രോഗവും മരുന്നും - 09

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

2022 ജൂൺ 25, 1442 ദുൽഖഅദ 24

(ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്)

(വിവർത്തനം: ബിൻത് മുഹമ്മദ്)

കർമങ്ങളിലെ ബറകത്ത്: ബറകത്ത് ഇല്ലെങ്കിൽ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ഒന്നിനും ഉദ്ദേശിച്ച ഫലസിദ്ധിയുണ്ടാകില്ല. അല്ലാഹുവിനോട് പാപമോചനം നടത്തി, അവനിലേക്ക് മടങ്ങുക. അത് മാത്രമാണ് ഏക പോംവഴി.

പാപങ്ങൾ ദീനിന്റെയും ദുൻയാവിന്റെയും ബറകത്ത് എടുത്തുകളയും. നമ്മുടെ പാപങ്ങൾ യോഗങ്ങളെയും കൂടിച്ചേരലുകളെയുംവരെ ബാധിക്കും. ഒരു അറിവിന്റെ സദസ്സിൽ രണ്ടുപേർക്കിടയിൽ പ്രശ്‌നമുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് ബാധിക്കുകയും അത് ആ സദസ്സിന്റെ ബറകത്ത് എടുത്തുകളയുകയും ചെയ്യും.

ചില സ്ഥലങ്ങളിൽ നാം പ്രവേശിക്കുമ്പോൾ അവിടെ ശാന്തിയും സമാധാനവും അനുഭവപ്പെടുന്നതായി തോന്നാറില്ലേ? എന്നാൽ ചില സ്ഥലങ്ങളിൽ ഒരുതരം ഞെരുക്കം അനുഭവപ്പെടുന്നതായി തോന്നും. നമ്മുടെ ചിന്തകളും പ്രവൃത്തികളും ഒരു സ്ഥലത്തെപോലും സ്വാധീനിക്കും.

അല്ലാഹു പറയുന്നു: “അന്നാട്ടുകാർ വിശ്വസിക്കുകയും ഭക്തരാകുകയും ചെയ്തിരുന്നെങ്കിൽ നാമവർക്ക് വിണ്ണിൽനിന്നും മണ്ണിൽനിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നുകൊടുക്കുമായിരുന്നു. എന്നാൽ അവർ നിഷേധിച്ച് തള്ളിക്കളയുകയാണുണ്ടായത്. അതിനാൽ അവർ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി’’ (അൽഅഅ്‌റാഫ് 96).

അല്ലാഹുവിനോട് നമുക്ക് എന്തെങ്കിലും ആവശ്യം ഉണർത്തിക്കുവാൻ ഉണ്ടെങ്കിൽ അവനോട് അനുസരണയുള്ളവരായിരുന്നാൽ മതി. നമ്മുടെ ആവശ്യങ്ങളെല്ലാം അല്ലുഹുവിനറിയാം. അതിനാൽ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും പാപമോചനം തേടുകയും സത്യസന്ധരായിക്കൊണ്ട് അവനെ അനുസരിച്ച് ജീവിക്കുകയും വേണം.

അല്ലാഹുവിലുള്ള ദൃഢ വിശ്വാസത്തിലും അവനിലുള്ള തൃപ്തിയിലും സമാധാനവും സൗഖ്യവും കണ്ടെത്താൻ സാധിക്കും. ചില സമയങ്ങളിൽ നമ്മൾ തൃപ്തരായിരിക്കും. പക്ഷേ, ദൃഢമായ വിശ്വാസം ലഭിക്കില്ല. എന്നാൽ ചില സമയങ്ങളിൽ നമുക്ക് ദൃഢമായ വിശ്വാസം ലഭിക്കും. എന്നാൽ തൃപ്തി ലഭിക്കില്ല. സംശയവും അതൃപ്തിയും സങ്കടവും ദുരിതവും വിളിച്ചുവരുത്തും. എപ്പോഴും പരാതിയും പരിഭവവും പറയുന്നവർ ഓർക്കുക; അതിന് കാരണം ജനങ്ങളല്ല. അവനവൻ തന്നെയാണ്. ഒരു പ്രശ്‌നത്തെ വളരെ വലിയ ബുദ്ധിമുട്ടായി പറഞ്ഞുനടക്കുന്നത് തന്റെ വിഷമാവസ്ഥയെ കൂടുതൽ ആഴത്തിലുള്ളതാക്കും.

