സൂഫികള്‍ നബിമാര്‍ക്കും മുകളിലോ?

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട 

2022 ഫെബ്രുവരി 05, 1442 റജബ്  03

(തബ്‌ലീഗ്‌ ജമാഅത്ത്‌ ഒരു പഠനം : 05 )

സൂഫികളും ചില പണ്ഡിതന്മാരും മലക്കുകളുടെ ശക്തി കൈവരിച്ചവരാണെന്ന് വരുത്തിത്തീര്‍ക്കുന്ന വിധത്തിലുള്ള തഅ്‌ലീം കിതാബിലെ ചില ഉദ്ധരണികള്‍ ശ്രദ്ധിക്കുക:

‘‘ഒരു സയ്യിദ് സാഹിബിനെ കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഒരു വുളുകൊണ്ട് പന്ത്രണ്ടു ദിവസം വരെ തുടരെ അദ്ദേഹം നമസ്‌കരിച്ചു. പതിനഞ്ചു വര്‍ഷം തുടരെ അദ്ദേഹം കിടന്നിട്ടേയില്ല. അനേകം ദിവസം യാതൊരു വസ്തുവും ഭക്ഷിക്കാതെ കഴിഞ്ഞിരുന്നു.

ആത്മീയ ത്യാഗികളായിരുന്ന മഹാന്മാരില്‍ ഇപ്രകാരമുള്ള സംഭവങ്ങള്‍ അനേകമുണ്ട്. ആഖിറത്തിനെക്കുറിച്ചുള്ള അവരുടെ സ്‌നേഹം കണ്ടാല്‍ അല്ലാഹു ഇതിനായി തന്നെ അവരെ സൃഷ്ടിച്ചതാണെന്ന് മനസ്സിലാകും. ആയതിനാല്‍ അവരെപ്പോലെ ആയിത്തീരുക എന്നുള്ളത് പ്രയാസമേറിയ ഒരു കാര്യമാണ്. എന്നാല്‍ ദീനിയായ കാര്യങ്ങളിലും ദുന്‍യവിയായ ജോലികളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ചില മഹാന്മാരെപ്പോലെ ആകുക എന്നുള്ളത് തന്നെ നമുക്കിന്ന് പ്രയാസമായിരിക്കുകയാണ്'' (നമസ്‌ക്കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 104).

  ഹല്‌റത് സുഫ്‌യാനുസ്സൗരി(റഹ്:അ) അവര്‍കള്‍ക്ക് ഒരിക്കല്‍ ഒരു ഹാലു മാറ്റം (സ്വബോധമില്ലാത്ത അവസ്ഥ)  തോന്നുകയും, ഭക്ഷണപാനീയങ്ങളോ ഉറക്കമോ ഇല്ലാതെ ഏഴു ദിവസം അദ്ദേഹം വീട്ടില്‍ തന്നെ കഴിയുകയും ചെയ്തു. അദ്ദേഹത്തിന്റെ ഷൈഖ് ഇത് അറിഞ്ഞപ്പോള്‍ നമസ്‌ക്കാരസമയങ്ങളെ ശരിക്കും ശ്രദ്ധിച്ച് നമസ്‌ക്കാരം നിര്‍വ്വഹിക്കുന്നുണ്ടോ എന്നു ചോദിച്ചു. അടുത്തുണ്ടായിരുന്നവര്‍ നമസ്‌ക്കാരം കൃത്യസമയത്തു തന്നെ നിര്‍വ്വഹിക്കുണ്ട് എന്നറിയിച്ചു. അപ്പോള്‍ ‘ശൈത്വാന് അദ്ദേഹത്തിന്റെ മേല്‍ അധികാരം നടത്തുവാനുള്ള വഴി കൊടുക്കാതിരുന്ന അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും' എന്നു പറഞ്ഞുകൊണ്ട് അല്ലാഹുവിനെ വാഴ്‌ത്തി. (ബഹ്ജത്തുന്നുഫൂസ്)'' (നമസ്‌ക്കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 104-105).

