ഉപദേശത്തിലെ വിമർശനം; അടുപ്പവും അകൽച്ചയും

ദുൽക്കർഷാൻ അലനല്ലൂർ

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

ജനങ്ങളിൽ ചിലയാളുകളുണ്ട്; ഞാൻ എല്ലാം തികഞ്ഞവൻ, എന്നെക്കൊണ്ടേ കഴിയൂ, എനിക്ക് മാത്രമെ സാധിക്കൂ, ഞാൻ ചെയ്താലേ ശരിയാകൂ എന്ന് നടിക്കുന്നവർ. ഇത് അഹങ്കാരമാണ്, പൊങ്ങച്ചമാണ്, സ്വന്തത്തിൽ അത്ഭുതം തോന്നലാണ്. അതാകട്ടെ ഇഹപര നാശഹേതുവുമാണ്.

ഇസ്‌ലാം അനുശാസിക്കുന്ന ആരാധനാകർമങ്ങൾ ചെയ്യൽ സ്വർഗപ്രവേശനത്തിന് അത്യാവശ്യമാണ്. അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നതിന്റെ ഭാഗമാണ് നാം അവനു മുമ്പിൽ സമർപ്പിക്കുന്ന ആരാധനാകർമങ്ങൾ. ആളുകളിൽ പലരും ധരിച്ചുവച്ചിരിക്കുന്നത് ഒരുപാട് കർമങ്ങൾ കൂട്ടിനുണ്ടെങ്കിൽ മാത്രം സ്വർഗം ലഭിക്കുമെന്നാണ്. എന്നാൽ പ്രവാചകൻ ﷺ  പോലും അങ്ങനെ ധരിച്ചുവച്ചിട്ടില്ലെന്നു മാത്രമല്ല, സ്വഹാബത്തിന് അതിനെ കുറിച്ച് കൃത്യമായ കാഴ്ചപ്പാട് നൽകുന്നുമുണ്ട്. ഒരു ഹദീസ് ശ്രദ്ധിക്കുക;

അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ  പറഞ്ഞു: “നിങ്ങളിലൊരാളും തന്റെ കർമം കൊണ്ട് മാത്രം സ്വർഗത്തിൽ പ്രവേശിക്കുകയില്ല.’’ സ്വഹാബത്ത് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, താങ്കളും പ്രവേശിക്കുകയില്ലേ?’’ നബി ﷺ  പറഞ്ഞു: “ഇല്ല, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് എന്നെ മൂടിയാലല്ലാതെ...’’ (ബുഖാരി).

മറ്റൊരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്; ആഇശ(റ) നിവേദനം, റസൂൽ ﷺ  പറഞ്ഞു: “നിങ്ങൾ (കാര്യങ്ങൾ) നേരാംവണ്ണം ചെയ്യുകയും (പൂർണതയോട്) അടുപ്പിക്കുകയും ചെയ്യുക. നിങ്ങളുടെയൊന്നും കർമം (മാത്രം) നിങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയില്ല എന്ന് നിങ്ങൾ അറിയുകയും ചെയ്യുക...’’ (ബുഖാരി, മുസ്‌ലിം).

സൽസ്വഭാവങ്ങളെല്ലാം ഒത്തിണങ്ങിയ നബി ﷺ  പറഞ്ഞു: “തീർച്ചയായും സൽസ്വഭാവത്തിന്റെ പൂർത്തീകരണത്തിനാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്’’ (ബുഖാരിയുടെ അദബുൽ മുഫ്‌റദ്).

ജനങ്ങളുമായി ഇടപഴകുമ്പോ ൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട ഗൗരവമുള്ള മേഖലയാണ് സ്വഭാവ രംഗം. പ്രത്യേകിച്ച് പ്രബോധന മേഖലയിൽ ഇടപെടുന്നവർ. കാരണം, അവരുടെ ഉപദേശത്തിലെ ഗുണകാംക്ഷയില്ലാത്ത വിമർശനം ഒരുപക്ഷേ, ആളുകളെ അടുക്കാനല്ല അകറ്റാനാണ് ഉപകരിക്കുക. അതാകട്ടെ സംഭവിക്കാൻ പാടില്ലാത്തതുമാണ്. പ്രബോധനം ജനങ്ങളെ ഇസ്‌ലാമിലേക്ക് അടുപ്പിക്കാനുള്ളതാണ്, അകറ്റാനുള്ളതല്ല. കൂടെയുള്ളവർക്ക് ഇസ്‌ലാമിനോടും ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളോടും നീരസവും വെറുപ്പും തോന്നിപ്പോകുമാറ് നമ്മുടെ പ്രവർത്തനങ്ങളും സ്വാഭാവവും ആയിത്തീർന്നുകൂടാ.

