ബാങ്കുവിളിയുടെ മഹത്ത്വം

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2022 ഫെബ്രുവരി 26, 1442 റജബ്  25

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍  രണ്ടാമത്തേതാണ് നമസ്‌കാരം. പരലോകത്ത് കര്‍മങ്ങളില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നതും നമസ്‌കാരം തന്നെ. അതുകൊണ്ട്തന്നെ നമസ്‌കാരവുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍ക്കുമുണ്ട് ഒട്ടേറെ പ്രാധാന്യവും മഹത്ത്വവും. നമസ്‌കരിക്കുന്നതിനു മുമ്പ് നിര്‍വഹിക്കുന്ന വുദൂഇന്നും ബാങ്കിനും ഇക്വാമത്തിനുമൊക്കെ മഹത്ത്വവും പ്രത്യേകതകളുമുണ്ട്. ബാങ്കുവിളിയുടെ മഹത്ത്വവും പ്രാധാന്യവുമാണ് ഇവിടെ വിശകലനവിധേയമാക്കുന്നത്.

ബാങ്കുവിളിക്ക് ‘അദാന്‍’ എന്നാണ് അറബില്‍ പറയുന്നത്. ഒരു കാര്യത്തെ കുറിച്ചുള്ള അറിയിപ്പിനാണ് ഭാഷാപരമായി ‘അദാന്‍’ എന്നു പറയുന്നത്. അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ ഈ അര്‍ഥത്തില്‍ അദാന്‍ എന്ന പദത്തെ പ്രയോഗിച്ചിത് കാണുക: ‘‘മഹത്തായ ഹജ്ജിന്റെ ദിവസത്തില്‍ മനുഷ്യരോട് (പൊതുവായി) അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന്ന് ഇതാ അറിയിക്കുകയും ചെയ്യുന്നു...’’ (9:3).

ഇവിടെ ഒരു ‘അറിയിപ്പുമാണ്’ എന്നതിന് ‘അദാനുന്‍’ എന്നാണ് പ്രയോഗിച്ചത്. ആദ്യകാലത്ത് നമസ്‌കാരത്തിന് വേണ്ടി പ്രത്യേകമായൊരു വിളിയോ അറിയിപ്പോ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ‘അസ്സ്വലാത്തുല്‍ ജാമിഅ’ എന്ന് വിളിക്കപ്പെടാന്‍ തുടങ്ങി. പിന്നീട് ബാങ്കിന്റെ നിയമവും അവതരിച്ചു. ഹിജ്‌റ ഒന്നാം വര്‍ഷമാണ് ബാങ്കുവിളി ശരീഅത്താ(മതനിയമം)ക്കപ്പെട്ടത്.

വളരെയധികം പ്രതിഫലം ലഭിക്കുന്ന ഒരു ആരാധനാകര്‍മമാണ് ബാങ്കുവിളിക്കല്‍. ബാങ്ക് വിളിക്കുന്നതിന്റെ മഹത്ത്വവും അതിന് അല്ലാഹു നല്‍കുന്ന പ്രതിഫലവും അറിയുന്നവര്‍ അതിനുവേണ്ടി മത്സരിക്കും. എന്നാല്‍ പലരും അതിന്റെ വിലയും നിലയും മനസ്സിലാക്കുന്നില്ല. നന്മയില്‍ ധൃതിപ്പെടേണ്ടവരും മത്സരം കാണിക്കേണ്ടവരുമാണ് യഥാര്‍ഥത്തില്‍ വിശ്വാസികള്‍ എന്ന വസ്തുത നാം വിസ്മരിക്കരുത്. മരണത്തിന് മുമ്പ് ലഭിക്കാവുന്ന നന്മ ചെയ്യാനുള്ള ചെറുതും വലുതുമായ അവസരങ്ങള്‍ ശരിയായ നിലയില്‍ ഉപയോഗപ്പെടുത്തുന്നിടത്താണ് വിശ്വാസികള്‍ വിജയിക്കുന്നത്. നന്മയില്‍ ധൃതിപ്പെട്ട് മുന്നേറാനുള്ള അല്ലാഹുവിന്റെ ആഹ്വാനം കാണുക:

‘‘നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്’’ (ക്വുര്‍ആന്‍ 3:133).

അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ട് അല്ലാഹുവിങ്കല്‍നിന്ന് പാപമോചനം നേടുവാനും, ഞാന്‍ മുമ്പിലാവണം ഞാന്‍ മുമ്പിലാവണം എന്ന വീറോടെ സല്‍കര്‍മങ്ങള്‍ ചെയ്തുകൊണ്ട് ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തില്‍ അനുഗൃഹീത ജീവിതം നേടുവാനും അല്ലാഹു സത്യവിശ്വാസികളെ ആവേശപ്പെടുത്തുന്നു.

ഇന്ന് മുഴുവന്‍ പള്ളികളിലും എന്നുതന്നെ പറയാം, ബാങ്കിന്റേയും ഇക്വാമത്തിന്റെയും സമയം രേഖപ്പെടുത്തിയ സമയ ബോര്‍ഡ് സ്ഥാപിച്ചതു കാണാം. പലരും അതിലേക്ക് നോക്കാറുള്ളത് ഇക്വാമത്തിന്റെ സമയം അറിയാനാണ്. അഥവാ നമസ്‌കാരം എപ്പോഴാണ് തുടങ്ങുക എന്നറിയാനാണ്. അല്‍പം വൈകിയാലും സലാം വീട്ടുന്നതിന് മുമ്പെങ്കിലും എത്തിപ്പെടാമല്ലോ എന്നുവിചാരിക്കുന്നവരും കുറവല്ല. തക്ബീറത്തുല്‍ ഇഹ്‌റാം കെട്ടുന്ന വേളയില്‍ ഇമാമിനെ തുടര്‍ന്നാലുള്ള പ്രത്യേകത അറിയാഞ്ഞിട്ടോ സലാം വീട്ടുന്നതിനുമുമ്പ് ജമാഅത്തില്‍ വന്നുചേര്‍ന്നാലും ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമെന്നു അറിവിന്റെ മറവിലാണോ എന്നുമറിയില്ല. ഏതായാലും തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തുകയും പരമാവധി നന്മകള്‍ കരസ്ഥമക്കാനും നാം ശ്രമിക്കേണ്ടതുണ്ട്.

ബാങ്ക് വിളിക്കുന്നതിന്റെ മഹത്ത്വങ്ങള്‍:

 അബൂഹുറയ്‌റ(റ) നിവേദനം, നബി(സ) പറഞ്ഞു: ‘‘ഒന്നാമത്തെ സ്വഫ്ഫിനും ബാങ്കിനുമുള്ള പ്രതിഫലം ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ നറുക്കിടേണ്ടിവരുമായിരുന്നു. നമസ്‌കാരത്തിന് നേരത്തെ എത്തുന്നതിന്റെ പ്രതിഫലം ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ മത്സരിക്കുമായിരുന്നു.’’ (ബുഖാരി)

നമസ്‌കാരത്തിന് പള്ളിയിലേക്ക് നേരത്തെ എത്തുന്നതിനും പള്ളിയില്‍ ഒന്നാമത്തെ സ്വഫ്ഫില്‍ നമസ്‌കരിക്കാന്‍ നില്‍ക്കുന്നതിനും വലിയ മഹത്ത്വവും പ്രതിഫലവും ഉണ്ട്. അപ്രകാരം തന്നെയാണ് ബാങ്ക് വിളിക്കും. അതിന് അല്ലാഹു നല്‍കുന്ന പ്രതിഫലം മനുഷ്യരെങ്ങാനും മനസ്സിലാക്കിയിരുന്നുവെങ്കില്‍ പള്ളിയില്‍ ബാങ്ക് വിളിക്കാനുള്ള വിശ്വാസികളുടെ തിക്കും തിരക്കും കാരണം ഓരോ നമസ്‌കാരത്തിനും ആര് ബാങ്ക് വിളിക്കും എന്ന കാര്യത്തില്‍ നറുക്കിട്ടെടുക്കാന്‍ മാത്രം മത്സരമുണ്ടാകും എന്നാണ് ഈ ഹദീസിലൂടെ നബി(സ) നമ്മെ പഠിപ്പിക്കുന്നത്.

