വിശുദ്ധ ക്വുർആൻ വിപ്ലവത്തിന്റെ വഴികാട്ടി

ഡോ. ടി. കെ യൂസുഫ്

2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

അജ്ഞതാന്ധകാരങ്ങളിലും സാംസ്‌കാരിക ജീർണതകളിലും ജീവിച്ചിരുന്ന അപരിഷ്‌കൃതരായ അറബികളെ ഉത്തമ സമുഹമാക്കി മാറ്റിയതിൽ വിശുദ്ധ ക്വുർആൻ നിർവഹിച്ച പങ്ക് ഇസ്‌ലാമിന്റെ ശത്രുക്കൾ പോലും അംഗീകരിക്കുന്നതാണ്. അധാർമികത കൊടികുത്തിവാണിരുന്ന ആ പ്രാകൃത ജനസമൂഹത്തെ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് പരിവർത്തിപ്പിക്കാൻ ക്വുർആൻ സ്വീകരിച്ച രീതിയും മാർഗവും എന്തായിരുന്നു? അത് മനസ്സിലാക്കുന്നത് അഭിനവ ജാഹിലിയ്യത്തിനെതിരെ പൊരുതുവാനും ധാർമിക വിപ്ലവം നടത്തുവാനും ഏറെ സഹായകരമാണ്.

ബഹുദൈവാരാധന, കൊല, കൊള്ള, മദ്യപാനം. വ്യഭിപിചാരം, പലിശ, സാമ്പത്തിക അഴിമതി, ലൈംഗിക പീഡനം തുടങ്ങി സകലവിധ തോന്നിവാസങ്ങളുടെയും ഉപാസകരായി ജീവിച്ചിരുന്ന ആ അന്ധസമൂഹത്തെ സംസ്‌കരിക്കാൻ വേണ്ടി അവതരിച്ച വേദഗ്രന്ഥം ആദ്യമായി അവരോട് ആവശ്യപ്പെടുന്നത് വായിക്കാനാണ്. ക്വുർആനിലെ പ്രഥമ വചനത്തിലൂടെത്തന്നെ മദ്യവും വ്യഭിചാരവും വിലക്കുകയാണെങ്കിൽ അവയിൽ മദിച്ചു ജീവിച്ചിരുന്ന ആ കാടൻ ജനതക്ക് അത് പെെട്ടന്ന് ഉൾകൊള്ളാൻ കഴിഞ്ഞുകൊളളണമെന്നില്ല. വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ സമൂല മാറ്റത്തിന്റെ ആധാരശിലയായിവർത്തിക്കുക എന്ന തത്ത്വമാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. അതുപോലെ പലിശ പോലുള്ളസാമ്പത്തിക ചൂഷണങ്ങൾക്കെതിരെയാണ് ക്വുർആൻ ആദ്യമായി വാളോങ്ങുന്നതെങ്കിൽ ആ സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രമെ ഇസ്‌ലാമിന്റെ കൊടിക്കീഴിൽ അണിനിരത്താനാകുമായിരുന്നുളളൂ.

യുദ്ധത്തിന്റെ കെടുതികൾമൂലം ദുരിതമനുഭവിക്കുകയും സംഘട്ടനങ്ങളും പോരാട്ടങ്ങളും നിമിത്തം പൊറുതിമുട്ടുകയും ചെയ്തിരുന്ന ആ ജനതയിലേക്ക് യുദ്ധം നിഷിദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രവാചകൻ കടന്നുവരികയാണെങ്കിൽ യുദ്ധത്തിന്റെ ബലിയാടുകളായ ഒരുപിടി ആളുകൾ ആ ദിവ്യസന്ദേശത്തെ വളരെ പെട്ടെന്ന് വാരിപ്പുണരുമായിരുന്നു. അതുപോലെ സാമ്പത്തിക ചൂഷണത്തിന്റെ നുകം പേറി പീഡിതരായി കഴിഞ്ഞിരുന്ന അവരിലേക്ക് പലിശ നിരോധിച്ചുകൊണ്ടുളള വചനങ്ങളാണ് ആദ്യമായി അവതരിച്ചിരുന്നതെങ്കിൽ കൊളളപ്പലിശകൊണ്ട് നരകിച്ചിരുന്ന പാവങ്ങൾ താമസിയാതെ ഈ വേദത്തിൽ ആകൃഷ്ടരാകുകയും ചെയ്യുമായിരുന്നു.