‘‘സഈദിബ്‌നുല്‍ മുസയ്യബ് (റഹ്:അ) അമ്പത് വര്‍ഷക്കാലം ഇശാ നമസ്‌ക്കരിച്ച അതേ വുളു കൊണ്ട് തന്നെ സുബ്ഹിയും നമസ്‌ക്കരിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ‘സിലതിബ്‌നു അഷ്‌യം' (റഹ്: അ) രാത്രി മുഴുവനും നമസ്‌ക്കരിച്ചുകൊണ്ടിരിക്കുകയും സുബ്ഹിയാകുമ്പോള്‍ ‘അല്ലാഹുവേ! ഞാന്‍ സ്വര്‍ഗം ചോദിക്കാന്‍ അര്‍ഹനല്ല. അതുകൊണ്ട് നരകത്തില്‍നിന്നും നീ എന്നെ രക്ഷിക്കേണമേ എന്നുമാത്രം ഞാന്‍ ചോദിക്കുന്നു' എന്ന് ദുആ ചെയ്യുകയും ചെയ്യുമായിരുന്നു'' (റംസാനിന്റെ മഹത്ത്വങ്ങള്‍, പേജ് 68).

സഈദ്ബ്‌നുല്‍ മുസയ്യബ് (റഹ്:അ) അവര്‍കളെ പറ്റി അദ്ദേഹം അന്‍പതു വര്‍ഷ കാലം തുടരെ ഇഷായും സുബ്ഹിയും ഒരേ വുളുകൊണ്ട് നമസ്‌ക്കരിച്ചിരുന്നുതായി എഴുതിയിരിക്കുന്നു. അബുല്‍ മുഅ്തമിര്‍ (റഹ്:അ) നാല്‍പത് വര്‍ഷം തുടരെ ഇപ്രകാരം നമസ്‌ക്കരിച്ചിരുന്നതായി എഴുതിയിരിക്കുന്നു...'' (നമസ്‌ക്കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 108).

‘‘അബൂഇതാബ് സലമീ (റഹ്:അ) നാല്‍പത് വര്‍ഷക്കാലം രാത്രി മുഴുവനും കരയുകയും പകല്‍ മുഴുവന്‍ നോമ്പു പിടിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ ആയിരക്കണക്കിനും ലക്ഷക്കണക്കിനും സംഭവങ്ങള്‍ അല്ലാഹുവിന്റെ പ്രത്യേക തൗഫീഖ് കിട്ടിയ മഹാന്മാരെ സംബന്ധിച്ച് ചരിത്രഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നു. അതു മുഴുവനും എടുത്ത് പറയുക പ്രയാസമാണ്...'' (നമസ്‌ക്കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 109).

 ‘‘സൂഫിവര്യന്മാരില്‍ സുപ്രസിദ്ധനായ ഷൈഖ് അബ്ദുല്‍ വാഹിദ് (റഹ്:അ) പറയുന്നു: ഒരു ദിവസം ശക്തിയായ ഉറക്കം വരിക മൂലം പതിവായി ചെയ്യാറുള്ള ഔറാദുകളും വളീഫകളും എനിക്ക് വിട്ടുപോയി. അന്ന് രാത്രി സ്വപ്‌നത്തില്‍ പച്ചപ്പട്ടു വസ്ത്രങ്ങള്‍ ധരിച്ച സൗന്ദര്യവതിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. അവളുടെ ചെരിപ്പുകളും കൂടി തസ്ബീഹ് ചെയ്തുകൊണ്ടിരുന്നു. അവള്‍ പറഞ്ഞു: നീ എന്നെ കരസ്ഥമാക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുക! ഞാന്‍ നിന്നെ തേടിക്കൊണ്ടിരിക്കുകയാണ്. അനന്തരം കര്‍ണാനന്ദകരമായ ചില പ്രേമഗാനങ്ങള്‍ അവള്‍ പാടി. ഉടനെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് ഇനി ഒരിക്കലും രാത്രി ഞാന്‍ ഉറങ്ങുകയില്ല എന്നു സത്യം ചെയ്തു. ഈ സംഭവത്തിന് ശേഷം നാല്‍പത് വര്‍ഷക്കാലം ഇഷാ നമസ്‌ക്കരിച്ച വുളുകൊണ്ട് അദ്ദേഹം സുബ്ഹിയും നമസ്‌ക്കരിച്ചതായി പറയപ്പെടുന്നു (നുസ്ഹത്ത്)'' (നമസ്‌ക്കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 98).

