ഉത്തമസ്വഭാവം സത്യവിശ്വാസിയുടെ അടയാളം

ഡോ. ടി. കെ യൂസുഫ്

2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18

നല്ല സ്വഭാവത്തിനും പെരുമാറ്റത്തിനും ഇസ്‌ലാം വളരെ കൂടുതൽ പ്രോത്സാഹനം നൽകുന്നുണ്ട്. ഉത്തമ സ്വഭാവഗുണങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടി നിയോഗിതനായ മുഹമ്മദ് നബി  ﷺ   മഹത്തായ സ്വഭാവഗുണത്തിനുടമയായിരുന്നുവെന്ന് ക്വുർആൻ (68:4) വ്യക്തമാക്കുന്നുണ്ട്.

സൽസ്വഭാവം എന്നത് നിർവചനം ആവശ്യമില്ലാത്തവിധം സുവിദിതമാണെങ്കിലും അതിന് അനുബന്ധമായി ഉണ്ടായിരിക്കേണ്ട ചില കാര്യങ്ങൾ പണ്ഡിതർ വ്യാഖ്യാനിച്ചിട്ടുണ്ട്. അവയിൽ പരമപ്രധാനമായത് പരോപകാരമാണ്. ഒരു സൽസ്വഭാവി സദാ സേവനതത്പരനായിരിക്കും. ഞാൻ താങ്കൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന മനോഭാവമാണ് അവനുണ്ടാകുക. ജനങ്ങളിൽനിന്ന് സേവനം സ്വീകരിക്കുകയല്ല അവർക്ക് സേവനം ചെയ്യുകയായിരിക്കും ഇവരുടെ ലക്ഷ്യം. ഇങ്ങനെ പ്രത്യുപകാരം പ്രതീക്ഷിക്കാതെ പുണ്യം ചെയ്യുന്നവരാണ് സൽസ്വഭാവികൾ.

നമസ്‌കാരം, നോമ്പ് എന്നിവ ഇസ്‌ലാമിലെ ആരാധനാകർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായവയാണ്. ഇവ അനുഷ്ഠിക്കുന്നതുകൊണ്ട് ലഭ്യമാകുന്നതിനു സമാനമായ പുണ്യം ഒരു വിശ്വാസിക്ക് വേണമെങ്കിൽ തന്റെ സ്വഭാവശുദ്ധിയിലൂടെ നേടാനാകും.

ആഇശ(റ)യിൽനിന്ന് നിവേദനം, നബി ﷺ   പറഞ്ഞു: “ഒരു വിശ്വാസി തന്റെ നല്ല സ്വഭാവംകൊണ്ട് രാത്രി നമസ്‌കരിക്കുകയും പകൽ നോമ്പെടുക്കുകയും ചെയ്യുന്നവന്റെ പദവി കൈവരിക്കും’’ (അബൂദാവൂദ്).

സൽസ്വഭാവത്തിന്റെ പാരത്രിക നേട്ടങ്ങളെ കുറിച്ച് പറയുക മാത്രമല്ല; നബി ﷺ   തന്റെ ജീവിതത്തിൽ അത് പകർത്തി ലോകർക്ക് മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട്.

അനസ്ബിൻ മാലിക്(റ) പറഞ്ഞു: “നബി ﷺ   ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുളള വ്യക്തിയായിരുന്നു’’ (മുസ്‌ലിം).

ഇസ്‌ലാമിലെ ഏറ്റവും മഹത്തായ ആരാധനാകർമങ്ങളായ നമസ്‌കാരവും നോമ്പും അനുഷ്ഠിക്കുന്നതിനു സമാനമായ പ്രതിഫലം സൽസ്വഭാവംകൊണ്ട് നേടാനാകുന്നതുപോലെ ചീത്തസ്വഭാവം കൊണ്ട് ആരാധനാകർമങ്ങൾ നിഷ്ഫലമാകുന്ന അവസ്ഥയും സംജാതമാകും.

ഒരു വ്യക്തിക്ക് സ്വർഗം നേടാൻ ഏറ്റവും അനിവാര്യമായി വേണ്ട സ്വഭാവഗുണം ദൈവഭക്തിയാണ് അഥവാ തക്വ്‌വയാണ്. തക്വ്‌വ കഴിഞ്ഞാൽ ഒരാളെ സ്വർഗപ്രവേശനത്തിന് പ്രാപ്തനാക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനം അവന്റെ സ്വഭാവഗുണങ്ങളാണെന്നും പ്രവാചകൻ ﷺ   പഠിപ്പിച്ചിട്ടുണ്ട്.

