവരോട് ഈ വിശ്വാസമില്ലാതെ ചോദിച്ചാല്‍ അത് ശിര്‍ക്കാവുകയില്ല. അത് ജീവിച്ചിരിക്കുന്നവരോടായാലും മരിച്ചവരോടായാലും ശരി. അതിനാല്‍ ഒരാള്‍ തന്റെ ആവശ്യം കല്ലിനോടോ, മരത്തോടോ ചോദിച്ചാല്‍ അത് ശിര്‍ക്കാവില്ല.’’

ഇതേ നിര്‍വചനം സമസ്തയുടെ അടിസ്ഥാനമായി പഠിപ്പിക്കപ്പെട്ടത് കാണുക: ‘‘പങ്കുചേര്‍ക്കുക എന്നത്രെ ശിര്‍ക്ക് എന്ന അറബി പദത്തിന്റെ ഭാഷാര്‍ഥം. ഇസ്‌ലാമിക വീക്ഷണത്തില്‍ അതിന്ന് നല്‍കുന്ന നിര്‍വചനം അല്ലാഹുവിന് തുല്യമായതോ, കീഴിലുള്ളതോ ആയ മറ്റ് ഇലാഹോ ഇലാഹുകളോ ഉണ്ടെന്ന് വിശ്വസിക്കല്‍ എന്നാണ്’’ (തൗഹീദ് ഒരു സമഗ്ര പഠനം/നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍/പേജ് 58).

‘‘ചോദ്യം: അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: അല്ലാഹു അല്ലാത്തവര്‍ സ്വന്തമായി ഉപകാരോപദ്രവങ്ങള്‍ ചെയ്യുമെന്ന് പ്രാര്‍ഥിക്കുന്നവന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവന്‍ മുശ്‌രിക്കാകുന്നതാണ്. പ്രാര്‍ഥിക്കപ്പെടുന്നത് അല്ലാഹുവിന്റെ അനുവാദമില്ലാതെ ഉപകാരമോ ഉപദ്രവമോ ചെയ്യില്ലെന്നാണ് പ്രാര്‍ഥിക്കുന്നവന്റെ വിശ്വാസമെങ്കില്‍ അവന്‍ മുശ്‌രിക്കാവുകയില്ല’’ (രിസാല/2000 ഏപ്രില്‍ 14/പേജ് 11).

‘‘എന്നാല്‍ ‘ദുആ’ എന്നതു മറ്റു പല അര്‍ഥങ്ങള്‍ക്കും വന്നിട്ടുണ്ട്. അതെല്ലാം ഇബാദത്തായി ഗണിക്കാന്‍ പറ്റില്ല. റബ്ബാണെന്ന വിശ്വാസത്തോടെയോ അല്ലെങ്കില്‍ അവനു മാത്രമുള്ള വിശേഷണത്തോടെയോ കരുതിക്കൊണ്ടു വിളിക്കുന്നതാണ് ഇബാദത്താകുന്ന ദുആ’’ (ഖുതുബിയ്യത്ത് പരിഭാഷയും വിശദീകരണവും/പാറന്നൂര്‍/പേജ് 25).

മക്കാമുശ്‌രിക്കുകളുടെ വിശ്വാസത്തെ തൗഹീദാക്കി ചിത്രീകരിക്കുന്ന ഇവര്‍ക്ക് ഇസ്‌ലാമിന്റെ സാക്ഷ്യത്തോട് എന്ത് കൂറാണുള്ളത്? ഈ ശുദ്ധ ശിര്‍ക്കിനെ അഹ്‌ലുസ്സുന്നയുടെ പേരില്‍ വ്യാപിപ്പിക്കുന്നവര്‍, പ്രവാചകന്മാരും പ്രമാണങ്ങളും മുന്‍ഗണന കൊടുത്ത തൗഹീദിനെ ഇത്ര ലാഘവത്തോടെ കാണുന്നവര്‍ അല്ലാഹുവിന്റെ താക്കീതിനെ ഭയക്കട്ടെ.

അല്ലാഹു പറയുന്നു: ‘‘അറിയുക, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) ‘അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.’ അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച’’ (ക്വുര്‍ആന്‍ 39:3).

