ഇബ്‌റാഹീം നബി(അ): ജീവിതവും സന്ദേശവും വിശുദ്ധ ക്വുർആനിൽ

സലീം പട്‌ല

2022 ജൂലായ് 02, 1442 ദുൽഹിജ്ജ 02

(ഭാഗം: 02)

പ്രബോധനത്തിലെ ഗുണകാംക്ഷ

‘എന്റെ പിതാവേ’ എന്ന് സ്‌നേഹത്തോടെ വിളിച്ചുകൊണ്ട് വളരെ സൗമ്യമായി, ഗുണകാംക്ഷയോടെ ഇബ്‌റാഹീം നബി(അ) തന്റെ പിതാവിനോട് നടത്തിയ സ്‌നേഹസംവാദങ്ങൾ ലോകാവസാനംവരെയുള്ള പ്രബോധകർക്ക് മാതൃകയാണ്:

“അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേൾക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കൾക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കൾ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീർച്ചയായും താങ്കൾക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്.ആകയാൽ താങ്കൾ എന്നെ പിന്തുടരൂ. ഞാൻ താങ്കൾക്ക് ശരിയായ മാർഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കൾ പിശാചിനെ ആരാധിക്കരുത്. തീർച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീർച്ചയായും പരമകാരുണികനിൽനിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അപ്പോൾ താങ്കൾ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്’’ (ക്വ1ുർആൻ 9/42-45).

താൻ മനസ്സിലാക്കിയ സത്യം തന്റെ സഹോദരങ്ങളും നാട്ടുകാരും വീട്ടുകാരുമടക്കമുള്ള സഹജീവികൾക്ക് എത്തിക്കണമെന്നുള്ള ആത്മാർഥമായ ഗുണകാംക്ഷയിൽനിന്നാണ് പ്രബോധനം തുടങ്ങുന്നത്. പ്രബോധനത്തിന്റെ ലക്ഷ്യം ഭൗതിക നേട്ടങ്ങളല്ല. എതിരാളിയെ തർക്കിച്ച് തോൽപിക്കലോ അവരെ അപമാനിച്ചു വിടലോ അല്ല. പരലോകത്തെ പ്രതിഫലം മാത്രം ലക്ഷ്യമിട്ടുള്ള കാരുണ്യ പ്രവർത്തനമാണത്.

ഇബ്‌റാഹീം നബി(അ) മനസ്സിൽ തട്ടി തന്റെ പിതാവിനോട് പറഞ്ഞ ‘എന്റെ പിതാവേ, തീർച്ചയായും പരമകാരുണികനിൽനിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു...’(19/45) എന്ന വാക്ക് ചിന്താർഹമാണ്. ഇതേ ചിന്തയായിരിക്കണം പ്രബോധിത സമൂഹത്തോട് സംവദിക്കുമ്പോൾ ഒരു നല്ല പ്രബോധകന് എപ്പോഴുമുണ്ടായിരിക്കേണ്ടത്.

ആദർശ പ്രഖ്യാപനം

“ഇബ്‌റാഹീമേ, നീ എന്റെ ദൈവങ്ങളെ വെറുക്കുകയാണോ? എങ്കിൽ ഉടനെത്തന്നെ ഇതവസാനിപ്പിക്കുക. അല്ലെങ്കിൽ നിന്നെ ഞാൻ കല്ലെറിഞ്ഞോടിക്കും. നീ എന്നെന്നേക്കുമായി എന്നെ വിട്ടുപോകണം’’(19/46).

ഇങ്ങനെ പറഞ്ഞ് പിതാവ് തന്നെ പുറത്താക്കുമ്പോൾ ഇബ്‌റാഹീം നബി(അ)യുടെ ആദർശ പ്രഖ്യാപനം ശ്രദ്ധേയമാണ്

“നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങൾ പ്രാർഥിച്ചുവരുന്നവയെയും ഞാൻ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാൻ പ്രാർഥിക്കുന്നു. എന്റെ രക്ഷിതാവിനോട് പ്രാർഥിക്കുന്നതുമൂലം ഞാൻ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം’’(19/48).

