പേമാരിയുടെ കാണാപ്പുറങ്ങൾ

ഡോ. ടി. കെ യൂസുഫ്

2022 സെപ്തംബർ 10, 1444 സ്വഫർ 13

പ്രകൃതിചൂഷണവും പരിസ്ഥിതിക്കെതിരെയുളള കയ്യേറ്റവും ഇനിയും തുടർന്നാൽ ആഗോളതാപനവും വരൾച്ചയുമായിരിക്കും പ്രത്യാഘാതമെന്നും, ജലവിചാരമില്ലെങ്കിൽ വെളളത്തിന് വേണ്ടിയായിരിക്കും അടുത്ത യുദ്ധമെന്നുമുളള മുന്നറിയിപ്പുകളെ തകിടംമറിച്ചുകൊണ്ട് തിമർത്തുപെയ്ത പേമാരി കേരളത്തിന്റെ ചില ഭാഗങ്ങളെ വെളളത്തിലാഴ്ത്തിയിരിക്കുകയാണ്. നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാനാകട്ടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെളളപ്പൊക്കത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ജീവഹാനിയുടെയും നാശനഷ്ടങ്ങളുടെയും കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. മഴ കുറയുന്നതിന് അനേകം കാരണങ്ങൾ നമുക്ക് നിരത്താൻ കഴിയുമെങ്കിലും അതിവർഷത്തിന്റെ കാരണം കണ്ടെത്തണമെങ്കിൽ വേറെയും പ്രപഞ്ചവിസ്മയങ്ങൾ വിശകലനം ചെയ്യേണ്ടിവരും.

സമുദ്രങ്ങളിലും പുഴകളിലും കിണറുകളിലും തടാകങ്ങളിലുമായി ഭൂഗോളത്തിന്റെ 70 ശതമാനത്തിലധികം വരുന്ന വർധിച്ച അളവിലുളള ജലം എവിടെനിന്നാണ് ഈ ഗോളത്തിലെത്തിയത്? എന്തു കൊണ്ടാണ് മറ്റു ഗ്രഹങ്ങളിൽ ഈ രൂപത്തിൽ വെളളം കാണപ്പെടാതിരിക്കുന്നത്? ശാസ്ത്ര നിഗമനപ്രകാരം, നാല് ബില്യൺ വർഷത്തിലധികമായി ഈ ഗോളത്തിന്റെ ജീവരക്തമായി ജലം വറ്റാതെ നിലനിൽക്കാൻ കാരണമെന്താണ്? അൽപം മാത്രം അറിവ് നൽകപ്പെട്ട മനുഷ്യന്റെ തലപുകക്കുന്ന ഇത്തരം സങ്കീർണമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ വചനമായ ക്വുർആനിനെക്കാൾ ഉത്തമമായ ഒരു അവലംബവും നമുക്ക് കാണാൻ സാധ്യമല്ല.

ഈ ഭൂമിയിൽ മനുഷ്യവാസം തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങൾ മാത്രമെ പിന്നിട്ടിട്ടുളളൂ. ആദിമനുഷ്യൻ മുതലുളള മാനവരാശിയുടെ അറിവും അനുഭവവും രേഖപ്പെടുത്തിവച്ചാൽ പോലും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുളള ഭൂമിയിലെ ജലസാന്നിധ്യത്തെക്കുറിച്ചുളള വ്യക്തമായ അറിവ് ലഭിക്കുകയില്ല. ഇവിടെയാണ് ദൈവവചനവും അത്ഭുതങ്ങളിലെ അത്ഭുതവുമായ ക്വുർആൻ ഈ വിഷയത്തിൽ വല്ലതും പറയുന്നുണ്ടോ എന്ന അന്വേഷണം പ്രസക്തമാകുന്നത്. ആധുനിക ശാസ്ത്ര ഗവേഷണ നിരീക്ഷണങ്ങളെക്കാളും വിസ്മയകരമായ ശാസ്ത്രസത്യങ്ങൾ ഉൾകൊളളുന്ന ക്വുർആൻ ഈ വിഷയത്തിലും വ്യക്തമായ സൂചന നൽകുന്നുണ്ട്.

