സമുദായം അല്ലാഹുവിന്റെ സഹായത്തിന് അർഹരാവുക

ടി.കെ അശ്റഫ്

2022 ഏപ്രിൽ 23, 1442 റമദാൻ 21

(പുതിയ ഇന്ത്യ; പ്രശ്‌നങ്ങളും പരിഹാരവും - 2)

ആരെല്ലാം ഏതെല്ലാം വിധത്തിൽ ഗൂഢാലോചനകൾ നടത്തി മുസ്‌ലിം സമുദായത്തെ തകർക്കാൻ ശ്രമിച്ചാലും അവരുടെയെല്ലാം തന്ത്രങ്ങളെ തകർത്തെറിയാൻ കഴിവുള്ളവനാണ് അല്ലാഹു എന്ന ആത്മധൈര്യം സമുദായത്തിലെ ഓരോ അംഗത്തിനും ഉണ്ടായിരിക്കണം. എല്ലാവരും കൈവിട്ടാലും അല്ലാഹു സഹായിക്കാൻ തീരുമാനിച്ചാൽ ആർക്കും അതിനെ തടയാനാകില്ല.

അല്ലാഹു പറയുന്നു: “നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടിൽനിന്ന് പുറത്താക്കുകയോ ചെയ്യാൻ വേണ്ടി നിനക്കെതിരായി സത്യനിഷേധികൾ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദർഭം (ഓർക്കുക). അവർ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാൽ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരിൽ മെച്ചപ്പെട്ടവൻ’’ (ക്വുർആൻ 8:30).

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സഹായിക്കുന്നപക്ഷം അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങൾ ഉറപ്പിച്ച് നിർത്തുകയും ചെയ്യുന്നതാണ്’’ (ക്വുർആൻ 47:7).

മുസ്‌ലിം സമുദായം ന്യൂനപക്ഷമായതിൽ ഭയപ്പെടാനില്ല; ന്യൂനതയുള്ള പക്ഷം ആകാതിരുന്നാൽ മതി. എണ്ണത്തിൽ കുറവായി എന്നതിന്റെ പേരിൽ മുസ്‌ലിം സമുദായം എവിടെയും പരാജയപ്പെട്ടിട്ടില്ല. അല്ലാഹു പറയുന്നു:

“നിങ്ങൾ ദൗർബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾതന്നെയാണ് ഉന്നതൻമാർ’’ (ക്വുർആൻ 3:139).

നമ്മുടെ വിശ്വാസത്തിലും ആചാരങ്ങളിലും വേഷവിധാനങ്ങളിലും അല്ലാഹുവിന് ഇഷ്ടമല്ലാത്ത നടപടിക്രമങ്ങൾ കടന്നുവരാതിരിക്കാനുള്ള ആഭ്യന്തര വിലയിരുത്തൽ വളരെ പ്രധാനമാണ്.

ശിർക്ക്-ബിദ്അത്തുകൾ വെടിയണം, ലഹരിയെയും ലിബറലിസത്തെയും പടിക്കുപുറത്ത് നിർത്തണം. ഭൗതികതയും മരണത്തോടുള്ള വെറുപ്പും കടന്നുവരുന്നത് സൂക്ഷിക്കണം. ക്വുർആനും സുന്നത്തും സച്ചരിതരായ മുൻഗാമികളുടെ പാത പിന്തുടർന്ന് ഉൾക്കൊള്ളാൻ തയ്യാറാകണം. പുത്തൻവാദം പൂർണമായി വെടിഞ്ഞ് പ്രമാണങ്ങളിലേക്ക് മടങ്ങണം. ഇസ്‌ലാമിക പ്രബോധനം ശക്തിപ്പെടുത്തണം. തെറ്റിദ്ധരിച്ചവരെ സ്‌നേഹപൂർവം തിരുത്തണം. പ്രതിസന്ധിഘട്ടങ്ങളിൽ പ്രമാണബദ്ധമായി തീരുമാനമെടുക്കണം. വൈകാരികതക്ക് ഒരവസരത്തിലും അടിമപ്പെടരുത്.

