തശഹ്ഹുദിലെ പ്രാർഥന; നാം അറിയേണ്ടത്

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2022 മെയ് 14, 1442 ശവ്വാൽ 12

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ രണ്ടാമത്തെതാണ് നമസ്‌കാരം. അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം, നബി ﷺ പറഞ്ഞു: “ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ പടുത്തുയർത്തപ്പെട്ടതാണ്. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാകുന്നു എന്ന് സാക്ഷ്യം വഹിക്കൽ, നമസ്‌കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാനിൽ നോമ്പനുഷ്ഠിക്കൽ, കഅ്ബത്തിങ്കൽ (ചെന്ന്) ഹജ്ജ് ചെയ്യൽ’’ (ബുഖാരി, മുസ്‌ലിം).

മുആദി(റ)ന് നബി ﷺ നൽകിയ ഉപദേശങ്ങളിൽ ഇപ്രകാരം കാണാം; “കാര്യങ്ങളുടെ തല (അടിസ്ഥാനം) ഇസ്‌ലാമാണ്. അതിന്റെ തൂൺ നമസ്‌കാരമാണ്. അതിന്റെ ഉപരി ജിഹാദുമാണ്’’ (തിർമുദി).

കെട്ടിടം നിലനിൽക്കുന്നതും കെട്ടിടത്തിന്റെ ഉറപ്പും തൂണുകളിലാണ്. ഒരു തൂൺ നിർവഹിക്കുന്ന ദൗത്യം എന്തായിരുന്നുവെന്ന് അത് തകരുമ്പോഴാണ് മനസ്സിലാവുക; എല്ലാം നശിക്കും. അതിനാൽ നമസ്‌കരിക്കാത്തവന്ന് ഇസ്‌ലാമിൽ സ്ഥാനമില്ല. നമസ്‌കരിക്കാത്തവൻ മുസ്‌ലിമാണെന്ന് പറഞ്ഞുകൂടാ. മുസ്‌ലിമും സത്യനിഷേധിയും (കാഫിർ) തമ്മിലുള്ള പ്രധാനവേർതിരിവുകളിൽ ഒന്ന് നമസ്‌കാരമെന്ന മഹത്തായ ആരാധനയാണ്.

അബ്ദുല്ലാഹിബ്‌നു ബുറൈദ(റ) തന്റെ പിതാവിൽനിന്നും ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: “നമുക്കും അവർക്കുമിടയിലുള്ള വേർതിരിവ് നമസ്‌കാരമാണ്. വല്ലവനും അതുപേക്ഷിച്ചാൽ അവൻ സത്യനിഷേധിയായി’’(തിർമുദി).

അബ്ദുല്ലാഹിബ്‌നു ശക്വീക്വ്(റ) പറയുന്നു: “ഉപേക്ഷ വരുത്തുന്നതിലൂടെ കാഫിറായിപ്പോകുന്ന കാര്യമായി നമസ്‌കാരമല്ലാതെ മറ്റൊന്നും നബി ﷺയുടെ സ്വഹാബികൾ കണ്ടിരുന്നില്ല.’’

ഒരു മുസ്‌ലിം ജീവിതത്തിൽ നിലനിർത്തേണ്ട കർമങ്ങളുടെ കൂട്ടത്തിലാണ് അല്ലാഹു നമസ്‌കാരത്തെ എണ്ണിയിട്ടുള്ളത്. അല്ലാഹു പറഞ്ഞു: “കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് ഋജുമനസ്‌കരായ നിലയിൽ അവനെ ആരാധിക്കുവാനും നമസ്‌കാരം നിലനിർത്തുവാനും സകാത്ത് നൽകുവാനും അല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം’’ (ക്വുർആൻ 98:5).

മുആദി(റ)നെ യമനിലേക്ക് പറഞ്ഞയക്കുമ്പോൾ നബി ﷺ പറഞ്ഞു: “രാത്രിയിലും പകലിലുമായി അഞ്ചുനേരത്തെ നമസ്‌കാരം അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു എന്ന് അവരെ അറിയിക്കുക’’ (ബുഖാരി).

അതിനാൽ ഒരു മുസ്‌ലിം അലസതയില്ലാതെ നിർബന്ധമായും നിർവഹിക്കേണ്ട ആരാധനയാണ് നമസ്‌കാരം. അത് നിൽവഹിക്കുന്നതിൽ അവന്റെ നാടോ, യാത്രയോ, സാഹചര്യങ്ങളോ ഒന്നുംതന്നെ തടസ്സമായിക്കൂടാ. ഏതു സാഹചര്യത്തിലാണെങ്കിലും നിർവഹിക്കാവുന്ന രൂപവും ഇളവും ഇസ്‌ലാം നമസ്‌കാരത്തിന്റെ കാര്യത്തിൽ നൽകിയിട്ടുമുണ്ട്.

