ഹിജാബ് വിവാദവും ഗവര്‍ണറുടെ വെളിപാടുകളും

ടി.കെ അശ്‌റഫ്

2022 മാർച്ച് 5, 1442 ശഅബാൻ 2

എവിടെയും ഇന്ന് ഹിജാബാണ് ചര്‍ച്ചാവിഷയം. കര്‍ണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും തലയില്‍ തട്ടമിട്ട് എത്തുന്ന മുസ്‌ലിം പെണ്‍കുട്ടികളെ ഗേറ്റില്‍ തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. അങ്ങേയറ്റത്തെ ഹൃദയവ്യഥയോടെയല്ലാതെ ഈ ദൃശ്യങ്ങള്‍ കാണാനാവില്ല.

ഹിജാബ് വിവാദ വിഷയമായത് മുസ്‌ലിം പെണ്‍കുട്ടികള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ തലയില്‍ തട്ടമിട്ടതുകൊണ്ടല്ല. ഹിജാബ് ധരിച്ച് ക്ലാസ്സില്‍ എത്തിയതിന്റെ കാരണത്താല്‍ സഹപാഠികളുടെ മൗലികാവകാശത്തെ ഹനിക്കുകയോ വിദ്യാലയത്തില്‍ ആര്‍ക്കെങ്കിലും ശല്യം ഉണ്ടാക്കുകയോ ചെയ്തതിന്റെ പേരിലും അല്ല ഇപ്പോള്‍ ഈ വിവാദം ഉണ്ടായിരിക്കുന്നത്.

നൂറ്റാണ്ടുകളായി ലോകരാജ്യങ്ങളിലും അവിഭക്ത ഇന്ത്യയിലും വിഭജനാനന്തര ഇന്ത്യയിലും മുസ്‌ലിം സ്ത്രീകള്‍ നിരാക്ഷേപം ധരിച്ച് വരുന്ന ഒന്നാണ് ഹിജാബ്. എത്ര പെട്ടെന്നാന്ന് ഹിജാബിന്റെ പേരില്‍ സാഹചര്യം മാറിമറിഞ്ഞത്! ഇതുവരെ യൂണിഫോം നിലവിലില്ലാത്ത കോളേജുകളില്‍വരെ തല മറയ്ക്കുന്നത് യൂണിഫോമിന് എതിരാണെന്ന് പ്രത്യേക ലക്ഷ്യത്തോടെ സര്‍ക്കുലര്‍ ഇറക്കുന്നു! ഹിജാബ് ധരിച്ച് എത്തിയ കുട്ടികളെ ഗേറ്റില്‍ തടയുകയും ക്ലാസ്സിന് പുറത്തു നിര്‍ത്തുകയും ചെയ്യുന്നു. തൊട്ടടുത്ത ദിവസം കാവിഷാള്‍ അണിഞ്ഞുകൊണ്ട് മറ്റൊരു കൂട്ടം വിദ്യാര്‍ഥികള്‍ കടന്നുവരുന്നു. ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുന്നു. സംഘര്‍ഷത്തിലേക്ക് വഴിമാറുന്നു. ഹിജാബ് ധരിക്കുകയെന്ന തങ്ങളുടെ മൗലികാവകാശം പുനഃസ്ഥാപിക്കുവാനായി വിദ്യാര്‍ഥിനികള്‍ നീതിപീഠത്തെ സമീപിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഹിജാബിനെയും കഴിഞ്ഞ ദിവസം ഒരു വാശിപ്പുറത്ത് ചിലര്‍ ധരിച്ച കാവിഷാളിനെയും ഒരു പോലെ സമീകരിക്കുന്നതാണ് നാം പിന്നീട് കണ്ടത്!

