നമ്മുടെ രാജ്യത്തെ കോടതികൾ - 07

അബൂആദം അയ്‌മൻ

2022 ആഗസ്റ്റ് 13, 1442 മുഹർറം 14

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (Executive Magistrate) തന്റെ അധികാര പ്രദേശത്ത് സമാധാനലംഘനം, ജനങ്ങൾക്ക് വിനാശകരമായ പ്രവൃത്തികൾ എന്നിവ തടയുകയും, ഇവയ്‌ക്കെല്ലാം എതിരെ പൊതു ജനങ്ങൾക്ക് വേണ്ട സംരക്ഷണം നൽകുകയും, അവർക്കിടയിൽ സമാധാനവും ശാന്തതയും നിലനിറുത്തുകയും ചെയ്യുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ്.

ഇതിലേക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർക്ക് ഗവൺമെന്റ് വിപുലമായ അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ ജില്ലയിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ തലവനാണ്. ആർഡിഒ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് പദവിയുള്ള സബ്ഡിവിഷനൽ മജിസ്‌ട്രേറ്റുമാണ്. ഗവണ്മെന്റിന് ആവശ്യമെന്നു വന്നാൽ ആർ.ഡി.ഒമാർ, ഡപ്യൂട്ടി കലക്ടർമാർ മുതലായ ഭരണാധികാരികളിൽനിന്നും ആവശ്യമായത്ര എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിക്കാവുന്നതാണ്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരിൽനിന്നും ഗവണ്മെന്റിന് അഡീഷനൽ ഡിസ്ട്രിക്ട് മജ്‌സ്‌ട്രേറ്റുമാരെയും നിയമിക്കാവുന്നതാണ്.

അന്യായമായി തടങ്കലിൽ വച്ചിട്ടുള്ളവരെ മോചിപ്പിക്കുന്നതിനും, രാജ്യദ്രോഹപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെക്കൊണ്ട് ക്രിമിനൽ നടപടി 108-ാം വകുപ്പു പ്രകാരവും, കുറ്റകൃത്യം നടത്താൻ ഒളിവിൽ കഴിയുന്നവരെന്ന് സംശയിക്കപ്പെടുന്നവരെക്കൊണ്ട് 109-ാം വകുപ്പുപ്രകാരവും, പതിവു കുറ്റവാളികളെക്കൊണ്ട് 110-ാം വകുപ്പുപ്രകാരവും, തനിച്ചോ ജാമ്യക്കാരനെയും കൂട്ടിയോ നല്ലനടപ്പു ജാമ്യം എടുപ്പിക്കുന്നതിനും, സമാധാനലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെക്കൊണ്ട് 107-ാം വകുപ്പുപ്രകാരം തനിച്ചോ ജാമ്യക്കാരെയും കൂട്ടിയോ സമാധാനപാലന ജാമ്യം എടുപ്പിക്കുന്നതിനും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അധികാരമുണ്ടായിരിക്കും.

പൊതുസമാധാനം തകരാറിലാക്കാൻ സാധ്യതയുള്ള നിയമവിരുദ്ധ സംഘത്തോട് പിരിഞ്ഞുപോകാൻ ക്രിമിനൽ നടപടി നിയമം 129-ാം വകുപ്പു ആവശ്യപ്പെടുന്നതിനും, പിരിഞ്ഞുപോകാത്തപക്ഷം 130-ാം വകുപ്പു പ്രകാരം സായുധസേനയെക്കൊണ്ട് ബലം പ്രയോഗിച്ച് അവരെ പിരിച്ചുവിടുന്നതിനും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അധികാരമുണ്ട്.

ആസന്നമായ വിപത്തുകളും സംഘർഷാവസ്ഥയും ഒഴിവാക്കുന്നതിനുള്ള അടിയന്തിര നടപടിയെന്ന നിലയിൽ. സംഘർഷബാധിത പ്രദേശത്ത് അഞ്ചോ അതിലധികമോ ആളുകൾ സംഘം ചേരുന്നതും, ജനങ്ങൾ പ്രകടനങ്ങളോ കൂട്ടംചേരലുകളോ, യോഗങ്ങളോ നടത്തുന്നതും മറ്റും ക്രിമിനൽ നടപടിനിയമം 144-ാം വകുപ്പു പ്രകാരം ഒരു നിർദിഷ്ട കാലയളവിലേക്ക്-പരമാവധി രണ്ടു മാസത്തേക്ക്-നിരോധിച്ചു കൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കുന്നതിനും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അധികാരമുണ്ട്.