അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ)

അബൂഫായിദ

2022 നവംബർ 12, 1444 റബീഉൽ ആഖിർ 17

ഉമ്മുൽ മുഅ്മിനീൻ ഖദീജ(റ)യുടെ അമ്മാവനായ ഖൈസ് ഇബ്‌നു സഈദിന്റെ മകനാണ് അബ്ദുല്ലാഹ് ഇബ്‌നു ഉമ്മിമക്തൂം. അദ്ദേഹം ജന്മനാ അന്ധനായിരുന്നു. പ്രവാചകത്വലബ്ധിക്ക് ശേഷം കൂടുതൽ വൈകാതെ തന്നെ ഇസ്‌ലാമിന്റെ പ്രകാശത്തിലേക്ക് അദ്ദേഹം കടന്നുവന്നു. അദ്ദേഹം ഇസ്‌ലാമിൽ പ്രവേശിക്കുമ്പോൾ മുസ്‌ലിംകളുടെ അംഗസംഖ്യ അംഗുലീപരിമിതമായിരുന്നു.

ഇസ്‌ലാം സ്വീകരിച്ചതോടെ ഖബ്ബാബ്(റ), ബിലാൽ(റ) എന്നിവരെപ്പോലെ അബ്ദുല്ല(റ)യും മൃഗീയ പീഡനങ്ങൾക്ക് വിധേയനായി. ത്യാഗത്തിന്റെയും അർപ്പണത്തിന്റെയും തീച്ചൂളയിൽ അബ്ദുല്ലയുടെ വിശ്വാസം കൂടുതൽ ശക്തമായി. ശത്രുക്കളുടെ മർദനമുറകൾക്ക് അദ്ദേഹത്തിന്റെ മനക്കരുത്തിന് മങ്ങലേൽപിക്കാൻ ഒട്ടും കഴിഞ്ഞില്ല. ഇസ്‌ലാമിക പാഠങ്ങൾ പഠിക്കാനും ക്വുർആൻ സൂക്തങ്ങൾ മനപ്പാഠമാക്കാനും അന്ധനായ അദ്ദേഹം തന്റെ അധികസമയവും വിനിയോഗിച്ചു. പരിശുദ്ധ ക്വുർആൻ പഠിക്കാൻ ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയില്ല.

ഒരിക്കൽ നബി ﷺ  ക്വുറൈശി പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉത്ബത്ത് ഇബ്‌നു റബീഅത്ത്, സഹോദരൻ ശൈബത്ത്, അബൂജഹൽ, ഉമയ്യത്ത് ഇബ്‌നു ഖലഫ്, വലീദുബ്‌നു മുഗീറ എന്നീ പ്രമുഖരുമായിട്ടായിരുന്നു സംഭാഷണം

മുസ്‌ലിംകളുമായി അവർ അനുവർത്തിച്ചുവരുന്ന കർക്കശസ്വഭാവത്തിൽ അവർക്കു വല്ല പരിവർത്തനത്തിനും കാരണമായിത്തീർന്നേക്കുമോ പ്രസ്തുത സംഭാഷണം എന്ന പ്രതീക്ഷയോടെയായിരുന്നു നബി ﷺ  അവരോട് സംസാരിച്ചുകൊണ്ടിരുന്നത്.

തദവസരത്തിൽ അബ്ദുല്ലാഹ് ഇബ്‌നു ഉമ്മിമക്തൂം അവിടെ കയറിച്ചെന്നു. അദ്ദേഹം ഒരു ആയത്ത് ഓതി. നബി(സ)യോട് അതിന്റെ വിശദീകരണം ആവശ്യപ്പെട്ടു. നബി(സ)ക്ക്, അവസരോചിതമല്ലാത്ത അദ്ദേഹത്തിന്റെ ഇടപെടൽ ഇഷ്ടപ്പെട്ടില്ല. നബി ﷺ  മുഖം തിരിച്ചുകളഞ്ഞു. ക്വുറൈശി പ്രമുഖരോട് അഭിമുഖമായി വീണ്ടും സംസാരിക്കാൻ തുടങ്ങി. സംസാരം കഴിഞ്ഞു നബി ﷺ  വീട്ടിലേക്ക് തിരിക്കാൻ ഒരുങ്ങിയപ്പോഴേക്കും നബി(സ)യെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹുവിന്റെ ദിവ്യബോധനമുണ്ടായി. സൂറഃ അബസയിലെ തുടക്കത്തിലെ ഏതാനും ആയത്തുകൾ അവതരിക്കപ്പെട്ടു.

“അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. അദ്ദേഹത്തിന്റെ (നബിയുടെ) അടുത്ത് ആ അന്ധൻ വന്നതിനാൽ. (നബിയേ,) നിനക്ക് എന്തറിയാം? അയാൾ (അന്ധൻ) ഒരുവേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ. അല്ലെങ്കിൽ ഉപദേശം സ്വീകരിക്കുകയും ആ ഉപദേശം അയാൾക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാമല്ലോ. എന്നാൽ സ്വയംപര്യാപ്തത നടിച്ചവനാകട്ടെ, നീ അവന്റെ നേരെ ശ്രദ്ധ തിരിക്കുന്നു. അവൻ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാൽ നിനക്കെന്താണ് കുറ്റം? എന്നാൽ നിന്റെ അടുക്കൽ ഓടിവന്നവനാകട്ടെ, (അല്ലാഹുവെ) അവൻ ഭയപ്പെടുന്നവനായിക്കൊണ്ട്; അവന്റെ കാര്യത്തിൽ നീ അശ്രദ്ധ കാണിക്കുന്നു. നിസ്സംശയം, ഇത് (ക്വുർആൻ) ഒരു ഉൽബോധനമാകുന്നു; തീർച്ച. അതിനാൽ ആർ ഉദ്ദേശിക്കുന്നുവോ അവനത് ഓർമിച്ചുകൊള്ളട്ടെ.’’

അന്നുമുതൽ നബി ﷺ  അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂമിനെ ആദരിക്കുകയും അദ്ദേഹത്തിന് സാമീപ്യം നൽകുകയും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നിർവഹിച്ചുകൊടുക്കുകയും ചെയ്തു.

ക്വുറൈശികളുടെ ഉപദ്രവം അതിന്റെ മൂർധന്യത്തിലെത്തിയപ്പോൾ മുസ്‌ലിംകൾക്ക് ആത്മരക്ഷാർഥം മദീനയിലേക്ക് പലായനം ചെയ്യാൻ അല്ലാഹു അനുമതി നൽകിയപ്പോൾ അന്ധനായ അബ്ദുല്ല (റ) ഉറ്റവരെയും ഉടയവരെയും ത്യജിച്ച് ഒന്നാമനായിത്തന്നെ മദീനയിലേക്ക് പുറപ്പെട്ടു. മദീനയിൽ ചെന്ന അദ്ദേഹം പ്രബോധനരംഗത്ത് മിസ്അബി(റ)ന്റെ വലംകൈയായി നിലകൊണ്ടു. അദ്ദേഹം ജനങ്ങൾക്ക് ക്വുർആൻ ഓതിക്കേൾപിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു.

നബി(സ) മദീനയിലെത്തിയപ്പോൾ അബ്ദുല്ല(റ) ബിലാലി(റ)ന്റെ കൂട്ടുകാരനായിത്തീർന്നു. ബിലാൽ(റ) ബാങ്ക് വിളിച്ചാൽ അബ്ദുല്ല(റ) ഇക്വാമത്തു നിർവഹിക്കും; അദ്ദേഹം ബാങ്കുവിളിച്ചാൽ ബിലാൽ ഇക്വാമത്തും.

നബി ﷺ  വല്ലപ്പോഴും മദീന വിട്ടുപോകുമ്പോൾ അബ്ദുല്ല(റ)യെ തന്റെ പ്രതിനിധിയായി നിർത്തുമായിരുന്നു. മക്കാവിജയമടക്കം പത്തിലധികം തവണ അദ്ദേഹം മദീനയിൽ നബി ﷺ യുടെ അഭാവത്തിൽ നബി(സ)യെ പ്രതിനിധീകരിക്കുകയുണ്ടായി.

