രോഗം: വിശ്വാസികൾ അറിയേണ്ടത്

ഹുസൈന്‍ സലഫി

2022 നവംബർ 12, 1444 റബീഉൽ ആഖിർ 17

(രോഗം: വിശ്വാസികൾ അറിയേണ്ടത് - 3 )

മനുഷ്യന് ബാധിക്കുന്ന എല്ലാവിധ രോഗങ്ങൾക്കും ചികിത്സിക്കുവാൻ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്്. രോഗം എത്ര ചെറുതാണെങ്കിലും അതിനു യോജിച്ച ചികിത്സാ രീതികൾ ഇന്ന് സാർവത്രികമാണ്. ചികിത്സയിൽ നിന്ന് ഒളിച്ചോടി, തന്റെ ശരീരത്തെ കൂടുതൽ ആപത്തിലേക്ക് തള്ളിവിടുവാൻ ഒരു സത്യവിശ്വാസിക്ക് പാടില്ല. ചികിത്സ വിശ്വാസിയുടെ തവക്കുലിന് (അല്ലാഹുവിൽ ഭരമേൽപിക്കുന്നതിന്) ഒരിക്കലും എതിരാകുന്നില്ല എന്ന് നാം മനസ്സിലാക്കണം. അല്ലാഹു നമ്മോട് ചെയ്യാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം വളരെ കൃത്യമായി നിർവഹിച്ചതിന് ശേഷമാണ് അല്ലാഹുവിൽ ഭരമേൽപിക്കേണ്ടത്.

നബി ﷺ  പറഞ്ഞു: “നിശ്ചയം, ചികിത്സ ഇറക്കിക്കൊണ്ടല്ലാതെ ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. അത് അറിയാത്തവർ അറിയാത്തവരും അത് അറിഞ്ഞവർ അറിഞ്ഞവരുമാകുന്നു.’’

എല്ലാ രോഗങ്ങൾക്കും അല്ലാഹു മരുന്ന് നിശ്ചയിച്ചിട്ടുണ്ട്. അവ കണ്ടെത്തി ഉപയോഗിച്ചാൽ അല്ലാഹുവിന്റെ സഹായത്താൽ ശമനമുണ്ടാകും. മനുഷ്യർ മരുന്ന് കണ്ടെത്താത്ത രോഗങ്ങളെയാണ് പലപ്പോഴും മാറാരോഗങ്ങളെന്നും ചികിത്സയില്ലാത്ത രോഗങ്ങളെന്നും വിശേഷിപ്പിക്കുന്നത്. ഇന്നത്തെ മാറാരോഗം കുറെ കാലം കഴിഞ്ഞ്മരുന്ന് കണ്ടെത്തുമ്പോൾ മാറുന്നരോഗമായി മാറും.

ചികിത്സ രണ്ടുവിധം

ഒന്ന്: ഭൗതികമായ ചികിത്സ.

രണ്ട്: ആത്മീയമായ ചികിത്സ.

ഭൗതികമായ ചികിത്സ: അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യൂനാനി... ഇങ്ങനെ വിവിധങ്ങളായ ഭൗതിക ചികിത്സാവിഭാഗങ്ങളുണ്ട്. ഓരോ വിഭാഗവും വ്യത്യസ്തമായ മരുന്നുകൾകൊണ്ടാണ് ചികിത്സ നടത്തുന്നത്. വ്യായാമ മുറകളും ചികിത്സയുടെ ഭാഗമാണ്.

പ്രവാചകൻ ﷺ  ഒരു ചികിത്സകനായിരുന്നില്ല. അതേയവസരത്തിൽ അല്ലാഹുവിന്റെ പ്രത്യേകമായ വഹ്‌യ് മുഖേന ചികിത്സയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്. പല മരുന്നുകളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ അവിടുന്ന് പ്രത്യേകത പറഞ്ഞിട്ടുള്ള രണ്ട് വസ്തുക്കളാണ് കരിഞ്ചീരകവും തേനും.

“തീർച്ചയായും ഈ കരിഞ്ചീരകം മരണമൊഴികെ എല്ലാത്തിനും മരുന്നാകുന്നു’’ (ബുഖാരി, മുസ്‌ലിം). കരിഞ്ചീരകത്തിന്റെ ഔഷധഗുണം ഈ ഹദീസ് വ്യക്തമാക്കിത്തരുന്നു.

തേനിനെക്കുറിച്ച ക്വുർആനിന്റെ പരാമർശം ഇപ്രകാരമാണ്: “അതിൽ ജനങ്ങൾക്ക് ശമനമുണ്ട്’’ (സൂറതുന്നഹ്ൽ: 69).

വയറിന് അസുഖം ബാധിച്ച ഒരു സ്വഹാബിയോട് വേദന മാറുവാൻ തേൻ കുടിക്കുവാനാണ് റസൂൽ ﷺ  കൽപിച്ചത്. തേൻകുടിച്ചപ്പോൾ അദ്ദേഹത്തിന്റെ രോഗം മാറിയില്ല. ആ സ്വഹാബി വീണ്ടും നബി ﷺ യുടെ അടുക്കൽ ചെന്ന് പറഞ്ഞു: “പ്രവാചകരേ, തേൻ കുടിച്ചു. രോഗത്തിന് മാറ്റമൊന്നുമില്ല.’’ അപ്പോൾ റസൂൽ ﷺ  പറഞ്ഞു: “ഇനിയും തേൻ കുടിക്കൂ.’’ അങ്ങനെ രണ്ടോ മൂന്നോ തവണ തേൻ കുടിക്കുവാൻ നിർദേശിച്ചു. അത് എത്തേണ്ട അളവിൽ വയറ്റിൽ എത്തിയപ്പോൾ ശമനമുണ്ടായി.

