മക്കാവിജയം

ഹുസൈന്‍ സലഫി 

2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26

(മുഹമ്മദ് നബി ﷺ : 57)

ഹുദയ്ബിയയില്‍ വെച്ച് ഉണ്ടാക്കിയ കരാര്‍ മുസ്‌ലിംകള്‍ അക്ഷരംപ്രതി പാലിച്ചു. യാതൊരു വീഴ്ചയും വരുത്തിയില്ല. ആ കരാര്‍ മക്കയിലെ മുശ്‌രിക്കുകളും മദീനയിലെ മുസ്‌ലിംകളും തമ്മില്‍ മാത്രമായിരുന്നില്ല; ഇരുകൂട്ടര്‍ക്കും വിവിധ സഖ്യകക്ഷികളും ഉണ്ടായിരുന്നു. പരസ്പരം അക്രമിക്കാന്‍ പാടില്ല എന്ന കരാര്‍ സഖ്യകക്ഷികള്‍ക്കും ബാധകമായിരുന്നു.

മുശ്‌രിക്കുകളുമായി സഖ്യമുണ്ടാക്കിയവരായിരുന്നു ബനൂബകര്‍ ഗോത്രം. ഇവര്‍ മുസ്‌ലിംകളുടെ സഖ്യകക്ഷിയായ ഖസാഅ ഗോത്രത്തെ ആക്രമിച്ചു. തീര്‍ത്തും അകാരണമായിട്ടായിരുന്നു ആ അക്രമം. ഈ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകള്‍ ബനൂബകര്‍ ഗോത്രത്തിന് ആയുധങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്തു. കൂടാതെ, രാത്രി വളരെ രഹസ്യമായി ബനൂബകര്‍ ഗോത്രത്തോടൊപ്പം ചേര്‍ന്ന് ഖുസാഅ ഗോത്രത്തെ അക്രമിക്കികുകയും ചെയ്തു. ഇതോടെ ഹുദയ്ബിയയില്‍ വെച്ച് എഴുതിയ കരാര്‍ തീര്‍ത്തും മക്കയിലെ മുശ്‌രിക്കുകള്‍ ലംഘിച്ചു. മക്കയിലെ മുശ്‌രിക്കുകള്‍ ബനൂബകര്‍ ഗോത്രത്തെ സഹായിക്കുന്നുണ്ടെന്ന വിവരം ഖുസാഅ ഗോത്രത്തിന് ലഭിച്ചപ്പോള്‍ അവര്‍ നബി ﷺ യോട് സഹായം ആവശ്യപ്പെട്ടു. നബി ﷺ സഹായം വാഗ്ദാനം നല്‍കി.

സന്ധി ലംഘിച്ച ക്വുറയ്ശികളുമായി പോരാടാന്‍ നബി ﷺ ഹിജ്‌റ എട്ടാം വര്‍ഷം റമദാന്‍ പത്തിന് വമ്പിയ ഒരു സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. പുറപ്പാടിന്റെ വിവരം ക്വുറയ്ശികള്‍ അറിയാതിരിക്കാന്‍ നബി ﷺ അത് അതീവ രഹസ്യമാക്കി വെച്ചു. അതിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുകയും ചെയ്തു. ചാരന്മാരെ സൂക്ഷിക്കാനായി നബി ﷺ സ്വഹാബിമാര്‍ക്ക് നിര്‍ദേശം നല്‍കി. മദീനയില്‍നിന്നും മക്കയിലേക്ക് പുറപ്പെട്ട നബി ﷺ യുടെ സൈന്യത്തിന്റെ കൂടെ വഴിയില്‍വെച്ച് പലരും ചേരാന്‍ തുടങ്ങി. അവസാനം മുസ്‌ലിം സൈന്യത്തിന്റെ എണ്ണം പതിനായിരമായി. ഹുദയ്ബിയ സന്ധിയുടെയും മക്കാവിജയത്തിന്റെയും ഇടയില്‍ ഇസ്‌ലാമിനുണ്ടായ വളര്‍ച്ച എത്ര ദ്രുതഗതിയിലായിരുന്നു എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

