വ്രതം: ആത്മീയതയ്‌ക്കും ആരോഗ്യത്തിനും

ഡോ. ടി. കെ യൂസുഫ്

2022 ഏപ്രിൽ 02, 1442 റമദാൻ 01

‘‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവര്‍ക്ക് നിര്‍ബന്ധമാക്കപ്പട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ഭക്തിയുളളവരായേക്കാം’’ (ക്വുര്‍ആന്‍ 2:183).

മനുഷ്യന്റെ ആത്മീയതയെ പരിപോഷിപ്പിക്കുന്നതിനും മൃഗീയവാസനകള്‍ക്ക് കടിഞ്ഞാണിടുന്നതിനും വേണ്ടിയാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്. അല്ലാഹു പറയുന്നു:

‘‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവര്‍ക്ക് നിര്‍ബന്ധമാക്കപ്പട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ഭക്തിയുളളവരായേക്കാം’’ (ക്വുര്‍ആന്‍ 2:183).

മനുഷ്യന്‍ അമിതമായി ആഹാരം കഴിച്ചാല്‍ അത് അവന്റെ മതകാര്യങ്ങളില്‍ ആലസ്യമുണ്ടാക്കുകയും അതുവഴി ആത്മീയ ചൈതന്യം ചോര്‍ന്നുപോകുകയും ചെയ്യും. മാനവചരിത്രം പരിശോധിക്കുകയാണെങ്കില്‍ സമൂഹത്തിലെ പട്ടിണിപ്പാവങ്ങള്‍ പണക്കൊഴുപ്പുളളവരെക്കാള്‍ ഭക്തരും, മതകാര്യങ്ങളില്‍ നിഷ്ഠപുലര്‍ത്തുന്നവരുമാണന്ന് കാണാന്‍ കഴിയും. ഏത് മതവിഭാഗങ്ങളിലുളളവരാണങ്കിലും അതിലെ ഭക്തര്‍ താരതമ്യേന സാമ്പത്തിക രംഗത്ത് പിന്നാക്കം നില്‍ക്കുന്നവരായിരിക്കും. പ്രവാചകന്മാരെ പിന്‍പറ്റിയവരില്‍ അധികപേരും സമൂഹത്തിലെ താഴെക്കിടയില്‍നിന്നുളളവരായിരുന്നു എന്നു കാണാം. നമ്മുടെ നാട്ടില്‍ റമദാന്‍ മാസത്തില്‍ മാത്രം ജനങ്ങള്‍ കാണിക്കുന്ന ഭക്തിയും ആരാധനാതല്‍പരതയും മതപ്രഭാഷണങ്ങള്‍ കേള്‍ക്കാനുളള ത്വരയും വ്രതം കാരണമായുണ്ടാകുന്ന ആത്മീയതയുടെ നിദര്‍ശനം തന്നെയാണ്.

മാനവകുലത്തിന്റെ ചരിത്രത്തിന് ഒരു ആമുഖമെഴുതി പ്രസിദ്ധിയാര്‍ജിച്ച ഇബ്‌നു ഖല്‍ദൂന്‍ തന്റെ വിഖ്യാതമായ ‘മുക്വദ്ദിമ’യില്‍ മനുഷ്യജീവിതത്തില്‍ വിശപ്പുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പട്ടിണിയുടെ പോഷക ഗുണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്: ‘’ഭൂമിയിലെ ഫലഭൂയിഷ്ഠമായ മേഖലകളില്‍ ധാന്യങ്ങളും പഴങ്ങളും ധാരാളം വളരുകയും അവിടെയുളളവര്‍ക്ക് ജീവിതത്തില്‍ സുഭിക്ഷതയുണ്ടാകുകയും ചെയ്യും, എന്നാല്‍ മണല്‍ക്കാടുകളിലും തരിശുഭൂമികളിലും താമസിക്കുന്നവര്‍ക്ക് താരതേമ്യന കുറഞ്ഞ ഭക്ഷണമാണ് ലഭ്യമാവുക. ഇങ്ങനെയൊക്കെയാണെങ്കിലും ധാന്യങ്ങളും കറിക്കൂട്ടുകളും കിട്ടാനില്ലാത്ത മരുഭൂവാസികള്‍ക്ക് സുഖസമൃദ്ധിയില്‍ കഴിയുന്നവരെക്കാള്‍ നല്ല ശരീരാരോഗ്യവും സ്വഭാവഗൂണങ്ങളും ഉളളതായി കാണാം. അവരുടെ നിറം കൂടുതല്‍ തെളിഞ്ഞതും ശരീരം വെടിപ്പുളളതും ആകാരം കുറ്റമറ്റതും ഭംഗിയുളളതുമായിരിക്കും’’ (മുക്വദ്ദിമ, പേജ് 17).