നബി ﷺ  പറഞ്ഞു:’’എല്ലാ രോഗത്തിനും മരുന്നുണ്ട്. ആ നിശ്ചയിക്കപ്പെട്ട മരുന്ന് രോഗിക്ക് ശരിയായ നിലക്ക് കിട്ടിക്കഴിഞ്ഞാൽ അല്ലാഹുവിന്റെ അനുമതി പ്രകാരം ശമനമാകും.’’

സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും ‘കിതാബുത്ത്വിബ്ബ്’ അഥവാ ‘ചികിത്സയുടെ അധ്യായം’ എന്ന പേരിൽ അധ്യായംതന്നെ കാണാം. അതിൽ ധാരാളം ഹദീസുകളിൽ റസൂൽ ﷺ  ചികിത്സയുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ കാണാവുന്നതാണ്.

രോഗം വന്നാൽ ചികിത്സിക്കാത്ത ചില മതവിശ്വാസികളും ലോകത്തുണ്ട്. ‘ദൈവം തന്നത് ദൈവം തന്നെ മാറ്റട്ടെ’ എന്നാണ് അവരുടെ ‘ന്യായം!’ സ്വൂഫികളും ത്വരീക്വത്ത് പ്രസ്ഥാനക്കാരും ഇതേകാര്യം ജനങ്ങളെ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ, അല്ലാഹു ഒരു കാര്യം നേടുവാൻ വേണ്ടി നിശ്ചയിച്ച് തന്നിട്ടുള്ള മാർഗങ്ങളെ സമീപിക്കുക എന്നത് തവക്കുലിന് എതിരല്ല.

ചികിത്സിക്കുമ്പോൾ ഹറാമുകൊണ്ട് ചികിത്സിക്കാൻ പാടില്ല. ഇസ്‌ലാമിന്റെ പൊതുതത്ത്വമാണിത്. നബി ﷺ  പറഞ്ഞു: “നിശ്ചയമായും അല്ലാഹു പറഞ്ഞു: മരുന്നും രോഗവും അല്ലാഹു ഇറക്കിയിട്ടുണ്ട്്. എല്ലാ രോഗത്തിനും അല്ലാഹു മരുന്നും നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ ചികിത്സിക്കുവിൻ. നിങ്ങൾ നിഷിദ്ധംകൊണ്ട്ചികിത്സിക്കുകയുമരുത്.’’

‘ചില രോഗങ്ങൾക്ക് മരുന്നായി ഞങ്ങൾ മദ്യപിക്കാറുണ്ട് പ്രവാചകരേ. അതിനാൽ മദ്യപിക്കാൻ ഞങ്ങൾക്ക് താങ്കൾ അനുവാദം തരണം’ എന്ന് പറഞ്ഞ ഒരാളോട് നബി ﷺ  പറഞ്ഞത് ഇപ്രകാരമാണ്: ‘അല്ലാഹു, നിഷിദ്ധമാക്കപ്പെട്ട വസ്തുക്കളിൽ നിങ്ങൾക്ക് ശിഫ (ശമനം) നിശ്ചയിച്ചിട്ടില്ല.’

‘നിഷിദ്ധമായവയുടെ കൂട്ടത്തിൽ രക്തം കുടിച്ചുകൊണ്ടുള്ള ചികിത്സയും മൂത്രപാനത്തിലൂടെയുള്ള ചികിത്സയും ഉൾപ്പെടുന്നു. രോഗി തന്റെ മൂത്രം സ്വയം കുടിച്ചുകൊണ്ടുള്ള ചികിത്സാരീതിക്ക് ഇന്ന് ഇന്ത്യയിൽ പ്രചാരം സിദ്ധിച്ചുവരികയാണ്. കൂടുതൽ ആളുകൾ ഒരു ചികിത്സാരീതി അവലംബിക്കുന്നു എന്ന ഒറ്റക്കാരണത്താൽ അത് അനുവദനീയമാവുകയില്ല. നിഷിദ്ധമായ വസ്തുക്കൾ കൊണ്ട്ചികിത്സിക്കുന്നത് അല്ലാഹു വിരോധിച്ചിരിക്കുന്നുവെന്ന് പ്രവാചകൻ ﷺ  അസന്ദിഗ്ധമായി പ്രസ്താവിച്ചത് നാം മുകളിൽ കണ്ടുകഴിഞ്ഞല്ലോ.

