പ്രഭാഷകന്റെ പാഥേയം -02

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2022 ആഗസ്റ്റ് 13, 1442 മുഹർറം 14

4. വിഷയത്തെക്കുറിച്ചുള്ള ചിന്ത

ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് നന്നായി ചിന്തിക്കണം. അതിൽ പറയാവുന്ന ഏരിയയും പറയാൻ പാടില്ലാത്ത ഏരിയയും ഏതൊക്കെയെന്ന് തീരുമാനിക്കണം. വലിയ പ്രത്യാഘാതങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കുന്ന സംസാരം നടത്തലല്ല ഒരു നല്ല പ്രഭാഷണത്തിന്റെ ലക്ഷണം.

മുഹമ്മദ് നബി ﷺ  തന്റെ അനുചരനായ മുആദുബ്‌നു ജബലി(റ)നെ യമനിലേക്ക് അയക്കുമ്പോൾ അദ്ദേഹത്തിന് നൽകിയ ഉപദേശം പ്രസിദ്ധമാണ്. നബി ﷺ  അദ്ദേഹത്തോട് പറഞ്ഞു: “വേദഗ്രന്ഥം നൽകപ്പെട്ട ഒരു ജനതയിലേക്കാണ് താങ്കൾ പോകുന്നത്...’’ (ബുഖാരി)

മുആദ്(റ) അയക്കപ്പടുന്ന ജനതയെക്കുറിച്ച് കൃത്യമായ അറിവ് നൽകുകയായിരുന്നു നബി ﷺ . ഇതാവണം നമുക്കും മാതൃക. നാം പ്രസംഗത്തിന് എഴുന്നേറ്റ് നിൽക്കുമ്പോൾ നമ്മെ കേൾക്കാനിരിക്കുന്ന ജനങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണ നമുക്കുണ്ടാവണം. പ്രബോധിതസമൂഹത്തെക്കുറിച്ച് ധാരണയില്ലാതെ സംസാരിച്ചാൽ അതുകൊണ്ടുണ്ടാകുന്ന അനന്തരഫലം പ്രഭാഷകനെ മാത്രമല്ല ബാധിക്കുക; മറിച്ച് ആ നാടിനെയും സംഘാടകരെയും ഏതു പാർട്ടിക്ക്/സംഘടനക്ക് കീഴിലാണോ പ്രഭാഷണം സംഘടിപ്പിക്കപ്പെട്ടത് അതിനെയുമെല്ലാം അത് ബാധിക്കും.

വിഷയം ഏതു രൂപത്തിൽ അവതരിപ്പിച്ചാലാണ് ജനങ്ങൾക്ക് സ്വീകാര്യമാവുക, മനസ്സിലാവുക എന്നൊക്കെ പ്രസംഗകൻ ചിന്തിക്കേണ്ടതുണ്ട്. എങ്കിലേ പ്രസംഗം വിജയകരമാക്കാൻ സാധിക്കൂ. വിഷയം തത്ത്വദീക്ഷ(ഹിക്മത്ത്)യോടും ഗുണകാംക്ഷയോടും കൂടി അവതരിപ്പിക്കണം.

ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം വിശുദ്ധ ക്വുർആൻ നമുക്ക് പഠിപ്പിച്ച് തരുന്നുണ്ട്. അദ്ദേഹം സ്വന്തം പിതാവിനെ അഭിസംബോധന ചെയ്യുന്ന രീതി കാണുക:

“അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേൾക്കുക യോ, കാണുകയോ ചെയ്യാത്ത, താങ്കൾക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കൾ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീർച്ചയായും താങ്കൾക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാൽ താങ്കൾ എന്നെ പിന്തടരൂ. ഞാൻ താങ്കൾക്ക് ശരിയായ മാർഗം കാണിച്ചു തരാം. എന്റെ പിതാവേ, താങ്കൾ പിശാചിനെ ആരാധിക്കരുത്. തീർച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീർച്ചയായും പരമകാരുണികനിൽനിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അപ്പോൾ താങ്കൾ പിശാചിന്റെ മിത്രമായി രിക്കുന്നതാണ്’’(19:42-45).

