സമസ്ത-ശീഈ കൂട്ടുകെട്ടും വികലവാദങ്ങളുടെ കുത്തൊഴുക്കും

മൂസ സ്വലാഹി കാര

2022 മാർച്ച് 19, 1442 ശഅബാൻ 16

ദിവ്യബോധനത്തിന്റെ വെളിച്ചത്തില്‍ നബി(സ) പകര്‍ന്നുതന്ന സമ്പൂര്‍ണ നിയമസംഹിതയാണ് വിശുദ്ധ ഇസ്‌ലാം. ഓരോ തലമുറയിലും കൂട്ടിച്ചേര്‍ക്കലും കുറച്ചുകളയലുമില്ലാതെ അഹ്‌ലുസ്സുന്നതി വല്‍ ജമാഅയുടെ പണ്ഡിതന്മാര്‍ ഈ പൂര്‍ണതയെ സംരക്ഷിച്ചു പോന്നു. സത്യത്തെ കളങ്കപ്പെടുത്തുന്നവരും അതിനെ മൂടിവെക്കുന്നവരും അവര്‍ക്കുനേരെ കുതന്ത്രം മെനഞ്ഞപ്പോള്‍ സത്യസന്ധത കൈവിടാതെ പ്രതിരോധിക്കുവാനും സമൂഹത്തെ സംസ്‌കരിക്കുവാനും അവര്‍ക്ക് സാധിച്ചു. ശത്രുതയിലും വിദ്വേഷത്തിലും വമ്പത്തരം കാണിച്ച അവിശ്വാസികള്‍ക്കും കപടന്മാര്‍ക്കും മുമ്പില്‍ പ്രവാചകന്‍ (സ) മതനിയമങ്ങളെ മാറ്റിയിട്ടില്ലെന്നതും കടുത്ത പരീക്ഷണങ്ങളില്‍ അദ്ദേഹവും അനുചരന്മാരും പതറിയിട്ടില്ലെന്നതും ആ പൂര്‍ണതയുടെ മഹത്ത്വത്തെ ഉയര്‍ത്തിക്കാട്ടുന്നു.

പ്രാമാണിക നിലപാടുകളെ കാറ്റില്‍പറത്തി തന്നിഷ്ടങ്ങളെ പൂജിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യതിയാനകക്ഷികളും ഭയക്കേണ്ടത് നബി ﷺ ക്ക് വഹ്‌യായി കിട്ടിയതില്‍ അവിടുന്ന് വല്ലതും അധികരിപ്പിക്കുകയോ, ന്യൂനത വരുത്തുകയോ, തന്റെ വകയായി വല്ലതും ചേര്‍ക്കുകയോ ചെയ്താല്‍ അദ്ദേഹത്തിന് പോലും കടുത്ത ശിക്ഷ നല്‍കുമെന്ന അല്ലാഹുവിന്റെ താക്കീതിനെയാണ്. അല്ലാഹു പറയുന്നു: ‘‘നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു

പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈകൊണ്ട് പിടികൂടുകയും എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു’’ (ക്വുര്‍ആന്‍ 69:44-46).

അദൃശ്യ കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമാണ്. പ്രവാചകന്മാര്‍ക്കോ, ഔലിയാക്കള്‍ക്കോ അവരുടെ ഇച്ഛാനുസരണം അതില്‍ ഇടപെടാന്‍ കഴിയില്ല. അല്ലാഹു പറയുന്നു: ‘‘താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു’’ (59:22)

ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ‘‘ഏക ആരാധ്യനായ അല്ലാഹു; അവനല്ലാതെ മറ്റൊരു രക്ഷിതാവുമില്ല. സൃഷ്ടികള്‍ക്ക് അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. അവനു പുറമെ ആരാധിക്കപ്പെടുന്ന എല്ലാം വ്യർഥമാണ്. അവന്‍ പ്രത്യക്ഷവും പരോക്ഷവും അറിയുന്നു. അഥവാ, നമുക്ക് ദൃശ്യമായതും അദൃശ്യമായതുമായ മുഴുവന്‍ വസ്തുക്കളെക്കുറിച്ചും അവന്‍ അറിയുന്നു. ആകാശത്തിലോ ഭൂമിയിലോ ഉള്ള, സൂക്ഷ്മമോ സ്ഥൂലമോ, ചെറുതോ വലുതോ, അന്ധകാരങ്ങളില്‍ ഉള്ള അണുമണി പോലുമോ അവന് ഗോപ്യമല്ല.’’