അതുപോലെ ഇന്ന് പ്രചാരത്തിലുള്ള ഒരു ചികിത്സയാണ് മ്യൂസിക് തെറാപ്പി അഥവാ സംഗീതം കൊണ്ടുള്ള ചികിത്സ. നല്ല തട്ടുതകർപ്പൻ സംഗീതം കേൾപിച്ചുകൊടുത്താൽ അസുഖം മാറുമെങ്കിൽ ക്യാൻസർ ഹോസ്പിറ്റലുകളിലും കുഷ്ഠരോഗ ചികിത്സാലയങ്ങളിലുമൊക്കെ അത് പരീക്ഷിക്കാമല്ലോ. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സംഗീതോപകരണങ്ങളുപയോഗിച്ചുകൊണ്ടുള്ള ശബ്ദങ്ങൾ നിഷിദ്ധമാണ്. ശമനമുണ്ടെന്ന് ആരെങ്കിലും പറയുന്നതിനാൽ അത് അനുവദനീയമായി മാറില്ല.

മൂത്രം നജസാണെന്നും അതുമുഖേന ചികിത്സിച്ചുകൂടാ എന്നും നാം മനസ്സിലാക്കുകയുണ്ടായി. എന്നാൽ പണ്ഡിതലോകത്ത് ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമുള്ള ഒരു കാര്യമുണ്ട്. മനുഷ്യന്റെ മൂത്രത്തിന്റെ വിഷയത്തിലല്ല അഭിപ്രായ വ്യത്യാസം. ഭക്ഷ്യയോഗ്യമായ കാലികളുടെ (ആട്, മാട്, ഒട്ടകങ്ങൾ) മൂത്രം നജസാണോ അല്ലേ എന്ന വിഷയത്തിലാണ് പണ്ഡിതലോകത്ത് ചില വീക്ഷണ വ്യത്യാസങ്ങളുള്ളത്. ആ കൂട്ടത്തിൽ ഏറ്റവും പ്രബലമായി വന്നിട്ടുള്ള ഒരു ഹദീസ് നമുക്ക് സ്വഹീഹുൽ ബുഖാരിയിൽ തന്നെ കാണാൻ സാധിക്കും.

റസൂലിന്റെ കാലത്ത് ചിലയാളുകൾക്ക് മദീനയിൽ വന്നപ്പോൾ കാലാവസ്ഥയുടെയും മറ്റും കാരണത്താൽ ചില രോഗങ്ങൾ ഉണ്ടായി എന്നും അന്നേരം റസൂൽ ﷺ  അവരോട് ഒട്ടകത്തിന്റെ പാലും മൂത്രവും കുടിക്കാൻ വേണ്ടി പറഞ്ഞു എന്നുമാണ് ഹദീസിലുള്ളത്. വിദൂര ദേശത്തുനിന്ന് മദീനയിലേക്ക് എത്തിയ ഉകൈ്വൽ, ഉറൈന ഗോത്രക്കാരായിരുന്നു അവർ.

ഒട്ടകം ഭക്ഷ്യയോഗ്യമായ കാലിവർഗത്തിൽ പെട്ടതാണ്. അതിന്റെ പാലും മൂത്രവും ഉപയോഗിക്കുവാനാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നാം അറുത്ത് ഭക്ഷിക്കുന്ന ആടിന്റെയും മാടിന്റെയും മൂത്രവും നജസല്ല. അത് ചികിത്സക്ക് ഉപയോഗിക്കാം എന്ന് അഭിപ്രായപ്പെട്ട പന്ധിതൻമാരുണ്ട്. അതേയവസരത്തിൽ നബി ﷺ  ഒട്ടകത്തിന്റെത് മാത്രമാണ് പറഞ്ഞത് എന്ന നിലയ്ക്ക് ഒട്ടകമൂത്രം മാത്രമെ ചികിത്സയുടെ ആവശ്യാർഥം ഉപയോഗിക്കാവൂ എന്നാണ് മറ്റു ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇവയെല്ലാം വളരെ വിശദമായി കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ള കാര്യങ്ങളാണ്. ചില സൂചനകൾ നൽകിയെന്ന് മാത്രം.

നിത്യജീവിതത്തിൽ പല രോഗങ്ങളും നമ്മെ ബാധിക്കാറുണ്ട്. രോഗം വന്നാൽ നാം ചികിത്സിക്കാറുമുണ്ട്. ഒരു ഡോക്ടറെ കാണാൻ പോകുമ്പോൾ ഇസ്‌ലാമികമായ ചില മര്യാദകളുണ്ട്. അത് എല്ലാ രംഗത്തും മുസ്‌ലിംകൾ കാത്തുസൂക്ഷിക്കേണ്ട മര്യാദകൾ തന്നെയാണ്.

പുരുഷ ഡോക്ടറും രോഗിയായ സ്ത്രീയും; അല്ലെങ്കിൽ വനിതാ ഡോക്ടറും രോഗിയായ പുരുഷനും എന്നിങ്ങനെ പരിശോധനാ മുറിയിൽ ചികിത്സയുടെ പേരിൽ തനിച്ചാവാൻ പാടില്ല. ഇത് ഇസ്‌ലാമികമായ ഒരു പൊതു തത്ത്വമാണ്. അന്യസ്ത്രീയും പുരുഷനും ഒരിടത്ത് തനിച്ചാകുന്നതിനെ ഇസ്‌ലാം വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