നബി ﷺ  യോട് ചോദിക്കപ്പെട്ടു: ‘ഏറ്റവും അധികം സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നത് എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘ഭയഭക്തി, സൽസ്വഭാവം.’ ‘അധികമായി നരകത്തിൽ പ്രവേശിപ്പിക്കുന്നത് എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘പൊളളയായ രണ്ടെണ്ണം -വായ, ഗുഹ്യസ്ഥാനം’(ഇബ്‌നുമാജ).

ഒരു വിശ്വാസയുടെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്നത് സൽസ്വഭാവമാണെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്. ഒരിക്കൽ പ്രവാചകനോട് പുണ്യത്തെക്കുറിച്ചും പാപത്തെക്കുറിച്ചും ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് പറഞ്ഞു: “പുണ്യം എന്നത് സൽസ്വഭാവമാണ്. പാപം എന്നത് നിന്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതാണ്.’’

ആരാധനാകർമങ്ങളിൽ കണിശതയും കൃത്യതയും പാലിക്കുന്ന ചില വിശ്വാസികൾ സ്വഭാവരംഗത്ത് സൂക്ഷ്മത പുലർത്താറില്ല എന്നത് ഒരു വിരോധാഭാസമാണ്.

വിശ്വാസം പൂർത്തിയായവൻ ഏറ്റവും നല്ല സ്വഭാത്തിനുടമയാണെന്നാണ് നബി ﷺ   പഠിപ്പിച്ചിട്ടുളളത്.

അന്ത്യദിനത്തിൽ പ്രവാചകനോട് അടുത്തിരിക്കുന്നവരും സൽസ്വഭാവമുളളവരായിരിക്കും. നബി ﷺ   പറഞ്ഞു: “എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും അന്ത്യദിനത്തിൽ ഇരിപ്പിടത്തിൽ എന്നോട് ഏറ്റവും അടുത്തിരിക്കുന്നവരും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുളളവരാണ്. നിങ്ങളിൽ എനിക്ക് ഏറ്റവും വെറുക്കപ്പെട്ടവരും അന്ത്യദിനത്തിൽ എന്നോട് ഏറ്റവും അകന്നിരിക്കുന്നവരും നിങ്ങളിൽ ചീത്ത സ്വഭാവമുളളവരും വായാടികളും മേൽകോയ്മയോടെ സംസാരിക്കുന്നവരും വലിയവായിൽ സംസാരിക്കുന്നവരുമാണ്’’ (സ്വഹീഹുത്തർഗീബ്).

നമ്മുടെ ആശ്രിതരും അയൽക്കാരുമായ അനവധിയാളുകൾക്ക് നമ്മുടെ സഹായം ആവശ്യമായിവരാറുണ്ട്. ആവശ്യക്കാരിൽനിന്ന് പുറംതിരിയുന്നതും അവരെ കണ്ടില്ലെന്ന് നടിക്കുന്നതും ഒരിക്കലും സൽസ്വഭാവമല്ല.

സാമ്പത്തികമായി സഹായിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. ആധുനിക സമൂഹത്തിൽ പലർക്കും അത് ആവശ്യവുമില്ല. എന്നാൽ ആശ്വാസ വചനങ്ങളുടെ കുളിർമഴ ലഭിക്കാൻ ആഗ്രഹിക്കുന്ന അനേകർ നമുക്കുചുറ്റുമുണ്ട്. അവരോട് മുഖപ്രസന്നതയും സൽസ്വഭാവവും കാണിക്കുന്നതിന് യാതൊരു മുതൽ മുടക്കുമില്ല.

