ലിംഗ നിര്‍ണയവും ഭ്രൂണഹത്യയും

ഡോ. ടി. കെ യൂസുഫ്

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം സാധ്യമായതോടുകൂടി ഗര്‍ഭാശയത്തില്‍ വെച്ചുതന്നെ പെണ്‍ഭ്രൂണത്തിന്റെ കഥകഴിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ലിംഗ നിര്‍ണയം നടത്തുന്നതിന്റെയും ഭ്രൂണഹത്യയുടെയും മതവിധിയെന്താണ്? ഇത് പറയുന്നതിന് മുമ്പായി സന്താന ലബ്ധിയെക്കുറിച്ച് ക്വുര്‍ആന്‍ എന്ത് പറയുന്നു എന്ന് പരിശോധിക്കാം.

സന്താനങ്ങള്‍ ദൈവത്തിന്റെ വരദാനമാണ്. ഒരാള്‍ക്ക് ആണ്‍കുട്ടികളെ നല്‍കണമോ അല്ലെങ്കില്‍ പെണ്‍കുട്ടികളെ നല്‍കണമോ അതോ ഇവ രണ്ടുംകൂടി നല്‍കണമോ അതോ ഒന്നും നല്‍കേണ്ടതില്ലേ എന്നൊക്കെ തീരുമാനിക്കുന്നത് അവനാണ്. അല്ലാഹു പറയുന്നു: ‘‘...അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്ന. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 42:49,50).

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലഭിക്കുന്നത് അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണെങ്കിലും ആണ്‍കുട്ടികളെ ആഗ്രഹിക്കുന്നതിനും അതിനുവേണ്ടി പ്രാര്‍ഥിക്കുന്നതിനും മതത്തില്‍ വിലക്കുകളില്ല. പുര്‍വ പ്രവാചകന്മാരില്‍ ചിലര്‍ ഉത്തമരായ ആണ്‍സന്താനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചതായും തത്ഫലമായി അവര്‍ക്കത് നല്‍കപ്പെട്ടതായും ക്വുര്‍ആനില്‍ നമുക്ക് കാണാനാവും. മറ്‌യം ബീവിയുടെ മാതാവ് ആഗ്രഹിച്ചിരുന്നത് തനിക്ക് നേര്‍ച്ചയാക്കാന്‍ ഒരു ആണ്‍കുട്ടി ജനിക്കണമെന്നായിരുന്നു.

എന്നാല്‍ ഒരാള്‍ തനിക്ക് പെണ്‍കുട്ടികള്‍ ജനിച്ചതിന്റെ പേരില്‍ ഭാര്യയെ ശകാരിക്കുന്നതും പഴിപറയുന്നതും സ്വയം നിരാശപ്പെട്ട് വിഷമിക്കുന്നതും ഒരു ജാഹിലിയ്യ (അജ്ഞാനകാല) സ്വഭാവമാണ്. ക്വുര്‍ആന്‍ പറയുന്നു:

‘‘അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ടു പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുളള അപമാനത്താല്‍ ആളുകളില്‍നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതായിരിക്കും അവന്റെ ചിന്ത. ശ്രദ്ധിക്കുക അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം'' (ക്വുര്‍ആന്‍ 16:58,59).

 ഗര്‍ഭാശയത്തില്‍ ഭ്രൂണമായി വളരാന്‍ തുടങ്ങിയ കുഞ്ഞ്, അതിന് എത്രമാസം പ്രായമായലും ശരി അതിന്റെ ലിംഗനിര്‍ണയം നടത്തി അതിനെ ഹനിക്കുന്നത് പാടില്ലെന്നാണ് അധിക പണ്ഡിതന്മാരുടെയും വീക്ഷണം. എന്നാല്‍ നാലാം മാസത്തില്‍ ആത്മാവ് സന്നിവേശിപ്പിക്കപ്പെട്ടതിന് ശേഷം ഭ്രൂണത്തിന് ജീവനും ചലനവും തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഗര്‍ഭഛിദ്രം നടത്തുന്നത് ഒരു മനുഷ്യജീവനെ അന്യായമായി വധിക്കുന്നതിന്റെ പട്ടികയില്‍ പെടുമെന്നാണ് ഭൂരിഭാഗം പണ്ഡിതരും വിലയിരുത്തുന്നത്.

