മാസനിർണയത്തിന് പ്രവാചകവിരുദ്ധ മാനദണ്ഡങ്ങൾ സ്വീകരിക്കാത്തത് യാഥാസ്ഥിതികതയോ?

പി. ഒ. ഉമർഫാറൂഖ്

2022 ഏപ്രിൽ 30, 1442 റമദാൻ 28

(ഭാഗം: 02 )

റമദാൻ, പെരുന്നാൾ മാസങ്ങൾ ഒഴികെ മറ്റുള്ള മാസങ്ങൾ കലണ്ടർ ഉപയോഗിച്ചു തീരുമാനിക്കാം എന്ന വാദം ഹിലാൽ കമ്മിറ്റിയുടെ ആരംഭകാലങ്ങളിൽ ഉണ്ടായിരുന്നോ?

1976ൽ രൂപീകൃതമായതുമുതൽ നാലു ദശാബ്ദങ്ങളോളം ഇത്തരമൊരു വാദം ഹിലാൽ കമ്മിറ്റിക്കുണ്ടായിരുന്നില്ല. കാഴ്ചയനുസരിച്ചു മാത്രമുള്ള ശഅ്ബാൻ മാസം 29ന് സൂര്യൻ അസ്തമിച്ചതിനുശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടോ എന്നാണ് ഹിലാൽ കമ്മിറ്റി പരിശോധിച്ചിരുന്നത്.

ശഅബാൻ മാസപ്പിറവി കാണാൻ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല എങ്കിലും മറ്റുള്ളവരുടെ പിറവി സ്ഥിരീകരണം ഹിലാൽ കമ്മിറ്റി അംഗീകരിച്ചിരുന്നു. എന്നാലിപ്പോൾ ശഅ്ബാൻ പൂർണമായും കലണ്ടറനുസരിച്ച് തീരുമാനിക്കുകയും കലണ്ടർ കണക്കനുസരിച്ച് ശഅ്ബാൻ 30 പൂർത്തിയാക്കി റമദാനിലേക്ക് കടക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. ഹിലാൽ കമ്മിറ്റിയുടെ രൂപീകരണശേഷം നാലു ദശാബ്ദത്തോളം സ്വീകരിച്ചിരുന്ന നയമായിരുന്നില്ല ഇത്.

വിസ്ഡംകാർ ശഅ്ബാൻ 29 ആയി കണക്കാക്കുന്ന ഏപ്രിൽ രണ്ടിന് സൂര്യാസ്തമയശേഷം 62 മിനിട്ട് നീണ്ടുനിൽക്കുന്ന ഹിലാലിന്റെ സാന്നിധ്യത്തിന്റെ ശാസ്ത്രീയത വ്യക്തമാക്കാമോ?

ഏപ്രിൽ ഒന്നിന് മാസപ്പിറവി കാണാൻ ആഹ്വാനം ചെയ്ത കേരള ഹിലാൽ കമ്മിറ്റിക്കാർക്ക് അന്ന് തെളിഞ്ഞ ആകാശത്ത് 13 മിനുട്ട് ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായിട്ടും മാസപ്പിറവി കാണാൻ കഴിയാത്തതുപോലെ, റജബ് 29ന് 43 മിനുട്ട് ചക്രവാളത്തിൽ ഉണ്ടായിട്ടും കേരളത്തിൽ ഒരാൾക്കും മാസപ്പിറവി കാണാൻ കഴിഞ്ഞില്ല. റജബ് 30 പൂർത്തിയാക്കിയാണ് പ്രവാചകചര്യയനുസരിച്ച് ശഅ്ബാനിലേക്ക് കടന്നത്. കാഴ്ചയനുസരിച്ചുള്ള ശഅ്ബാൻ 28ന് ഉച്ചക്ക് 12 മണിക്കാണ് ന്യൂമൂൺ ഉണ്ടാകുന്നത്. അന്ന് സൂര്യാസ്തമയ സമയത്ത് ചന്ദ്രന്റെ പ്രായം കേവലം ആറര മണിക്കൂർ മാത്രമാണ്. അതുകൊണ്ടുതന്നെ അന്ന് പിറവി കാണാൻ സാധ്യമല്ല. 24 മണിക്കൂർ കൂടി കഴിഞ്ഞ് അടുത്ത ദിവസം സൂര്യാസ്തമയ സമയത്ത് 30 മണിക്കൂർ പ്രായമുള്ള ചന്ദ്രനാണ് ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. 30 മണിക്കൂറിനകം ആർജിച്ച ഇലോംഗേഷൻ ആംഗിൾ സൂര്യാസ്തമയശേഷം ദീർഘിച്ച സമയം ചന്ദ്രൻ ചക്രവാളത്തിൽ നിലനിൽക്കാൻ സഹായകമായി. തലേദിവസം 13 മിനുട്ട് ഉണ്ടായിരുന്നത് അടുത്തദിവസം 62 മിനുട്ടിലേക്ക് ഉയരുന്നത് സ്വാഭാവികമാണല്ലോ. തദ്ഫലമായി രൂപപ്പെട്ട ചന്ദ്രക്കലയും വലുതായിരുന്നു.