പ്രബോധനത്തിലെ മുൻഗണന

എല്ലാ പ്രവാചകൻമാരെയും പോലെ ഇബ്‌റാഹീം നബിയുടെയും പ്രബോധനത്തിലെ പ്രധാന വിഷയം ഏകദൈവവിശ്വാസം തന്നെയായിരുന്നു:

“ഇബ്‌റാഹീമിനെയും (നാം അയച്ചു,) അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ): നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം. നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ. നിങ്ങൾ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നത് ആരെയാണോ അവർ നിങ്ങൾക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാൽ നിങ്ങൾ അല്ലാഹുവിങ്കൽ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങൾ മടക്കപ്പെടുന്നത്’’ (29/16,17).

“അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവൻ.ഞാൻ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു’’(21/56)

ഇബ്‌റാഹീം നബി(അ) അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന രംഗം വിശുദ്ധ ക്വുർആനിലുണ്ട്. എത്ര സുന്ദരമായിട്ടും ലളിതമായിട്ടുമാണ് അല്ലാഹുവിനെ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്! അല്ലാഹു ആരെന്ന് അവരോട് പറഞ്ഞു തുടങ്ങുന്നതിങ്ങനെയാണ്:

“അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാർഗദർശനം നൽകിക്കൊണ്ടിരിക്കുന്നവൻ. എനിക്ക് ആഹാരം തരികയും കുടിനീർ തരികയും ചെയ്യുന്നവൻ. എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവൻ. പ്രതിഫലത്തിന്റെ നാളിൽ ഏതൊരുവൻ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാൻ ആശിക്കുന്നുവോ അവൻ’’ (26/7882).

പരീക്ഷണങ്ങളിലൂടെ

ജീവിതത്തിൽ നിരവധി പരീക്ഷണങ്ങൾ നേരിടേണ്ടിവന്ന മഹാനാണ് ഇബ്‌റാഹീം നബി (അ). അതിലൊന്ന് സന്താന സൗഭാഗ്യം ലഭിക്കാത്ത അവസ്ഥയാണ്. എന്നിട്ടും അദ്ദേഹം ഒരിക്കലും നിരാശനായില്ല. അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയും പ്രത്യാശയും ആശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. അത് പ്രവാചകൻമാരുടെ മഹത്തായ ഗുണങ്ങളിൽ ഒന്നാണ്. അല്ലാഹു പറയുന്നു:

“...തീർച്ചയായും അവർ (പ്രവാചകൻമാർ) ഉത്തമകാര്യങ്ങൾക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടുംപേടിച്ചുകൊണ്ടും ന മ്മോട് പ്രാർഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവർ നമ്മോട് താഴ്മ കാണിക്കുന്ന വരുമായിരുന്നു’’ (21/90).

യഅ്ക്വൂബ് നബി(അ) പറഞ്ഞു: “...അല്ലാഹുവിങ്കൽനിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങൾ നിരാശ പ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽനിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടു കയില്ല, തീർച്ച’’ (12/87).

“അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക, വഴിപിഴച്ചവരല്ലാതെ!’’ (15/56).

അല്ലാഹു പ്രാർഥന കേൾക്കുന്നവനാണെന്ന ഉറച്ച വിശ്വാസത്താൽ (14/39) പ്രതീക്ഷ കൈവിടാതെ ക്ഷമയോടെ അല്ലാഹുവോട് മാത്രം പ്രാർഥിച്ചുകൊണ്ടിരുന്നു.

“എന്റെ രക്ഷിതാവേ, സദ്‌വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോൾ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിച്ചു. എന്നിട്ട് ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാൻ നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്നത്തിൽ കാണുന്നു. അതുകൊണ്ട് നോക്കൂ; നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവൻ പറഞ്ഞു: എന്റെ പിതാവേ, കൽപിക്കപ്പെടുന്നതെന്തോ അത് താങ്കൾ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവർ ഇരുവരും (കൽപനക്ക് കീഴ്‌പെടുകയും, അവനെ നെറ്റി(ചെന്നി)മേൽ ചെരിച്ചുകിടത്തുകയും ചെയ്ത സന്ദർഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം, തീർച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീർച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്. തീർച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന്ന് പകരം ബലിയർപ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നൽകുകയും ചെയ്തു. പിൽക്കാലക്കാരിൽ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു’’ (37/100-108).