നോക്കൂ, ഇബ്‌റാഹീം നബി(അ) തന്റെ പിതാവ് വഴികേടിലാണെന്നും, അദ്ദേഹം ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നു ബോധ്യപ്പെട്ടിട്ടും അദ്ദേഹം സ്‌നേഹവും വിനയവും കൈവിടാതെ ‘എന്റെ പിതാവേ’ എന്നാണ് അഭിസംബോധന ചെയ്തത്.

തന്റെ സദസ്സിലുള്ളവരിൽ അല്ലാഹുവിൽ പങ്കുചേർക്കുന്നവരും പ്രവാചകചര്യക്ക് വിപരീതമായി പുത്തനാചാരങ്ങൾ ചെയ്യുന്നരും ഇതൊന്നുമല്ലാത്ത വൻപാപങ്ങൾ ചെയ്യുന്നവരും ഉണ്ടാകും. ചെറിയ ഒരു വിഭാഗമെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചും, പ്രവാചക ചര്യകൾ അനുധാവനം ചെയ്തും അല്ലാഹുവിനെ ഭയപ്പെട്ടും തിന്മകൾ വർജിച്ചും ജീവിക്കുന്നവരുമുണ്ടാകാം. ഇതൊന്നും പരിഗണിക്കാതെ സദസ്യരിൽ ചിലരെ കോരിത്തരിപ്പിക്കാനും മറ്റു ചിലരെ വൃണപ്പെടുത്താനും ഉതകുന്ന പ്രസംഗങ്ങളുടെ അനന്തരഫലം നാം വിലയിരുത്തേണ്ടതുണ്ട്. അത്തരം പ്രസംഗങ്ങൾ രാഷ്ട്രീയരംഗത്താണെങ്കിലും മതരംഗത്താണെങ്കിലും വിപരീതഫലമാണുണ്ടാക്കുക എന്നതിൽ സംശയമില്ല.

ചിക്കാഗോയിൽ വെച്ച് സ്വാമി വിവേകാനന്ദൻ സദസ്യരെ അഭിസംബോധന ചെയ്തത് ‘അമേരിക്കയിലെ സഹോദരീ സഹോദരൻമാരേ’ എന്നായിരുന്നു. ഈ സംബോധന അമേരിക്കക്കാർക്ക് അപരിചിതമായിരുന്നു. അദ്ദേഹത്തിന്റെ ഈ വിളിയിലൂടെ ഇന്ത്യയുടെ മാഹാത്മ്യം ലോകം തിരിച്ചറിയുകയായിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം ലോകത്ത് വാഴ്ത്തപ്പെട്ടു. പാശ്ചാത്യരുടെ മനസ്സിൽ നല്ലൊരിടം അദ്ദേഹത്തിന്റെ പ്രസംഗത്തിന് ലഭിച്ചു.

പ്രസംഗ സ്ഥലത്തെ ആളുകളെക്കുറിച്ച് ഒരു വിവരാന്വേഷണം നടത്തുന്നത് നന്നായിരിക്കും. അതിനനുസരിച്ച് എന്തു പ്രസംഗിക്കണം എന്ന് കൃത്യമായി തീരുമാനമെടുക്കണം. പ്രസംഗിക്കാനുള്ള നോട്ട് തയ്യാറാക്കിയിട്ടായിരിക്കണം പ്രസംഗിക്കേണ്ടത്. അല്ലാത്തപക്ഷം ജീവിത കാലയളവിൽ വായിച്ചതും കേട്ടതുമായ സർവ കാര്യങ്ങളും പ്രസംഗത്തിൽ വന്നുപോകും. അതാകട്ടെ ആ ശ്രോതാക്കൾക്ക് അരോചകമായിത്തീരും. ഒരു വേദിയിൽ നിശ്ചയിക്കപ്പെട്ട വിഷയത്തിൽ സംസാരിക്കുമ്പോൾ എൻസൈക്ലോപീഡിയ ആവുകയല്ല വേണ്ടത്; മറിച്ച് അവതരിപ്പിക്കുന്ന വിഷയത്തിലൂടെ സദസ്യരെ ഉദ്ബുദ്ധരാക്കുകയാണ്്. കാടുകേറിയ പ്രസംഗങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് എല്ലാം പ്രഭാഷകരും ഓർക്കേണ്ടതാണ്.

