മുൻവിധിയരുത്

ഉസ്മാന്‍ പാലക്കാഴി

2022 ഡിസംബർ 10, 1444 ജുമാദുൽ ഊല 15

തീവണ്ടി വളരെ വേഗത്തിൽ പായുകയാണ്. പത്തുവയസ്സുകാരനായ ആ കുട്ടി ആശ്ചര്യത്തോടെ പുറത്തേക്കു നോക്കി പലതും വിളിച്ചു പറയുന്നു. അവൻ വളരെ ആവേശഭരിതനാണ്. ഇടയ്ക്കിടെ അവൻ സീറ്റിൽ നിന്ന് ചാടുന്നുണ്ട്.

തീവണ്ടിയുടെ ജനലിലൂടെ പുറത്തേക്കു കൈയിട്ട് വിരൽ ചൂണ്ടിക്കൊണ്ട് അവൻ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു:

“ബാബാ, നോക്കൂ ബാബാ! മരങ്ങളും വീടുകളും നമ്മുടെ പിന്നിലേക്ക് ഓടിപ്പോകുന്നു...!’’

അവന്റെ ഉപ്പയും ഉമ്മയും അതുകേട്ട് ചിരിച്ചു. അവരുടെ മുഖത്തും വല്ലാത്ത സന്തോഷം പ്രകടമാണ്.

എതിർ സീറ്റിൽ ഇരിക്കുകയായിരുന്ന മധ്യവയസ്‌കരായ ദമ്പതികൾ ഇതിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. പത്തുവയസ്സുകാരന്റെ ബാലിശമായ പെരുമാറ്റം അവർക്ക് ഇഷ്ടപ്പെടാത്ത പോലെ.

പെട്ടെന്ന് അവൻ വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞു:

“ബാബാ, നോക്കൂ... മേഘങ്ങൾ ഓടുന്നു! മേഘങ്ങൾ നമ്മോടൊപ്പം ഓടുന്നു...ആഹാ...എന്തു രസം!’’

എതിർ സീറ്റിലിരിക്കുന്ന സ്ത്രീക്ക് സഹിക്കാൻ കഴിയുന്നില്ല. അവൾ ഭർത്താവിന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. അതുകേട്ട് അയാൾ തലയാട്ടി. അവൾ കുട്ടിയുടെ ഉപ്പയോട് പറഞ്ഞു:

“ഇവനെന്താ ആദ്യമായി വാഹനത്തിൽ കയറുകയാണോ? കണ്ടാൽ എട്ടുപത്ത് വയസ്സായതായിതോന്നും. എന്നിട്ടും കൊച്ചുകുട്ടിയെ പോലെ പെരുമാറുന്നു. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാതെ യാത്രചെയ്യാൻ ശീലിപ്പിച്ചുകൂടേ? ഇനി വല്ല അസുഖവുമാണെങ്കിൽ ഇവനെ ഒരു നല്ല ഡോക്ടറെ കാണിച്ചുകൂടേ...?’’

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: “അതെ, ഞങ്ങൾ അവനെ ഡോക്ടറെ കാണിച്ചിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ ആശുപത്രിയിൽനിന്നും മടങ്ങുകയാണ്. അവിടെ ഞങ്ങളുടെ എന്റെ ഈ മകൻ കുറെ ദിവസങ്ങളായി അഡ്മിറ്റായിരുന്നു. ഞങ്ങൾക്ക് ആകെയുള്ള കുട്ടിയാണ് ഇവൻ. ഇവൻ ജന്മനാ രണ്ടു കണ്ണുകളും കാണാത്തവനായിരുന്നു. ഓപ്പറേഷനിലൂടെ അവന് കാഴ്ച ലഭിച്ചിട്ട് പത്തു ദിവസമേ ആയിട്ടുള്ളൂ...’’ ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഇതു കേട്ടപ്പോൾ ആ സ്ത്രീയുടെ തല താഴ്ന്നു. അവൻ ലോകം കാണാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അതുകൊണ്ട് അവന്റെ ആവേശവും ആകാംക്ഷയും ചെറുതല്ല. അതിനാലാണ് അവൻ പരിസരം മറന്ന് സന്തോഷത്തോടെ ഓരോന്ന് വിളിച്ചു പറയുന്നത്.

കുട്ടികളേ, ഓരോരുത്തരുടെയും അവസ്ഥകൾ നമുക്കറിയില്ല. അതിനാൽ നമുക്ക് അനാവശ്യമായി ആളുകളെ വിധിക്കാതിരിക്കാൻ ശ്രമിക്കാം. നമ്മൾ മര്യാദയുള്ളവരായിരിക്കണം. അനാവശ്യമായി അഭിപ്രായം പറയരുത്.

നമ്മുടെ നബി(സ്വ) പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ല വാക്ക് പറയയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.’’

ആരെയെങ്കിലും അറിയുന്നതിന് മുമ്പ് ഒന്നും പറയാതിരിക്കാൻ ശ്രമിക്കാം. മുൻവിധിയോടെ ഒന്നും പറയരുത്. അത് പലപ്പോഴും മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കും.