മദീനയില്‍നിന്നും മക്കയിലേക്കുള്ള പുറപ്പാട് രഹസ്യമാക്കുവാന്‍ നബി ﷺ നിര്‍ദേശം നല്‍കിയിരുന്നുവല്ലോ. എന്നാല്‍ അത് രഹസ്യമാക്കി വെക്കുന്നതില്‍ ഹാത്വിബ് ഇബ്‌നു ബല്‍തഅ(റ)ക്ക് ഒരു അബദ്ധം സംഭവിക്കുകയുണ്ടായി. അദ്ദേഹം നബി ﷺ യുടെ പുറപ്പാടിനെ സംബന്ധിച്ച് ക്വുറയ്ശികളെ അറിയിക്കുന്ന ഒരു കത്ത് കൂലി നിശ്ചയിച്ച് ഒരു സ്ത്രീവശം കൊടുത്തയച്ചു. ഈ വിവരം അല്ലാഹു നബി ﷺ യെ വഹ്‌യിലൂടെ അറിയിക്കുകയും ചെയ്തു.

ഹാത്വിബ്(റ) ബദ്‌റ് യുദ്ധത്തില്‍ പങ്കെടുത്ത മഹാനായ സ്വഹാബിയാണ്. സ്വഹാബിമാരുടെ കൂട്ടത്തില്‍ ഏറെ സ്ഥാനമുള്ള വ്യക്തിയാണ് എന്നര്‍ഥം. ഹാത്വിബ്(റ) എഴുത്ത് കൈമാറിയ വിവരം ലഭിച്ച ഉടനെ നബി ﷺ ആ കത്ത് പിടിച്ചെടുക്കാനായി ആളെ ഏര്‍പാട് ചെയ്തു. അലി(റ), സുബയ്‌ർ(റ), മിക്വ‌്ദാദ് (റ) തുടങ്ങിയ സ്വഹാബിമാരെയായിരുന്നു അതിനായി നിശ്ചയിച്ചത്.

അലി(റ)യുടെ എഴുത്തുകാരനായ ഉബയ്ദുല്ല(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറയുമായുന്നു: ‘‘അലി(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: എന്നെയും സുബയ്‌റിനെയും മിക്വ‌്ദാദിനെയും അല്ലാഹുവിന്റെ റസൂല്‍ ﷺ നിയോഗിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘ഖാഖ് തോട്ടത്തില്‍ എത്തുന്നതുവരെ നിങ്ങള്‍ പോയിക്കൊള്ളുക. തീര്‍ച്ചയായും അവിടെ ഒരു സ്ത്രീ ഉണ്ടാകും. അവളുടെകൂടെ ഒരു എഴുത്തും ഉണ്ടാകുന്നതാണ്. അത് നിങ്ങള്‍ അവളില്‍നിന്നും പിടിച്ചെടുക്കണം.' അങ്ങനെ ഞങ്ങള്‍ പോയി. ഞങ്ങളുടെ കുതിരകള്‍ ഞങ്ങളെയും കൊണ്ട് ആ തോട്ടത്തില്‍ എത്തുന്നതുവരെ അതിവേഗത്തില്‍ കുതിച്ചു. അങ്ങനെ ഞങ്ങള്‍ ആ സ്ത്രീയുടെ അടുത്തെത്തി. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ‘ആ കത്ത് എടുക്കൂ.' അപ്പോള്‍ അവള്‍ പറഞ്ഞു: ‘എന്റെ പക്കല്‍ ഒരു എഴുത്തും ഇല്ലല്ലോ.' അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ‘തീര്‍ച്ചയായും നീ ആ കത്ത് പുറത്തെടുക്കുകതന്നെ വേണം. അല്ലെങ്കില്‍ ഞങ്ങള്‍ വസ്ത്രം പരിശോധിക്കും.' അങ്ങനെ അവള്‍ അവളുടെ മുടിക്കെട്ടില്‍നിന്നും അത് പുറത്തെടുത്തു. അങ്ങനെ ഞങ്ങള്‍ അതുമായി നബി ﷺ യുടെ അടുക്കലെത്തി. അപ്പോള്‍ അതില്‍ ‘മക്കയിലെ മുശ്‌രിക്കുകളില്‍ പെട്ട ആളുകളിലേക്കായി ഹാത്വിബ് ഇബ്‌നു ബല്‍തഅയില്‍ നിന്ന്' (എന്ന് എഴുതിയിരിക്കുന്നു). നബി ﷺ യുടെ ചില കാര്യങ്ങള്‍ അദ്ദേഹം അവരെ അറിയിച്ചിരിക്കുകയും (ചെയ്തിരിക്കുന്നു). അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ഹാത്വിബ്, എന്താണിത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, എന്റെമേല്‍ വേഗത്തില്‍ (നടപടി) എടുക്കരുത്. ഞാന്‍ ക്വുറയ്ശികളില്‍ പെട്ട ഒരാളായിരുന്നല്ലോ. (എന്നാല്‍ അവര്‍ക്ക്) ഞാന്‍ അവരില്‍പെട്ടവനായിരുന്നില്ല. അങ്ങയുടെ കൂടെയുള്ള മുഹാജിറുകളില്‍ പെട്ടവര്‍ക്ക് മക്കയില്‍ അവരുടെ സ്വന്തക്കാരെയും സമ്പത്തിനെയും സംരക്ഷിക്കുവാന്‍ കുടുംബങ്ങളുണ്ടല്ലോ. എന്റെ കുടുംബക്കാര്‍ക്ക് ഒരു സഹായം ചെയ്യാന്‍ ഞാന്‍ താല്‍പര്യപ്പെട്ടുപോയി. ഞാന്‍ അത് കുഫ്‌റ് (സത്യനിഷേധം) കൊണ്ട് ചെയ്തതല്ല, എന്റെ മതത്തില്‍ നിന്ന് ഞാന്‍ പിന്‍മാറിയിട്ടുമില്ല.' അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അദ്ദേഹം നിങ്ങളോട് സത്യമാണ് പറഞ്ഞത്.' അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അദ്ദേഹത്തെ എനിക്ക് വിട്ടുതരൂ. ഞാന്‍ അദ്ദേഹത്തിന്റെ പിരടി വെട്ടിക്കളയാം.' അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അദ്ദേഹം ബദ്‌റില്‍ പങ്കെടുത്തവനാണല്ലോ. താങ്കള്‍ക്ക് അറിയില്ലേ? അല്ലാഹു ബദ്‌രീങ്ങളിലേക്ക് നോക്കിയിട്ടുണ്ടായേക്കാം. എന്നിട്ട് അവന്‍ പറഞ്ഞിട്ടുണ്ടാകാം; നിങ്ങള്‍ ഉദ്ദേശിക്കുന്നത് ചെയ്തുകൊള്ളുവീന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു.' (നിവേദകന്‍) അംറ്(റ) പറഞ്ഞു: ‘അദ്ദേഹത്തിന്റെ കാര്യത്തില്‍ (അല്ലാഹു ഈ ക്വുര്‍ആന്‍ സൂക്തം) ഇറക്കി: ‘ഹേ; സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്‌നേഹബന്ധം സ്ഥാപിച്ചുകൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍നിന്നു പുറത്താക്കുന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്). നിങ്ങള്‍ അവരുമായി രഹസ്യമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്‍നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്നപക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍നിന്ന് പിഴച്ചുപോയിരിക്കുന്നു'' (മുംതഹിന 1) (ബുഖാരി).