‘‘വിശപ്പ് സഹിക്കുന്നവരില്‍ സന്തുലിതമായ സ്വഭാവഗുണങ്ങളും അറിവ് ആര്‍ജിക്കുന്നതിലും വസ്തുതകള്‍ നിരീക്ഷിക്കുന്നതിലും മറ്റുളളവരെക്കാള്‍ ഉന്മേഷവും ഊര്‍ജസ്വലതയും കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിന് കാരണം മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ആധിക്യവും അതുള്‍കൊളളുന്ന വിനാശകരമായ അധികപ്പറ്റുകളും ദുര്‍നീരുകളും അവന്റെ തലച്ചോറില്‍ എത്തുകയും മനസ്സിനെയും ചിന്താശക്തിയെയും അത് മന്ദീഭവിപ്പിക്കുകയും ചെയ്യുന്നതാണ്. മൃഷ്ടാന്നഭോജികള്‍ പൊതുവെ മൂഢന്മാരായിട്ടാണല്ലോ കാണപ്പെടാറുളളത്. അമിതാഹാരം മനുഷ്യന്റെ ബൗദ്ധികവികാസത്തിന് മാത്രമല്ല ദോഷംവരുത്തുന്നത്; അവന്റെ ശരീര സൗന്ദര്യത്തിനും അത് മങ്ങലേല്‍പിക്കുന്നുണ്ട്. ഉദാഹരണമായി, തരിശുഭൂമിയില്‍ ജീവിക്കുന്ന ജന്തുക്കളായ കലമാന്‍, ജിറാഫ് എന്നിവ സമൃദ്ധമായ മേച്ചില്‍പുറങ്ങളില്‍ ജീവിക്കുന്ന ആട്-മാടുകളെക്കാള്‍ രൂപഭംഗിയും സൗന്ദര്യവും ഉളളവയാണ്’’ (മുക്വദ്ദിമ, പേജ് 18).

ഭക്ഷണസമൃദ്ധി ബുദ്ധിയിലും സൗന്ദര്യത്തിലും മാത്രമല്ല മതകാര്യങ്ങളിലും ദൈവാരാധനയിലും വരെ സ്വാധീനം ചെലുത്തുന്നുണ്ട്. നാട്ടിന്‍പുറങ്ങളിലാണെങ്കിലും നഗരങ്ങളിലാണെങ്കിലും അഷ്ടിക്ക് വകയില്ലാതെ വിശപ്പും പേറി ഞെങ്ങിഞെരുങ്ങി കഴിയുന്നവര്‍ ഐശ്വര്യത്തിലും സുഭിക്ഷതയിലും കഴിയുന്നവരെക്കാള്‍ മതബോധമുളളവരും മതാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായി കാണപ്പെടുന്നുണ്ട്. പ്രപഞ്ചനാഥനും സകല സമ്പത്തുക്കളുടെ ഉടമയുമായ അല്ലാഹു തന്റെ ശ്രേഷഠനായ പ്രവാചകന് വയറ് നിറച്ച് ആഹാരം കഴിക്കാന്‍ അവസരം നല്‍കിയില്ല എന്ന വസ്തുതയിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. വിശപ്പ് വിനാശകരമായ ഒരു ശാപമായിരുന്നുവെങ്കില്‍ അല്ലാഹു തന്റെ തിരുദൂതനെ അതിന്റെ പീഡനമേല്‍ക്കാന്‍ അനുവദിക്കുമായിരുന്നില്ല. ദാരിദ്ര്യത്തിന് ആത്മീയരംഗത്ത് നമുക്ക് അജ്ഞാതമായ ചില പോഷണങ്ങള്‍ നല്‍കാന്‍ കഴിയുന്നതുകൊണ്ടായിരിക്കാം പല പ്രവാചകന്മാരെയും സാത്വികരെയും അല്ലാഹു പട്ടിണിയില്‍നിന്ന് കരകയറ്റാതിരുന്നത്.