ആഗ്രഹ സഫലീകരണത്തിനും സന്താന സൗഭാഗ്യത്തിനും ഉപദ്രവം നീങ്ങാനും ഉപകാരം ലഭിക്കാനുമായി അല്ലാഹു അല്ലാത്തവരെ തേടി പോകുന്ന ഇന്നത്തെ മുസ്‌ലിം നാമധാരികൾ ഇബ്‌റാഹീം നബിയുടെ ജീവിതം വായിക്കുന്നത് നല്ലതാണ്.

ഈ ചരിത്ര സംഭത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ടാണ് ലോകമുസ്‌ലിംകൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹാ) ആഘോഷിക്കുന്നത്.

എനിക്ക് അല്ലാഹു മതി

സൂറത്തുൽ അമ്പിയാഇലെ 52 മുതൽ 67 വരെയുള്ള വചനങ്ങളിൽ ഇബ്‌റാഹീം(അ) നാട്ടുകാരോടും പിതാവിനോടും വിഗ്രഹാരാധനയുടെ നിരർഥകത ബോധ്യപ്പെടുത്തുന്ന സംഭവം വിശദമായിത്തന്നെ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാനാകാതെ ഉത്തരം മുട്ടുകയായിരുന്നു അവർക്ക്. എന്നിട്ടും തെറ്റ് തെറ്റാണെന്ന് സമ്മതിക്കാൻ അവർ കൂട്ടാക്കിയില്ല. തങ്ങളുടെ ദൈവങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നറിഞ്ഞിട്ടും അവയെ സഹായിക്കാൻ വേണ്ടി എന്ന പേരിൽ നബിയെ അപായപ്പെടുത്താനാണവർ പിന്നെ ശ്രമിക്കുന്നത്! അസത്യത്തിന്റെ ആളുകൾ എന്നും എപ്പോഴും പയറ്റിയിരുന്ന അതേ തന്ത്രം! സത്യത്തിന്റെ ആളുകളെ ഇല്ലാതാക്കി സത്യത്തെ കുഴിച്ചുമൂടാനുള്ള പാഴ്ശ്രമം! ഇബ്‌റാഹീം നബി അവരോട് ചോദിച്ചത് ഈ ലളിതമായ ചോദ്യമായിരുന്നു:

“അദ്ദേഹം പറഞ്ഞു: നിങ്ങൾതന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങൾ ആരാധിക്കുന്നത്? അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങൾ നിർമിക്കുന്നവയെയും സൃഷ്ടിച്ചത്!’’ (37/95,96).

അതിനുള്ള അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “അവർ (അന്യോന്യം) പറഞ്ഞു: നിങ്ങൾ അവന്ന് (ഇബ്‌റാഹീമിന്) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്‌നിയിൽ ഇട്ടേക്കുക’’(37/97).

“നിങ്ങൾക്ക് (വല്ലതും) ചെയ്യാനാകുമെങ്കിൽ നിങ്ങൾ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക’’ (21/68).

“നിങ്ങൾ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യൂ എന്ന് പറഞ്ഞതല്ലാതെ അപ്പോൾ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) ജനത മറുപടിയൊന്നും നൽകിയില്ല...’’ (29/24).

കത്തിയെരിയുന്ന തീയിലേക്ക് വലിച്ചെറിയുമ്പോൾ അദ്ദേഹം പതറിയില്ല! ഭയന്നില്ല! കാരണം എകദൈവ വിശ്വാസി എപ്പോഴും നിർഭയനാണ്. നിർഭയത്വം ഇല്ലാതാവുന്നത് എകദൈവ വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ്. സ്രഷ്ടാവിൽ എല്ലാം ഭരമേൽപിച്ച സത്യവിശ്വാസികൾക്ക് സൃഷ്ടികളിലൊ ന്നിനെയയും ഭയപ്പെടേണ്ടതില്ല. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു, അവന്റെ അറിവിലും കഴിവിലും കാഴ്ചയിലും കേൾവിയിലും തന്റെ കൂടെയുണ്ടന്ന ദൃഢവിശ്വാസം ഒരു സത്യവിശ്വാസിക്ക് പ്രതീക്ഷയും പ്രത്യാശയും ആശ്വാസവും നിർഭയത്വവും നൽകുന്നു.