പ്രാര്‍ഥന സ്വീകരിക്കപ്പെടാന്‍ ശിയാക്കള്‍ പറയുന്ന വിചിത്രമായ മാനദണ്ഡം നോക്കൂ:

‘‘ഇമാമുമാരുടെ നാമം കൊണ്ടല്ലാതെ അല്ലാഹു പ്രാര്‍ഥന സ്വീകരിക്കുകയില്ല’’ (ആമിലി/വസാഇലുശ്ശീഅ).

‘‘ഞങ്ങളെക്കൊണ്ട് (ഇമാമുമാരെ) ആരെങ്കിലും അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ അവന്‍ വിജയിച്ചു. ഞങ്ങളല്ലാത്തവരെക്കൊണ്ട് പ്രാര്‍ഥിച്ചാല്‍ അവന്‍ നശിച്ചു’’ (മജ്‌ലിസി/ബിഹാറുല്‍ അന്‍വാര്‍).

അല്ലാഹുവോ മുഹമ്മദ് നബി ﷺ യോ പ്രാര്‍ഥന സ്വീകരിക്കപ്പെടാന്‍ ഇങ്ങനെയൊരു മാനദണ്ഡം പഠിപ്പിച്ചിട്ടില്ല. എന്നു മാത്രമല്ല ഇത് വിലക്കപ്പെട്ടതുമാണ്. ഈ വിഷയത്തില്‍ ശിയാക്കളെ കടത്തിവെട്ടുന്നതാണ് സമസ്തയുടെ നിലപാട്.

‘‘സയ്യിദന്മാരുടെ നേതാവായ നബിയേ, അങ്ങയുടെ ഉമ്മത്തില്‍ പെട്ട സാധുവായ മഖ്ദൂമിതാ അങ്ങയുടെ സമീപമെത്തിയിരിക്കുന്നു. എന്റെ ഉദ്ദേശ്യങ്ങള്‍ സഫലമാക്കിത്തരണേ, അഭയം നല്‍കണേ, ദുഃഖിതനാക്കി മടക്കരുതേ’’ (സുന്നത്ത് മാസിക/2007 ഏപ്രില്‍/പേജ് 8).

‘‘ദോഷങ്ങളുടെ (കൂമ്പാരങ്ങള്‍ക്ക്) മുകളില്‍ ഞാന്‍ കേറിയിരിക്കുന്നു; എണ്ണവും ക്ലിപ്തവുമില്ലാത്തവിധം. അങ്ങയോടാണ് ഞാന്‍ അതില്‍ ആവലാതി പറയുന്നത്’’ (മന്‍ഖൂസ് മൗലിദ് പരിഭാഷ/ പേജ് 37).

‘‘ഞങ്ങളുടെ നാഥാ! ബദ്‌ർ ശുഹദാക്കളുടെ ബറക്കത്തുകൊണ്ട് ഞങ്ങളുടെ ആശകളെ നിറവേറ്റിത്തരേണമേ! പരീക്ഷണങ്ങളെയും ക്ലേശങ്ങളെയും തടഞ്ഞുവെക്കേണമേ! ആശിര്‍വാദത്തോടെ ഞങ്ങളെ രക്ഷപ്പെടുത്തേണമേ!’’ (ബദ്‌ർ മൗലിദ് പരിഭാഷയും വിവരണവും/പേജ് 42).

‘‘എല്ലാവിധ കാവലിനും ഏറ്റവും പ്രധാന വഴി ബദ്‌രീങ്ങളെ തവസ്സുലാക്കി (ഇടതേടുക) തന്നെ. എത്രത്തോളമെന്നാല്‍, മരണ സമയത്ത് ഇബ്‌ലീസിന്റെ ഫിത്‌നയില്‍നിന്ന് കാവല്‍ തേടാനും അത് ഉപയുക്തമാകുന്നു’’ (ബദ്‌ർ മൗലിദ് പരിഭാഷയും വിവരണവും/പേജ് 51).