ജീവന്‍ എന്ന് പറയുമ്പോള്‍; രണ്ട് തരത്തിലുളള ജീവനുണ്ട് എന്ന് കാണാനാവും. ജീവ കോശങ്ങളായ അണ്ഡത്തിനും ബീജത്തിനുമെല്ലാം ഒരര്‍ഥത്തില്‍ ജീവനുണ്ട്. എന്നാല്‍ ഹദീഥുകളില്‍ വ്യക്തമാക്കപ്പെട്ടത് പോലെ നാല് മാസം പ്രായമാകുമ്പോഴാണ് ഭ്രൂണത്തില്‍ ആത്മാവ് സന്നിവേശിപ്പിക്കപ്പെട്ട് അതിന് സംവേദനവും ചലനവും സാധ്യമാകുന്നത്. ഈ ഘട്ടത്തിലുളള ഭ്രൂണഹത്യ പാപം തന്നെയാണ്. കാരണം അതിലൂടെ  ഒരു ജീവനെ ഹനിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗര്‍ഭധാരണം തടയുന്നതിനുളള മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴും ജീവനുളള ബീജവും അണ്ഡവും വൃഥാവിലാകുന്നത് കാരണം ഒരുതരം നരഹത്യതന്നെയാണ് നടക്കുന്നത് എന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ ഹത്യ നടത്തുന്നു എന്ന് പറയാനാകില്ല. കാരണം ഗര്‍ഭധാരണം നടന്നാലും ഇല്ലെങ്കിലും ഓരോ മനുഷ്യനും ഓരോ വേളയിലും മില്യണ്‍ കണക്കിന് ബീജങ്ങളെ സ്രവിപ്പിക്കുന്നുണ്ട്. അതുപോലെ സത്രീയുടെ അണ്ഡാശയവും ജീവിതകാലത്തിനിടയില്‍ അനവധി അണ്ഡങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അവയെല്ലാം പാഴായിപ്പോകുകതന്നെയാണ് ചെയ്യുന്നത്. നബി ﷺ യോട് അനുചരന്മാര്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ‘അസ്‌ല്' എന്ന ഗര്‍ഭനിരോധന മാര്‍ഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അത് നിഷിദ്ധമാക്കാതിരുന്നതും ഇതുകൊണ്ട് തന്നെയായിരിക്കും.

ഭ്രൂണ വളര്‍ച്ചയുടെ ആദ്യനാളുകളില്‍തന്നെ വേണമെങ്കില്‍ ലിംഗ നിര്‍ണയം നടത്തി പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ് അതിനെ നിര്‍മാര്‍ജനം ചെയ്യാനുളള മാര്‍ഗങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഒരാളെ ഭ്രൂണഹത്യക്ക് പ്രേരിപ്പിക്കുന്നത് പെണ്‍കുട്ടി വേണ്ട എന്ന മനഃസ്ഥിതിയായിരിക്കും. ഇത് പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന ജാഹിലിയ്യത്തിന്റെ ഒരു പരിഷ്‌കൃത രൂപമാണ്. ഇനി ഭാവിയിലെ സാമ്പത്തിക ബാധ്യതകളെ കുറിച്ചുളള ഉത്കണ്ഠയാണ് ഇതിന് പ്രേരകമാകുന്നതെങ്കിലും മതപരമായി ഇത് നീതീകരിക്കാനാകുകയില്ല. കാരണം ദാരിദ്ര്യം ഭയന്ന് സന്താനങ്ങളെ വധിക്കുന്നത് ക്വുര്‍ആന്‍ കര്‍ശനമായി വിലക്കിയ ഒരു കാര്യമാണ്.

‘‘ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു'' (ക്വുര്‍ആന്‍ 17: 31).

‘‘...ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചു കളയരുത്...'' (ക്വുര്‍ആന്‍ 6: 151).

