നമ്മുടെ രാജ്യത്തെ കോടതികൾ - 18

അബൂആദം അയ്മൻ

2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03

ഉടമസ്ഥത

ഉടമസ്ഥതകൾ പലതുണ്ട്: absolute ownership (പരിപൂർണമായ ഉടമസ്ഥത). collective ownership (കൂട്ടായുള്ള ഉടമസ്ഥത: ഒരു ബിസിനസ്സിന്റെ ഉടമസ്ഥത അതിൽ പ്രവർത്തിക്കുന്ന ജോലിക്കാർക്കായിരിക്കുന്ന അവസ്ഥ).common ownership or ownership in common (പൊതു ഉടമസ്ഥത; ഓരോരുത്തർക്കും ഒരു വസ്തുവിൽ ഒരു ഭാഗത്തിന്റെ ഉടമസ്ഥത ഉണ്ടായിരിക്കുംവിധം ഒരു സംഘം ആളുകളുടെ ആ വസ്തുവിന്മേലുള്ള ഉടമസ്ഥത). contingent ownership (ചില വ്യവസ്ഥകൾ നിറവേറ്റപ്പെട്ടുകഴിയുമ്പോൾ പരിപൂർണമാകുന്ന ഉടമസ്ഥത). joint ownership (കൂട്ടുടമസ്ഥത; ഒരേ വസ്തുവിന്റെ ഉടമസ്ഥത രണ്ടോ അതിലധികമോ പേർക്ക് ഉണ്ടായിരിക്കുന്ന അവസ്ഥ). legal ownership (നിയമാനുസൃത ഉടമസ്ഥത). limited ownership (പൂർണമായതല്ലാത്ത -ഒരു പരിമിതകാലത്തേക്കു മാത്രമായതോ ഭാഗികമായതോ ആയ- ഉടമസ്ഥത). multiple ownership (എന്തിന്റെയെങ്കിലും ഉടമസ്ഥത പലർക്കായിരിക്കുന്ന അവസ്ഥ). private ownership (സ്വകാര്യ ഉടമസ്ഥത; ഉടമസ്ഥത സ്വകാര്യവ്യക്തിക്ക് ആയിരിക്കുന്ന അവസ്ഥ). public ownership or state ownership (ഒരു വ്യവസായം ദേശ സാൽക്കരിക്കപ്പെട്ടിരിക്കുന്ന അവസ്ഥ). sole ownership (ഒരു ബിസിനസ്സിന്റെ ഉടമസ്ഥത ഒരാൾക്കു മാത്രമായിരിക്കുന്ന അവസ്ഥ). vested ownship (ഉടമസ്ഥത നിക്ഷിപ്തമായിക്കഴിഞ്ഞ അവസ്ഥ, ഉടമസ്ഥത പൂർണമായിരിക്കുന്ന അവസ്ഥ).

കൈവശരീതികൾ

Actual possession (യഥാർഥമായുള്ള കൈവശം. വസ്തുവിന്റെയു കെട്ടിടങ്ങളുടെയും അതിലെ താമസത്തോടുകൂടിയുള്ള കൈവശം). adverse possession (എതിർ കൈവശം; ഒരു വസ്തുവിന്റെ യഥാർഥ ഉടമയ്ക്ക് അവകാശം നിഷേധിച്ചുകൊണ്ട് ആ അവകാശത്തിനെതിരായി, പ്രസ്തുത വസ്തു ഒരു അന്യൻ അവകാശരൂപേണ പരസ്യമായും തുടർച്ചയായും 12 വർഷത്തിൽ കൂടുതൽ കൈവശംവച്ച് അനുഭവിച്ചുകഴിഞ്ഞാൽ, ആ എതിർകൈവശക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള അവകാശം യഥാർഥ ഉടമയ്ക്ക് നഷ്ടപ്പെടുന്നതാണ്). constructive possession (യഥാർഥ കൈവശത്തിൽനിന്ന് വ്യതിരിക്തമായി ഉടമയുടെ നിയമദൃഷ്ട്യാ ഉള്ളതായ കൈവശം. ഉദാ: പാട്ടക്കാരനിലൂടെയുള്ള ഉടമയുടെ കൈവശം; പ്രതിനിധി അല്ലെങ്കിൽ കാര്യസ്ഥൻ മുഖേനയുള്ള ഉടമയുടെ കൈവശം).continued possession (തുടർച്ചയായുള്ള കൈവശം). immediate possession (നേരിട്ടുള്ള കൈവശം).joint possession (കൂട്ടുകൈവശം). lawful possession (നിയമാനുസൃത കൈവശം). possession in law (വസ്തുവിന്റെയും കെട്ടിടങ്ങളുടെയും, അതിൽ താമസിക്കാതെ തന്നെയുള്ളതായ ഉടമസ്ഥത).