ഭൂമിയുടെ ആവിർഭാവ കാലത്ത് അതിന്റെ രൂപം ഇതുപോലെയായിരുന്നില്ല. അന്ന് ഭൂമിയിൽ വെളളമുണ്ടായിരുന്നില്ല. അന്നത്തെ ഭൂമിയുടെ ഊഷ്മാവ് 5000 ഡിഗ്രി സെന്റിഗ്രേഡായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതിന് പുറമെ മണിക്കൂറിൽ ആയിരക്കണക്കിന് കിലോമീറ്റർ വേഗതയുളള കാറ്റും അടിച്ചുവീശിയിരുന്നു. ഒട്ടറെ രാസവസ്തുക്കൾ വാതകരൂപത്തിൽ നിലനിന്നിരുന്നുവെങ്കിലും വെളളത്തിന് ദ്രാവകരൂപത്തിൽ നിലനിൽക്കാൻ ഒരിക്കലും സാധ്യമായിരുന്നില്ല. പിന്നീട് മില്യൺ കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന വർഷപാതത്തിലൂടെ ഭൂമി ക്രമേണ തണുക്കുകയും ഇന്ന് നാം കാണുന്ന രൂപത്തിൽ അത് വാസയോഗ്യമായിത്തീരുകയും അതിന്റെ മുക്കാൽ ഭാഗത്തിലധികം ജലംകൊണ്ട് മൂടുകയും ചെയ്തു.

ഭൂമിയിലെ ജലസ്രോതസ്സിനെക്കുറിച്ച് ശാസത്രജ്ഞർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. ഭൗമ ജലത്തിന്റെ ഉറവിടം ഉൽക്കകളാണെന്നും വാൽനക്ഷത്രങ്ങളാണെന്നും ഊർട്ട് മേഘങ്ങളാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഈ മൂന്ന് മാർഗത്തിൽ ഏതിലൂടെയാണെങ്കിലും ജലവാഹിനികളായ ഇവ ഭൂമിയിൽ പതിച്ചയുടനെ അവയിലൂളള ജലം ഭൂമിയുടെ താപംമൂലം നീരാവിയായി മാറുകയും അന്തരീക്ഷപാളികൾ ഈ നീരാവിയെ ബഹിരാകാശത്തേക്ക് പോകാതെ സംരക്ഷിക്കുകയും ചെയ്തിരിക്കാം. സമുദ്രജലത്തിലും ഹാലി എന്ന വാൽനക്ഷത്രത്തിലും കാണപ്പെടുന്ന ‘ഡിറ്റീരിയം’ എന്ന ഐസോടോപ്പാണ് ഇത്തരം ഒരു നിഗമനത്തിലെത്താൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ഭൂമിയിലെ ജലത്തെക്കുറിച്ച് ഇപ്പറഞ്ഞ നീരീക്ഷണങ്ങളെല്ലാതെ വെറെയും നിഗമനങ്ങളുണ്ട്.

