അധികാരമോഹവും നേതൃത്വഗുണങ്ങളും

ഡോ. ടി. കെ യൂസുഫ്

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

അധികാരത്തിനായുള്ള വടംവലികളും കുതികാൽവെട്ടലുകളും അരങ്ങുതകർക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. സമൂഹത്തിലെ ഏതെങ്കിലും രംഗത്തെ ഉത്തരവാദിത്തം കൈക്കലാക്കാൻ വെമ്പൽകൊളളുന്നതിനാണ് ‘അധികാരമോഹം’ എന്നു പറയുന്നത്. മനുഷ്യരുടെ മോഹങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ളതാണ് അധികാരമോഹം. ഇതിനെ അനഭിലഷണീയമായിട്ടാണ് ഇസ്‌ലാം കാണുന്നത്. കാരണം അധികാരലഹരി തലക്കുപിടിച്ചവർ സമൂഹത്തിൽ മറ്റാർക്കും ഇല്ലാത്ത കഴിവും സാമർഥ്യവും തങ്ങൾക്കുണ്ടെന്ന് മേനിപറയുകയും മറ്റുളളവരുടെ കഴിവുകൾ കണ്ടില്ലെന്ന് നടിക്കുകയും അവരുടെ യോഗ്യതകളെ അംഗീകരിക്കാൻ മടികാണിക്കുകയും ചെയ്യും. ഇത്തരം സ്വഭാവങ്ങളെല്ലാം ഇസ്‌ലാം കർശനമായി വിലക്കിയ അഹങ്കാരത്തിൽനിന്നും ഉടലെടുക്കുന്നതാണ്.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ ഏറ്റെടുക്കുന്ന അധികാരം ഒരു അമാനത്താണ്. അതിൽ വീഴ്ച വരുത്തിയാൽ അത് അവന്റെ പാരത്രിക ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കും. ‘നിങ്ങൾ ഒാരോരുത്തരും ഇടയന്മാരാണ്, തന്റെ പ്രജകളെക്കുറിച്ച് എല്ലാവരും ചോദ്യം ചെയ്യപ്പെടും’ എന്ന പ്രവാചകവചനം അതാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിലെ എല്ലാതലങ്ങളിലുമുളള വ്യക്തികളുടെ ഉത്തരവാദിത്തത്തെയും പ്രസ്തുത ഹദീസിന്റെ ബാക്കിഭാഗം പരാമർശിക്കുന്നുണ്ട്. യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ഒട്ടകം പട്ടിണികിടന്നു ചത്താൽ താൻ അതിന് ഉത്തരം പറയേണ്ടിവരും എന്ന ചിന്ത ഉമറുബ്‌നുൽ ഖത്ത്വാബിലുണ്ടാക്കിയത് ഇത്തരം വചനങ്ങളാണ്. തന്മൂലം അദ്ദേഹം പ്രജകളുടെ ക്ഷേമത്തിൽ ജാഗ്രത പുലർത്തുകയും ഭരണരംഗത്തും മറ്റും ഏത് ചെറിയവന്റെ അഭിപ്രായത്തെയും മുഖവിലയ്‌ക്കെടുക്കുകയും ചെയ്തിരുന്നു.

അധികാരം ആഗ്രഹിക്കുന്നതും അത് ചോദിച്ചുവാങ്ങുന്നതും ഇസ്‌ലാം നിരുത്സാഹപ്പെടുത്തി യതാണെങ്കിലും ചില അവസരങ്ങളിൽ അർഹതയുളളവർക്ക് അത് അനുവദനീയമാണെന്നാണ് വിശുദ്ധ ക്വുർആനിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ‘ഭൂമിയിലെ ഖജനാവുകൾ എന്നെ ഏൽപിക്കേണമേ’ (ക്വുർആൻ 12:55) എന്ന് യൂസുഫ് നബി(അ) ആവശ്യപ്പെട്ടത് അതിന് ഉദാഹരണമാണ്. ഈജിപ്തിലെ ഖജനാവുകളുടെ കാര്യം ഏറ്റെടുക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയും താനത് നിർവഹിക്കാൻ പ്രാപ്തനാണെന്ന വസ്തുത ജനങ്ങൾ അറിയാതിരിക്കുകയും ചെയ്ത സന്ദർഭത്തിലാണ് യൂസുഫ് നബി(അ) സ്വയം അത് ഏറ്റെടുക്കാൻ മുന്നോട്ടു വന്നത്. തുടർന്ന് രാജാവ് അദ്ദേഹത്തെ തന്റെ സന്നിധിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയും യൂസുഫ് നബിയുടെ കഴിവും കാര്യക്ഷമതയും അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ മോശമായ ഒരു സന്ദർഭത്തിൽ ഭരണമേറ്റെടുത്ത അദ്ദേഹം പ്രതിസന്ധികൾ തരണം ചെയ്ത് തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു.

