നബി ﷺ യുടെ വഫാത്ത്

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

(മുഹമ്മദ് നബി  ﷺ  81 )

രോഗത്തിന്റെ തുടക്കം

നബി ﷺ ക്ക് രോഗം ബാധിച്ച സന്ദർഭത്തെ സ്വഹാബിമാർ വിവരിച്ചു തരുന്നത് നമുക്ക് ഇപ്രകാരം വായിക്കാം:

ആഇശ(റ)യിൽനിന്ന് നിവേദനം; അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ  ﷺ  ബക്വീഇൽനിന്നും മടങ്ങി. അവിടുന്ന് എന്നെ കാണുന്ന സമയത്ത് എനിക്ക് നല്ല തലവേദനയുണ്ടായിരുന്നു. ഞാൻ (ഇപ്രകാരം) പറയുന്നുമുണ്ടായിരുന്നു: ‘ഓ, എന്റെ തല.’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘ആഇശാ, എനിക്കും എന്തൊരു തലവേദന.’ പിന്നീട് അവിടുന്ന് പറഞ്ഞു: ‘എനിക്കു മുമ്പ് നീയാണ് മരിക്കുന്നതെങ്കിൽ നിനക്ക് ഒരു പ്രയാസവുമുണ്ടാകില്ല. നിനക്കുവേണ്ടി ഞാൻ എല്ലാം നിർവഹിക്കും. നിന്നെ ഞാൻ കുളിപ്പിക്കും, ഞാൻ നിന്നെ കഫൻ ചെയ്യും, നിന്റെ മേൽ ഞാൻ നമസ്‌കരിക്കുകയും നിന്നെ ഞാൻ മറവ് ചെയ്യുകയും ചെയ്യുന്നതാണ്’’ (ഇബ്‌നുമാജ).

ഒരു ജനാസയുടെ കൂടെ നബി ﷺ  ബക്വീഇലേക്ക് പോയി. തിരിച്ചുവരുന്ന സമയത്ത് നബി ﷺ ക്ക് തലവേദന തുടങ്ങി. വീട്ടിൽ എത്തി. ആഇശ(റ)യുടെ അടുത്ത് ചെന്നപ്പോൾ അവരും തലവേദനയാൽ പുളയുകയാണ്. നബി ﷺ  ആ സന്ദർഭത്തിൽ തന്റെ തലവേദനയെ സംബന്ധിച്ചും പറഞ്ഞു. അതോടൊപ്പം മരണത്തെ ഓർമപ്പെടുത്തുകയും ചെയ്തു.

ഭാര്യ മരിച്ചാൽ ഭർത്താവിന് അവളുടെ മയ്യിത്ത് കാണാൻ പോലും പാടില്ലെന്ന് വിശ്വസിക്കുന്നവർ നമ്മുടെ നാട്ടിലുണ്ടായിരുന്നു. മരണത്തോടുകൂടി ത്വലാക്വ് സംഭവിച്ചു എന്നായിരുന്നു അത്തരക്കാർ വിശ്വസിച്ചിരുന്നത്. അപ്പോൾ മരണം നടന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ അന്യരായി മാറും! അന്യസ്ത്രീയെ നോക്കാൻ പാടില്ലല്ലോ. ഇങ്ങനെയായിരുന്നു അവരുടെ വിശ്വാസവും ചിന്താഗതിയും. ഇത് ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമാണ് എന്നത് മേൽകൊടുത്ത പ്രവാചകവചനത്തിൽനിന്നും വ്യക്തമാണ്. മരണത്തിന് ശേഷം ഭാര്യക്ക് ഭർത്താവിനെയും ഭർത്താവിന് ഭാര്യയെയും കുളിപ്പിക്കാം. എന്നാൽ ഒരു പുരുഷനെ ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയും കുളിപ്പിക്കരുത്. ഒരു സ്ത്രീയെ ഭർത്താവല്ലാത്ത ഒരു പുരുഷനും കുളിപ്പിക്കരുത്. മയ്യിത്ത് കുളിപ്പിക്കാനുള്ള ധൈര്യവും അറിവും കഴിവും ഉണ്ടെങ്കിൽ ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും കുളിപ്പിക്കൽ തന്നെയാണ് ഉത്തമം. തന്റെ ഇണയുടെ സ്വകാര്യതകൾ മറ്റുള്ളവർക്ക് വിട്ടുനൽകേണ്ടതില്ലല്ലോ.