നബി ﷺ യുടെ സ്വഭാവമഹിമ കണ്ടറിഞ്ഞും പഠിച്ചറിഞ്ഞും ഇസ്‌ലാമിലേക്ക് എത്രയോ ആളുകൾ കടന്നുവന്നതിന് ചരിത്രം സാക്ഷിയാണ്.

സയ്ദ് ഇബ്‌നു സഅ്‌ന പറയുന്നു: “...വ്യവസ്ഥ പ്രകാരം ബാധ്യത തീർക്കുവാൻ രണ്ടുമൂന്ന് നാളുകൾ ശേഷിക്കുന്നുണ്ട്. പ്രവാചകൻ ﷺ  ഒരു ജനാസയെ അനുഗമിച്ച് ബക്വീഅ് ക്വബ്ർസ്ഥാനിലേക്ക് പുറപ്പെട്ടതായിരുന്നു. അനുചരന്മാരിൽ അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരും മറ്റും അദ്ദേഹ ത്തോടൊപ്പമുണ്ട്. ജനാസ നമസ്‌കരിച്ച പ്രവാചകൻ ﷺ  ചാരിയിരിക്കുവാൻ ഒരു ചുമരിനരികിലേക്ക് അടുത്തപ്പോൾ ഞാൻ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ കുപ്പായമാറും ശിരോവസത്രവും കൂട്ടി അദ്ദേഹത്തെ കടന്നുപിടിച്ചു. പരുഷമായ മുഖഭാവത്തോടെ അദ്ദേഹത്തെ രൂക്ഷമായി നോക്കി. ഞാൻ പറഞ്ഞു: ‘മുഹമ്മദ്! എന്നോടുള്ള ബാധ്യത വീട്ടുന്നില്ലേ? നിങ്ങൾ അബ്ദുൽ മുത്ത്വലിബിന്റെ മക്കൾ ബാധ്യത തീർക്കുന്നതിൽ അമാന്തിക്കുന്നവരാണ്. നിങ്ങളോടുള്ള ഇടപഴകലിൽ എനിക്ക് നിങ്ങളെയെല്ലാം നന്നായി അറിയാം.’

ഞാൻ ഉമറി(റ)നെ നോക്കി. കോപാകുലനായ അദ്ദേഹത്തിന്റെ ഇരുകണ്ണുകളും ഗോളങ്ങൾക്ക് സമാനമായി അദ്ദേഹത്തിന്റെ മുഖത്ത് കറങ്ങുന്നു! എന്നെ നോക്കി ഉമർ(റ) പറഞ്ഞു: ‘ശത്രൂ, അല്ലാഹു വിന്റെ തിരുദൂതരോടാണോ നീ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും? അല്ലാഹുവാണെ, ഞാൻ ചില കാര്യങ്ങൾ ഭയക്കുന്നില്ലായിരുന്നുവെങ്കിൽ എന്റെ ഈ വാളുകൊണ്ട് നിന്റെ തല ഞാൻ കൊയ്യുമായിരുന്നു.’

എന്നാൽ തിരുദൂതരാകട്ടെ തീർത്തും ശാന്തനാണ്. തികഞ്ഞ അടക്കത്തോടെ അദ്ദഹം എന്നെ നോക്കുന്നു. അദ്ദേഹം ഉമറി(റ)നെ വിളിച്ചു: ‘ഉമർ! ഞാനും സയ്ദ് ഇബ്‌നു സഅ്‌നയും നിങ്ങളുടെ കോപംമൂത്ത പെരുമാറ്റം ആവശ്യമുള്ളവരല്ല. പ്രത്യുത, നല്ല നിലയ്ക്ക് ബാധ്യത തീർക്കുവാൻ എന്നോടും നല്ല രീതിയിൽ അത് സ്വീകരിക്കുവാൻ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു നിങ്ങൾ ചെയ്യേണ്ടി യിരുന്നത്. ഉമർ! നിങ്ങൾ അദ്ദേഹത്തിന്റെ കൂടെ പോയി അദ്ദേഹത്തിന്റെ ബാധ്യത തീർക്കുക. നിങ്ങൾ അദ്ദേഹത്തെ ഭയപ്പെടുത്തിയതിന് പകരമായി ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതൽ നൽകുകയും ചെയ്യുക.’

