രോഗവും മരുന്നും - 06

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

2022 ജൂൺ 04, 1442 ദുൽഖഅദ 03

(ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്)

(വിവർത്തനം: ബിൻത് മുഹമ്മദ്)

14. പാപം ചെയ്യൽ നശിച്ചവരുടെ പാരമ്പര്യമാണ്

ഇന്ന് നമ്മൾ കാണുന്ന മുഴുവൻ പാപങ്ങളും ആദ്യം ചെയ്തവരിൽനിന്ന് പകർന്നുവന്നതാണ്. എല്ലാവരും ശുദ്ധരാണ്. എന്നാൽ ആരെങ്കിലും ഒരാൾ തുടങ്ങിവയ്ക്കും. അതിലൂടെ പാപം പടരും. വിശിഷ്യാ ഗുരുതരമായ ചില പാപങ്ങൾ അല്ലാഹു നശിപ്പിച്ച മുൻകാല ജനതകളിൽനിന്നും പകർന്നുവന്നതാണ്. ഉദാ: സ്വവർഗരതി ആദ്യം തുടങ്ങിവച്ചത് ലൂത്വ് നബി(അ)യുടെ ജനതയാണ്. കൂടുതൽ അളന്നെടുക്കുകയും കുറച്ച് മാത്രം കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായം ശുഐബ് നബി(അ)യുടെ ജനത തുടങ്ങിയതാണ്. അക്രമം ഫിർഔനിന്റെയും കൂട്ടരുടെയും പക്കൽനിന്നും ലഭിച്ചതാണ്. ആദമിന്റെ സന്തതിയെ അല്ലാഹു മഹത്ത്വപ്പെടുത്തിയതാണ്. പിന്നെ നാം നാശകരമായ പാപങ്ങളിലൂടെ എന്തിനാണ് സ്വയം നിന്ദ്യരാകുന്നത്?

ഹസനുൽ ബസ്വരി(റഹി) പറഞ്ഞു: “ആളുകൾ പാപികളെയും അക്രമകാരികളെയും മഹത്ത്വപ്പെടുത്തുന്നതു കണ്ട് അതിൽ വഞ്ചിതരാകരുത്. അനുസരണക്കേട് ആർക്കും ഒരു വിലയും നൽകുന്നതല്ല. ആളുകൾ അയാളെ ബഹുമാനിക്കുന്നുണ്ടെങ്കിൽ പോലും അയാൾ നിന്ദ്യനായിരിക്കും. കാരണം പാപി എടുത്തണിയുന്നത് അല്ലാഹുവിന്റെ ശത്രുക്കളായ മുൻകാല ജനതയുടെ വസ്ത്രമാണ്. യഥാർഥത്തിൽ മനുഷ്യൻ അണിയേണ്ടത് ഭയഭക്തിയുടെ വസ്ത്രമാണ്. അല്ലാഹു പറയുന്നു: ‘ആദം സന്തതികളേ, നിങ്ങൾക്ക് നാം നിങ്ങളുടെ നഗ്‌നത മറയ്ക്കുവാനും ശരീരം അലങ്കരിക്കുവാനും പറ്റിയ വസ്ത്രങ്ങൾ ഉത്പാദിപ്പിച്ചുതന്നിരിക്കുന്നു. എന്നാൽ ഭക്തിയുടെ വസ്ത്രമാണ് ഏറ്റവും ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ ഒന്നാണിത്. അവർ മനസ്സിലാക്കി പാഠം ഉൾക്കൊള്ളുവാൻ വേണ്ടിയാണ് അല്ലാഹു ഈ ഉപദേശം നൽകിയിരിക്കുന്നത്’’ (അൽഅഅ്‌റാഫ് 26).