നബി ﷺ  അരുളി: “ജിബ്‌രീൽ എന്റെ നെഞ്ചിലേക്ക് ഊതിക്കൊണ്ട് എന്നിൽ തോന്നിപ്പിച്ചു: ഒരാൾ അയാളുടെമേൽ എഴുതപ്പെട്ട ഐഹിക വിഭവങ്ങൾ മുഴുവൻ ആസ്വദിക്കാതെ മരണപ്പെടില്ല. അതിനാൽ അല്ലാഹുവിൽ തക്വ്‌വയുള്ളവരാവുക. അവനോട് ഏറ്റവും മികച്ച രീതിയിൽ ചോദിക്കുക. സൗഖ്യവും സമാധാനവും അവനിൽ ദൃഢവിശ്വാസവും തൃപ്തിയും ഉള്ളവർക്കാണ് ലഭിക്കുക. സംശയവും അതൃപ്തിയുമായി നടക്കുന്നവർക്ക് എന്നും ദുരിതവും വിഷമവും ആയിരിക്കും’’ (ഇബ്‌നുമാജ 2144).

എത്രകാലം ജീവിച്ചു എന്നതിലല്ല, ഉള്ളകാലം എത്ര നന്നായി ജീവിച്ചു എന്നതിലാണ് ബറകത്ത്. ഐഹിക വിഭവങ്ങളിലുള്ള ബറകത്ത് അളക്കുന്നതിന്റെ തോത് അതിന്റെ അളവിലല്ല, മികവിലാണ്.

പാഠം 20

പാപങ്ങളുടെ ദുഷ്ഫലങ്ങൾ

36. തന്റെ പദവി താഴ്ത്തപ്പെടും

ഇബ്‌ലീസ് സ്വർഗത്തിലെ ഉന്നതമായ സ്ഥാനത്ത് വസിച്ചിരുന്ന ആളായിരുന്നു. ആദം നബി(അ)യെ വണങ്ങുവാൻ കൽപിക്കപ്പെട്ടപ്പോൾ ഇബ്‌ലീസ് അഹംഭാവം നടിച്ചു. അതിനാൽ സ്വർഗത്തിൽനിന്നും താഴെയിറക്കപ്പെട്ടു. ഉന്നതനിലയിൽ എത്തുവാൻ ഒരാൾ കഠിന പ്രയത്‌നം നടത്തിയാലും സ്വന്തം പാപങ്ങൾ അയാളെ താഴെതട്ടിലേക്ക് ഇറക്കിക്കളയും.

അല്ലാഹു രണ്ടുതരം ശ്രേണികൾ ഉണ്ടാക്കി:

മികച്ച ശ്രേണി: ഇവരുടെ കർമങ്ങൾ ‘ഇല്ലിയ്യീനി’ൽ രേഖപ്പെടുത്തും. ഒരു അടിമ സൽകർമങ്ങളിൽ ഏർപ്പെടുമ്പോഴും സ്വന്തം ദേഹേച്ഛകളെ തരണം ചെയ്യുമ്പോഴുമാണ് അയാളുടെ പദവി ഉയർത്തപ്പെടുന്നത്.

താഴ്ന്ന ശ്രേണി: ഇവരുടെ കർമങ്ങൾ ‘സിജ്ജിനി’ൽ രേഖപ്പെടുത്തും. ഒരു അടിമ പാപങ്ങളിൽ ഏർപ്പെടുമ്പോൾ അയാളുടെ പദവി താഴ്ത്തപ്പെടും. അല്ലാഹു പറയുന്നു:

“തീർച്ചയായും, അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റവും ആദരണീയർ നിങ്ങളിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാണ്’’ (ഹുജുറാത്ത് 13).

37. പാപങ്ങൾ ഹൃദയത്തെ അന്ധമാക്കുന്നു

ഹൃദയത്തിന് അന്ധത ബാധിച്ചാൽ സത്യം തിരിച്ചറിയാനും അത് അംഗീകരിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും സാധിക്കാതെ പോകും.

ഒരു മനുഷ്യനെ ഉത്തമനാക്കുന്നത് എന്താണ്?

സത്യമതം തിരിച്ചറിയുകയും അംഗീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾക്ക് ഉത്തമമായ ജീവിതം കൈവരുന്നത്.

അറിവിന്റെയും കർമങ്ങളുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ നാലായി തിരിക്കാം:

ഒന്നാമത്തെ വിഭാഗക്കാർ അറിവ് ലഭിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തവരാണ്. അല്ലാഹുവിന്റെ ദൂതന്മാർ ഈ ശ്രേണിയിൽ മുൻനിരയിൽ പെടുന്നു. തൊട്ടുപുറകിൽ സാക്ഷ്യത്തിന്റെ വാക്കുകളെ സ്വന്തം ജീവിതംകൊണ്ട് സത്യപ്പെടുത്തിയ സ്വിദ്ദീക്വുകളാണ്.