‘‘കുറിപ്പ്: മുഹ്‌യിദ്ദീന്‍ ശൈഖ്(റ) പറഞ്ഞു: ഒരു വിഷമഘട്ടത്തില്‍ ആരെങ്കിലും എന്നോട് സഹായം ചോദിച്ചാല്‍ ഞാനത് ദൂരീകരിച്ചുകൊടുക്കും. വലിയ വിഷമമുണ്ടാകുമ്പോള്‍ എന്റെ പേര് വിളിച്ചാല്‍ ഞാന്‍ ഒഴിവാക്കി കൊടുക്കും. എന്നെ ഇടനിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആവശ്യം പൂര്‍ത്തിയാക്കി കൊടുക്കും’’ (ഖുതുബിയ്യത്ത് പരിഭാഷയും വിശദീകരണവും/പാറന്നൂര്‍/പേജ് 24).

‘‘വല്ല നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക്

വായ് കൂടാതുത്തിരം ചെയ്യും ഞാനെന്നോവര്‍

ഏതു നാട്ടില്‍നിന്നെന്നെ വിളിച്ചാലും ഞാന്‍ ഉടനെ ഉത്തരം ചെയ്യുമെന്നര്‍ഥം. കാരണം ഗൗസുല്‍ അഅ്‌ളമിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നത് അല്ലാഹുവാണ്. അല്ലാഹുവിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നതു ഗൗസുല്‍ അഅ്‌ളമാണ്. പിന്നെന്തു പ്രയാസം?’’ (വഹ്ദത്തുമാല വ്യാഖ്യാനം/കെ.വി.എം പന്താവൂര്‍/പേജ് 42).

മതനിയമങ്ങളില്‍ പ്രാഥമിക അറിവുള്ളവര്‍ക്ക് പോലും ഇത് വിശ്വസിക്കാനാവുമോ? അല്ലാഹുവിനെ വിളിച്ചാല്‍ ഉത്തരം ചെയ്യുന്നത് മുഹ്‌യിദ്ദീന്‍ ശൈഖാണ് പോലും! എത്ര ഗുരുതരമായ വാക്കുകളാണിത്! അദ്ദേഹത്തെ സര്‍വശക്തന്റെ പദവിയിലേക്ക് ഉയര്‍ത്തുന്ന ഇക്കൂട്ടര്‍ വിചാരണ നാളിനെ ഭയപ്പെടുന്നില്ലേ? ഇത്തരം അവസ്ഥയിലുള്ളവര്‍ക്ക് സൂക്ഷ്മത കൈവരിക്കാനാവില്ല. അല്ലാഹു പറയുന്നു:

‘‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ ധര്‍മസമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം’’ (ക്വുര്‍ആന്‍ 5:35).

ഖത്താദ(റ) പറഞ്ഞു: ‘‘അല്ലാഹുവിനെ അനുസരിച്ചും അവന്‍ തൃപ്തിപ്പെടുന്ന പ്രവൃത്തികൊണ്ടും നിങ്ങള്‍ അവനിലേക്ക് അടുക്കുക’’ (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

പ്രവാചകന്മാര്‍ ഇമാമുമാരെ ഇടയാളന്മാരാക്കി അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ പരീക്ഷണങ്ങളില്‍ അത് അവര്‍ക്ക് തുണയായി എന്ന ശിയാക്കളുടെ വിശ്വാസത്തിന് തുല്യമായത് സമസ്തയും പ്രചരിപ്പിക്കുന്നു.