സലഫുകളുടെ മാതൃക

രണ്ടാം ഖലീഫയായിരുന്ന ഉമറുബ്‌നുൽ ഖത്ത്വാബ്(റ) തന്റെ അന്ത്യഘട്ടത്തിൽ ഖിലാഫത്ത് അഞ്ചുപേരടങ്ങുന്ന ഒരു ശൂറാസമിതിയുടെ തീരുമാനത്തിന് വിടുകയാണുണ്ടായത്. തത്സമയം മുഗീറത്ത്ബിൻ ശുംഅ്(റ) ഉമറി(റ)ന്റെ മകൻ അബ്ദുല്ല(റ)യെ ഖലീഫാസ്ഥാനത്തേക്ക് നിർദേശിക്കുകയുണ്ടായി. ഇതുകേട്ട ഉമർ(റ) കോപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾക്ക് ഈ വിഷയത്തിൽ യാതൊരു താൽപര്യവുമില്ല. ഖിലാഫത്ത് ഒരു നന്മയാണെങ്കിൽ അത് ഞങ്ങൾക്ക് വേണ്ടുവോളം ആയിട്ടുണ്ട്. ഇനിഅത് തിന്മയാണെങ്കിൽ എന്റെ കുടുംബത്തിൽനിന്നും ഒരാളെ മാത്രം ആ വിഷയത്തിൽ വിചാരണ നടത്തിയാൽ മതിയാകുമല്ലോ. ഞാൻ ഇൗ രംഗത്ത് ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. നാളെ അല്ലാഹുവിന്റെ അടുക്കൽ ഇതിന് പാപവും പുണ്യവുമില്ലാത്ത രൂപത്തിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞാൽ തന്നെ ഞാൻ ധന്യനാണ്.’’

ഉമറുബ്‌നുൽ അബ്ദുൽ അസീസ്(റഹി) ഭരണമേറ്റെടുത്ത സമയത്ത് ഒരു ഭടൻ ഒരു കുന്തവുമായി ഒരു രക്ഷാപുരുഷനെന്നോണം അദ്ദേഹത്തിന്റെ മുമ്പിൽ നടക്കുകയുണ്ടായി. ഇതുകണ്ട ഉമറുബ്‌നുൽ അബ്ദുൽ അസീസ് ആ അകമ്പടിക്കാരനെ മാറ്റിനിർത്തുകയും താൻ മുസ്‌ലിംകളിൽ ഒരാൾ മാത്രമാണെന്ന് പറയുകയും ചെയ്തു. അനന്തരം അദ്ദേഹം പള്ളിയിൽ ചെന്ന് ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു: “ജനങ്ങളേ, എന്റെ സ്വന്തം അഭിപ്രായപ്രകാരമല്ലാതെ ഞാനീ വിഷയത്തിൽ പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇത് ഞാൻ ആവശ്യപ്പെടുകയോ മുസ്‌ലിംകളുടെ ഒരു കൂടിയാലോചന ഈ രംഗത്ത് നടക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ ഈ ചുമതലയിൽനിന്ന് ഒഴിവാകുകയാണ്. നിങ്ങൾ ഉദ്ദേശിക്കുന്ന വേറെയാരെയെങ്കിലും നിങ്ങൾ തിരഞ്ഞെടുത്തുകൊളളുക.’’ ഇതു കേട്ട മുസ്‌ലിംകൾ ഏകസ്വരത്തിൽ പറഞ്ഞു: “ഞങ്ങളെല്ലാവരും ഇക്കാര്യത്തിൽ താങ്കളെ തിരഞ്ഞെടുക്കുകയും തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു’’ (ബിദായ വ നിഹായ, വാള്യം 1).