പല മാർഗങ്ങളിലൂടെയും ഭൂമിയിൽ പതിച്ച വെളളം നീരാവീയായി മാറിയെങ്കിലും അത് അന്തരീക്ഷ പാളി വിട്ടുപോകാതെ ഘനീഭവിച്ച് നിൽക്കുകയും പിന്നീട് മില്യൺകണക്കിന് വർഷങ്ങൾ നീണ്ടു നിൽക്കുന്ന പേമാരിയായി അത് വർഷിക്കുകയും ചെയ്തതുകൊണ്ടാണ് ഭൂഗോളത്തിന്റെ മുക്കാൽ ഭാഗവും മൂടിയ ഈ ജലസംമ്പത്ത് രൂപപ്പെട്ടതെന്നാണ് ശാസ്ത്ര ഗവേഷണ നീരീക്ഷണങ്ങളുടെ ഫലമായുള്ള അനുമാനങ്ങളുടെ സംക്ഷിപ്തം. സുദീർഘമായ കാലയളവ് നീണ്ടുനിന്ന ഒരു പേമാരിയിലൂടെ മാത്രമെ പതിനായിരക്കണക്കിന് മീറ്റർ ആഴമുളള സമുദ്രാന്തർഭാഗം നിറക്കാൻ സാധിക്കുകയുളളൂ. പിന്നീട് ഈ ജലത്തിന്റെ ഒരംശം നീരാവിയായി മേൽപ്പോട്ടുയരുകയും വീണ്ടും മഴയായി വർഷിക്കുകയും ചെയ്തുകൊണ്ട് ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ആവശ്യമായ ഒരു ജലചക്രം രൂപപ്പെടുകയും ചെയ്തു. ജീവഭൂമിയിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ ഏറ്റക്കുറവിനനുസരിച്ച് ഈ ജലം ബാഷ്പീകരിച്ച് പെയ്യുന്ന വർഷപാതത്തിന്റെ അളവിലും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. സമുദ്രജലം ബാഷ്പീകരിച്ച് മേലോട്ട് ഉയരുന്ന സമയത്ത് ഉപ്പിന്റെ അംശം കൂടിക്കലരാത്തതുകൊണ്ടാണ് ശുദ്ധമായ മഴവെളളം നമുക്ക് ലഭിക്കുന്നത്. ഇക്കാര്യം ഒരു ദൃഷ്ടാന്തമായി ക്വുർആൻ സൂറഃഅൽവാക്വിഅ 68,69,70 വചനങ്ങളിൽ എടുത്ത് പറയുന്നുണ്ട്.

ഭൂമിയിൽ രണ്ട് രൂപത്തിലുളള വർഷപാതം സംഭവിച്ചിട്ടുണ്ട് എന്നാണ് ശാസ്ത്ര നിരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നത്. ഒന്ന് മില്യൺ കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന അതിശക്തമായ പേമാരിയാണ്. ഈ പെരുമഴയാണ് കത്തിജ്വലിക്കുന്ന ഭൂമിയെ തണുപ്പിക്കുകയും ഭൂമിയിലെ ജലാശയങ്ങളിൽ വെളളം നിറയാൻ നിമിത്തമാകുകയും ചെയ്തത്. പിന്നീട് ആ വെളളം അന്തരീക്ഷ താപത്തിനനുസരിച്ച് ബാഷ്പീകരിച്ചിട്ടാണ് സാധാരണ നാം കാണുന്ന മഴ വർഷിച്ചുകൊണ്ടിരിക്കുന്നത്. ഈ രണ്ട് രൂപത്തിലുളള മഴയെക്കുറിച്ചുമുള്ള വ്യക്തമായ പരാമർശങ്ങൾ വിശുദ്ധ ക്വുർആനിൽ അടങ്ങിയിട്ടുണ്ട് എന്ന വസ്തുത ഈ വേദത്തിന്റെ ദൈവികത വെളിപ്പെടുത്തുന്നതാണ്.

