പുഞ്ചിരിക്കാൻ മടിക്കുന്നവർ!

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് ഒരു പഴമൊഴിയുണ്ട്. മനസ്സിലെ സന്തോഷ, സന്താപ അവസ്ഥകൾ മുഖത്ത് പ്രകടമാകും എന്നർഥം. അതുകൊണ്ട് തന്നെ പരസ്പരം കാണുമ്പോൾ നാം ചോദിക്കാറുണ്ട്; ‘എന്തുപറ്റി? ഇന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ,’ ‘ഇന്നെന്താ സുഖമില്ലേ? മുഖമാകെ വാടിയിട്ടുണ്ടല്ലോ’ എന്നെല്ലാം.

പ്രശ്‌നങ്ങളും പ്രയാസങ്ങളും ഇല്ലാത്ത മനുഷ്യർ ഉണ്ടായിരിക്കാൻ സാധ്യതയില്ല. നമ്മുടെ മനസ്സിലെ നീറുന്ന പ്രശ്‌നങ്ങൾ അറിയാനും അവയ്ക്ക് പരിഹാരം നിർദേശിക്കാനും താൽപര്യമുള്ളവർ ഒരുപക്ഷേ ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നുവെച്ച് മറ്റുള്ളവരുടെ പ്രയാസങ്ങൾ ചോദിച്ചറിയാൻ നാം വൈമനസ്യം കാണിക്കാൻ പാടില്ല. പ്രസന്നമായ മുഖത്തോടെയും പുഞ്ചിരിച്ചും മറ്റുള്ളവരെ അഭിമുഖീകരിക്കാൻ സാധിക്കുക എന്നത് വലിയ കാര്യമാണ്. അത് യാതൊരു ചെലവുമില്ലാത്ത പ്രവർത്തനമാണ്. ഒരു പുണ്യകർമമാണ്. എന്നാലും ബോധപൂർവമോ അല്ലാതെയോ പലരും അതിൽ താൽപര്യം കാണിക്കാറില്ല. ‘നന്മകളിൽ ഒന്നിനെയും നിങ്ങൾ നിസ്സാരമായി കാണരുത്; തന്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടന്നതുപോലും’ എന്ന് കാരുണ്യത്തിന്റെ തിരുദൂതർ  ﷺ   പറഞ്ഞത് നാം ഉൾക്കൊള്ളേണ്ടതുണ്ട്.

ഏറ്റവും നല്ല സ്വഭാവത്തോടെ, പുഞ്ചിരിയോടെ വിഷയങ്ങൾ ചോദിച്ചറിഞ്ഞ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ഒരു ബിസിനസ് തന്ത്രം കൂടിയാണിന്ന്. സ്വകാര്യസ്ഥാപനങ്ങളിലെ റിസപ്ഷൻ കൗണ്ടറിലും ഹെൽപ് ഡെസ്‌കിലും എൻക്വയറി കൗണ്ടറിലുമൊക്കെ ഇരിക്കുന്നവർ ഉപഭോക്താക്കളും സന്ദർശകരുമൊക്കെയായി എത്തുന്നവരോട് ഇത്തരത്തിൽ പെരുമാറുന്നതായി നാം കാണാറുണ്ട്. എന്നാൽ സർക്കാർ സ്ഥാപനങ്ങളിൽ പലതിലും മേധാവിത്വ മനഃസ്ഥിതിയോടെയാണ് ഇത്തരം ജോലിചെയ്യുന്നവർ പെരുമാറിക്കാണുന്നത്.