രോഗം കഠിനമാകുന്നു

പിന്നീടുള്ള ദിവസങ്ങളിൽ നബി ﷺ ക്ക് തലവേദന കഠിനമാകാൻ തുടങ്ങി. കൂടെ പനിയും ഉണ്ടായിരുന്നു. വേദന സഹിക്കാൻ സാധിക്കാത്തതിനാൽ അവിടുന്ന് ഒരു തുണി നനച്ച് കെട്ടുകപോലും ചെയ്തിരുന്നു. ആ തുണിക്കഷ്ണത്തിൽ കൈവെച്ചാൽ അതിനെയും ഭേദിച്ചുകൊണ്ട് അവിടുത്തെ ചൂട് ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നു എന്ന് സ്വഹാബിമാർ പറയുന്നുണ്ട്.

ഓരോദിവസം കഴിയുമ്പോഴും രോഗം മൂർഛിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അവിടുന്ന് മയ്‌മൂന(റ)യുടെ വീട്ടിലായിരിക്കെ അവിടുത്തേക്ക് വല്ലാത്ത വിഷമം. അപ്പോൾ എല്ലാ ഭാര്യമാരെയും അവിടേക്ക് വിളിപ്പിച്ചു.

“അങ്ങനെ അവിടുന്ന് തന്റെ ഭാര്യമാരോട് അവരുടെ (ആഇശയുടെ) വീട്ടിൽ കിടക്കാൻ അനുവാദം ചോദിച്ചു. അവർ അവിടുത്തേക്ക് അനുവാദം നൽകുകയും ചെയ്തു. അവർ പറയുന്നു: ‘എന്നിട്ട് അവിടുന്ന് ഒരു കൈ ഫദ്വ‌്ൽ ഇബ്‌നു അബ്ബാസിന്റെയും ഒരു കൈ വേറൊരാളുടെയും മേലായി വെച്ച് പുറപ്പെട്ടു. അവിടുത്തെ കാലുകൾ നിലത്ത് വരച്ചുകൊണ്ടായിരുന്നു (പോയിരുന്നത്)’’ (മുസ്‌ലിം).

നബി ﷺ  എല്ലാ ഭാര്യമാരെയും മയ്‌മൂന(റ)യുടെ വീട്ടിൽ വിളിച്ചുവരുത്തി. ആഇശ(റ)യുടെ അടുക്കൽ കിടക്കാൻ അവരോട് എല്ലാവരോടും അനുവാദം ചോദിച്ചു. അവർ ചെറുപ്പക്കാരിയാണല്ലോ. വേണ്ട രൂപത്തിൽ പരിചരിക്കുവാനും പിൽക്കാലത്ത് സമൂഹത്തിന് അറിവ് പകരാനും കഴിവുള്ള മഹതിയാണവർ. ഓരോ ദിവസവും ഓരോ ഭാര്യയുടെ വീട്ടിലേക്ക് കഠിനമായ പനിയും തലവേദനയും ഉള്ളപ്പോൾ മാറി മാറി പോകൽ അവിടുത്തേക്ക് വലിയ വിഷമമായിരുന്നു. അതിനാൽ സ്ഥിരമായി ഒരേ വീട്ടിൽ കഴിയാനായിരുന്നു നബി ﷺ  അവരോട് അനുവാദം ചോദിച്ചത്. അവിടുന്ന് ഓരോ ദിവസവും ചോദിക്കും: “ഇന്ന് എവിടെയാണ് ഞാൻ? നാളെ എവിടെയാണ് ഞാൻ?’’ (ബുഖാരി).