നബി ﷺ യുടെ കല്‍പന പ്രകാരം മൂന്ന് പേരും യാത്ര പുറപ്പെട്ടു. നബി ﷺ പറഞ്ഞ ആ തോട്ടത്തില്‍ എത്തി. സ്ത്രീയെ കണ്ടു. കത്ത് എടുക്കാന്‍ അവളോട് കല്‍പിച്ചു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പുറത്തെടുത്തു. ഹാത്വിബാ(റ)ണ് എഴുതിയത് എന്ന് വ്യക്തമായി. എഴുതിയതാകട്ടെ മക്കയിലെ മുശ്‌രിക്കുകള്‍ക്കും. ഇതു കണ്ട നബി ﷺ ഹാത്വിബി(റ)നോട് വിശദീകരണം തേടി.

നബി ﷺ വളരെ സ്വകാര്യമാക്കാന്‍ പറഞ്ഞ കാര്യം മറ്റുള്ളവര്‍ക്ക് എത്തിച്ചത് വലിയ അപരാധമാണ്ഉമര്‍(റ) കുപിതനായി. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അദ്ദേഹത്തെ എനിക്ക് വിട്ടുതന്നാലും. ഞാന്‍ അവനെ കൊന്നു കളയാം.' നബി ﷺ പറഞ്ഞു: ‘ഉമറേ, അദ്ദേഹം ബദ്‌റില്‍ പങ്കെടുത്ത മഹാനായ വ്യക്തിയാണ്. അല്ലാഹു അവരുടെ കാര്യം നന്നായി മനസ്സിലാക്കിയിട്ടുണ്ടായിരിക്കുമല്ലോ. അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുത്തിട്ടുണ്ട് എന്ന് നേരത്തെ വിവരം നല്‍കിയിട്ടുമുണ്ട്. അതിനാല്‍ അദ്ദേഹത്തെ വധിക്കാന്‍ പാടില്ല.'