എന്നാല്‍ ശിയാക്കളുടെ ഇമാമുമാര്‍ മറഞ്ഞ കാര്യങ്ങള്‍ ഇഷ്ടാനുസരണം അറിയുമെന്നാണ് അവരുടെ ജല്‍പനം.

ഹാശിം ഇബ്‌നു സുലൈമാന്‍ അല്‍ബഹ്‌റാനി പറയുന്നു: ‘‘ആകാശത്തിലുള്ളതിന്റെ അറിവും ഭൂമിയിലുള്ളതിന്റെ അറിവും ഇമാമുമാര്‍ക്കുണ്ട്. ഉണ്ടായതും ഉണ്ടാകാന്‍ പോകുന്നതും അവര്‍ അറിയും. രാപകലുകളിലായി ഓരോ നിമിഷവും സംഭവിക്കുന്നത് അവരറിയും. നബിമാരുടെ അറിവും അതിനപ്പുറമുള്ള അറിവും അവര്‍ക്കുണ്ട്’’ (യനാബീഉല്‍ മുആജിസ് വ ഉസ്വൂലുല്‍ ദലാഇല്‍).

കുലൈനിയുടെ അല്‍കാഫിയില്‍ ഇപ്രകാരം കാണാം: ‘‘ഇമാമുമാര്‍ എപ്പോള്‍ മരിക്കുമെന്ന് അവര്‍ക്കറിയാം. അവരുടെ ഇഷ്ടപ്രകാരമല്ലാതെ അവര്‍ മരിക്കുകയില്ല.’’

മനസ്സിനകത്തുള്ള കാര്യങ്ങള്‍ അവര്‍ അറിയുമെന്ന് മജ്‌ലിസിയുടെ ‘ബിഹാറുല്‍ അന്‍വാറി’ലുമുണ്ട്.

ഈ വിശ്വാസത്തില്‍ ഇവരോടൊപ്പം ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നവരാണ് സമസ്തക്കാര്‍. ചില തെളിവുകള്‍ കാണുക:

‘‘മഹത്തുക്കളായ അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവര്‍ക്ക് അസാധാരണ കഴിവ് അല്ലാഹു നല്‍കുമെന്ന് ഇതിനു മുമ്പ് നാം വിവരിച്ചുകഴിഞ്ഞു. അതില്‍നിന്ന് തന്നെ അദൃശ്യമായ കാര്യങ്ങള്‍ അറിയാന്‍ അവര്‍ക്ക് കഴിവുണ്ടെന്ന് വ്യംഗ്യന്തരേണ വ്യക്തമായി’’ (തൗഹീദ് ഒരു സമഗ്രപഠനം/നെല്ലിക്കുത്ത്/പേജ് 479).

‘‘അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അവരുടെ താല്‍പര്യപ്രകാരം മറഞ്ഞകാര്യങ്ങള്‍ അല്ലാഹു അറിയിച്ചു കൊടുക്കുമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ തെളിയിക്കുന്നുണ്ട്. പക്ഷേ, ഇസ്‌ലാമിലെ പരിഷ്‌കരണവാദികള്‍ ഇത് നിഷേധിക്കുന്നു’’ (സുന്നത്ത് ജമാഅത്ത്/സുലൈമാന്‍ സഖാഫി/പേജ് 58).

മുഹ്‌യിദ്ദീന്‍ ശൈഖിനെ കുറിച്ചെഴുതിയത് കാണുക:

‘‘കുഫ്ഫിയകത്തുള്ള വസ്തുവിനെഫോലെ

കാമാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര്‍.

കുപ്പിയില്‍ സൂക്ഷിച്ച വസ്തു പുറത്തുകാണാറുണ്ട്. ഇതുപോലെ നിങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിച്ച കാര്യങ്ങള്‍ താന്‍ അറിയുമെന്നാണ് ശൈഖവര്‍കള്‍ ഇവിടെ അവകാശപ്പെടുന്നത്. ഹൃദയത്തില്‍ സൂക്ഷിച്ച കാര്യങ്ങള്‍ അറിയുക മറഞ്ഞ കാര്യങ്ങള്‍ അറിയുന്നതിന്റെ ഭാഗമാണ്’’ (സമ്പൂര്‍ണ മുഹ്‌യിദ്ദീന്‍ മാല വ്യാഖ്യാനം/മുസ്തഫാ ഫൈസി / പേജ്,457,458).