5. പ്രസംഗ ശൈലി

പ്രശസ്തരായ ഒട്ടേറെ പ്രഭാഷകരെ സമ്മാനിച്ച നാടാണ് നമ്മുടെ കൊച്ചു കേരളം. അറിവുകൊണ്ടും വാചാലതകൊണ്ടും ശ്രോതാക്കളുടെ മനസ്സിനെ സ്വാധീനിക്കുന്ന തരത്തിലുള്ള വശ്യസുന്ദരമായ ശൈലികൊണ്ടും ശ്രദ്ധേയരായ പ്രഭാഷകർ രാഷ്ട്രീയരംഗത്തും മതരംഗത്തും ഉണ്ടായിട്ടുണ്ട്; ഇപ്പോഴുമുണ്ട്. ഇനിയുമുണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം.

മുമ്പേ പ്രസംഗിച്ച് അരങ്ങൊഴിഞ്ഞവരെയും കാലയവനികക്കുള്ളിൽ മറഞ്ഞ ഉജ്വല വാഗ്മികളെയും ‘തീപ്പൊരി പ്രസംഗം’ നടത്തി ജനങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ നിറുത്തുന്നവരെയും അനുകരിച്ച് സ്വന്തം പ്രസംഗത്തെയും ശൈലിയെയും നശിപ്പിക്കുന്നവരുണ്ട്.

മറ്റൊരാളുടെ ശൈലി കടമെടുക്കുന്നത് ശരിയല്ല എന്നു പറയുന്നില്ല. പക്ഷേ, സ്വയം പരിഹാസ്യനാകുന്നതിനെ തൊട്ട് കരുതൽ വേണമെന്നേ പറയാനുള്ളൂ. മതരംഗത്ത് ദിനേന നൂറുകണക്കിന് പ്രഭാഷണങ്ങൾ നടന്നുകൊണ്ടിരുന്നുണ്ട്. ആയിരക്കണക്കിന് പ്രഭാഷണങ്ങൾ ഓൺലൈൻ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വർത്തമാനകാലത്ത് പാർട്ടിയോ, പ്രസ്ഥാനമോ നോക്കാതെ പലരും പലരുടെയും പ്രഭാഷണങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്വന്തം ശൈലി പ്രസംഗത്തിനായി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മറ്റുള്ളവരുടെ ശൈലി സ്വീകരിച്ച് അവരോടൊപ്പമെത്തുകയുമില്ല; അവനവന്റെ കഴിവിൽനിന്ന് വിടുകയും ചെയ്തു എന്ന അവസ്ഥ വരും. അതിനാൽ പ്രസംഗ രംഗത്തുള്ളവരും പ്രസംഗിച്ച് ശീലിക്കുന്നവരും ശ്രദ്ധിക്കേണ്ടത് സ്വന്തം ശൈലിയിൽ പ്രസംഗിക്കുവാനാണ്.

സ്വന്തം കഴിവിനെയും ശൈലിയെയും വളർത്തിയെടുക്കാനാണ് പ്രഭാഷകൻ ശ്രദ്ധിക്കേണ്ടത്. നല്ല ഒരു ശൈലി രൂപപ്പെടുത്തിയെടുത്ത് അതിനെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നിങ്ങളുടെ പ്രസംഗവും കേൾക്കാനും സ്വീകരിക്കാനും ആളുകളുണ്ടാവും, ആ പ്രസംഗത്തിന് ജനങ്ങളിൽ സ്വീകാര്യതയും ലഭിക്കും.

6. ശരീര ഭാഷ

പ്രഭാഷകന്റെ കണ്ണിന്റെയും കൈകളുടെയും ചലനങ്ങളും മുഖ ഭാവങ്ങളും സദസ്യരെ ആകർഷിക്കും. അതിനാൽ തികഞ്ഞ ശ്രദ്ധയോടുകൂടിയായിരിക്കണം മുഖഭാവങ്ങളും കൈകളുടെ ചനലങ്ങളും ഉണ്ടാകേണ്ടത്. സംസാരിക്കുന്ന വിഷയത്തിന്റെ ഗാംഭീര്യത്തിനനുസരിച്ച് ശരീരഭാഷയും നന്നായാൽ പ്രസംഗം കൂടുതൽ ആകർഷകമാകും. അതിനൊരു ഭംഗിയും സ്വീകാര്യതയും ലഭിക്കുകയും ചെയ്യും.

