ശീഈ അത്യാചാരങ്ങള്‍ക്കെതിരെ പണ്ഡിതശിരോമണികള്‍- 2

ഡോ. ഷാനവാസ് പറവണ്ണ ചേക്കുമരക്കാരകത്ത്

2022 ഏപ്രിൽ 02, 1442 റമദാൻ 01

1917ല്‍ നടന്ന ചരിത്രസംഭവമാണ് മാപ്പിളകവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് അക്കാലത്ത് എഴുതിയ ‘കൊടികേറ്റം' എന്ന കാവ്യത്തിന്റെ വിഷയം. അരീക്കോടിന്റെ പഴയകാല ഓര്‍മകളില്‍ അത് ഇന്നും തങ്ങിനില്‍ക്കുന്നു. അന്ധവിശ്വാസത്തിലധിഷ്ഠിതമായ ഒരനാചാരത്തോടുള്ള എതിര്‍പ്പായിരുന്നു അതിന്റെ പിന്നിലെ പ്രേരണ. കൊണ്ടോട്ടി നേര്‍ച്ചക്കുളള കൊടികേറ്റത്തിനുശേഷം അരീക്കോട്ടുവന്നു കൊടികേറ്റംനടത്തും. അരീക്കോട്ടെ തങ്ങന്‍മാര്‍ ഇതിനു പിന്തുണനല്‍കും. എന്നാല്‍ അരീക്കോട്ടെ തങ്ങളോടുള്ള എതിര്‍പ്പുകാരണം പ്രസ്തുതവര്‍ഷം കൊടികേറ്റാന്‍ അനുവദിക്കില്ലെന്ന് പൗരപ്രധാനികളുടെ പിന്‍ബലത്തില്‍ ജനങ്ങള്‍ തീരുമാനിച്ചു. കൊണ്ടോട്ടി കൈക്കാരിലെ അനാചാരത്തിനെതിരായ ജനവികാരമാണ് കൊടികേറ്റത്തെ എതിര്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. കൊണ്ടോട്ടിതങ്ങളുടെ കാര്യസ്ഥന്‍ കോയസ്സന്‍ അധികാരിയുടെ നേതൃത്വത്തില്‍ കൊടികേറ്റാന്‍ വന്ന സംഘവും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

മാപ്പിളകവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് ആ സംഭവം വിവരിക്കുന്ന ഭാഗം കാണുക:

‘‘തനമാം അരീക്കോടാ നഗരം ഒന്നേ
ശുരിതി കൊടികേറ്റം കാശിന്തേകേമാ
ചുടരക്കഥ റാവി ബസീറാം നാമാ
പുരിയില്‍ വസിപ്പാനെ നരര്‍കള്‍താമെ
പൂര്‍വ്വീകമെ രണ്ടു വകുപ്പിലാമെ
വകയുണ്ടവര്‍ക്ക് പേര്‍ നടക്കും സുന്നീ
പാലര്‍ കശിയാമെ നഗര്‍ പൊന്നാനി
ദ്വിദീയര്‍ ശൈഖന്‍മാര്‍കളും പെണ്ടാട്ടി
സിനഹപ്പടൈകയ്യാര്‍കളും കൊണ്ടോട്ടി
സ്ഥിതിയാല്‍ നടന്നിട്ടും അവസ്ഥ ഹാദാ
സ്ഥിരമാല്‍ പരക്കെ മുമ്പറിവുളളതാം
ചിതറൈ അതൈവാര്‍ത്ത നിറുത്തികൊണ്ടെ
ചിന്തും ‘കൊടികേറ്റം' വിശേളം കൊണ്ടെ'' (5)

രണ്ട് നൂറ്റാണ്ടുകളായി അരീക്കോട്ട് ഐശ്യര്യത്തോടെ വാണരുളിയ കുടുംബമായിരുന്നു കൊണ്ടോട്ടി ശൈഖന്‍മാരുടെ കുടുംബം. അരീക്കോട്ട് അവര്‍ക്ക് അളവറ്റ ഭൂസ്വത്തും കെട്ടിടങ്ങളും മറ്റു വരുമാനമാര്‍ഗങ്ങളും അവരുടെ കീഴില്‍ ധാരാളം കുടിയാന്‍മാരും ഉണ്ടായിരുന്നു. സുഖസമൃദ്ധമായ ജീവിതം നയിച്ച്അരീക്കോട്ട് വിലസിയ ഇവരുടെ നടപടിക്രമങ്ങള്‍ ഇസ്‌ലാമിന് കടകവിരുദ്ധമാണെന്നും അത് ഇവിടെ തുടരാന്‍ പറ്റുകയില്ലെന്നും നാട്ടുകാര്‍ മനസ്സിലാക്കി അവരെ നിഷ്‌കാസനം ചെയ്തു. യാതൊരു തടസ്സവും എതിര്‍പ്പും കുടാതെ ആര്‍ഭാടമായി ഇതേവരെ കഴിച്ചിരുന്ന നേര്‍ച്ച അതോടെ അവസാനിച്ചു. തങ്ങന്‍മാരുടെ കുടുബവും സില്‍ബന്ധികളും സ്ഥലംവിട്ടു. അവരുടെ വീടുകളും കുംഭയും തക്കിയയും തകര്‍ന്നടിഞ്ഞു.