സയ്ദ് ഇബ്‌നു സഅ്‌ന പറയുകയാണ്: ‘ഉമർ(റ) എന്നെയുംകൂട്ടി നടന്നു. ശേഷം എന്റെ കടം വീട്ടി. ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതൽ നൽകുകയും െചയ്തു.’

ഞാൻ ചോദിച്ചു: ‘ഏറെ നൽകിയത് എന്തിനാണ്?’

ഉമർ(റ): ‘ഞാൻ നിങ്ങളെ ഭയപ്പെടുത്തിയതിന് പകരമായി കൂടുതൽ നൽകുവാൻ തിരുദൂതർ ﷺ  പറഞ്ഞതാണ്.’

ഞാൻ പറഞ്ഞു: ‘ഉമർ, താങ്കൾക്ക് ഞാൻ ആരെന്ന് അറിയുമോ?’

ഉമർ(റ): ‘ഇല്ല, ആരാണ് താങ്കൾ?’

ഞാൻ പറഞ്ഞു: ‘സയ്ദ് ഇബ്‌നു സഅ്‌നയാണ്.’

ഉമർ(റ): ‘വേദപണ്ഡിതൻ?’

ഞാൻ പറഞ്ഞു: ‘അതെ, വേദപണ്ഡിതൻ!’

ഉമർ(റ): ‘തിരുദൂതരോട് പരുഷമായി പെരുമാറുവാനും സംസാരിക്കുവാനും നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?’

ഞാൻ പറഞ്ഞു: ‘ഉമർ, തിരുദൂതരുടെ മുഖത്തേക്ക് ഒരു നോക്ക് നോക്കിയപ്പോൾ തന്നെ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തിൽ ഒത്തതായി ഞാൻ മനസ്സിലാക്കി. ശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്; അവയെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചില്ല. വിവേകം അദ്ദേഹത്തിൽ മികച്ചുനിൽക്കും. അദ്ദേഹത്തോടുള്ള അവിവേകിയുടെ പെരുമാറ്റം അദ്ദേഹത്തെ കൂടുതൽ വിവേകമുള്ളവനാക്കും. ഇവയായിരുന്നു അവ രണ്ടും. ഇതോടെ അവ രണ്ടും തീർച്ചയായും ഞാൻ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. ഉമർ, താങ്കളെ ഞാൻ സാക്ഷിയാക്കുന്നു: തീർച്ചയായും ഞാൻ അല്ലാഹുവെ ആരാധ്യനായും ഇസ്‌ലാമിനെ മതമായും മുഹമ്മദിനെ പ്രവാചകനായും തൃപ്തിപ്പെട്ടിരിക്കുന്നു.’’

സയ്ദ് ഇബ്‌നു സ്അ്‌ന വീണ്ടും പറഞ്ഞു: ‘ഉമർ, താങ്കളെ ഞാൻ സാക്ഷിയാക്കുന്നു. ഞാൻ വലിയ സമ്പന്നനാണ്. എന്റെ സമ്പത്തിന്റെ പകുതി ഞാൻ മുസ്‌ലിംകൾക്ക് ദാനമായി നൽകുന്നു.’

ഉമർ(റ)പറഞ്ഞു: ‘മുസ്‌ലിംകളിൽ ചിലർക്ക് നൽകുക. കാരണം, താങ്കളുടെ സമ്പത്ത് അവർക്കെല്ലാവ ർക്കും തികയില്ല.’

ഞാൻ പറഞ്ഞു: ‘എങ്കിൽ അവരിൽ ചിലർക്ക്.’

അങ്ങനെ അവരിരുവരും തിരുദൂതരുടെ അടുത്തേക്ക് മടങ്ങി. സയ്ദ് തിരുദൂതരുടെ മുമ്പിൽ ഇപ്രകാരം പ്രഖ്യാപിച്ചു: ‘അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു’ (യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരും ഇല്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു).’

ഈ സംഭവം പ്രവാചകന്റെ വിനയവും വിവേകവും മഹത്ത്വവും വിളിച്ചറിയിക്കുന്നു. പ്രവാചകനോട് പരുഷസ്വഭാവത്തിൽ പെരുമാറിയ സയ്ദ് ഇബ്‌നു സഅ്‌ന(റ)ക്ക് നബി ﷺ യോട് സ്‌നേഹവും ആകർഷണവും തോന്നുമാറ് നബി ﷺ  പെരുമാറിയപ്പോൾ തന്റെ ഉറ്റ കൂട്ടുകാരൻ ഉമറുബ്‌നുൽ ഖത്വാബി(റ)നെ സൗമ്യമായി തിരുത്തുകയും ചെയ്യുന്നു. ഭൂമിലോകത്ത് വേറെ ആരിൽ കാണാനാവും ഈ രൂപത്തിലുള്ള ശ്രേഷ്ഠമായ സ്വഭാവം!

ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവി നബി  ﷺ യെ കുറിച്ച് പറഞ്ഞു: “അദ്ദേഹത്തെ ആദ്യം കാണുന്നവന് ഗാംഭീര്യം തോന്നും. സഹവസിച്ചാൽ സേവിക്കും. കുടുംബാംഗങ്ങളോടും സേവകരോടും കരുണാർദ്രമായി പെരുമാറി. അനസ് ഇബ്‌നു മാലിക്(റ) പത്തുവർഷം പ്രവാചകന് സേവനം ചെയ്തു. ഒരിക്കലും നബി ﷺ  അദ്ദേഹത്തോട് ‘ഛെ’ എന്ന് പറഞ്ഞില്ല. അവിടുന്ന് ദുർവൃത്തനോ ദുർവൃത്തിക്ക് പ്രേരിപ്പിക്കുന്നവനോ ശപിക്കുന്നവനോ ആയിരുന്നില്ല. അന്യരുടെ ദ്രോഹം ഏറെ സഹിക്കും. നാവുകൊണ്ടോ കൈകൊണ്ടോ ആരെയും വിഷമിപ്പിച്ചിട്ടില്ല. കുടുംബത്തിന്റെ പ്രശ്‌നങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങളും നന്നാക്കാൻ ശ്രദ്ധിക്കും. ഓരോരുത്തരുടെയും സ്ഥാനം മനസ്സിലാക്കി പെരുമാറും. സർവസമയവും അല്ലാഹുവിനെക്കുറിച്ചോർക്കും, ചിന്തിക്കും’’ (ഹുജ്ജത്തുല്ലാഹിൽ ബാലിഗ).

നല്ല സംസാരത്തിലൂടെയും നല്ല പെരുമാറ്റത്തിലൂടെയും ജനങ്ങളെ ഇസ്‌ലാമിലേക്ക് ആകർഷിപ്പിക്കാൻ കഴിയും എന്നതിനുള്ള തെളിവും കൂടിയാണ് പ്രസ്തുത സംഭവം.

ഒരു നന്മയിലേക്ക്, അല്ലെങ്കിൽ ഒരു പ്രോഗ്രാമിലേക്ക് ക്ഷണിച്ചാൽ ആളുകൾ അത് നിരസിക്കുകയോ സ്വീകരിക്കുകയോ ചെയ്‌തേക്കാം. ജീവിതത്തിൽ വലിയ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് സമയം കിട്ടിയില്ലെന്നു വരാം. എന്നാൽ അതിന്റെ പേരിൽ പിന്നീട് അവരെ കാണുമ്പോൾ അകലം പാലിക്കുന്ന ചിലരുണ്ട്. അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ അവരെ അകറ്റാനാൻ ശ്രമിക്കുന്നത് ശരിയല്ല. ഒരു പ്രബോധകനിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത സമീപനമാണിത്. നമ്മൾ മാത്രം എല്ലാം തികഞ്ഞവരും മറ്റുള്ളവർ ഒന്നും ചെയ്യാത്തവരും എന്ന ചിന്ത ശരിയല്ല.

നന്മനിറഞ്ഞ സംസാരവും പ്രവർത്തനവുമാണ് വിശ്വാസിയുടെ പ്രത്യേകത. മറ്റുള്ളവർക്ക് നമ്മിലെ നന്മ തിരിച്ചറിയാനുള്ള അടയാളം. നമ്മുടെ ഉപദേശത്തിലെ വിമർശനം ജനങ്ങളെ നമ്മിൽനിന്ന് അകറ്റുന്നതാക്കരുത്.

വിമർശനത്തിലും ഉണ്ടാവണം ഗുണകാംക്ഷ, അതും വലിയ സ്‌നേഹത്തോടെയാവണം. ഒരു ഉദാഹരണം കാണുക: നബി ﷺ  പറഞ്ഞു: “അബ്ദുല്ല എത്ര നല്ലവനാണ്; രാത്രിനമസ്‌കാരംകൂടി ഉണ്ടായിരുന്നുവെങ്കിൽ!’’

