ഫിത്‌നയും മുസ്‌ലിംകളുടെ നിലപാടും

ശൈഖ് സ്വാലിഹ് ആലുശൈഖ്

2022 ആഗസ്റ്റ് 27, 1442 മുഹർറം 28

(വിവ: സിയാദ് കണ്ണൂർ)

ആമുഖം

സർവസ്തുതിയും അല്ലാഹുവിന്; ഇപ്രകാരം പറഞ്ഞ അല്ലാഹുവിനു തന്നെയാണ് സർവസ്തുതിയും. അവൻ പറഞ്ഞു: “ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. അവർ അതാണ് അനുഷ്ഠിച്ചുവരുന്നത്. അതിനാൽ ഈ കാര്യത്തിൽ അവർ നിന്നോട് വഴക്കിടാതിരിക്കട്ടെ. നീ നിന്റെ രക്ഷിതാവിങ്കലേക്ക് ക്ഷണിച്ചുകൊള്ളുക. തീർച്ചയായും നീ വക്രതയില്ലാത്ത സൻമാർഗത്തിലാകുന്നു. അവർ നിന്നോട് തർക്കിക്കുകയാണെങ്കിൽ നീ പറഞ്ഞേക്കുക: നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. നിങ്ങൾ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അല്ലാഹു നിങ്ങൾക്കിടയിൽ വിധി കൽപിച്ചുകൊള്ളും’’ (അൽഹജ്ജ്: 67-69).

“തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെപറ്റി അവർ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന്ന് വഴികാട്ടാൻ ആരുമില്ല. വല്ലവനെയും അല്ലാഹു നേർവഴിയിലാക്കുന്നപക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?’’ (അസ്സുമർ 36-37).

‘അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.’ തൗഹീദിന്റെ ഈ സാക്ഷ്യവചനം ഒരാളുടെ ഹൃദയത്തിൽ തുളച്ചുകയറുകയാണെ ങ്കിൽ, അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന വാക്കുകളും കർമങ്ങളും അവൻ അതിലൂടെ അറിയും.

മുഹമ്മദ് ﷺ  അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും അവിടുന്ന് സന്തോഷവാർത്ത അറിയിക്കു ന്നവനും താക്കീതുകാരനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

നബി ﷺ  സന്തോഷവാർത്ത അറിയിക്കുകയും താക്കീതു നൽകുകയും ചെയ്തു. (മതം) പഠിപ്പിക്കുകയും ചെയ്തു. അവിടുത്തെ ചര്യ പിന്തുടരുകയും അവിടുത്തെ മാർഗദർശനം പിൻപറ്റുകയും ചെയ്യുന്നവർ സന്തോഷമടഞ്ഞുകൊള്ളുക. അല്ലാഹുവിന്റെ രക്ഷയും സമാധാനവും അവിടുത്തെമേലും, അവിടുത്തെ സ്വഹാബികളുടെ മേലും അന്ത്യനാൾവരെ അവിടുത്തെ ചര്യ പിന്തുടരുന്നവരുടെമേലും ഉണ്ടാകട്ടെ.

സഹോദരന്മാരേ! ഫിത്‌നകളിൽനിന്നും അല്ലാഹുവോട് രക്ഷതേടിക്കൊള്ളുക. നിങ്ങളുടെ മതത്തെയും നിങ്ങളുടെ ബുദ്ധിയെയും ശരീരത്തെയും മുഴുവൻ നന്മകളെയും കരിച്ചുകളയുന്ന ഫിത്‌നകളിൽനിന്നും അല്ലാഹുവോട് രക്ഷതേടുക! എന്തെന്നാൽ, ഫിത്‌നയിൽ ഒരിക്കലും ഒരു നന്മയുമില്ല.