കേസിന്റെ തുടക്കം

വാദി (Plaintiff) തന്റെ അന്യായം (Plaint) കോടതിയിൽ ബോധിപ്പിക്കുന്നതോടെയാണ് വ്യവഹാരത്തിന് (litigation) തുടക്കമാകുന്നത്. ഈ ആദ്യ വ്യവഹാരം original suit) അത് വിചാരണചെയ്യുന്നതിനുള്ളതായ അധികാരം (metal jurisdiction) നൽകപ്പെട്ടിരിക്കുന്ന കോടതിയിലായിരിക്കണം ബോധിപ്പിക്കേണ്ടത്. അന്യായം കോടതിയിൽ ഹാജരാക്കിയാൽ അത് നമ്പരിട്ട് പ്രതി (defendant) ക്ക് കോടതിയിൽ ഹാജരാകാനുള്ള കൽപന (summons) അയയ്ക്കുന്നു. പ്രതി സമൻസ് പ്രകാരമുള്ള തീയതിയിൽ കോടതിയിൽ ഹാജരായി, അന്യായത്തിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് തർക്ക ങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ, ആയത് രേഖാമൂലം സമർപ്പിക്കേണ്ടതാണ്. അന്യായത്തിലെ ആരോപണങ്ങൾ എല്ലാമോ, ഏതെങ്കിലുമോ നിഷേധിച്ചുകൊണ്ട് ഇപ്രകാരം പ്രതി ഹാജാക്കുന്ന രേഖയാണ് പത്രിക (written statement). പ്രതിയുടെ പത്രികയ്ക്കുള്ള മറുപടിയായ വിവരപ്പത്രിക (replication) വാദിയും ഹാജരാക്കുന്നതാണ്. വാദിയുടെ വിവരപ്പത്രികയ്ക്കുള്ള മറുപടി (rejoinder) പ്രതി ഹാജരാക്കുന്നതായാൽ, അതിനുള്ള മറുപടി (surrejoinder) വാദിയും കോടതിയിൽ ഹാജരാക്കുന്നതായിരിക്കും.

ഇരുപക്ഷത്തുനിന്നും ഹാജരാക്കിയിട്ടുള്ള രേഖകളെല്ലാം പരിശോധിച്ചശേഷം, കേസിൽ തീരുമാനിക്കേണ്ടിയിരിക്കുന്നതായ തർക്കവിഷയങ്ങൾ (issues)കോടതി തീരുമാനിക്കുന്നതായിരിക്കും. വസ്തുതാസംബന്ധമായ തർക്കവിഷയങ്ങൾ (issues of facts), നിയമസംബന്ധമായ തർക്കവിഷയങ്ങൾ (issues of law) എന്നിങ്ങനെ രണ്ടുതരത്തിലുള്ള തർക്കവിഷയങ്ങളുണ്ട്. ഇവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും കേസിലെ വാദമുഖങ്ങൾ (points). കക്ഷികൾ ആശ്രയിക്കുന്ന പ്രമാണങ്ങൾ വാദമുഖങ്ങൾ നിശ്ചയിക്കുമ്പോഴോ, അതിനുമുമ്പോ ആയി പട്ടിക (list) സഹിതം കോടതിയിൽ ഹാജരാക്കിയിരിക്കേണ്ടതുണ്ട്. അടുത്തതായി ഇരുകക്ഷികളും തങ്ങളുടെ സാക്ഷികളുടെ (witness) പട്ടിക കോടതിയിൽ ഹാജരാക്കിയിരിക്കണം.

