സ്വവര്‍ഗരതി: വിശുദ്ധ ക്വുര്‍ആനിലെ പ്രയോഗങ്ങള്‍

സലീം പട്‌ല

2022 ഏപ്രിൽ 30, 1442 റമദാൻ 28

സ്വവര്‍ഗരതി ഇസ്‌ലാം വിരോധിച്ച മഹാപാപമാണ്; പ്രകൃതി വിരുദ്ധവും മാനവികവിരുദ്ധവുമായ രതിവൈകൃതമാണ്. ഒരു നാടും സമൂഹവും നാഗരികതയും നശിപ്പിക്കപ്പെടാനും തുടച്ചുനീക്കപ്പെടാനും കാരണമായ കുറ്റകൃത്യം. ഈ നീചവൃത്തി പല രാജ്യങ്ങളിലുമിന്ന് നിയമവിധേയമാണ്. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പേരില്‍ അതിനെ പുരോഗമനത്തിന്റെ അടയാളമായി കാണുകയാണ്.

ലൂത്വ് നബി(അ)യുടെ സമുദായമാണ് സ്വവര്‍ഗരതിയെ ലൈംഗികാസ്വാദനത്തിന് ഉപയോഗിച്ച ആദ്യത്തെ സമുദായമെന്നാണ് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്.

സ്വവര്‍ഗരതിക്കാരെയും സ്വവര്‍ഗഭോഗത്തെയും കുറിച്ചുള്ള ക്വുര്‍ആനിന്റെ പ്രയോഗങ്ങള്‍ ശ്രദ്ധേയവും ചിന്താര്‍ഹവുമാണ്. ഈ വിഷയത്തില്‍ ക്വുര്‍ആനില്‍ വന്ന ഏതാനും പ്രയോഗങ്ങള്‍ കാണാം:

അതിരുവിട്ട് പ്രവര്‍ത്തിക്കുന്നവര്‍: ‘‘സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു’’ (7/81)

കുഴപ്പക്കാരായ ജനങ്ങള്‍: ‘‘അദ്ദേഹം(ലൂത്ത്) പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ’’ (29/30)

അതിക്രമകാരികള്‍: ‘‘നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ’’(26/166)

ധിക്കാരികളും ദുഷിച്ചവരും: ‘‘ലൂത്വിന് നാം വിധികര്‍തൃത്വവും വിജ്ഞാനവും നല്‍കുകയുണ്ടായി. ദുര്‍വൃത്തികള്‍ ചെയ്തുകൊണ്ടിരുന്ന ആ നാട്ടില്‍നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (നാട്ടുകാര്‍) ധിക്കാരികളായ ഒരു ദുഷിച്ച ജനതയായിരുന്നു’’(21/74).

അവിവേകികള്‍: ‘‘നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു’’ (27/55).

അധര്‍മം: ‘‘ഈ നാട്ടുകാരുടെ മേല്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന അധര്‍മത്തിന്റെ ഫലമായി ആകാശത്തുനിന്ന് ഞങ്ങള്‍ ഒരു ശിക്ഷ ഇറക്കുന്നതാണ്’’(29/34).

അക്രമികള്‍: ‘‘നമ്മുടെ ദൂതന്‍മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ ഈ നാട്ടുകാരെ നശിപ്പിക്കാന്‍ പോകുന്നവരാകുന്നു. തീര്‍ച്ചയായും ഈ നാട്ടുകാര്‍ അക്രമികളായിരിക്കുന്നു’’ (29/31).

കുറ്റവാളികള്‍: ‘‘നാം അവരുടെ മേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക’’ (7/84).

ലഹരിയില്‍ മതിമറന്ന് അലഞ്ഞ് നടക്കുന്നവര്‍:‘‘നിന്റെ ജീവിതം തന്നെയാണെ സത്യം! തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു’’ (15/72)

ദുര്‍നടപ്പുകാര്‍: ‘‘ലൂത്വിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു...’’ (11:78).

നീചവൃത്തി: ‘‘ലൂത്വിനെയും (ദൂതനായി അയച്ചു) തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കുമുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല’’ (29:28).

‘‘ലൂത്വിനെയും (നാം അയച്ചു). അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)’’(7/80).

‘‘ലൂത്വിനെയും (ഓര്‍ക്കുക.) അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ?’’ (27/54)

ഈ നീചമായ പ്രവര്‍ത്തനം ചെയ്യുന്നരോട് ലൂത്വ് നബി(അ) പറഞ്ഞ മറുപടിയാണ് ഇന്നും വിശ്വാസികള്‍ക്ക് പറയാനുള്ളത്: ‘‘അദ്ദേഹം (ലൂത്വ്) പറഞ്ഞു: നിശ്ചയമായും ഞാന്‍ നിങ്ങളുടെ (ഈ) പ്രവൃത്തിയെ കഠിനമായി വെറുക്കുന്നവരില്‍ പെട്ടവനാണ്’’ (26/168).

ആ ദുഷിച്ച ജനതയെ അല്ലാഹു വേരോടെ പിഴുതെറിയുകയാണുണ്ടായത്. അല്ലാഹു പറയുന്നു: ‘‘അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു. നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുണ്ട്. തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതിചെയ്യുന്നത്. തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്്’’ (15:73-77)

ഇസ്രായീലിനും ജോര്‍ദാനിനുമിടയിലുള്ള ചാവുകടല്‍ എന്നറിയപ്പെടുന്ന തടാകം സ്വവര്‍ഗരതിക്കെതിരായ ദൈവികദൃഷ്ടാന്തമായി ഇന്നും നിലനില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 422 മീറ്റര്‍ താഴ്ചയിലുള്ള ചാവുകടല്‍തീരമാണ് കരയിലെ ഏറ്റവും താഴ്ചയുള്ള ഭൂപ്രദേശം. 378 മീറ്റര്‍ ആഴവും 67 കിലോമീറ്റര്‍ നീളവും 18 കിലോമീറ്റര്‍ വീതിയുമുള്ള ചാവുകടലാണ് ലോകത്തിലെ ഏറ്റവും ആഴമുള്ള മഹാലവണ താടാകമായി അറിയപ്പെടുന്നത്. സമുദ്രജലത്തിന്റെ 8.6 ഇരട്ടിയാണ് ഇതിലെ ജലത്തിന്റെ ലവണത്വം. അതുകൊണ്ടുതന്നെ ജീവന്റെ യാതൊരു ബാഹ്യലക്ഷണവും പ്രസ്തുത ജലത്തിലില്ല.

ഉയര്‍ന്ന ലവണത്വമുള്ള ജലത്തില്‍ നിലനില്‍ക്കുന്ന ചിലതരം ബാക്ടീരിയകളും ഫംഗസുകളും വളരെ ചെറിയ തോതില്‍ ഈ ജലത്തിലുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചെടികളോ മല്‍സ്യങ്ങളോ പായല്‍പോലുള്ള കാണാവുന്ന ജൈവികവസ്തുക്കളോ ഒന്നും തന്നെ ഇതിലില്ല; അതുകൊണ്ടുതന്നെയാണ് ഇതിനു ചാവുകടല്‍ എന്ന പേരുണ്ടായത്.