‘‘അബൂബക്കര്‍ ലരീര്‍ (റഹ് :അ) പറയുന്നു: എന്റെ അടുക്കല്‍ ഒരു യുവാവായ അടിമയുണ്ടായിരുന്നു. അദ്ദേഹം പകല്‍ മുഴുവനും നോമ്പ് നോക്കുകയും രാത്രി മുഴുവനും നിന്നു നമസ്‌ക്കരിക്കുകയും പതിവായിരുന്നു. ഒരുദിവസം അദ്ദേഹം എന്റെ അടുക്കല്‍ വന്ന് ഇപ്രകാരം പറഞ്ഞു: യാദൃശ്ചികമായി കഴിഞ്ഞ രാത്രി ഞാന്‍ ഉറങ്ങിപ്പോയി. അപ്പോള്‍ സ്വപ്‌നത്തില്‍ ഇപ്രകാരം കണ്ടു: മിഹ്‌റാബിന്റെ ഭിത്തി, പൊട്ടിക്കീറി അതില്‍നിന്നും അഴകേറിയ ചില പെണ്‍കുട്ടികള്‍ പുറത്തു വന്നു. എന്നാല്‍ അവരുടെ കൂട്ടത്തില്‍ വളരെ വിരൂപിയായ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ വിരൂപി ആരാണ് എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ നിന്റെ മുന്‍കഴിഞ്ഞ രാത്രികളും ഈ വിരൂപി നിന്റെ ഇക്കഴിഞ്ഞ രാത്രിയുമാണ്' എന്ന് അവര്‍ മറുപടി പറഞ്ഞു'' (നുസ്ഹത്ത്).

‘‘ഒരു മഹാന്‍ പറയുന്നു: ഒരു രാത്രി കഠിനമായ ഉറക്കം കാരണമായി എനിക്ക് ഉണരാന്‍ കഴിഞ്ഞില്ല. അന്ന് രാത്രി സ്വപ്‌നത്തില്‍ ഏറ്റവും അഴകുള്ള ഒരു പെണ്‍കുട്ടി എന്റെ അടുക്കല്‍ വന്നു. അതിനു മുമ്പൊരിക്കലും എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സുഗന്ധം അവളില്‍ നിന്നും വീശിക്കൊണ്ടിരുന്നു. അവള്‍ എന്റെ കയ്യില്‍ ഒരു കഷ്ണം കടലാസ്സ് തന്നു. അതില്‍ മൂന്ന് വരി ഗാനം എഴുതിയിരുന്നു. അതിന്റെ സാരം ഇപ്രകാരമാണ്: ‘നീ നിദ്രയിലുള്ള രസത്താല്‍ കാലാകാലം താമസിക്കേണ്ട സ്വര്‍ഗമാളികയെ നീ മറന്നു കളഞ്ഞിരിക്കുന്നു. അവിടെ നിനക്ക് ഒരിക്കലും മരണമുണ്ടാകുന്നതല്ല. ഉറക്കത്തില്‍ നിന്നും ഉണരുക. തഹജ്ജുദ് നമസ്‌ക്കാരത്തില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുന്നത് ഉറക്കത്തേക്കാള്‍ ഏറ്റവും ശ്രേഷ്ഠമായതാണ്. ഈ സംഭവത്തിനുശേഷം ഉറക്കം കഠിനമാകുമ്പോഴെല്ലാം ഈ ഗാനം ഞാന്‍ ഓര്‍മ്മിക്കുകയും നിദ്രക്ക് നിശേഷം മാറുകയും ചെയ്യുമായിരുന്നു'' (നമസ്‌ക്കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 99).

