നമ്മുടെ രാജ്യത്തെ കോടതികൾ - 14

അബൂആദം അയ്മൻ

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

തിരഞ്ഞെടുപ്പു ട്രൈബ്യൂണൽ

തിരഞ്ഞെടുപ്പുകേസുകൾ കേൾക്കുന്ന ട്രൈബ്യൂണലാണ് തിരഞ്ഞെടുപ്പു ട്രൈബ്യൂണൽ (Election Tribunal). പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച കേസുകൾ ഹൈക്കോടതി ജഡ്ജിയും, കോർപ്പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള തിരഞ്ഞെടുപ്പു സംബന്ധിച്ച കേസുകൾ ജില്ലാ ജഡ്ജിയും, പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച കേസുകൾ മുൻസിഫും ആയിരിക്കും കേൾക്കുന്നത്.

സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ

അഖിലേന്ത്യാ സർവീസിലെ അംഗങ്ങൾ, കേന്ദ്രഗവണ്മെന്റിൽ ഏത് തസ്തികയിലുമുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ നിയമനം, സേവനവ്യവസ്ഥകൾ എന്നിവ സംബന്ധിച്ച തർക്കങ്ങളിന്മേലും പരാതികളിന്മേലും തീർപ്പുകൽപിക്കുന്നതിന് നിയുക്തമായ ട്രൈബ്യൂണലാണ് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (Central Administrative Tribunal - CAT).

ചെയർമാൻ, വൈസ് ചെയർമാൻ, ജുഡീഷ്യൽ മെംബർമാർ, അഡ്മിനിസ്‌ട്രേറ്റീവ് മെംബർമാർ എന്നിവരടങ്ങുന്നതാണ് ട്രൈബ്യൂണൽ. ചെയർമാനും വൈസ് ചെയർമാന്മാരും ഹൈക്കോടതി ജഡ്ജിമാരായിരുന്നവരോ, അല്ലെങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽസ് ആക്ട് (1985) നിർദേശിക്കുന്ന യോഗ്യതകളുള്ള കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥരോ ആയിരിക്കും. ജുഡീഷ്യൽ മെംബർമാർ ഹൈക്കോടതി ജഡ്ജിമാരോ, ഹൈക്കോടതി ജഡ്ജിമാരാകാൻ യോഗ്യതയുള്ള കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥരോ ആയി രിക്കുന്നതാണ്. ആക്ട് നിർദേശിക്കുന്ന യോഗ്യതകളുള്ള കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥരായിരിക്കും അഡ്മിനിസ്‌ട്രേറ്റീവ് മെംബർമാർ. രാഷ്ട്രപതിയാണ് ഇവരുടെ നിയമനങ്ങൾ നടത്തുന്നത്.

ചെയർമാനും ഒരു ജൂഡീഷ്യൽ മെംബറും ഒരു അഡ്മിനിസ്‌ട്രേറ്റീവ് മെംബറും തുടങ്ങുന്നതാണ് ട്രൈബ്യൂണൽ ബെഞ്ച്. ചെയർമാൻ പ്രിസൈഡിംഗ് ഓഫീസറായുള്ള പ്രിൻസിപ്പൽ ബെഞ്ച് ഡൽഹിയിലും, വൈസ് ചെയർമാന്മാർ, ആക്ടിംഗ് ചെയർമാന്മാർ എന്ന നിലയിൽ പ്രിസൈഡിംഗ് ഓഫീസർമാരായുള്ള അഡീഷണൽ ബെഞ്ചുകൾ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും പ്രവർത്തിച്ചുപോരുന്നു. ഉത്തരവിന്മേൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽസ് ആക്ടിലെ വ്യവസ്ഥപ്രകാരം സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കായി സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് മാതൃകയിൽ സ്ഥാപിതമായ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (State Administrative Tribunal) സംസ്ഥാനങ്ങളിലും പ്രവർത്തിച്ചുപോരുന്നുണ്ട്.