സൽസ്വഭാവത്തിന്റെ അടയാളമായി പണ്ഡിതർ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഔദാര്യമനഃസ്ഥിതിയാണ്. സാമ്പത്തിക രംഗത്ത് പിശുക്ക് കൂടാതെ മറ്റുളളവർക്ക് വേണ്ടി സഹായ സഹകരണങ്ങൾ ചെയ്യുന്നതാണ്. അല്ലാഹു പറയുന്നു:

“അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ ചെലവ് ചെയ്യുക. (പിശുക്കും ഉദാസീനതയും മൂലം) നിങ്ങളുടെ കൈകളെ നിങ്ങൾതന്നെ നാശത്തിൽ തള്ളിക്കളയരുത്. നിങ്ങൾ നല്ലത് പ്രവർത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും’’ (ക്വുർആൻ 2:195).

നമ്മുടെ വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും നല്ല മനസ്ഥിതി വെച്ചുപുലർത്തുകയും ഗുണകാംക്ഷയോടുകൂടി മറ്റുളളവർക്ക് വേണ്ടി പ്രവർത്തിക്കുകയും വേണം സർവോപരി മറ്റുളളവരിൽനിന്ന് നേരിടേണ്ടിവരുന്ന അനിഷ്ടകരമായ കാര്യങ്ങൾ സഹിക്കുകയും ക്ഷമിക്കുകയും വേണം.

നബി ﷺ   പറഞ്ഞു: “നീ അല്ലാഹുവിനെ സൂക്ഷിക്കുക; എവിടെയണെങ്കിലും. തിന്മയെ നന്മകൊണ്ട് തുടർത്തുക. എങ്കിൽ തിന്മ നന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തോടുകൂടി പെരുമാറുക’’(അഹ്‌മദ്, തുർമുദി).

ജനങ്ങൾ എങ്ങനെയാണ് നമ്മോട് പെരുമാറാൻ നമ്മൾ ആഗ്രഹിക്കുന്നത്, അതുപോലെ നാം അവരോടും അനുവർത്തിക്കേണ്ടതുണ്ട്.

സൽസ്വഭാവത്തിലൂടെ അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രീതി കരസ്ഥമാക്കൻ കഴിയും. ജനങ്ങൾ അവനോട് ഇണങ്ങുകയും ശത്രുക്കൾ ഇല്ലാതാകുകയും എല്ലാവരും അവന്റെ മിത്രങ്ങളായിത്തീരുകയും ചെയ്യും.

മുഖപ്രസന്നതയോടെ മറ്റുളളവരെ കണ്ടുമുട്ടുന്ന ഒരു വ്യക്തി തന്റെ സന്തോഷത്തിന്റെ ഒരു പങ്ക് മറ്റുളളവർക്ക് നൽകുകയാണ് ചെയ്യുന്നത്. അത് അവരുടെ ദുഖങ്ങൾ ദൂരീകരിക്കാൻ ഒരളവോളം സഹായകമാകുകയും ചെയ്യും. എന്നാൽ ഗൗരവ, വിഷാദ ഭാവങ്ങളോടെ ജനങ്ങളെ അഭിമുഖീകരിക്കുന്നവർ മറ്റുള്ളവരുടെ മൂഡ് മോശമാക്കുകയാണ് ചെയ്യുന്നത്.

വാഗ്‌വിചാര കർമങ്ങളിലെ സത്യസന്ധത, ക്ഷമ, കൃതജ്ഞത, വിനയം…തുടങ്ങിയവ സൽസ്വഭാത്തിന്റെ സഹജ ഗുണങ്ങളാണ്. അതോടൊപ്പം കളവ്, വഞ്ചന, അസൂയ, വെറുപ്പ,് പക, വിദ്വേഷം, പിശുക്ക്, അഹങ്കാരം, അലസത, ഭീരുത്വം, അത്യാഗ്രഹം എന്നീ ദുർഗുണങ്ങൾ വെടിയുകയും വേണം. എങ്കിൽ ഒരു വിശ്വാസിക്ക് സൽസ്വഭാവത്തിനുടമയായിത്തീർന്ന് പാരത്രികലോകത്ത് അത്യുന്നത അനുഗ്രഹങ്ങൾ ആർജിക്കാൻ കഴിയും. അല്ലാഹു പറഞ്ഞു:

“നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവുംനേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമനിഷ്ഠപാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോടുതന്നെ വല്ല ദ്രോഹവും ചെയ്തുപോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർക്ക്‌വേണ്ടി. -പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്?-ചെയ്തുപോയ (ദുഷ്)പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ’’ (ക്വുർആൻ 3:133-135).