ബദ്‌റില്‍ പങ്കെടുത്ത വ്യക്തി എന്ന നിലക്ക് പില്‍ക്കാലത്ത് ഈ ഇളവ് ഉപയോഗപ്പെടുത്തി ഇത്തരം ചെയ്തികള്‍ പ്രവര്‍ത്തിച്ചുകൂടാ. അല്ലാഹുവില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ നിങ്ങളെ ആട്ടിപ്പുറത്താക്കുന്ന സത്യനിഷേധികളെ മിത്രങ്ങളായി സ്വീകരിക്കാന്‍ പാടില്ല എന്ന നിയമം അല്ലാഹു ഇറക്കുകയും ചെയ്തു. അങ്ങനെ ഹാത്വിബു(റ)വുമായി ബന്ധപ്പെട്ട ആ സംഭവം അവിടെ അവസാനിക്കുകയും ചെയ്തു.

നബി ﷺ യും സ്വഹാബിമാരും മക്കയിലേക്ക് യാത്രതുടര്‍ന്നു. റമദാനിലാണല്ലോ സംഭവം. എല്ലാവരും നോമ്പുകാരാണ്. ക്ഷീണം അവരെ നന്നായി ബാധിച്ചിട്ടുണ്ടായിരുന്നു. നബി ﷺ തന്റെ ഒട്ടകപ്പുറത്ത് കയറി. എല്ലാവരും കാണുന്ന വിധത്തില്‍ പരസ്യമായി നോമ്പ് മുറിച്ചു. യാത്രക്കാര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലല്ലോ. അത് പിന്നീട് നോറ്റുവീട്ടിയാല്‍ മതി. നബി ﷺ ആ ഇളവ് പ്രകാരം ചെയ്തു. അത് കണ്ട സ്വഹാബിമാരും അപ്രകാരം ചെയ്തു.

മുസ്‌ലിംകള്‍ മക്കയില്‍ എത്തുന്നതിന് മുമ്പേ പല പ്രമുഖരും ഇസ്‌ലാം സ്വീകരിച്ചു. അബൂസുഫ്‌യാന്‍ അവരില്‍ പെട്ട ആളാണ്. അദ്ദേഹത്തെ കണ്ടപ്പോള്‍ സ്വഹാബിമാര്‍ നബി ﷺ യുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: 'അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്ന് താങ്കള്‍ അംഗീകരിക്കുന്നുവോ?' അദ്ദേഹം പറഞ്ഞു: ‘അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്നും ഞാന്‍ ആരാധിച്ചിരുന്നവയ്ക്ക് യാതൊരു കഴിവും ഇല്ല എന്നും എനിക്ക് ബോധ്യമായിരിക്കുന്നു.' അങ്ങനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. മക്കജയിച്ചടക്കുന്നതിന് അല്‍പ സമയം മുമ്പായിരുന്നു അബൂസുഫ്‌യാന്റെ ഇസ്‌ലാം സ്വീകരണം.

മക്കയില്‍നിന്ന് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ മുസ്‌ലിംകളുടെ സംഘശക്തി മനസ്സിലാക്കട്ടെ എന്ന ഉദ്ദേശത്തില്‍ മുസ്‌ലിംകള്‍ അവരുടെ സൈനിക പ്രകടനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അന്‍സ്വാറുകളുടെ പതാകയേന്തിയിരുന്ന സഅദ് ഇബ്‌നു ഉബാദ(റ) അബൂസുഫ്‌യാന്റെ(റ) സമീപത്തുകൂടെ നടക്കുകയായിരുന്നു. അബൂസുഫ്‌യാനെ കണ്ടപ്പോള്‍ സഅദ്(റ) വിളിച്ചു പറഞ്ഞു:

‘ഇന്ന് ചോരച്ചാല്‍ ഒലിക്കുന്ന ദിവസമാണ്. ഇന്ന് കഅ്ബയുടെ (പവിത്രകളെല്ലാം) അനുവദിക്കപ്പെടുന്ന ദിവസമാണ്.' അബൂസുഫ്‌യാന്റെ സമീപത്തിലുടെ അല്ലാഹുവിന്റെ റസൂല്‍ ﷺ നടക്കവെ അബൂസുഫ്‌യാന്‍ ചോദിച്ചു: ‘സഅ്ദ് ഇബ്‌നു ഉബാദ പറഞ്ഞത് താങ്കള്‍ അറിഞ്ഞില്ലേ?' അവിടുന്ന് ചോദിച്ചു: ‘എന്താണ് അദ്ദേഹം പറഞ്ഞത്?' അദ്ദേഹം പറഞ്ഞു: ‘ഇങ്ങനെയും ഇങ്ങനെയും.' അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘സഅ്ദ് പറഞ്ഞത് കളവാണ്. എന്നാല്‍ ഈ ദിവസം കഅ്ബ പ്രത്യേകം ആദരിക്കപ്പെടുകയും കഅ്ബക്ക് (പുതിയ) പുടവ ധരിപ്പിക്കപ്പെടുകയും ചെയ്യുന്ന ദിവസമാണ്' (ബുഖാരി).

കഅ്ബയുടെ സമീപത്ത് അക്രമമോ രക്തച്ചൊരിച്ചിലോ അനുവദനീയമല്ലല്ലോ. എന്നാല്‍ ‘ഇന്ന് അതെല്ലാം അനുവദനീയമാക്കപ്പെടുന്ന ദിവസമാണ്' എന്ന് സഅ്ദ്(റ) വിളിച്ചു പറഞ്ഞത് അബൂസുഫ്‌യാന്‍(റ) കേള്‍ക്കാന്‍ വേണ്ടിയായിരുന്നു. ഇത് അദ്ദേഹത്തെ വേദനിപ്പിച്ചു. നബി ﷺ സഅ്ദി(റ)ന്റെ സംസാരത്തെ തള്ളി. ‘ഇത് കഅ്ബയെ ആദരിക്കുന്ന ദിവസമാണ്. രക്തച്ചൊരിച്ചിലോ അക്രമമോ ഇവിടെ സംഭവിക്കുന്നതല്ല' എന്ന് പ്രഖ്യാപിച്ചു.

മദീനയില്‍നിന്നും മക്കയിലേക്ക് വലിയ സൈന്യവുമായി പ്രവേശിക്കുമ്പോള്‍ അവര്‍ക്ക് അതിയായ സന്തോഷമുണ്ടായിരുന്നു. ആ സമയത്ത് സഅ്ദ(റ)ല്‍നിന്നും പരിധി വിട്ട ചില വാക്കുകള്‍ പുറത്തുവന്നത് അദ്ദേഹത്തിന്റെ ആഹ്‌ളാദ പ്രകടനത്തില്‍നിന്നും ഉണ്ടായതാണെങ്കിലും നബി ﷺ വളരെ ഗൗരവത്തിലാണ് അതിനെ കണ്ടത്.

സഅ്ദി(റ)ന്റെ സംസാരത്തെ നബി ﷺ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഒരു ശിക്ഷയെന്ന നിലയ്ക്ക് സഅ്ദി(റ)ല്‍നിന്നും അന്‍സ്വാറുകളുടെ പതാക നബി ﷺ വാങ്ങി അദ്ദേഹത്തിന്റെ മകന്‍ ക്വയ്‌സിന് അത് നല്‍കി. എന്നാല്‍ അതിനുശേഷം സഅ്ദ്(റ) തന്റെ പുത്രനെ അവന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നും മാറ്റാന്‍ വേണ്ടി നബി ﷺ യോട് ആവശ്യപ്പെട്ടു. അവന്‍ വല്ല അബദ്ധത്തിലും വീഴുമോയെന്ന് ഭയപ്പെട്ടായിരുന്നു അത്. അങ്ങനെ ക്വയ്‌സി(റ)ല്‍നിന്നും ആ പതാക വാങ്ങി വീണ്ടും സഅ്ദി(റ)നെത്തന്നെ ഏല്‍പിക്കുകയുണ്ടായി.

ഇതുപോലുള്ള ഘട്ടങ്ങളില്‍ എതിരാളികളില്‍ വികാരം ഇളക്കിവിടുന്ന രൂപത്തില്‍ സംസാരിക്കാന്‍ പാടില്ല എന്ന ഒരു പാഠം നബി ﷺ നമുക്ക് ഇതിലൂടെ കൈമാറുന്നുണ്ട്.

