വിവാഹ മോചനം; ഒരു സംക്ഷിപ്ത പഠനം

ശബീബ് സ്വലാഹി തിരൂരങ്ങാടി

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിൽ പെട്ടതാണ് അവൻ ഹകീമും (സൂക്ഷ്മജ്ഞാനി) അലീമും (സർവജ്ഞാനി) റഹീമു(കരുണാനിധി)മാണ് എന്നത്. അവന്റെ കാരുണ്യത്തിന്റെ ഭാഗമായി വിവാഹം നമുക്ക് മതനിയമമാക്കി.

അല്ലാഹു പറയുന്നത് കാണുക: “നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (ക്വുർആൻ 30:21).

വിവാഹത്തെ അല്ലാഹുവിൽനിന്നുള്ള അനുഗ്രഹവും കാരുണ്യവുമായി നാം മനസ്സിലാക്കണം. വിവാഹത്തിലൂടെ പുരുഷനും സ്ത്രീയും ശാരീരികവും മാനസികവുമായി ഒന്നുചേർന്ന് സമാധാനവും സന്തോഷവും കണ്ടെത്തുന്നു. അതിലൂടെ വിശുദ്ധി കൈവരിക്കാനും തങ്ങളുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കാനും അല്ലാഹുവിങ്കൽ പ്രതിഫലത്തിന് അർഹരാകുവാനും അവസരമൊരുക്കപ്പെടുന്നു. ഇഹലോകത്തിന്റെ അലങ്കാരങ്ങളുടെ ഭാഗമായ മക്കളെ അല്ലാഹു പ്രദാനം ചെയ്ത് ദമ്പതികൾക്ക് കൺകുളിർമ നൽകുന്നു.

ഇഹലോകവാസം വെടിയുന്ന ഒരാൾക്ക് പരലോകത്തേക്കുള്ള നല്ല ശേഷിപ്പായി ജീവതകാലത്ത് താൻ ചെയ്ത സൽകർമങ്ങൾ, പ്രതിഫലം നിലക്കാത്ത ദാനധർമങ്ങൾ, സൽഗുണ സമ്പന്നരായ മക്കളുടെ പ്രാർഥനകൾ എന്നിവ മാത്രമാണ് ഉണ്ടാകുക എന്നാണ് നബി ﷺ  പഠിപ്പിച്ചത്. ആ മക്കളെ അല്ലാഹു നൽകുന്നതും വിവാഹമെന്ന അനുഗ്രഹത്തിന്റെ ഭാഗമായാണ്. ഇങ്ങനെ തുടരുന്നു വിവാഹത്തിന്റെ അനുഗ്രഹങ്ങൾ.

എന്നാൽ ചിലപ്പോഴെങ്കിലും പല കാരണങ്ങളാലും വിവാഹ ജീവിതം ദമ്പതികൾക്കിടയിൽ ദുസ്സഹമാകാറുണ്ട് എന്നതും വസ്തുതയാണ്. ഒരു തരത്തിലും മാന്യമായ രൂപത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വരുമ്പോൾ ജീവിതകാലം മുഴുവൻ ഇണകളെ പ്രയാസത്തിലേക്ക് തള്ളിവിട്ട് ജീവിച്ചുതീർക്കുക എന്നല്ല അല്ലാഹു കൽപിച്ചത്, പ്രത്യുത മാന്യമായ രൂപത്തിൽ അവർക്ക് വിവാഹ ബന്ധം വേർപിരിയുവാനും തങ്ങൾക്ക് അനുയോജ്യരായ പുതിയ ഇണയെ മതം അനുശാസി ക്കുന്ന രീതിയിൽ തെരഞ്ഞടുക്കാൻ അവസരം നൽകി. അതിനാൽ ഇത്തരം ഘട്ടങ്ങളിൽ വിവാഹമോച നവും പുനർവിവാഹവും അനുഗ്രഹമാണെന്ന് ചിന്തിക്കുന്നവർക്ക് ബോധ്യമാകും.