മാതൃകക്ക് വേണ്ടി ഏതാനും ഉദ്ധരണികള്‍ നല്‍കിയതാണ് നിങ്ങള്‍ വായിച്ചത്. ഇവ നല്‍കുന്ന സന്ദേശമെന്താണ്?

 നല്ല ഭക്തരാണെങ്കില്‍ ഇശാഇന് എടുത്ത വുദൂഅ് കൊണ്ട് 40 വര്‍ഷക്കാലം നാം സ്വുബ്ഹി നമസ്‌കരിക്കാന്‍ തയ്യാറാവണം. ഭരണപരമായ ഉത്തരവാദിത്തം ഏറ്റെടുത്താല്‍ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കണം. ജീവിതത്തില്‍ 40 വര്‍ഷക്കാലം തുടരെ നോമ്പനുഷ്ഠിക്കണം...!

ഒരു മുസ്‌ലിമിന്റെ ജീവിത മാതൃക മുഹമ്മദ് നബി ﷺ യി ലാണ്. അവിടുന്ന് വുദൂഅ് മുറിഞ്ഞിട്ടില്ലെങ്കിലും എല്ലാ നമസ്‌കാ രത്തിനും പ്രത്യേകം വുദൂഅ് ചെയ്യാറുണ്ടായിരുന്നുവെന്ന് ഹദീസില്‍ കാണാം (ബുഖാരി 214). അതേസമയം ഒരു വുദൂഅ് കൊണ്ടുതന്നെ പല നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചു കാണിച്ചിട്ടുമുണ്ട് (അബൂദാവൂദ് 129).

നബി ﷺ പറയുന്നു: ‘‘എന്റെ സമുദായത്തെ ഞാന്‍ വിഷമിപ്പിക്കലാകുമായിരുന്നില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിനും വുദൂഅ് ചെയ്യുവാനും ഓരോ വുദൂഇനും ദന്തശുദ്ധി വരുത്താനും ഞാനവരോട് കല്‍പിക്കുമായിരുന്നു'' (അഹ്‌മദ് 7516).

വുദൂഅ് മുറിഞ്ഞിട്ടില്ലെങ്കിലും പ്രത്യേകം വുദൂഅ് ചെയ്യുന്നതാണ് നബി ﷺ യുടെ സുന്നത്തിനെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടതെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഇശാഅ് നമസ്‌കരിച്ച അതേ വുദൂഅ് കൊണ്ട് സ്ഥിരമായി സ്വുബ്ഹി നമസ്‌കരിച്ച പതിവ് സ്വഹാബികള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ അതാണ് മൗലാനമാര്‍ ഉദ്ധരിക്കേണ്ടത്.

സൂഫികള്‍ക്ക് മലകിയ്യായ ശക്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് യഥാര്‍ഥത്തില്‍ ഈ ശ്രമങ്ങളൊക്കെ. നബി ﷺ പഠിപ്പിച്ച ദീനില്‍ ഇത്തരത്തിലുള്ള സന്യാസത്തിന് യാതൊരു പ്രോത്സാഹനവും ഇല്ല. ക്രിസ്ത്യാനികളെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് നോക്കൂ: ‘‘...സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല.....'' (ഹദീദ് 27).

 സന്യാസ ജീവിതം അല്ലാഹു നിയമമാക്കിയതല്ലെന്നും ദൈവ പ്രീതി നേടാനെന്ന വ്യാജേന ക്രിസ്തീയ പൗരോഹിത്യം പില്‍ക്കാലത്ത് പടച്ചുണ്ടാക്കിയതാണ് അതെന്നും ഈ ആയത്ത് പഠിപ്പിക്കുന്നു. ഇങ്ങനെ സന്യാസത്തെ മഹത്ത്വവത്കരിക്കുന്നത് ജൂത-ക്രിസ്തീയ പൗരോഹിത്യ നിര്‍മിതികളെ പിന്‍പറ്റുകയാണ് സൂഫികള്‍ എന്ന ആരോപണത്തിന് അടിവരയിടുകയാണ്.