നബി  ﷺ യുടെ ഓരോ ദിവസത്തെയും ചോദ്യത്തിൽ നിന്ന് ആഇശ(റ)യുടെ കൂടെ ഇനിയുള്ള ദിവസങ്ങൾ കഴിച്ചുകൂട്ടാൻ ആഗ്രഹിക്കുന്നു എന്ന് ഭാര്യമാർക്ക് മനസ്സിലായി. അവരെല്ലാവരും അതിന് അനുവാദം നൽകുകയും ചെയ്തു. എല്ലാവരും പറഞ്ഞു: “ഇനിയുള്ള ദിനങ്ങൾ നിങ്ങൾ മാറി മാറി താമസിക്കേണ്ടതില്ല. അങ്ങയുടെ ഇഷ്ടം പോലെ ആഇശയുടെ കൂടെ കഴിഞ്ഞോളൂ.’’ അവരുടെ അനുവാദം ലഭിച്ചപ്പോൾ അവിടുന്ന് മയ്‌മൂന(റ)യുടെ വീട്ടിൽനിന്നും ആഇശ(റ)യുടെ വീട്ടിലേക്ക് പുറപ്പെട്ടു. ആ പോക്ക് തന്നെ അവിടുത്തെ ക്ഷീണം നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. രണ്ടാളുകളുടെ തോളിൽ പിടിച്ച് തൂങ്ങിയായിരുന്നു നബി ﷺ  പോയിരുന്നത്. ഒറ്റക്ക് നടക്കാനുള്ള ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. വേദന സഹിക്കാൻ പറ്റാത്തതായിരിക്കുന്നു.

നബി ﷺ യുടെ കുടുംബജീവിതത്തിലെ മാതൃക നാം മനസ്സിലാക്കാതെ പോകരുത്. അവിടുന്ന് അവസാന സമയത്ത് പോലും തന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാതെ ഭാര്യമാരുടെ ന്യായമായ അവകാശത്തെ പരിഗണിച്ചു. അങ്ങനെ അവരുടെ സമ്മതത്തോടെയാണ് ആഇശ(റ)യുടെ കൂടെ അവസാനനാളുകളിൽ ജീവിക്കാൻ തീരുമാനിക്കുന്നത്.

രോഗശമനത്തിനായി പ്രാർഥിക്കുന്നു

നബി ﷺ യുടെ അവസാന ദിവസങ്ങളിൽ ഉണ്ടായ ചില കാര്യങ്ങൾ വിശ്വാസികളുടെ മാതാവ് നമുക്ക് പറഞ്ഞുതരുന്നത് കാണുക:

“തീർച്ചയായും അല്ലാഹുവിന്റെ റസൂലി ﷺ ന് വേദന വന്നാൽ അവിടുന്ന് മുഅവ്വിദാത്ത് (സൂറതുന്നാസ്, സൂറതുൽ ഫലക്വ്, സൂറതുൽ ഇഖ്‌ലാസ്വ്) കൊണ്ട് അവിടുത്തെ ശരീരത്തിൽ ഓതുകയും ഊതുകയും ചെയ്യുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന് വേദന കഠിനമായപ്പോൾ ഞാൻ ഓതുകയും അവിടുത്തെ കൈകൊണ്ട് അതിന്റെ ബറകത്ത് പ്രതീക്ഷിച്ച് അവിടുത്തെ തടവുകയും ചെയ്യുമായിരുന്നു’’ (അഹ്‌മദ്).

നബി ﷺ ക്ക് വല്ല വേദനയും ഉണ്ടായാൽ സൂറതുൽഫലക്വും സൂറതുന്നാസും ഓതി ഊതി ശരീരത്തിൽ തടവുമായിരുന്നു. നബി  ﷺ ക്ക് രോഗം കഠിനമാകുകയും സ്വന്തമായി അത് ചെയ്യാൻ കഴിയാതെ വരികയും ചെയ്തപ്പോൾ ആഇശ (റ) അവിടുത്തെ കൈകളിലേക്ക് ഓതുകയും ഊതുകയും ചെയ്ത് അവിടുത്തെ കൈകൾ കൊണ്ടുതന്നെ അവിടുത്തെ ശരീരം തടവിക്കൊടുത്തു.

രോഗം വന്നാൽ രണ്ട് രൂപത്തിലുള്ള ചികിത്സകളാണ് നമുക്ക് മുമ്പിൽ ഉള്ളത്. ഒന്ന്, ആത്മീയമായ മന്ത്രങ്ങളും പ്രാർഥനകളും. മറ്റേത് ഭൗതികമായ മരുന്നുകൾകൊണ്ടുള്ളത്.