ഇസ്‌ലാമിലെ വിവാഹമോചനം

‘ത്വലാക്വ്’ എന്ന അറബി പദത്തിന് ‘സ്വതന്ത്രമാക്കൽ,’ ‘മോചിപ്പിക്കൽ’ മുതലായ അർഥങ്ങളാണ് ഉള്ളത്. മതം അനുശാസിക്കുന്ന രീതിയിൽ ദമ്പതികൾ തമ്മിലുള്ള വിവാഹ കരാറിനെ വാക്കിലൂടെയോ എഴുത്തിലൂടെയോ വ്യക്തമായോ സൂചനകൾ നൽകിയോ അവസാനിപ്പിക്കുന്നതിനെയാണ് ഇസ്‌ലാമിക കർമശാസ്ത്രത്തിൽ ത്വലാക്വ് അഥവാ വിവാഹമോചനം എന്ന് പറയുന്നത്. ദമ്പതികൾക്കിടയിലെ കലഹങ്ങൾ തീർക്കാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഏറ്റവും അവസാന പരിഹാരമാർഗമാണ് ത്വലാക്വ്. അല്ലാഹു പറയുന്നു:

“എന്നാൽ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ഭയക്കുന്ന (നിങ്ങളുടെ) ഭാര്യമാരെ നിങ്ങൾ ഉപദേശിക്കുക. കിടപ്പറകളിൽ അവരുമായി അകന്നുനിൽക്കുക. അവരെ (മുറിവേൽപിക്കാത്ത വിധം) അടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ടവർ നിങ്ങളെ അനുസരിക്കുന്നപക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗവും തേടരുത്. തീർച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു’’ (ക്വുർആൻ 4:34).

“ഇനി, അവർ (ദമ്പതിമാർ) തമ്മിൽ ഭിന്നിച്ച് പോകുമെന്ന് നിങ്ങൾ ഭയപ്പെടുന്നപക്ഷം അവന്റെ ആളുകളിൽനിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആളുകളിൽനിന്ന് ഒരു മധ്യസ്ഥനെയും നിങ്ങൾ നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അല്ലാഹു അവർക്കിടയിൽ യോജിപ്പുണ്ടാക്കുന്നതാണ്. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു’’ (ക്വുർആൻ 4:35).