പതിനായിരത്തോളം വരുന്ന സ്വഹാബികളെയും കൂട്ടി നബി ﷺ മക്കയിലേക്ക് പ്രവേശിക്കുന്നു. എല്ലാവരെയും കാണിക്കുന്ന വിധത്തില്‍ അബൂസുഫ്‌യാ(റ)നെ നബി ﷺ മലയിടുക്കില്‍ നിറുത്തി. അബൂസുഫ്‌യാന്‍(റ) ഇപ്പോള്‍ മുസ്‌ലിമായതല്ലേയുള്ളൂ. അദ്ദേഹം മുസ്‌ലിംകളുടെ സംഘശക്തി കണ്ട് മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹത്തെ നബി ﷺ മലയിടുക്കില്‍ നിറുത്തിയത്. ഓരോ സംഘവും മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ അവരുടെ ശക്തിയും വീര്യവും അബൂസുഫ്‌യാന്‍(റ) മലയിടുക്കില്‍ നിന്നും കണ്ടു മനസ്സിലാക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് ഇസ്‌ലാമില്‍ ഉറച്ചുനില്‍ക്കാനുള്ള ഒരു കരുത്ത് അതിലൂടെ ലഭിക്കുകയും ചെയ്തു.

നബി ﷺ അവസാന സംഘത്തിലായിരുന്നു ഉണ്ടായിരുന്നത്. മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിച്ചു തുടങ്ങി. മക്കാ പട്ടണം മുസ്‌ലിംകള്‍ക്ക് കീഴ്‌പെടാന്‍ പോകുകയാണ്. മുസ്‌ലിംകളെ എതിര്‍ക്കാന്‍ അധികം ആരും മുന്നോട്ടുവന്നില്ല. നബി ﷺ മക്കയിലേക്ക് പ്രവേശിച്ചത് അല്‍പം പോലും അഹങ്കാരം കാണിച്ചുകൊണ്ടല്ലായിരുന്നു. മറിച്ച്, അല്ലാഹു നല്‍കിയ ഒരു അനുഗ്രഹത്തെ ഓര്‍ത്തും അതിന് നന്ദി കാണിച്ചും സൂറതുല്‍ ഫത്ഹ് പാരായണം ചെയ്തായിരുന്നു അവിടുന്ന് മക്ക ജയിച്ചടക്കിയത്. അവിടുന്ന് തലകുനിച്ച് വിനയത്തോടെ മക്കയില്‍ പ്രവശിക്കുകയായിരുന്നു.

രക്തച്ചൊരിച്ചിലോ അക്രമ സംഭവങ്ങളോ ഒന്നുമില്ലാതെ സമാധാന പൂര്‍ണമായ അന്തരീക്ഷത്തില്‍ മക്ക ജയിച്ചടക്കണമെന്ന് നബി ﷺ ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ നബി ﷺ മക്കയില്‍ പ്രവേശിക്കുന്ന വേളയില്‍ ഇപ്രകാരം വിളിച്ചു പറയാന്‍ ആളെ ഏര്‍പ്പാട് ചെയ്തു:

‘‘ആരെങ്കിലും അബൂസുഫ്‌യാന്റെ വീട്ടില്‍ പ്രവേശിച്ചുവോ അവന്‍ നിര്‍ഭയനാണ്. ആരെങ്കിലും ആയുധം വെച്ചാല്‍ (കീഴടങ്ങിയാല്‍) അവനും നിര്‍ഭയനാകുന്നു. ആരെങ്കിലും തന്റെ കതക് അടച്ചാല്‍ അവനും നിര്‍ഭയനാകുന്നു'' (മുസ്‌ലിം).

മക്കയിലേക്ക് നബി ﷺ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവിടത്തുകാരെ ആശ്വസിപ്പിച്ചു. നിങ്ങളെ വധിക്കുവാനോ, നിങ്ങളോട് അക്രമം കാണിക്കുവാനോ, നിങ്ങളെ കൊള്ളയടിക്കുവാനോ, നിങ്ങളെ നശിപ്പിച്ചുകളയുവാനോ അല്ല ഞങ്ങള്‍ വരുന്നതെന്നും അറിയിച്ചു; അവര്‍ക്ക് നിര്‍ഭയത്തം വാഗ്ദാനം ചെയ്തു.