‘‘പുത്തന്‍ വാദികള്‍ പറയുന്നത് മറഞ്ഞ കാര്യങ്ങള്‍ അല്ലാഹു അല്ലാതെ ആരും ഒന്നും അറിയില്ല എന്നാണ്. (സാലിബ കുല്ലിയ്യയാണ്). അതിന്റെ നഖീള മൂജബ ജുസ്ഇയ്യയാണ്. അഥവാ അറിഞ്ഞ ഒരു സംഭവമുണ്ടായാല്‍ അവരുടെ വാദം പൊളിഞ്ഞു. നമ്മള്‍ സാധാരണ കാര്യങ്ങള്‍ അറിയാനുള്ള ഒരു പാകതയില്‍ ആയത് പോലെ അദൃശ്യം അറിയാനുള്ള ഒരു പാകതയില്‍ എത്തിയവര്‍ മഹാന്മാരിലുണ്ടാകാം. നബിമാര്‍ക്ക് അങ്ങനെ ഒരു വിശേഷണം ഉണ്ടാകും’’ (അഹ്‌ലുസ്സുന്ന/അഫ്‌സല്‍ സഖാഫി / പേജ് 63).

നബി ﷺ യോ ഉത്കൃഷ്ഠരായ സ്വഹാബത്തോ ഇങ്ങനെ ഒരാശയം പഠിപ്പിക്കാത്തതിനാല്‍ പുരോഹിതന്മാര്‍ അവരെയും പരിഷ്‌കരണവാദികളും പുത്തന്‍ വാദികളുമാക്കി ചിത്രീകരിക്കുമോ? പ്രമാണങ്ങളില്‍ ഒരു നിര്‍ദേശവുമില്ലാത്തെ ഈ കാര്യത്തെ പ്രവാചകന്മാരുടെ വിശേഷണമാക്കിയ ഇവര്‍ക്ക് ദുര്‍വ്യാഖ്യാനവും കള്ളക്കഥകളുടെ പിന്‍ബലവുമല്ലാതെ മറ്റെന്താശ്രയം? മതവിശ്വാസത്തിന്റെ പവിത്രതയെ ഹനിക്കും വിധമുള്ള ഇത്തരം പിഴച്ചവാദങ്ങളെ കൈകാര്യം ചെയ്യേണ്ടത് പ്രമാണങ്ങള്‍കൊണ്ട് തന്നെയാണ്. അല്ലാഹു പറയുന്നു:

‘‘പറയുക: അല്ലാഹുവിെൻറ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും ഞാന്‍ നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?’’ (6:50).

‘‘എനിക്ക് അദൃശ്യം അറിയാം എന്ന് ഞാന്‍ പറയുന്നില്ല. തീര്‍ച്ചയായും അത് ഉന്നതനും മഹാനുമായ അല്ലാഹുവിന്റെ അറിവില്‍പെട്ടതാണ്. അദൃശ്യ കാര്യങ്ങളില്‍ അവന്‍ അറിയിച്ചുതന്നതല്ലാത്ത ഒന്നും എനിക്ക് അറിയാന്‍ കഴിയില്ല എന്നതാണ് ഈ ആയത്തിന്റെ താല്‍പര്യം'’ എന്ന് ഇബ്‌നു കഥീര്‍(റഹി) പറയുന്നു.

അല്ലാഹു പറയുന്നു: ‘‘കണ്ണുകളുടെ കള്ളനോട്ടവും ഹൃദയങ്ങള്‍ മറച്ചുവയ്ക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു’’ (40:19).

ശീഈ ആശയത്തിന്റെ ഭാഗമാണ് ശകുന വിശ്വാസം. മിസ്വ്‌‌ർ, ശാം പോലുള്ള നാടുകളെ സംബന്ധിച്ച് അവര്‍ക്കുള്ള വിശ്വാസം നോക്കൂ; മജ്‌ലിസി പറയുന്നു: ‘’നിങ്ങള്‍ മിസ്വ്‌റിനെ ഒഴിവാക്കണം. അവിടെ താമസിക്കാന്‍ കൊതിക്കരുത്. കാരണം അത് ദുസ്സ്വഭാവമുണ്ടാക്കും’’ (ബിഹാറുല്‍ അന്‍വാര്‍).