നബി ﷺ യുടെ ഒരു വിമർശനമായിരുന്നു ഇത്. നബി ﷺ ക്ക് വേണമെങ്കിൽ ഇപ്രകാരം പറയാമായിരുന്നു: ‘രാത്രിനമസ്‌കാരമില്ലാത്ത അബ്ദുല്ല എന്ത് മനുഷ്യനാണ്!’ ‘രാത്രിനമസ്‌കാരമില്ലാത്ത അബ്ദുല്ലയെക്കുറിച്ച് എന്തു പറയാനാണ്!’ ഇതൊക്കെ വിമർശനങ്ങളാണ്. എന്നാൽ നബി ﷺ യുടെ വിമർശന ശൈലി നോക്കൂ നിങ്ങൾ. എത്ര മനോഹരമാണത്! ഇതായിരിക്കണം പ്രവാചകനെ പിൻപറ്റുന്ന പ്രബോധകന്റെ ശൈലി.

അബൂമാലിക് അൽഅശ്അരി(റ) നിവേദനം; നബി ﷺ  പറഞ്ഞു: “തീർച്ചയായും സ്വർഗത്തിൽ ഒരു മുറിയുണ്ട്. അതിന്റെ പുറമെനിന്ന് നോക്കിയാൽ അകവും അകത്തുനിന്ന് നോക്കിയാൽ പുറവും കാണാം. (സാധുക്കളെ) ഭക്ഷിപ്പിച്ചവനും സംസാരം നന്നാക്കിയവനും (ഐഛികമായ) നോമ്പ് പതിവാക്കിയവനും ജനങ്ങൾ ഉറങ്ങുമ്പോൾ രാത്രിനമസ്‌കാരം നിർവഹിച്ചവനും അല്ലാഹു അത് ഒരുക്കിവെച്ചിരിക്കു ന്നു’’’(അഹ്‌മദ്).

സംസാരത്തിലെ അശ്രദ്ധ നമ്മെ നരകത്തിലേക്കെത്തിക്കും. നാവിനാൽ ഉണ്ടാകുന്ന വിപത്തുകൾ ചെറുതൊന്നുമല്ല. അതിന്റെ അനന്തരഫലം നരകവുമായിരിക്കും. ജനങ്ങളിൽ ധാരാളം പേരെ നരകത്തിൽ പ്രവേശിപ്പിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ച അനുചരന് അല്ലാഹുവിന്റെ റസൂൽ ﷺ  നൽകിയ മറുപടി ‘നാവും ഗുഹ്യാവയവുമാണ്’ എന്നായിരുന്നു. നല്ലതും ഉപകാരമുള്ളതുമായ കാര്യങ്ങൾ മാത്രം സംസാരിക്കുക. തിന്മയും ഉപദ്രവകരമായതുമായ സംസാരം ഉപേക്ഷിക്കുക. നന്മകൾക്ക് മുൻതൂക്കം നൽകുക. എന്നാൽ ഒരു നന്മയും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഉപദ്രവിക്കാതിരിക്കുക എന്നതും ഒരാൾക്ക് നന്മയായി ഭവിക്കും.

ഉമർ(റ) പറഞ്ഞു: “പ്രവാചകൻ ﷺ  ചോദിക്കപ്പെട്ടു: ‘കർമങ്ങളിൽ ഏതാണ് ഏറ്റവും ശ്രേഷ്ഠമായത്?’ അവിടുന്ന് പറഞ്ഞു: ‘ഒരു വിശ്വാസിയുടെ മനസ്സിൽ സന്തോഷമെത്തിക്കുക, അവന്റെ വിശപ്പകറ്റുക, അല്ലെങ്കിൽ അവന്റെ നഗ്നത മറയ്ക്കുക, അതുമല്ലെങ്കിൽ അവന്റെ ഒരാവശ്യം നിറവേറ്റിക്കൊടുക്കുക’’ (ത്വബ്‌റാനി, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

വിശ്വാസിയുടെ മനസ്സിൽ സന്തോഷം നിറക്കേണ്ടവർ നീരസവും വെറുപ്പും ദുഃഖവും ഉണ്ടാക്കുക എന്നത് ശരിയല്ല. പ്രബോധകന്റെ സംസാരവും പെരുമാറ്റവും വിമർശനത്തിലെ ഗുണകാംക്ഷയും പ്രബോധിതരെ അടുപ്പിക്കാൻ കാരണമാകണം.