ദമ്പതികൾ തമ്മിലുള്ള വിവാഹ മോചനത്തിന്റെ മുമ്പ് നടക്കേണ്ട നടപടി ക്രമങ്ങളാണ് മേൽ സൂചിപ്പിച്ച ക്വുർആൻ വചനങ്ങളിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. ബന്ധങ്ങൾ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകാനു ള്ള മാർഗങ്ങൾ തേടാനാണ് അവസാനംവരെ അല്ലാഹു ആവശ്യപ്പെട്ടത്. അതുകൊണ്ടൊന്നും പ്രശ്‌ന പരിഹാരം കണ്ടത്താൻ കഴിയാത്ത ഘട്ടത്തിൽ മാത്രമാണ് ത്വലാക്വിന്റെ വഴി തെരഞ്ഞെടുക്കേണ്ടത്. അപ്പോൾതന്നെ ഒരു ത്വലാക്വ് മാത്രമാണ് ഇസ്‌ലാമിൽ അനുവദിക്കപ്പെട്ടത്. കാരണം ത്വലാക്വിന് ശേഷം ദീക്ഷാ കാലയളവിൽ പ്രശ്‌ന പരിഹാര മാർഗങ്ങൾ തെളിഞ്ഞു വരുന്ന സാഹചര്യമുണ്ടെങ്കിൽ പുതിയ വിവാഹമോ വിവാഹമൂല്യമോ ഇല്ലാതെതന്നെ ദമ്പതികൾക്ക് വീണ്ടും ഇണകളായി തുടരാനുള്ള അവസരം അതിലൂടെ ലഭിക്കുന്നു. വീണ്ടും ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ വരുന്നുവെങ്കിൽ മേൽ സൂചിപ്പിച്ച പ്രകാരം പ്രശ്‌ന പരിഹാരത്തിന്റെ ഓരോ ഘട്ടവും കഴിഞ്ഞ് മുന്നോട്ട് പോകൽ പ്രയാസമാണെന്ന് ബോധ്യപ്പെടുന്ന മുറക്ക് രണ്ടാമത്തെ വിവാഹമോചനത്തിനുള്ള അവസരം ഉപയോഗപ്പെടുത്തുകയുമാകാം. അതിന്റെ ദീക്ഷാകാലഘട്ടത്തിലും മേൽ സൂചിപ്പിച്ച പ്രകാരം പ്രശ്‌ന പരിഹാര മാർഗങ്ങൾ തെളിഞ്ഞുവരുന്ന സാഹചര്യമുണ്ടെങ്കിൽ പുതിയ വിവാഹമോ വിവാഹമൂല്യമോ ഇല്ലാതെതന്നെ ദമ്പതികൾക്ക് വീണ്ടും ഇണകളായി തുടരാനുള്ള അവസരം ലഭിക്കും. ഇനി ഒന്നാം ത്വലാക്വിന്റെയും രണ്ടാം ത്വലാക്വിന്റെയും ദീക്ഷാകാലം കഴിഞ്ഞാലും തങ്ങളുടെ പ്രശ്‌നങ്ങളും പിഴവുകളും തിരിച്ചറിഞ്ഞ് അത് പരിഹരിച്ച് ഒന്നിച്ചുള്ള ജീവിതം തുടരാൻ ഉദ്ദേശിക്കുന്നപക്ഷം പുരുഷൻ സ്ത്രീക്ക് പുതിയ വിവാഹമൂല്യം നൽകുകയും പുതിയ വിവാഹകരാറിലൂടെ ദാമ്പത്യം തുടരുകയും ചെയ്യാവുന്നതാണ്.

ഇത്തരം ഘട്ടങ്ങളെല്ലാം കഴിഞ്ഞ് ഒന്നിച്ചു പോകുമ്പോൾ വീണ്ടും പ്രശ്‌നങ്ങൾ ദാമ്പത്യ ജീവിതത്തിൽ കടന്നുവരികയാണെങ്കിൽ മേൽപറഞ്ഞ നടപടിക്രമങ്ങൾ കഴിഞ്ഞ് ബന്ധം മുന്നോട്ട് പോകൽ പ്രയാസമാണെന്ന് ഉറപ്പുള്ള ഘട്ടത്തിൽ മൂന്നാമത്തെ ത്വലാകും ഒരാൾക്ക് ഉപയോഗപ്പെടുത്താം. മൂന്നാമത്തെ ത്വലാക്വ് ചെയ്യുന്നതോടെ ദീക്ഷാകാലത്ത് പരസ്പരം ധാരണയിൽ ഒന്നിക്കാനോ ദീക്ഷക്ക് ശേഷം പുതിയ വിവാഹ മൂല്യത്തിലൂടെയും പുതിയ വിവാഹകരാറിലൂടെയും മാത്രമായി വീണ്ടും അവർ തമ്മിൽ ദാമ്പത്യ ബന്ധം തുടരാനോ സാധിക്കാത്ത അവസ്ഥ നിലവിൽ വരും. എന്നാൽ ഞാൻ നിന്നെ മൂന്ന് ത്വലാക്വും ചൊല്ലി എന്ന് പറയുന്നതും, നിന്നെ ത്വലാക്വ് ചെയ്തു എന്നോ സമാന അർഥങ്ങൾ വരുന്ന പദങ്ങൾ മൂന്ന് പ്രാവശ്യം ആവർത്തിച്ച് പറയുകയോ ചെയ്യുന്ന രീതിയും ക്വുർആനിലോ സുന്നത്തിലോ സ്ഥിരപ്പെട്ടില്ല. അപ്രകാരം ചെയ്യൽ നിഷിദ്ധവും ശിക്ഷാർഹവുമാണ്.