സ്ത്രീയാണ് ചികിത്സ തേടുന്നതെങ്കിൽ മഹ്‌റമായിട്ട് ആരെങ്കിലും കൂടെ വേണം. മഹ്‌റം ഇല്ലെങ്കിൽ വേറെ ഏതെങ്കിലും സ്ത്രീ കൂടെ വേണം. അടച്ചിട്ട റൂമിലാണല്ലോ തനിച്ചാകുക എന്ന പ്രശ്‌നം വരുന്നത്. മൂന്നാമതായി ഒരാളുടെ സാന്നിധ്യം അവിടെ ഉണ്ടായിരിക്കുകയെങ്കിലും വേണം. അതുമല്ലെങ്കിൽ പുറത്ത് കാത്തിരിക്കുന്ന ആളുകൾക്ക് കാണാവുന്ന നിലക്ക് ഡോർ തുറന്നിട്ടുകൊണ്ടായിരിക്കണം പരിശോധന. ഇന്നത്തെ കാലത്ത് ഈ നിർദേശത്തിന്റെ ആവശ്യകത പ്രത്യേകം പറയേണ്ടതില്ലല്ലോ.

നബി ﷺ  പറഞ്ഞു: “വിവാഹബന്ധം നിഷിദ്ധമായ ബന്ധുക്കൾ കൂടെയില്ലാതെ ഒരു പുരുഷനും ഒരു അന്യസ്ത്രീയും എവിടെയും തനിച്ചായി കാണാൻ പാടില്ല.’’

“ഒരിടത്തും നിങ്ങൾ അന്യസ്തീകളുമായി തനിച്ചാകാൻ പാടില്ല. ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകുന്നത് സൂക്ഷിക്കണേ. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ റബ്ബിനെ തന്നെയാണ് സത്യം, ഒരു അന്യപുരുഷനും അന്യസ്ത്രീയും തനിച്ചായിക്കഴിഞ്ഞാൽ അവർക്കിടയിൽ പിശാച് പ്രവേശിക്കാതിരിക്കില്ല’’ (ത്വബ്‌റാനി).

രണ്ടാൾ തനിച്ചാകുമ്പോൾ മൂന്നാമനായി ശൈത്വാനുണ്ടാകും. അതുകൊണ്ട് കൂടെ ആരുമില്ലാതെ ഒറ്റക്കാവരുത്. ട്യൂഷൻ നൽകുന്ന അധ്യാപകനും വിദ്യാർഥിനിയും തനിച്ചാകുന്നതും ഹൗസ് ഡ്രൈവർ വീട്ടിലെ സ്ത്രീയുമായി വാഹനത്തിൽ തനിച്ചാകുന്നതുമെല്ലാം അപകടത്തിലേക്ക് നയിക്കാൻ സാധ്യതയുള്ളതാണ്.

ആത്മീയ ചികിത്സ: ഭൗതികമായ ചികിത്സക്ക് പുറമെ നമ്മുടെ നിത്യജീവിതത്തിൽ നാം പാലിക്കേണ്ട മറ്റൊരു ചികിത്സയാണ് ആത്മീയമായ ചികിത്സ. എന്താണ് ഈ ആത്മീയ ചികിത്സ? ഇന്ന് ഏറ്റവും കൂടുതൽ തട്ടിപ്പുകളും അനിസ്‌ലാമികതയും നിറഞ്ഞുനിൽക്കുന്ന രംഗമാണിത്.

പരിശുദ്ധ ക്വുർആനിലെ സൂക്തങ്ങൾ, പ്രാർഥനകൾ, അല്ലാഹുവിന്റെ നാമങ്ങൾ, പ്രവാചകൻ ﷺ  പഠിപ്പിച്ചുതന്ന ദുആകൾ, ദിക്‌റുകൾ തുടങ്ങിയവ രോഗശമനത്തിനായുള്ള മന്ത്രങ്ങളായി ഇസ്‌ലാം നമുക്ക് അനുവദിച്ചുതന്നിരിക്കുന്നു. ഇതാണ് ആത്മീയ ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ രോഗശാന്തി ആഗ്രഹിക്കുകയും തേടുകയുമാണ് നാം ചെയ്യുന്നത്.

സൂറതുൽ ഫാതിഹ രോഗികൾക്ക് പ്രാർഥിക്കാവുന്ന ചെറിയ അധ്യായമാണ്. ആയതുൽ കുർസിയ്യ്, സൂറത്തുൽ ഇഖ്‌ലാസ് (ക്വുൽ ഹുവല്ലാഹു അഹദ്), മുഅവ്വിദതൈനി (ക്വുൽ അഊദി ബിറബ്ബിൽ ഫലക്വ്, ക്വുൽ അഊദു ബിറബ്ബിന്നാസ്) എന്നീ സൂറതുകൾ മുഖേന മഹാനായ പ്രവാചകൻ ﷺ  അവിടുന്ന് രോഗിയാകുമ്പോൾ മന്ത്രിക്കാറുണ്ടായിരുന്നുവെന്ന് അവിടുത്തെ പ്രിയപത്‌നി ആഇശ(റ) പ്രസ്താവിച്ചതായി കാണാം:

ആഇശ(റ) പറയുന്നു: ‘അല്ലാഹുവിന്റെ റസൂൽ ﷺ  രോഗിയായാൽ അഭയാർഥനാ സൂറതുകൾ (സൂറതുൽ ഫലക്വും സൂറതുന്നാസും) പാരായണം ചെയ്ത് ശരീരത്തിൽ ഊതുകയും കൈകൊണ്ട് തടവുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിന്ന് മരണ കാരണമായിത്തീർന്ന രോഗം പിടിപ്പെട്ടപ്പോൾ ഞാൻ അദ്ദേഹം ഓതി ഊതാറുള്ള അഭയാർഥനാ സൂറതുകൾ പാരായണം ചെയ്ത് അദ്ദേഹത്തിന്റെ ശരീരത്തിൽ ഊതാൻ തുടങ്ങി. പ്രവാചക കരംകൊണ്ട്് തന്നെ അവിടുത്തെ ശരീരത്തിൽ ഞാൻ തടവുകയും ചെയ്തു’ (ബുഖാരി, മുസ്‌ലിം).

ഈ രണ്ട് സൂറതുകൾ ഓതിക്കൊണ്ട് നബി ﷺ  തന്റെ കൈകൊണ്ട് സ്വശരീരത്തിൽ തടവിയിരുന്നതായി ഇതിൽനിന്ന് മനസ്സിലാക്കാം. പക്ഷേ, നബി ﷺ ക്ക് വഫാത്തിന് കാരണമായിത്തീർന്ന രോഗം ബാധിച്ച സന്ദർഭത്തിൽ ഇങ്ങനെ ചെയ്യാൻ സാധിക്കാതെ വരികയും ഭാര്യ ആഇശ(റ) ഈ സൂറതുകൾ ഓതി ഊതിക്കൊണ്ട് പ്രവാചകന്റെ കരങ്ങൾ കൊണ്ടുതന്നെ അവിടുത്തെ ശരീരത്തിൽ തടവിയെന്നാണല്ലോ ഈ ഹദീസിൽനിന്നും മനസ്സിലാകുന്നത്. ഏറ്റവും കൂടുതൽ ബറകതുള്ള, അഥവാ അനുഗ്രഹം പ്രതീക്ഷിക്കാവുന്ന കരങ്ങൾ പ്രവാചകന്റെതാണല്ലോ. അതുകൊണ്ടുതന്നെയാണ് മഹതി സ്വന്തം കൈകൾ കൊണ്ട് പ്രവാചകന്റെ ശരീരത്തിൽ തടവാതിരുന്നതും പ്രവാചകന്റെ കരങ്ങൾ കൊണ്ടുതന്നെ തടവിയതും.

പ്രവാചക മാതൃകയുള്ളതിനാൽ നമുക്കും ഇത് നിർവഹിക്കാവുന്നതാണ്. രോഗം വന്നുകഴിഞ്ഞാൽ സ്വയം തന്നെ ചെയ്യുക. ഇതൊക്കെ നടപ്പിൽ വരുത്തേണ്ട കാര്യമാണ്. ഏത് അസുഖമാണെങ്കിലും സൂറതുൽ ഇഖ്‌ലാസും മുഅവ്വിദതൈനിയും ഓതിക്കൊണ്ട് ഊതി സ്വശരീരത്തിൽ തടവാം. അതിന് സ്വയം കഴിയാത്ത അവസ്ഥയിലാണെങ്കിൽ ഭാര്യക്ക് ഭർത്താവിനും ഭർത്താവിന് ഭാര്യക്കും ഇത് ചെയ്തുകൊടുക്കാം. മക്കൾക്ക് വേണ്ടിയോ, മാതാപിതാക്കൾക്ക് വേണ്ടിയോ ചെയ്തുകൊടുക്കാവുന്നതാണ്. ഇങ്ങനെ ഒരാൾക്ക് സ്വന്തം അത് ചെയ്യാൻ സാധ്യമാകാത്ത ഘട്ടത്തിൽ മറ്റുള്ളവർക്കും ചെയ്തുകൊടുക്കാം എന്നർഥം. ഇതൊന്നും ആരും അന്ധവിശ്വാസമായി ഗണിക്കേണ്ടതില്ല. ചികിത്സ ഒഴിവാക്കി ഇത് ചെയ്യണമെന്നല്ല ഇപ്പറഞ്ഞതിനർഥം.

ഉസ്മാനുബ്നു അബില്‍ആസ്വ്(റ) റസൂലി(സ്വ)െൻറ അടുക്കല്‍ ചെന്നുകൊണ്ട് ‘ഞാന്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് മുതല്‍ക്കേ എെൻറ ശരീരത്തില്‍ വേദന ഇടക്കിടെ വരാറുണ്ട്’ എന്നു പറഞ്ഞപ്പോള്‍ നബി  ﷺ  അദ്ദേഹത്തോട് നിര്‍ദേശിച്ചത് ഇപ്രകാരമാണ്: ‘താങ്കള്‍ക്ക് വേദനയനുഭവപ്പെടുന്ന ശരീരഭാഗത്ത് താങ്കളുടെ കൈ വെക്കുക. എന്നിട്ട് മൂന്ന് പ്രാവശ്യം ‘ബിസ്മില്ലാഹ്’ എന്ന് പറയുക. 7 പ്രാവശ്യം ‘അഊദു ബില്ലാഹി വ ക്വുദ്റതിഹി മിന്‍ ശര്‍റി മാ അജിദു വഉഹാദിറു’ എന്നുകൂടി പറയുക.’