ഇസ്‌ലാമിക മന്ത്രത്തെയും ചികിത്സയെയും തള്ളുകയും നിഷേധിക്കുകയും ചെയ്ത് ചിലർ സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അടുത്ത കാലത്തായിട്ടാണ് അതെല്ലാം നിങ്ങൾ അംഗീകരിക്കാൻ തുടങ്ങിയത് എന്ന് പറയുന്നവരും മന്ത്രങ്ങളും ആത്മീയ ചികിത്സയും മൊത്തം അന്ധവിശ്വാസമാണെന്നു പറഞ്ഞ് നിഷേധിക്കുന്നവരും മുഹമ്മദ് അമാനി മൗലവി(റഹി)യുടെ തഫ്‌സീറിൽനിന്ന് ചില ഭാഗങ്ങൾ കാണുക:

“റസൂൽ തിരുമേനി ﷺ  ചരമം പ്രാപിച്ച രോഗത്തിൽ അവിടുന്ന് ഇഖ്‌ലാസ്, ഫലക്വ്, നാസ് എന്നീ സൂറത്തുകൾ ഓതി ദേഹത്തിൽ ഊതിയിരുന്നുവെന്നും, രോഗം ശക്തിപ്രാപിച്ചപ്പോൾ താൻ അവ ഓതി തിരുമേനിയുടെ കൈയിൽ ഊതി ആ കൈകൊണ്ട് തടവിക്കൊടുക്കാറുണ്ടായിരുന്നുവെന്നും ആഇശ(റ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയിരിക്കുന്നു.’’

രോഗികളെ ഈ സൂറത്തുകൾ ഓതി മന്ത്രിക്കാമെന്ന് ഇതിൽനിന്ന് വ്യക്തമാണ്. അനുവദനീയമെന്നും അനുവദനീയമല്ലാത്തതെന്നും വ്യത്യാസം കാണാതെ, ഇസ്‌ലാമിൽ മന്ത്രത്തിനു സ്ഥാനമേ ഇല്ലെന്ന് ചിലർ പറയാറുള്ളത് ശരിയല്ലെന്ന് ഈ ഹദീസും ഇതുപോലെയുള്ള മറ്റു പല ഹദീസുകളും സംശയത്തിന്നിടയില്ലാത്തവിധം സ്പഷ്ടമാക്കുന്നു. ഹദീസുകളിൽ വന്നിട്ടുള്ള മന്ത്രങ്ങൾ പരിശോധിച്ചാൽ അവയെല്ലാം കേവലം അല്ലാഹുവിനോടുള്ള പ്രാർഥനകളാണെന്ന് കാണാവുന്നതാണ്.

സൂറത്തുൽ ഫലക്വ്, സൂറത്തുന്നാസ് എന്നിവകൊണ്ടുള്ള തേട്ടമാണ് കൂടുതൽ നല്ലത്. ഇവയല്ലാത്തതുകൊണ്ടുള്ള ശരണം തേടലും ഉണ്ടായിട്ടുണ്ട് താനും. എല്ലാവിധ കെടുതികളിൽനിന്നുമുള്ള രക്ഷതേടൽ മൊത്തത്തിലും വിശദരൂപത്തിലും ഈ രണ്ടു സൂറത്തുകളിൽ അടങ്ങിയിട്ടുണ്ട്.

മൂന്ന് നിബന്ധനകൾ ഒത്തുവന്നാൽ മന്ത്രങ്ങൾക്കു വിരോധമില്ലെന്നുള്ളതിൽ പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. 1) അല്ലാഹുവിന്റെ വാക്യമോ അവന്റെ നാമങ്ങളോ അവന്റെ ഗുണവിശേഷണങ്ങളോ കൊണ്ടായിരിക്കുക. 2) അറബി ഭാഷയിലോ അർഥം അറിയാവുന്ന മറ്റു ഭാഷയിലോ ആയിരിക്കുക. 3) ഫലം ചെയ്യുവാൻ സ്വയം ശക്തിയില്ല, അല്ലാഹു മാത്രമാണ് ഫലം നൽകുന്നവൻ എന്ന വിശ്വാസം ഉണ്ടായിരിക്കുക.