നേരത്തെ പറഞ്ഞതുപോലെ, പ്രശസ്തരായ പ്രഭാഷകരുടെ ആംഗ്യങ്ങളെ അതേപോലെ അനുകരിച്ച് പരിഹാസ്യരാകുന്നവരുണ്ട്. ശരീരഭാഷയും സംസാരവും യോജിച്ചു വരുന്നതിലെ ശ്രദ്ധയാണ് ഒരാളെ ഒരു നല്ല പ്രഭാഷകനാക്കുന്നത്. അതിനായി പരിശ്രമിക്കുകയും ശീലിക്കുകയുമാണ് വേണ്ടത്. കണ്ണാടിക്കു മുമ്പിൽ നിന്ന് പ്രസംഗ പരിശീലനം നടത്തുന്നതും നന്നാവും.

7. ഉദാഹരണം പറയുന്നതിലെ പൊരുൾ

ഉപമയും ഉദാഹരണവും പ്രസംഗത്തിൽ കൊണ്ടുവരാത്തവരില്ല. എന്നാൽ എന്തിനാണ് ഉദാഹരണം പറയുന്നത് അല്ലെങ്കിൽ ഉപമ പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു വിഷയത്തിലെ അവ്യക്തത ഒഴിവാക്കുന്നതിനും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രോതാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കാനാണ് ഉദാഹരണം അല്ലെങ്കിൽ ഉപമ പറയാറുള്ളത്.

വിശുദ്ധ ക്വുർആനിൽ അല്ലാഹു ഒരുപാട് ഉപമകൾ പറഞ്ഞത് കാണാൻ സാധിക്കും. എന്തിനാണ് ഉപമകൾ പറയുന്നത് എന്ന് അല്ലാഹു തന്നെ പറയുന്നു:

“ഏതൊരു വസ്തുവെയും ഉപമയാക്കുന്നതിൽ അല്ലാഹു ലജ്ജിക്കുകയില്ല; തീർച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാൽ വിശ്വാസികൾക്ക് അത് തങ്ങളുടെ നാഥന്റെ പക്കൽനിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവൻ പിഴവിലാക്കുന്നു. ധാരാളം പേരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. അധർമകാരികളല്ലാത്ത ആരെയും അത് നിമിത്തം അവൻ പിഴപ്പിക്കുകയില്ല’’ (2:26).

ചില ഉദാഹരണങ്ങൾ കാണുക;

1. സന്മാർഗം വിറ്റ് ദുർമാർഗം വാങ്ങിയവരെ അല്ലാഹു ഉപമിച്ചത് നോക്കൂ;

“അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാൾ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായ പ്പോൾ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടിൽ (തപ്പുവാൻ) അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധൻമാരുമാകുന്നു അവർ. അതിനാൽ അവർ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല. അല്ലെങ്കിൽ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങൾ നിമിത്തം മരണം ഭയന്ന് അവർ വിരലുകൾ ചെവിയിൽ തിരുകുന്നു. എന്നാൽ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. മിന്നൽ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നൽ) അവർക്ക് വെളിച്ചം നൽകുമ്പോഴെല്ലാം അവർ ആ വെളിച്ചത്തിൽ നടന്നുപോകും. ഇരുട്ടാകുമ്പോൾ അവർ നിന്നുപോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ കേൾവിയും കാഴ്ചയും അവൻ തീരെ നശിപ്പിച്ചുകളയുകതന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്.’’ (2:17-20)

2. സത്യനിഷേധികളെ ഉപമിച്ചത് കാണുക:

“സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേൾക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവർ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാൽ അവർ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല’’

3. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നവരുടെ ഉപമ കാണുക:

“അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണി യോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്’’ (2:261).