അധികാരം വലിയ ഒരു ചുമതലയും ഉത്തരവാദിത്തവും ആയതുകൊണ്ട്തന്നെ അത് ഏറ്റെുടുക്കുന്നവന്റെ ദൗത്യം വിജയപ്രദമാകുമോ എന്നതിനെ ചൊല്ലി ആശങ്കയും പിരിമുറുക്കവും ഉണ്ടാവാൻ ഇടയുണ്ട്. അന്യായമായ രൂപത്തിൽ അധികാരം അടക്കിവാഴുന്നവന് ആധിയും അസ്വസ്ഥതകളും അധികരിക്കുകയാണ് ചെയ്യുക. എന്നാൽ കഴിവും കാര്യക്ഷമതയുമുളളവർ തങ്ങൾക്ക് ലഭിച്ച അധികാരത്തെ സാമൂഹ്യസേവനത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത് അവർക്ക് അത്യന്തം ആനന്ദപ്രദമായ ഒരു അനുഭവമായിരിക്കും.

അധികാരം മൂലം മറ്റുളളവരുടെ മേൽ മേധാവിത്വം സ്ഥാപിച്ച് മേലാളന്മാരായി മാറുന്ന മനോഭാവത്തെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. മറിച്ച് സ്ഥാനവും പദവിയും മറ്റുളളവർക്ക് ഗുണം ചെയ്യാനുളളഒരു മാർഗമായിട്ടാണ് കാണേണ്ടത്. ‘ഒരു ജനതയുടെ നേതാവ് അവരുടെ സേവകനാണ്’ എന്ന ആപ്തവാക്യം അന്വർഥമാവണമെങ്കിൽ ഇത് അനിവാര്യമാണ്. ഇക്കാര്യത്തിലും നബി ﷺ  തികഞ്ഞ മാതൃകയായിരുന്നു. ഒരിക്കൽ നബി ﷺ യും അനുചരന്മാരും ഒരു യാത്രാവേളയിലായിരുന്നു. ഭക്ഷണത്തിന്റെ സമയമായപ്പോൾ അവർ അത് പാകംചെയ്യുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി. സ്വഹാബികളിൾപെട്ട ഓരോരുത്തരും ആടിനെ അറുക്കുക, അതിന്റെ തൊലിയുരിക്കുക, പാകം ചെയ്യുക എന്നീ ദൗത്യങ്ങൾ ഏറ്റെടുക്കുകയും നബി ﷺ ക്ക് യാതൊരു ജോലിയും നൽകാതിരിക്കുകയും ചെയ്തു. എന്നാൽ ഇതു കണ്ട തിരുമേനി എനിക്ക് വെറുതെയിരിക്കുവാൻ പറ്റില്ലെന്നു പറഞ്ഞ് വിറക് ശേഖരിക്കുന്ന പണി അദ്ദേഹംം സ്വയം ഏറ്റെടുക്കുകയുണ്ടായി.

അനുയായികൾ നേതാക്കൾക്കു വേണ്ടി സിന്ദാബാദ് വിളിക്കുന്നതുപോലെ മതപുരോഹിതന്മാരെ കാണുമ്പോൾ അനുയായികൾ തിക്ബീർ ചൊല്ലുന്ന ഒരു പ്രവണതയും ഇന്ന് മുസ്‌ലിം സമൂഹത്തിൽ കാണപ്പെടുന്നുണ്ട്. എന്നാൽ നബി ﷺ യുടെ ജീവിതം പരിശോധിക്കുകയാണെങ്കിൽ അനുയായികളുടെ ആശംസകളിൽ ഉൾപുളകമണിയുന്നത് നബി ﷺ  ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് കാണാവുന്നതാണ്. മാത്രമല്ല അമിതമായ ആദരവുകൾ അദ്ദേഹം വിലക്കുകയും ചെയ്തിരുന്നതായി കാണാം. നബി ﷺ യെ അതിരറ്റു സ്‌നേഹിച്ചിരുന്ന സ്വഹാബിമാർ അദ്ദേഹത്തെ കാണുമ്പോൾ എഴുന്നേറ്റു നിന്ന് ആദരിക്കുന്നതു പോലും അവിടുന്ന് വിലക്കിയതായി കാണാം. ജൂത-ക്രൈസ്തവർ അവരുടെ പുരോഹിതന്മാരോട് പെരുമാറുന്നതുപോലെ നിങ്ങളെന്നോട് ആദരവ് കാണിക്കേണ്ടതില്ല എന്നാണ് നബി ﷺ  പഠിപ്പിച്ചത്. ‘ജനങ്ങൾ എഴുന്നേറ്റു നിന്ന് ആദരവുകൾ അർപ്പിക്കുന്നത് നിങ്ങളിൽ ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവൻ നരകത്തിൽ ഇിരിപ്പിടം ഒരുക്കിക്കൊളളട്ടെ’ (തിർമുദി) എന്ന ഹദീസ് ശ്രദ്ധേയമാണ്.