നാലുമാസത്തിന് ശേഷം ഭ്രൂണഹത്യ നടത്തുന്നത് ശരിക്കും കൊലപാതകം തന്നെയാണ്. കാരണം ഈ ഘട്ടത്തില്‍ ശിശുവിന് ജീവനും സംവേദനക്ഷമതയും ഉണ്ടാകുന്നതുകൊണ്ട് ഈ ഘട്ടത്തില്‍ അത് അതിനെ നശിപ്പാനുളള ശ്രമങ്ങളെ പ്രതിരോധിക്കാറുണ്ട്. ജീവന്‍ നല്‍കപ്പെട്ട ഒരു ഗര്‍ഭസ്ഥശിശുവിനെ അലസിപ്പിക്കുമ്പോള്‍ ഈ കൈയേറ്റത്തിനെതിരെ അത് നടത്തുന്ന പോരാട്ടവും ചെറുത്ത് നില്‍പും തുറന്ന് കാണിക്കുന്ന ഒരു ഡോക്യുമെന്ററിയുണ്ട്. ‘നിശ്ശബ്ദ നിലവിളി' എന്ന പേരിലുളള ഈ ചിത്രം കണ്ടിറങ്ങിയ പാശ്ചാത്യനാടുകളിലെ ആളുകള്‍ പോലും നിറ കണ്ണുകളോടെയാണ് തിയേറ്റര്‍ വിട്ടത് എന്നാണ് പറയപ്പെടുന്നത്. ഗര്‍ഭാശയത്തിലുളള ഒരു കുഞ്ഞ് ഗര്‍ഭഛിദ്രത്തിന് വിധേയമാകുമ്പോള്‍ ആത്മരക്ഷക്ക് വേണ്ടി അത് നടത്തുന്ന കഠിനശ്രമവും, അവസാനം അത് തളരുകയും തകര്‍ന്ന് തരിപ്പണമായി പുറത്ത് വരികയും ചെയ്യുന്ന അവസ്ഥകളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഭ്രൂണഹത്യയുടെ കിരാതമുഖം അനാവരണം ചെയ്യുന്നതിന് വേണ്ടി മനുഷ്യപ്പറ്റുളള ആരെങ്കിലും പുറത്തിറക്കിയതായിരിക്കും ഈ ചിത്രം. അവിഹിത ഗര്‍ഭം അരങ്ങുതകര്‍ക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ഒട്ടുമിക്ക ക്രിസ്തീയ സഭകളും ഭ്രൂണഹത്യയെ ഒരു പാതകമായിട്ട് തന്നെയാണ് കാണുന്നത്.

ജാഹിലിയ്യകാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു എന്നത് ഒരു ചരിത്ര സത്യമാണ്. പെണ്‍കുട്ടികള്‍ ജനിക്കുന്നത് അപമാന മായിട്ടായിരുന്നു അവര്‍ കണ്ടിരുന്നത്. ആണ്‍കുട്ടികള്‍ എത്ര അധികമായാലും അവര്‍ക്ക് അഭിമാനം തന്നെയായിരുന്നു. എന്നാല്‍ ആധുനിക കാലത്ത് സന്താനങ്ങള്‍ അധികമുണ്ടാകുന്നത് (ആണായാലും പെണ്ണായാലും) ഒരു അപമാനമായിട്ടാണ് പലരും കാണുന്നത്.

നമ്മുടെ നാട്ടിലെ ദുഷിച്ച സ്ത്രീധന വ്യവസ്ഥ കാരണം പെണ്‍കുട്ടികള്‍ ഒരു ഭാരമായിത്തീരുകയും അവരുടെ വിവാഹം ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ലിംഗനിര്‍ണയവും ഭ്രൂണഹത്യയും ഒരുമിച്ച് നടത്താന്‍ സൗകര്യമുളള കേന്ദ്രങ്ങള്‍ നിയമവിധേയമല്ലെങ്കിലും പലയിടത്തും വളര്‍ന്നുവരുന്നത്. സാമ്പത്തികബാധ്യത കാരണം ഭ്രൂണഹത്യനടത്തുന്നതും ദാരിദ്ര്യം കാരണം കുഞ്ഞുങ്ങളെ കൊന്നുകളയുന്നതും തമ്മില്‍ മതപരമായി അന്തരമൊന്നുമില്ല. ഭ്രൂണത്തിന് ജീവനും സംവേദനവും  ഉണ്ടെന്നും, അതിന് അമ്മയുടെയും ചുറ്റുപാടുകളിലെയും ശബ്ദം കേള്‍ക്കാന്‍ കഴിയുമെന്നുമുളള കാര്യം ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

ഒരു ശിശു ജനിച്ചതിന് ശേഷം അതിനെ വധിക്കുകയാണെങ്കില്‍ അത് കരുണതേടുന്നതും അലമുറയിടുന്നതും നമുക്ക് അറിയാനാകും. എന്നാല്‍ ഗര്‍ഭാശയത്തിലാകുമ്പോള്‍ ആ ദയനീയ രംഗം നമുക്ക് ദൃശ്യമാകുകയില്ലെന്ന് മാത്രം. അന്ത്യദിനത്തില്‍, ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് താന്‍ ഏന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് ചോദിക്കുമെന്ന് ക്വുര്‍ആന്‍ 81:9 ല്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഭ്രൂണഹത്യക്ക് വിധേയമാകുന്ന കുഞ്ഞുങ്ങളുടെ 'എന്തിനുവേണ്ടി വധിക്കപ്പെട്ടു' എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഭ്രൂണഹത്യനടത്തുന്നവര്‍ ബാധ്യസ്ഥരായിരിക്കും.