തബ്‌ലീഗ് ഗ്രന്ഥകാരന്റെ വീക്ഷണത്തില്‍ രുചികരമായ ഭക്ഷണം ലഭിച്ചപ്പോള്‍ സന്തോഷത്തോടെ ആ ഭക്ഷണം കഴിച്ച   മുഹമ്മദ് നബി ﷺ ആത്മീയ ശക്തി കുറഞ്ഞ ആളാണെന്നുവരുന്നു. ആടിന്റെ തുടയുടെ ഭാഗം ചോദിച്ച് വാങ്ങി നബി ﷺ കഴിച്ചിട്ടുണ്ട്. രുചികരമായ ഭക്ഷണം ലഭിച്ചാലും ഒഴിവാക്കലാണ് തബ്‌ലീഗുകാര്‍ പഠിപ്പിക്കുന്ന സൂഫികളടെ ചര്യ!

ഭക്ഷണം കിട്ടാതെ കഷ്ടപ്പെട്ടപ്പോള്‍ ആരെങ്കിലും വല്ല ഭക്ഷണവും തരും എന്ന് പ്രതീക്ഷിച്ച് പള്ളിയില്‍ നിന്നും പുറത്ത് പോയ സ്വഹാബിമാരുണ്ട്. അവരില്‍ പ്രമുഖരായ പലരുമുണ്ട്. അവരെല്ലാം ആത്മീയ ശക്തിയില്ലാത്തവരും ഭക്ഷണപ്രിയരുമായിരുന്നോ?

സുഫ്‌യാനുസ്സൗരി(റഹി) ഭക്ഷണപാനീയങ്ങളോ ഉറക്കമോ ഇല്ലാതെ 7 ദിവസം കഴിച്ചുകൂട്ടിയെന്ന് പറയുന്നു. സ്വബോധമില്ലാത്ത അവസരത്തിലും അദ്ദേഹം കൃത്യസമയത്ത് നമസ്‌കരിച്ചിരുന്നുവത്രെ!

എന്നാല്‍ ‘ശരിയായ ബോധമില്ലാതെ നമസ്‌കരിക്കിന്നതിനെ'ക്കുറിച്ച് അതേപുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് നടത്തിയ പരാമര്‍ശം ശ്രദ്ധിക്കുക:  ‘‘നമസ്‌കാരം യഥാര്‍ഥത്തില്‍ അല്ലാഹുവുമായുള്ള മുനാജാത്താണ്. ഹൃദയസാന്നിധ്യമില്ലാതെ അത് സാധ്യമേയല്ല.''

ഇസ്‌ലാം പ്രകൃതിമതമാണ്. അല്ലാഹു മനുഷ്യനെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചുവോ ആ പ്രകൃതിയോട് തികച്ചും പൊരുത്തപ്പെടുന്ന മതം. മനുഷ്യ പ്രകൃതിയോട് യോജിക്കാത്ത വിധിവിലക്കുകളോ വിശ്വാസാചാരങ്ങളോ ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

ഭൂമുഖത്ത് അല്ലാഹുവിന്റെ മതത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാനായി നിയോഗിക്കപ്പെട്ട മാതൃകാ പുരുഷന്മാരാണ് പ്രവാചകന്മാര്‍. അവരാരും ഭൗതിക ജീവിതത്തില്‍നിന്നും ഒളിച്ചോടിയവരായിരുന്നില്ല. മറ്റു മനുഷ്യരെപ്പോലെ മജ്ജയും മാംസവുമുള്ള, വികാരവിചാരങ്ങളുള്ള, തിന്നുകയും കുടിക്കുകയും ചെയ്യുന്ന, ക്ഷീണവും തളര്‍ച്ചയുള്ള, യാതനകളും വേദനകളും അനുഭവിക്കുന്ന പച്ചയായ മനുഷ്യര്‍. അവരില്‍ ഉപജീവനത്തിനുവേണ്ടി കച്ചവടം ചെയ്തിരുന്നവരും ചെരുപ്പ് തുന്നിയിരുന്നവരും ആട്‌ മേച്ചിരുന്നവരും മരപ്പണി ചെയ്തിരുന്നവരുമുണ്ടായിരുന്നു.

