ആടിനെ മുന്നില്‍നിന്ന് വലിച്ചാല്‍

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

2022 മെയ് 07, 1442 ശവ്വാൽ 06

അബ്ദുല്ല നല്ല മനുഷ്യനാണ്, രാത്രി നമസ്‌കാരം കൂടി ഉണ്ടായിരുന്നെങ്കില്‍’ നബി ﷺ ഒരാളെപ്പറ്റി പറഞ്ഞ അഭിപ്രായമാണിത്. ഈ വാചകം നമുക്ക് വേണമെങ്കില്‍ ഇങ്ങനെ പറയാം: ‘അബ്ദുല്ല ചീത്ത മനുഷ്യനാണ്, രാത്രി നമസ്‌കരിക്കാത്തതിനാല്‍.’ രണ്ടിന്റെയും ആശയം ഒന്നുതന്നെ. എന്നാല്‍ രണ്ടു വാചകവും ആ വ്യക്തി കേള്‍ക്കുമ്പോള്‍ വിഭിന്ന പ്രതികരണമായിരിക്കും ഉണ്ടാകുക. നബി ﷺ യുടെ വാചകം കേള്‍ക്കുമ്പോള്‍ അബ്ദുല്ല വിചാരിക്കുക; ഞാന്‍ നല്ല മനുഷ്യനാണ്, രാത്രി നമസ്‌കരിക്കുക കൂടി ചെയ്താല്‍ കൂടുതല്‍ നല്ലമനുഷ്യനാവാം എന്നായിരിക്കും. തിരുത്തലുകളില്‍ ചില തിരുത്തലുകള്‍ ആവശ്യമാണെന്നര്‍ഥം. പൊതുവെ മനുഷ്യര്‍ ജിജ്ഞാസുക്കളാണ്. അതുകൊണ്ടു തന്നെ ചെയ്യരുത് എന്ന വാചകം കൊണ്ടുചെന്നെത്തിക്കുക എന്താ ചെയ്താല്‍ എന്ന ജിജ്ഞാസയിലേക്കാണ്. പറയരുത്, നോക്കരുത്, കാണരുത്, കേള്‍ക്കരുത്, അറിയരുത്, പോകരുത് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ വിപരീതം പ്രവര്‍ത്തിക്കാന്‍ മനസ്സിന് പ്രേരണ നല്‍കും.

ആടുമേയ്ക്കല്‍ പല പ്രവാചകന്മാരും ചെയ്ത ജോലിയാണ്. യഥാര്‍ഥത്തില്‍ അതിലൂടെ ക്ഷമയെ വളര്‍ത്തുകയാണ് ചെയ്യുന്നത്. ആടിനെ മുന്നില്‍നിന്ന് വലിച്ചാല്‍ നാല് കാലുകള്‍ ചെരിച്ചുവെച്ച് പിന്‍ ഭാഗം പിന്നിലേക്ക് തള്ളി വാശിയോടെ അത് നില്‍ക്കും. എന്നാല്‍ പിന്നില്‍ പോയി ചെറുതായി ഒന്ന് തട്ടി ക്കൊടുക്കുമ്പോള്‍ അത് മുന്നോട്ടോടും. പലരുടെയും ഉപദേശം ഇങ്ങനെ മുന്നില്‍നിന്ന് വലിക്കുന്നതിനു തുല്യമാണ്. വിപരീത ഫലമേ അതുകൊണ്ട് ഉണ്ടാവുകയുള്ളൂ.

എന്തു ചെയ്യണം, എന്തു പറയണം, എന്തു കാണണം, എന്തു കേള്‍ക്കണം എന്ന് പറഞ്ഞുകൊടുക്കുമ്പോള്‍ അത് പിന്നില്‍നിന്ന് തട്ടുന്ന ഫീലിംഗാണ് ഉണ്ടാക്കുക. അപ്പോള്‍ ആ കാര്യങ്ങള്‍ സ്വന്തം താല്‍ പര്യപ്രകാരം വേഗത്തില്‍ നടക്കും.

എല്ലാവരും നന്നാവാന്‍ തയ്യാറാണ്. എന്നാല്‍ വേറൊരാളുടെ ഉപദേശംകൊണ്ടോ നിര്‍ദേശംകൊണ്ടോ മാറാന്‍ അവരുടെ ദുരഭിമാനം സമ്മതിച്ചെന്നു വരില്ല. അതിനാല്‍ കുട്ടികളോടാണെങ്കിലും വലിയവരോടാണെങ്കിലും നിരന്തരം ആവശ്യപ്പെടുന്ന ഒരു കാര്യം ചെയ്യുന്നില്ലെങ്കില്‍ ആവശ്യപ്പെടല്‍ നിര്‍ത്തിവെക്കുകയും അയാള്‍ക്ക് സ്വയം മാറാനുള്ള സമയം നല്‍കുകയും ചെയ്യണം.

ഒരാള്‍ മാറണമെന്ന് നാം ചിന്തിക്കുമ്പോള്‍ അതിന് അയാള്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കുന്നതിന്ന് മുമ്പ് ഞാനെന്ത് മാറ്റമാണ് വരുത്തേണ്ടത് എന്ന് ചിന്തിക്കണം.

അവധാനതയും വിവേകവുമാണ് ഒരാളില്‍ സ്വാധീനം ചെലുത്താന്‍ നമ്മില്‍ വേണ്ടത്. മാറ്റം വരുത്തേണ്ട വ്യക്തിയെ വിശ്വസിക്കുകയും അയാള്‍ മാറുമെന്ന് പ്രത്യാശിക്കുകയും അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും വേണം. ഒരാള്‍ സംശയത്തോടെ നമ്മെ നോക്കിയാല്‍ നമുക്ക് ഫീല്‍ ചെയ്യുന്നതുപോലെ നമ്മള്‍ സംശയിക്കുന്നയാള്‍ക്കും അതുപോലെ തോന്നും. അങ്ങനെ മാറ്റത്തിനു തയ്യാറാകാതെ അയാള്‍ പുറംതിരിഞ്ഞു നില്‍ക്കും. മാറ്റം സഹകരണത്തോടെ നടക്കേണ്ടതാണ്; അതിനാല്‍ മാറേണ്ടവരെ ഒറ്റപ്പെടുത്തുകയല്ല കൂട്ടിപ്പിടിക്കുകയാണ് വേണ്ടത്.