രണ്ടും മതവസ്ത്രമാണെന്നും  തല്‍കാലം കാമ്പസില്‍ അതൊന്നും പറ്റില്ലെന്നുമുള്ള കോടതിയുടെ വിചിത്രമായ നിരീക്ഷണമാണ് ഇടക്കാല ഉത്തരവിലൂടെ പുറപ്പെടുവിച്ചത്. ഒരു പൗരന്റെ മൗലികാവകാശം ഒരു ദിവസത്തെക്കാണെങ്കിലും മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി എന്നത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്ത പുള്ളിയാണ്. ഹിജാബ് ധരിച്ചെത്തിയവരെ കോടതിയുടെ ഇടക്കാല ഉത്തരവ് ഉയര്‍ത്തിക്കാട്ടി കൂടുതല്‍ കാമ്പസുകളില്‍ തടയുന്ന ദൃശ്യമാണ് ശേഷവും കണ്ടുകൊണ്ടിരിക്കുന്നത്. പരീക്ഷ എഴുതാനാകാതെ തിരിച്ചുപോകുന്ന കുട്ടികളുടെ ദൃശ്യം ആരുടെ കണ്ണിനെയാണ് ഈറനണിയിക്കാത്തത്!

ഇവിടെ ഈ കുട്ടികളുടെ അവകാശത്തിന് വേണ്ടി സധൈര്യം നിലകൊണ്ട പൊതുപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമ പ്രവര്‍ത്തകര്‍, പത്രങ്ങള്‍, ചാനലുകള്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാല്‍ ചില മാധ്യമ പ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും ഇരുവിഭാഗവും പ്രശ്‌നക്കാരാണന്നും അഥവാ അടിച്ചവനും അടികൊണ്ടവനും ഒരുപോലെയാണ് എന്നും വരുത്തിത്തീര്‍ക്കുവാനാണ് ശ്രമിക്കുന്നത്. മാത്രമല്ല, ചര്‍ച്ചയെ വഴിതിരിച്ച് കൊണ്ടുപോവുകയും ചെയ്യുന്നു. മതവിശ്വാസം മുറുകെപിടിച്ച് ജീവിക്കാനും വിദ്യാഭ്യാസം നേടാനുമുള്ള ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശം ഇത്രയുംകാലം അനുവദിച്ച് കൊടുത്തതുപോലെ അനുവദിക്കണം എന്ന് വളച്ച് കെട്ടില്ലാതെ പറയുന്നതിന് പകരം, ഹിജാബ് എന്നാല്‍ എന്താണെന്നും അത് പര്‍ദയാണോ, നിഖാബാണോ തുടങ്ങിയ ചര്‍ച്ചകളിലേക്കാണ് പലരും ബോധപൂര്‍വം ഈ വിഷയത്തെ കൊണ്ടുപോകുന്നത്.  ഇനി മുതല്‍, ചാനലുകളിലും രാഷ്ട്രീയ വേദികളിലും കോടതി വ്യവഹാരങ്ങളിലും ഡിബേറ്റ് നടത്തി തീരുമാനിക്കുന്നതേ ഓരോ മതവിഭാഗത്തിന്റെയും വിശ്വാസവും ആചാരവും ആഘോഷവുമായി അംഗീകരിക്കാവൂ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത്.

ഇവിടെ തിരുത്തേണ്ട ചില ധാരണകളുണ്ട്. ഒരു വിഭാഗത്തിന്റെ മതവിശ്വാസം എന്താണെന്ന് തീരുമാനിക്കേണ്ടത് അവരുടെ മതഗ്രന്ഥങ്ങളാണ്. രാജ്യത്തിനോ മറ്റുള്ളവര്‍ക്കോ അതില്‍ ഇടപെടാന്‍ അവകാശമില്ല. ഒരാളുടെ മതവിശ്വാസം മറ്റുള്ളവര്‍ക്ക് ശല്യമാകരുത് എന്ന് മാത്രം. ഒരു മതത്തിന്റെ വിശ്വാസം ആ മതത്തിലെ നാമധാരികളെ നോക്കിയല്ല തീരുമാനിക്കേണ്ടത്. ലഹരി ഉപയോഗിക്കുന്നവര്‍ മുസ്‌ലിം സമുദായത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഹരി ഇസ്‌ലാമില്‍ ഹറാമല്ല എന്ന് പറയാനാകുമോ? ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് ഭരണഘടന ഒരു പൗരന് നല്‍കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്നതിനെ കുറിച്ചായിരിക്കണം. ഹിജാബിന്റെ ചര്‍ച്ച വേറെ നടത്താം. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ സുരക്ഷയും അവകാശവും ചര്‍ച്ച ചെയ്യപ്പെടുന്നതില്‍  ഇസ്‌ലാമിക പ്രബോധകര്‍ക്ക് സന്തോഷമേയുള്ളൂ.