ഭൗതികമായ ചികിത്സ നൽകുന്ന കൂട്ടത്തിൽ ഒരു മുസ്‌ലിം ഡോക്ടർക്ക് നിർവഹിക്കാവുന്ന ഒരു ദഅ്‌വത്ത് കൂടിയാണിത്. ‘ഞാൻ നിർദേശിക്കുന്ന മരുന്ന് കഴിച്ചാൽ അല്ലാഹുവിന്റെ തൗഫീക്വുണ്ടെങ്കിൽ ശമനമുണ്ടാകും. ഇതിന്റെ കൂടെത്തന്നെ നിങ്ങൾ പ്രവാചകൻ  ﷺ  പഠിപ്പിച്ച ഇൗ മന്ത്രം അഥവാ പ്രാർഥനകൂടി ചെയ്യുന്നത് നല്ലതായിരിക്കും’ എന്ന് രോഗിയോട് പറയാൻ ഒരു മുസ്‌ലിം ഡോക്ടർക്ക് കഴിയണം.

‘എനിക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാവിധ പ്രയാസങ്ങളിൽനിന്നും ഞാൻ ഭയപ്പെടുന്ന കാര്യങ്ങളിൽനിന്നും വേദനകളിൽനിന്നും ഉപദ്രവങ്ങളിൽനിന്നും അല്ലാഹുവേ, നിന്നോട് ഞാൻ രക്ഷതേടുന്നു’ എന്ന് പ്രാർഥിക്കുക. അല്ലാഹുവിന്റെ മഹത്തായ നാമങ്ങൾ എടുത്തുപറഞ്ഞ് പ്രാർഥിക്കുക.

പ്രവാചകൻ ﷺ  പഠിപ്പിച്ചതു പ്രകാരം പ്രവർത്തിച്ചതിനാൽ തനിക്ക് പിന്നീട് വേദനയനുഭവപ്പെട്ടിട്ടില്ല എന്ന് ഉസ്മാനുബ്‌നു അബിൽആസ്വ് (റ) പിന്നീട് പറഞ്ഞതായി കാണാം. മഹാൻമാരായ സ്വഹാബിമാർ നബി ﷺ  പറയുന്നതും പഠിപ്പിക്കുന്നതും തൽക്ഷണം സ്വീകരിക്കുന്നതിലും അത് തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലും എത്രമാത്രം തൽപരരായിരുന്നുവെന്ന് ഈ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.

അല്ലാഹു ഉദ്ദേശിച്ചാൽ അവൻ പെട്ടെന്ന് രോഗം സുഖപ്പെടുത്തുന്നു. അല്ലെങ്കിൽ നമ്മുടെ പ്രാർഥനക്ക് പ്രതിഫലം അല്ലാഹു നമ്മുടെ നന്മയുടെ ഏടുകളിൽ രേഖപ്പെടുത്തുകയും ചെയ്യും. ‘ഉത്തരം കിട്ടുന്നില്ല’ എന്നു പറഞ്ഞ് പ്രാർഥനയോട് വിമുഖത കാട്ടുവാൻ പാടില്ല.

മനസ്സിന് ഏകാഗ്രത നഷ്ടപ്പെട്ട്, ദുഃഖത്തിൽ കഴിഞ്ഞുകൂടുന്നവരുടെ കാര്യത്തിൽ നബി ﷺ  പറഞ്ഞത് ഇപ്രകാരമാണ്: ‘അല്ലാഹു; അവനെന്റെ റബ്ബാണ്. ഞാൻ അവനിൽ ഒന്നിനെയും പങ്കുചേർക്കുകയില്ല’ (ഇബ്‌നുമാജ).

‘എന്നെന്നും ജീവിച്ചിരിക്കുന്നവനും അജയ്യനുമായ അല്ലാഹുവേ, നിന്റെ കാരുണ്യംകൊണ്ട് ഞാൻ നിന്നോട് സഹായം ചോദിക്കുന്നു. എന്റെ മുഴുവൻ കാര്യങ്ങളും നീ എനിക്ക് നന്നാക്കിത്തരേണമേ. ഒരു കണ്ണിമവെട്ടുന്ന നേരംപോലും എന്റെ കാര്യം നീ എന്നിൽ ഏൽപിക്കാതിരിക്കുകയും ചെയ്യേണമേ.’

‘അല്ലാഹുവേ, മനഃക്ലേശത്തിൽനിന്നും ദുഃഖത്തിൽനിന്നും ദുർബലതയിൽനിന്നും അലസതയിൽനിന്നും പിശുക്കിൽനിന്നും ഭീരുത്വത്തിൽനിന്നും കടംകൊണ്ട് കഷ്ടതപ്പെടുന്നതിൽനിന്നും ആളുകൾ അക്രമിച്ച് അതിജയിക്കുന്നതിൽനിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.’