വിശപ്പ് താങ്ങാനോ ഭക്ഷണം കുറക്കാനോ കഴിയുന്നത് ആത്മീയരംഗത്ത് മാത്രമല്ല ആരോഗ്യരംഗത്തും വളരെ പ്രയോജനകരമാണ്. ഇവിടെയാണ് വ്രതം പ്രസക്തമാകുന്നത്. ഒരാള്‍ക്ക് പട്ടിണിമരണം സംഭവിക്കുന്നത് കേവലം വിശപ്പ് അനുഭവിക്കുന്നതുകൊണ്ട് മാത്രമല്ല; പ്രത്യുത മുമ്പ് അവന്‍ വയറുനിറച്ച് ശീലമാക്കിയതുകൊണ്ടുകൂടിയാണ്. അതുപോലെ ആദ്യമായി നോമ്പെടുക്കുന്നവര്‍ക്കും ചില ശാരീരിക പ്രയാസകങ്ങള്‍ ഉണ്ടാകാനിടയുണ്ട്. എന്നാല്‍ വ്രതം ശീലമാകുന്നതോടുകൂടി ഇത്തരം പ്രയാസങ്ങള്‍ വിട്ടുമാറുകയും അത് ആരോഗ്യദായകമായി മാറുകയും ചെയ്യും. വ്രതം ആരോഗ്യത്തിന് ഹാനികരമായിരുന്നുവെങ്കില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ അത് ഒരായുധമാക്കി നമ്മെ വിമര്‍ശിക്കുമായിരുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ എതിരാളികള്‍ പോലും ഇന്ന് നോമ്പിനെ പ്രശംസിക്കുകയാണ് ചെയ്യുന്നത്. സര്‍വോപരി ആധുനിക വൈദ്യശാസത്ര പഠനങ്ങളും ഗവേഷണങ്ങളും വ്രതത്തിന്റെ ആരോഗ്യശാസ്ത്ര മാനങ്ങളാണ് വെളിപ്പെടുത്തുന്നത്.

നോമ്പനുഷ്ഠിക്കുന്നത് ആരോഗ്യത്തിന് ഒട്ടും അപകടകരമല്ല എന്നതിലുപരി പ്രകൃതി ചികിത്സയില്‍ ഒട്ടനവധി അസുഖങ്ങളുടെ ശമനത്തിന് അത് അത്യാവശ്യവുമാണ്. ഭൂമുഖത്തുളള ഒരു ജീവിയും രോഗാവസ്ഥയില്‍ ഭക്ഷണം കഴിക്കാറില്ല. മനുഷ്യനും ഒരളവോളം അങ്ങനെ തന്നെയാണ്. അവന്‍ രോഗിയായിരിക്കുമ്പോള്‍ ഭക്ഷണത്തോട് താല്‍പര്യം കാണിക്കാറില്ല. രോഗിയുടെ ഉറ്റവരുടെ നിര്‍ബന്ധംകൊണ്ട് മാത്രമാണ് അവന്‍ വല്ലതും അകത്താക്കാറുളളത്. നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരം അല്‍പം ഊര്‍ജം ചെലവഴിക്കുകയും അധ്വാനിക്കുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ട്തന്നെ രോഗാവസ്ഥയില്‍ ഭക്ഷണം കഴിക്കുന്നത് സ്വാഭാവിക രോഗശമനത്തിന് വിഘാതം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. മൃഗങ്ങള്‍ ചെയ്യാറുളളതുപോലെ മനുഷ്യനും രോഗാവസ്ഥയില്‍ തീറ്റ നിയന്ത്രിക്കുകയാെണങ്കില്‍ പല അസുഖങ്ങളും ചികിത്സയില്ലാതെതന്നെ ഭേദമാകാനിടയുണ്ട്.

മനുഷ്യന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം ലഭിക്കുന്നത് അവന്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്നാണെങ്കിലും ഭക്ഷണം തീരുന്നതോടുകൂടി അവന്റെ പ്രവര്‍ത്തനങ്ങള്‍ പാടെ നിലയ്ക്കുന്ന രൂപത്തിലല്ല അല്ലാഹു മനുഷ്യശരീരം രുപകല്‍പന ചെയ്തിട്ടുളളത്. അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടി കരള്‍ മിച്ചംവരുന്ന ഭക്ഷണത്തെ ഗ്ലൈക്കോജനാക്കി കരുതിവയ്ക്കാറുണ്ട്. ഇങ്ങനെ കരുതിവച്ച ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റിയാണ് ഭക്ഷണം ലഭിക്കാതെ വരുമ്പോഴുളള ഊര്‍ജപ്രതിസന്ധി പരിഹരിക്കാറുളളത്. തുടര്‍ന്നും ഭക്ഷണം ലഭിക്കാതെ മണിക്കൂറുകള്‍ പിന്നിട്ടാല്‍, ശരീരം കൊഴുപ്പിലും മാംസ പേശികളിലും കൈവച്ച് പ്രതിസന്ധി പരിഹരിക്കും. ഒരു നോമ്പുകാരനെ സംബന്ധിച്ചിടത്തോളം അവന് തീരെ നില്‍ക്കക്കളളിയില്ലാതാകുന്നതിന് മുമ്പായി നോമ്പിന്റെ സമയം അവസാനിക്കുകയും വീണ്ടും ഭക്ഷണം കഴിച്ച് ഊര്‍ജ പ്രതിസന്ധി തീര്‍ക്കാനാവുകയും ചെയ്യും.

മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒട്ടെറെ അവയവങ്ങള്‍ക്ക് അല്‍പം വിശ്രമം ലഭിക്കും എന്നതാണ് നോമ്പുകൊണ്ട് ലഭിക്കുന്ന മറ്റോരു ഭൗതികനേട്ടം. ഉദാഹരണമായി, വൃക്കകള്‍ രക്തത്തിലെ മാലിന്യങ്ങള്‍ അരിക്കുന്ന ജോലിയില്‍ മുഴുകിയിരിക്കുകയാണല്ലോ. എത്രകണ്ട് ഭക്ഷണം അകത്താക്കുന്നുവോ അത്രകണ്ട് അതിന് ജോലിഭാരവും കൂടും. നോമ്പെടുക്കുമ്പോള്‍ വൃക്കകള്‍ക്ക് ജോലിഭാരം കുറയുകയും അതുമുലം ഇന്ന് മനുഷ്യന് ഏറെ വിഷമഘട്ടത്തിലെത്തിക്കുന്ന വൃക്കരോഗങ്ങളില്‍നിന്ന് രക്ഷനേടാന്‍ സാധിക്കുകയും ചെയ്യും.

പോഷകാഹാരക്കുറവ് മൂലമുളള രോഗങ്ങളാണ് മുമ്പ് ജനങ്ങളെ വേട്ടയാടിയിരുന്നതെങ്കില്‍ ഇന്ന് ഭക്ഷ്യജന്യരോഗങ്ങളാണ് പലരെയും ബാധിക്കുന്നത്. പ്രമേഹം, പ്രഷര്‍, ഹൃദ്രോഗം എന്നിവ അതിനുദാഹരണമാണ്. ഭക്ഷണ നിയന്ത്രണത്തിലൂടെ ഒരളവോളം ഇവ നിയന്ത്രിക്കാനാവും. ഇത്തരം രോഗങ്ങള്‍ ബാധിക്കുന്നതില്‍ പാരമ്പര്യമാണ് പ്രധാന വില്ലനെങ്കിലും വ്രതത്തിലൂടെ ഇവയുടെ പീഡകള്‍ കുറെയൊക്കെ ലഘൂകരിക്കാനാവും. ‘നിങ്ങള്‍ നോമ്പെടുക്കുക, ആരോഗ്യവാന്മാരാവുക’ എന്ന പ്രവാചക വചനം ഇവിടെയാണ് പ്രസക്തമാകുന്നത്.

അബൂഹുറയ്‌റ(റ)യിൽ നിന്ന് ത്വബ്‌റാനി ഉദ്ധരിച്ച പ്രസ്തുത ഹദീസ് പ്രകാരം വ്രതം ആരോഗ്യദായകമാണെങ്കിലും പകലന്തിയോളം പട്ടിണികിടക്കുകയും രാത്രിയില്‍ മൂക്കറ്റം തിന്നുകയും ചെയ്യുന്നവര്‍ക്ക് വ്രതത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ ലഭിക്കണമെന്നില്ല. റമദാനിലാണെങ്കിലും അല്ലെങ്കിലും ഭക്ഷണത്തെക്കുറിച്ചുളള ഇസ്‌ലാമിക മാര്‍ഗദര്‍ശനങ്ങള്‍ പാലിക്കേണ്ടതുണ്ട്.

നബി ﷺ പറഞ്ഞു: ‘‘ഒരു മനുഷ്യന് തന്റെ നട്ടെല്ല് നിവര്‍ത്താന്‍ ഏതാനും ചെറിയ ഉരുളകള്‍ മതി. ഇനി കൂടാതെകഴിയില്ലെങ്കില്‍ അവന്റെ ആമാശയത്തിന്റെ മൂന്നിലെന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് വായുവിനും ആയിരിക്കട്ടെ.’’

‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, അമിതമാകരുത്’ എന്നാണ് ക്വുര്‍ആന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. നോമ്പെടുക്കുന്നവരും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമെ വ്രതത്തിലൂടെ അവന് ക്വുര്‍ആന്‍ പ്രഖ്യാപിച്ച ആത്മീയതയും ഹദീസില്‍ വന്ന ആരോഗ്യവും ആര്‍ജിക്കാനാവുകയുളളൂ.