ഹിജാബ് നിര്‍ബന്ധമല്ലെന്നോ?

ചാനലുകളിലും പത്രങ്ങളിലും ചിലര്‍ ഉയര്‍ത്തുന്ന വാദങ്ങളുടെ നിജസ്ഥിതിയും നാം അറിയേണ്ടതുണ്ട്. ഹിജാബ് ഇസ്‌ലാമില്‍ ഒരു നിര്‍ബന്ധ കടമയല്ലെന്ന (essential practice) വാദമാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കാര്യമായി വാദിച്ചതും ഇതേ കാര്യമാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രവാചക ﷺ ന്റെ കാലത്ത് സ്വഹാബാവനിതകളൊന്നും സൗന്ദര്യം മറച്ചുവച്ചിട്ടില്ലന്നും ഹിജാബ് ധരിച്ചിരുന്നില്ലെന്നും തന്റെ മുസ്‌ലിം നാമത്തിന്റെ ആനുകൂല്യമുപയോഗിച്ച് ‘ആധികാരികമായി’ സമര്‍ഥിക്കാന്‍ മീഡിയകള്‍ക്ക് മുമ്പില്‍ സാഹസപ്പെടുന്നത് നാം കണ്ടു.

പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്രം സംബന്ധിച്ച് കൃത്യമായ കല്‍പനകള്‍ പുറപ്പെടുവിച്ച മതമാണ് ഇസ്‌ലാം. ക്വുര്‍ആന്‍ പറയുന്നത് നോക്കൂ:

‘‘ഹേ, നബിയേ! നിന്റെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും പറയുക; അവര്‍ തങ്ങളുടെമേല്‍ തങ്ങളുടെ മേലാടകളില്‍നിന്നും (കുറെഭാഗം) താഴ്ത്തിയിട്ടുകൊള്ളണമെന്നും. അവര്‍ (തിരിച്ച്) അറിയപ്പെടുവാന്‍ വളരെ എളുപ്പമുള്ളതാണ്. അപ്പോഴവര്‍ക്കു ശല്യം ബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു’’ (33:59).

മറ്റൊരു സൂക്തത്തില്‍ ഇങ്ങനെ കാണാം: ‘‘സത്യവിശ്വാസികളായ സ്ത്രീകളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും അവരുടെ ഭംഗി -അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ-വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവര്‍, തങ്ങളുടെ മക്കനകള്‍ (ശിരോവസ്ത്രങ്ങള്‍) അവരുടെ മാര്‍വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ...’’ (24:31).

മേല്‍ വചനങ്ങളില്‍നിന്നും മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിച്ചിരിക്കണമെന്ന കാര്യം ഇസ്‌ലാമില്‍ നിര്‍ബന്ധ കല്‍പനയാെണന്നത് സുവ്യക്തമാണ്.

ഇസ്‌ലാം കാര്യത്തില്‍ ഹിജാബ് ഉള്‍പ്പെടില്ലെന്നോ?

ഹിജാബ് വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ചാനല്‍ ചര്‍ച്ചയില്‍ ചിലര്‍ സംഘടിതമായി ചോദിച്ച ഒരു ചോദ്യം ഇപ്രകാരമായിരുന്നു: ‘മുസ്‌ലിംകള്‍ക്ക്  നിര്‍ബന്ധമായും പാലിക്കേണ്ടത് ഇസ്‌ലാം കാര്യങ്ങളായ ശഹാദത്ത്, നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ അഞ്ച് കാര്യങ്ങള്‍ മാത്രമല്ലേ? അതില്‍ എവിടെയാണ് ഹിജാബുള്ളത്?’

കേട്ടാല്‍ തോന്നും ഇത് എന്തോ വലിയൊരു കണ്ടെത്തലാണന്ന്. ഇസ്‌ലാം കാര്യത്തില്‍ പോലും പരാമര്‍ശിക്കാത്ത ഹിജാബെന്ന ഒരു നിസ്സാര കാര്യത്തിന്റെ പേരിലാണ് മുസ്‌ലിം സമുദായം വാശിപിടിക്കുന്നതെന്ന ചിന്തയാണ് പൊതുസമൂഹത്തിന് മുന്നില്‍ ഇവര്‍ ഉയര്‍ത്തിവിടുന്നത്.