സായുധസേനാ ട്രൈബ്യൂണൽ

കര, നാവിക, വ്യോമസേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട സിവിൽ സർവീസ് കേസുകൾ വിചാരണചെയ്ത് തീർപ്പുകൽപിക്കുന്ന ട്രൈബ്യൂണലാണ് സായുധസേനാ ട്രൈബ്യൂണൽ (Armed Forces Tribunal). സിവിൽ കോടതികളിലും സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും; ഈ മൂന്ന് സേനാവിഭാഗങ്ങളിലുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളും കോർട്ട് മാർഷൽ (സൈനിക കോടതി) ഉത്തരവിന്മേൽ ഹൈക്കോടതികൾ മുമ്പാകെയുള്ള അപ്പീലുകളും ഹൈക്കോടതിയുടെ അധികാരമുള്ള ഈ ട്രൈബ്യൂണലിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. ട്രൈബ്യൂണലിന്റെ വിധിയിന്മേൽ സുപ്രീം കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം. ചെയർമാനു പുറമെ വേണ്ടത്ര ജുഡീഷ്യൽ മെമ്പർമാരും അഡ്മിനിസ്‌ട്രേറ്റീവ് മെമ്പർമാരും അടങ്ങുന്നതാണ് ഈ ട്രൈബ്യൂണൽ. ഒരു മുൻ സുപ്രീം കോടതി ജഡ്ജിയോ, ഒരു മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കും ട്രൈബ്യൂണൽ ചെയർമാൻ. ജുഡീഷ്യൽ മെംബർമാർ റിട്ടയർ ചെയ്ത ഹൈക്കോടതി ജഡ്ജിമാരും, അഡ്മിനിസ്‌ട്രേറ്റീവ് മെംബർമാർ മേജർ ജനറൽ-റിയർ അഡ്മിറൽ-എയർ മാർഷൽ റാങ്കുകളിൽ താഴെയല്ലാത്തവരും, ഒരു വർഷമെങ്കിലും ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (സൈന്യത്തെ സംബന്ധിക്കുന്നതായ നിയമപരമായ കാര്യങ്ങളിൽ ഉപദേശം നൽകുന്നതിനുവേണ്ടി കേന്ദ്രഗവണ്മെന്റ് നിയമിക്കുന്ന അഭിഭാഷകൻ) ആയി സേവനമനുഷ്ഠിച്ചിട്ടുള്ളവരുമായിരിക്കും. ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ച് ഡൽഹിയിലാണ്. കൊച്ചിയിലാണ് റീജിയനൽ ബെഞ്ചുകളിലൊന്ന്.

റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ

ഇന്ത്യൻ റെയിൽവേ മൂലം, ജനങ്ങളുടെ ജീവനും സ്വത്തിനും നേരിടുന്ന നഷ്ടങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക നിർണയിക്കുന്നതിന് നിയുക്തമായിട്ടുള്ള ട്രൈബ്യൂണലാണ് ഇത്. ചെയർമാൻ, വൈസ് ചെയർമാൻ, ജുഡീഷ്യൽ മെംബർമാർ എന്നിവരടങ്ങുന്നതാണ് ഈ ട്രൈബ്യൂണൽ. ഹൈക്കോടതി ജഡ്ജിയോ, ഹൈക്കോടതി ജഡ്ജിയാകാൻ യോഗ്യതയുള്ളയാളോ ആയിരിക്കും ചെയർമാൻ, വൈസ് ചെയർമാന്മാരും ജുഡീഷ്യൽ മെംബർമാരും ഹൈക്കോടതി ജഡ്ജിയാകാൻ യോഗ്യതയുള്ളവരോ, അല്ലെ ങ്കിൽ റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ ആക്ട് (1988) നിർദേശിക്കുന്ന യോഗ്യതകളുള്ള കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥരോ ആയിരിക്കുന്നതാണ്. ആക്ട് നിർദേശിക്കുന്ന യോഗ്യതകളുള്ളവരായിരിക്കും ടെക്‌നിക്കൽ മെംബർമാർ. ഇവരുടെ നിയമനങ്ങൾ രാഷ്ട്രപതിയാണ് നടത്തുന്നത്. ചെർമാനോ അല്ലെങ്കിൽ ആക്ടിംഗ് ചെയർമാൻ എന്ന നിലയിൽ വൈസ് ചെയർമാനോ അധ്യക്ഷനായുള്ള ട്രൈബ്യൂണൽ ബെഞ്ചിൽ, ഒരു ജൂഡിഷ്യൽ മെംബറും ഒരു ടെക്‌നിക്കൽ മെംബറും ഉണ്ടായിരിക്കുന്നതാണ്. ഇത്തരം ട്രൈബ്യൂണൽ ബെഞ്ചുകൾ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ട്രൈബ്യൂണൽ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്.