15. പാപികൾ അല്ലാഹുവിന്റെ ദൃഷ്ടിയിൽ നിന്ദ്യരാണ്

പാപങ്ങൾ അപമാനത്തിനും നിന്ദ്യതക്കും വഴിയൊരുക്കുന്നതാണ്. അല്ലാഹു ഗ്രന്ഥങ്ങളും ദൂതന്മാരെയും മനുഷ്യർക്ക് അയച്ചുതന്നു. മറ്റു ജീവജാലങ്ങളെ മനുഷ്യരുടെ അധീനതയിലാക്കിക്കൊണ്ട് അല്ലാഹു മനുഷ്യനെ ധന്യനാക്കി. ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള ബുദ്ധിയും സ്വാതന്ത്ര്യവും കൂടി തന്നു. പക്ഷേ, ഒരാൾ അല്ലാഹു മനുഷ്യനെക്കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും ചെയ്യാതെ പാപങ്ങളിൽ ഏർപെട്ട് നടക്കുമ്പോൾ മനുഷ്യന് അല്ലാഹു നൽകിയ ആദരവ് പതിയെ ഇല്ലാതാകുന്നു. അത് ക്രമേണ മനുഷ്യനെ നരകാഗ്‌നിക്കർഹരാക്കുന്നു. അല്ലാഹു പറയുന്നു:

“തീർച്ചയായും ആദംസന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽനിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു’’ (അൽഇസ്‌റാഅ് 70).

പക്ഷേ, ഇതേ മനുഷ്യൻ പാപങ്ങൾ കാരണം അല്ലാഹുവിങ്കൽ നിന്ദ്യനായിത്തീരുന്നതാണ്. അല്ലാഹു പറയുന്നു: “ശേഷം നാം മനുഷ്യനെ അധമരിൽ അധമരാക്കുന്നതാണ്’’ (അത്തീൻ 5).

16. പാപങ്ങൾ മനസ്സിനെ മലിനമാക്കും

മനുഷ്യൻ എന്നും യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രമെ ശരിയും തെറ്റും അളക്കുകയുള്ളൂ. ഹൃദയത്തിനും മനസ്സിനുമിടയിൽ സന്തുലിത്വം പാലിക്കാൻ നാം ശീലിക്കണം. മനസ്സ് ഒരു കാവൽ പോലിസിനെ പോലെയാണ്. പാപങ്ങൾ മനസ്സിനെ ദുഷിപ്പിച്ചുകഴിഞ്ഞാൽ നാം സുരക്ഷിതരല്ലാതായിത്തീരുന്നതാണ്. പാപങ്ങൾ തക്വ്‌വ നഷ്ടപ്പെടുത്തുന്നതാണ്. ചിലർ സ്വന്തം ശരീരത്തിൽ വിഷം കുത്തിവെക്കുന്നത് കണ്ട് നമുക്ക് ആശ്ചര്യം തോന്നാറില്ലേ? സ്വയം മുറിവേൽപിക്കാൻ പോലും മടിയില്ലാത്തവണ്ണം മനസ്സ് ദുഷിച്ച് പോയി. ഇപ്രകാരം പാപികളുടെമേൽ ക്വുർആൻ സൂക്തങ്ങളും ഹദീസുകളും ഒരു ഫലവും ചെയ്യുന്നതല്ല. അല്ലാഹു പറയുന്നു:

“കാര്യം അവർ വിചാരിക്കുന്നത് പോലെയല്ല, അവർ ചെയ്തുകൂട്ടുന്ന പാപങ്ങൾ അവരുടെ ഹൃദയങ്ങളിൽ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്’’ (അൽമുത്വഫ്ഫിഫീൻ 14).

പാപത്തിന് മേൽ പാപം ചെയ്തുകൂട്ടുമ്പോഴാണ് ഹൃദയത്തിൽ കറ പുരളുന്നത്. നമ്മൾ ഒരു ദിവസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും പാപങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണെങ്കിൽ നമ്മുടെ മനസ്സിൽ പാപങ്ങളുടെ നീണ്ട ഒരു നിരതന്നെ ഉണ്ടാകുന്നതാണ്.

പാഠം 14

പാപങ്ങൾ മൂലമുള്ള രണ്ട് വലിയ നഷ്ടങ്ങൾ

പാപങ്ങൾ കാരണമായി സംഭവിക്കുന്ന വിവിധ ഭൗതിക നാശങ്ങൾ വിവരിച്ചുകഴിഞ്ഞു. ഈ പാഠത്തിൽ പാപങ്ങളുടെ ആത്മീയവും ഭൗതികവും പാരത്രികവുമായ രണ്ട് നാശനഷ്ടങ്ങൾ കൂടി വിവരിക്കുകയാണ്.