പ്രശ്‌നപരിഹാരവും അനുഗ്രഹവുമായി നിശ്ചയിക്കപ്പെട്ട ത്വലാക്വ് പ്രശ്‌നമായി ഭവിക്കുന്ന അവസ്ഥക്കാണ് പലപ്പോഴും സാക്ഷിയാകേണ്ടിവരുന്നത്. അതിനുള്ള പ്രധാനഹേതു ത്വലാക്വിനെ സംബന്ധിച്ച സമൂഹത്തിന്റെ അറിവില്ലായ്മ തന്നെയാണ്. ഇസ്‌ലാമിലെ മറ്റു കർമാനുഷ്ഠാനങ്ങളെ പോലെ ത്വലാക്വ് ചെയ്യാനും വ്യവസ്ഥകളും മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അല്ലാഹു വെച്ചിട്ടുണ്ട്. എന്നാൽ ത്വലാക്വ് ചൊല്ലുന്ന അധികപേരും അത് മനസ്സിലാക്കാതെ വിവാഹമോചനത്തിലേർപ്പെടുന്നു. അതിലൂടെ അവർ തെറ്റുകാരായിത്തീരുകയും അല്ലാഹുവിങ്കൽ അവർ ശിക്ഷക്ക് അർഹരായിത്തീരുകയും ചെയ്യുന്നു.

നമസ്‌കാരം നിർവഹിക്കുന്നതിനും നോമ്പനുഷ്ഠിക്കുന്നതിനും സകാത്ത് നൽകുന്നതിനും ഹജ്ജും ഉംറയും നിർവഹിക്കുന്നതിനുമെല്ലാം സമയവും വ്യവസ്ഥയും ഉള്ളതുപോലെ വിവാഹമോചനത്തിനും സമയവും വ്യവസ്ഥളും ഉണ്ട് എന്ന് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കണം. വിവേകമില്ലാതെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല വിവാഹമോചനമെന്ന് ചുരുക്കി മനസ്സിലാക്കാം. കുറഞ്ഞപക്ഷം സമയബന്ധിതമായി നിർവഹിക്കേണ്ട കാര്യമാണ് ത്വലാക്വ് എന്ന തിരിച്ചറിവെങ്കിലും അതിന് മുതിരുന്നവർ അറിഞ്ഞിരിക്കണം.

അല്ലാഹു പറയുന്നു: “നബിയേ, നിങ്ങൾ(വിശ്വാസികൾ) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെ ങ്കിൽഅവരെ നിങ്ങൾ അവരുടെ ഇദ്ദ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദ കാലം നിങ്ങൾ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക’’ (ക്വുർആൻ 65:1).

ത്വലാക്വ് ചൊല്ലൽ നിഷിദ്ധമായ സമയങ്ങൾ

ത്വലാക്വ് സമയബന്ധിതമായി നടക്കേണ്ട കർമമാണന്ന് മനസ്സിലാക്കിയല്ലോ? ത്വലാക്വ് ചൊല്ലൽ അനുവദനീയമായ സമയവും നിഷിദ്ധമായ സമയവുമുണ്ട്. നിഷിദ്ധമാക്കപ്പെട്ട സമയത്താണ് ഒരാൾ തന്റെ ഇണയെ ത്വലാക്വ് ചൊല്ലുന്നതെങ്കിൽ അയാൾ കുറ്റക്കാരനാണ്. അത്തരം ത്വലാക്വ് സാധുവാണോ അസാധുവാണോ എന്ന വിഷയത്തിൽ കർമശാസ്ത്ര പണ്ഡിതർ ഭിന്നാഭിപ്രായക്കാരാണ്. അത്തരം ത്വലാക്വുകൾ അസാധുവാണ്, അത് ത്വലാക്വായി പരിഗണിക്കപ്പെടുകയില്ല എന്ന അഭിപ്രായമാണ് കൂടുതൽ ശരിയായിട്ടുള്ളത് എന്നതാണ് പ്രമാണങ്ങളിൽനിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. (അല്ലാഹുവാണ് ഏറെ അറിയുന്നവൻ).