ബാങ്ക് കേള്‍ക്കുമ്പോള്‍ പിശാച് ഓടിപ്പോകും

മനുഷ്യന്റെ മുഖ്യ ശത്രുവാണല്ലോ പിശാച്. അവന്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ഓടിയകലുമെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്.

അബൂഹുറയ്‌റ(റ) നിവേദനം, നബി(സ) പറഞ്ഞു: ‘‘ബാങ്ക് വിളിക്കപ്പെട്ടാല്‍ പിശാച് കീഴ്‌വായു പുറപ്പെടുവിച്ചുകൊണ്ട് ബാങ്ക് കേള്‍ക്കാത്തവിധം പിന്തിരിഞ്ഞുപോകും. ബാങ്ക് കഴിഞ്ഞാല്‍ തിരിച്ചുവരും. ഇക്വാമത്ത് വിളിച്ചാല്‍ വീണ്ടും തിരിച്ചുപോകും. ഇക്വാമത്ത് തീര്‍ന്നാല്‍ തിരിച്ചുവരും. അങ്ങനെ മനുഷ്യന്റെ മനസ്സില്‍ വസ്‌വാസ് ഉണ്ടാക്കിക്കൊണ്ടിരിക്കും. മുമ്പ് ഓര്‍ക്കാത്ത കാര്യങ്ങളൊക്കെ ഓര്‍മ വരുന്ന രൂപത്തില്‍ ഇന്നിന്നത് ഓര്‍ക്ക് എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ എത്രയാണ് നമസ്‌കരിച്ചത് എന്ന് അറിയാത്ത അവസ്ഥവരെ മനുഷ്യന്‍ എത്തിച്ചേരും’’ (മുസ്‌ലിം).

പരലോകത്ത് കഴുത്ത് നീണ്ടവര്‍

മുആവിയ(റ)യില്‍നിന്ന് നിവേദനം, നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: ‘‘ബാങ്ക് വിളിക്കുന്നവര്‍ പുനരുത്ഥാന നാളില്‍ ജനങ്ങളില്‍വെച്ച് കഴുത്ത് നീണ്ടവരായിരിക്കും’’ (മുസ്‌ലിം).

ബാങ്ക് വിളിക്കുന്നതിലൂടെ വിശ്വാസിക്ക് നാളെ പരലോകത്ത് ലഭിക്കുന്ന ശ്രേഷ്ഠതയാണ് ഇത് അറിയിക്കുന്നത്. കോടാനുകോടി മനുഷ്യര്‍ തങ്ങളുടെ പാപങ്ങള്‍ക്കനുസരിച്ച് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരലോകത്ത് ബാങ്ക് വിളിയിലൂടെ കഴുത്ത് നീണ്ട വിശ്വാസികള്‍ക്ക് അത് അലങ്കാരവും സൗന്ദര്യവുമായിരിക്കും.

അന്ത്യദിനത്തില്‍ സര്‍വ  വസ്തുക്കളും അവന് അനുകൂല സാക്ഷികളാകും

അബ്ദുല്ലാഹ് ഇബ്‌നു അബ്ദുറഹ്‌മാന്‍ ഇബ്‌നു അബീസ്വഅ്‌സ്വഅതുല്‍ അന്‍സ്വാരി(റ) എന്ന സ്വഹാബിയോട് അബൂസഈദില്‍ ഖുദ്‌രിയ്യ്(റ) പറഞ്ഞു: ‘’ആടിനെയും താഴ്‌വരകളെയും ഇഷ്ടപ്പെടുന്ന ആളാണ് താങ്കളെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ താങ്കള്‍ ആടുകളുടെ കൂടെയോ താഴ്‌വരയിലോ ആണെങ്കില്‍ ബാങ്ക് വിളിക്കുമ്പോള്‍ ശബ്ദമുയര്‍ത്തി വിളിക്കുക. ബാങ്ക് വിളിക്കുന്നവന്റെ ശബ്ദം കേള്‍ക്കുന്ന മനുഷ്യനും ജിന്നും എല്ലാ വസ്തുക്കളും അന്ത്യദിനത്തില്‍ അവന് വേണ്ടി സാക്ഷി പറയാതിരിക്കുകയില്ല.’’ (അബൂസഈദില്‍ ഖുദ്‌രിയ്യ്(റ) പറയുന്നു: ‘‘ഇത് ഞാന്‍ നബി(സ)യില്‍നിന്ന് കേട്ടതാണ്.’’

