ആരാധനകൾ രഹസ്യമാകട്ടെ

സമീർ മുണ്ടേരി

2022 ഏപ്രിൽ 23, 1442 റമദാൻ 21

ഈ നോമ്പുകാലത്താണ് അവരെക്കുറിച്ച് കേട്ടത്; നോമ്പുതുറക്കാനുള്ള വിഭവങ്ങളും വെള്ളവും ആവശ്യക്കാരിലേക്ക് എത്തിച്ച് അവർക്ക് മുഖം കൊടുക്കാതെ ഓടിപ്പോകുന്ന സഹോദരങ്ങളെക്കുറിച്ച്. എന്റെ മുഖം അവർ കാണരുത്. ഈ നന്മ സ്വകാര്യമായിരിക്കട്ടെ എന്നാണാവർ ചിന്തിക്കുന്നത്!

അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചാണ് നാം ജീവിക്കുന്നത്. നമ്മുടെ സ്വകാര്യജീവിതവും പരസ്യ ജീവിതവും അല്ലാഹുവിനെ സൂക്ഷിച്ചായിരിക്കണം. നമ്മുടെ പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന് വേണ്ടിയായിരിക്കണം. പ്രവർത്തനങ്ങൾ ആരെങ്കിലും അറിയാനോ, കാണാനോ വേണ്ടിയാവരുത്.

ആത്മാർഥതയുളള ഒരാളുടെ അടയാളമാണ് അയാളുടെ പ്രവർത്തനങ്ങൾ രഹസ്യമാക്കുക എന്നത്. പരസ്യമായി ചെയ്യേണ്ട ആരാധനകൾ ഉണ്ട്. ജമാഅത്ത് നമസ്‌കാരം, ഹജ്ജ് അങ്ങനെയുളളവ...എന്നാൽ രഹസ്യമായി ചെയ്യാൻ സാധിക്കുന്ന ധാരാളം ആരാധനകൾ നമുക്കുണ്ട്. അത്തരം ആരാധനകളെ രഹസ്യമാക്കിയവരായിരുന്നു നമ്മുടെ മുൻഗാമികൾ.

ചിലപ്പോൾ മറ്റുളളവർ പഠിക്കാനും അവർക്ക് പ്രചോദനം ലഭിക്കാനും മറ്റുമായി പരസ്യമായി അമലുകൾ ചെയ്യുന്നവരുണ്ട്. മറ്റുളളവർ കാണുക എന്നതല്ല; അവർ പഠിക്കണം, അവരും ഈ രംഗത്ത് മുന്നോട്ടുവരണം എന്ന ലക്ഷ്യമാണ് അത്തരത്തിലുളള ആളുകൾക്കുളളത്. അത് തെറ്റാണെന്ന് നമുക്ക് പറയാൻ സാധ്യമല്ല.

നാമൊന്ന് ചിന്തിക്കുക; നമ്മുടെ പ്രവർത്തനങ്ങളെ നാം വിലയിരുത്തിയാൽ എന്തായിരിക്കും അവസ്ഥ? അല്ലാഹുവല്ലാതെ മറ്റാരും അറിയാത്ത നന്മകൾ നമുക്കുണ്ടോ? ഒരുപക്ഷേ, നമ്മളിൽ പലർക്കും അല്ലാഹുവല്ലാത്ത മറ്റാരും അറിയാത്ത ഒരുപാട് തിന്മകൾ എണ്ണിപ്പറയാൻ ഉണ്ടാകും. എന്നാൽ നന്മകളോ? ഇബ്‌നുൽ ക്വയ്യിം (റഹി) പറഞ്ഞു: ‘രഹസ്യമായ ഇബാദത്ത് സ്ഥൈര്യത്തിന്റെ അടിത്തറയാണ്.’

രാത്രി നമസ്‌കാരം

രഹസ്യമായി നിർവഹിക്കാൻ സാധിക്കുന്ന ഒരു സൽകർമമാണ് രാത്രിനമസ്‌കാരം. റമദാനിൽ ജമാഅത്തായി നിർവഹിച്ചാൽ രാത്രി മുഴുവനും നമസ്‌കരിച്ച പ്രതിഫലമുണ്ട് എന്നുളളത് വിസ്മരിക്കുന്നില്ല. അത് നഷ്ടപ്പെടാതിരിക്കാൻ സാധിക്കുന്നവർ ശ്രമിക്കേണ്ടതുണ്ട്. എന്നാൽ മറ്റു സമയങ്ങളിൽ ഈ ഇബാദത്ത് അല്ലാഹു മാത്രം അറിയുന്ന പ്രവർത്തനമാക്കി മാറ്റാൻ സാധിക്കും. ലോകത്താരും അറിയാതെ അല്ലാഹു മാത്രം അറിയുന്ന ചില ഇബാദത്തുകളെങ്കിലും എനിക്ക് വേണം എന്ന് തീരുമാനിക്കുക.