‘‘അഹ്‌ലുശ്ശാം എന്ന് പറയരുത്. അഹ്‌ലുശ്ശുഅ്മ് (ശകുനമുള്ളവര്‍ )എന്നു പറയണം. ദാവൂദ് നബിയുടെ നാവിലൂടെ ശപിക്കപ്പെട്ടവരാണവര്‍. അവരില്‍നിന്ന് അല്ലാഹു കുരങ്ങുകളെയും പന്നികളെയും ഉണ്ടാക്കിയിട്ടുണ്ട്’’ (തഫ്‌സീറുല്‍ ഖുമ്മി).

‘‘വെള്ളിയാഴ്ച ദിവസം ഒരാവശ്യത്തിന് നീ പുറപ്പെടരുത്. ശനിയാഴ്ച ദിവസം സൂര്യന്‍ ഉദിച്ചാല്‍ നീ പോവുക. തിങ്കളാഴ്ചയോളം വലിയ ശകുനമുള്ള ദിവസം ഏതാണ്? അന്ന് നീ പുറപ്പെടാതെ ചൊവ്വാഴ്ച്ച പോവുക. മാസത്തില്‍ അവസാന ബുധന്‍ തുടര്‍ച്ചയായ ശകുനമാണ്’’ (വസാഇലുശ്ശീഅ/ആമിലി).

കുലൈനിയുടെ ‘അര്‍റൗളതു മിനല്‍ കാഫി,’ ശൈഖ് സ്വദൂക്വിന്റെ ‘ഇലലുല്‍ ശറാഇഹ്,’ ‘അല്‍ ഖിസ്വാല്‍,’ അബ്ദുല്ല ദീനവരിയുടെ ‘ഉയൂനുല്‍ അഖ്‌യാര്‍‘ എന്നിവയിലും ഈ കാര്യങ്ങള്‍ വിശദമായി പറയുന്നുണ്ട്.

ശകുന (നഹ്‌സ്) വിശ്വാസത്തില്‍ സമസ്തക്ക് ശീഇസത്തോടുള്ള ആത്മ ബന്ധം എത്രത്തോളമുണ്ടെന്ന് നോക്കാം:

‘‘എല്ലാ മാസവും 3,5,13,16,21,24,25,28 എന്നിവ ശുഭകരമല്ലെന്നാണ് ചരിത്ര സത്യങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ശൈഖ് ശാലിയാത്തി(റ) സ്പഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ സഫര്‍ മാസം 10, മുഹര്‍റം 10, റജബ് 10, ജമാദുല്‍ ഊല 22 എന്നിവയെയും ഉത്തമവും ശുഭവുമായി പണ്ഡിതരില്‍ ചിലര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രസ്തുത ദിനങ്ങളിലും ഉദ്ദേശ്യ കാര്യങ്ങള്‍ നടത്താതിരിക്കുന്നത് അഭികാമ്യമെന്ന് പറയാം’’ (ഇസ്‌ലാമിലെ വിവിധ ആഘോഷങ്ങള്‍/റിയാസ് ഫൈസി/പേജ്, 48).

‘‘എല്ലാ മാസവും അവസാന ബുധന്‍ പ്രത്യേകമായി സഫര്‍ അവസാന ബുധന്‍ നിര്‍ഗുണവും നിര്‍ഭാഗ്യവുമാണ്’’ (നഹ്‌സ്/പേജ് 28).

‘‘എല്ലാ മാസവും 24 നഹ്‌സാണ്. റമദാന്‍ 24 കടുത്ത നഹ്‌സാണ’’ (നഹ്‌സ്/പേജ് 17).

കൂടാതെ ഇവര്‍ പുറത്തിറക്കുന്ന സിറാജ്, സുപ്രഭാതം കലണ്ടറുകളില്‍ ഓരോ മാസത്തിലെയും നഹ്‌സ് ദിവസങ്ങള്‍ പ്രത്യേകം എടുത്ത് കാണിച്ചിട്ടുമുണ്ട്.

എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചില ദിവസങ്ങളെ ഇപ്രകാരം ദുശ്ശകുനത്തിന്റെതായി ഇവര്‍ തരംതാഴ്ത്തുന്നതെന്നു ചോദിച്ചിട്ട് കാര്യമില്ല. തെളിവുകളുടെ പക്ഷത്ത് നില്‍ക്കാന്‍ സൗഭാഗ്യം ലഭിക്കാത്തവര്‍ക്ക് തെളിവിന്റെ ആവശ്യമില്ലല്ലോ.

നന്മതിന്മകള്‍ നിശ്ചയിക്കുന്നവന്‍ അല്ലാഹുവാണെന്നും അവന്റെ വിധിയെന്നോണം അത് നടപ്പാകുമെന്നും പഠിപ്പിച്ച മതത്തിന് ഇവരുടെ ദൃഷ്ടിയില്‍ എന്ത് വിലയാണുള്ളത്? അല്ലാഹു പറയുന്നു:

‘‘നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമത്രെ’’ (10:107).

ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ‘‘കാരണം നന്മയും തിന്മയും ഉപകാരവും ഉപദ്രവവുമൊക്കെ അല്ലാഹുവിലേക്ക് മാത്രം മടങ്ങുന്ന കാര്യങ്ങളാണ്. ഒരാള്‍ക്കും ഇതില്‍ പങ്കില്ല. അവന്‍ മാത്രമാണ് ആരാധനക്കര്‍ഹനായിട്ടുള്ളവന്‍. അവന് യാതൊരു പങ്കുകാരിമില്ല.’’

ഇബ്‌നു മസ്ഊദി(റ)ല്‍നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ‘‘ലക്ഷണം നോക്കല്‍ ശിര്‍ക്കാണ്.’ മൂന്ന് പ്രാവശ്യം അവിടുന്ന് ഇത് ആവര്‍ത്തിച്ചു’’ (അബൂദാവൂദ്).

ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) പറഞ്ഞത് കാണുക: ‘‘അത് (ശകുനം) ഉപകാരം കൊണ്ടുവരുമെന്നും ഉപദ്രവം തടുക്കുമെന്നും അവര്‍ (അവിശ്വാസികള്‍) വിശ്വസിച്ചതിനാലാണ് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലായി ഗണിച്ചത്. അങ്ങനെ അവര്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്തവരായിത്തീര്‍ന്നു’’ (ഫത്ഹുല്‍ബാരി).

നബിമാര്‍ക്ക് പോലും അനുമതിയില്ലാത്ത വിഷയമാണ് ഒരു കാര്യത്തെ ഹലാലാക്കുക, ഹറാമാക്കുക എന്നത്. അല്ലാഹുവിന് പുറമെ ആരെങ്കിലും ആ പണി ഏറ്റെടുത്താല്‍ അത് അവര്‍ക്കുള്ള ആരാധനയാകും.

അല്ലാഹു പറയുന്നു: ‘‘അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും പഠിച്ചുകൊണ്ടിരിക്കുന്നതിലൂടെയും (അല്ലാഹുവിന്റെ) നിഷ്‌കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്)’’ (3:79).

ശിയാക്കള്‍ അവരുടെ ഇമാമുമാരുടെ അധികാരമായി ഇതിനെ കാണുന്നു. മജ്‌ലിസിയുടെ ബിഹാറുല്‍ അന്‍വാറിലും മുഫീദിന്റെ അല്‍ ഇഖ്തിസ്വാസിലും എഴുതിയത് ഇപ്രകാരമാണ്: ‘‘നിശ്ചയം, നമ്മുടെ ഇമാമുമാര്‍ കാര്യങ്ങള്‍ ഏല്‍പിക്കപ്പെട്ടവരാണ്. അവര്‍ എന്ത് ഹലാലാക്കിയോ അത് ഹലാലും എന്ത് ഹറാമാക്കിയോ അത് ഹറാമുമാണ്.’’

നബി(സ), അലി(റ), ഫാത്വിമ(റ) എന്നിവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നത് അനുവദനീയമാക്കാനും നിഷിദ്ധമാക്കാനും സാധിക്കിമെന്ന് ‘ഉസൂലുല്‍ കാഫി’യിലും ‘ബിറാറുല്‍ അന്‍വാറി’ലുമുണ്ട്.

