മാറ്റമുണ്ടാക്കാൻ ശ്രമിച്ചാലേ മാറാൻ കഴിയൂ

ദുൽക്കർഷാൻ അലനല്ലൂർ

2022 ഡിസംബർ 03, 1444 ജുമാദുൽ ഊല 08

മനുഷ്യരിൽ ചിലർ സ്വാർഥരാണ്. സമൂഹത്തിൽ എല്ലാവർക്കും ലഭിക്കണമെന്ന ഉദ്ദേശ്യത്തിൽ വിതരണം ചെയ്യപ്പെടുന്ന സാധന സാമഗ്രികൾ തനിക്ക് ഇഷ്‌ടപ്പെട്ടതാണെങ്കിൽ മറ്റുള്ളവരുടെ നഷ്ടം പരിഗണിക്കാതെ സ്വന്തമാക്കുന്നവരുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ അനുകമ്പയും സഹായവും ലഭിക്കുന്നതിന് എല്ലാവരെയും സുഖിപ്പിച്ച് തന്റെ കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നവരുണ്ട്. കൂടെയുള്ളവരെ ചൂഷണംചെയ്തും പറ്റിച്ചും സ്വാർഥ താൽപര്യങ്ങളെ നിറവേറ്റുന്നവരും അപരന്റെ നഷ്ടവും ദുഃഖവും തങ്ങളുടെ ലാഭവും സന്തോഷവുമാക്കുന്നവരുമുണ്ട്.

എന്നാൽ ഇത്തരക്കാർക്ക് പരുക്ക് പറ്റുന്നതോ പ്രയാസമുണ്ടാക്കുന്നതോ നഷ്ടം സംഭവിക്കുന്നതോ; തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കോ ആഗ്രഹങ്ങൾക്കോ തടസ്സംനിൽക്കുന്നതോ ആയ വല്ലതുമുണ്ടെങ്കിൽ അത് ഇവരുടെ ഉറക്കം കെടുത്തുകയും പരമാവധി അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും. തങ്ങൾക്ക് നഷ്ടമുണ്ടാക്കുന്ന ഒന്നും ഇവർക്ക് സഹിക്കാനാകില്ല.

മറ്റുള്ളവരുടെ പ്രയാസങ്ങളെയും പ്രശ്‌നങ്ങളെയും മനസ്സിലാക്കാതെയും കാണാതെയും പോകുക എന്നത് നല്ല മനസ്സിന്റെ ഉടമകൾക്ക് സാധിക്കുമോ? അപരന്റെ പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് പരിഗണനയും സഹായവുമായി വർത്തിക്കുന്നിടത്തല്ലേ മനുഷ്യത്വവും നന്മയും വിജയവും ഉണ്ടാകുന്നത്?

പ്രമുഖ പണ്ഡിതനും പ്രബോധകനും പരിശീലകനുമായ ഡോ. മുഹമ്മദ് അൽഅരീഫി തന്റെ ‘ഇസ്തംതിഅ് ബി ഹയാതിക’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ‘അലിയ്യ് ഇബ്‌നു ജഹം സാഹിത്യവല്ലഭനായ കവിയായിരുന്നു. മരുഭൂമിയിലെ ജീവിതം മാത്രം അറിയുന്ന പരുക്കനായ ഗ്രാമീണനും. ഒരിക്കൽ അദ്ദേഹം ബാഗ്ദാദ് സന്ദർശിച്ചപ്പോൾ ഖലീഫയായ മുതവക്കിലിനെ പുകഴ്ത്തിപ്പാടുന്നവർക്ക് അദ്ദേഹത്തിന്റെ പ്രീതി നേടാനും സമ്മാനങ്ങൾ ലഭിക്കാനും കഴിയുമെന്ന് ആരോ പറഞ്ഞുകേട്ടു. സന്തോഷഭരിതനായ അലി ഖലീഫയെ മുഖം കാണിച്ചു. കവികൾ കവിതയാലപിക്കുന്നതും സമ്മാനങ്ങൾ നേടുന്നതും അദ്ദേഹം കണ്ടു. അലി ഘനഗംഭീരഭാവത്തിൽ ഖലീഫയെ വർണിച്ചുകൊണ്ട് ഒരു കവിതയാലപിച്ചു.

സാധാരണഗതിയിൽ രാജാവിനെ സൂര്യനോടും ചന്ദ്രനോടും പർവതങ്ങളോടുമാണ് കവികൾ ഉപമിക്കാറ്. എന്നാൽ തനിക്ക് സുപരിചിതമായ നായ, ആട്ടിൻകുട്ടി, കിണർ, വെള്ളം കോരുന്ന പാത്രം എന്നിവയോടൊക്കെയാണ് അലിയ്യ് ഇബ്‌നു ജഹം ഉപമിച്ചത്.