ഹസൻ(റ), ഹുസൈൻ(റ) എന്നിവർക്കുവേണ്ടി നബി ﷺ  ഇപ്രകാരം ശരണം തേടിയിരുന്നതായി ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചിരിക്കുന്നു:

“എല്ലാ പിശാചിൽനിന്നും, എല്ലാ വിഷജന്തുക്കളിൽനിന്നും, ദുഷ്ടകണ്ണുകളിൽനിന്നും അല്ലാഹുവിന്റെ പരിപൂർണ വചനങ്ങൾ മുഖേന ഞാൻ നിങ്ങൾക്ക് ശരണം തേടുന്നു.’’ എന്നിട്ട് തിരുമേനി ഇങ്ങനെ പറയുകയും ചെയ്തിരുന്നു: “നിങ്ങളുടെ പിതാവ് ഇബ്‌റാഹീം(അ) മക്കളായ ഇസ്മാഈലിനും ഇസ്ഹാക്വിനും ഇപ്രകാരം ശരണം തേടിയിരുന്നു’’ (ബുഖാരി).

നബി ﷺ  രോഗികളെ മന്ത്രിച്ചിരുന്ന ഒരു പ്രാർഥന ഇതാണ്:

“ജനങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നീ രോഗത്തെ നീക്കിക്കളയേണമേ. നീ അതിന് ശമനം നൽകേണമേ, നീയാണ് ശമനം നൽകുന്നവൻ. നീ നൽകുന്ന ശമനമല്ലാതെ മറ്റൊരു ശമനമില്ല, യാതൊരു പ്രയാസവും അവശേഷിക്കാത്ത ശമനം’’ (ബുഖാരി, മുസ്‌ലിം).’’

ശരിയായ അറിവ് കരസ്ഥമാക്കുകയും ആ അറിവനുസരിച്ച് ജീവിക്കുകയും ചെയ്യലാണ് ബുദ്ധിയുള്ളവരുടെ അടയാളം. സലഫികൾക്ക് മന്ത്രത്തോടുള്ള സമീപനം എന്താണെന്നും ഏത് വിധത്തിലുള്ള മന്ത്രങ്ങളെയാണ് സലഫികൾ എതിർക്കുന്നത് എന്നതും അമാനി മൗലവി(റ)യുടെ വിവരണത്തിൽനിന്നും വ്യക്തമാണല്ലോ.

നബി ﷺ ക്ക് ഓരോ ദിവസവും രോഗം ശക്തമായിക്കൊണ്ടേയിരുന്നു. ക്ഷീണവും വേദനയും വർധിക്കുന്നു. ആഇശ(റ) പറയുകയാണ്: “അല്ലാഹുവിന്റെ റസൂലി ﷺ നെക്കാൾ കഠിനമായ വേദനയുണ്ടായ ഒരാളെ ഞാൻ കണ്ടിട്ടില്ല.’’

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ് (റ) നബി ﷺ യെ സന്ദർശിക്കാൻ വേണ്ടി ചെന്ന സന്ദർഭം വിശദീകരിക്കുന്നത് കാണുക:

“അവിടുന്ന് കഠിനമായ വേദനയിലായിരിക്കവെ ഞാൻ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അരികിൽ പ്രവേശിക്കുകയുണ്ടായി. എന്നിട്ട് ഞാൻ എന്റെ കൈകൊണ്ട് അവിടുത്തെ തൊട്ടുനോക്കി. എന്നിട്ട് ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, തീർച്ചയായും അവിടുത്തേക്ക് ശക്തമായ വേദനയുണ്ടല്ലോ.’ അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ  പറഞ്ഞു: ‘അതെ, നിങ്ങളിൽ രണ്ടാൾ വേദനിക്കുന്നത് പോലെ ഞാൻ വേദന സഹിക്കുന്നുണ്ട്.’ അപ്പോൾ ഞാൻ ചോദിച്ചു: ‘അതിന് അങ്ങേക്ക് രണ്ട് പ്രതിഫലവും ഉണ്ടാകില്ലേ?’ അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ  പറഞ്ഞു: ‘അതെ.’ പിന്നീട് അല്ലാഹുവിന്റെ റസൂൽ ﷺ  പറഞ്ഞു: ‘ഒരു മുസ്‌ലിമിനെയും ഒരു വേദനയോ രോഗമോ അതല്ലാത്തതോ ബാധിക്കുന്നില്ല; മരങ്ങൾ അതിന്റെ ഇലകൾ പൊഴിക്കുന്നതുപോലെ അല്ലാഹു അവന്റെ തിന്മകൾ മായ്ച്ചുകളയാതെയല്ലാതെ’’ (ബുഖാരി).

