ലിംഗനീതിയും ലിംഗസമത്വവും

മുഫീദ് ടി.കെ, പാലക്കാഴി

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

ഇസ്‌ലാം പ്രകൃതിമതമാണ്. പ്രകൃതിയില്‍ സ്ത്രീക്കും പുരുഷനും അവരുടെതായ സ്വത്വമുണ്ട്. അതുകൊണ്ട് അതിനെ കളങ്കപ്പെടുത്തി ജീവിക്കാന്‍ സ്ത്രീക്കും പുരുഷനും അവകാശമില്ല. വസ്ത്രധാരണത്തിലും ആണ്‍-പെണ്‍ വ്യതിരിക്തത പുലര്‍ത്തണമെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കുന്നതും പുരുഷന്‍ സ്ത്രീയുടെ വേഷമണിയുന്നതും നിഷിദ്ധമാണെന്ന് നബി ﷺ പ്രഖ്യാപിച്ചിട്ടുണ്ട്.

വസ്ത്രധാരണം  ഇസ്‌ലാമിക വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്നവിധം മാന്യവും അന്തസ്സുറ്റതുമാകാനാവശ്യമായ എല്ലാ നിയമ നിര്‍ദേശങ്ങളും ഇസ്‌ലാം നല്‍കിയിട്ടുണ്ട്. അവ പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്.

ലിംഗനീതി (Gender Justice), ലിംഗസമത്വം (Gender Equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗനിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality ആണ് സമകാലിക ചര്‍ച്ചാവിഷയം. സ്ത്രീവിമോചനമെന്ന ഫെമിനിസത്തിന്റെ മുഖമുദ്ര ഏതാണ്ട് ഇല്ലാതായ മട്ടാണ്. ഈ വിഷയങ്ങളുടെയെല്ലാം മര്‍മം സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന അധഃസ്ഥിതിക്കും വിവേചനങ്ങള്‍ക്കും പരിഹാരമുണ്ടാവണം എന്നതാണല്ലോ.

സ്ത്രീയും പുരുഷനും ഒന്നിച്ചു ചേര്‍ന്നുകൊണ്ടല്ലാതെ സമൂഹത്തിനു മുന്നോട്ടു നീങ്ങാനാവില്ല. അത് പ്രകൃതി നിയമമാണ്. അഥവാ സ്രഷ്ടാവിന്റെ വ്യവസ്ഥയാണ്. ഇതില്‍ ആരാണ് മികച്ചത്, ആരാണ് താഴ്‌ന്നത് എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്. കാരണം ഓരോ വിഭാഗത്തിനും കുടംബ, സമൂഹനിര്‍മാണ പ്രക്രിയയില്‍ വ്യത്യസ്തമായ റോളുകളുണ്ട്. അവ യഥാവിധി നിര്‍വഹിക്കപ്പെടുമ്പോള്‍ കുടുംബവും സമൂഹവും നന്നായിത്തീരുന്നു.

താരതമ്യേന ദുര്‍ബലരായ സ്ത്രീവിഭാഗം വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാകുന്ന സ്ഥിതിവിശേഷം പുതിയതായി ഉത്ഭവിച്ചതല്ല. സ്ത്രീജന്മം തന്നെ അധമമാണെന്ന് 'വിശ്വസിച്ച' സമൂഹങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. പലവിധത്തില്‍ കഷ്ടതകള്‍ മാത്രം തരണം ചെയ്ത് സ്ത്രീകള്‍ കഴിഞ്ഞുകൂടുന്ന സമൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താക്കളും യഥാര്‍ഥ മതവിശ്വാസികളും ഈ നിലപാടിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ബാക്കിപത്രമാണ് ആധുനിക യുഗത്തില്‍ സ്ത്രീ സമുദ്ധാരണ പ്രവര്‍ത്തനങ്ങളും പ്രസ്ഥാനങ്ങളും.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിവേചനരഹിതമായ ജീവിതസാഹചര്യം നല്‍കിക്കൊണ്ട് മുഖ്യധാരയിലേക്ക് അവരെ നയിക്കുക എന്ന നയമാണ് സര്‍ക്കാറുകള്‍ സ്വീകരിച്ചുവരുന്നത്. കുട്ടികള്‍, വൃദ്ധജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മത, ജാതി, വര്‍ഗ, ഭാഷാ ന്യൂനപക്ഷങ്ങള്‍; ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണത്തിലൂടെ മാത്രമെ സമൂഹ പുരോഗതി നേടാനാവൂ.