വ്യത്യസ്ത റിപ്പോർട്ടുകളിൽ വ്യത്യസ്തങ്ങളായ പദപ്രയോഗങ്ങളിലൂടെ വന്നിട്ടുള്ള ഒട്ടേറെ ഹദീസുകൾ ഈ വിഷയത്തിൽ നമുക്ക് കാണാം. ഇപ്രകാരമുള്ള ദുആകളും ദിക്‌റുകളുംകൊണ്ട് മാനസികമായ കരുത്ത് നേടുക. ശാരീരികമായ രോഗങ്ങളുണ്ടാകുമ്പോഴും ഈ രൂപത്തിലുള്ള മന്ത്രങ്ങളുണ്ടെന്ന് സൂചിപ്പിച്ചുവല്ലൊ. ശറഇൽ അനുവദിച്ചിട്ടുള്ള അത്തരത്തിലുള്ള മന്ത്രങ്ങൾക്കാണ് റുക്വ്\യ ശറഇയ്യ എന്ന് പറയുന്നത്.

ഇസ്‌ലാം നിഷിദ്ധമാക്കിയ മന്ത്രങ്ങമുണ്ട്; ശിർക്കൻ മന്ത്രങ്ങൾ അതിൽ പെടുന്നു. അല്ലാഹുവിനോടല്ല അതിൽ പറയുക; മലക്കുകളോടും ജിന്നുകളോടും ഇതര സൃഷ്ടികളോടുമാണ്. അല്ലാഹുവിന്റെ നാമങ്ങൾക്കു പകരമായി ശിർക്കൻ വിശ്വാസത്തിന്റെ പദങ്ങൾ ഉരുവിട്ടുകൊണ്ടുള്ള മന്ത്രങ്ങൾ വർജിക്കുകതന്നെ വേണം. അതുപോലെ മലക്കിന്റെയും ജിന്നിന്റെയും പേരുകൾ എഴുതിക്കെട്ടുന്നവരുണ്ട്. അവരെ വിളിച്ച് പ്രാർഥിക്കുന്നവരുണ്ട്. ഇതൊക്കെ കഠിനമായ ശിർക്കും ഇസ്‌ലാം വിരോധിച്ചിട്ടുള്ള സംഗതികളുമാണ്.

ആത്മീയ ചികിത്സ എന്ന നിലയിൽ കൈയിലും കഴുത്തിലുമൊക്കെ ചരട് കെട്ടുന്നവരുണ്ട്. ചിലപ്പോൾ ചരടുകളിൽ ഐക്കല്ലുകളും ഏലസ്സുകളുമുണ്ടാകും. രോഗശമനത്തിനുവേണ്ടി വീടിന്റെ നാല് മൂലകളിൽ കുപ്പിയും തകിടുമൊക്കെ കെട്ടിത്തൂക്കുന്നവരുമുണ്ട്. കോഴിമുട്ടയുടെ പുറത്തും കരിക്കിൻമേലും വെള്ളരിക്കയുടെ പുറത്തുമൊക്കെ എന്തൊക്കെയോ എഴുതുക, ഹോമം നടത്തുക, തീകുണ്ഠാരത്തിൽ എറിയുക... ഇങ്ങനെ അന്യമതസ്ഥരിൽനിന്നും കടമെടുത്ത ശിർക്കൻ ആചാരങ്ങൾ കൊണ്ടുനടക്കുന്നവർ ഏറെയുണ്ട്.

ഇങ്ങനെയൊക്കെ ചെയ്യാൻ നിർദേശിക്കുന്നത് സിദ്ധന്മാരായി ചമഞ്ഞുനടക്കുന്നവരും ജ്യോ ത്സ്യൻമാരും കണക്കൻമാരും മഷിനോട്ടക്കാരുമൊക്കെയാണ്. ഇത്തരം ആത്മീയചൂഷകരെ സമീപിച്ച് പരിഹാരം തേടുന്നതിനെ വലിയ പാതകമായി ഇസ്‌ലാം പഠിപ്പിക്കുന്നു.

നബി ﷺ  പറഞ്ഞു:’’ആരെങ്കിലും ജ്യോത്സ്യനെ സമീപിച്ചാൽ നാൽപത് രാവുകളിലെ അവരുടെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല.’’

“ആരെങ്കിലും ജ്യോത്സ്യനെയോ കണക്ക് നോട്ടക്കാരനെയോ സമീപിക്കുകയും എന്നിട്ട് അവർ പറയുന്നത് വിശ്വസിക്കുകയും ചെയ്താൽ തീർച്ചയായും അവൻ നബി  ﷺ ക്ക് ഇറക്കപ്പെട്ടതിൽ (ക്വുർആനിൽ) അവിശ്വസിച്ചിരിക്കുന്നു.’’

ജ്യോത്സ്യൻ പറഞ്ഞത് വിശ്വസിച്ചാൽ അവൻ കാഫിറാകുമെന്നും അത് വിശ്വസിച്ചില്ലെങ്കിലും അയാളെ സമീപിക്കുന്നതുകൊണ്ട് മാത്രം ഒരാളുടെ നാൽപത് ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടില്ലെന്നും നബി ﷺ  താക്കീത് ചെയ്തിരിക്കുന്നു!