നബി ﷺ  ഇസ്‌ലമികമായ കാര്യങ്ങൾ അനുചരന്മാരെ പഠിപ്പിക്കുവാൻ ഒരു അവസരവും പാഴാക്കിയിരുന്നില്ല. ശക്തമായ വേദനയും പനിയും ബാധിച്ച് കിടക്കുമ്പോഴും അവിടുന്ന് സ്വഹാബത്തിന് ക്ഷമയുടെയും സഹനത്തിന്റെയും മഹത്ത്വം പഠിപ്പിക്കുന്നതാണ് ഇവിടെ നാം കാണുന്നത്. വേദനകളും രോഗ ങ്ങളും പിടിപെടുമ്പോൾ അക്ഷമയും അസഹ്യതയും കാണിക്കുന്ന ആളുകൾക്ക് നബി ﷺ  തന്റെ അവസാന സമയത്തും ആശ്വാസത്തിന്റെ സന്ദേശം കൈമാറുന്നു. രോഗികൾക്കും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും സമാധാനവും ആശ്വാസവും നൽകുന്ന സമാധാനത്തിന്റെ സന്ദേശമാണിത്.

ആഇശ(റ) പറഞ്ഞു: “നബി ﷺ  അവരുടെ വീട്ടിൽ പ്രവേശിക്കുകയും വേദന കഠിനമാകുകയും ചെയ്ത ശേഷം പറഞ്ഞു: ‘നിങ്ങൾ എന്റെമേൽ കെട്ടഴിക്കാത്ത ഏഴ് തോൽപാത്രങ്ങളിൽ നിന്നുള്ള (വെള്ളം) ഒഴിക്കുവീൻ. എനിക്ക് ജനങ്ങളോട് ഇടപെടാൻ സാധിച്ചേക്കാം.’ അവർ പറഞ്ഞു: ‘അപ്പോൾ നബി ﷺ യുടെ ഭാര്യയായ ഹഫ്‌സ്വ(റ)ക്ക് ഉണ്ടായിരുന്ന ഒരു പാത്രത്തിൽ അദ്ദേഹത്തെ ഞങ്ങൾ ഇരുത്തി. പിന്നീട് ഞങ്ങൾ അദ്ദേഹത്തിന്റെ മേൽ അതിൽനിന്നും ഒഴിച്ചുകൊണ്ടിരുന്നു. (അങ്ങനെ) ഞങ്ങളിലേക്ക് അവിടുന്ന് (ഇപ്രകാരം പറയുന്നതായി) ആംഗ്യം കാണിക്കുന്നതുവരെ (തുടർന്നു): ‘(ഞാൻ പറഞ്ഞത് പോലെ) നിങ്ങൾ ചെയ്തിരിക്കുന്നു.’ അവർ പറഞ്ഞു: ‘അവിടുന്ന് ജനങ്ങളിലേക്ക് പുറപ്പെട്ടു. അങ്ങനെ അവിടുന്ന് അവരെയുംകൊണ്ട് നമസ്‌കരിക്കുകയും അവരോട് പ്രസംഗിക്കുകയും ചെയ്തു’’ (ബുഖാരി).

