രോഗവും മരുന്നും -11

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

2022 ജൂലായ് 09, 1442 ദുൽഹിജ്ജ 10

(ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്)

(വിവർത്തനം: ബിൻത് മുഹമ്മദ്)

പാഠം 23

സമുന്നതമായ ഒരു നബിവചനം

ഈ ഗ്രന്ഥം ആരംഭിച്ചത് നമുക്ക് ഒരുപാട് പ്രതീക്ഷകൾ നൽകിക്കൊണ്ടാണ്. കാരണം അത് വളരെ എളുപ്പമുള്ള ചികിത്സകൾകൊണ്ടാണ് തുടങ്ങിയത്. തുടർന്ന് പാപങ്ങൾ വലിയ ഒരു രോഗാവസ്ഥയാണെന്നും അതിന് ഇഹലോകത്തുതന്നെ ധാരാളം പരിണിതഫലങ്ങൾ ഉണ്ടെന്നും ഉണർത്തി. പാപങ്ങൾ നമുക്ക് സദ്ഫലങ്ങൾ ഒന്നും നൽകില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ പലപ്പോഴും മറ്റുള്ളവരാണ് അതിന് കാരണം എന്ന് നാം കരുതാറുണ്ട്. എന്നാൽ പ്രശ്‌നങ്ങളുടെ കാരണം മിക്കവാറും നമ്മുടെ പാപങ്ങൾ തന്നെയാണ്. ആകയാൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നാം പശ്ചാത്തപിച്ച് മടങ്ങേണ്ടതാണ്. പലപ്പോഴും നാം പാപങ്ങൾ ചെയ്ത് കൂട്ടുന്നത് നമ്മൾതന്നെ അറിയാറില്ല. ഇഹലോകത്തുതന്നെ നമ്മുടെ പാപങ്ങൾക്കുള്ള ദുഷ്ഫലങ്ങൾ നമുക്ക് അനുഭവിക്കേണ്ടി വരുന്നു. നമ്മൾ പശ്ചാത്തപിച്ച് മടങ്ങുവാൻ വേണ്ടിയാണ് അത്. നാം പശ്ചാത്തപിച്ച് മടങ്ങാത്ത പക്ഷം പരലോകത്ത് കൂടി നമ്മൾ ശിക്ഷ അനുഭവിക്കേണ്ടിവരും. ഇതിനെക്കുറിച്ച് ധാരാളം ക്വുർആൻ വചനങ്ങളും പ്രവാചകമൊഴികളുമുണ്ട്.

വിവിധ പാപങ്ങളുടെ പേരിൽ മരണാനന്തരമുണ്ടാകുന്ന വിവിധ ശിക്ഷകൾ വിവരിക്കുന്ന സുദീർഘമെങ്കിലും ഗൗരവം നിറഞ്ഞ സമുന്നതമായൊരു ഹദീസ് ഇവിടെ ഉദ്ധരിക്കുകയാണ്:

ജുൻദുബ്(റ) നിവേദനം: “നിങ്ങളിൽ ആരെങ്കിലും എന്തെങ്കിലും സ്വപ്‌നം കണ്ടുവോ എന്ന് അല്ലാഹുവിന്റെ റസൂൽﷺ  കൂട്ടുകാരോട് ചോദിക്കുമായിരുന്നു. അപ്പോൾ അത് തുറന്ന് പറയപ്പെടാൻ അല്ലാഹു ഉദ്ധേശിച്ചവർ അത് റസൂലിനോട് പറയുമായിരുന്നു. ഒരു പ്രഭാതത്തിൽ അല്ലാഹുവിന്റെ റസൂൽﷺ  സ്വന്തം സ്വപ്‌നം ഇപ്രകാരം വിവരിച്ചു: ‘കഴിഞ്ഞ രാത്രിയിൽ സ്വപ്‌നത്തിൽ രണ്ടാളുകൾ എന്റെ അടുക്കൽ വന്നു. എന്നെ എഴുന്നേൽപിച്ചുകൊണ്ട് ‘പുറപ്പെടാം’ എന്ന് പറഞ്ഞു. ഞാൻ അവരോടൊപ്പം പുറപ്പെട്ടു. വഴിയിലൊരിടത്ത് ഒരാൾ കിടക്കുന്നത് കണ്ടു. മറ്റൊരാൾ ഒരു വലിയ കല്ല് ഉയർത്തിക്കൊണ്ട് അയാളുടെ തലയുടെ ഭാഗത്ത് നിൽക്കുന്നു. ആ കല്ലുകൊണ്ട് അയാളുടെ തല ചതയ്ക്കുകയാണ്. അപ്പോൾ ആ കല്ല് ഉരുണ്ടുപോവുകയും അയാൾ അതിനെ പിന്തുടർന്ന് അതിനെ തിരികെ എടുക്കുകയും ചെയ്യുന്നു. അയാൾ കിടക്കുന്ന ആ മനുഷ്യന്റെ തലക്ക് അടുത്തേക്ക് തിരിച്ചെത്തുമ്പോഴേക്കും അയാളുടെ തല പൂർവസ്ഥിതിയിൽ ആയിട്ടുണ്ടാകും. അയാൾ വീണ്ടും അയാളുടെ തലയിലേക്ക് കല്ല് എറിയും. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണ് ഇവർ?’ അവർ പറഞ്ഞു: ‘മുന്നോട്ട് നീങ്ങുക.’

തുടർന്ന് അവർ മറ്റൊരാളുടെ പക്കലെത്തി. അയാൾ മലർന്ന് കിടക്കുകയാണ്. മറ്റൊരാൾ അയാളുടെ ശിരസ്സിന് സമീപം ഒരു ഇരുമ്പിന്റെ കൊളുത്തുമായി നിൽക്കുന്നു. അയാൾ ആ കൊളുത്ത് ആ മനുഷ്യന്റെ വായ്ക്കകത്ത് ഇട്ട് കവിളിന്റെ ഒരു വശം പുറകിലേക്ക് വലിക്കുന്നു. അതുപോലെ അയാളുടെ മൂക്കും പുറകിലേക്ക് വലിക്കുന്നു. അതുപോലെ കണ്ണും പുറകിലേക്ക് വലിക്കുന്നു. മുഖത്തിന്റെ മറ്റേഭാഗവും ഇതുപോലെ അയാൾ ചെയ്യുന്നുണ്ട്. ഒരുവശം മുഴുവനാക്കുമ്പോഴേക്കും മറുവശം പൂർവസ്ഥിതിയിൽ ആയിട്ടുണ്ടാകും. ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘സുബ്ഹാനല്ലാഹ്! ആരാണിവർ?’ അവർ എന്നോട് ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

അവർ യാത്ര തുടർന്നു. അവർ ഒരു വലിയ മണ്ണടുപ്പിന്റെ അടുത്തെത്തി. അതിന്റെ ഉള്ളിൽനിന്നും പലവിധ ശബ്ദകോലാഹലങ്ങൾ കേൾക്കുന്നുണ്ട്. ഞങ്ങൾ അതിനകത്തേക്ക് എത്തിനോക്കി. നഗ്‌നരായ സ്ത്രീപുരുഷന്മാർ അതിൽ ഉണ്ടായിരുന്നു. അതാ, ഒരു വലിയ തീനാളം താഴ്ഭാഗത്തുനിന്നും അവരെ സമീപിക്കുന്നു. അവർ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ട്. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണിവർ?’ അവർ ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ ഒരു നദിയുടെ അടുത്തെത്തി. ആ നദിയിലെ ജലം രക്തംപോലെ ചുവന്നിട്ടായിരുന്നു. ആ നദിയിൽ ഒരാൾ നീന്തുന്നു. അതിന്റെ കരയിൽ മറ്റൊരാൾ കുറെ കല്ലുകളുമായി നിൽക്കുന്നു. നീന്തിക്കൊണ്ടിരിക്കെ തന്നെ അയാൾ കരയിലുള്ള മനുഷ്യന്റെ അടുത്തേക്ക് ചെല്ലുന്നു. അയാൾ വായ തുറക്കുമ്പോൾ കരയിലുള്ള ആൾ ഒരു കല്ല് അയാളുടെ വായിലേക്ക് ഇട്ടുകൊടുക്കുന്നു. അയാൾ അതുമായി വീണ്ടും നീന്തുന്നു. അയാൾ തിരികെ വരികയും ഇത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണ് ഈ രണ്ട് വ്യക്തികൾ?’ അവർ എന്നോട് ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