നബി ﷺ യുടെ പ്രാര്‍ഥന ലഭിക്കുന്ന വിഭാഗം

ബാങ്ക് വിളിക്കുന്നവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ റസൂല്‍ ﷺ നടത്തിയ പ്രാര്‍ഥന കാണുക:

അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ പറഞ്ഞു: ‘‘ഇമാം (നമസ്‌കാരകാര്യത്തില്‍) ശ്രദ്ധയുള്ളവനാണ്. മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നയാള്‍) വിശ്വസിക്കപ്പെടേണ്ടവനുമാണ്. അല്ലാഹുവേ, ഇമാമുമാരെ നേരില്‍ നടത്തേണമേ, മുഅദ്ദിനുകള്‍ക്ക് പൊറുത്തുകൊടുക്കേണമേ’’ (അബൂദാവൂദ്).

ബാങ്ക് വിളിക്കുന്നവന് പാപങ്ങള്‍ പൊറുക്കപ്പെടും

ബാങ്ക് വിളിക്കുന്നവന്റെ പാപങ്ങള്‍ പൊറുത്ത് കൊടുക്കാന്‍ നബി ﷺ അല്ലാഹുവിനോട് പ്രാര്‍ഥിച്ചതായി നാം മനസ്സിലാക്കി. മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം;

അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ പറഞ്ഞു: ‘‘മുഅദ്ദിന്റെ ശബ്ദം എത്തുന്നിടത്തോളം ദൂരത്തില്‍ അവന് പൊറുത്തുകൊടുക്കപ്പെടും. അത് കേള്‍ക്കുന്ന പച്ചയും ഉണങ്ങിയതുമായ എല്ലാം അവന് വേണ്ടി സാക്ഷിപറയും’’ (നസാഈ).

അല്ലാഹു പുകഴ്‌ത്തലും സ്വര്‍ഗ വാഗ്ദാനവും

ഉഖ്ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞു: ‘‘നബി(സ) പറയുന്നത് ഞാന്‍ കേട്ടു: ‘ഒരു ആട്ടിടയനെ അല്ലാഹു ഇഷ്ടപ്പെടുന്നു. അദ്ദേഹം ഒരു ചെറിയ മലമുകളിലാണ്. നമസ്‌കാരത്തിനായി ബാങ്ക് വിളിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹു പറയും: നോക്കൂ എന്റെ അടിമ ബാങ്ക് വിളിക്കുന്നു. ഇക്വാമത്ത് കൊടുക്കുന്നു. അവന്‍ എന്നെ ഭയപ്പെടുന്നു. ഞാന്‍ എന്റെ അടിമക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. ഞാനവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.’’ (അബൂദാവൂദ്)

ഇത്രയധികം മഹത്ത്വവും ശ്രേഷ്ഠതയും പ്രതിഫലവും ഉള്ള ഒരു കര്‍മത്തെ വിശ്വാസികള്‍ക്കെങ്ങനെ നിസ്സാരമായി കാണാന്‍ കഴിയും? അല്ലാഹുവിന്റെ മുമ്പിലുള്ള സ്ഥാനത്തെയും അവന്റെ പരിഗണനയെയും അവന്റെ പ്രതിഫലത്തെയുമാണ് വിശ്വാസികള്‍ ആഗ്രഹിക്കേണ്ടതും പ്രതീക്ഷിക്കേണ്ടതും. മറ്റുള്ളതെല്ലാം നശ്വരമാണ്. അനശ്വരമായ ലോകത്ത് വിജയിക്കാനാവശ്യമായതും സ്വര്‍ഗീയ സുഖാനുഭൂതികള്‍ ലഭിക്കുന്നതും സല്‍കര്‍മങ്ങളിലൂടെ മാത്രമാണ്.