അബൂസുഫ്‌യാന്‍(റ) ഇസ്‌ലാം സ്വീകരിച്ചത് മക്കക്കാരെ അറിയിക്കാനും അദ്ദേഹത്തിന് അംഗീകാരവും ആശ്വാസവുമായിട്ടാണ് അദ്ദേഹത്തിന്റെ വീട്ടില്‍ പ്രവേശിച്ചവര്‍ക്ക് നിര്‍ഭയത്വം വാഗ്ദാനം ചെയ്തത്. മക്കയില്‍ എത്രയോ വലിയ പ്രമാണിമാരും നേതാക്കളും വേറെയും ഉണ്ടായിരുന്നിട്ടും തന്റെ വീട് പ്രവാചകന്‍ എടുത്ത് പറഞ്ഞല്ലോ! അങ്ങനെ നബി ﷺ നോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം വര്‍ധിക്കുകയും ഇസ്‌ലാമിലേക്ക് കൂടുതല്‍ താല്‍പര്യം ഉണ്ടാകുകയും ചെയ്തു.  

മുസ്‌ലിംകളോട് പോരാട്ടത്തിനില്ലെന്നും അവരെ അക്രമിക്കുകയില്ലെന്നും തീരുമാനിക്കുന്ന രൂപത്തില്‍ ആയുധം നിലത്ത് വെച്ചവരും, തങ്ങളുടെ വീടുകളില്‍ വാതില്‍ അടച്ച് ഇരിക്കുന്നവരും നിര്‍ഭയരാണ്. അവരെ മുസ്‌ലിംകള്‍ ഒന്നും ചെയ്യുന്നതല്ല എന്ന് അവിടുന്ന് പ്രഖ്യാപിച്ചു. ഞങ്ങള്‍ മക്കയില്‍ പ്രവേശിക്കുന്ന വേളയില്‍ ഞങ്ങളോട് ആക്രമണം നടത്തുകയോ യുദ്ധം ചെയ്യുകയോ ചെയ്യുന്നവരോടല്ലാതെ ഞങ്ങളും പോരാടുകയില്ല എന്ന് അറിയിക്കുകയാണ് നബി ﷺ ഈ പ്രഖ്യാപനത്തിലൂടെ ചെയ്തത്.

അപ്പോള്‍ അന്‍സ്വാറുകളില്‍ ചിലര്‍ മറ്റു ചിലരോട് പറഞ്ഞു: ‘ഇതാ, നബി ﷺ തന്റെ നാട്ടിലുള്ളവരെ കണ്ടപ്പോള്‍ അവരില്‍ ഒരു ആഗ്രഹം ഉണ്ടായിരിക്കുന്നു. അവിടുത്തെ ബന്ധുക്കളില്‍ ഒരു ദയ ഉണ്ടായിരിക്കുന്നു.' അബൂഹുറയ്‌റ(റ) പറയുന്നു: ‘നബി ﷺ ക്ക് വഹ്‌യ് (ദിവ്യബോധനം) വന്നു. വഹ്‌യ് വന്നാല്‍ ഞങ്ങള്‍ക്ക് അത് ഗോപ്യമാകാറില്ല. അങ്ങനെ (വഹ്‌യ്) വന്നാല്‍ ഒരാളും വഹ്‌യ് അവസാനിക്കുന്നത് വരെ അല്ലാഹുവിന്റെ റസൂലി ﷺ ലേക്ക് തന്റെ ദൃഷ്ടി ഉയര്‍ത്തുകയില്ല.' അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഓ, അന്‍സ്വാര്‍ സമൂഹമേ...' അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങേക്ക് ഉത്തരം തന്നിരിക്കുന്നു.' അവിടുന്ന് ചോദിച്ചു: ‘നബിക്ക് തന്റെ നാട്ടുകാരില്‍ ആഗ്രഹം ഉണ്ടായിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞുവോ?' അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും അത് ഉണ്ടായിരിക്കുന്നു.' അവിടുന്ന് പറഞ്ഞു: ‘വേണ്ട, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതനുമാകുന്നു. ഞാന്‍ അല്ലാഹുവിലേക്കും നിങ്ങളിലേക്കും ഹിജ്‌റ വന്നവനാണല്ലോ. (എന്റെ) ജീവിതസ്ഥലം നിങ്ങളുടെ ജീവിതസ്ഥലവും (എന്റെ) മരണസ്ഥലം നിങ്ങളുടെ മരണസ്ഥലവുമായിരിക്കും.' അങ്ങനെ അവര്‍ കരയുന്നവരായി അവിടുത്തെ മുന്നില്‍ വന്നു. അവര്‍ പറയുകയും ചെയ്തു: ‘അല്ലാഹുവാണെ സത്യം, അല്ലാഹുവിലും അവന്റെ റസൂലിലും സ്വാര്‍ഥതയുള്ളതിനാലല്ലാതെ ഞങ്ങള്‍ അത് പറഞ്ഞിട്ടില്ല.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹുവും അവന്റെ റസൂലും നിങ്ങളെ സത്യപ്പെടുത്തുന്നവരും നിങ്ങളുടെ കാരണത്തെ അംഗീകരിക്കുന്നവരുമാണ്.' (മുസ്‌ലിം).