മുന്തിരിക്കള്ളിൽ മത്തുപിടിച്ച് ജീവിക്കുകയും ‘മുന്തിരിവല്ലിതൻ മൂലത്തിലാവണം എൻ ശവക്കല്ലറ’എന്നു പാടിയിരുന്നവർ പോലും ജീവിച്ചിരുന്ന ആ ഇരുണ്ട കാലത്തിലെ മനുഷ്യരോട് മദ്യം വെടിയാനാണ് ക്വുർആൻ ആദ്യമായി ആവശ്യപ്പെട്ടിരുന്നതെങ്കിൽ ആ ജനത ഇസ്‌ലാമിന്റെ സന്ദേശത്തെ തിരസ്‌കരിക്കുമായിരുന്നു. ലൈംഗിക സദാചാരത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച് അഴിഞ്ഞാടിയിരുന്ന ആ ഭോഗാസക്തരോട് ആദ്യമെ ധാർമിക വിശുദ്ധിയുടെ വേദവാക്യങ്ങളാണ് ഓതിക്കൊടുത്തിരുന്നതെങ്കിൽ അവർക്കത് അരോചകമായിത്തീരുകയും ദൈവികവചനങ്ങൾ ചെവിക്കൊള്ളാൻ അവർ വിമുഖത കാണിക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ എല്ലാവിധ അധാർമികതയിലും വേരുറച്ച ഒരു സമൂഹത്തെ ആദ്യമായി മാനസികമായി പരിവർത്തിപ്പിക്കുകയും പിന്നീട് പാപങ്ങൾ പരിത്യജിക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് ക്വുർആൻ ചെയ്തത്.

ആദ്യവചനത്തിലൂടെ തന്നെ വായിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവതരിച്ച ക്വുർആൻ തുടർ വചനങ്ങളിലൂടെ വായനയുടെ മഹത്ത്വമല്ല പറഞ്ഞത്. മറിച്ച്, സൃഷ്ടിച്ചവനായ രക്ഷിതാവിന്റെ നാമത്തിൽ എന്നു പറഞ്ഞ് മനുഷ്യനെ സൃഷ്ടിച്ച് പരിപാലിക്കുന്ന സർവശക്തനായ നാഥനെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. കേവലം വായനകൊണ്ട് മാത്രം ഒരു ജനത സംസ്‌കൃതി കൈവരിക്കണമെന്നില്ല. ബിരുദാന്തരബിരുദമുളള എത്രയോ വിദ്യാഭ്യാസ വിചക്ഷണർ ധാർമിക, സദാചാര നിയമങ്ങൾ കാറ്റിൽ പറത്തി ജീവിക്കുന്നതായി നമുക്ക് കാണാൻ കഴിയും. എന്നാൽ മനുഷ്യന്റെ രഹസ്യവും പരസ്യവുമായ എല്ലാ പ്രവർത്തനങ്ങളും അറിയുന്ന ഒരു മഹാശക്തിയുണ്ട് എന്ന അവബോധം മനുഷ്യനുണ്ടായാൽ അവന്റെ പ്രവർത്തനങ്ങൾ സ്വാഭാവികമായും നന്നായിത്തീരും. അതിനു വേണ്ടിയുളള ശ്രമങ്ങൾക്കാണ് ക്വുർആൻ ആദ്യമായി ഊന്നൽ നൽകിയിട്ടുളളത്.