സൂര്യാസ്തമയ ശേഷം ചന്ദ്രൻ എത്ര സമയം ചക്രവാളത്തിൽ നിലനിൽക്കുന്നുവെന്നത് തീയതി നിർണയിക്കാൻ സഹായകമായ ഘടകമല്ല എന്നത് സൂര്യ-ഭൗമ-ചന്ദ്ര ചലനങ്ങളെ കുറിച്ച് ഏകദേശ ധാരണയുള്ള ഏതൊരാൾക്കും ബോധ്യപ്പെടും. ന്യൂമൂണിന്റെ സമയത്തെയും ചന്ദ്രൻ ഭൂമിക്കുചുറ്റും സഞ്ചരിക്കുന്ന എലിപ്റ്റിക്കൽ ഓർബിറ്റിൽ അപോജിക്കും പെരിജിക്കും ഇടയിൽ ചന്ദ്രന്റെ സ്ഥാനത്തെയുമാണ് അത് ആശ്രയിക്കുന്നത്. സുന്നത്തിന് വിരുദ്ധമായി തങ്ങളുടെ റമദാൻ നിശ്ചയിച്ചവർക്ക് തങ്ങളുടെ അണികളെ പിടിച്ചുനിർത്താൻ ഇത്തരം അപ്രസക്ത ചോദ്യങ്ങൾ ആവശ്യമായി വരും.

വിസ്ഡംകാർക്ക് മണിക്ഫാൻ വാദമോ?

ഇസ്‌ലാമിക അനുഷ്ഠാനങ്ങൾ നിർവഹിക്കുവാൻ ന്യൂമൂണിനെ അടിസ്ഥാനപ്പെടുത്തി കലണ്ടർ തയ്യാറാക്കിയ വ്യക്തിയാണ് അലിമണിക്ഫാൻ സാഹിബ്. അതുപോലെയുള്ള ഒരു കലണ്ടറാണ് ഇപ്പോൾ കേരള ഹിലാൽ കമ്മിറ്റി തങ്ങളുടെ മാസനിർണയത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ന്യൂമൂൺ എന്ന മാനദണ്ഡം മാറ്റി മൂൺസെറ്റ് ലാഗ് (സൂര്യാസ്തമയ ശേഷമുള്ള ചന്ദ്രസാന്നിധ്യം) സ്വീകരിച്ചു എന്ന് മാത്രം. ഫലത്തിൽ രണ്ടും ഒന്നുതന്നെ.

എന്നാൽ മാസനിർണയത്തിന് മണിക്ഫാൻ മുന്നോട്ടുവെച്ച കണക്കുകളെ തള്ളുകയും പ്രവാചക ചര്യകൾ സ്വീകരിക്കുകയും ചെയ്യുന്ന വിസ്ഡം വിഭാഗമാണോ പ്രവാചക മാനദണ്ഡങ്ങളോട് യോജിക്കാത്ത കണക്കുകൾ ഉപയോഗിച്ച് മാസം നിർണയിച്ച കേരള ഹിലാൽ കമ്മിറ്റിയാണോ മണിക്ഫാൻ വാദക്കാർ എന്ന് ഇത് വായിക്കുന്നവർ വിലയിരുത്തുക

കർണാടകയിലെ ഭട്ക്കലിൽ കണ്ട മാസപ്പിറവി കേരളത്തിൽ ബാധകമാക്കിയത് ശരിയാണോ?