മുഹമ്മദ് നബി ﷺ ഇവര്‍ പരിചയപ്പെടുത്തുന്ന സൂഫികളെ പോലെ ആഹാരം കഴിക്കാതെ, രാത്രി മുഴുവന്‍ ഉറങ്ങാതെ, ഒരിക്കലും നോമ്പ് ഒഴിവാക്കാതെ, ഭൗതിക കാര്യങ്ങളില്‍ ഇടപെടാതെ ജീവിച്ച വ്യക്തിയായിരുന്നില്ല.

അല്ലാഹു നബിമാരെക്കുറിച്ച് പറയുന്നു: ‘‘അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,  പറയുക: ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല'' (അന്‍ആം 90).

മുഹമ്മദ് നബി ﷺ യെകുറിച്ച് പറയുന്നു: ‘‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്'' (അഹ്‌സാബ് 21).

മനുഷ്യ ജീവിതത്തില്‍ വളരെ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍ പോലും നബി ﷺ നമുക്ക് മാതൃക കാണിച്ചുതന്നിട്ടുണ്ട്. മലമൂത്ര വിസര്‍ജനത്തിന്റെ കാര്യത്തില്‍ പോലും വ്യക്തമായ നിര്‍ദേശം അവിടുന്ന് നല്‍കിയിട്ടുണ്ട്. ഇസ്‌ലാമില്‍ സന്യാസമില്ല. മനുഷ്യര്‍ക്ക് അനുഷ്ഠിക്കാനും ആചരിക്കാനും സാധിക്കുന്ന കാര്യങ്ങള്‍ മാത്രമെ ഇസ്‌ലാമിലുള്ളൂ. എന്നാല്‍ മനുഷ്യപ്രകൃതിക്ക് വിരുദ്ധമാണ് സന്യാസം. വിവാഹം കഴിക്കാതെ, നല്ല ആഹാരം കഴിക്കാതെ, വികാരങ്ങളെ അടിച്ചമര്‍ത്തി, കഴിയുന്നത്ര ഉറക്കമൊഴിച്ചു പ്രാര്‍ഥനയില്‍ മുഴുകി, എല്ലാ ഭൗതിക ചിന്തകളും ഒഴിവാക്കി, മറ്റുള്ളവരുമായൊക്കെ അകന്ന്  ജീവിക്കുക എന്നത് സ്വന്തത്തോടും കുടുംബത്തോടും ചെയ്യുന്ന അനീതിയാണ്.

നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ മതത്തില്‍ അതിരു കവിയുന്നത് സൂക്ഷിക്കുക. നിങ്ങളുടെ മുമ്പുള്ളവര്‍ നശിച്ചത് മതത്തില്‍ അതിരുകവിഞ്ഞത് മൂലമാണ്'' (നസാഈ, ഇബ്‌നുമാജ).

 അതിരു കവിയാനുള്ള പ്രവണത സ്വഹാബികളില്‍ ചിലരില്‍ കണ്ടപ്പോള്‍ നബി ﷺ അത് മുളയിലേ നുള്ളിക്കളയുകയാണുണ്ടായത്. ഒരു ഉദാഹരണം കാണുക:

അനസ്(റ) നിവേദനം: ‘‘മൂന്നാ ളുകള്‍ നബി ﷺ യുടെ ആരാധനകളെ സംബന്ധിച്ച് അന്വേഷിച്ചറിയാനായി പ്രവാചകപത്‌നിമാരുടെ വീടുകളില്‍ വന്നു. അങ്ങനെ അവര്‍ അതിനെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ അത് വളരെ കുറവാണെന്ന് അവര്‍ക്ക് തോന്നി. അവര്‍ പറഞ്ഞു: ‘ഞങ്ങളും നബിയും എവിടെ നില്‍ക്കുന്നു. അദ്ദേഹത്തിനാകട്ടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു.' തുടര്‍ന്ന് അവരിലൊരാള്‍ പറഞ്ഞു: ‘ഞാനിനി എന്നും രാത്രി മുഴുവനും നിന്ന് നമസ്‌കരിക്കും.' മറ്റൊരാള്‍ പറഞ്ഞു: ‘ഞാന്‍ എന്നെന്നും നോമ്പനുഷ്ഠിക്കും. അത് ഉപേക്ഷിക്കുകയേ ഇല്ല.' മറ്റൊരാള്‍ പറഞ്ഞു: ‘ഞാന്‍ വിവാഹം കഴിക്കാതെ സ്ത്രീകളുമായി വിട്ടുനില്‍ക്കും.'' ഈ വിവരമറിഞ്ഞപ്പോള്‍ നബി ﷺ അവരുടെ അടുത്തുചെന്ന് ചോദിച്ചു: ‘ഇങ്ങനെയൊക്കെ പറഞ്ഞത് നിങ്ങളാണോ? എന്നാല്‍ നിങ്ങളില്‍ അല്ലാഹുവെ ഏറ്റവുമധികം ഭയപ്പെടുന്നവനും സൂക്ഷിക്കുന്നവനും ഞാനാണ്. പക്ഷേ,ഞാന്‍ നോമ്പെടുക്കുകയും ഉപേക്ഷിക്കുകയും രാത്രി നമസ്‌കരിക്കുകയും ഉറങ്ങുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. ആരെങ്കിലും എന്റെ ചര്യയെ വെറുക്കുന്നുവെങ്കില്‍ അവന്‍ എന്നില്‍പെട്ടവനല്ല''(ബുഖാരി, മുസ്‌ലിം).

വളരെ പ്രബലമായ ഈ ഹദീസില്‍നിന്ന് നാല് കാര്യങ്ങള്‍ മനസ്സിലാക്കാം:

ഒന്ന്, നബിയാണ് ഈ സമുദായത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി; കൂടുതല്‍ അല്ലാഹുവിനെ ഭയക്കുന്ന മുത്തക്വിയും. ഒരുകാലത്തും അദ്ദേഹത്തെക്കാള്‍ ഉന്നതനായ ഒരാളും ഈ സമുദായത്തില്‍ ഉണ്ടാവുകയില്ല; എത്ര വലിയ പണ്ഡിതനാണെങ്കിലും.

രണ്ട്, നമസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനകള്‍ നല്ലതല്ലേ എന്ന നിലയ്ക്ക് ഓരോരുത്തര്‍ക്കും ഇഷ്ടംപോലെ വര്‍ധിപ്പിക്കാന്‍ സാധ്യമല്ല. ഇസ്‌ലാം അതിന് അനുവാദം നല്‍കുന്നില്ല. എല്ലാം വ്യക്തമായി നബി ﷺ കാണിച്ചുതന്നിട്ടുണ്ട് അതിനപ്പുറം പോകുന്നവര്‍ ഇസ്‌ലാമില്‍ നിന്നുതന്നെ പുറത്തുപോകും.

മൂന്ന്, വൈവാഹിക ജീവിതവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തഖ്‌വക്കും ദൈവഭയത്തിനും തടസ്സമല്ല. സമുദായത്തിലെ ഉത്തമനായ വ്യക്തിയായ നബിക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നു.

നാല്, എല്ലാ ദിവസവും രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിക്കുന്നവരും എല്ലാ ദിവസവും പകല്‍ നോമ്പെടുക്കുന്നവരും മുസ്‌ലിംകളില്‍ പെട്ടവരല്ല.

ആരാധനകളില്‍ അതിരുകവിയുന്നവര്‍ തങ്ങളുടെ ശരീരത്തോടും കുടുംബത്തോടും സമൂഹത്തോടുമുള്ള പല ബാധ്യതകളും വിസ്മരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. പ്രവാചകന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിക ജീവിതത്തില്‍നിന്ന് വ്യത്യസ്തമായി പുതിയ മാര്‍ഗം സ്വീകരിക്കുന്നവര്‍ എങ്ങനെയാണ് പ്രവാചകനെ പിന്‍പറ്റുന്നരായി മാറുക?

തബ്‌ലീഗുകാരുടെ തഅ്‌ലീം കിതാബുകള്‍ ഇതൊക്കെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് ഗുണമോ ദോഷമോ?