ഭൂമിയിൽ ഔന്നത്യം ആഗ്രഹിക്കുന്നവർക്ക് പാരത്രിക സൗഭാഗ്യം പോലും നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണല്ലോ ക്വുർആൻ സൂചിപ്പിക്കുന്നത്. ‘ആ പാരത്രികഭവനം ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കത്രെ നാം ഏർപ്പെടുത്തി കൊടുക്കുക’ (ക്വുർആൻ 28:83).

അധികാരം ഏറ്റെടുക്കാൻ കെൽപില്ലാത്തവർ അത് ഏറ്റെടുത്ത് പ്രജകളെ വഞ്ചിക്കുന്നതിലും ഭേദം സ്വമേധയാ അതിൽനിന്നും വിട്ടുനിൽക്കുന്നതാണ്. ഒരിക്കൽ അബൂദർറ്(റ) തന്നെ ഗവർണറാക്കാൻ നബി ﷺ യോട് ആവശ്യപ്പെടുകയുണ്ടായി. ഇത് കേട്ട തിരുമേനി അദ്ദേഹത്തിന്റെ ചുമലിൽ തട്ടിക്കൊണ്ട്പറഞ്ഞു: ‘അബൂദർറേ. നീ ദുർബലനും ഇതൊരു ഉത്തരവാദിത്തവുമാണ്. അർഹതയില്ലാത്തവർ അത്ഏറ്റെടുക്കുന്നത് നിമിത്തം അന്ത്യദിനത്തിൽ ഖേദത്തിനും നിന്ദ്യതക്കും ഇടവന്നേക്കും’ (മുസ്‌ലിം).

ഇസ്‌ലാമിക കൽപനകൾ പ്രകാരം അധികാരം ഏറ്റെടുക്കുന്നത് ദുഷ്‌കരമായ ഒരു ബാധ്യതയാണെങ്കിലും അതേറ്റെടുക്കുന്നവനെ അനുസരിക്കുക എന്നത് മറ്റുളളവരുടെ കടമയാണ്. ഒരു നീഗ്രോ അടിമ നിങ്ങളുടെ നേതാവായി വന്നാലും അവനെ അനുസരിക്കണമെന്നും, നേതാവിനെ അനുസരിച്ചവൻ എന്നെ അനുസരിച്ചുവെന്നും നേതാവിനെ ധിക്കരിച്ചവൻ എന്നെ ധിക്കരിച്ചുവെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്. അധികാരം കരസ്ഥമാക്കുന്നതിനെ ഇസ്‌ലാം എതിർക്കുന്നില്ല. കാരണം ആരെങ്കിലും അധികാരംശരിയായ രൂപത്തിൽ വിനിയോഗിച്ചാൽ അതിലൂടെ അവന് അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും നേടാൻ സാധിക്കും. എന്നാൽ അധികാരം നേടുന്നതിനായി ധാർമികമൂല്യങ്ങൾ ബലി കഴിച്ച് അക്രമത്തിന്റെയും അനീതിയുടെയും മാർഗം അവലംബിക്കുന്നത് ഇസ്‌ലാം ഒരിക്കലും അംഗികരിക്കുന്നില്ല.