അല്ലാഹു പറയുന്നു: “നമ്മുടെ ദാസന്മാരായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരെയും ഓർക്കുക. കൈക്കരുത്തും ദീർഘദൃഷ്ടിയും ഉള്ളവരായിരുന്നു അവർ’’ (സ്വാദ് 45).

കൈക്കരുത്ത് എന്നത് സത്യം നടപ്പിലാക്കുവാനും അല്ലാഹുവിന്റെ കൽപനകൾ പാലിച്ച് ജീവിക്കുവാനും ഉള്ള കരുത്താണ്. ദീർഘദൃഷ്ടി എന്നാൽ തെറ്റിൽനിന്നും വേർതിരിച്ച് സത്യത്തെ തിരിച്ചറിയുവാനുള്ള കഴിവാണ്. ഇബ്‌റാഹീം നബി(അ) സ്വന്തം ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിക്കുവാൻ കൽപിക്കപ്പെട്ടു. അദ്ദേഹം ഉടൻ അത് അനുസരിക്കുകയും ചെയ്തു.

രണ്ടാമത്തെ വിഭാഗക്കാർ നേരെ വിപരീതമാണ്. അവർക്ക് അറിവുമില്ല, അല്ലാഹുവിന്റെ കൽപനകൾ പാലിക്കാനുള്ള കരുത്തുമില്ല. സൃഷ്ടികളിൽ അധികവും ഇങ്ങനെയുള്ളവരാണ്. ഒരാൾ ഇസ്‌ലാം നാമധാരിയായിരിക്കാം. പക്ഷേ, തന്റെ ദീനിനെക്കുറിച്ച് കൂടുതൽ അറിയുവാനോ പ്രവർത്തിക്കുവാനോ താൽപര്യമില്ല. ഇങ്ങനെയുള്ളവർ സമൂഹത്തിൽ കുഴപ്പക്കാരായി മാറുകയും ഇസ്‌ലാംമത വിശ്വാസത്തെക്കുറിച്ച് ഇവർ മുഖേന ജനങ്ങൾ തെറ്റിദ്ധാരണയിലാകുകയും ചെയ്യുന്നു.

മൂന്നാമത്തെ കൂട്ടർ, അവർ സത്യം എന്തെന്ന് ഉൾക്കാഴ്ചകൊണ്ട് തിരിച്ചറിഞ്ഞവരായിരിക്കും. പക്ഷേ, അതനുസരിച്ച് ജീവിക്കാനുള്ള കരുത്ത് അവർക്ക് ലഭിക്കുന്നില്ല. ദൃഢനിശ്ചയം അവർക്ക് സാധ്യമാകുന്നില്ല.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  അരുളി: “ബലഹീനനായ വിശ്വാസിയെക്കാളും അല്ലാഹുവിന് പ്രിയങ്കരൻ, കരുത്തനായ വിശ്വാസിയാണ്’’ (മുസ്‌ലിം 2664).

ഇവിടെ കരുത്ത് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം കായികശക്തിയല്ല. മറിച്ച് മനക്കരുത്താണ്.

നാലാമത്തെ കൂട്ടർ, അവർക്ക് കരുത്തും ദൃഢനിശ്ചയവുമൊക്കെയുണ്ട്. പക്ഷേ, ഉൾക്കാഴ്ചയും അറിവും കുറവാണ്. നന്മയും തിന്മയും വേർതിരിച്ചറിയാനുള്ള കഴിവ് അവർക്കില്ല.

അല്ലാഹു പറയുന്നു: “അറിവുള്ളവനും അറിവില്ലാത്തവനും ഒരുപോലെയാകുമോ?’’ (അസ്സുമർ 9).

പ്രവർത്തിക്കുന്നവനും പ്രവർത്തിക്കാത്തവനും സമമാകുമോ എന്നല്ല അല്ലാഹു ചോദിക്കുന്നത്. അറിവിനാണ് അല്ലാഹു മുൻഗണന കൊടുത്തിരിക്കുന്നത്. അറിവിൽനിന്നാണ് എല്ലാ നന്മകളുടെയും തുടക്കം. ശരിയായ അറിവിന്റെ അഭാവം നമ്മെ അബദ്ധത്തിലേക്ക് നയിക്കും.

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവർ ആദ്യഗണത്തിൽ പെട്ടവരാണ്. മറ്റുള്ളവരെ സത്യത്തിലേക്ക് നയിക്കാൻ കഴിവുള്ളവർ. അറിവും കരുത്തുമുള്ളവർ. സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യത്തിന്റെ വാക്കുകളെ സത്യപ്പെടുത്തിയവർ. അല്ലാഹു പറയുന്നു:

“അവർ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും ചെയ്തപ്പോൾ അവരിൽനിന്നും നമ്മുടെ കൽപനയനുസരിച്ച് നേർവഴി കാണിക്കുന്ന നേതാക്കന്മാരെ നാം ഉണ്ടാക്കി’’ (അസ്സജദ 24).