ശവകുടീര ഉല്‍സവങ്ങള്‍ക്കെതിരെ

ശവകുടീര ഉല്‍സവങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ വ്യാപകമാകാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ പട നയിച്ചവരില്‍ പ്രമുഖനായ പണ്ഡിതപ്രവരനാണ് കരിമ്പനക്കല്‍ കുഞ്ഞിപ്പോക്കു മുസ്‌ലിയാര്‍, മലപ്പുറം നേര്‍ച്ചക്കെതിരെ അദ്ദേഹം ആളുകളെ ബോധവല്‍ക്കരിച്ചിരുന്നു. പെരിന്തല്‍മണ്ണ ഭാഗത്ത് ഇപ്രകാരം പുരോഗമന വീക്ഷണത്തോടെ ആളുകളെ നയിച്ചിരുന്ന മറ്റൊരു പണ്ഡിതനാണ് കരുവള്ളി മുഹമ്മദ് മൗലവിയുടെ ഗുരുനാഥനായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും രാഷ്ട്രീയകാര്യങ്ങളിലുമായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊന്നിയിരുന്നത്. കൊട്ടിലുങ്ങല്‍ മൊയ്ദു മുസ്‌ലിയാര്‍, പാടൂര്‍ കോയക്കുട്ടി തങ്ങള്‍ തുടങ്ങിയവരൊക്കെ ഈ രംഗത്ത് അനര്‍ഘസേവനങ്ങളനുഷ്ഠിച്ചു.

പ്രസിദ്ധ പണ്ഡിതനായിരുന്ന കരിമ്പനക്കല്‍ കുഞ്ഞിപ്പോക്കു മുസ്‌ലിയാര്‍ ചാവടിയന്തിരത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ‘ഇര്‍ശാദുല്‍ ആമ്മ' എന്ന പേരില്‍ ഒരു അറബി മലയാള കൃതി പ്രസിദ്ധപ്പെടുത്തി. പാടൂര്‍ കോയക്കുട്ടി തങ്ങള്‍ ബുഖാരി അവര്‍കള്‍ വ്യാജത്വരീക്വത്തുകളെയും ‘മുഹ്‌യിദ്ദീന്‍ മാല' മുതലായ കൃതികളെയും വിമര്‍ശിച്ചിരുന്നു.(6)

ആണ്ടുനേര്‍ച്ച, ഉറൂസ്‌ പൂരങ്ങള്‍ തലക്കുപിടിച്ച ചില പണ്ഡിത നാമധാരികള്‍ സമൂഹത്തിന്റെ അജ്ഞത മുതലെടുത്ത് ഉദരപൂരണം നിര്‍വഹിക്കാന്‍ ശ്രമിച്ചിരുന്നതിന്റെ ഉദാഹരണങ്ങള്‍ പില്‍ക്കാലത്തുമുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ ചില ന്യായീകരണതിലകങ്ങളുടെ വാചോടോപങ്ങള്‍ കാണുക:

‘‘ചെണ്ടമുട്ട്: കുബത്ത് (തുടി) ഒഴികെയുള്ള എല്ലാ ചെണ്ടമുട്ടുകളും ഹലാലാണെന്നതില്‍ റാഫിഈ ഇമാമും നവവി ഇമാമും(റ) ഒത്തിരിക്കുന്നു എന്ന് മിന്‍ഹാജിലും, അതിന്റെ ശറആയ തുഹ്ഫ, നിഹായ, മുഗ്നി, സിറാജുല്‍ വഹ്ഹാജ് മുതലായവകളിലും പറഞ്ഞിരിക്കുന്നു. മന്‍ഹജിന്റെ ഹാശിയയില്‍ അല്ലാമത്തുല്‍ ബുജൈരിമി(റ) തുടിയല്ലാത്ത എല്ലാ ചെണ്ടകളും ഹലാലാണെന്നാണ് നിയമം എന്നും പറഞ്ഞിട്ടുണ്ട്.''(7)

‘‘നടു കുടുങ്ങി തല രണ്ടും വികസിച്ച ചെണ്ട ഹറാമാണ്. അല്ലാത്ത, മലബാറില്‍ കണ്ടുകൊണ്ടിരിക്കുന്ന എല്ലാ മുട്ടുകളും ഹലാലാണ്. ഇതാണ് മുട്ടുന്നതിന്റെ ശറഇന്റെ വിധി. കുഴല്‍വിളിയും ഇതേ പ്രകാരം ഹലാലാണ്.''(8)