പിന്നീട് ഞങ്ങൾ ഒരു മനുഷ്യന്റെ അടുത്തെത്തി. വിരൂപനായ ഒരാൾ. അതുപോലുള്ള വൈരൂപ്യം ആർക്കും കണ്ടിട്ടില്ല. അയാൾക്കരികിൽ അഗ്‌നിയുണ്ട്. അയാൾ അത് കത്തിച്ചുകൊണ്ട് അതിന് ചുറ്റും ഓടുന്നു. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണിയാൾ?’ അവർ എന്നോട് ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ മുന്നോട്ട് നീങ്ങി. അപ്പോൾ വൃക്ഷങ്ങൾ ഇടതൂർന്ന ഒരു തോട്ടത്തിലെത്തി. എല്ലാത്തരം വർണങ്ങളും അതിലുണ്ട്. ആ തോട്ടത്തിന് നടുവിൽ പൊക്കമുള്ള ഒരു മനുഷ്യൻ നിൽക്കുന്നുണ്ട്. പൊക്കക്കൂടുതൽ കൊണ്ട് അയാളുടെ തല കാണാൻ കഴിയുന്നില്ല. അയാർക്ക് ചുറ്റും ധാരാളം കുട്ടികളുണ്ട്. ഞാൻ ചോദിച്ചു: ‘ആരാണിവർ?’ അവർ പറഞ്ഞു: ‘മുന്നോട്ട് നീങ്ങുക.’ അങ്ങനെ ഞങ്ങൾ വലിയ മറ്റൊരു തോട്ടത്തിനടുത്തെത്തി. ഞാൻ കണ്ടതിൽവെച്ച് ഏറ്റവും വലിയ തോട്ടം. എന്റെ സഹയാത്രികർ എന്നോട് പറഞ്ഞു: ‘താങ്കൾ മുകളിലേക്ക് കയറുക.’ അങ്ങനെ ഞങ്ങൾ മുകളിലേക്ക് കുറെ കയറിപ്പോയി. അവിടെ ഒരു നഗരത്തിലെത്തി. അത് നിർമിച്ചിരിക്കുന്നത് സ്വർണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൊണ്ടാണ്. ഞങ്ങൾ അതിന്റെ വാതിലിനടുത്തേക്ക് പോയിട്ട് പാറാവുകാരനോട് വാതിൽ തുറക്കുവാൻ ആവശ്യപ്പെട്ടു. അയാൾ വാതിൽ തുറന്നുതന്നു. ഞങ്ങൾ നഗരത്തിലേക്ക് കടന്നു. അതിൽ ഞങ്ങൾ കുറെ മനുഷ്യരെ കണ്ടു. അവരുടെ ശരീരത്തിന്റെ ഒരു വശം മനോഹരമായതും മറുവശം വിരൂപവും ആയിരുന്നു. എന്റെ സഹയാത്രികർ അവരോട് നദിയിലേക്ക് ചാടുവാൻ ആവശ്യപ്പെട്ടു. ആ നദി ആ നഗരത്തിന്റെ നടുഭാഗത്താണ് സ്ഥിതിചെയ്തിരുന്നത്. അതിലെ ജലം പാൽപോലെ വെളുത്തിരുന്നു. ആ മനുഷ്യർ അതിൽ മുങ്ങിക്കുളിച്ച് കയറിവന്നപ്പോൾ അവരുടെ വൈരൂപ്യമെല്ലാം മാറി സൗന്ദര്യമുള്ളതായി ത്തീർന്നു. നബിﷺ  അരുളി: ‘എന്റെ സഹയാത്രികർ എന്നോട് പറഞ്ഞു; അതാണ് ഏദൻ തോട്ടം. അവിടെയാണ് താങ്കളുടെ സ്ഥലം.’