അത്തരം സന്ദർഭങ്ങളെ നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം.

1) ഭാര്യ ആർത്തവകാരിയായിരിക്കെ ത്വലാക്വ് ചൊല്ലൽ.

തന്റെ ഇണ ആർത്തവകാരിയായിരിക്കെ അവരെ വിവാഹമോചനം ചെയ്യൽ നിഷിദ്ധമാണ്. അത്തരം അവസ്ഥയിൽ വല്ലവരും ത്വലാക്വ് ചൊല്ലിയാൽ അത് ത്വലാക്വായി പരിഗണിക്കുകയില്ല. അവളെ ത്വലാക്വ് ചെയ്യൽ അനിവാര്യമാണങ്കിൽ അവൾ ആർത്തവത്തിൽനിന്നും ശുദ്ധിയായതിന് ശേഷം അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതിനു മുമ്പാണ് അത് നിർവഹിക്കേണ്ടത്. ഇമാം ബുഖാരി(റ) ഉദ്ധ രിക്കുന്ന ഒരു ഹദീഥ് കാണുക:

അബ്ദുല്ലാഹിബിൻ ഉമറി(റ)ൽനിന്നും നിവേദനം: അബ്ദുല്ലാഹിബിൻ ഉമർ നബിയുടെ കാലത്ത് തന്റെ ആർത്തവകാരിയായ ഭാര്യയെ ത്വലാക്വ് ചെയ്തു. തൽസംബന്ധമായി ഉമറുബ്‌നുൽ ഖത്വാബ്(റ) നബിയോട് ചോദിക്കുകയുണ്ടായി. അപ്പോൾ നബി ﷺ  പറഞ്ഞു: ‘അവനോട് അവളെ തിരിച്ചുവിളിക്കാൻ കൽപിക്കുക. അവൾ ആർത്തവത്തിൽനിന്നും ശുദ്ധിയാകുന്നതുവരെ അവളെ തന്റെ കൂടെത്തന്നെ (ഭാര്യയായി) നിർത്തികൊള്ളട്ടെ. പിന്നെ അവൾ ആർത്തവകാരിയായി, ശേഷം ശുദ്ധിയായിക്കഴിഞ്ഞ്, അവൻ അവളെ ഭാര്യയായി നിലനിർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അപ്രകാരം തന്റെ പക്കൽ നിർത്തി ക്കൊള്ളട്ടെ. ത്വലാക്വ് ഉദ്ദേശിക്കുന്നപക്ഷം അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതിന് മുമ്പ് ആ ശുദ്ധിയിൽ അവളെ വിവാഹമോചനം ചെയ്തുകൊള്ളട്ടെ. അതാകുന്നു സ്ത്രീകളെ വിവാഹ മോചനം ചെയ്യാൻ അല്ലാഹു കൽപിച്ച ഇദ്ദ കാലം.’

2) പ്രസവരക്തം (നിഫാസ്) ഉള്ളവളായിരിക്കെ ഭാര്യയെ ത്വലാക്വ് ചെയ്യൽ.

ഭാര്യമാർ ശുദ്ധിയിലായിരിക്കെ മാത്രമെ ത്വലാക്വ് ചെയ്യാൻ പാടുള്ളൂ എന്നത് തൊട്ടുമുമ്പ് സൂചിപ്പിച്ച ഹദീസിൽനിന്നും വ്യക്തമാകുന്ന കാര്യമാണ്. ഒരു സ്ത്രീ ആർത്തവകാരിയാകുന്ന സന്ദർഭത്തിലും പ്രസ വരക്തമുള്ള സന്ദർഭത്തിലും വലിയ അശുദ്ധിയുള്ളവളായിക്കൊണ്ടാണ് പരിഗണപ്പെടുക. അത്തരം ഘട്ട ങ്ങളിലൊന്നും അവളെ വിവാഹ മോചനം ചെയ്യാൻ പാടുള്ളതല്ല.