‘ഇമാമുമാര്‍ ഹലാലാക്കുന്നതും ഹറാമാക്കുന്നതും നമ്മെ അക്രമികളായ ഭരണാധികാരികളില്‍നിന്ന് രക്ഷപ്പെടുത്തുമെന്നും അവര്‍ അത് ഏല്‍പിക്കപ്പെട്ടവരാണെന്നും ശൈഖ് ഹസന്‍ ഇബ്‌നു ഫറൂഖിന്റെ ‘ബസാഇറുദ്ദറജാത്തി’ലും ‘ബിഹാറുല്‍ അന്‍വാറി’ലുമുണ്ട്.

ജൂത ക്രൈസ്തവ സഭകള്‍ ചെയ്തുവരുന്ന ഈ നിഷിദ്ധത്തിന് ശിയാക്കളോടൊപ്പം സമസ്തയുടെ പുരോഹിതന്മാര്‍ ശക്തമായിത്തന്നെ രംഗത്തുണ്ട്. ഇവര്‍ നബിചര്യയെ അവമതിക്കുകയും പുത്തനാചാരങ്ങളെ പുണ്യപ്രവൃത്തിയാക്കി സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തതിന്റെ ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കൂ:

സഹായതേട്ടം: ‘‘അമ്പിയാ ഔലിയാക്കളോട് സഹായാഭ്യര്‍ഥന നടത്തല്‍ പുണ്യകര്‍മമാണ്. പ്രതിഫലാര്‍ഹവും സുന്നത്തുമാണ്’’ (മന്‍ഖൂസ് മൗലീദ് വ്യാഖ്യാനം/ജലീല്‍ സഖാഫി പുല്ലാര /പേജ് 49).

നബിദിനാഘോഷം: ‘‘വിപുലവും വ്യവസ്ഥാപിതവുമായ മൗലിദാഘോഷം സുന്നത്തായ നബിചര്യയാണ്. അതിന്റെ അടിസ്ഥാന രേഖകള്‍ നബി(സ)യിലും സ്വഹാബികളിലുമെത്തുന്നവയും സുദൃഢവുമാകുന്നു’’ (സുന്നിവോയ്‌സ്/2011 ഫെബ്രുവരി/പേജ് 21).

‘‘അമ്പിയാ, ഔലിയാ, സ്വാലിഹീങ്ങള്‍ എന്നീ മഹാന്മാരെ ഇടയാളന്മാരാക്കി അല്ലാഹുവിലേക്ക് തവസ്സുല്‍ ചെയ്യുന്നത് അനുവദനീയമാകുന്നു’’ (കൊട്ടപ്പുറം സംവാദം/ഒ.എം തരുവണ/ പേജ് 14).

‘‘മഖ്ബറകളില്‍ ആവശ്യത്തിന് വെളിച്ചമേര്‍പ്പെടുത്തണം. സിയാറത്തു ചെയ്യുന്നവര്‍ക്കോ മറ്റോ പ്രയോജനപ്പെടുമെങ്കില്‍ വിളക്കു കത്തിക്കല്‍ സുന്നത്താണ്’’ (മഖ്ബറ: ആചാരവും അനാചാരവും/പേജ് 35).

‘‘പരപുരുഷന്മാര്‍ സംബന്ധിക്കുന്ന പള്ളികളിലേക്കു ജുമുഅ ജമാഅത്തുകള്‍ക്കായി സ്ത്രീകള്‍ പുറപ്പെടുന്നതു നിഷിദ്ധവും ഇസ്‌ലാമിക വിരുദ്ധവുമാണ്’’ (സുന്നത്ത് ജമാഅത്ത്/ സുലൈമാന്‍ സഖാഫി/പേജ് 111).

ഇതെല്ലാം ഇന്നും ഇവര്‍ തുടരുന്നു. എത്രയെത്ര അറബി വാക്യങ്ങളാണ് സുന്നത്താക്കപ്പെട്ട പ്രാര്‍ഥനകളളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്! പുതിയ ആഘോഷ ദിനങ്ങളും കപട ആത്മീയ സദസ്സുകളും ഉണ്ടായി വരുന്നു. അല്ലാഹു പറയുന്നു:

‘‘സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക’’ (ക്വുര്‍ആന്‍ 9:34).