ദൈവവിശ്വാസം വെച്ചുപുലർത്തുന്ന ഒട്ടനവധി പേർ ലോകത്ത് ജീവിക്കുന്നുണ്ടെങ്കിലും അവരിൽ അധികപേരും ധാർമിക, സദാചാര നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ല. ദൈവത്തെക്കുറിച്ചുളള ശരിയായ അറിവിന്റെ അഭാവം നിമിത്തം മരിച്ചുപോയവരും അല്ലാത്തവരുമായ ചില മധ്യവർത്തികളെ പ്രീതിപ്പെടുത്തി ചുളുവിൽ പരലോകശിക്ഷയിൽനിന്ന് മോചനം നേടാം എന്ന വ്യാമോഹമാണ് അവർ വെച്ചുപുലർത്തുന്നത്. അതുകൊണ്ട് തന്നെ ചില മനുഷ്യരടക്കമുള്ള സൃഷ്ടികളെയും വിഗ്രഹങ്ങളെയും വിളിച്ചുതേടുന്നതിലെ നിരർഥകത ജനങ്ങളെ ബോധ്യപ്പെടുത്തി മനസ്സിൽ കറകളഞ്ഞ ഏകദൈവവിശ്വാസംവേരുറപ്പിക്കാനാണ് ക്വുർആൻ പരമപ്രധാനമായി ശ്രമിക്കുന്നത്. ജാഹിലിയ്യ കാലത്ത് ജനങ്ങൾക്ക് ദൈവ വിശ്വാസമുണ്ടായിരുന്നുവെങ്കിലും ആഗ്രഹ സഫലീകരണത്തിന് അവർ പുണ്യപുരുഷന്മാരുടെ വിഗ്രഹങ്ങളെയാണ് ആരാധിച്ചിരുന്നത്. എന്നാൽ സമുദ്രയാത്രയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട് കപ്പൽ തകരുന്നതുപോലുളള ചില സന്ദിഗ്ധ ഘട്ടങ്ങളിൽ അവർ അല്ലാഹുവിനെ മാത്രം വിളിച്ചുതേടിയിരുന്നതായും ക്വുർആൻ പറയുന്നുണ്ട്. എന്നാൽ അതിൽനിന്ന് രക്ഷപ്പെടുന്നതോടെ അവരുടെ നിലപാട് മാറുകയും അവർ വീണ്ടും ബഹുദൈവാരാധയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. അതുകൊണ്ട്തന്നെ ക്വുർആനിൽ ആദ്യമായി അവതരിച്ച വചനങ്ങൾ പരിശോധിക്കുകയാണങ്കിൽ അവയിലെല്ലാം ബഹുദൈവവിശ്വാസത്തിനെതിരെയുള്ള കർക്കശമായ നിലപാട് കാണാം. കാരണം വിശ്വാസവൈകല്യമുള്ള ഒരു ജനത; അവർ എന്ത് പുരോഗതി നേടിയാലും അതെല്ലാം അർഥശൂന്യമാണ്.

ജനങ്ങളെ ആപാദചൂഡം ഗ്രസിച്ചിട്ടുള്ള തിന്മകളെയും വൈകൃതങ്ങളെയും നിഷ്‌ക്കാസനം ചെയ്യുന്ന രംഗത്ത് സ്വീകരിക്കേണ്ട നയവും ക്വുർആൻ വിവരിക്കുന്നുണ്ട്. തിന്മക്കെതിരെ ഒറ്റയടിക്കുള്ള വിലക്കുകൾ വിപരീതഫലം ഉളവാക്കും എന്നുളളതുകൊണ്ട് മദ്യപാനം പോലുള്ള, ജനങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ദുശ്ശീലങ്ങൾ ഘട്ടംഘട്ടമായാണ് ക്വുർആൻ നിരോധിച്ചിട്ടുള്ളത്. മദ്യപാനം ശീലിച്ചവർക്ക് അവരുടെ ശരീരം അതിന് അടിമപ്പെട്ടതുകൊണ്ട് അത് പെെട്ടന്ന് വർജിക്കാൻ അൽപം പ്രയാസമുണ്ടാകും. മദ്യത്തിന് അല്ലറ ചില്ലറ ഗുണങ്ങളൊക്കെയുളളതുകൊണ്ടാണ് പലരും അതിലേക്ക് ആകർഷിക്കപ്പെടുന്നത്. എന്നാൽ ക്വുർആൻ അതിന്റെ നിസ്സാരമായ നേട്ടങ്ങൾ നിഷേധിക്കാതെ തന്നെ അതിന്റെ വമ്പിച്ച കോട്ടത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു. പിന്നീട് നമസ്‌കാരവേളയിൽ ലഹരി വെടിയാൻ ആഹ്വാനം ചെയ്യുകവഴി ദിവസം മുഴുവൻ ഉന്മത്തരായി കഴിയുന്ന അവസ്ഥയിൽനിന്ന് അവരെ മോചിപ്പിച്ചു. പിന്നീട് ക്വുർആൻ ‘ഇനിയും നിങ്ങൾക്ക് വിരിമിക്കാനായില്ലേ’ എന്ന് ചോദിച്ചതോടുകൂടി മദ്യവീപ്പകൾ തച്ചുടച്ച് മദീന തെരുവുകളിൽ മദ്യച്ചാലുകൾ ഒഴുക്കാൻ മാത്രം പോന്ന മാനസിക പരിവർത്തനം ആ ജനങ്ങൾക്ക് സംഭവിച്ചു!