3) ഭാര്യയുമായി ലൈംഗിക ബ ന്ധത്തിൽ ഏർപ്പെട്ട ശുദ്ധി കാലയളവിൽ ത്വലാക്വ് ചെയ്യൽ.

ഇബ്‌നു ഉമറി(റ)ന്റെ ത്വലാക്വുമായി ബന്ധപ്പെട്ട നബിവചനത്തിന്റെ അവസാന ഭാഗത്ത് നിന്നും വ്യക്തമാകുന്ന കാര്യമാണ്, ഒരാൾ തന്റ ഭാര്യയെ ത്വലാക്വ് ചെയ്യാൻ ഉദ്ദേശിക്കുന്നപക്ഷം അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശുദ്ധികാലയളവിൽ അത് പാടില്ല എന്നത്. നബി ﷺ  ഇബ്‌നു ഉമറി(റ)നോട് കൽപിക്കാനായി ഉമറി(റ)നോട് പറഞ്ഞ ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്.

ഇനി അവൻ അവളെ ഭാര്യയായി നിലനിർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അപ്രകാരം തന്റെ പക്കൽ നിർത്തിക്കൊള്ളട്ടെ. ത്വലാക്വ് ഉദ്ദേശിക്കുന്നപക്ഷം അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതിന് മുമ്പ് ആ ശുദ്ധിയിൽ അവളെ വിവാഹമോചനം ചെയ്തുകൊള്ളട്ടെ. അതാകുന്നു സ്ത്രീകളെ വിവാഹ മോചനം ചെയ്യാൻ അല്ലാഹു കൽപിച്ച ഇദ്ദ കാലം.

എന്നാൽ ഭാര്യ ഗർഭിണിയാണങ്കിൽ അവരുടെ ത്വലാക്വ് സാധുവാകുന്നതാണ്. അത്തരം സന്ദർഭങ്ങ ളിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നത് ത്വലാക്വ് അസാധുവാകാനോ നിഷിദ്ധമാകാനോ കാരണമാവുകയില്ല. ഇബ്‌നു ഉമറി(റ)ന്റെ സംഭവം ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസിൽ അത് വ്യക്തമായി കാണാവുന്നതാണ്. നബി ﷺ  പറയുന്നു:

“അവനോട് അവളെ തിരികെ കൊണ്ടുവരാൻ പറയുക. ശേഷം (അവൻ ത്വലാക്വ് ചെയ്യാൻ ഉദ്ദേശി ക്കുന്ന പക്ഷം) അവൾ ശുദ്ധിയുള്ളവളായിരിക്കയോ ഗർഭിണിയായിരിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ അവളെ വിവാഹമോചനം നടത്തുകയും ചെയ്യട്ടെ.’’

ത്വലാക്വിന്റെ മതവിധി

അടിസ്ഥാനപരമായി വിവാഹമോചനം അനുവദനീയമാണ്. എന്നാൽ അകാരണമായി ഒരാൾ വിവാഹ മോചനത്തിൽ ഏർപ്പെടുന്നത് കറാഹത്തും (വെറുക്കപ്പെട്ടത്) തന്റെ ഇണയെ വിവാഹമോചനത്തിലൂടെ പ്രയാസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണങ്കിൽ അത് ഹറാമു(നിഷിദ്ധം)മാണ്. ഇനി ഒരാൾ തന്റെ ദാമ്പത്യജീവിതം തുടരുന്നത് തന്റെ മതപരമായ നിർബന്ധ ബാധ്യതകൾ നിർവഹിക്കുന്നതിൽനിന്നും വിട്ടുനിൽക്കാനും, മതത്തിൽ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങൾ പ്രവർത്തിക്കാനും കാരണമാകുന്നെങ്കിൽ അത്തരം ഘട്ടത്തിൽ വിവാഹമോചനം അയാൾക്ക് സുന്നത്തായും അതിന്റെ ഗൗരവം വർധിക്കുന്നതിന നുസരിച്ച് നിർബന്ധമായും മാറുകയും ചെയ്യും.