ഏഴ് വ്യത്യസ്തമായ കിണറുകളിൽനിന്നായി ഏഴ് തോൽപാത്രത്തിൽ ശേഖരിച്ചുവെച്ചിട്ടുള്ള വെള്ളമുണ്ടായിരുന്നു. ആ വെള്ളം അവിടുത്തെ ശരീരത്തിൽ ഒഴിക്കാനായിരുന്നു അവിടുന്ന് നിർദേശം നൽകിയത്. ഏഴ് തോൽപാത്രത്തിൽനിന്ന് വെള്ളം ഒഴിക്കാൻ അവിടുന്ന് കൽപിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്ന് നമുക്ക് അറിയില്ല. ദിവസങ്ങളായി രോഗത്താൽ അനുചരന്മാരിലേക്ക് ഇറങ്ങാനോ അവരോട് സംസാരിക്കാനോ സാധിക്കാത്ത വിഷമത്തിലാണ് റസൂൽ ﷺ . ഹഫ്‌സ്വ(റ)യുടെ വീട്ടിൽ ഒരാൾക്ക് ഇറങ്ങിയിരിക്കാൻ പാകത്തിലുള്ള ഒരു പാത്രം ഉണ്ടായിരുന്നു. അതിലേക്ക് അവർ നബി ﷺ യെ ഇറക്കിയിരുത്തി. ശേഷം അവർ അവിടുത്തെ ദേഹത്തിലേക്ക് വെള്ളം ഒഴിച്ചുകൊടുത്തു. അന്നേരം നബി ﷺ ക്ക് അൽപം ആശ്വാസം ലഭിച്ചു. പിന്നീട് അവിടുന്ന് ജനങ്ങളിലേക്ക് പുറപ്പെടുകയും അവരുടെ കൂടെ നമസ്‌കരിക്കുകയും അവരോട് ഒരു പ്രസംഗം നടത്തുകയും ചെയ്തു.

പ്രസംഗത്തിൽ പല കാര്യങ്ങളും സ്വഹാബിമാരോട് നബി  ﷺ  ഉണർത്തി. ഞാൻ നിങ്ങളോട് വിടപറയുകയാണ് എന്നത് ആ പ്രസംഗത്തിൽ അവിടുന്ന് അവർക്ക് സൂചന നൽകി. ആ സന്ദർഭത്തിലാണ് നബി ﷺ  ഇപ്രകാരം പറഞ്ഞത്: “തീർച്ചയായും അല്ലാഹു അടിമക്ക് ദുൻയാവിന്റെയും അവന്റെ പക്കൽ ഉള്ളതിന്റെയും ഇടയിലുള്ളത് തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നൽകി. അപ്പോൾ (അടിമ) അല്ലാഹുവിന്റെ അടുക്കലുള്ളതിനെ തെരഞ്ഞെടുത്തു.’’

ആ സന്ദർഭത്തിൽ അബൂബക്ർ (റ) കരഞ്ഞുപോയി. കാരണം, അദ്ദേഹത്തിന് നബി ﷺ യുടെ സംസാരത്തിന്റെ രഹസ്യം മനസ്സിലായിരുന്നു. നബി ﷺ  തന്റെ കാലശേഷം ആരായിരിക്കണം ഖലീഫ എന്നതിലേക്കും ആ പ്രസംഗത്തിൽ സ്വഹാബിമാർക്ക് സൂചന നൽകി.

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ  ﷺ  മരണപ്പെട്ടതായ രോഗത്തിൽ (ആയിരിക്കെ) അവിടുത്തെ തല ഒരു നനഞ്ഞ തുണികൊണ്ട് കെട്ടിയ രൂപത്തിൽ പുറപ്പെട്ടു. അങ്ങനെ അവിടുന്ന് മിമ്പറിൽ ഇരുന്നു. എന്നിട്ട് അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തു. പിന്നീട് പറഞ്ഞു: ‘അബൂബക്ർ ഇബ്‌നു അബീക്വുഹാഫയോളം തന്റെ സമ്പത്തിനെക്കാളും ശരീരത്തെക്കാളും എന്നോട് അനുഗ്രഹം ചെയ്ത ഒരാളുമില്ല. ജനങ്ങളിൽനിന്നും ഒരാളെ ഞാൻ ഉറ്റമിത്രമായി സ്വീകരിക്കുമായിരുന്നെങ്കിൽ അബൂബക്‌റിനെ ഞാൻ ഉറ്റമിത്രമായി സ്വീകരിക്കുമായിരുന്നു. പക്ഷേ, ഇസ്‌ലാമിന്റെ സഹോദര്യം ഏറ്റവും ശ്രേഷ്ഠമാണ്. (അതിനാൽ) അബൂബക്‌റിന്റെ ചെറുവഴി ഒഴികെ ഈ പള്ളിയിലേക്കുള്ള എല്ലാ ചെറുവഴികളും അടച്ചുകളയുവിൻ’’ (അഹ്‌മദ്).