യൂണിവേഴ്‌സിറ്റി അപ്പലെറ്റ് ട്രൈബ്യൂണൽ

സംസ്ഥാന സർവകലാശാലകളുടെ കീഴിലുള്ള സ്വകാര്യ കോളേജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും നിയനമന ഉത്തരവകൾക്കെതിരായ അപ്പീലുകൾ, അവരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവുകളിന്മേലുള്ള അപ്പീലുകൾ എന്നിവ കേട്ട് തീർച്ചചെയ്യുന്ന ട്രൈബ്യൂണാണ് യൂണിവേഴ്‌സിറ്റി അപ്പലെറ്റ് ട്രൈബ്യൂണൽ (Universtiy Appellate Tribunal). ഇവർക്കെതിരായ അച്ചടക്കനടപടികൾ തീരുമാനിക്കുന്നതിനും ട്രൈബ്യൂണലിന് അധികാരമുണ്ട്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ആളെയാണ് ട്രൈബ്യൂണലായി നിയോഗിക്കുക. വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

ട്രാൻസ്‌പോർട്ട് അപ്പലെറ്റ് അതോറിറ്റി

ട്രാൻസ്‌പോർട്ട് ബസ്സുകൾ, പ്രൈവറ്റ് ബസ്സുകൾ, മറ്റ് മോട്ടോർ വാഹനങ്ങൾ മുതലായവയ്ക്ക് പെർമിറ്റ് നിരസിക്കുകയോ, അനധികൃതമായി പെർമിറ്റ് നൽകുകയോ ചെയ്തുകൊണ്ടുള്ള റീജനൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ ഉത്തരവുകളിന്മേലുള്ള അപ്പീലുകൾ തീർച്ചചെയ്യുന്ന അധികാരിയാണ് ഇത്. ജില്ല ജഡ്ജിയുടെ പദവിയിലുള്ള ആളായിരിക്കും ഈ സ്ഥാനത്തിരുന്ന് അപ്പീലുകൾ കേൾക്കുക. വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

വക്വ‌്ഫ് ട്രൈബ്യൂണൽ

വക്വ‌്ഫ് ബോർഡിന്റെ സ്വത്തുക്കൾ സംബന്ധിച്ച തർക്കങ്ങളിന്മേൽ (വസ്തു വക്വ‌്ഫ് ബോർഡ് വകയാണോ, അല്ലെങ്കിൽ വസ്തു സുന്നി വക്വ‌്ഫ് ആണോ, അല്ലെങ്കിൽ വസ്തു ശിയാ വക്വ‌്ഫ് ആണോ എന്ന്) തീർപ്പുകൽപിക്കുന്ന ട്രൈബ്യൂണലാണ് ഇത്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളയാളെയാണ് ട്രൈബ്യൂണലായി നിയോഗിക്കുക. വിധിയിന്മേൽ അപ്പീലിനു വ്യവസ്ഥയില്ല. എന്നാൽ സ്വമേധയായോ കക്ഷികളുടെ അപേക്ഷകളിന്മേലോ ഹൈക്കോടതിക്ക് ട്രൈബ്യൂണൽ രേഖകൾ വരുത്തി ഉത്തരവിന്റെ നിയമസാധുത പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്താവുന്നതാണ്.