തെളിവുകൾ

സിവിൽ കേസുകൾ വിചാരണചെയ്ത് തീർപ്പുകൽപിക്കുന്ന കാര്യത്തിൽ തെളിവുകൾക്ക് (evidence or proof) മുഖ്യപങ്കുണ്ട്. തെളിവുകൾ ബഹുവിധമുണ്ടുതാനും. കോടതിയിൽ നിയമാനുസരണം സ്വീകരിക്കാനാവുന്ന തെളിവ് (admissible evidence) ആണ് ഇവയിൽ ഒരിനം. പ്രത്യക്ഷ തെളിവ് (direct evidence), സാക്ഷിമൊഴി, അസൽ പ്രമാണം മുതലായവയാണ്. രേഖാമൂലതെളിവുകളിൽ (documentary evidence) പ്രമാണങ്ങൾ, കരാറുകൾ മുതലായവ ഉൾപ്പെടും. ഒരു പ്രമാണത്തിന്റെ വ്യാഖ്യാനത്തിന് ഉപയോഗിക്കുന്ന തെളിവുകളാണ് ഇതിലേക്ക് അതിൽത്തന്നെയുള്ളതായ തെളിവ് (intrinsic evidence), അതിൽത്തന്നെയുള്ള അല്ലാത്തതായ തെളിവ് (extrinsic evidence) എന്നിവ. സംഗതമായ തെളിവ് (relevant evidence), അസംഗതമായ തെളിവ് (irrelevant evidence), കേസിൽ വളരെ സംഗതമായ സുപ്രധാന തെളിവ് (material evidence), പ്രഥമദൃഷ്ട്യാ ഉള്ള തെളിവ് (primafacie evidence), വാങ്മൂല തെളിവ് (oral evidence), ശരിയെന്ന് തനിക്ക് ബോധ്യമുള്ള വസ്തുതകളെ അടിസ്ഥാനമാക്കി സാക്ഷി നൽകുന്ന മൊഴി (original evidence), കേട്ടുകേൾവിയെ അടിസ്ഥാനമാക്കി സാക്ഷി നൽകുന്ന (primary evidence); പ്രാഥമിക തെളിവ് (secondary evidence), അസൽ പ്രമാണം, ദൃക്‌സാക്ഷി നൽകുന്ന മൊഴി, നല്ല തെളിവിന്റെ അഭാവത്തിൽ സ്വീകരിക്കുന്ന രണ്ടാംതരം തെളിവ് (secondary evidence), അസൽ പ്രമാണത്തിന്റെ പകർപ്പ്, സാഹചര്യ തെളിവ് (circumstantial evidence), ഉപോദ്ബലകതെളിവ് അഥവാ നൽകിയിട്ടുള്ള തെളിവിനെ ദൃഢീകരിക്കുന്നതായ തെളിവ് (corroborative.evidence), വ്യാജ തെളിവ് (false evidence), കള്ളപ്രമാണം കെട്ടിച്ചമച്ച തെളിവ് (fabricated evidence), നിർണായക തെളിവ് അഥവാ ഖണ്ഡിതമായ തെളിവ് (conclusive evidence), കോടതിയിൽ ഹാജരാക്കിയിട്ടുള്ള തെളിവ് (evidence on record) ഇങ്ങനെ പോകുന്നു തെളിവുകളുടെ തരംതിരിവുകൾ. burden of proof or onus of proof (തെളിവു ഭാരം), കോടതിയിൽ ഒരാൾക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം ശരിയെന്നു തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്തം. (ക്രിമിനൽ കേസിൽ പ്രതി കുറ്റക്കാരനെന്നു തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്തം പ്രോസിക്യൂഷനാണ്).