ഞാൻ എന്റെ ദൃഷ്ടികൾ ഉയർത്തിനോക്കി. അതാ, അവിടെ വെളുത്ത മേഘം പോലെ ഒരു കൊട്ടാരം. എന്റെ സഹയാത്രികർ എന്നോട് പറഞ്ഞു: ‘ആ കൊട്ടാരം താങ്കളുടേതാണ്.’ ഞാൻ അവരോട് ചോദിച്ചു: ‘അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, ഞാൻ അതിലേക്ക് ഒന്ന് പ്രവേശിക്കട്ടെേയാ?’ അവർ പറഞ്ഞു: ‘ഇപ്പോൾ താങ്കൾ അതിൽ പ്രവേശിക്കില്ല. എന്നാൽ അടുത്തുതന്നെ താങ്കൾ അതിൽ പ്രവേശിക്കുന്നതാണ്.’ ഞാൻ അവരോട് പറഞ്ഞു: ‘ഇന്ന് ഞാൻ ഒരുപാട് ആശ്ചര്യമുളവാക്കുന്ന സംഭവങ്ങൾ കണ്ടു. ഞാൻ കണ്ടതിന്റെയെല്ലാം പൊരുൾ എന്താണ്?’ അവർ പറഞ്ഞു: ‘ഞങ്ങൾ പറഞ്ഞുതരാം. കല്ലുകൊണ്ട് തല ചതയ്ക്കപ്പെട്ടതായി നിങ്ങൾ കണ്ട ആ മനുഷ്യൻ ക്വുർആൻ പഠിച്ചയാളാണ്. പിന്നീട് അത് പാരായണം ചെയ്യുകയോ അതനുസരിച്ച് ജീവിക്കുകയോ ചെയ്തിട്ടില്ല. നിർബന്ധനമസ്‌കാരം പോലും നിർവഹിക്കാതെ അയാൾ ഉറങ്ങുമായിരുന്നു. സ്വന്തം വായും മൂക്കും കണ്ണും കൊളുത്തുകൊണ്ട് വലിക്കപ്പെട്ടവൻ, രാവിലെ വീട്ടിൽനിന്ന് പുറത്ത് പോവുകയും ലോകത്തിന്റെ എല്ലാഭാഗത്തും പരക്കുംവിധം കളവ് പറയുകയും ചെയ്യുന്ന ആളാണ്. (കെട്ടിച്ചമച്ച ഹദീസുകൾ, കിംവദന്തികൾ, തമാശക്ക് പറയുന്ന നുണകൾ ഇവയെല്ലാം ഇക്കാലത്ത് മൊബൈൽ ഫോൺ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പരത്തുന്നവർ, അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് അറിയുന്നില്ല-വിവർത്തക).