കാലങ്ങളായി പല കാരണങ്ങളാല്‍ പിന്‍തള്ളപ്പെട്ടുപോയ സ്ത്രീകളെ മുന്നോട്ടു നയിക്കാന്‍ സന്നദ്ധസംഘങ്ങളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും രംഗത്തുവന്നു. സര്‍ക്കാരുകള്‍ സ്ത്രീ ശാക്തീകരണത്തിനായി നിയമനിര്‍മാണം നടത്തി. ‘സ്ത്രീ ശാക്തീകരണത്തിലൂടെ സമൂഹ സമുദ്ധാരണം' എന്ന മുദ്രാവാക്യം പൊതുവില്‍ അംഗീകരിക്കപ്പെട്ടു. ഭരണ സംവിധാനങ്ങളിലെ സ്ത്രീ സംവരണവും സ്ത്രീ പീഡനങ്ങള്‍ക്ക് ശിക്ഷയും ഭരണകൂടം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഈ നിലപാടിലാണ്.

എന്നാല്‍ നിയമങ്ങള്‍ കൊണ്ടോ മറ്റു നിലയിലുള്ള മുന്നേറ്റങ്ങള്‍ കൊണ്ടോ താത്കാലികമായി നേടേണ്ട ഒരു സംഗതിയല്ല സ്ത്രീ ശാക്തീകരണം. പുരുഷന്‍ സ്ത്രീക്കു കൊടുക്കേണ്ട ഔദാര്യവുമല്ല. മനുഷ്യന്റെ മനോഭാവമാണ് മാറേണ്ടത്. പുരുഷനും സ്ത്രീയും ചേര്‍ന്നതാണ് കുടുംബം. കുടുംബങ്ങള്‍ ചേര്‍ന്നതാണല്ലോ സമൂഹം. ഇണകള്‍ -ദമ്പതികള്‍- ചേര്‍ന്ന് കുടുംബങ്ങള്‍ രൂപപ്പെടുന്നു. സമൂഹത്തിന്റെ ചെറിയ ഏകകമാണ് കുടുംബം. കുടുംബത്തില്‍ സ്ത്രീയും പുരുഷനും ഇല്ല. ഇണകള്‍, മാതാപിതാക്കള്‍, സഹോദരീസഹോദരന്‍മാര്‍, മക്കള്‍ തുടങ്ങിയ ബന്ധങ്ങളാണുള്ളത്. ഈ ബന്ധങ്ങളാണ് മൃഗീയതയില്‍ നിന്ന് മാനവികതയെ വ്യതിരിക്തമാക്കുന്നത്. ബന്ധവിശുദ്ധിയുടെ ഈ ബലിഷ്ഠ കവചമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭദ്രത നിലനിര്‍ത്തുന്നത്.

കുടുംബത്തില്‍ ഒരാള്‍ക്ക് നേതൃത്വം ഉണ്ടാകണമല്ലോ. ആ നേതൃത്വം പുരുഷനില്‍ അര്‍പ്പിതമായിട്ടാണ് പൊതുവെ കാണപ്പെടുന്നത്. ഇത് സ്ത്രീവിവേചനമല്ല; നേതൃത്വം പുരുഷനായതിനാല്‍ പുരുഷാധിപത്യം എന്ന് പറയുന്നതിലും അര്‍ഥമില്ല. പകരം സ്ത്രീക്ക് നേതൃത്വം നല്‍കിയാലോ? ‘ പെണ്ണാധിപത്യം' എന്ന ആക്ഷേപമുയരില്ലേ? നേതൃത്വം ആധിപത്യമാണെന്ന് തെറ്റായി ധരിച്ചതും തെറ്റായി പ്രയോഗിക്കുന്നതുമാണ് ഇന്നത്തെയും എന്നത്തെയും സാമൂഹിക അസമത്വത്തിനും അസമാധാനത്തിനും ആക്ഷേപങ്ങള്‍ക്കും ഒരു കാരണം.