നബി ﷺ  ഫിത്‌നയിൽനിന്നും അല്ലാഹുവോട് ധാരാളമായി രക്ഷതേടിയിരുന്നു. ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ‘കിതാബുൽ ഫിതൻ’ (ഫിത്‌നകളുടെ അധ്യായം) തുടങ്ങിയത് ഈ അധ്യായംകൊണ്ടാണ്: “ഒരു ഫിത്‌ന വരുന്നത് നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിൽനിന്നുള്ള അക്രമികൾക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായിശിക്ഷിക്കുന്നവനാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക’ എന്ന അല്ലാഹുവിന്റെ വചനവും ഫിത്‌നകൾക്കെതിരിലുള്ള റസൂലിന്റെ താക്കീതും’’ എന്ന അധ്യായം.

എന്തെന്നാൽ, ഒരു ഫിത്‌ന പൊട്ടിപ്പുറപ്പെട്ടാൽ, അത് അക്രമിയെ മാത്രമല്ല ബാധിക്കുക, മുഴുവനാളുകളെയും ബാധിക്കും. അതു വന്നെത്തിയാൽ, സംസാരിക്കുന്നവന് ഒന്നുംതന്നെ സംസാരിക്കാൻ സാധിക്കുകയില്ല. അതിനാൽ അതുവന്നെത്തുന്നതിനു മുമ്പായി അതിനെക്കുറിച്ച് താക്കീതുചെയ്യലും ഫിത്‌നയിലേക്കടുപ്പിക്കുകയോ അതിലേക്ക് നയിക്കുകയോ ചെയ്യുന്ന എല്ലാറ്റിൽനിന്നും ബഹുദൂരം അകന്നുനിൽക്കലും നമ്മുടെ ബാധ്യതയാണ്.

ഫിത്‌ന വർധിക്കുമെന്നുള്ളത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്. നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ട ഒരു ഹദീസിൽ ഇപ്രകാരം കാണാം. നബി ﷺ  പറഞ്ഞു: “കാലം ധൃതിയിൽ കടന്നുപോകും; കർമങ്ങൾ ചുരുങ്ങും; (ജനങ്ങളുടെഹൃദയങ്ങളിൽ) പിശുക്ക് നിക്ഷേപിക്കപ്പെടും, ഫിത്‌ന വർധിക്കും, അല്ലെങ്കിൽ പ്രത്യക്ഷപ്പെടും’’ (സ്വഹീഹുൽ ബുഖാരി 88/183).

അതെന്താണെന്നാൽ; ഫിത്‌ന പ്രത്യക്ഷപ്പെട്ടാൽ അതോടൊപ്പം കുഴപ്പങ്ങളുമുണ്ടാകും. കുഴപ്പങ്ങളുണ്ടാകുന്നത് അന്ത്യനാളടുക്കുന്നതിന്റെ ലക്ഷണവുമാണ്.

എല്ലാതരം ഫിത്‌നകളെ തൊട്ടും നബി  ﷺ  നമ്മെ താക്കീതു ചെയ്തു എന്നുള്ളത് നബി ﷺ  നമ്മോടു കാണിച്ച കാരുണ്യത്തിന്റെ ഭാഗമാണ്. അല്ലാഹു നമ്മെ താക്കീതുചെയ്തുകൊണ്ട് പറഞ്ഞു:

“ഒരു ഫിത്‌ന വരുന്നത് നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിൽനിന്നുള്ള അക്രമികൾക്ക് പ്രത്യേകമായിട്ടാവുകയില്ല’’ (അൽഅൻഫാൽ: 25).

ഈ വചനത്തിന്റെ തഫ്‌സീറിൽ ഇബ്‌നു കസീർ പറഞ്ഞു: “ഈ വചനം സ്വഹാബികളെ സംബോധന ചെയ്തുകൊണ്ടു പറഞ്ഞതാണെങ്കിലും ഇതു പൊതുവിൽ എല്ലാ മുസ്‌ലിംകൾക്കും ബാധകമാണ്. കാരണം നബി ﷺ  ഫിത്‌നയെക്കുറിച്ചു താക്കീതുചെയ്യാറുണ്ടായിരുന്നു.’’