“കാലം സാക്ഷി, തീർച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സത്കർമങ്ങൾ പ്രവർത്തിച്ചവരും സത്യം സ്വീകരിക്കുവാനും ക്ഷമ പാലിക്കുവാനും പരസ്പരം ഉപദേശിച്ചവരുമൊഴികെ’’ (അൽഅസ്വ‌്ർ 1-3).

നേതാക്കളായ ആളുകൾ സത്യമാർഗം സ്വീകരിച്ചതുകൊണ്ടോ ക്ഷമ കൈക്കൊണ്ടതുകൊണ്ടോ മാത്രം അവർക്ക് സംതൃപ്തി വരില്ല. അവർ പരസ്പരം ഉപദേശിക്കുകയും സത്യത്തിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഈ വിഭാഗത്തിൽ പെടാൻ നാമെല്ലാവരും പരിശ്രമിക്കണം. നമുക്ക് അതിന് സാധ്യമാകുന്നില്ലെങ്കിൽ, അറിവോ മനക്കരുത്തോ ലഭിക്കുന്നില്ലെങ്കിൽ നാം അല്ലാഹുവിനോട് പാപമോചനം തേടേണ്ടിയിരിക്കുന്നു. കാരണം നമ്മുടെ പാപങ്ങളാണ് അറിവിലേക്കും കരുത്താർജിക്കുന്നതിലേക്കുമുള്ള നമ്മുടെ മാർഗം തടസ്സപ്പെടുത്തുന്നത്.

38. സ്വന്തം ശത്രുവിന്റെ സഹായകനായിത്തീരുന്നു

ഒരു പാപിയുടെമേൽ പിശാചിന് കൂടുതൽ സ്വാധീനം ലഭിക്കുന്നു. പിശാച് നമ്മുടെ ആജന്മ ശത്രുവാണ്. ആകയാൽ, നമ്മുടെ ശത്രുവിന് നമ്മുടെമേൽ അധികാരം നാം സ്വയം നൽകുന്നു. ചിലപ്പോൾ സ്വന്തം മനസ്സുതന്നെ നമ്മെ പാപങ്ങളിലേക്ക് പ്രേരിപ്പിക്കുന്നു. ഈ അവസ്ഥയെ പിശാചിനെക്കാൾ നാം ഭയക്കണം. അല്ലാഹു പറയുന്നു:

“നിശ്ചയമായും മനുഷ്യമനസ്സ് തിന്മയ്ക്ക് പ്രേരിപ്പിക്കുന്നതാണ്. എന്റെ നാഥൻ കാരുണ്യം ചൊരിഞ്ഞവരുടേതൊഴികെ. നിശ്ചയം എന്റെ നാഥൻ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്’’ (യൂസുഫ് 53).

നമ്മുടെ മനസ്സിന്റെ തിന്മയിൽനിന്നും നമ്മെ കാക്കുന്നത് അല്ലാഹുവിന്റെ കാരുണ്യമാണ്. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കണമെങ്കിൽ നിരന്തരം ഇസ്തിഗ്ഫാർ നടത്തുക.

39. തന്നെത്തന്നെ സ്വയം മറന്നു പോകുക

പാപങ്ങൾ ഒരാളെ സ്വയം മറക്കാൻ പ്രേരിപ്പിക്കുന്നു. അയാൾ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കില്ല. സ്വയം നന്നാകാൻ ശ്രമിക്കില്ല. തന്നെ തന്നെ അവഗണിച്ച് കളയും. അത് സ്വന്തം മനസ്സിനെ ദുഷിപ്പിച്ച് ക്രമേണ നാശത്തിലേക്ക് പതിക്കുകയും ചെയ്യും.

അല്ലാഹു പറയുന്നു: “അല്ലാഹുവിനെ മറന്നതിനാൽ, സ്വയം വിസ്മൃതരാക്കി അല്ലാഹു മാറ്റിയ ജനങ്ങളെപോലെ ആകരുത് നിങ്ങൾ. അവർ തന്നെയാണ് ദുർമാർഗികൾ’’ (അൽഹശ്ർ 19).

എങ്ങനെയാണ് ഒരാൾ സ്വന്തം കൈകൾകൊണ്ട് നശിക്കപ്പെടുന്നത്? മയക്കുമരുന്നും പുകവലിയും തനിക്ക് കേടാണെന്ന് അയാൾക്കറിയാം. എങ്കിലും അത് ചെയ്യും. അവരുടെ പാപങ്ങൾ അതിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിൽനിന്ന് അവരെ തടയും.

(അവസാനിച്ചില്ല)