മാസപ്പിറവി സംബന്ധമായി പ്രഥമവും പ്രധാനവുമായി നാം മനസ്സിലാക്കേണ്ട കാര്യം മാസം നിർണയിക്കാൻ അധികാരപ്പെട്ട വ്യക്തി മുസ്‌ലിംകളുടെ അമീറാണ് എന്നതാണ്. കേരളത്തിൽ എല്ലാവർക്കുമായി ഒരു അമീർ ഇല്ല എങ്കിലും ഓരോ വിഭാഗങ്ങൾക്കും ഒരു നേതൃത്വമുണ്ട്. അതല്ലെങ്കിൽ ഓരോ വിഭാഗത്തിനും മാസപ്പിറവി നിർണയിച്ചു നൽകാനായി നിശ്ചയിക്കപ്പെട്ട പ്രത്യേകം സമിതികൾ ഉണ്ട്. നേതൃത്വമോ അത്തരത്തിലുള്ള സമിതിയോ തീരുമാനിക്കുന്നതിന് അനുസരിച്ചാണ് മാസാരംഭം നിർണയിക്കപ്പെടുക. നാട്ടിലെ ഭരണാധിപൻ അല്ലെങ്കിൽ നേതൃത്വം മാസം പിറന്നതായി പ്രഖ്യാപിക്കുന്നതുവരെ ആ നേതൃത്വത്തിന് കീഴിൽ ജീവിക്കുന്ന ഒരാൾ മാസപ്പിറവി കണ്ടാൽ പോലും താൻ കണ്ട പിറവിയെ അടിസ്ഥാനപ്പെടുത്തി അയാൾക്ക് നോമ്പോ പെരുന്നാളോ ആചരിക്കാനാവില്ല എന്നതാണ് ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാകുക. ഒരു നേതൃത്വത്തിൻ കീഴിലുള്ള പ്രദേശത്ത് മാസപ്പിറവി കാണാതിരിക്കുകയും മറ്റൊരു പ്രദേശത്ത് മാസപ്പിറവി കാണുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ പിറവിയുടെ കാഴ്ചയെ അടിസ്ഥാനപ്പെടുത്തി മാസം ആരംഭിച്ചതായി പ്രഖ്യാപിക്കാനുള്ള അധികാരം നേതൃത്വത്തിനുണ്ട്. കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ തുടങ്ങി നാൽപതോളം രാഷ്ട്രങ്ങൾ സൗദി അറേബ്യയുടെ മാസ നിർണയത്തെ അംഗീകരിക്കുന്നത് ഇതിനുദാഹരണം. ഇതുപോലെ മറ്റു രാജ്യങ്ങളിലെ പിറവിയെ നിരാകരിച്ച് മാസം ആരംഭിക്കാതിരിക്കാനും അമീറിന് അധികാരമുണ്ട്. കുറൈബിന്റെ ഹദീഥിൽ പരാമർശിച്ചത് പോലെ ശാമിൽ കണ്ട മാസപ്പിറവി മദീനയിൽ ബാധകമാക്കാതിരുന്നതും സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടാലും ഒമാൻ ഭരണകൂടം അത് ബാധകമാക്കാതിരിക്കുന്നതും ഇതിനുദാഹരണമാണ്.

ഏപ്രിൽ രണ്ടിന് മാസപ്പിറവി കാണാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും കേരളതീരം മേഘാവൃതമായതിനാൽ മാസപ്പിറവി കാണാൻ സാധിച്ചില്ല. എന്നാൽ കേരളത്തിന്റെ അതേ ഉദയസ്ഥാനത്തുള്ള ഭട്ക്കലിൽ പിറവി ദൃശ്യമാവുകയും ചെയ്തു. അതിനെ അടിസ്ഥാനപ്പെടുത്തി വിസ്ഡം ഹിലാൽ വിംഗ് ഏപ്രിൽ 3 ന് റമദാൻ ഒന്നായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ ഈ തീരുമാനത്തിൽ അപാകതകൾ ഒന്നും തന്നെ കാണാനാവില്ല.