ഈ വാദം ഉന്നയിക്കുന്നവര്‍ക്ക് ഇസ്‌ലാമിന്റെ ബാലപാഠം പോലുമറിയില്ലന്ന കാര്യം നാം തിരിച്ചറിയണം. എന്താണ് ശഹാദത്ത് കലിമയെന്നും ഒരു മുസ്‌ലിമിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളെന്തെന്നും മനസ്സിലാക്കാത്തതാണ് അടിസ്ഥാന പ്രശ്‌നം.

ആറ് വിശ്വാസ കാര്യങ്ങളും (ഈമാന്‍ കാര്യങ്ങള്‍) അഞ്ച് കര്‍മകാര്യങ്ങളും (ഇസ്‌ലാം കാര്യങ്ങള്‍) അംഗീകരിച്ച് അതനുസരിച്ച് ജീവിക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി.

അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം, ദൈവദൂതന്മാരിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം, പരലോകത്തിലുള്ള വിശ്വാസം എന്നിവയാണ് ഈമാന്‍ കാര്യങ്ങള്‍. അഥവാ നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങള്‍.

‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്ന പ്രഖ്യാപനമാണ് ശഹാദത്ത് അഥവാ സാക്ഷ്യവാക്യം. ഇത് മനസ്സിലുറപ്പിച്ച് നാവുകൊണ്ട് ഉച്ചരിക്കുന്നതിലൂടെ അല്ലാഹുവും അവന്റെ ദൂതനും കല്‍പിച്ചതെല്ലാം ഞാന്‍ അംഗീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുമെന്നാണ് ഒരു മുസ്‌ലിം പ്രഖ്യാപിക്കുന്നത്. അതിനാല്‍ ക്വുര്‍ആനിലും പ്രവാചക വചനങ്ങളിലും നിര്‍ബന്ധമായി നിര്‍വഹിക്കണമെന്ന് പഠിപ്പിച്ച കാര്യങ്ങളെല്ലാം ഒരു മുസ്‌ലിം നിര്‍ബന്ധമായി അനുഷ്ഠിക്കേണ്ടതാണ്. അതെല്ലാം പ്രത്യേകം ഇസ്‌ലാം കാര്യത്തില്‍ എണ്ണിപ്പറയണമെന്നില്ല. അപ്രകാരം ക്വുര്‍ആന്‍ നിര്‍ബന്ധമായി കല്‍പിച്ച ഒന്നാണ് ഹിജാബ്. പ്രസ്തുത  വചനങ്ങള്‍ നാം മുകളില്‍ സൂചിപ്പിച്ചുകഴിഞ്ഞു.

അല്ലാഹു പറയുന്നത് നോക്കൂ: ‘‘റസൂല്‍ നിങ്ങള്‍ക്കു (കൊണ്ടു) തന്നതെന്തോ അതു നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. അദ്ദേഹം നിങ്ങളോട് എന്തിനെക്കുറിച്ചു വിരോധിച്ചുവോ (അതില്‍നിന്നു) വിരമിക്കുകയും ചെയ്യുക’’ (ക്വുര്‍ആന്‍ 59:7).

നബി ﷺ ചെയ്യാന്‍ കല്‍പിച്ചതെല്ലാം ചെയ്യലും വിരോധിച്ചതെല്ലാം വെടിയലും ഒരു മുസ്‌ലിമിന് നിര്‍ബന്ധമാണെന്ന് മേല്‍ വചനത്തില്‍നിന്നും വ്യക്തമാണ്. മാതാപിതാക്കളെ പരിചരിക്കണമെന്ന് ഇസ് ലാം കാര്യത്തില്‍ പ്രത്യേകം എണ്ണിയില്ലെന്ന് വാദിച്ച് ഒരു മുസ്‌ലിമിന് അക്കാര്യം ചെയ്യാതിരിക്കാനാവുമോ? എത്ര ബാലിശവും യുക്തിരഹിതവുമാണ് ഇവരുടെ വാദങ്ങള്‍!