4. അല്ലാഹുവിനെ നിഷേധിച്ചവരെയും അവരുടെ കർമങ്ങളെയും ഉപമിക്കുന്നത് കാണുക:

“തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കർമങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവർ പ്രവർത്തിച്ചുണ്ടാക്കിയതിൽ നിന്ന് യാതൊന്നും അനുഭവിക്കാൻ അവർക്ക് സാധിക്കുന്നതല്ല. അതുതന്നെയാണ് വിദൂരമായ മാർഗ ഭ്രംശം’’ (14:18).

5. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവരുടെയും അല്ലാഹു അല്ലാത്തവരെ രക്ഷാധികാരികളാക്കിയവരുടെയും ഉപമ നോക്കൂ:

“അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളിൽ വെച്ച് ഏറ്റവും ദുർബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവർ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കിൽ!’’ (29:41).

ഇങ്ങനെ ധാരാളം ഉപമകൾ ക്വുർആനിൽ കാണാം. ദൈർഘ്യം ഭയന്ന് ഇവിടെ ചുരുക്കുന്നു. ഉപമയും ഉദാഹരണവും പറയുന്നത് അവസരോചിതമായിരിക്കണം. തങ്ങളുടെ ജീവിതത്തിലെ ചില അനുഭവങ്ങൾ പ്രസംഗത്തിനിടയിൽ പങ്കുവയ്ക്കാറുണ്ട് പലരും. അത് ശ്രോതാക്കളെ പോസിറ്റീവായി ചിന്തിക്കാൻ പ്രേരിപ്പിക്കും. തങ്ങളുടെ പ്രയാസങ്ങളെ ലഘുവായി കാണാൻ അവർക്ക് സാധിക്കും. എന്നാൽ മറ്റുള്ളവരുടെ അനുഭവങ്ങളെ സ്വന്തം അനുഭവങ്ങളായി അവതരിപ്പിക്കുന്നയാൾ സ്വയം പരിഹാസ്യനാവുകയാണ് ചെയ്യുക.

പ്രസംഗകൻ ശ്രദ്ധിക്കേണ്ടത് അവതരിപ്പിക്കുന്ന വിഷയത്തിൽ തന്റെ അനുഭവങ്ങൾ ചേർത്തുവെക്കേണ്ടതായ ഏരിയകൾ കടന്നുവരുമ്പോൾ മാത്രം ആ ഭാഗത്ത് അനുഭവങ്ങളെ ചേർത്തുവെച്ച് പ്രസംഗിക്കുവാനാണ്. അത് ആളുകളെ വല്ലാതെ ആകർഷിക്കും. വിഷയം അവരുടെ മനസ്സിൽ തങ്ങിനിൽക്കും.

എന്നാൽ പ്രഭാഷകന്റെ ജീവിതത്തിൽ കുറേ അനുഭവങ്ങളുണ്ടായിട്ടുണ്ട്, അതാകട്ടെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. ഇവിടെ പ്രഭാഷകൻ തന്റെ അനുഭവങ്ങൾ പറയുന്നതിനുവേണ്ടി വിഷയത്തെ അതിലേക്ക് വലിച്ചു നീട്ടികൊണ്ടുപോകുന്നതിലെ നിരർഥകത ഒന്നാലോചിച്ചു നോക്കൂ. സദസ്യർ മുഴുവൻ അസ്വസ്ഥത പ്രകടിപ്പിച്ചേക്കാം. അത്തരം പ്രസംഗങ്ങൾ മോശം പ്രസംഗമായി വിലയിരുത്തപ്പെടും. മറ്റു വിഷയങ്ങളിലൂടെ സഞ്ചരിച്ചതിനാൽ സമയം കഴിഞ്ഞ് പ്രസംഗം അവസാനിക്കുമ്പോൾ ശ്രോതാക്കൾക്ക് ലഭിക്കേണ്ടതൊന്നും ലഭിക്കാതെ വരികയും സംഘാടകർക്കുതന്നെ കുറ്റബോധമുണ്ടാവുകയും ചെയ്യും. അതിനാൽ ഉദാഹരണങ്ങൾ പറയുമ്പോഴും അനുഭവങ്ങൾ പറയുമ്പോഴും പ്രസംഗ വിഷയവുമായി നൂറു ശതമാനം ബന്ധമുണ്ടോ എന്ന് വീണ്ടും വീണ്ടും ആലോചിക്കണം. അല്ലെങ്കിൽ വിഷയം അർഹിക്കുന്ന രൂപത്തിൽ ശ്രോതാക്കളിലേക്ക് കൈമാറാൻ സാധിക്കില്ല.