ദാനധർമം

നമുക്ക് മറ്റാരും അറിയാതെ ചെയ്യാൻ സാധിക്കുന്ന നന്മയാണ് സ്വദക്വ അഥവാ ദാനധർമം. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാൽ അത്തരത്തിലുളള ധാരാളം സംഭവങ്ങൾ നമുക്ക് കാണാൻ സാധിക്കും.

ഹുസൈൻ(റ)വിന്റെ മയ്യിത്ത് കുളിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ തോളിൽ ഭാരം ചുമന്നതിന്റെ അടയാളങ്ങൾ കാണാൻ സാധിച്ചു. അദ്ദേഹത്തിന്റെ മരണശേഷം പല വീടുകളിലും ലഭിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ ലഭിക്കാതെയായപ്പോഴാണ് അദ്ദേഹമാണ് ആ നന്മ ചെയ്തത് എന്ന് ജനങ്ങൾ മനസ്സിലാക്കിയത്!

അബൂബക്ർ(റ) ഒരു വൃദ്ധയുടെ വീട്ടിലെ ജോലികൾ ചെയ്തത് ചരിത്രത്തിൽ കാണാം. മഹാനായ ഉമർ(റ)വാണ് പിൽകാലത്ത് ഈ സംഭവം ഉദ്ധരിക്കുന്നത്. അബൂബക്ർ(റ)വിനെ അദ്ദേഹം കാണാതെ പിന്തുടർന്ന് മനസ്സിലാക്കിയ കാര്യമാണിത്.

ക്വുർആൻ പാരായണം, ദിക്‌റുകൾ

മുൻഗാമികളിൽപെട്ട പലരും തങ്ങൾ ക്വുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വന്നാൽ ക്വുർആൻ മറച്ചുവെക്കുമായിരുന്നു. താൻ പാരായണം ചെയ്യുന്നത് രഹസ്യമാക്കാൻ അവർ ആഗ്രഹിച്ചു. നമുക്കും ധാരാളം ദിക്‌റുകളും ദുആകളും രഹസ്യമായി ചെയ്യാൻ ശ്രമിക്കാം.

സുന്നത്ത് നമസ്‌കാരങ്ങൾ

സുന്നത്ത് നമസ്‌കാരങ്ങൾ വീട്ടിൽവെച്ച് നിർവഹിക്കലാണ് കുടുതൽ ഉത്തമം. റവാതിബ് സുന്നത്തും രാത്രി നമസ്‌കാരവും അടക്കം ധാരാളം സുന്നത്ത് നമസ്‌കാരങ്ങൾ നമ്മുടെ വീട്ടിൽവെച്ച് രഹസ്യമായി നിർവഹിക്കാൻ അവസരമുണ്ട്.

ഇങ്ങനെ ധാരാളം ആരാധനകൾ രഹസ്യമായി ചെയ്യാൻ നമുക്കുളള അവസരങ്ങളെ ഉപയോഗപ്പെടുത്തുക. ചെയ്യുന്ന സൽകർമങ്ങൾ മറ്റുളളവർ കാണാൻ വേണ്ടി പരസ്യപ്പെടുത്താതിരിക്കുക.

മറ്റുള്ളവരെ സഹായിക്കുന്ന വാർത്തകൾ നൽകുമ്പോൾ വിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കുക. വെളളം കൊടുക്കുന്നതും ഭക്ഷണം കൊടുക്കുന്നതും വീട്ടുപകരണങ്ങൾ നൽകുന്നതും മറ്റും പരസ്യമാക്കി നമ്മുടെ നന്മകൾ നശിപ്പിക്കാതിരിക്കുക. ഫോട്ടോകളും മറ്റും ആവശ്യമുണ്ടെങ്കിൽ അത്തരം സാഹചര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുക. ഈലോകത്ത് നാം അറിയപ്പെട്ടില്ലെങ്കിലും പരലോകത്ത് അറിയപ്പെടാനാണ് നാം ആഗ്രഹിക്കേണ്ടത്.