17. അല്ലാഹുവിന്റെ ദൂതരുടെയും മലക്കുകളുടെയും സത്യവിശ്വാസികളുടെയും പ്രാർഥനയിൽ പെടുന്നതല്ല

അല്ലാഹുവിന്റെ റസൂലും മലക്കുകളും സത്യവിശ്വാസികളും സത്കർമകാരികളുമായ അടിമകൾക്ക് വേണ്ടി നന്മയ്ക്കായി ധാരാളം ദുആ (പ്രാർഥന) ചെയ്തിട്ടുണ്ട്. പാപികളായ ആളുകൾക്ക് ഈ ദുആകളൊന്നും ലഭിക്കുകയില്ല. അവർ മഹത്തായ ഈ ദുആകളിൽനിന്നും ഒഴിവാകുന്നതാണ്. സത്യവിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി പാപമോചനം നടത്തണമെന്ന് അല്ലാഹു റസൂലിനോട് കൽപിച്ചിട്ടുണ്ട്. റസൂൽ ﷺ  നിരവധി സന്ദർഭങ്ങളിൽ അവർക്കുവേണ്ടി പാപമോചനം തേടുകയും ഇരുലോക നന്മകൾക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവർ ഈ ദുആയിൽനിന്നും ഒഴിവാക്കപ്പെടുന്നതാണ്. കൂടാതെ അല്ലാഹുവിന്റെ മലക്കുകൾ, വിശിഷ്യാ അർശിനെ ചുമക്കുന്ന സമീപസ്ഥരായ മലക്കുകൾ സത്യവിശ്വാസികൾക്കും സത്കർമികൾക്കും വേണ്ടി നിരന്തരം ദുആ ചെയ്തുകൊണ്ടിരിക്കുകയാണ്. പരിശുദ്ധ ക്വുർആനിൽ അല്ലാഹു വിവരിക്കുന്നു:

“സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകൾ) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം നടത്തുകയും അവനിൽ വിശ്വസിക്കുകയും, വിശ്വസിച്ചവർക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കുന്നു. ആകയാൽ പശ്ചാത്തപിക്കുകയും നിന്റെ മാർഗം പിന്തുടരുകയും ചെയ്യുന്നവർക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയിൽനിന്ന് കാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗങ്ങളിൽ അവരെയും അവരുടെ മാതാപിതാക്കളെയും ഭാര്യമാർ, സന്തതികൾ എന്നിവരിൽനിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീർച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. അവരെ നീ തിന്മകളിൽനിന്ന് കാക്കുകയും ചെയ്യേണമേ. അന്നേദിവസം നീ ഏതൊരാളെ തിന്മകളിൽനിന്ന് കാക്കുന്നുവോ, അവനോട് തീർച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതുതന്നെയാകുന്നു മഹാഭാഗ്യം’’ (അൽഗാഫിർ 7-9).

അതെ, നാം തൗബ ചെയ്ത് ജീവിതം നന്നാക്കിക്കൊണ്ടിരിക്കുമ്പോൾ ഈ മലക്കുകളുടെ മഹത്തായ പ്രാർഥനക്ക് നാമും അർഹരാകുന്നതാണ്. എന്നാൽ തൗബ ചെയ്തു മടങ്ങാത്തപക്ഷം ഈ പ്രാർഥനകളിൽനിന്ന് നാം ഒഴിവാക്കപ്പെട്ടുപോകും. ഇത് എത്ര വലിയ നഷ്ടമാണ്!

