അല്ലാഹുവിന്റെ വാഗ്ദാനങ്ങൾ

ശമീർ മദീനി

2022 സെപ്തംബർ 24, 1444 സ്വഫർ 27

സത്യസന്ധത, വാക്കുപാലനം തുടങ്ങിയ കാര്യങ്ങൾ നല്ല ഗുണങ്ങളായി ആളുകൾ കാണുന്നു. വാക്കിനു വ്യവസ്ഥയുള്ളവരെ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ട ഒന്നാണ് ഏറ്റവും നല്ല രൂപത്തിൽ സംസാരിക്കുന്നു, ഏറ്റവും നല്ല രൂപത്തിൽ അവൻ വാക്കുകൾ പാലിക്കുന്നു എന്നത്. അല്ലാഹു പറയുന്നു: “മനുഷ്യരേ, തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു...’’ (ക്വുർആൻ 35:10).

“അല്ലാഹു-അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിർത്തെഴുന്നേൽപിന്റെ ദിവസത്തേക്ക് അവൻ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും. അതിൽ സംശയമേ ഇല്ല. അല്ലാഹുവെക്കാൾ സത്യസന്ധമായി വിവരം നൽകുന്നവൻ ആരുണ്ട്?’’ (ക്വുർആൻ 4:87).

“...അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവേക്കാൾ സത്യസന്ധമായി സംസാരിക്കുന്നവൻ ആരുണ്ട്?’’ (ക്വുർആൻ 4:122).

അല്ലാഹുവിന്റെ ഇത്തരം വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിക്കുവാനും ആത്മാർഥമായി അതിൽ പ്രതീക്ഷയോടുകൂടി നിലകൊള്ളുവാനും നമുക്ക് ആവുന്നുണ്ടോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ആവലാതികളും സങ്കടങ്ങളും ബോധിപ്പിക്കാൻ, നമ്മുടെ ആവശ്യങ്ങൾ പറയാൻ, അല്ലാഹുവല്ലാതെ മറ്റാരുണ്ട്? അല്ലാഹു പറഞ്ഞു:

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച’’ (40:60).

എന്ത് ആവശ്യങ്ങളും വിഷമങ്ങളും പ്രയാസങ്ങളുമുണ്ടെങ്കിലും പടച്ച റബ്ബിനോട് പ്രാർഥിക്കുവാൻ- പ്രത്യേകിച്ച് പ്രാർഥനക്ക് കൂടുതൽ ഉത്തരംകിട്ടുന്ന അവസരങ്ങളിൽ- നബി(സ)യും സ്വഹാബത്തും സലഫുസ്സ്വാലിഹുകളും ശ്രദ്ധിച്ചിരുന്നു. അതിന് നമുക്ക് ആകുന്നുണ്ടോ എന്നു നമ്മൾ ആലോചിക്കണം.

രാത്രിയുടെ അന്ത്യയാമങ്ങളിൽ തഹജ്ജുദ് നമസ്‌കാരം നിർവഹിച്ച് അല്ലാഹുവിനോട് ആത്മാർഥമായി തേടുവാൻ നമുക്ക് സാധിക്കണം. അതിന് ഉത്തരം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

പള്ളിയിലേക്ക് നമസ്‌കാരത്തിനായി നടന്നു പോകുന്ന ആളുകൾക്ക് പരലോകത്ത് ഇരുട്ടിൽ ഒരു പ്രകാശമായി ആ നമസ്‌കാരവും ആ പോക്കും മാറും എന്ന് നബി(സ) അറിയിച്ചിട്ടുണ്ട്. വിശ്വസ്തരും സത്യസന്ധരുമായ കച്ചവടക്കാർക്ക് അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനവും മഹത്ത്വവും അവർക്ക് പരലോകത്ത് കിട്ടാനിരിക്കുന്ന വിജയവും പദവിയുമെല്ലാം അല്ലാഹുവിന്റെ വാഗ്ദാനങ്ങളിൽ പെടുന്നു. അല്ലാഹുവിന്റെയും നബി(സ)യുടെയും വിധിവിലക്കുകൾ അനുസരിച്ച് സൂക്ഷ്മതയുള്ളവരായി ജീവിച്ചാൽ ജീവിതത്തിലുണ്ടാകുന്ന ആശ്വാസവും നിർവൃതിയും അല്ലാഹു വിശ്വാസികൾക്ക് നൽകിയ ഒരു വാഗ് ദാനമാണ്. “അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും അവൻ കണക്കാക്കാത്ത വിധത്തിൽ അവന്ന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്...’’ (65:2,3).

വാഗ്ദാനം ലംഘിക്കാത്തവനാണ് അല്ലാഹു. അതിൽ വിശ്വാസമർപ്പിച്ച് ജീവിക്കുവാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.