ഈ വചനത്തിന്റെ തഫ്‌സീറിൽ അല്ലാമാ ആലൂസി പറഞ്ഞു: “ഈ വചനത്തിൽ പറഞ്ഞ ഫിത്‌നക്ക് ധാരാളം വ്യാഖ്യാനങ്ങളുണ്ട്. അതിൽപെട്ട ഒന്നാണ്: ബിദ്അത്ത് പ്രത്യക്ഷപ്പെടുമ്പോൾ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിൽ കാണിക്കുന്ന അലംഭാവം. ഇതുകൂടാതെ മറ്റു വ്യാഖ്യാ നങ്ങളുമുണ്ട്.’’ തുടർന്ന് അദ്ദേഹം പറഞ്ഞു: “സന്ദർഭം ആവശ്യപ്പെടുന്നതിനനുസരിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ സ്വീകരിക്കപ്പെടും.’’

അതായത്; ഭിന്നതയുടെയും ആശയക്കുഴപ്പങ്ങളുടെയും കാലമാണെങ്കിൽ, അല്ലാഹുവിന്റെ ഈ വചനം കൊണ്ട് നമ്മൾ പരസ്പരം താക്കീത് ചെയ്യണം:

“ഒരു ഫിത്‌ന വരുന്നത് നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിൽനിന്നുള്ള അക്ര മികൾക്ക് പ്രത്യേകമായിട്ടാവുകയില്ല’’ (അൽഅൻഫാൽ 25).

അതായത്, ഭിന്നതയെയും ആശയക്കുഴപ്പങ്ങളെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അവയുടെ സ്വാധീ നവും പരിണിതഫലവും അക്രമികളെ മാത്രമായിട്ടല്ല ബാധിക്കുക, പ്രത്യുത മുഴുവനാളുകളെയും അത് ബാധിക്കും. ഇത് ഭിന്നതകൾക്കും ആശയക്കുഴപ്പങ്ങൾക്കും മാത്രം ബാധകമാകുന്നതല്ല. അതിനാൽ, ഈ യൊരു വേളയിൽ (ഫിത്‌നയുടെ സന്ദർഭത്തിൽ ഇസ്‌ലാമിക പ്രമാണങ്ങളോടുള്ള മുസ്‌ലിംകളുടെ സമീപനം എന്ന) ഈ വിഷയത്തെക്കുറിച്ച് സ്മരിക്കാൻ നാം ഇഷ്ടപ്പെടുന്നു. സ്വയം ഓർമപ്പെടുത്തുകയാണ്. കാരണം, തൗഹീദിനും അതിന്റെ പ്രചാരണത്തിനും മുന്തിയപരിഗണന നൽകിക്കൊണ്ടള്ള ഒരു ഇസ്‌ലാമിക ജാഗരണം ഇന്ന് ഈ രാജ്യത്ത് (സുഊദി അറേബ്യയിൽ) നാം കാണുന്നു. തൗഹീദീ പ്രബോധനത്തിന് തീരെ പരിഗണന നൽകാത്ത ഒരു കാലഘട്ടത്തിലാണ് ഈ ഒരു ജാഗരണം എന്നോർക്കുക.

അതിനാൽ, ഉപകാരപ്രദമായ അറിവിനെ ആശ്രയിക്കാനും സലഫുസ്സ്വാലിഹുകളുടെയും അഹ് ലുസ്സുന്നത്തിവൽജമാഅത്തിന്റെയും അക്വീദയെ മുറുകെപിടിക്കാനും അവരെയെന്ന പോലെ നമ്മെ സ്വയം ഓർമപ്പെടുത്തേണ്ടതും നമ്മുടെ ബാധ്യതയാണ്. ജനങ്ങൾക്കിടയിലേക്ക് അല്ലാഹുവിന്റെ ദീനിനെ പ്രചരിപ്പിക്കാനും ശരീഅത്തിനോടുള്ള സ്‌നേഹം ഊട്ടിയുറപ്പിക്കാനും അനുഗൃഹീതമായ ഈ ജാഗരണം സഹായകമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതോടൊപ്പം അതു നമ്മെ ഉപകാരപ്രദമായ അറിവിൽ ഉറപ്പിച്ചുനിർത്തുമെന്നും ആശിക്കാം. എന്തെന്നാൽ, ഉപകാരപ്രദമായ അറിവിനെയും അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ വാക്കിനെയുമാണ് ഇന്നത്തെ നമ്മുടെ യുവത അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ, അല്ലാഹുവിന്റെ വചനങ്ങളെയും പ്രവാചകവചനങ്ങളെയും അടിസ്ഥാനപ്പെടു ത്തിക്കൊണ്ടുള്ള നമ്മുടെ പണ്ഡിതന്മാരുടെയും അഹ്‌ലുസ്സുന്നത്തിന്റെയും വാക്കുകളിൽനിന്നും എനി ക്കറിയാവുന്നത് അവരെ അറിയിക്കുകയും ഓർമപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യേണ്ടത് എന്റെ കർത്തവ്യമായി ഞാൻ മനസ്സിലാക്കുന്നു.

