ഒരു മാറ്റത്തിന്റെ കഥ

മുഹമ്മദ് അജ്‌മൽ അൽഹികമി - മുണ്ടക്കയം

2022 ഡിസംബർ 10, 1444 ജുമാദുൽ ഊല 15

ഖലീഫ ഉമറി(റ)നെ കാണാനായി ശാമിൽനിന്ന് ഇടയ്ക്കിടെ വന്നിരുന്ന ദരിദ്രനായ ഒരു മനുഷ്യനുണ്ടായിരുന്നു. ആ വ്യക്തിയെ കുറച്ചുകാലം കാണാതിരുന്നപ്പോൾ കൂടെയുള്ളവരോട് അദ്ദേഹത്തെക്കുറിച്ച് ഖലീഫ അന്വേഷിച്ചു. അവർ പറഞ്ഞു: “ഒരു മദ്യപനെയാണോ താങ്കൾ അന്വേഷിക്കുന്നത്?’’

ഉടനെ ഉമർ(റ) തന്റെ എഴുത്തുകാരനെ വിളിച്ചുകൊണ്ട് എഴുതാൻ ആവശ്യപ്പെട്ടു: “ഉമറുബ്‌നുൽ ഖത്ത്വാബിൽനിന്ന് ഇന്നാലിന്ന വ്യക്തിക്ക് എഴുതുന്നു... അല്ലാഹുവിന്റെ രക്ഷയും സമാധാനവും താങ്കൾക്കുണ്ടായിരിക്കട്ടെ, അല്ലാഹുവിന്നാകുന്നു സർസ്തുതിയും. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ പാപങ്ങൾ ഏറെ പൊറുക്കുന്നവനാണ്, അടിമകളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, അക്രമകാരികളെ കഠിനമായി ശിക്ഷിക്കുന്നവനുമാണ്. അതോടൊപ്പം വിപുലമായ കഴിവുള്ളവനുമത്രെ. അല്ലാഹു, അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവനിലേക്കാണ് എല്ലാത്തിന്റെയും മടക്കം...’’ (സൂറതുൽ ഗാഫിറിലെ ആദ്യവചനങ്ങളിലെ ആശയങ്ങളാണ് കത്തിലെ ഉള്ളടക്കം).

കത്ത് തയ്യാറാക്കിയതിനുശേഷം ഉമർ(റ) കൂടെയുള്ളവരോടായി പറഞ്ഞു: “നിങ്ങളുടെ ഈ സഹോദരൻ മനസ്സറിഞ്ഞ് പശ്ചാത്തപിക്കാനായി മുന്നിട്ടു വരാനും അല്ലാഹു അദ്ദേഹത്തിന്റെ തൗബ സ്വീകരിക്കുവാനും വേണ്ടി നിങ്ങൾ അല്ലാഹുവിനോട് പ്രാർഥിക്കുക.’’

ഉമർ(റ) മദ്യപനായ ആ വ്യക്തിക്ക് തന്റെ കത്ത് കൊടുത്തയച്ചു. ഖലീഫയുടെ കത്ത് കിട്ടിയ ആ വ്യക്തി സസൂക്ഷ്മം പല തവണ വായിച്ചു. ആവർത്തിച്ചുള്ള വായന അദ്ദേഹത്തിന്റെ ഹൃദയത്തെ പിടിച്ചു കുലുക്കി. പാപങ്ങൾ ഏറെ പൊറുക്കുന്നവൻ! തൗബ സ്വീകരിക്കുന്നവൻ! കഠിനമായി ശിക്ഷിക്കുന്നവൻ! ‘തീർച്ചയായും അല്ലാഹു അവന്റെ ശിക്ഷയെക്കുറിച്ച് എനിക്ക് താക്കീത് നൽകുന്നു. പാപങ്ങൾ പൊറുത്തു തരാം എന്ന് വാഗ്ദാനം ചെയ്യുന്നു’ ആ വ്യക്തി ആത്മഗതം ചെയ്തു.

ഹൃദയത്തിൽ തട്ടിയ വരികൾ അദ്ദേഹം ആവർത്തിച്ചുകൊണ്ടേയിരുന്നു. കണ്ണുനീർ ധാരധാരയായി ഒഴുകി. അദ്ദേഹം തന്റെ തെറ്റുകളിൽനിന്നും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി.

ഈ വ്യക്തിയുടെ മാറ്റത്തിന്റെ കഥ ഒടുവിൽ ഉമറി(റ)ന്റെ ചെവിയിലുമെത്തി. ഉടനെത്തന്നെ തന്റെ കൂടെയുള്ളവരോട് അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ ഒരു സഹോദരൻ വഴി തെറ്റിയത് കണ്ടാൽ ഇപ്രകാരം നിങ്ങൾ ചെയ്യൂ. അദ്ദേഹത്തെ നിങ്ങൾ നേരെയാക്കാൻ ശ്രമിക്കൂ. അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കാൻ നിങ്ങൾ പ്രാർഥിക്കൂ. അല്ലാതെ അവനെതിരെ പ്രവർത്തിക്കുന്ന, പിശാചിന്റെ സഹായികളായി നിങ്ങൾ മാറരുത്.’’

ഇബ്‌നു കസീർ സൂറ ഗാഫിർ രണ്ട് മൂന്ന് വചനങ്ങളുടെ വിശദീകരണത്തിൽ ഉദ്ധരിച്ച ചരിത്രമാണ് മുകളിൽ വായിച്ചത്. കേവലം ഒരു കഥ എന്നതിലുപരി ഒട്ടേറെ പാഠങ്ങൾ വിശ്വാസികൾക്കിതിലുണ്ട്. എല്ലാവരോടും ഗുണകാംക്ഷയുള്ളവരായിരിക്കണം നാം. മതമെന്നാൽ ഗുണകാംക്ഷയാണ് എന്നാണല്ലോ നബി ﷺ പഠിപ്പിച്ചത്. നമ്മുടെ സഹോദരങ്ങൾ തെറ്റുകൾ ചെയ്തവരാണെങ്കിലും അവരിൽ നന്മ കാണാൻ നമുക്ക് കഴിയണം. ഒരാളെക്കുറിച്ചും ‘അവൻ നന്നാകില്ല,’ ‘അവനോട് പറഞ്ഞിട്ട് കാര്യമില്ല,’ ‘അവന് അല്ലാഹു പൊറുത്തുകൊടുക്കില്ല’ തുടങ്ങിയ മുൻവിധിയുടെ വാക്കുകൾ പറയാൻ പാടില്ല. ഒരുപക്ഷേ, ആ വ്യക്തി നന്നായാൽ നമ്മെക്കാളും സത്യമതത്തിനും രാജ്യത്തിനും നാടിനും കുടുംബത്തിനുമെല്ലാം ഉപകാരപ്പെടുന്ന വ്യക്തിയായി മാറിയേക്കാം.