തന്റെ ഭാര്യയുമായി ഇനി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയില്ല എന്ന് ആരെങ്കിലും ശപഥം ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് ശപഥത്തിൽനിന്നും പിൻമാറാനും അന്തിമമായി തീരുമാനമെടുക്കാനും നാല് മാസമാണ് ഇസ്‌ലാം അനുവാദം നൽകിയത്. അതിനാൽ നാല് മാസത്തിനുള്ളിൽ വീണ്ടും ദാമ്പത്യം തുടരാൻ ആഗ്രഹിക്കാത്തപക്ഷം ഇണയെ അത് പ്രയാസപ്പെടുത്തലാണ്. പ്രത്യേകിച്ചും തന്റെ ഇണ ലൈംഗിക ബന്ധത്തിന് ആഗ്രഹിക്കുന്നവളാണെങ്കിൽ അത് നിഷിദ്ധവുമാണ്. അതിനാൽ അത്തരക്കാർ വിവാഹമോചനം ചെയ്ത് ഇണകൾക്ക് മറ്റു വിവാഹം കഴിക്കാനുള്ള അവസരം നൽകൽ നിർബന്ധമാണ്. അല്ലാത്തപക്ഷം കാദ്വിമാർ ഇടപെട്ട് ആ സഹോദരിക്ക് വിവാഹമോചനം നൽകൽ നിർബന്ധമാകും എന്നാണ് മനസ്സിലാക്കേണ്ടത്.

‘അല്ലാഹുവിന്റെ അടുത്ത് അനുവദിക്കപ്പെട്ടതിൽ ഏറ്റവും വെറുക്കപ്പെട്ട കാര്യം വിവാഹമോചനമാണ്’ (അബൂദാവൂദ് 2178, ഇബ്‌നുമാജ 2018) എന്ന ഹദീസ് സ്വീകാര്യയോഗ്യമായി കാണുന്നവർ ത്വലാക്വിന്റെ അടിസ്ഥാനവിധി കറാഹത്താണ് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത് എന്നുകൂടി നാം മനസ്സിലാക്കണം.

ത്വലാക്വിന്റെ ഇനങ്ങൾ

ത്വലാക്വ് ചെയ്യുന്ന രീതിയും സമയവും പരിഗണിച്ച് പ്രധാനമായും അത് മൂന്നായി തരംതിരിക്കാം.

1) ത്വലാക്വ് സുന്നിയ്യ്.

2) ത്വലാക്വ് ബിദഈ.

3) ത്വലാക് മുബാഹ്.

വിശുദ്ധ ക്വുർആനും തിരുസുന്നത്തും പഠിപ്പിച്ച നിബന്ധനകൾ പാലിച്ചുകൊണ്ട് നിർവഹിക്കപ്പെടുന്ന ത്വലാക്വാണ് ‘ത്വലാക്വ് സുന്നിയ്യ്’ എന്നറിയപ്പെടുന്നത്. അതിന് കടകവിരുദ്ധമായ രൂപത്തിൽ നിർവഹി ക്കപ്പെടുന്ന ത്വലാക്വുകളാണ് ‘ത്വലാക്വ് ബിദഈ’കൊണ്ടുദ്ദേശിക്കപ്പെടുന്നത്.

ത്വലാക്ക് ചെയ്യൽ നിഷിദ്ധമായ അവസ്ഥകൾ മുകളിൽ നാം മനസ്സിലാക്കി. അവയെല്ലാം ബിദഈ ത്വലാക്വിലാണ് ഉൾപ്പെടുക. അതിന് പുറമെ ഒന്നിൽ കൂടുതൽ ത്വലാക്വുകൾ ഒന്നിച്ച് പ്രഖ്യാപിക്കുകയോ, നിന്നെ ത്വലാക്വ് ചെയ്തു എന്ന് ആവർത്തിച്ചു പറഞ്ഞ് ആവർത്തിക്കപ്പെട്ട എണ്ണം ത്വലാക്വിന്റെ എണ്ണമായി കണക്കാക്കുകയോ ചെയ്യൽ ത്വലാക്വ് ബിദഈയായി പരിഗണിക്കപ്പെടും. അത് നിഷിദ്ധമാണ്. ചെയ്യാൻ പാടില്ലാത്തതാണ്. അത് മതനിന്ദയാണ്. അല്ലാഹുവിന്റെയടുക്കൽ ശിക്ഷാർഹനാകുന്ന കാര്യമാണ്. ത്വലാക്വ് സാധുവാകാനുള്ള മറ്റു നിബന്ധനകളെല്ലാം യോജിച്ചുവരുന്നപക്ഷം അത്തരം ത്വലാക്വിലൂടെ ഒരു ത്വലാക്വ് മാത്രമാണ് സംഭവിക്കുക.