‘‘കൂടാതെ നേര്‍ച്ചസ്ഥലങ്ങളില്‍ പങ്കെടുക്കുന്ന പതിനായിരങ്ങളില്‍ ക്ഷയരോഗം, കുഷ്ഠരോഗം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉള്ളവരും ഉണ്ടാവാന്‍ ഹിതമുണ്ട്. അങ്ങിനെയുള്ള രോഗാണുക്കള്‍ മറ്റുള്ളവരെയും പിടികൂടിയേക്കാം. എന്നാല്‍ കരിമരുന്നു കത്തിക്കുന്ന അതിന്റെ പുകയ്ക്ക് അത്തരം രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നു വൈദ്യശാസ്ത്രങ്ങള്‍ ഘോഷിച്ചിട്ടുണ്ട്. ഈ നിലവെച്ചു നോക്കിയാല്‍ ആ സന്ദര്‍ഭങ്ങളില്‍ കരിമരുന്നു പ്രയോഗം അത്യാവശ്യമാണെന്നു പറഞ്ഞാല്‍ പോലും തെറ്റാവുകയില്ല.'' (9)

സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ യാഥാസ്ഥിതികന്മാരായ മുസ്‌ലിയാക്കള്‍ക്കെതിരില്‍ സമരം നടത്തി. അദ്ദേഹം അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് ആടും കോഴിയും നേര്‍ച്ചയാക്കുന്നതിനെ ശക്തിപൂര്‍വം എതിര്‍ത്തു. കൊടികയറ്റം, സിവില്‍-ക്രിമിനല്‍ റാത്തീബുകള്‍, മൗലിദ് മാല മുതലായ അനാചാരങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ചമ്മന്നൂര്‍ കൊട്ടിലുങ്ങല്‍ മൊയ്ദുണ്ണി മുസ്‌ലിയാര്‍ ‘തന്‍ബീഹുള്ളാല്ലീന്‍' എന്ന ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചു. 1912ല്‍ പൊന്നാനിയിലെ മത്ബഅത്തുല്‍ ഇസ്‌ലാമിയ്യ പ്രസ്സില്‍ നിന്ന് തിരൂര്‍ സി. സെയ്ദാലിക്കുട്ടി മാസ്റ്റര്‍(10) ആണ് ആ അമൂല്യ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്.

കഴിഞ്ഞകാലത്തെ നിസ്വാര്‍ഥരായ മതപണ്ഡിതന്മാര്‍ ജാറങ്ങളിലെ ആണ്ടുനേര്‍ച്ച, ഉറൂസ് പൂരങ്ങളെ ശക്തിമത്തായ സ്വരത്തില്‍ വിമര്‍ശിക്കുകയും ഭത്സിക്കുകയും ചെയ്തിട്ടുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍, മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, പരപ്പനങ്ങാടി സ്വദേശിയും വിഖ്യാത പണ്ഡതിനായിരുന്ന അബൂബക്കര്‍ കോയ മുസ്‌ലിയാര്‍ മുതലായ പ്രതിഭാധനരായ മതനേതാക്കള്‍ ശവകുടീരങ്ങളില്‍ വെച്ചു നടത്തുന്ന പൂരങ്ങള്‍ക്കെതിരില്‍ ശക്തിയായ സ്വരത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

മൊയ്തുണ്ണി മുസ്‌ലിയാരുടെ ‘ഹിദായത്തുള്ളാല്ലീന്‍' എന്ന അറബി മലയാള ഗ്രന്ഥത്തില്‍ കൊടികയറ്റം, ത്വരീക്വത്ത് തുടര്‍ച്ചകള്‍, ക്വബ്‌ർ പൂരങ്ങള്‍ മുതലായ അനാചാരങ്ങളെ അതിനിശിതമായി വിമര്‍ശിച്ചതു കാണാം.സമസ്ത സ്ഥാപിക്കുന്നതിന് എത്രയോ മുമ്പാണ് പ്രസ്തുത ഫത്‌വകളും ഗ്രന്ഥവും രചിക്കപ്പെട്ടത്. എന്നാല്‍ പ്രസ്തുത പണ്ഡിതര്‍ക്കെതിരില്‍ പ്രതികരിച്ച ഒരൊറ്റ ബറേല്‍വി പണ്ഡിതനും അക്കാലത്തുണ്ടായിരുന്നില്ല.