18. പ്രവാചകശാപത്തിന് ഇരയാകും

പാപങ്ങൾ കാരണം അല്ലാഹുവിന്റെ റസൂലിന്റെ അനുഗൃഹീത ആശംസയും പ്രാർഥനകളും നഷ്ടപ്പെടുമെന്ന് മാത്രമല്ല, പ്രവാചകശാപത്തിന് ഇരയായിത്തീരുകയും ചെയ്യുന്നതാണ്. ഇബ്‌നു മസ്ഊദ്(റ) പ്രസ്താവിക്കുന്നു: “പച്ചകുത്തുന്നവരെയും പച്ചകുത്തിക്കുന്നവരെയും അല്ലാഹുവിന്റെ ദൂതൻ ﷺ  ശപിച്ചിരിക്കുന്നു. കൃത്രിമ മുടി ഉപയോഗിക്കുന്നവരെയും അത് വെക്കുവാൻ സഹായിക്കുന്നവരെയും റസൂൽ ﷺ  ശപിച്ചിരിക്കുന്നു. പലിശ വാങ്ങുന്നവരെയും അത് നൽകുന്നവരെയും അതിന്റെ കരാർ എഴുതുന്നവരെയും അത് ഏറ്റെടുത്ത് നടത്തുന്നവരെയും അതിന് സാക്ഷിനിൽക്കുന്നവരെയും ശപിച്ചിരിക്കുന്നു.’’

ഇപ്രകാരം വിവിധ പാപങ്ങൾ ചെയ്യുന്നവരെ നബി ﷺ  ശപിച്ചതായി ഹദീസുകളിൽ വന്നിട്ടുണ്ട്. ഹറാമായ സമ്പത്ത് ശപിക്കപ്പെട്ടതാണ്. അതിൽ ഒരു സമ്പന്നതയും ലഭിക്കുകയില്ല. വെറും സൗന്ദര്യത്തിന് വേണ്ടി പല്ലുകളുടെ ഇടയിൽ അകലം ഉണ്ടാക്കി മുഖത്തിന് വ്യത്യാസം വരുത്തുന്നവരെയും അത് ചെയ്തുകൊടുക്കുന്നവരെയും റസൂലുല്ലാഹി ﷺ  ശപിച്ചിരിക്കുന്നു. ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം, മുൻഭർത്താവിന് അവളെ പുനർവിവാഹം ചെയ്യുവാൻ വേണ്ടി അവരെ ഉപേക്ഷിച്ചുകളഞ്ഞാൽ ഇപ്രകാരം ചെയ്യുന്നവനും അതിന് പ്രേരിപ്പിക്കുന്നവനും ശപിക്കപ്പെട്ടവരാണ്.’’

‘ശപിക്കപ്പെടുക’ എന്നാൽ അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തിൽനിന്നും പുറത്താക്കപ്പെടുക എന്നാണർഥം. അല്ലാഹുവിന്റെ കാരുണ്യത്തിൽനിന്നും അകറ്റപ്പെടുന്നത് നമുക്ക് എത്ര വലിയ നഷ്ടമായിരിക്കും! പാപകൃത്യങ്ങൾ ഒരിക്കലും നമുക്ക് സമൃദ്ധി നൽകില്ല. പിശാച് നമ്മെ ഇങ്ങനെ തോന്നിപ്പിക്കുമെങ്കിലും അത് വഞ്ചനയാണെന്ന് മനസ്സിലാക്കുക. ഉദാ: പെട്ടെന്ന് പണമുണ്ടാക്കാൻ സാധിക്കുന്ന തെറ്റായ പല കച്ചവടങ്ങളെയും പിശാച് അലങ്കരിച്ച് കാണിക്കാറുണ്ട്. പക്ഷേ, അവയെല്ലാം നമ്മെ ക്രമേണ നിന്ദ്യരാക്കും. നമ്മൾ പശ്ചാത്തപിച്ച് മടങ്ങുകയും ക്വുർആനും സുന്നത്തും പിന്തുടർന്ന് ജീവിക്കുകയും ചെയ്താൽ പ്രവാചകന്റെയും മലക്കുകളുടെയും സമുന്നതമായ പ്രാർഥനകൾ നമുക്ക് ലഭിക്കുന്നതാണ്. അല്ലാഹു അതിന് സഹായിക്കട്ടെ. എല്ലാ സഹായത്തിന്റെയും ഉറവിടം അല്ലാഹുവാകുന്നു.