ഫിത്‌നകളെ അവഗണിക്കുകയും അതിന്റെ പരിണിതഫലങ്ങളെ തിരസ്‌കരിക്കുകയും സമകാലികവും വരാനിരിക്കുന്നതുമായ ഫിത്‌നകളെ അല്ലാഹുവിന്റെയും തിരുദൂതരുടെയും കൽപനകൾക്കനുസൃതമായി കൈകാര്യം ചെയ്യാനുമുള്ള ഉൾക്കാഴ്ചയും ദീർഘദൃഷ്ടിയും പണ്ഡിതന്മാർക്കില്ലെങ്കിൽ ഭാവിയിൽ സ്ഥിതി വളരെ മോശമാകും.

തത്ത്വങ്ങളും മാർഗനിർദേശങ്ങളും നാം പാലിക്കണം. കാരണം, മാർഗനിർദേശങ്ങളാണ് അബദ്ധ ങ്ങളിൽ പതിക്കുന്നതിൽനിന്നും നമ്മെ സംരക്ഷിക്കുന്നത്. മാത്രമല്ല, തത്ത്വങ്ങളും മാർഗനിർദേശങ്ങളും നാം പാലിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുകയാണെങ്കിൽ, നാം നന്മയിലായിരിക്കും. പിന്നീടൊരിക്കലും ഖേദിക്കേണ്ടിവരില്ല, ഇൻശാ അല്ലാഹ്.

ഏതൊരു വിഷയത്തിലും അതിന്റെ മാർഗനിർദേശങ്ങൾ അറിഞ്ഞിരിക്കൽ അനിവാര്യമാണ്. അതിന് (ഹൃദയത്തിൽ) പ്രതിഷ്ഠനേടണം. പര്യവസാനം നന്മയിലാണോ അതോ തിന്മയിലോ എന്ന് തിരിച്ചറിയാനാ കാത്ത കാര്യങ്ങളിലേക്ക് നയിക്കപ്പെടുന്നതിൽനിന്നും സ്വയം അതിലേക്ക് ചെന്നു പതിക്കുന്നതിൽനിന്നും അത് സംരക്ഷിക്കും.

മുകളിൽ പറഞ്ഞതിൽനിന്നും അഹ്‌ലുസ്സുന്നത്തി വൽജമാഅത്ത് വിശദീകരിച്ചുതന്ന തത്ത്വങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലായി.

തത്ത്വങ്ങളും മാർഗനിർദേശങ്ങളും

മാർഗനിർദേശം: ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള വിധികൾ മനസ്സിലാക്കിത്തരുന്നതാണ് ഒരു വിഷയത്തിലുള്ള മാർഗനിർദേശം എന്നത്. തുടർന്ന്, അതുമായി ബന്ധപ്പെട്ട സകല വിഷയങ്ങളെയും ആ മാർഗനിർദേശത്തിലേക്കാണ് മടക്കുക.

തത്ത്വം: വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരാമർശിക്കപ്പെടുന്ന മൊത്തത്തിലുള്ള ഒരു കാര്യമാണ് ‘തത്ത്വം’ അഥവാ ‘ക്വാഇദ’ എന്നത്. അതിനാൽ, അഹ്‌ലുസ്സുന്നത്തിന്റെ മാർഗനിർദേശ ങ്ങളും തത്ത്വങ്ങളും അറിയൽ നമ്മുടെ ബാധ്യതയാണ്.