വ്യക്തിയുടെ അവകാശം സ്ഥാപനത്തിന്റെ അവകാശത്തിന് താഴെയോ?

വ്യക്തിയുടെ അവകാശവും (individual right) സ്ഥാപനത്തിന്റെ അവകാശവും (institututional right)  ഒന്നിച്ചു വന്നാല്‍ സ്ഥാപനത്തിന്റെ താല്‍പര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന ‘ന്യായം’ പറഞ്ഞുകൊണ്ടാണ് കാമ്പസില്‍ ഹിജാബ് അഴിച്ചുവയ്ക്കണമെന്ന് വാദിക്കുന്നത്. ഈ വാദവും നിലനില്‍ക്കുന്നതല്ല.

വ്യക്തിയുടെ മതവിശ്വാസം എന്നത് അവന്റെ മൗലികാവകാശമാണ്. അതിനെതിരായി ഒരു സ്ഥാപനത്തിനും നയമുണ്ടാക്കാന്‍ സാധ്യമല്ല. 2018ല്‍ തിരുവല്ലയിലെ ഒരു സ്ഥാപനത്തില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാതെ വന്നപ്പോള്‍ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ഥിനിക്ക് അനുകൂല വിധി ലഭിക്കാതെ വന്നതാണ് institutional right ന് അപ്രമാദിത്തം നല്‍കാന്‍ പലരും തെളിവ് പിടിക്കുന്നത്.

അത് സ്വകാര്യ സ്ഥാപനമാണ്. ഭരണഘടനയുടെ 29, 30 വകുപ്പുകളുടെ ന്യൂനപക്ഷ അവകാശത്തെ മുന്‍നിര്‍ത്തിയാണ് അപ്രകാരം ഒരു വിധി വന്നിരിക്കുന്നത്. കര്‍ണാടകയില്‍ സര്‍ക്കാര്‍ കോളേജാണെന്ന സത്യം മറച്ചുപിടിച്ചാണ് സ്വകാര്യ സ്ഥാപനത്തിന് ലഭിച്ച വിധി ഉയര്‍ത്തിക്കൊണ്ട് ഹിജാബ് നിരോധനത്തെ ന്യായീകരിക്കുന്നത്. മാത്രവുമല്ല; 2017ല്‍ സി.ബി.എസ്.ഇ പരീക്ഷക്ക് ശിരോവസ്ത്രം അനുവദിക്കാതെ വന്നപ്പോള്‍ കോടതിയെ സമീപിച്ച വിദ്യാര്‍ഥിനിക്ക് അനുകൂല വിധി ലഭിച്ചത് ബോധപൂര്‍വം മറച്ചുപിടിക്കുകയും ചെയ്യുന്നു. ഹിജാബ് ധരിച്ച കുട്ടികള്‍ ഒരു മണിക്കൂര്‍ മുമ്പ് സ്ഥലത്തെത്തി ദേഹപരിശോധനക്ക് ശേഷം ഹിജാബ് ധരിച്ചുകൊണ്ടുതന്നെ പരീക്ഷ എഴുതാമെന്നാണ് അന്ന് കോടതി വിധിച്ചത്.

സുപ്രീം കോടതിയില്‍നിന്നുണ്ടായ മറ്റൊരു വിധിയും നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഒരു സ്വകാര്യ സ്‌കൂളില്‍, ‘യഹോവയുടെ സാക്ഷികള്‍‘ എന്ന ക്രിസ്തീയ വിഭാഗത്തില്‍പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ചു. ഗാനാലാപന സമയത്ത് ഈ കുട്ടികള്‍ സവിനയം എണീറ്റ് നില്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്തു. തങ്ങളുടെ മതാചാരം അനുശാസിക്കുന്നതുകൊണ്ടാണ് ഈ കുട്ടികള്‍ ഗാനാലാപനത്തില്‍ നിശ്ശബ്ദത പാലിച്ചത്. ഗവണ്‍മെന്റ് ഉത്തരവ് ലംഘിച്ചതിന് കുട്ടികളെ സ്‌കൂളില്‍നിന്നും പുറത്താക്കി. ഉത്തരവ് സാധുവാണന്ന് ഹൈക്കോടതി വിധിച്ചു. സുപ്രീം കോടതി ഈ വിധിയെ അസ്ഥിരപ്പെടുത്തുകയും കുട്ടികളെ സ്‌കൂളില്‍നിന്നും പുറത്താക്കിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഭരണഘടനയില്‍ കൊടുത്തിരിക്കുന്ന സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് പുറത്താക്കല്‍ ഉത്തരവ് എന്ന സുപ്രീം കോടതിയുടെ വിധി വ്യക്തിയുടെ മതപരമായ അവകാശവും സ്ഥാപനത്തിന്റെ താല്‍പര്യവും ഒന്നിച്ചുവന്നാല്‍, വ്യക്തിയുടെ മതവിശ്വാസം ഹനിക്കാന്‍ പാടിെല്ലന്ന് വ്യക്തമാക്കുന്നുണ്ട്.