അല്ലാഹു ആകാശത്തുനിന്ന് മഴ വർഷിപ്പിച്ചുവെന്ന് ക്വുർആൻ ധാരാളം വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം വ്യക്തമാക്കാൻ വേണ്ടി അറബിഭാഷയിലെ ‘നസല’ എന്ന ക്രിയയുടെ രണ്ട് രൂപങ്ങളാണ് ക്വുർആനിൽ പ്രയോഗിച്ചിട്ടുളളത്. ‘നസ്സല,’ ‘അൻസല’ എന്നീ രണ്ട് പദങ്ങളാണ് അവ. രണ്ട് പ്രയോഗങ്ങൾക്കും മലയാള ഭാഷയിൽ ‘ഇറക്കി’ എന്ന അർഥമാണുളളത്. എന്നാൽ നസ്സല എന്ന പദം അതിന്റെ ഭാഷാഘടനയനുസരിച്ച് ദീർഘനാൾ നീണ്ടുനിൽക്കുന്ന ഒരു പ്രവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ‘അൻസല’ എന്ന് പറയുമ്പോൾ പ്രക്രിയക്ക് ഒരു കാലദൈർഘ്യം ആവശ്യമായി വരുന്നില്ല. ക്വുർആനിൽ സൂറഃആലുഇംറാൻ മൂന്നാം വചനത്തിൽ ഈ രണ്ട് പദപ്രയോഗങ്ങളും വന്നിട്ടുണ്ട്.

“അവൻ ഈ വേദഗ്രന്ഥത്തെ മുൻവേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. അവൻ തൗറാത്തും ഇൻജീലും അവതരിപ്പിച്ചു.’’

ഇതിൽ ‘നസ്സല’ എന്ന പദം ക്വുർആൻ ഇറക്കിയതിനെക്കുറിച്ചും ‘അൻസല’ എന്ന പദം തൗറാത്ത്, ഇഞ്ചീൽ എന്നിവ ഇറക്കിയതിനെക്കുറിച്ചുമാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വുർആൻ ഇറങ്ങിയത് 23 വർഷം നീണ്ടു നിൽക്കുന്ന ഒരു ദീർഘ കാലയളവിലാണ്. അതുകൊണ്ടാണ് ‘നസ്സല’ എന്ന് പ്രയോഗിച്ചത.് എന്നാൽ തൗറാത്തും ഇഞ്ചീലും ഇറങ്ങിയത് ദീർഘമായ കാലയളവിലല്ലാത്തതുകൊണ്ടാണ് അവ ഇറക്കിയതിനെക്കുറിച്ച് ‘അൻസല’ എന്ന പദം പ്രയോഗിച്ചത്. എന്നാൽ ‘ക്വുർആൻ അനുഗ്രഹത്തിന്റെ രാത്രിയിൽ അവതരിച്ചു’ എന്ന് പറയുന്നിടത്ത് ‘അൻസല’ എന്ന പദംതന്നെയാണ് പ്രയോഗിച്ചിട്ടുളളത്. കാരണം ആ രാത്രിയിൽ ലൗഹുൽ മഹ്ഫൂദിൽനിന്ന് ഒന്നാം ആകാശത്തേക്ക് ക്വുർആൻ ഒന്നിച്ച് ഇറക്കിയതിനെക്കുറിച്ചാണ് പറയുന്നത്. പിന്നീട് അവിടെനിന്ന് ഘട്ടം ഘട്ടമായി 23 വർഷത്തെ കാലയളവിൽ നബി ﷺ ക്ക് അവതരിക്കുകയുമാണുണ്ടായത്. ക്വുർആൻ അവതരണത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം ഇറക്കിയതിനെക്കുറിച്ച് ‘അൻസല’ എന്നും രണ്ടാമത് ഇറക്കിയതിനെക്കുറിച്ച് ‘നസ്സല’ എന്നുമാണ് പ്രയോഗിച്ചിട്ടുളളത്.

ക്വുർആനിൽ ‘ആകാശത്തുനിന്ന് വെളളമിറക്കി’ എന്ന് പറയുന്നിടത്തും ‘നസ്സല,’ ‘അൻസല’ എന്നീ രണ്ട് പദങ്ങളും പ്രയോഗിച്ചതായി കാണാം. ഈ വചനങ്ങൾ സൂക്ഷ്മായി വിശകലനം ചെയ്യുകയാണെങ്കിൽ ‘നസ്സല’ എന്ന പദം പ്രയോഗിച്ചത് മില്യൺകണക്കിന് വർഷങ്ങൾ നീണ്ടുനിന്ന മഴയെക്കുറിച്ചും ‘അൻസല’ എന്ന് പറഞ്ഞത് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടു നിൽക്കുന്ന മഴയെക്കുറിച്ചുമാണെന്ന് കണ്ടെത്താൻ കഴിയും. ആകാശത്തുനിന്നും വെളളമിറക്കി, അത് മൂലം സസ്യങ്ങളും ചെടികളും കായ്കനികളും ഫലവർഗങ്ങളും ഉണ്ടാക്കി എന്ന് ക്വുർആനിൽ പല വചനങ്ങളിലായി വ്യത്യസ്ത രൂപത്തിൽ വ്യക്തമാക്കുന്നുണ്ട്.

“അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാർത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവൻ. അങ്ങനെ അവ (കാറ്റുകൾ) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാൽ നിർജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അതുമൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അതുപോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ടുവരുന്നതാണ്. നിങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം’’ (അൽഅഅ്‌റാഫ് 57).

“(നബിയേ,) നീ അവർക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്തുനിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്ന് വളർന്നു. താമസിയാതെ അത് കാറ്റുകൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു. (അതുപോലെയത്രെ ഐഹികജീവിതം). അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു’’(അൽകഹ്ഫ് 45).

“നാം ആകാശത്തുനിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യർക്കും കാലികൾക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങൾ ഇടകലർന്നു വളർന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത് അഴകാർന്നതാകുകയും അവയൊക്കെ കരസ്ഥമാക്കാൻ തങ്ങൾക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥർ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കൽപന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടിൽ നാമവയെ ഉൻമൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകൾക്കു വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു’’ (യൂനുസ് 24).

ഈ വചനങ്ങളിലെല്ലാംതന്നെ ‘അൻസല’ എന്ന പദമാണ് പ്രയോഗിച്ചിട്ടുളളത്. കാരണം ആ മഴ കൊണ്ടുള്ള ഉദ്ദേശം നമുക്ക് പരിചിതമായ മഴയാണ്. മേഘങ്ങളിൽനിന്നും ശുദ്ധജലമിറക്കി, നിങ്ങൾക്കുളള കുടിനീരിറക്കി, ആ വെളളം മൂലം ഭൂമിയെ ഹരിത ഭംഗിയുളളതാക്കി എന്ന് പറയുന്നിടത്തും ക്വുർആനിൽ ‘അൻസല’ എന്ന പദമാണ് പ്രയോഗിച്ചിട്ടുളളത്. കാരണം അതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴയാണ്. ക്വുർആനിലെ സുറഃഅൽഹജ്ജ് 50, അന്നബഅ് 14, അൽഹിജ്ർ 22, അൽമുഅ്മിനൂൻ 18, അൽഫുർക്വാൻ 48, അൽഹജ്ജ് 63 എന്നീ വചനങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഈ വസ്തുത മനസ്സിലാക്കാൻ കഴിയും.

ക്വുർആനിൽ മഴയിറക്കിയതിനെക്കുറിച്ച് ‘നസ്സല’ എന്ന പദം പ്രയോഗിച്ചത്, അൽഅൻകബൂത്ത് 63, അസ്സുഖ്‌റുഫ് 11 എന്നീ വചനങ്ങളിലാണ്.

“ആകാശത്തുനിന്ന് വെള്ളം ചൊരിയുകയും ഭൂമി നിർജീവമായി കിടന്നതിനുശേഷം അതുമൂലം അതിന് ജീവൻ നൽകുകയും ചെയ്തതാരെന്ന് നീ അവരോട് ചോദിക്കുന്നപക്ഷം തീർച്ചയായും അവർ പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷേ, അവരിൽ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.’’

“ആകാശത്തുനിന്ന് ഒരു തോതനുസരിച്ച് വെള്ളം വർഷിച്ചുതരികയും ചെയ്തവൻ. എന്നിട്ട് അത്മൂലം നാം നിർജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അതുപോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടുവരപ്പെടുന്നതാണ്.’’