മജ്‌ലിസിയുടെ ‘ബിഹാറുല്‍ അന്‍വാറി’ലും ആലിമിയുടെ ‘വസാഇലുശ്ശീഅ’യിലും വന്നത് കാണുക: ‘‘നൂഹ്(അ) മുങ്ങാറായ വേളയില്‍ ഞങ്ങളുടെ ഹക്ക്വ്‌ കൊണ്ട് പ്രാര്‍ഥിച്ചപ്പോള്‍ അല്ലാഹു രക്ഷപ്പെടുത്തി. ഇബ്‌റാഹീം നബി(അ)യെ തീയിലിട്ടപ്പോള്‍ ഞങ്ങളുടെ ഹക്ക്വ്‌ കൊണ്ട് പ്രാര്‍ഥിച്ചതിനാല്‍ അല്ലാഹു അതിനെ തണുപ്പും സമാധാനവുമുള്ളതാക്കി. മൂസാനബി(അ) കടലില്‍ അടിച്ച് ഞങ്ങളുടെ ഹക്ക്വ്‌ കൊണ്ട് പ്രാര്‍ഥിച്ചപ്പോള്‍ അല്ലാഹു വഴി ഒരുക്കിക്കൊടുത്തു. ഈസാ നബി(അ)യെ ജൂതന്മാര്‍ കൊല്ലാനൊരുങ്ങിയപ്പോള്‍ ഞങ്ങളുടെ ഹക്ക്വ്‌കൊണ്ട് പ്രാര്‍ഥിച്ചതിനാല്‍ അതില്‍നിന്ന് രക്ഷപ്പെടുത്തുകയും അദ്ദേഹത്തെ അല്ലാഹു ഉയര്‍ത്തുകയും ചെയ്തു.’’

സമസ്തയുടെ മൂല ഗ്രന്ഥങ്ങളായ മൻഖൂസ് മൗലിദിൽ നബി ﷺ യെക്കുറിച്ചും അൽഫുയൂളാതുർ റബ്ബാനിയ്യയിൽ അബ്ദുൽ ഖാദിർ ജീലാനിയെക്കുറിച്ചും വർണിച്ചത് കാണുക: ‘‘അറിയുക, ആദം നബി(പശ്ചാത്തപിക്കാൻ) ഇടയാളനാക്കിയവരാണവർ. നൂഹ് നബി(അ) അവരെക്കൊണ്ട് സഹായാർഥന നടത്തിയിട്ടുമുണ്ട്. തദ്ഫലമായി നൂഹ് നബി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ആ പ്രകാശം ഇബ്രാഹീം നബി(അ)ന്റെ മുതുകിൽ ഉണ്ടായിരുന്നു, അവരെ തീയിൽ എറിയപ്പെട്ട സന്ദർഭത്തിൽ. അനന്തരം ആ തീ മടങ്ങി(അണഞ്ഞു) അതിന്റെ നാളങ്ങൾ ആയിത്തീരുകയും ചെയ്തു." (മൻഖൂസ് മൗലിദ് പരിഭാഷ - വ്യാഖ്യാനം / പേജ് 23 -26).

‘‘മുരീദേ, നമ്മുടെ കരാർ നീ പാലിക്കുവിൻ, പരലോകത്ത് മീസാനിനടുത്ത് ഞാൻ സന്നിഹിതനാകാം.

മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തോടൊപ്പം ഉന്നതിയിലും കാബ കൗസൈനിയിലും ഞാൻ ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തിൽ ജനങ്ങൾക്കിടയിൽ നൂഹിന്റെ കൂടെ എന്റെ കഴിവ് കൊണ്ട് ഞാനുണ്ടായിരുന്നു. ഇബ്റാഹീം നബി തീയിലേക്ക് എറിയപ്പെട്ടപ്പോൾ ഞാൻ കൂടെയുണ്ടായിരുന്നു. എെൻറ പ്രാർത്ഥന മുഖേനയാണ് അഗ്നി തണുത്തത്. അറുക്കാൻ കൽപിക്കപ്പെട്ട ഇസ്മാഈൽ(അ) യോടൊപ്പവും ഞാൻ ഉണ്ടായിരുന്നു. എന്റെ മികവിനാലാണ് ആട് ഇറങ്ങിയത്. യഅ്ഖൂബിന്റെ കണ്ണുകൾ ഇരുട്ട് മൂടിയപ്പോൾ ഞാൻ കൂടെയുണ്ടായിരുന്നു. എന്റെ പാറ്റി തുപ്പൽ കൊണ്ടാണത് മാറിയത്." (അൽ ഫുയൂളാ തുർറബ്ബാ നിയ്യ/പേജ് 60,61).എന്തൊരു കള്ളമാണിത്! അല്ലാഹുവിന്റെ കഴിവിനെ അവമതിക്കലും മഹാന്മാരുടെ പേരില്‍ കള്ളം പ്രചരിപ്പിക്കലുമല്ലേ ഇത്?