നബി ﷺ  പറഞ്ഞു: “നിങ്ങളിൽനിന്നും എനിക്ക് ശേഷം ജീവിച്ചിരിക്കുന്നവർ ധാരാളം ഭിന്നതകൾ കാണും. എന്റെ ചര്യയെയും എനിക്ക് ശേഷമുള്ള സച്ചരിതരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക. അണപ്പല്ലുകൾകൊണ്ട് അതിനെ കടിച്ചുപിടിക്കുകയും ചെയ്യുക.’’

നബി ﷺ ക്ക് ശേഷം സ്വഹാബികൾ ധാരാളം ഭിന്നതകൾ കണ്ടിട്ടുണ്ട്. എന്നാൽ അവർ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടത് നബിയുടെയും ശേഷം വന്ന സച്ചരിതരായ ഖലീഫമാരുടെയും വ്യക്തമായ മാർ ഗനിർദേശങ്ങളും തത്ത്വങ്ങളും മുറുകെപ്പിടിച്ചതുകൊണ്ടാണ്.

ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളും പാലിക്കുന്നതിന്റെ പ്രയോജനങ്ങൾ;

1. ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളും പാലിക്കുന്നതുമൂലം:

ശരീഅത്തിന്റെ അംഗീകാരമില്ലാത്ത കാര്യങ്ങൾ (ആശയാദർശങ്ങൾ) സ്വാധീനിക്കുന്നതിൽനിന്നും ഒരു മുസ്‌ലിമിന്റെ ചിന്തയും അഭിപ്രായങ്ങളും സംരക്ഷിക്കപ്പെടും. മുസ്‌ലിമിന്റെ ചിന്തകൾ നിയന്ത്രിക്കപ്പെടും.

മുസ്‌ലിമായ ഒരു മനുഷ്യൻ മനനത്തിനുള്ള മാർഗനിർദേശങ്ങളും തത്ത്വങ്ങളുമൊന്നും പരിഗണി ക്കാതെ തന്റെ ചിന്തകളെ സ്വതന്ത്രമായി വിടുകയാണെങ്കിൽ, സ്വഭാവം, കുടുംബം, സമൂഹം എന്നിത്യാദി വിഷയങ്ങളിൽ അവന്റെ മനസ്സ് വിവിധ ദിശകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും എന്നത് സുവിദിതമാണ്.

ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളും പാലിക്കുന്നതിന്റെ പ്രാധാന്യം ഇതു നമ്മെ ബോധ്യപ്പെടുത്തി ത്തരുന്നു. കാരണം അത് മുസ്‌ലിമായ ഒരു മനുഷ്യന്റെ ചിന്തയെ നിയന്ത്രിക്കുന്നു. സ്വന്തത്തോടും കുടുംബ ത്തോടും സമൂഹത്തോടുമുള്ള നിലപാടുകൾ മുളച്ചുവരുന്നത് ആ ചിന്തകളിൽനിന്നാണല്ലോ!

2. ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളും അബദ്ധങ്ങളിൽനിന്നും ഒരു മുസ്‌ലിമിനെ സംരക്ഷിക്കുന്നു. കാരണം:

ഫിത്‌നയുടെ അവസരത്തിൽ, അഹ്‌ലുസ്സുന്നത്തിന്റെ മാർഗനിർദേശങ്ങളും തത്ത്വങ്ങളും പരിഗണിക്കാ തെ സ്വേഛപ്രകാരം ഒരാൾ ചിന്തിക്കുകയും പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയുമാണെങ്കിൽ അവൻ അബദ്ധത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ്. അബദ്ധത്തിൽ പെട്ടുപോയാൽ, അതിന്റെ അനന്തരഫലം പ്രവചനാതീതമാണ്. അത് പടർന്നുപന്തലിക്കും. ചിലപ്പോൾ അത് വർധിച്ചുകൊണ്ടേയിരി ക്കുകയും ചെയ്യും. മാർഗനിർദേശങ്ങളും തത്ത്വങ്ങളും മുറുകെ പിടിക്കുന്നതിന്റെ പ്രയോജനമെന്താണെ ന്നാൽ, അത് അബദ്ധത്തിൽ ചെന്നുചാടുന്നതിൽനിന്നും മനുഷ്യനെ സംരക്ഷിക്കും.