യൂണിഫോമിന്റെ വിഷയത്തില്‍ സദുദ്ദേശമാണുള്ളതെങ്കില്‍ നിറം മാത്രം ഒന്നാക്കിയാല്‍തന്നെ യൂണിഫോമിന്റെ ലക്ഷ്യം നിര്‍വഹിക്കപ്പെടും. ഒരേ നിറത്തില്‍, ഓരോരുത്തരുടെയും ശരീരത്തിനും വിശ്വാസത്തിനും ഉചിതമായ വിധത്തില്‍ യൂണിഫോം ധരിക്കാന്‍ അനുവദിച്ചാല്‍ വിദ്യാഭ്യാസത്തിന് യാതൊരു കോട്ടവും തട്ടാനില്ല.

ഹിജാബ് ഒഴിവാക്കി വിജ്ഞാനം നേടണോ?

വിജ്ഞാനവും ഹിജാബും നേര്‍ക്കുനേര്‍ വന്നാല്‍ ഹിജാബ് ഒഴിവാക്കി വിജ്ഞാനം നേടാന്‍ കാമ്പസില്‍ എത്തുകയാണ് വേണ്ടതെന്ന് കേരള ഗവര്‍ണര്‍ നാഷണല്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആവശ്യപ്പെടുകയുണ്ടായി. ‘വായിക്കുക’ എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ക്വുര്‍ആന്‍ ഇറങ്ങിത്തുടങ്ങിയത്. വിദ്യ തേടി പുറപ്പട്ടവന്‍ തിരിച്ചുവരുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണെന്ന് നബി ﷺ പറഞ്ഞതായി കാണാം. ഒട്ടകം, ആകാശം, പര്‍വതം, ഭൂമി, രാപകലുകളുടെ മാറ്റം എന്നിങ്ങനെയുള്ള പലതിനെക്കുറിച്ചും ചിന്തിക്കുവാനുള്ള ആഹ്വാനം ക്വുര്‍ആനിലുണ്ട്.... ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്ന മുസ്‌ലിം പെണ്‍കുട്ടികളോടാണ് ഗവര്‍ണര്‍ ഹിജാബ് ഒഴിവാക്കി വിജ്ഞാനം നേടാന്‍ കോളേജിലെത്തണമെന്ന് ഉപദേശിക്കുന്നത്! ഇസ്‌ലാമിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നത് ക്വുര്‍ആനില്‍നിന്നും പ്രവാചകനില്‍നിന്നുമുള്ള വിജ്ഞാനത്തിന്റെ ഭാഗമാണ്. വിജ്ഞാനത്തിന് പ്രാധാന്യം നല്‍കുന്നതുകൊണ്ട് തന്നെയാണ് അത് ധരിച്ചുകൊണ്ട് മാത്രമെ വിജ്ഞാനം നേടാന്‍ കാമ്പസിലെത്താന്‍ കഴിയുകയുള്ളൂവെന്ന് മുസ്‌ലിം കുട്ടികള്‍ നിര്‍ബന്ധം പിടിക്കുന്നത്. വിജ്ഞാനം പകര്‍ന്നാല്‍ പോരാ, അത് ജീവിതത്തില്‍ പകര്‍ത്തുകകൂടി വേണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