അല്ലാഹു പറയുന്നു: ‘‘അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും’’ (ക്വുര്‍ആന്‍ 7:180).

‘കൃത്രിമം കാണിക്കുക’ എന്നാല്‍ പങ്കുചേര്‍ക്കലും കളവാക്കലുമാണെന്ന് ഇബ്‌നു അബ്ബാസ്(റ), ഖത്താദ(റ) എന്നിവര്‍ ഈ ആയത്തിന്റെ വിശദീകരണത്തില്‍ പറഞ്ഞിട്ടുണ്ട്.

സിഹ്‌റ്, പിശാച് ബാധ, വിഷബാധ, മനുഷ്യന് പേടിയുണ്ടാക്കുന്ന കള്ളന്മാര്‍, വന്യമൃഗങ്ങള്‍, തേള്‍ തുടങ്ങിയവയുടെ പ്രയാസങ്ങളില്‍നിന്ന് രക്ഷ കിട്ടാന്‍ നബി ﷺ , അലി(റ), ഫാത്വിമ(റ), ഹസന്‍(റ), ഹുസൈന്‍(റ), സ്വാദിഖ്, ബാഖിര്‍, കാളിം, രിളാ, സജാദ്, ജവാദ്, ഹാദി, ഹസ്‌കരി എന്നിവരുടെ പേരുകളില്‍ പ്രത്യേകം ‘രക്ഷാകവചകങ്ങള്‍‘ ശിയാക്കള്‍ ചൊല്ലിപ്പിക്കുകയും എഴുതി കെട്ടിത്തൂക്കുകയും ചെയ്യുന്നു. പിന്നെ എന്തൊക്കെയോ നാമങ്ങളും ചൊല്ലുന്നു.

മജ്‌ലിസിയുടെ ബിഹാറുല്‍ അന്‍വാറില്‍നിന്ന് ഒരു ഉദാഹരണം കാണിക്കാം: ‘‘ഐ കനൂശ് ഐ കനൂശ് ഇര്‍ശിഷ് അതനൈത്വനൈതിഹ് യാ മുതതൈ്വറൂന്‍ ഫറിയാല്‍ സിനൂന്‍ മാ വമാ സാമാ സൂയാ ത്വയ്തശാ ലൂഷ് ഗൈതൂഷ് മുഷ്ഫകീശ് സ്വയ്ഗീന്യൂഷ് ലിയത്‌ഫൈത്കിഷ്.’’

ഇവരെ പിന്‍പറ്റി സമസ്തക്കാര്‍ പടച്ചുണ്ടാക്കിയ ചൂഷണ മന്ത്രങ്ങള്‍ രസകരമാണ്: ‘‘സിഹ്‌ർ ഏശാതിരിക്കാന്‍ ‘ബിഹാമീം ഐനിന്‍ സുമ്മ സീനിന്‍ വഖാഫിഹാ, ഹിമായത്തിനാ മിന്‍ഹല്‍ ജിബാലു തസല്‍സലത്ത്’- ഈ ബൈത്ത് ദിവസേന 21 വട്ടം ചൊല്ലിയാല്‍ അവന്‍ അല്ലാഹുവിന്റെ പ്രത്യേക കാവലിലായിരിക്കും. രോഗമോ ആപത്തോ സിഹ്‌റോ ഏശുകയില്ല. നിലവിലുള്ളത് നീങ്ങും’’ (ആത്മീയ ഒറ്റമൂലികള്‍/ടി.എ ഉസ്മാന്‍ സഖാഫി/പേജ് 18,19).