അല്ലാഹു അടിമക്ക് മതിയായവനാണെന്നും അവനിലാണ് ഭരമേൽപിക്കേണ്ടതെന്നും (39/36-38), (3/73), ദുഃഖിക്കേണ്ട, ഭയപ്പെടേണ്ട അല്ലാഹു കൂടെയുണ്ടെന്നും (9/40), (20/46) ഉറച്ചബോധ്യമുള്ള മുസ്‌ലിമിന് വിശ്വാസദൃഢതയും അർപ്പണബോധവും ഏത് പ്രതിസന്ധിയെയും പ്രതികൂലാവസ്ഥയെയും നേരിടാറുള്ള മനഃശക്തിയും ലഭിക്കുമെന്നതിൽ സംശയമില്ല.

ഇബ്‌റാഹീമിന് വേണ്ടി തണുപ്പും സാമാധാനവും രക്ഷയുമാവാൻ തീയിനോട് അല്ലാഹു കൽപിക്കുകയും അങ്ങനെ അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ശത്രുക്കളുടെ കുതന്ത്രങ്ങൾ തകർക്കുകയും ചെയ്തു.

“നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തന്ത്രം പ്രയോഗിക്കുവാൻ അവർ ഉദ്ദേശിച്ചു. എന്നാൽ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്’’ (21/69,70).

“...എന്നാൽ അല്ലാഹു അദ്ദേഹത്തെ അഗ്‌നിയിൽനിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്’’ (29/24).

ഇബ്‌റാഹീം നബി(അ)യുടെ പ്രാർഥനകൾ

വിശ്വാസികളായ മാതാപിതാക്കൾ മറ്റെന്തിനെക്കാളും ആഗ്രഹിക്കുന്ന കാര്യമാണ് തങ്ങൾക്കുവേണ്ടി ആത്മാർഥമായി പ്രാർഥിക്കുന്ന നല്ലവരായ മക്കളുണ്ടാവണമെന്നത്. അധർമങ്ങൾ ചെയ്യാത്ത, മതത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങി ജീവിക്കുന്ന മക്കളുണ്ടാവുക എന്നത് മഹത്തായ അനുഗ്രഹമാണ്.

സദ്‌വൃത്തനായ മകനെ ലഭിക്കുവാൻ ഇബ്‌റാഹീം നബി(അ) പ്രാർഥിച്ചു (37/100).

മക്കൾ നമസ്‌കാരം നിലനിർത്തുന്നവരായി മാറുവാൻ അദ്ദേഹം പ്രാർഥിച്ചു: “എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളിൽ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാർഥന നീ സ്വീകരിക്കുകയും ചെയ്യേണമേ’’ (14/40).

വിഗ്രഹാരാധനയിൽനിന്ന് മ ക്കൾ രക്ഷപ്പെടാൻ പ്രാർഥിച്ചു: “...എന്നെയും എന്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽനിന്ന് അകറ്റി നിർത്തുകയും ചെയ്യേണമേ’’ (14/35).

നാടിന്റെ നിർഭയത്വത്തിന് വേണ്ടിയും(14/35) സത്യനിഷേധികളുടെ പരീക്ഷണങ്ങളിൽനിന്നുള്ള രക്ഷക്കായും(60/4,5) ഇബ്‌റാഹീം നബി നടത്തിയ പ്രാർഥനകൾ ശ്രദ്ധേയമാണ്.

ഇബ്‌റാഹീം നബി(അ)യുടെ വസ്വിയ്യത്ത്

അല്ലാഹു പറയുന്നു: “ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ മക്കളോട് ഇത് ഉപദേശിക്കുകകൂടി ചെയ്തു: എന്റെ മക്കളേ, അല്ലാഹു നിങ്ങൾക്ക് ഈ മതത്തെ (ഇസ്‌ലാമിനെ) വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ നിങ്ങൾ മുസ്‌ലിംകളായല്ലാതെ മരണപ്പെടരുത്’’ (2/132).

(അവസാനിച്ചു)