ചെണ്ട, കുഴല്‍വിളികള്‍ക്ക് എതിരായി സയ്യിദ് ഫദ്ൽ പുക്കോയ തങ്ങള്‍ ഇസ്തംബൂളില്‍ നിന്നെഴുതി അയച്ച ഫത്‌വ:

‘‘സയ്യിദ് അലവി തങ്ങള്‍ അവര്‍കളുടെ മകന്‍ മുജദ്ദിദുദ്ദീന്‍ വലിയ്യുല്ലാഹി അസ്സയ്യിദ് ഫദ്ൽപൂക്കോയ തങ്ങള്‍ അവര്‍കളുടെ ഹള്റത്തിലേക്ക് സുആല്‍.(11) ഈ മലയാളത്തില്‍ നടന്നുവരുന്ന മുട്ട്‌ വിളി ഹറാമോ ഹലാലോ? ഏത് പ്രകാരമാണെന്നു ഒരു ജവാബ് തരുവാന്‍ തങ്ങളോട് അപേക്ഷിക്കുന്നു. ഇതിനാല്‍ ഈ രാജ്യങ്ങളില്‍ വലിയ ഫിത്‌ന വാഖിആയി സംഭവിച്ചിരിക്കുന്നു. ഇതിന്നു തങ്ങള്‍ ഒരു ജവാബ് തന്നാല്‍ ഈ ഫിത്‌ന അടങ്ങാനും മതി. അല്ലാഹു അവിടത്തേക്ക് ഉത്തമമായ പ്രതിഫലം തരട്ടെ. അവന്‍ നല്ലവര്‍ക്ക് നല്ല പ്രതിഫലം വര്‍ധിപ്പിക്കുന്നവനാണ്.''

‘‘എല്ലാ മുസ്‌ലിമീങ്ങള്‍ക്കും മേല്‍പറഞ്ഞ കുഴല്‍വിളി വാര്‍ത്ത്യങ്ങള്‍ ഒഴിച്ചു ദൂരത്താകുന്നത് വാജിബാകുന്നു. അതുകള്‍ എടുത്തു നടക്കുന്നത് വന്‍ദോഷവുമാകുന്നു. അതുകൊണ്ട് കളിവിനോദങ്ങള്‍ ഒക്കെയും വിട്ടൊഴിഞ്ഞു പടച്ചവന്‍ കല്‍പിച്ച പ്രകാരം നടക്കുവാന്‍ നമുക്കും നിങ്ങള്‍ക്കും തൗഫീഖ് ചെയ്യട്ടെ -ആമീന്‍ തമ്മത്.''(12)

(തുടരും)

വിഷയ സൂചിക:

5. മഹാകവി മുണ്ടമ്പ്ര ഉണ്ണി മമ്മദ്, കൊടികേറ്റം, മലയാള മൊഴിമാറ്റം: വിഅബ്ദുല്ലകുട്ടി അരീക്കോട്, ടീം പോസിറ്റീവ് അരീക്കോട്, മെയ് 2015, പുറം 24.

6. ബശീര്‍ സലഫി പൂളപ്പൊയി ല്‍, കേരള മുസ്‌ലിം നവോ ത്ഥാനം ചരിത്രവും വര്‍ത്തമാന വും, അഹ്‌ലുസ്സുന്ന ബുക്സ്, കോ ഴിക്കോട്, കരുവള്ളി മുഹമ്മദ് മൗലവിയുടെ അവതാരിക..

7. ആണ്ടുനേര്‍ച്ചയും ചില അപ വാദങ്ങളും, പുറം 21.

8. മുട്ടുംവിളി നേര്‍ച്ചയെ എതിര്‍ക്കുന്നവര്‍ക്കൊരു മറുപടി, പുറം 39.

9. ആണ്ടുനേര്‍ച്ചയും ചില അപ വാദങ്ങളും, പുറം 24.

10. സി.സെയ്ദാലിക്കുട്ടി മാസ്റ്റര്‍ എന്ന പ്രതിഭാശാലിയായ പരിഷ്‌കര്‍ത്താവിനെ കൂടുതല്‍ അറിയാന്‍ 2019 ആഗസ്റ്റ് 3,10 തീയതികളില്‍ പുറത്തിറങ്ങിയ ‘നേര്‍പഥം' വാരികയില്‍ ഈ ലേഖകന്‍ എഴുതിയ ‘തമസ്സു മാറ്റാന്‍ തപിച്ച സെയ്ദാലിക്കുട്ടിമാസ്റ്റര്‍,' ‘മാസ്റ്ററുടെ തൂലികാ വിസ്മയം' എന്നീ ലേഖനങ്ങള്‍ വായിക്കുക.നേര്‍പഥം വാരികയുടെ പഴയ ലക്കങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.

11. ചോദ്യം.

12. സയ്യിദ് ഫദ്‌ൽ പുക്കോയ തങ്ങള്‍ ഇസ്തംബൂളില്‍നിന്നെഴുതി അയച്ച ഫത്‌വ.