‘‘ശത്രുവിനോട് ജയിക്കാന്‍ വാസ്മിം വാപ്കിം സുമ്മ അഹ്‌മി അദൂവ്വനാ, വഖ്‌രിസ്ഹു യാദല്‍ജലാലി ബിഹൗസമത്ത്’ ഈ ബൈത്ത് ദിനേന 40 വട്ടം ചൊല്ലുക. ഓരോ വട്ടം ചൊല്ലുമ്പോഴും അല്ലാഹു അവന്റെ ഓരോ കെട്ട് അഴിച്ച് വിടും. അതോടൊപ്പം അവന്റെ ശത്രുക്കളുടെ നാവിന് ഓരോ കെട്ടിടുകയും ചെയ്യും. അവനെതിരെ ശത്രുക്കള്‍ക്ക് യാതൊന്നും പറയാന്‍ കഴിയില്ല. ആര്‍ക്കും അവനെ ദ്രോഹിക്കാനോ കീഴടക്കാനോ ആവില്ല. അവന്‍ ജേതാവും നേതാവുമാകും’’ (അതേ പുസ്തകം, പേജ് 22,23).

‘‘ദുരിതമകലാന്‍ ‘ബിനൂരി ജലാലിന്‍ ബാസിഖി വ ശറന്‍ത്വഗി,ബി ഖുദ്ദൂസിന്‍ ബറക്കൂത്തിന്‍ ബിഹിന്നാറു ഇഖ്മതത്ത്.’ ഇബ്രാഹിം നബി(അ)നെ അഗ്‌നികുണ്ഡത്തില്‍നിന്ന് രക്ഷിക്കാന്‍ മലക്കുകള്‍ പ്രയോഗിച്ച ഇസ്‌മുകള്‍ ഇതിലുണ്ട്. ഈ ബൈത്ത് ആവര്‍ത്തിച്ച് ചൊല്ലുന്നതും ഒരുദിനം ഒരുവട്ടമെങ്കിലും ചൊല്ലുന്നതും ദുരിതമകലാന്‍ കാരണമാണ്’’ (അതേ പുസ്തകം, പേജ് 29).

ഈ വിചിത്രമായ ‘ഒറ്റമൂലികള്‍ക്ക്’ പുറമെ കളങ്ങള്‍, രാശികള്‍, മുഹൂര്‍ത്തങ്ങള്‍, തൗഖീലുകള്‍, ബുര്‍ജുകള്‍, ബുഖൂര്‍ (ചന്ദനം, കുങ്കുമം, മുഷതക്ക, മണിക്കുന്തിരിക്കം), മന്‍സിലകള്‍ (മീനം, കുംഭം, മകരം, ധനു, മേടം, വൃശ്ചികം, എടവം, തുലാം, മിഥുനം), ഖമറിന്റെ മനാസിലുകള്‍, അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പുരുരുട്ടാതി, ഉത്രട്ടാതി, രേവതി, സംക്രമം എന്നീ രസായനങ്ങള്‍ ചേര്‍ത്ത് മുസ്‌ലിയാക്കന്മാര്‍ ഇറക്കിയ ‘അല്‍ ഹുസ്ബാന്‍,’ ‘സിര്‍റുല്‍ അജീബ്’ എന്നിവ ‘വിപണിയി’ല്‍ ലഭ്യമാണ്.

ആലോചിക്കുക, വഹ്‌യിലൂടെ പഠിപ്പിക്കപ്പെട്ട പ്രാര്‍ഥനകളിലും ദിക്‌റുകളിലുമല്ല ഇവര്‍ക്ക് വിശ്വാസം. ഇസ്‌ലാം പഠിപ്പിക്കുന്ന പ്രാര്‍ഥനകളെ അവഗണിക്കുന്ന ഇവര്‍ ഉപചാരപൂര്‍വം നടത്തുന്ന ഈ തോന്ന്യാസം എത്ര ഗുരുതരമാണ്!

അല്ലാഹു പറയുന്നു: ‘‘അല്ലാഹുവിന്റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും തങ്ങളുടെ ജനതയെ നാശത്തിന്റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ? അഥവാ നരകത്തില്‍. അതില്‍ അവര്‍ എരിയുന്നതാണ്. അത് എത്ര മോശമായ താമസസ്ഥലം! അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന് ചില സമന്‍മാരെ ഉണ്ടാക്കിവച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ചുകൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്’’ (ക്വുര്‍ആന്‍ 14:28-30).