നമസ്‌കാരം തികഞ്ഞ ഭക്തിയോടെയും ആത്മാർഥമായും നിർവഹിക്കേണ്ട കർമമാണ്. അപ്രകാരം നിർവഹിക്കുന്നരാണ് വിജയികൾ എന്ന് വിശുദ്ധ ക്വുർആൻ പറയുന്നു: “സത്യവിശ്വാസികൾ വിജയം പ്രാപിച്ചിരിക്കുന്നു; തങ്ങളുടെ നമസ്‌കാരത്തിൽ ഭക്തിയുള്ളവരായ’’ (23:1,2).

ഇഹത്തിലും പരത്തിലും രക്ഷയും സമാധാനവുമാണ് നമസ്‌കാരം. അല്ലാഹു പറയുന്നു: “(നബിയേ,) വേദഗ്രന്ഥത്തിൽനിന്നും നിനക്ക് ബോധനം നൽകപ്പെട്ടത് ഓതിക്കേൾപിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക. തീർച്ചയായും നമസ്‌കാരം നീചവൃത്തിയിൽനിന്നും നിഷിദ്ധകർമത്തിൽ നിന്നും തടയുന്നു. അല്ലാഹുവെ ഓർമിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യംതന്നെയാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു’’ (ക്വുർആൻ 29:45).

നമസ്‌കാരം തുടക്കംമുതൽ അവസാനംവരെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും അവനെ വാഴ്ത്തിയും പ്രകീർത്തിച്ചും മഹത്ത്വപ്പെടുത്തിയും ക്വുർആൻ പാരായണം ചെയ്തും അവനോട് തന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും രക്ഷയും ചോദിച്ച് പ്രാർഥിച്ചുകൊണ്ടും നിർവഹിക്കപ്പെടുന്ന ആരാധനയുമാണ്.

നമസ്‌കാരത്തിൽ സലാം വീട്ടുന്നതിനുമുമ്പ് തശഹ്ഹുദിൽ പ്രാർഥിക്കാൻ വേണ്ടി നബി ﷺ ധാരാളം പ്രാർഥനകൾ പഠിപ്പിച്ചിട്ടുണ്ട്. അർഥം അറിഞ്ഞും ആശയം മനസ്സിലാക്കിയും മനസ്സാന്നിധ്യത്തോടെയുമാണ് നാം നമ്മുടെ റബ്ബിനോട് തേടേണ്ടത്. തശഹ്ഹുദിൽ നിർവഹിക്കുന്ന പ്രാർഥനകളിൽ ഒന്ന് ഇപ്രകാരമാണ്:

അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ പറഞ്ഞു: “നിങ്ങളിലൊരാൾ തശഹ്ഹുദിലായാൽ നാല് കാര്യങ്ങളിൽനിന്ന് അല്ലാഹുവിനോട് കാവലിനെ തേടുക.’’ നബി ﷺ പറഞ്ഞു: “അല്ലാഹുവേ, നരക ശിക്ഷയിൽനിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു, ക്വബ്ർ ശിക്ഷയിൽനിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു, ജീവിതത്തിലെയും മരണത്തിലെയും പരീക്ഷണങ്ങളിൽനിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു, മസീഹുദ്ദജ്ജാലിന്റെ ഉപദ്രവത്തിൽനിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു’’ (മുസ്‌ലിം).

തശഹ്ഹുദിൽ അല്ലാഹുവിനോട് ചോദിച്ചുകൊണ്ടിരിക്കുന്ന ഈ നാല് കാര്യങ്ങളുടെ അർഥത്തെക്കുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്. ചെറുപ്രായത്തിലേ നമസ്‌കാരം പഠിച്ച് അതൊരു ശീലമായി അനുഷ്ഠിച്ച് പോരുന്ന പലരും നമസ്‌കാരത്തിലേക്ക് തക്ബീർ ചൊല്ലി പ്രവേശിച്ചുകഴിഞ്ഞാൽ സലാം വീട്ടുന്നതുവരെ ആത്മാവില്ലാത്ത, കേവലം ശരീരംകൊണ്ടുള്ള വ്യായാമമായിട്ടാണ് അത് നിർവഹിക്കാറുള്ളത്.

നബി ﷺ കാവൽ ചോദിക്കാൻ പറഞ്ഞ നാലുകാര്യങ്ങളും അതീവഗൗരവമുള്ളവയാണ്. ഈ നാലുകാര്യങ്ങളിൽനിന്നും ആത്മാർഥമായി ഒരടിമ കാവൽചോദിക്കുകയും അല്ലാഹു അവനിൽനിന്ന് അത് സ്വകരിച്ച് ഉത്തരം നൽകുകയും ചെയ്താൽ അത് മഹാഭാഗ്യമാണ്. ആ നാലുകാര്യങ്ങൾ ഹ്രസ്വമായി മനസ്സിലാക്കാം.