ഇന്ന് മന്ത്രത്തെ സംബന്ധിച്ച് സമൂഹത്തിൽ കാണുന്ന രണ്ട് നിലപാടുകളെ സംബന്ധിച്ച് മുഹമ്മദ് അമാനി മൗലവി(റഹി) പറയുന്നു: “മന്ത്രത്തോടും അതോടുള്ള ചികിത്സയോടും മിക്കവാറും രണ്ട് രൂപത്തിലുള്ള സമീപനങ്ങളാണ് ആളുകൾക്കുള്ളത്. മന്ത്രത്തെ സംബന്ധിച്ച് ഇന്ന് ആളുകൾ രണ്ട് തരക്കാരാണ്. ഒരു വിഭാഗം തീരെ അവിശ്വസിക്കുന്നു. ചിലയാളുകളുടെ പണി പറ്റെ നിഷേധിക്കലാണ്. ക്വുർആൻകൊണ്ടും മറ്റേത് മന്ത്രമായാലും ഈ സമീപനക്കാർക്ക് അതിൽ വിശ്വാസമുണ്ടാവില്ല. മാത്രവുമല്ല, അവർക്കതിനോടൊക്കെ പുച്ഛവുമായിരിക്കും.’’

മന്ത്രങ്ങളെ പാടെ നിഷേധിക്കുകയും അതിനെക്കുറിച്ച് വന്നിട്ടുള്ള സ്ഥിരപ്പെട്ട പ്രമാണങ്ങളെ അഹന്തയോടെ തള്ളിക്കളയുകയും ചെയ്യുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. പ്രാമാണികമായി സ്ഥിരപ്പെട്ട കാര്യങ്ങളെ മുഴുവൻ തങ്ങളുടെ ബുദ്ധിയുടെ തുലാസിൽ അളന്നുനോക്കി മാത്രം അവയോടുള്ള സമീപനരീതി തീരുമാനിക്കുന്ന ഇക്കൂട്ടരുടെ ദുശ്ശാഠ്യമാണ് അവസാനം സമ്പൂർണ ഹദീസ് നിഷേധത്തിലേക്കും പിന്നീട് മെല്ലെ യുക്തിവാദത്തിലേക്കുമൊക്കെ ഇവരെ എത്തിക്കുവാൻ കാരണമാകുന്നത്. അല്ലാഹുവിൽ അഭയം തേടുകയല്ലാതെ വേറെ നിവൃത്തിയില്ല.

ഇസ്‌ലാം അനുവദിച്ച മന്ത്രത്തിലെ യഥാർഥ്യങ്ങൾക്കു നേരെ കണ്ണടക്കുന്നവർ അതിനെ പുച്ഛിക്കുന്നവരും തങ്ങളുടെ അൽപജ്ഞാനത്തിന്റെ പേരിൽ അഹങ്കരിക്കുന്നവരുമാണ്. മന്ത്രവാദികളുടെയും കൂടോത്രക്കാരുടെയുമൊക്കെ ജൽപനങ്ങൾ വേദവാക്യംപോലെ സ്വീകരിക്കുന്നവരാകട്ടെ ശരിയായ വിശ്വാസങ്ങളിൽനിന്ന് അകലുന്നവരുമാണ്.

ശാസ്ത്ര, സാങ്കേതിക രംഗത്തെ വികാസത്തിനനുസരിച്ച് മതവിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും പൊളിച്ചെഴുതണമെന്ന് പറയുന്നവർക്ക് ഇതൊന്നും ദഹിക്കണമെന്നില്ല. ഈ പരിഷ്‌കൃത നൂറ്റാണ്ടിലും ഇങ്ങനെയൊക്കെ പറയുന്നവർ അജ്ഞതയുടെ വിത്തുപാകാൻ ശ്രമിക്കുന്നവരാണെന്നു പറഞ്ഞ് പ്രമാണങ്ങൾക്കെതിരിൽ ഇവർ ഒച്ചവെക്കാറുണ്ട്. ഇവർ പലപ്പോഴും ചൂണ്ടിക്കാണിക്കാറുള്ളത് ബീവിമാർ, ജിന്നുമ്മമാർ, ചാത്തൻ സേവക്കാർ പോലുള്ളവരെ സമീപിച്ച് പിഴച്ചുപോകുന്നവരെയാണ്. ഇത്എതിർക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അതിന്റെ പേരിൽ ഇസ്‌ലാം അനുവദിച്ച കാര്യങ്ങളെ മൊത്തം ആക്ഷേപിക്കുന്നത് ന്യായമല്ല.

സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം കരണീയമായത്, രോഗം വന്നാൽ മരുന്നുപയോഗിച്ച് ചികിത്സിക്കുകയും അതോടൊപ്പം ഹദീസുകളിൽ വന്ന ദിക്‌റുകളും ദുആകളും മുഖേന മന്ത്രിക്കുകയുമാണ്. ശരിയായ ഒരു മുസ്‌ലിം റുക്വ്യ്യ ശറഇയ്യയെ നിഷേധിക്കുന്നവരുടെയും മന്ത്രം എന്നു പറഞ്ഞ് ഒരു ലക്കും ലഗാനുമില്ലാതെ മതവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരുടെയും കൂട്ടത്തിലല്ല, ചികിത്സ തേടുകയും മരുന്ന് സേവിക്കുകയും ഹദീഥുകളിൽ വന്ന ദിക്‌റുകളും ദുആകളും മുഖേന അല്ലാഹുവിനാട് രോഗശാന്തി തേടുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാണ് ഉൾപ്പെടേണ്ടത്.