8. പ്രസംഗത്തിലെ വിമർശനം; ഗുണവും ദോഷവും

പ്രസംഗം പലരൂപത്തിലുണ്ട്. ഒരു വിഷയം ജനങ്ങൾക്ക് അറിയിച്ച് കൊടുക്കാൻവേണ്ടി നടത്തപ്പെടുന്ന പ്രസംഗങ്ങളുണ്ട്. വാദപ്രതിവാദവും ഖണ്ഡന പ്രസംഗവും മറുപടി പ്രസംഗവുമുണ്ട്.

മറുപടി പ്രസംഗങ്ങളിലും ഖണ്ഡന പ്രസംഗങ്ങളിലും ഏറ്റവുമധികം നടക്കാറുള്ളത് പരസ്പര വിമർശനങ്ങളാണ്. വ്യക്തിപരമായ വിമർശനവും അധിക്ഷേപവും ആശാസ്യകരമല്ല. പ്രാമാണികമായ വിമർശനമാണ് വേണ്ടത്. പ്രമാണങ്ങൾ തമ്മിൽ മാറ്റുരക്കുന്നതിലൂടെയാണ് ആളുകൾക്ക് കാര്യം വ്യക്തമാവുക. വ്യക്തിഹത്യ നടത്തുന്നതിൽ യാതൊരു പ്രയോജനവുമില്ലെന്നു മാത്രമല്ല, ഏറെ ദോഷമുണ്ട്താനും. പ്രസംഗത്തിൽ വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നാൽ വിമർശനത്തിൽ ഗുണകാംക്ഷയുണ്ടാകുന്നത് പ്രസംഗത്തെ തിളക്കമുള്ളതാക്കും.

9. നന്മയിലേക്ക് ക്ഷണിക്കലാവണം പ്രസംഗം

അല്ലാഹുവിലേക്കുള്ള ക്ഷണമാണ് ഏറ്റവും നല്ല സംസാരം എന്ന് അല്ലാഹു വിശുദ്ധ ക്വുർആനിലൂടെ അറിയിക്കുന്നു:

“അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സൽകർമം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?’’ (41:33).

“(നബിയേ,) പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു; ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്കുചേർക്കുന്ന കൂട്ടത്തിലല്ല തന്നെ’’ (12:108).

പ്രസംഗങ്ങൾ നന്മയുള്ളതായിരിക്കണം. നന്മ ഉദ്‌ഘോഷിക്കുന്ന പ്രസംഗങ്ങൾക്ക് വലിയ മാറ്റങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിയും. നന്മ എത്തിച്ചുകൊടുക്കുന്നവന് നന്മ പ്രവർത്തിച്ചവന്റെ അതേ പ്രതിഫലം ലഭിക്കുമെന്ന് നബി ﷺ  അരുളിയിട്ടുണ്ട്.

അബൂമസ്ഊദിൽ അൻസ്വാരി(റ) നിവേദനം, നബി ﷺ  പറഞ്ഞു: “ആരെങ്കിലും ഒരു നന്മ അറിയിച്ചുകൊടുത്താൽ അത് പ്രവർത്തിച്ചവന്റെ അതേ പ്രതിഫലം അവനും (അറിവ് പകർന്ന് നൽകിയവന്) ലഭിക്കും’’ (മുസ്‌ലിം).

അതിനാൽ നാം പഠിച്ചതും മനസ്സിലാക്കിയതുമായ നന്മകളെ മറ്റുള്ളവർക്ക് പകർന്നുനൽകുന്നതാകണം പ്രസംഗങ്ങൾ.