ഒരു ജനതയെ സംസ്‌കരിക്കുന്നതിന് ഏതാനും കൽപനകളും നിർദേശങ്ങളും നൽകുക മാത്രമല്ല ക്വുർആൻ ചെയ്തത്. വിധിവിലക്കുകൾ പാലിച്ച് വിശുദ്ധരായി ജീവിക്കുന്നവർക്ക് അനന്തവും അനശ്വരവുമായ സ്വർഗീയസുഖം ലഭിക്കും എന്ന വാഗ്ദാനം നൽകുക വഴി ക്വുർആൻ ജനങ്ങൾക്ക് സൽകർമങ്ങൾ അനുഷ്ഠിക്കാനുളള പ്രേരണയും പ്രചോദനവും നൽകുകയാണ് ചെയ്തത്. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ക്ഷണികവും നൈമിഷികവുമായ സുഖസൗകര്യങ്ങൾ ത്യജിക്കുകയാണങ്കിൽ പരലോകത്ത് അതിരറ്റ അനുഗ്രഹവർഷത്തിന് അത് നിമിത്തമാകും എന്ന് വ്യക്തമാക്കുന്നതിലൂടെ ക്വുർആൻ ഭൗതിക ജീവിതത്തിന്റെ ക്ഷണികതയും ആത്മീയജീവിതത്തിന്റെ അനശ്വരതയുമാണ് ജനങ്ങളെ പഠിപ്പിക്കുന്നത്.

പാപികൾക്കുവേണ്ടി പരലോകത്ത് ഒരുക്കിവെച്ചിട്ടുളള വേദനയേറിയ ശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ക്വുർആൻ തിന്മയിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. അതുപോലെ പുണ്യവാന്മാർക്ക് സ്വർഗത്തിൽ ഒരുക്കിവെച്ചിട്ടുളള സുഖസൗകര്യങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ചുകൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കാൻ മനുഷ്യന് പ്രചോദനം നൽകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ക്വുർആനിന്റെ ദൈവികതെയെക്കുറിച്ച് പൂർണബോധ്യം വന്നിട്ടുളള വിശ്വാസികൾ ജീവിതത്തിൽ പാപങ്ങളിൽനിന്ന് പരമാവധി മുക്തമാകാനും ആവുന്നത്ര സൽകർമങ്ങൾ ചെയ്ത് പരലോകത്ത് പുണ്യങ്ങൾ വാരിക്കൂട്ടാനുമാണ് ജീവിതം പ്രയോജനപ്പെടുത്തുക.

വിപ്ലവത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന എത്രയോ നേതാക്കൾ ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. എന്നാൽ അവരാരും തങ്ങൾ പറയുന്ന ആദർശം കൃത്യമായി ജീവിതത്തിൽ പകർത്തി യിട്ടില്ല. അതുപോലെ പരിവർത്തനത്തിന്റെ പടഹധ്വനി മുഴക്കുന്ന ഒട്ടേറെ തത്ത്വസംഹിതകളും ദർനങ്ങളും ഇന്ന് ജനങ്ങളുടെ മുന്നിലുണ്ട്. എന്നാൽ അവയിൽ പലതും മനുഷ്യർക്ക് ജീവിതത്തിൽ പ്രയോഗവത്കരിക്കാൻ പ്രയാസമുളളവയാണ്. ഇനി അവയിൽ പ്രായോഗിക തത്ത്വങ്ങൾ ഉണ്ടെങ്കിൽ തന്നെ അവ ജീവിതത്തിന്റെ ഏതെങ്കിലും ചില ഭാഗങ്ങളെ സ്പർശിക്കുന്നത് മാത്രമാണ്. എന്നാൽ ക്വുർആൻ മുന്നോട്ടുവെക്കുന്ന കാര്യങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളുമായി ബന്ധപ്പെട്ടതാണ്. അവയെല്ലാംതന്നെ പ്രവാചകന്റെ ജീവിതകാലത്തിനിടക്ക് പ്രാവർത്തികമാക്കി കാണിച്ചുകൊടുക്കുകയും അനേകായിരം അനുയായികൾ അത് ജീവിതത്തിൽ പകർത്തി ജീവിതസാഫല്യം നേടുകയും ചെയ്തതുമാണ്. ജാഹിലിയ്യ കാലത്തെക്കാൾ ദുഷിച്ച ജീർണതകൾ നടമാടുന്ന ആധുനികകാലത്ത് ജനങ്ങളെ ഇസ്‌ലാമിന്റെ തെളിമയാർന്ന ആദർശത്തിലേക്ക് നയിക്കണമെങ്കിലും ക്വുർആൻ ചെയ്തതുപോലെ നാം ആദ്യമായി ആളുകളുടെ വിശ്വാസരംഗം ശുദ്ധീകരിക്കുകയാണ് വേണ്ടത്.