അവസാന സമയത്തും തന്റെ ഉറ്റസുഹൃത്തായ അബൂബക്‌റി(റ)ന്റെ മേന്മയും അടുപ്പവും നബി  ﷺ  സ്വഹാബിമാരെ ഉണർത്തുകയായിരുന്നു. മദീനാ പള്ളിയിലേക്ക് ഓരോ സ്വഹാബിക്കും വരുന്നതിനായി നബി ﷺ  ചെറിയ വഴികൾ നിശ്ചയിച്ചിരുന്നു. അതെല്ലാം അടച്ചുകളയാൻ കൽപിച്ചെങ്കിലും അബൂബക്‌റി(റ)നായി നബി ﷺ  നിശ്ചയിച്ച വഴി അടക്കരുതെന്ന് പ്രത്യേകം എടുത്തുപറഞ്ഞതിലൂടെ തന്റെ കാലശേഷം അബൂബക്ർ(റ) ആയിരിക്കണം തന്റെ പിൻഗാമി എന്ന് സൂചിപ്പിക്കുകയായിരുന്നു.

അൻസ്വാറുകളായ സ്വഹാബിമാരുടെ കാര്യത്തിലും നബി ﷺ  പ്രത്യേകം ഉപദേശിച്ചു. മക്കയിൽനിന്നും മദീനയിലേക്ക് ഹിജ്‌റ വന്ന സ്വഹാബിമാരെ ആത്മാർഥമായി സ്വീകരിച്ചവരാണ് അൻസ്വാറുകൾ. അവർക്കുള്ള സ്ഥാനവും മഹത്ത്വവും വ്യക്തമാക്കുന്ന ഹദീസുകൾ കാണാവുന്നതാണ്. എല്ലാ സ്വഹാബിമാരെയും സ്‌നേഹിക്കേണ്ടതുണ്ട്. ഒരു സ്വഹാബിയെയും ചീത്തപറയുവാനോ ആക്ഷേപിക്കുവാനോ പാടില്ല. അപ്രകാരം ചെയ്യുന്നവർക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപമുണ്ടായിരിക്കുമെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൻസ്വാറുകളുടെ കാര്യത്തിൽ അവിടുന്ന് വസ്വിയ്യത്ത് നൽകുന്നത് കാണുക:

“അൻസ്വാറുകളുടെ കാര്യത്തിൽ ഞാൻ നിങ്ങൾക്ക് വസ്വിയ്യത്ത് നൽകുന്നു. തീർച്ചയായും അവർ എന്റെ സ്വന്തക്കാരും സൂക്ഷിപ്പുകാരുമാകുന്നു. അവരുടെ മേലുള്ള (കടമകൾ) അവർ നിറവേറ്റിയിട്ടുണ്ട്. അവർക്കു ലഭിക്കാനുള്ളത് ബാക്കിയാകുകയും ചെയ്തിരിക്കുന്നു. അതിനാൽ അവരിലെ സുകൃതവാന്മാരെ നിങ്ങൾ സ്വീകരിക്കുകയും അവരിലെ പിഴവുകാരെ നിങ്ങൾ വിട്ടുകൊടുക്കുകയും ചെയ്യുവിൻ’’ (ബുഖാരി).

അൻസ്വാറുകൾക്ക് നബി ﷺ യുടെ അടുത്ത് വലിയ സ്ഥാനമുണ്ടായിരുന്നു. അവരോട് കൽപിക്കപ്പെട്ടതെല്ലാം അവർ ഭംഗിയായി നിർവഹിച്ചു. ഇനി അവരെ സ്‌നേഹിക്കലും മറ്റും അവർക്ക് മറ്റുള്ളവരിൽനിന്നു ലഭിക്കേണ്ടുന്നതാണ്. നബി ﷺ യുടെ കാലശേഷം അവരുമായി ബന്ധപ്പെട്ട വല്ല പ്രശ്‌നവും വന്നാൽ അവരിലെ നല്ലവരെ സ്വീകരിക്കുകയും അവരിൽ വല്ല പിഴവും സംഭവിച്ചാൽ അവർക്ക് മാപ്പ് നൽകുകയും ചെയ്യണം എന്നതായിരുന്നു നബി ﷺ യുടെ ഉപദേശം.

(തുടരും)