റബീഉൽ അവ്വലിന് പറയാനുള്ളത്!

അജ്‌മൽ കോട്ടയം - ജാമിഅ അൽഹിന്ദ്

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

ഇസ്‌ലാമിക കലണ്ടർ പ്രകാരം മൂന്നാമത്തെ മാസമാണ് റബീഉൽ അവ്വൽ. ധാരാളം ചരിത്ര സത്യങ്ങൾക്ക് ഈ മാസം സാക്ഷ്യംവഹിച്ചതായി പണ്ഡിതന്മാർ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

മാനവകുലത്തിന് കാരുണ്യമായി അല്ലാഹു നിയോഗിച്ച, പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയായ മുഹമ്മദ് ﷺ  പിറന്നത് ഈ മാസത്തിലാണ്. അതുപോലെ, ശത്രുക്കളുടെ കൊടിയ പീഡനങ്ങൾ സഹിക്കവയ്യാതെ ജന്മനാടിനോട് അല്ലാഹുവിന്റെ പ്രവാചകൻ ﷺ  വിടപറഞ്ഞതും മദീന പട്ടണത്തിന്റെ മണലാരണ്യത്തിൽ പ്രവാചകന്റെ ഒട്ടകം മുട്ടുകുത്തിയതും ഒരു റബീഉൽ അവ്വലിൽ ആയിരുന്നു. ഖലീഫതുർറസൂൽ എന്ന സ്ഥാനപ്പേരിൽ, ഇസ്‌ലാമിക ചരിത്രത്തിലെ രണ്ടാമനായ അബൂബക്കർ(റ) മുസ്‌ലിംകളുടെ ഖിലാഫത്ത് ഏറ്റെടുക്കുന്നതും പ്രസ്തുത മാസത്തിലാണ്. മുസ്‌ലിംകളുടെ രക്തം ചൊരിഞ്ഞും അഭിമാനക്ഷതം വരുത്തിയും മുന്നോട്ടുപോയിരുന്ന കുരിശുയോദ്ധാക്കളെ നിലയ്ക്ക് നിർത്തി സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ദമസ്‌കസ് പിടിച്ചെടുത്തതും ഒരു റബീഉൽ അവ്വൽ മാസത്തിലായിരുന്നു. ഹിജ്‌റ പത്താം നൂറ്റാണ്ടിൽ ഒട്ടോമൻ സാമ്രാജ്യത്തിന്നു കീഴിൽ വിഖ്യാതമായ സൈപ്രസ് പട്ടണം കീഴൊതുങ്ങിയതും ഒരു റബീഉൽ അവ്വലിൽതന്നെയായിരുന്നു.

ഇത്തരത്തിൽ ഒട്ടേറെ വിജയഗാഥകൾ തീർത്ത മാസമാണ് റബീഉൽ അവ്വൽ. അതുപോലെ, വിശ്വാസികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ സംഭവങ്ങൾക്കും റബീഉൽ അവ്വൽ സാക്ഷിയാണ്. വിങ്ങുന്ന മനസ്സോടെയും ഈറനണിഞ്ഞ കണ്ണുകളോടെയുമല്ലാതെ ഓർക്കാൻ സാധ്യമല്ലാത്ത ചരിത്രസത്യങ്ങൾ.

ഒരുകാലത്ത് ഇസ്‌ലാമിക സംസ്‌കാരത്തിെൻറ വിളനിലമായിരുന്ന സ്‌പെയിൻ മുസ്‌ലിംകളുടെ കൈയിൽ നിന്ന് നഷ്ടപ്പെടുകയും അവർ തുരത്തി ഓടിക്കപ്പെടുകയും ചെയ്തത് ഒരു റബീഉൽ അവ്വൽ മാസത്തിലായിരുന്നു. വിശ്വാസികൾക്ക് നെഞ്ചകം തകരുന്ന വേദനയോടെയല്ലാതെ സ്മരിക്കാൻ സാധിക്കാത്ത, ലോക മുസ്‌ലിംകൾക്ക് വന്നുഭവിച്ചതും വരാനിരിക്കുന്നതുമായ വിപത്തുകളിൽ ഏറ്റവും വലിയ വിപത്ത് (മുസ്വീബത്ത്) എന്ന് നബി ﷺ  വിശേഷിപ്പിച്ച, അവിടുത്തെ വിയോഗം നടന്നത് ഒരു റബീഉൽ അവ്വൽ 12 നായിരുന്നു. അഥവാ, ഹിജ്‌റ 11, റബീഉൽ അവ്വൽ 12, തിങ്കളാഴ്ച ഉച്ചയോടടുത്ത സമയം.

ഇമാം ദാരിമി തന്റെ സുനനിലും ഇമാം ത്വബ്‌റാനി മുഅ്ജമുൽ കബീറിലും ഉദ്ധരിച്ച അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: “നിങ്ങളിലാർക്കെങ്കിലും വല്ല മുസ്വീബത്തും ബാധിച്ചാൽ അവൻ എന്റെ (വിയോഗമാകുന്ന) മുസ്വീബത്തുമായി (താരതമ്യപ്പെടുത്തി) കൊള്ളട്ടെ. നിശ്ചയമായും അതാണ് മുസ്വീബത്തുകളിൽ വെച്ച് ഏറ്റവും കഠിനമായത്.’’

വിശ്വാസികളുടെ പ്രിയപ്പെട്ട തിരുദൂതർ ﷺ  ഇഹലോകവാസം വെടിഞ്ഞ ദിവസമാണ് റബീഉൽ അവ്വൽ 12. പ്രവാചകൻ  ﷺ  വഫാത്തായ ദിവസത്തെ പോലെ മൂകമായ, ഇരുട്ടുനിറഞ്ഞ മറ്റൊരു ദിവസവും തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന് അവിടുത്തെ അനുചരന്മാർ പറഞ്ഞതായി കാണാം. അന്ന് മദീന കരഞ്ഞു... തേങ്ങിക്കരച്ചിലുകൾ മദീന പട്ടണത്തിലെങ്ങളും നിറഞ്ഞു. മദീന നിവാസികൾ വിറങ്ങലിച്ച ദിവസമായിരുന്നു അന്ന്.

എന്നാൽ ഇന്നോ? നമ്മിൽ ചിലർ ആ ദിവസം ആഹ്ലാദത്തിമിർപ്പിലാണ്. സ്വശരീരങ്ങളെക്കാൾ നബിയെ സ്‌നേഹിച്ച ഖുലഫാഉർറാശിദുകൾ കൊണ്ടാടിയിട്ടില്ലാത്ത, ഒരു ലക്ഷത്തിൽപരം സ്വഹാബിമാർ ജീവിതത്തിൽ ഒരിക്കൽ പോലും നടത്താത്ത, നാല് മദ്ഹബിന്റെ ഇമാമുകളിൽ ഒരാൾക്ക് പോലും അറിയാത്ത നബിദിനാഘോഷത്തിന് പിന്നാലെയാണ് പലരും.

“തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത് നിൽക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!’’ (ക്വുർആൻ 4:115).