ഇബ്‌നു അബ്ബാസ്(റ) പറയുന്നത് കാണുക: “നബി ﷺ യുടെയും അബൂബക്‌റി(റ)ന്റെയും കാലത്തും ഉമറി(റ)ന്റെ ഭരണത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിലും മൂന്ന് ത്വലാക്വ്് (ഒന്നിച്ച് ചെയ്യൽ) ഒറ്റ (ത്വലാക്വ്) ആയാണ് (പരിഗണിക്കപ്പെട്ടത്).’’

ഇതൊന്നും പരിഗണിക്കാതെ തോന്നിയപോലെ ത്വലാക്വ് ചെയ്യുകയും പിന്നെ തന്റെ ഇണയെ തിരിച്ചെടുക്കാൻ എന്തുചെയ്യണം എന്ന് ചോദിച്ച് മതപണ്ഡിതൻമാരെ തേടി നടക്കുകയും ചെയ്യുന്നത് കാണാം. അത്തരക്കാർ ഇഹലോകത്തും പശ്ചാത്തപിക്കാത്തപക്ഷം (തൗബ ചെയ്യാത്തപക്ഷം) പരലോകത്തും അനുഭവിക്കേണ്ടിവരിക കടുത്ത നിന്ദ്യതയായിരിക്കുമെന്നാണ് പ്രമാണങ്ങളിൽനിന്നും ലഭിക്കുന്ന പാഠം.

നമ്മൾ മുസ്‌ലിംകളാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ മതത്തിൽ എല്ലാ കാര്യത്തിനും കൃത്യമായ വ്യവസ്ഥകൾ ഉണ്ട്. അവ ലംഘിക്കാൻ നമുക്ക് അനുവാദമില്ല. അല്ലാഹുവിന്റെ നിയമങ്ങളെ ലംഘിച്ച് ജീവിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് വരാനുള്ളതെന്ന് ക്വുർആൻ താക്കീത് ചെയ്യുന്നത് നാം മറക്കാതിരി ക്കുക.

ത്വലാക് മുബാഹ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതുസമയം ചെയ്താലും സംഭവിക്കുന്ന ത്വലാക്വുകളാണ്. ഗർഭിണികളെ ത്വലാക്വ് ചെയ്യൽ, വിവാഹ കരാർ പൂർത്തിയായി; എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ ഒന്നിക്കുന്നതിനും ബന്ധപ്പെടുന്നതിനും മുമ്പ് തന്നെ വേർപിരിയേണ്ടി വന്നു. അത്തരം ത്വലാക്വുകളെയും ഈ ഗണത്തിലാണ് ഉൾപ്പെടുത്തുക. ഇനി വാർധക്യം കാരണത്താലോ മറ്റോ ആർത്തവ വിരാമം സംഭവിച്ച സ്ത്രീയാണ് ഒരാളുടെ ഭാര്യയെന്ന് കരുതുക. അവരുടെ ദാമ്പത്യത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുകയും ഒന്നിച്ച് പോകാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ മാന്യമായ രൂപത്തിൽ അവർക്ക് ബന്ധം വേർപെടുത്താം. അതും ത്വലാക്വ് മുബാഹിലാണ് ഉൾപ്പെടുക.

(തുടരും)