പ്രസംഗത്തിന്റെ ലക്ഷ്യം ജനങ്ങളിലേക്ക് നന്മ എത്തിക്കലും അക്രമത്തിലേക്കും അനീതിയിലേക്കും ജനങ്ങൾ പോകുന്നതിനെ തടയലും, പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകലും... തുടങ്ങി സർവ മേഖലയിലുമുള്ള നന്മകൾ മാത്രമായിരിക്കണം. അതിന്റെ ഫലം ജീവിച്ചിരിക്കുമ്പോഴും മരണാനന്തര ജീവിതത്തിലും നമുക്ക് അനുഭവിക്കാൻ കഴിയും.

10. പ്രാർഥന

അറിവിന്റെ വർധനവിനായി നിരന്തരം അല്ലാഹുവിനോട് പ്രാർഥിക്കുക. നബി ﷺ  അല്ലാഹുവിനോട് അറിവ് ധാരാളമായി ലഭിക്കുന്നതിനുവേണ്ടി പ്രാർഥിച്ചിരുന്നു. അല്ലാഹുതന്നെ അതിനുവേണ്ടി നബി ﷺ യോട് പറയുന്നത് കാണുക:

“...എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വർധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക’’ (20:114).

നബി ﷺ യുടെ ഒരു പ്രാർഥന ഹദീസിൽ വന്നതു കാണുക: “അല്ലാഹുവേ! നീ എനിക്കു പഠിപ്പിച്ചു തന്നിട്ടുള്ളതുകൊണ്ടു പ്രയോജനം നൽകേണമേ! എനിക്ക് ഉപകാരമുളളതു പഠിപ്പിച്ചുതരികയും അറിവ് വർധിപ്പിച്ചുതരികയും ചെയ്യേണമേ! എല്ലാ അവസ്ഥയിലും അല്ലാഹുവിനാണ് സ്‌തോത്രം!’’ (തിർമുദി).

സ്വുബ്ഹി നമസ്‌കാരശേഷം പ്രാർഥിക്കാൻ വേണ്ടി നിർദേശിക്കപ്പെട്ട പ്രാർഥനകളിൽ ഒന്ന് ഇപ്രകാരമാണ്:

“അല്ലാഹുവേ, ഉപകാരപ്പെടുന്ന അറിവും വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കർമവും ഞാൻ നിന്നോട് ചോദിക്കുന്നു’’ (ഇബ്‌നുമാജ).

മനസ്സിൽ രൂപകൽപന ചെയ്ത പ്രകാരം പ്രസംഗിക്കാൻ മനസ്സിനും നാവിനും പ്രാപ്തി ലഭിക്കുന്നതിനും സ്ഖലിതങ്ങളും നാക്കുപ്പിഴവും സംഭവിക്കാതിരിക്കുവാനും വാചാലത ലഭിക്കുവാനും അല്ലാഹുവിനോട് പ്രാർഥിക്കുക.

മൂസാ നബി(അ) സംസാരത്തിൽ അൽപം വിക്കുള്ള ആളായിരുന്നു. അദ്ദേഹം തൗഹീദ് പറയാൻ പോകുന്നത് ഫിർഔൻ എന്ന സ്വേഛാധിപതിയുടെയും അഹങ്കാരിയുടെയും ദൈവനിഷേധിയുടെയും അടുത്തേക്കാണ്. അല്ലാഹുവിന്റെ കൽപന പ്രകാരമാണ് മൂസാ നബി(അ) ഫിർഔനിന്റെ അടുക്കലേക്ക് പോകുന്നത്. തന്നിലേൽപിക്കപ്പെട്ട ദൗത്യം നിർവഹിക്കുന്നതിനുവേണ്ടി മൂസാ നബി(അ) അല്ലാഹുവിനോട് പ്രാർഥിക്കുന്നത് വിശുദ്ധ ക്വുർആനിൽ നമുക്ക് കാണാം;

“അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നൽകേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവിൽനിന്ന് നീ കെട്ടഴിച്ചുതരേണമേ. ജനങ്ങൾ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്’’ (20:25-28).

ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഏറ്റവും നല്ലരൂപത്തിൽ പ്രസംഗിക്കാനും കാര്യങ്ങൾ നല്ലവിധം ജനമനസ്സുകളിലേക്ക് കൈമാറുവാനും സാധിക്കും.