പാഠം 15

പാപങ്ങളുടെ ചില ദുഷ്ഫലങ്ങൾ

19. പാപങ്ങൾ ഹൃദയത്തിലെ ദീനീരോഷം ഇല്ലാതാക്കുന്നു

സത്കർമകാരികളായ സത്യവിശ്വാസികളുടെ മനസ്സിൽ അല്ലാഹു ദീനീഗുണങ്ങളെ സംരക്ഷിക്കുവാനുള്ള ഒരു പ്രത്യേക ആവേശം വെച്ചിട്ടുണ്ട്. ഇതിന് ഹദീസിൽ ‘ഗീറത്ത്’ എന്ന് പറയപ്പെട്ടിരിക്കുന്നു. സത്യവിശ്വാസി നന്മകൾ കണ്ടാൽ സന്തോഷിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യും. തിന്മകൾ കണ്ടാൽ ദുഃഖിക്കുകയും ദേഷ്യപ്പെടേണ്ടവരോട് ദേഷ്യപ്പെടുകയും ചെയ്യും. റസൂലുല്ലാഹി ﷺ  സ്വന്തം കാര്യങ്ങളിൽ ആരെങ്കിലും വീഴ്ച വരുത്തിയാൽ കോപിക്കുമായിരുന്നില്ല. എന്നാൽ ആരെങ്കിലും അല്ലാഹുവിന്റെ അതിർവരമ്പുകളെ ലംഘിക്കുന്നത് കണ്ടാൽ കോപിക്കുമായിരുന്നു.

ഈ രോഷം ഒരു വലിയ ശക്തിയാണ്. ദീനിന്റെയും സമൂഹത്തിന്റെയും സംരക്ഷണത്തിന് ആവശ്യവുമാണ്. എന്നാൽ പാപം കാരണം ഈ രോഷം ഇല്ലാതായിപ്പോകുന്നതാണ്. സൂറതു യൂസുഫിൽ അസീസിന്റെ കാര്യം വിവരിക്കുന്നത് നോക്കൂ; അദ്ദേഹത്തിന്റെ ഭാര്യ ഗുരുതരമായ ഒരു തെറ്റ് ചെയ്തതായി അദ്ദേഹം മനസ്സിലാക്കിയിട്ടും അതിനെ നിസ്സാരവൽക്കരിച്ചു. പ്രസ്തുത തിന്മയോട് രോഷം പുലർത്താതിരുന്നതുകൊണ്ടാണ് പിന്നീട് അതിൽനിന്നും പല പ്രശ്‌നങ്ങളും ഉണ്ടായത്.

ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ അല്ലാഹു ഈ രോഷം വെച്ചിട്ടുണ്ട്. ഇത് വളരെ മഹത്തായ ഒരു ഗുണവുമാണ്. അല്ലാഹുവിന്റെ റസൂൽ ﷺ  അരുളി: “അല്ലാഹു വലിയ രോഷമുള്ളവനാണ്. അല്ലാഹുവിനെക്കാൾ രോഷം മറ്റാർക്കുമില്ല. അതിനാലാണ് പ്രത്യക്ഷവും പരോക്ഷവുമായ മ്ലേച്ഛ പ്രവൃത്തികളെ അല്ലാഹു നിരോധിച്ചിരിക്കുന്നത്’’(ബുഖാരി).

എന്നാൽ ഒരു കാര്യം ഓർക്കുക: ഇപ്രകാരം രോഷം പുലർത്തിയതിലൂടെ ആരെങ്കിലും പശ്ചാത്തപിച്ചാൽ അവരുടെ പശ്ചാത്താപം സ്വീകരിക്കുവാൻ അല്ലാഹു സദാ സന്നദ്ധനാണ്. റസൂൽ ﷺ  അരുളി: “അല്ലാഹു ഖേദിച്ച് മടങ്ങുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അതുകൊണ്ടാണ് സന്തോഷ വാർത്തയും താക്കീതുകളും നൽകാൻ അല്ലാഹു ദൂതന്മാരെ അയച്ചത്. അല്ലാഹുവിനെ പുകഴ്ത്തുന്നത് അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് അല്ലാഹു അവനെത്തന്നെ പുകഴ്ത്തിയിരിക്കുന്നത്’’ (മുസ്‌ലിം 2760).