ബദ്ർ യുദ്ധാനന്തരം മുജാഹിദുകളുടെ ശ്രേഷ്ഠത പ്രകീർത്തിക്കുന്നതും രണാങ്കണത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നവരെ ആക്ഷേപിക്കുന്നതുമായ ക്വുർആൻ സൂക്തങ്ങൾ അവതരിച്ചപ്പോൾ അത് അബ്ദുല്ല(റ)യെ വേദനിപ്പിച്ചു. സൈനികസേവനത്തിന് സാധ്യമല്ലാത്ത തന്റെ ശാരീരികാവസ്ഥയോർത്ത് അദ്ദേഹം ദുഃഖിച്ചു. പ്രതിബന്ധമുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ക്വുർആൻ സൂക്തത്തിന്റെ അവതരണം അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ പ്രാർഥനപോലെ പ്രതിബന്ധമുള്ളവരെ ഒഴിച്ചുനിർത്തിക്കൊണ്ടുളള ദിവ്യസൂക്തം അവതരിക്കപ്പെട്ടു.

എങ്കിലും രക്തസാക്ഷിത്വത്തിന്റെ പുണ്യം കൈവെടിയാൻ അബ്ദു(റ) ഒരുക്കമല്ലായിരുന്നു. അദ്ദേഹം പറഞ്ഞു: ‘എന്നെ നിങ്ങൾ രണാങ്കണത്തിൽ കൊണ്ടുപോയി ഇരുവിഭാഗത്തിന്റെയും അണികൾക്കിടയിൽ നിർത്തുക. എന്നിട്ട് നമ്മുടെ പതാക എന്റെ കൈയിൽ തരിക. അന്ധനായ എനിക്ക് ഓടി രക്ഷപ്പെടാൻ കഴിയുകയില്ലല്ലോ. ഞാൻ പതാകയുമായി മരണം വരെ സമരമുഖത്ത് ഉറച്ചു നിൽക്കുകയും ചെയ്യും.’

ഹിജ്‌റ 14ാം വർഷം ഖലീഫ ഉമർ(റ) പേർഷ്യക്കാരുമായി ഒരു നിർണായക സമരത്തിന് വട്ടം കൂട്ടി. തന്റെ ഗവർണർമാർക്ക് അദ്ദേഹം ഇങ്ങനെ എഴുതി: “ആയുധം, കുതിര, പണം, യുദ്ധപരിജ്ഞാനം എന്നിവ സ്വായത്തമായുള്ള ഒരാളെയും ഒഴിവാക്കാതെ ഉടൻ മദീനയിലേക്കയക്കുക.’’

ഉമറി(റ)ന്റെ കൽപനയനുസരിച്ച് മുസ്‌ലിംകൾ മദീനയിലേക്ക് ഒഴുകിയെത്തി. ആരും ഒഴിഞ്ഞുനിന്നില്ല. അക്കൂട്ടത്തിൽ അന്ധനായ അബ്ദുല്ലയുമുണ്ടായിരുന്നു..

സഅദുബ്‌നു അബീവക്വാസി(റ)നെ ഉമർ(റ) നായകനായി നിയമിച്ചു. സൈന്യം ഖാദിസിയ്യായിൽ എത്തിച്ചേർന്നു. അബ്ദുല്ല പടയങ്കിയണിഞ്ഞു. ഇസ്‌ലാമിന്റെ പതാക വലതുകൈയിൽ പിടിച്ചു, സമരമുഖത്ത് നിലയുറപ്പിച്ചു. ലോകചരിത്രത്തിൽ തുല്യതയില്ലാത്ത, ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും ഗാഥ രചിച്ച മൂന്നുദിവസങ്ങളിൽ ഒട്ടേറെ പേർ രക്തസാക്ഷികളായി; കൂട്ടത്തിൽ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂമും ഉണ്ടായിരുന്നു.