അബൂസുഫ്‌യാ(റ)ന്റെ വീട്ടില്‍ പ്രവേശിച്ചവനും ആയുധം താളെവെച്ചവനും തന്റെ വീട്ടില്‍ കതകടച്ച് ഇരിക്കുന്നവരും നിര്‍ഭയരാണ് എന്ന് നബി ﷺ പ്രഖ്യാപിച്ചപ്പോള്‍ സ്വന്തം നാട്ടുകാരോടും കുടുംബക്കാരോടും തങ്ങളോടുള്ളതിനെക്കാള്‍ അടുപ്പവും സ്‌നേഹവും നബിക്ക് ഉണ്ടാകുന്നുണ്ടോ എന്നും തങ്ങളെഒഴിവാക്കി മക്കക്കാരുടെ കൂടെ അവിടുന്ന് കഴിച്ചു കൂട്ടുമോ എന്നുമുള്ള ചിന്തയും വിഷമവുമാണ് അന്നേരം അന്‍സ്വാറുകള്‍ക്കുണ്ടായിരുന്നത്. അതാണ് അവരെ അപ്രകാരം സ്വകാര്യമായി പറയാന്‍ പ്രേരിപ്പിച്ചത്.

അങ്ങനെയുള്ള അവസ്ഥയില്‍ ജിബ്‌രീല്‍(അ) വഹ്‌യുമായി വന്നു. വഹ്‌യ് അവസാനച്ചപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ അന്‍സ്വാറുകളെ വിളിച്ചു. അവര്‍ എല്ലാവരും അവിടുത്തേക്ക് ഉത്തരം നല്‍കി. നിങ്ങള്‍ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ജീവിതസ്ഥലം എവിടെയാണോ അതാണ് എന്റെയും ജീവിതസ്ഥലം. നിങ്ങളുടെ മരണസ്ഥലം എവിടെയാണോ അതുതന്നെയാണ് എന്റെയും മരണ സ്ഥലം എന്ന് അവിടുന്ന് അന്‍സ്വാറുകളോട് പ്രഖ്യാപിച്ചു. അവര്‍ തങ്ങള്‍ അങ്ങനെ പറഞ്ഞതിന്റെ കാരണം വിശദീകരിച്ചു. നബി ﷺ അത് അംഗീകരിക്കുകയും ചെയ്തു.

ഞാന്‍ അല്ലാഹുവിന്റെ അടിമയും ദൂതനുമാണ് എന്ന് നബി ﷺ പറഞ്ഞതിനെ വിശദീകരിക്കുന്ന വേളയില്‍ ഇമാം നവവി(റഹി) ഇപ്രകാരം പറഞ്ഞു:

‘‘തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാകുന്നു എന്ന നബി ﷺ യുടെ വാക്ക്, അത് രണ്ട് രൂപത്തിലായി മനസ്സിലാക്കാം. അതില്‍ ഒന്ന്, സത്യമായും ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍തന്നെയാകുന്നു. അതിനാല്‍ എനിക്ക് വഹ്‌യ് വരുന്നതാണ്. ഈ സംഭവം പോലെയും അതിന് സമാനമായതുമായത് പോലെയുള്ള മറഞ്ഞ കാര്യങ്ങള്‍ (അതുകാരണം) ഞാന്‍ പറയുകയും ചെയ്യുന്നതാണ്. അതിനാല്‍ എല്ലാ അവസ്ഥയിലും ഞാന്‍ നിങ്ങളോട് പറയുന്നതും ഞാന്‍ നിങ്ങളോട് അറിയിക്കുന്നതും നിങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുക. മറ്റേത്, മറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ നിങ്ങളോട് (പറയുന്ന) എന്റെ വാര്‍ത്ത കൊണ്ട് നിങ്ങള്‍ കുഴപ്പത്തില്‍ അകപ്പെടുകയോ, നസ്വാറാക്കള്‍ ഈസാനബി ﷺ യെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങള്‍ എന്നെ അമിതമായി പുകഴ്ത്തുകയും (ചെയ്യരുത്). കാരണം, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനും ആകുന്നു.