നഗ്‌നരായി കാണപ്പെട്ട പുരുഷന്മാരും സ്ത്രീകളും വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. രക്തത്തിന്റെ നദിയിൽ നീന്തുകയും വായിൽ കല്ല് പതിക്കുകയും ചെയ്തയാൾ പലിശ തിന്നുന്ന ആളാണ്. ഭയാനക രൂപത്തിൽ തീ കത്തിച്ചിരുന്ന ആൾ നരകത്തിന്റെ പാറാവുകാരനായ മാലിക് ആകുന്നു! ക്വുർആൻ പറയുന്നു: ‘നരകവാസികൾ വിളിച്ച് കേഴും: മാലികേ, അങ്ങയുടെ നാഥൻ ഞങ്ങൾക്ക് ഇപ്പോൾ തന്നെ മരണം തന്നിരുന്നെങ്കിൽ നന്നായേനെ. മാലിക് പറയും: നിങ്ങളിവിടെത്തന്നെ താമസിക്കേണ്ടവർ തന്നെയാണ്’ (സുഖ്‌റുഫ് 77).

തോട്ടത്തിന് നടുവിൽ നിന്നിരുന്ന ഏറെ ഉയരമുള്ള വ്യക്തി ഇബ്‌റാഹീം നബി(അ)യും അദ്ദേഹത്തിന്റെ ചുറ്റും കാണപ്പെട്ട ധാരാളം കുഞ്ഞുങ്ങൾ പ്രകൃതിമാർഗത്തിൽ മരിച്ച കുഞ്ഞുങ്ങളുമാണ്.

തദവസരം ഒരു സ്വഹാബി ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അപ്പോൾ ബഹുദൈവാരാധകരുടെ കുഞ്ഞുങ്ങളോ?’ റസൂലുല്ലാഹി അരുളി: ‘ബഹുദൈവാരാധകരുടെ കുഞ്ഞുങ്ങളുമുണ്ടായിരിക്കും.’

അവർ പറഞ്ഞു: താങ്കൾ കണ്ട പകുതി വിരൂപനും പകുതി സുന്ദരനുമായ വ്യക്തികൾ സൽകർമങ്ങളും ദുഷ്‌കർമങ്ങളും കൂട്ടിക്കലർത്തിയ ജനങ്ങളാണ്. എന്നാൽ അല്ലാഹു അവർക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു’’ (ബുഖാരി 7047).

നബിﷺ യെക്കുറിച്ച് പരിശുദ്ധ കുർആനിൽ പറയുന്നു: “തീർച്ചയായും തന്റെ രക്ഷിതാവിന്റെ അതിമഹത്തായ ചില ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹം കണ്ടിട്ടുണ്ട്’’ (അന്നജ്മ് 18).

ഈ സംഭവം പ്രസ്തുത ദൃഷ്ടാന്തങ്ങളിലൊന്നാണ്. ഇതിലൂടെ അല്ലാഹു നബിക്ക് ധാരാളം പാരത്രിക കാര്യങ്ങൾ കാട്ടിക്കൊടുത്തു. ഇതിന്റെ കാര്യങ്ങൾ മനസ്സിലാക്കാൻ റസൂൽﷺ  തിരക്ക് കൂട്ടിയത് മനുഷ്യസഹജമായ അവസ്ഥയാണ്. പക്ഷേ, കൂട്ടത്തിലുള്ള മലക്കുകൾ ക്ഷമിക്കാൻ പറയുകയും നബിﷺ ക്ഷമിക്കുകയും കാഴ്ചകൾ കണ്ടശേഷം യാഥാർഥ്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

അല്ലാഹു പറയുന്നു: “ധൃതികൂട്ടുന്നവനായിട്ടാകുന്നു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്റെ ദൃഷ്ടാന്തങ്ങൾ വഴിയെ ഞാൻ നിങ്ങൾക്ക് കാണിച്ചുതരുന്നതാണ്. അതിനാൽ നിങ്ങൾ എന്നോട് ധൃതികൂട്ടരുത്’’ (അൽഅൻബിയാഅ് 37).