1992ൽ ബാബരി മസ്ജിദ് ധ്വംസനത്തെതുടർന്ന് കേരളത്തിൽ ഉയർന്ന വൈകാരിക വിക്ഷുബ്ധതയെതടഞ്ഞുനിർത്തുന്നതിൽ അന്നത്തെ സമുദായ നേതൃത്വത്തിന്റെ ഉചിതമായ ഇടപെടലും മുജാഹിദ് പ്രസ്ഥാനം തീവ്രവാദത്തിനെതിരെ നടത്തിയ ഐതിഹാസികമായ കാമ്പയിനുകളും പാലക്കാട് കോട്ടമൈതാനത്ത് ‘മതം മനുഷ്യ സൗഹാർദ്ദത്തിന്’ എന്ന സന്ദേശത്തിൽ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനവും നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

‘നാഷണൽ ഡിഫൻസ് ഫോഴ്‌സ്’ (NDF) എന്ന പേരിൽ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രചിന്താഗതിക്കാരാക്കാൻ ശ്രമം ഉണ്ടായപ്പോൾ അവർ ഉയർത്തിവിട്ട ആശയങ്ങളെ പ്രാമാണികമായി ചെറുത്തുതോൽപ്പിക്കാൻ സാധിച്ചു. എൻഡിഎഫിന്റെ പുതിയ രാഷ്ട്രീയ രൂപമാണ് എസ്ഡിപിഐ എന്ന പേരിൽ ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടന എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇസ്‌ലാമിലെ ജിഹാദ്, ശഹാദത്ത്, ക്വിതാൽ, ഹിജ്‌റ തുടങ്ങിയ സാങ്കേതികശബ്ദങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് വലിച്ചിഴക്കുന്ന അവരുടെ നിലപാടുകളോട് ഒരുനിലയ്ക്കും ഒരു മുസ്‌ലിമിനും യോജിക്കാനാവില്ല. കറകളഞ്ഞ വിശ്വാസവും തികഞ്ഞ അവധാനതയും കാത്തുസൂക്ഷിക്കുന്നവർക്ക് മാത്രമെ അല്ലാഹുവിന്റെ സഹായം ലഭിക്കുകയുള്ളൂ. വികാരമല്ല വിവേകമാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്

അരാഷ്ട്രീയവാദം ആപത്ത്

നാം നേരത്തെ കണ്ടതുപോലെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 29.07 ശതമാനം പേർ വോട്ടവകാശം വിനിയോഗിക്കാത്തവരാണ്. അരാഷ്ട്രീയവാദം ജനാധിപത്യരാജ്യത്ത് ഏകാധിപത്യത്തിന് വഴിവയ്ക്കും. ഇന്ന് ഇന്ത്യ അനുഭവിക്കുന്ന പ്രശ്‌നത്തിന് ജനാധിപത്യ മാർഗത്തിലൂടെയുള്ള പരിഹാരമാണ് ഉണ്ടാവേണ്ടത്. ഫാഷിസം ജനാധിപത്യമാണ് ഉപയോഗിച്ചത്. അതേ വഴിയിലൂടെത്തന്നെയാണ് അവരെ താഴെയിറക്കേണ്ടതതും.

മതനിരപേക്ഷ കക്ഷികളുടെ ദുർബലതയും ദൂഷ്യവും പുറത്തുനിന്ന് തിരുത്താനാവില്ല. വ്യക്തിത്വവും നിലപാടുമുള്ളവർ പാർട്ടിയിൽനിന്ന് അകന്നു നിൽക്കുന്നതിനാലാണ് മതേതര പാർട്ടികളിൽ ജീർണത കൊടികുത്തിവാഴുന്നത്. വ്യക്തിത്വമുള്ളവർ മതനിരപേക്ഷ മുന്നേറ്റത്തിന് നേതൃത്വം നൽകിയാൽ ശക്തമായ തിരിച്ചുവരവിന് സാധ്യമാകും. കേരള മോഡൽ ഇന്ത്യയിലെല്ലായിടത്തും വ്യാപിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കണം. ഉത്തരേന്ത്യയിലും ഈയിടെ കർണാടകയിലുമെല്ലാം മുസ്‌ലിം രാഷ്ട്രീയം വൈകാരിക സംഘടനകളുടെ കയ്യിലേക്ക് നീങ്ങിപ്പോകുന്നത് നാം കണ്ടതാണ്.

രാജ്യം അതിസങ്കീർണമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ചെയ്യാനുള്ളത് ചെയ്യുക. ശേഷം അല്ലാഹുവിൽ ഭരമേൽപിക്കുക. വൈകാരികത ഒന്നിനും പരിഹാരമല്ലെന്നും അത് പ്രശ്‌നങ്ങളുടെ വ്യാപനം വർധിപ്പിക്കുക മാത്രമേയുള്ളൂവെന്നും തിരിച്ചറിയുക.