സ്ത്രീയും പുരുഷനും അനുപൂരകമായ രണ്ടു ഘടകങ്ങളാണ്. അഥവാ ഒന്ന് മറ്റേതിന് എതിരല്ല. ഒന്നില്ലാതെ മറ്റേത് ഇല്ലതാനും. ഈ പ്രകൃതി യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാല്‍ ലിംഗനീതി (Gender Justice)ക്കു വേണ്ടി പോരാടേണ്ടിവരില്ല. ലിംഗനീതി സമൂഹത്തിന്റെ അനിവാര്യതയാണ്. ജീവിക്കാനും സമ്പാദിക്കാനും വിദ്യ അഭ്യസിക്കാനും തൊഴിലെടുക്കാനും വിശ്വാസാചാരങ്ങള്‍ സ്വീകരിക്കാനുമെല്ലാം സ്ത്രീക്കും പുരുഷനും അവകാശമുണ്ട്. ഈ അവകാശങ്ങള്‍ ഏതെങ്കിലും തരത്തില്‍ ധ്വംസിക്കപ്പെടുമ്പോള്‍ അസംതൃപ്തിയും പ്രയാസങ്ങളും ഉണ്ടാവുക സ്വാഭാവികം.

അവകാശ ലംഘനങ്ങള്‍ക്കും അതുവഴി വരുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ചിലര്‍ ‘സ്ത്രീ വിമോചനം' എന്ന ആശയം മുന്നോട്ടു വെച്ചു. എവിടെ നിന്നാണ് മോചനം ? പുരുഷനില്‍നിന്നോ. അതോ സമൂഹജീവിതത്തില്‍ നിന്നോ? ഇത് അസംബന്ധവും അസംഭവ്യവും ആണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഫെമിനിസം കൂമ്പടഞ്ഞത്. ലിംഗനീതി അനിവാര്യമാണ്. അഥവാ സ്ത്രീയായതിന്റെ പേരില്‍/ പുരുഷനായതിന്റെ പേരില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു കൂടാ എന്ന ആശയമാണ് ജന്റര്‍ ജസ്റ്റിസ്. വിശുദ്ധ ക്വുര്‍ആനിലെ ഒരു പ്രഖ്യാപിത തത്ത്വം ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നു: ‘‘...സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്...'' (2:228).

ലിംഗസമത്വം (Gender Equality) എന്നത് ഒരിക്കലും സമമല്ലാത്തവയെ സമമാക്കുക എന്ന ആശയമാണ്. അത് അശാസ്ത്രീയമാണ്; അയുക്തികമാണ്. വോട്ടവകാശം, തുല്യജോലിക്ക് തുല്യവേതനം തുടങ്ങിയ അവകാശങ്ങളിലുള്ള സമത്വം സമൂഹ ഭദ്രതയ്ക്കാവശ്യമാണ്. എന്നാല്‍ പൗരുഷം, സ്‌ത്രൈണത എന്നീ പ്രകൃതിദത്തമായ പ്രത്യേകതകള്‍ മാറ്റാനോ ഒന്നാക്കാനോ കഴിയില്ല. അതിന് ശ്രമിക്കാനും പാടില്ല. ഈ പ്രകൃതി യാഥാര്‍ഥ്യം വിസ്മരിക്കുന്നത് സ്വത്വനിരാസമാണ്. സ്ത്രീസ്വത്വത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണല്ലോ ചില പ്രത്യേക അവകാശങ്ങളും അവസരങ്ങളും സ്ത്രീകള്‍ക്ക് നല്‍കപ്പെട്ടത്. വിദ്യാലയങ്ങളില്‍ ‘ഗേള്‍സ് ഫ്രണ്ട്‌ലി' ടോയ്‌ലറ്റുകള്‍ നിര്‍ബന്ധമാണെന്ന ആവശ്യം അതിന്റെ ഭാഗമാണ്. ‘ബോയ്‌സ് ഫ്രണ്ട്‌ലി' വേണ്ടേ എന്ന മറുചോദ്യമല്ല, ‘എന്തുകൊണ്ട് ഗേള്‍സ് ഫ്രണ്ട്‌ലി' എന്ന യാഥാര്‍ഥ്യബോധമാണ് നമുക്കാവശ്യം.

പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും അംഗീകരിക്കുന്നതാണ് സ്വത്വബോധം. സ്വത്വ നിരാസത്തിലൂടെ ലിംഗസമത്വം നടപ്പാക്കാനാവില്ല. കേരളത്തില്‍ റേഷന്‍ കാര്‍ഡുകള്‍ ഗൃഹനാഥന്റെ പേരില്‍നിന്നു മാറ്റി ഗൃഹനാഥയുടെ പേരിലാക്കി. എന്തു സാമൂഹിക മാറ്റമാണ് അതിലൂടെ നേടാനായത് എന്ന വല്ല പഠനവും നടന്നിട്ടുണ്ടോ?

ആണ്‍, പെണ്‍ എന്ന ചിന്ത തന്നെ ഇല്ലാതാക്കി ‘നപുംസക ലിംഗ' ബോധത്തിലേക്കു നയിക്കുന്നത് പുരോഗമനമാണെന്ന് ചിലര്‍ സിദ്ധാന്തിക്കുന്നു. ക്ലാസ്സില്‍ ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍ പാടില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്‌ത്രമായിരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന Gender Neutrality ചിന്തിക്കുന്ന സമൂഹത്തിനു ചേര്‍ന്നതല്ല. ആണ്‍പെണ്‍ സ്വത്വബോധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആരോഗ്യകരമായ സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്തുകയാണ് കാമ്പസുകളില്‍ ആവശ്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടം, പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, പ്രത്യേകം ഹോസ്റ്റലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ മാറ്റപ്പെടേണ്ട പഴഞ്ചന്‍ ആശയങ്ങളല്ല. അത് ലിംഗപരമായ അനീതിയുമല്ല. എതിര്‍ലിംഗവുമായി അടുക്കുവാനുള്ള നൈസര്‍ഗികത്വര തീക്ഷ്ണമായേക്കാവുന്ന കൗമാരത്തില്‍ അവരുടെ ‘കംഫര്‍ട്ടിനു' വേണ്ടി അവരെ പാട്ടിനുവിടുക എന്നതല്ല വിവേകം. മുന്‍ഗാമികള്‍ ചിന്തിച്ചു സംവിധാനിച്ച സന്തുലിത വിദ്യാലയാന്തരീക്ഷം അംഗീകരിക്കുകയാണ് വിവേകമതികള്‍ ചെയ്യേണ്ടത്.

സ്വത്വബോധത്തിന്റെ ബാഹ്യപ്രകടനമാണല്ലോ വസ്ത്രം. ലോകചരിത്രത്തില്‍, സംസ്‌കൃതികളുടെ ചരിത്രത്തില്‍ എവിടെയെങ്കിലും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഒരേ വസ്ത്രം ധരിക്കണമെന്ന ചിന്ത നിലനിന്നിട്ടുണ്ടോ? ആണിനെയും പെണ്ണിനെയും തിരിച്ചറിയാവുന്ന വസ്ത്രം എന്ന പ്രാഥമിക പരിഗണന പോലും ഇല്ലായ്‌മ ചെയ്യുന്ന Dress Neutrality കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുവാന്‍ പോകുന്നത്?  സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും Girls Friendly Toiletഎങ്കിലും ഉറപ്പുവരുത്താനാണ് ഉത്തരവാദപ്പെട്ടവര്‍ ആദ്യം ശ്രമിേക്കണ്ടത്.

ഇരുന്ന് മൂത്രമൊഴിക്കാന്‍ പോലും കഴിയാത്ത ടൈറ്റ് ജീന്‍സ് കൗമാരപ്രായത്തില്‍ ധരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞ ഒരു പ്രൊഫസറെ നിര്‍ത്തിപ്പൊരിച്ച മാധ്യമങ്ങള്‍ ഇന്ന് കംഫര്‍ട്ടിനെപ്പറ്റി വാചാലമാകുന്നത് വിരോധാഭാസമാണ്. കംഫര്‍ട്ട് ഏതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതിനു പകരം ആരെങ്കിലും അടിച്ചേല്‍പിക്കുന്നത് എല്ലാവര്‍ക്കും കംഫര്‍ട്ടാകണമെന്നില്ല.