20. ലജ്ജ നശിക്കുന്നു

പാപങ്ങൾ പാപിയുടെ ലജ്ജയെ കെടുത്തിക്കളയുന്നു. അങ്ങനെ അവൻ ശരിയല്ലാത്ത കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യും. ലജ്ജ ഉന്നതമായ ഗുണമാണ്. നബി ﷺ  അരുളി: “ലജ്ജ മുഴുവനായും നല്ലതാകുന്നു’’ (മുസ്‌ലിം 37). “ലജ്ജ സത്യവിശ്വാസത്തിന്റെ ഭാഗമാകുന്നു’’ (ബുഖാരി).

നബി ﷺ  വളരെയധികം ലജ്ജ പുലർത്തിയിരുന്നു. സ്വഹാബികളും ലജ്ജയുള്ളവരായിരുന്നു. വിശിഷ്യാ, ഉസ്മാനുബ്‌നു അഫ്ഫാൻ(റ) വളരെ ലജ്ജാശീലനായിരുന്നു. മലക്കുകൾ പോലും അദ്ദേഹത്തിന് മുമ്പിൽ ലജ്ജിച്ചിരുന്നു. ഒരിക്കൽ നബി ﷺ  തന്റെ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. അവിടുന്ന് ശരീരം മുഴുവൻ മറയുന്ന രീതിയിൽ വസ്ത്രധാരിയായിരുന്നില്ല. അബൂബക്ർ(റ) അകത്ത് വരാൻ അനുവാദം ചോദിച്ചു. റസൂലുല്ലാഹി ﷺ  അനുമതി നൽകി. പിന്നീട് ഉമർ(റ) അകത്ത് പ്രവേശിക്കുവാൻ അനുവാദം ചോദിച്ചു. അദ്ദേഹത്തിനും അനുവാദം നൽകി. എന്നാൽ ഉസ്മാൻ(റ) അനുവാദം ചോദിച്ചപ്പോൾ റസൂലുല്ലാഹി ﷺ  തന്റെ വസ്ത്രങ്ങളെല്ലാം ശരിയാക്കി അദ്ദേഹത്തെ വരവേറ്റു. ഇതിനെക്കുറിച്ച് ആഇശ(റ) ചോദിച്ചപ്പോൾ നബി ﷺ  അരുളി: “മലക്കുകൾ ആരുടെ മുന്നിൽ ലജ്ജിക്കുന്നുവോ അദ്ദേഹത്തിന് മുമ്പിൽ ഞാനും ലജ്ജിതനാകേണ്ടതല്ലേ?’’ (ബുഖാരി 2401).

നബി ﷺ  അരുളി: “നിങ്ങൾക്ക് ലജ്ജയില്ലെങ്കിൽ നിങ്ങൾ തോന്നിയത് ചെയ്തുകൊള്ളുക’’ (ബുഖാരി 3484).

ലജ്ജ സത്യവിശ്വാസത്തോടൊപ്പം ഉടലെടുക്കുന്ന ഒന്നാണ്. ലജ്ജ സ്ത്രീകൾക്ക് മാത്രം ഉണ്ടാകേണ്ട ഒന്നല്ല. പുരുഷന്മാർക്കും വേണം. റസൂലുല്ലാഹി ﷺ  അവിവാഹിതകളായ കന്യകമാരെക്കാൾ ലജ്ജയുള്ള ആളായിരുന്നു. (ബുഖാരി 6119).

എന്നാൽ പാപങ്ങൾ ഒരാളിലെ ലജ്ജയെ ക്രമേണ ഇല്ലാതാക്കുന്നു. മറ്റുള്ളവർ തന്റെ പാപങ്ങളെക്കുറിച്ച് അറിയുന്നുണ്ട് എന്നത് പോലും അയാൾക്ക് പ്രശ്‌നമല്ലാതായി മാറും. ഒരു അടിമ ഈ അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അയാൾക്ക് നന്നാകണം എന്ന ആഗ്രഹംപോലും ഇല്ലാതാകും. ലജ്ജയാണ് ഒരാളെ മുമ്പോട്ട് പോകാൻ സഹായിക്കുന്നത്. പാപങ്ങൾ ലജ്ജയെ നശിപ്പിച്ച് കളയും.