ഒരു സ്ഥാപനത്തിലേക്ക് നാം കയറിച്ചെല്ലുമ്പോൾ പുഞ്ചിയോടെ നമ്മെ സ്വീകരിക്കുന്നതും നമ്മൾ പറയുന്നത് സാകൂതം കേൾക്കുന്നതും നമ്മുടെ ആവശ്യം നിറവേറ്റുന്നതിൽ താൽപര്യം കാണിക്കുന്നതും സന്തോഷം പകരുന്ന ഒന്നാണ്. അത്തരം സ്ഥാപനങ്ങളിലേക്ക് ചെല്ലുന്നതുതന്നെ ഒരു പോസിറ്റീവ് എനർജി നൽകുന്നതാണ്. എന്നാൽ നാം കയറിച്ചെല്ലുമ്പോൾ നമ്മെ കണ്ടില്ലെന്ന മട്ടിൽ ഇരിക്കുന്നവരും നാം പറയുന്നത് കേൾക്കാൻ തയ്യാറാകാത്തവരും കേൾക്കുകയാണെങ്കിൽതന്നെ നീരസം കലർന്ന രൂപത്തിൽ അലസമായി കേൾക്കുന്നവരും ആ സ്ഥാപനത്തോടുതന്നെ നമ്മിൽ വല്ലാത്ത വെറുപ്പുണ്ടാക്കും.

“ചിലയാളുകളുടെ പെരുമാറ്റരീതിയെക്കുറിച്ച് ചിന്തിക്കാൻ ഇടവന്നു. വർഷങ്ങളോളം ഒപ്പം കഴിഞ്ഞിട്ടും അവർ ഒരു പുഞ്ചിരി പൊഴിച്ചതായി ഓർക്കുന്നില്ല. ഒരു തമാശ കേട്ടിട്ട് മറ്റുളളവരെ പ്രീതിപ്പെടുത്താനെങ്കിലും ചിരിക്കുകയോ തന്നോട് സംസാരിക്കുന്നവരോട് മാന്യമായി ഒന്ന് പ്രതികരിക്കുകയോ ചെയ്തുകണ്ടിട്ടില്ല. അവർ ആ രീതിയിൽ വളർന്നതുകൊണ്ടാവും, അങ്ങനെയല്ലാതെ പെരുമാറാൻ അവർക്ക് സാധ്യമല്ലാത്തതുകൊണ്ടായിരിക്കും എന്നെല്ലാം ഞാൻ വിചാരിച്ചു. പക്ഷേ, പിന്നീട് ചില പ്രത്യേക സന്ദർഭങ്ങളിൽ പണക്കാരും സ്വാധീനശക്തിയുളളവരുമായ ആളുകളോട് അവർ നന്നായി ചിരിച്ചും രസിച്ചും പെരുമാറുന്നതു കണ്ടപ്പോൾ, സ്വാർഥതാൽപര്യങ്ങൾക്ക് വേണ്ടി മാത്രമാണ് അവർ അങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലായി. തന്മൂലം മഹത്തായ പ്രതിഫലം അവർക്ക് ലഭിക്കാതെ പോകുന്നു.

വിശ്വാസി തന്റെ പെരുമാറ്റത്തിലൂടെയും സംസ്‌കാരത്തിലൂടെയും ദൈവപ്രീതി മാത്രമാണ് ലക്ഷ്യം വെക്കേണ്ടത്. സമ്പത്തിനുവേണ്ടിയോ സ്ഥാനമാനങ്ങൾക്കുവേണ്ടിയോ ആളുകളുടെ പ്രശംസ പിടിച്ചുപറ്റാൻ വേണ്ടിയോ അല്ലാതെ, അല്ലാഹുവിന്റെ പ്രീതി നേടാനും, തന്നെ അവന്റെ സൃഷ്ടികൾക്ക് പ്രിയപ്പെട്ടവനാക്കി മാറ്റുവാനുമായിരിക്കണം. അതെ, സൽസ്വഭാവം പുണ്യപ്രവൃത്തിയായി കണക്കാക്കുന്നവർ പണക്കാരോ പണിക്കാരോ മേധാവിയോ തൂപ്പുകാരനോ എന്നു നോക്കാതെ, എല്ലാവരോടും നന്നായി പെരുമാറാൻ ശ്രമിക്കുന്നവരാണ്’’ (ഇസ്തംതിഅ് ബിഹയാതിക, ഡോ. മുഹമ്മദ് അൽഅരീഫി).