ഈ സൂക്തങ്ങൾ പരിശോധിക്കുകയാണെങ്കിൽ അവയോട് അനുബന്ധിച്ച് കുടിനീര്, സസ്യങ്ങൾ ഫലവർഗങ്ങൾ എന്നീ അനുഗ്രഹങ്ങൾ എടുത്തുപറയുന്നതായി കാണുന്നില്ല. മറിച്ച് നിർജീവമായ ഭൂമിയെ പുനരുജ്ജീവിപ്പിച്ചു എന്ന് മാത്രമാണ് അവയിൽ പറയുന്നത്. അപ്പോൾ, ജ്വലിക്കുന്ന ഭൂമിയെ ജീവയോഗ്യമാക്കിതും മില്യൺ കണക്കിന് വർഷങ്ങളോളം പെയ്തിറങ്ങിയതുമായ പേമാരിയെക്കുറിച്ചാണ് നസ്സല എന്ന പദം ഉൾകൊളളുന്ന ഈ ക്വുർആൻ വചനങ്ങൾ സൂചിപ്പിക്കുന്നത്. കാരണം ഈ പെരുമഴ കാരണമായി സസ്യങ്ങൾ മുളക്കുകയോ ഫലവർഗങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. അതുപോലെ ആ വെളളം കുടിക്കാൻ അന്ന് ഭൂമുഖത്ത് മനുഷ്യരോ കാലികളോ ജീവിച്ചിരിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ ‘അൻസല’ എന്ന പദം ഉൾകൊളളുന്ന വചനങ്ങളിലെല്ലാംതന്നെ അനുബന്ധമായി ചെടികളെക്കുറിച്ചും കായ്കനികളെക്കുറിച്ചും കുടിവെളളത്തെക്കുറിച്ചും പ്രതിപാദിക്കുന്നുമുണ്ട്. ഒരു ക്രിയയുടെ സമാന അർഥത്തിലുളള രണ്ട് വകഭേദങ്ങളിലൂടെ ക്വുർആൻ രണ്ട് ബൃഹത്തായ ആശയതലങ്ങളെയാണ് സൂചിപ്പിക്കുന്നത്, ഒരു ക്രിയാധാതുവിന് തന്നെ അനവധി വകഭേദങ്ങൾ എന്നത് അറബിഭാഷയുടെ മാത്രം പ്രത്യേകതയാണ്. അറബിഭാഷയിൽ ക്വുർആൻ അവതരിപ്പിച്ചതിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും ക്വുർആൻ വെളിപ്പെടുത്തുന്നുണ്ട്.

ആകാശത്തുനിന്ന് രണ്ട് രൂപത്തിലുളള മഴയാണ് ഭൂമിയിൽ വർഷിച്ചിട്ടുളളത്. ഒന്ന് ബില്യൺ കണക്കിന് വർഷങ്ങൾക്ക് മുമ്പ് മില്യൺ കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന പെരുമഴക്കാലം. രണ്ടാമത്തേത് മഴക്കാല സീസണുകളിൽ പെയ്തിറങ്ങുന്ന സാധാരണ മഴ. ഈ രണ്ട് മഴയുടെയും ഗുണവിശേഷണങ്ങൾ വിവരിക്കാൻ പേജുകൾ തന്നെ വേണ്ടിവരും. എന്നാൽ ക്വുർആൻ ‘നസ്സല,’ ‘അൻസല’ എന്നീ രണ്ട് പദങ്ങൾകൊണ്ടാണ് ഈ ഗഹനമായ ആശയങ്ങൾ വ്യക്തമാക്കുന്നത്. ഈ പദപ്രയോഗത്തിലൂടെ അറബി സാഹിത്യത്തിലെ അതികായന്മാരെയും ആധുനിക ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരെയും അതിശയിപ്പിക്കുകയാണ് ക്വുർആൻ ചെയ്യുന്നത്.