എന്തുകാരണത്താലാണ് മാർഗനിർദേശങ്ങളും തത്ത്വങ്ങളും അബദ്ധത്തിൽ ചെന്നുചാടുന്നതിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്നത്? ആ മാർഗനിർദേശങ്ങളും തത്ത്വങ്ങളും ആരാണ് (നമുക്ക് വേണ്ടി) രൂപപ്പെടുത്തിയത്? അവ പിൻപറ്റാൻ ആരാണ് നമ്മോട് കൽപിച്ചത്?

അതിനുള്ള ഉത്തരം ‘അഹ്‌ലുസ്സുന്നത്തി വൽജമാഅഃ’ എന്നാണ്. (പ്രമാണങ്ങളിൽനിന്നുള്ള) തെളി വുകളെ ആധാരമാക്കിയാണ് അവർ അവയെ രൂപപ്പെടുത്തിയത്. അതിനാൽ, ആ തെളിവുകൾക്ക് പിന്നിൽ സഞ്ചരിക്കുകയും അഹ്‌ലുസ്സുന്നത്തിനെ പിൻപറ്റുകയും ചെയ്യുകയാണെങ്കിൽ, അവൻ പിന്നീടൊരിക്കലും ഖേദിക്കേണ്ടിവരികയില്ല.

3. മുസ്‌ലിമായ ഒരാൾ ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളും പാലിക്കുകയാണെങ്കിൽ, അവൻ പാപ ത്തിൽനിന്നും സുരക്ഷിതനാകും. കാരണം ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളുമൊന്നും പാലിക്കാതെ തനിക്ക് ശരിയെന്നുതോന്നുന്നവ തന്റെ ഹിതത്തിനനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, അവൻ പാപത്തിൽനിന്നും സുരക്ഷിതനാകുകയില്ല. കാരണം, തനിക്ക് ശരിയെന്നു തോന്നുന്ന സ്വന്തം അഭിപ്രായങ്ങൾക്ക് പിറകെ പോയാൽ തന്റെ വാക്കുകളുടെയും കർമങ്ങളുടെയും ഫലമായി ഭാവിയിൽ എന്തു സംഭവി ക്കുമെന്ന് അവനറിയില്ല.

എന്നാൽ തെളിവുകളിൽ സ്ഥാപിതമായ പൊതുമാർഗനിർദേശങ്ങളും തത്ത്വങ്ങളും പാലിക്കുകയാണെ ങ്കിൽ, അവൻ പാപത്തിൽനിന്നും സുരക്ഷിതനാകും; ഇൻശാ അല്ലാഹ്. തെളിവിനെ പിൻപറ്റിയതുമൂലം അല്ലാഹു അവന് ഒഴികഴിവ് നൽകുകയും ചെയ്യും. മാർഗദർശനത്തിനനുസൃതമായി ആരെങ്കിലും പ്രവർത്തി ച്ചിട്ടുണ്ടെങ്കിൽ വളരെ നല്ലത്.

സഹോദരന്മാരേ! മാർഗനിർദേശങ്ങളും തത്ത്വങ്ങളും സ്വീകരിക്കുന്നതിന്റെ അനിവാര്യത ഈ മൂന്ന് പ്രയോജനങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നു. ആ മാർഗനിർദേശങ്ങളും തത്ത്വങ്ങളുമാണ് ഇനി വിവരിക്കാൻ പോകുന്നത്.