കേട്ടമാത്രയിൽ ഖലീഫ കോപിച്ചു. അംഗരക്ഷകർ ജാഗരൂകരായി. ആരാച്ചാർ വാൾ ഉറയിൽനിന്നൂരി തലവെട്ടാൻ തയ്യാറായി നിന്നു. എന്നാൽ മരുഭൂമിയിലെ ജീവിതം അലിയെ സ്വാധീനിച്ചതാണെന്ന് രാജാവ് തിരിച്ചറിഞ്ഞു. ആ പ്രകൃതം മാറ്റിയെടുക്കണമെന്ന് രാജാവിനു തോന്നി. രാജകൽപന പ്രകാരം അദ്ദേഹത്തെ ഒരു ഉന്നതമായ കൊട്ടാരത്തിൽ താമസിപ്പിച്ചു. സർവവിധ സൗകര്യങ്ങളും നൽകി പരിചരിച്ചു. അലി അനുഭൂതികളാസ്വദിച്ചു. ചാരുകട്ടിലുകളിൽ ചാരിയിരുന്നു. ഉന്നത കവികളും സാഹിത്യസമ്രാട്ടുകളുമൊന്നിച്ച് ഏഴുമാസം ചെലവഴിച്ചു.

പിന്നീടൊരു രാത്രി, തന്റെ സദസ്സിലിരിക്കവെ ഖലീഫയ്ക്ക് അലിയെ ഓർമവന്നു. ഉടനെ അദ്ദേഹത്തെ ഹാജറാക്കി. കവിതയാലപിക്കാൻ ആവശ്യപ്പെട്ടു. ആർദ്രമായ വാക്കുകൾകൊണ്ട് വികാരങ്ങൾ ഇളക്കിവിട്ട്, രാജാവിനെ സൂര്യനോടും നക്ഷത്രങ്ങളോടും വാളിനോടുമുപമിച്ച് അദ്ദേഹം കവിതയാലപിച്ചു.

ഖലീഫയ്ക്ക് എങ്ങനെ അലിയ്യ് ഇബ്‌നു ജഹമിന്റെ പ്രകൃതം മാറ്റിത്തീർക്കാൻ സാധിച്ചു? മക്കളുടെയും സുഹൃത്തുക്കളുടെയും പ്രകൃതം പ്രയാസമുണ്ടാക്കുമ്പോൾ അത് തിരുത്താൻ നാം ശ്രമിക്കാറുണ്ടോ? നമുക്ക് നമ്മുടെ പ്രകൃതം മാറ്റാൻ സാധിക്കണമെന്നതാണ് ഏറ്റവും പ്രധാനം. മുഖം ചുളിക്കുന്നതിനെ പുഞ്ചിരിയാക്കി മാറ്റണം. കോപത്തെ സഹനവും പിശുക്കിനെ ഔദാര്യവുമാക്കി മാറ്റണം. ഇതത്ര പ്രയാസകരമായ കാര്യമൊന്നുമല്ല. നിശ്ചയദാർഢ്യവും പരിശീലനവും വേണമെന്നു മാത്രം.

പ്രവാചകന്റെ ജീവിതം പരിശോധിച്ചാൽ, അവിടുന്ന് പുലർത്തിയ ഉൽകൃഷ്ടമായ സ്വഭാവവൈശിഷ്ട്യത്തിലൂടെ അവരുടെ മനം കവർന്നിരുന്നതായി കാണാം. വീട്ടിൽ തിരിച്ചെത്തിയാൽ സഹനം കോപമായും ആർദ്രത കലഹമായും മാറുന്ന കൃത്രിമമായ മര്യാദ പ്രകടനമായിരുന്നില്ല. അദ്ദേഹത്തിന്റെത്. ജനങ്ങളോട് ചിരിക്കുകയും വീട്ടുകാരോട് മുഖം ചുളിക്കുകയും ചെയ്യുന്ന തരക്കാരനായിരുന്നില്ല. പ്രവാചകൻ ﷺ . ഭാര്യാസന്താനങ്ങളോടില്ലാത്ത മാന്യത തിരുമേനിക്ക് മറ്റു സൃഷ്ടികളോട് ഉണ്ടായിരുന്നില്ല. പ്രത്യുത, അവിടുത്തെ സ്വഭാവഗുണങ്ങൾ സ്വന്തം പ്രകൃതമായിരുന്നു. ഐഛിക നമസ്‌കാരം അനുഷ്ഠിക്കുന്നതുപോലെ, അതുമുഖേന ദൈവപ്രീതി കരസ്ഥമാക്കുകയായിരുന്നു അവിടുന്ന്. പുഞ്ചിരിയെ പുണ്യമായും കാരുണ്യത്തെ ആരാധനയാനും സഹനത്തെയും ആർദ്രതയെയും നന്മകളായുമാണ് നബിതിരുമേനി ﷺ  കണ്ടത്.

സൽസ്വഭാവത്തെ അല്ലാഹുവിെൻറ സംതൃപ്തിക്ക് കാരണമായി മനസ്സിലാക്കുന്നവർ അത് എപ്പോഴും പാലിക്കുമെന്നതിൽ സംശയമില്ല. സന്തോഷവേളയിലും സന്താപവേളയിലും ദാരിദ്ര്യാവസ്ഥയിലും സുഭിക്ഷതയിലും രോഗാവസ്ഥയിലും ആരോഗ്യാവസ്ഥയിലുമെല്ലാം അതു പാലിക്കപ്പെടേണ്ടതുണ്ട്.

അപരന്റെ പ്രയാസങ്ങളിൽ പരിഹാരം നിർദേശിച്ചും, ആപൽഘട്ടങ്ങളിൽ കൂടെ നിന്ന് ധൈര്യം പകർന്നും, അത്യാവശ്യങ്ങളറിഞ്ഞ് സഹായിച്ചും ജീവിക്കുമ്പോഴാണ് ഒരുമയും സ്‌നേഹവും ആദരവും ജീവിത വിജയവും ഉണ്ടാകുന്നത്.