ഇപ്രകാരം നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പാപങ്ങളുടെ പാരത്രിക പരിണിത ഫലങ്ങൾ നമുക്കിപ്പോൾ മനസ്സിലാകുകയില്ല. അല്ലാഹു അത് പരലോകത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പരലോകത്ത് എത്തുമ്പോൾ എല്ലാ യാഥാർഥ്യങ്ങളും നാം തിരിച്ചറിയും. ആകയാൽ നമ്മുടെ ജീവിതത്തിൽ അല്ലാഹുവിന്റെ വിധികളുമായി പൊരുത്തപ്പെടാനും വിധിവിലക്കുകൾ അംഗീകരിക്കുവാനും നാം തയ്യാറാകണം. എല്ലാത്തിന്റെയും കാരണം ഇപ്പോൾതന്നെ അറിയണമെന്ന് വാശിപിടിക്കരുത്. അല്ലാഹു തൗഫീഖ് നൽകട്ടെ.!

ഉപസംഹാരം

ഇമാം ഇബ്‌നുൽ ക്വയ്യിമിന്റെ രോഗവും മരുന്നും എന്ന അനുഗൃഹീത ഗ്രന്ഥത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ ഭാഗങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. എല്ലാ രോഗങ്ങൾക്കും മരുന്നുകളുണ്ട്, എന്നാൽ പ്രധാനപ്പെട്ട രണ്ട് മരുന്നുകൾ പരിശുദ്ധ ക്വുർആനും നിഷ്‌കളങ്കമായ ദുആയുമാണ്, എല്ലാ രോഗങ്ങളും ഇവയിലൂടെ ചികിത്സിക്കേണ്ടതാണെങ്കിലും ഏറ്റവും ഗുരുതരമായ രോഗം പാപങ്ങളാണ്. കാരണം പാപങ്ങൾ ഇഹത്തിലും പരത്തിലും നാശനഷ്ടങ്ങൾക്ക് നിമിത്തമാണ്. പാപത്തിൽനിന്നുമുള്ള ചികിത്സ പശ്ചാത്താപമാണ്, എന്നീ കാര്യങ്ങളാണ് ഇതുവരെ വിവരിക്കപ്പെട്ടത്. ചുരുക്കത്തിൽ നാമെല്ലാവരും പശ്ചാത്താപത്തിന് തയ്യാറാകേണ്ടതാണ്. പശ്ചാത്താപം വെറും വാചകം കൊണ്ടല്ല എന്ന് മനസ്സിലാക്കുക. ചെയ്തുപോയ പാപത്തിൽ ദുഃഖിക്കുകയും ഇനിയൊരിക്കലും ചെയ്യുകയില്ലെന്ന് ഉറച്ചതീരുമാനമെടുക്കുകയും കഴിവിന്റെ പരമാവധി പരിഹാരങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് പടച്ചവനോട് മാപ്പിനായി താണുകേണ് ഇരക്കുക എന്നതാണ് പശ്ചാത്താപം (ഇസ്തിഗ്ഫാർ) കൊണ്ടുള്ള വിവക്ഷ. ആകയാൽ ഇത്തരമൊരു പശ്ചാത്താപത്തിന് നാമെല്ലാവരും സന്നദ്ധരാകുകയും നിരന്തരം ഇത് നിർവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. പരിശുദ്ധ ക്വുർആനും ഹദീസുകളും പശ്ചാത്താപത്തെ പ്രേരിപ്പിക്കുക മാത്രമല്ല, അതുമായി ബന്ധപ്പെട്ട വിവിധ വചനങ്ങളും പഠിപ്പിച്ചുതരുന്നുണ്ട്. ഇവിടെ ഉപസംഹാരമെന്നോണം അതിൽ ചില വചനങ്ങൾ ഉദ്ധരിക്കുകയാണ്. ഇവ ഉപയോഗിച്ച് നാമെല്ലാവരും നിരന്തരം പശ്ചാത്തപിച്ച് മടങ്ങുക.

ക്വുർആനിലും സുന്നത്തിലുമുള്ള പാപമോചന തേട്ടങ്ങൾ:

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണകാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും’’ (അൽഅഅ്‌റാഫ് 23).

“എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളിൽ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാർഥന നീ സ്വീകരിക്കുകയും ചെയ്യേണമേ’’ (ഇബ്‌റാഹീം 40).

“ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവിൽ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ’’ (ഇബ്‌റാഹീം 41).

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീപൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരുവിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു’’ (അൽഹശ്ർ 10).

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങൾക്കു നീ പൂർത്തീകരിച്ച് തരികയും, ഞങ്ങൾക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീർച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു’’ (അത്തഹ്‌രീം 8).

“ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരകശിക്ഷയിൽനിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ’’ (ആലുഇംറാൻ 16).

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും,ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അതിക്രമങ്ങളും ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെനീ സഹായിക്കുകയും ചെയ്യേണമേ’’ (ആലുഇംറാൻ 147).

“എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഏറ്റവും ഉത്തമനാണല്ലോ’’ (അൽമുഅ്മിനൂൻ 118).

പ്രവാചകൻﷺ  തന്റെ സുഹൃത്തായ അബൂബക്‌റി(റ)ന് പഠിപ്പിച്ച് കൊടുത്ത പ്രാർഥന:

“അല്ലാഹുവേ, ഞാൻ എന്നോടുതന്നെ ധാരാളമായി അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. നീയല്ലാതെ പാപങ്ങൾ പൊറുക്കില്ല. ആകയാൽ നിന്റെ പക്കലുള്ള പൊറുക്കലിൽനിന്ന് എനിക്ക് നീ പൊറുത്തുതരേണമേ. എനിക്ക് നീ കരുണയേകണേ. നിശ്ചയം, നീയാകുന്നു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും’’ (ബുഖാരി, മുസ്‌ലിം).

“അല്ലാഹുവേ, നിശ്ചയം ഞാൻ നിന്നെക്കൊണ്ട് ചോദിക്കുന്നു. അല്ലാഹുവേ, നീയാണ് ഏകനും പരാശ്രയ മുക്തനും. നീ ജനിച്ചിട്ടില്ല, ജനിക്കപ്പെട്ടവനുമല്ല, നിനക്ക് തുല്യമായി യാതൊന്നും തന്നെയില്ല. നീ എനിക്ക് എന്റെ പാപങ്ങൾ പൊറുത്തുതരേണമേ. നിശ്ചയം, നീയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയും’’ (നസാഈ, അഹ്‌മദ്).

സയ്യിദുൽ ഇസ്തിഗ്ഫാർ

ഈ ദിക്‌റിനെക്കുറിച്ച് നബിﷺ  അരുളി: “ഒരാൾ ഇതിനെക്കുറിച്ചുള്ള ദൃഢവിശ്വാസത്തോടെ പകലിൽ ഈ ദിക്ർ ചൊല്ലുകയും അങ്ങനെ ആ പകലിൽ വൈകുന്നേരമാകുന്നതിന് മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗാവകാശിയാണ്. അതുപോലെ ദൃഢവിശ്വാസത്തോടെ രാത്രിയിൽ ഇത് ചൊല്ലിയാൽ നേരം പുലരും മുമ്പ് അയാൾ മരിച്ചാൽ അയാൾ സ്വർഗാവകാശിയാണ്’’ (ബുഖാരി).

“അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിന്റെ ദാസനാണ്. ഞാൻ നിന്നോടുള്ള കരാറും വാഗ്ദാനവും കഴിയുന്നത്ര പാലിക്കുന്നു. ഞാൻ ചെയ്തുപോയ എല്ലാ തിന്മകളിൽനിന്നും നിന്നോട് ശരണം തേടുന്നു. എനിക്ക് നീ അനുഗ്രഹം ചെയ്തത് ഞാൻ അംഗീകരിക്കുന്നു. എന്റെ പാപങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ. തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല.’’

(അവസാനിച്ചു)