ഈ മാർഗനിർദേശങ്ങളുടെയും തത്ത്വങ്ങളുടെയും ഉറവിടം:

ഇവിടെ വിശദീകരിക്കാനുദ്ദേശിക്കുന്ന ഈ മാർഗനിർദേശങ്ങളുടെയും തത്ത്വങ്ങളുടെയും ഉറവിടം രണ്ടെണ്ണമാണ്:

1. ശറഇയായ തെളിവുകൾ: അത് ഒന്നുകിൽ ക്വുർആൻ, അല്ലെങ്കിൽ സുന്നത്ത്. ക്വുർആനിൽനിന്നും സുന്നത്തിൽനിന്നുമുള്ള തെളിവുകൾകൊണ്ട് സ്ഥിരപ്പെട്ടവയാണ് അഹ്‌ലുസ്സുന്നത്ത് സ്വീകരിച്ചത്.

2. പ്രവാചകാനുചരർ പ്രവർത്തിച്ചുകാണിച്ച പ്രായോഗിക മാതൃക.

ഫിത്‌നയുടെ അവസരങ്ങളിലും മാറിയ സാഹചര്യങ്ങളിലും സ്വഹാബികൾ, താബിഉകൾ, അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ എന്നിവരിൽ പ്രായോഗികമാതൃകയുണ്ട്. (കാരണം:) അവർ ഫിത്‌നകൾ നേരിട്ടിട്ടുണ്ട്. തെളിവുകൾ കൊണ്ടാണ് അവർ മാർഗദർശനം സ്വീകരിച്ചത്.

ആ മാർഗദർശനം അവർ പ്രായോഗികമായി നടപ്പിലാക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തി രുന്നു. അതുകൊണ്ട്തന്നെ അവരുടെ കർമങ്ങളെയും അവരുടെ തെളിവുകളെയും അവരുടെ പ്രായോഗിക മാതൃകകളെയും നാം സ്വീകരിക്കുകയാണെങ്കിൽ, നമ്മുടെ കാഴ്ചകളും ചിന്തകളും വ്യതിചലിക്കുകയില്ല.

ഇത് അല്ലാഹു നമ്മോട് കാണിച്ച കാരുണ്യത്തിന്റെ ഭാഗമാണ്. അതായത്, നമുക്ക് പിൻപറ്റാവുന്ന മാതൃകകളുണ്ടാക്കാതെ അവൻ നമ്മെ ഉപേക്ഷിച്ചിട്ടില്ല. അതിനാൽ, അഹ്‌ലുസ്സുന്നത്തിന്റ പണ്ഡിതന്മാർ മനസ്സിലാക്കിയതിലേക്കും അവരുടെ അഭിപ്രായങ്ങളിലേക്കും അവരുടെ വാക്കുകളിലേക്കും നാം മടങ്ങണം. കാരണം അവർ ശരീഅത്ത് പഠിച്ചവരാണ്; മുഴുവൻ നിയമങ്ങളും അടിസ്ഥാനങ്ങളും പഠി ച്ചവരാണ്. അതാണ് അവരെ അബദ്ധങ്ങളിൽനിന്നും വ്യതിയാനങ്ങളിൽനിന്നും സംരക്ഷിച്ചുപോന്നത്.

അതിനാൽ, ഞാൻ വിശദീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ മാർഗ നിർദേശങ്ങളും തത്ത്വങ്ങളും പാലി ക്കേണ്ടതിന്റെ അനിവാര്യതയും ആവശ്യകതയും പ്രയോജനവും വ്യക്തമായി. അത് സ്വീകരിച്ചെങ്കിൽ, അതിന്റെ പ്രയോജനങ്ങൾ നിന്റെ സ്വന്തത്തിലും നിന്റെ സമൂഹത്തിലും കാണുമെന്നും വ്യക്തമായി.

ആരെങ്കിലും ഒരു സന്മാർഗിയുടെ (പണ്ഡിതന്റെ) പിന്നാലെ സഞ്ചരിക്കുകയും, അയാളുടെ തെളി വുകളെ പിന്തുടരുകയും ചെയ്യുകയാണെങ്കിൽ അവൻ ഒരിക്കലും ഖേദിക്കേണ്ടിവരില്ല.

(തുടരും)