നിങ്ങള്‍ക്ക് വിശ്വാസം വേണോ ഹിജാബ് വേണോ എന്ന ചോദ്യംതന്നെ ഒരു വിഭാഗത്തെ അരികുവത്കരിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണ്. നിങ്ങള്‍ക്ക് മുസ്‌ലിമായി ജീവിക്കുവാൻ ഇവിടെ സാധിക്കില്ലെന്ന് പറയുന്നതിന്റെ പ്രഥമഘട്ടമാണ് ഈ ചോദ്യം. മതവിശ്വാസം മൗലികാവകാശമായി എഴുതപ്പെട്ട ഒരു ഭരണഘടനയുള്ള രാജ്യത്ത് നിങ്ങള്‍ക്ക് മതവിശ്വാസം വേണോ വിദ്യാഭ്യാസം വേണോ എന്ന ചോദ്യംതന്നെ കുറ്റകൃത്യമാണ്. ഒന്നിച്ച് കാമ്പസിലെത്തുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ തന്റെ മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിച്ചുവെന്ന ഒരൊറ്റ കാരണത്താല്‍ തിരിച്ചയക്കപ്പെടുന്നത് ആ കുട്ടിയില്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം എത്രയാണ്? മതവിശ്വാസം ഹനിക്കപ്പെട്ടതിന്റെ പേരില്‍ ഇളംമനസ്സുകളില്‍ തീ കോരിയിടുന്നത് ഭരണഘടനാ ലംഘനമാണ്.

ഹിജാബ് പുരോഗതിക്ക് തടസ്സമോ?

ഹിജാബ് ധരിച്ചു മാത്രമെ വിദ്യാലയത്തില്‍ പോകുകയുള്ളൂ എന്ന  തീരുമാനം മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാണെന്നും അവരെ പിറകോട്ടടിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിക്കുന്നുണ്ട്.

ഹിജാബ് ധരിച്ച് പഠിച്ച പെണ്‍കുട്ടികള്‍ ലോകാടിസ്ഥാനത്തിലും നമ്മുടെ രാജ്യത്തും വിശിഷ്യാ കേരളത്തിലും ആണ്‍കുട്ടികളെ കടത്തിവെട്ടുംവിധം മിന്നും വിജയമാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നതെന്ന കാര്യം അദ്ദേഹം കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഹിജാബ് ധരിക്കുന്ന കുട്ടികള്‍ക്ക് അത് അവരുടെ പുരോഗതിക്ക് വിലങ്ങ് വയ്ക്കുന്നുണ്ടെന്ന പരാതിയില്ല. പിന്നെ ഗവര്‍ണര്‍ക്ക് മാത്രം എന്താണ് പ്രശ്‌നം ഉണ്ടാകേണ്ട കാര്യം?

മുസ്‌ലിം പെണ്‍കുട്ടികളെ ഹിജാബ് ധരിപ്പിച്ച് വിദ്യാഭ്യാസത്തില്‍നിന്ന് തടയാന്‍ മുസ്‌ലിം സമുദായം എന്തായാലും ഗൂഢാലോചന നടത്തില്ലെന്ന കാര്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

സമുദായം തിരിച്ചറിയേണ്ടത്

സമുദായത്തില്‍ ഹിജാബ് ധരിക്കാത്തചില മുസ്‌ലിം പെണ്‍കുട്ടികളെ ചൂണ്ടി ‘അവരും നിങ്ങളെപ്പോലെയല്ലേ, നിങ്ങള്‍ക്ക് മാത്രമെന്താണ് ഇതിലിത്ര വാശി’ എന്നത് ഹിജാബ് ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു ചോദ്യമാണ്. ശരിയാംവിധം ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന മുസ്‌ലിം പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും  ഈ ചോദ്യത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. നമ്മള്‍ മുഖേന ഇസ്‌ലാമിനും മുസ്‌ലിം സമുദായത്തിനും ഒരു പ്രതിസന്ധിയുണ്ടാകാന്‍ ഇടയുണ്ടാക്കരുത്. കോടതിയിലും പൊതുസമൂഹത്തിലും ഹിജാബിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പോരാട്ടം തുടരുമ്പോള്‍ തന്നെ സ്വന്തം വീട്ടിലുള്ള സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.