ഉബയ്യുബ്‌നു കഅ്ബ് (റ)

അബൂഫായിദ

2022 നവംബർ 26, 1444 ജുമാദുൽ ഊല 01

ഖസ്‌റജ് ഗോത്രത്തിൽ പെട്ട അൻസ്വാരിയായിരുന്നു ഉബയ്യുബ്‌നു കഅ്ബ്(റ). അക്വബ ഉടമ്പടിയിലും ബദ്‌റിലുമൊക്കെ പങ്കെടുത്ത അദ്ദേഹം മുൻകാല സ്വഹാബിമാരിൽ പ്രഥമഗണനീയനായിത്തീർന്നു. നബി ﷺ അദ്ദേഹത്തെ അൻസ്വാരികളുടെ രാജാവ് എന്ന് വിളിക്കുമായിരുന്നു. ഉമർ(റ) മുസ്‌ല ിംകളുടെ നേതാവ് എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.

നബി ﷺ യുടെ എഴുത്തുകാരിൽ ഒരാളായിരുന്ന അദ്ദേഹം ക്വുർആൻ ഹൃദിസ്ഥമാക്കിയവരിൽ ഒരാളുമായിരുന്നു. നന്നായി ക്വുർആൻ പാരായണം ചെയ്യുമായിരുന്നു.

ഒരിക്കൽ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: “ഉബയ്യേ, നിന്നെക്കൊണ്ട് ക്വുർആൻ മനഃപാഠം പരിശോധിപ്പിക്കാൻ അല്ലാഹു എന്നോട് കൽപിച്ചിരിക്കുന്നു.’’ ഉബയ്യ്(റ) സന്തോഷത്തോടെ ചോദിച്ചു: “നബിയേ, അല്ലാഹു എന്റെ പേര് എടുത്തുപറഞ്ഞിരിക്കുന്നോ?’’ നബി ﷺ പറഞ്ഞു: “അതെ, നിന്റെ പേരും തറവാടും അത്യുന്നതലോകത്ത് എടുത്തുപറയപ്പെട്ടിരിക്കുന്നു.’’ പരിശുദ്ധ ക്വുർആനും ഉബയ്യും തമ്മിലുളള ബന്ധം നമുക്ക് ഇതിൽനിന്ന് മനസ്സിലാക്കാം.

അദ്ദേഹം നബി(സ)യുമായുളള ദീർഘകാല ബന്ധത്തിനിടയിൽ ഇഷ്ട സഹചാരികളിൽ മുമ്പനായിത്തീർന്നു. മരണം വരെയും അദ്ദേഹത്തിന്റെ ജീവിതത്തിൽ ആരാധനയിലും ഭക്തിയിലും ത്യാഗത്തിലും അണുഅളവ് വ്യതിയാനം കാണപ്പെട്ടില്ല. അദ്ദേഹം ജനങ്ങളെ എപ്പോഴും താക്കീത് ചെയ്യുകയും നബി(സ)യുടെ കാലഘട്ടത്തെക്കുറിച്ച് അവരെ ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഉബയ്യ്(റ) ജനങ്ങളോട് സംസാരിക്കുമ്പോൾ അതീവ താൽപര്യം പകടിപ്പിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. ഒരാളിൽനിന്നും ഒരു ഐഹിക പ്രതിഫലവും പ്രതീക്ഷിക്കാതിരുന്ന അദ്ദേഹം തന്റെ മതത്തിന്റെ കാര്യത്തിൽ ആരെയും ഭയപ്പെട്ടില്ല.

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പരിധി വ്യാപിക്കുകയും സാമ്പത്തിക പുരോഗതി കൈവരിക്കുകയും ചെയ്തപ്പോൾ സാധാരണക്കാരായ പൊതുജനങ്ങളുടെ ജീവിതനിലവാരത്തിൽ മാറ്റം വന്നു. അവർ ഭരണാധികാരികൾക്ക് അനർഹമായ അംഗീകാരവും പ്രശംസകളും നൽകിത്തുടങ്ങി. അതിനെക്കുറിച്ച് ഉബയ്യ്(റ) ഒരിക്കൽ ഗൗരവപൂർവം പറഞ്ഞു: “അവർ സ്വയം നശിക്കുന്നു, നശിപ്പിക്കുകയും ചെയ്യുന്നു. അവർ നശിക്കുന്നതിലല്ല ഞാൻ ദുഃഖിക്കുന്നത്; അവർ കാരണം വഴിപിഴക്കുന്നവരെ ഓർക്കുമ്പോഴാണ് എനിക്ക് ദുഃഖം.’’

എപ്പോഴും അല്ലാഹുവിനെ ഓർത്തു കണ്ണുനീർ വാർക്കുമായിരുന്നു അദ്ദേഹം! ക്വുർആൻ സൂക്തങ്ങൾ ആവർത്തിച്ചാവർത്തിച്ച് ഉരുവിടുകയും ചെയ്യുമായിരുന്നു.

“നബിയേ, താങ്കൾ അവരോട് പറയുക. നിങ്ങളുടെ ഉപരിതലത്തിൽ നിന്നോ പാദങ്ങൾക്കടിയിൽ നിന്നോ നിങ്ങളുടെ മേൽ ശിക്ഷയിറക്കാൻ കഴിവുള്ളവനാകുന്നു അവൻ...’’ എന്ന ആയത്ത് ആവർത്തിച്ചാവർത്തിച്ച് ഉരുവിടുകയും കണ്ണുനീർ വാർക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം.

ഒരിക്കൽ നബി ﷺ ഉബയ്യിനോട് ചോദിച്ചു: “അബുൽ മുൻദിർ, ക്വുർആനിൽ ഏത് ആയത്താണ് അതിശ്രേഷ്ഠമായത്?’’ ഉബയ്യ്(റ) പറഞ്ഞു: “അല്ലാഹുവിനും അവന്റെ പ്രവാചകന്നും മാത്രമെ അറിയൂ.’’ നബി ﷺ ആ ചോദ്യം ആവർത്തിച്ചപ്പോൾ ഉബയ്യ്(റ) പറഞ്ഞു: “അല്ലാഹു ലാഇലാഹ ഇല്ലാ ഹുവൽ ഹയ്യുൽ ക്വയ്യും’ എന്ന ആയത്താകുന്നു ശ്രേഷ്ഠമായത്. മറുപടി കേട്ട നബി ﷺ അദ്ദേഹത്തിന്റെ നെഞ്ചിൽ തടവിക്കൊണ്ട് പ്രസന്നവദനനായി പറഞ്ഞു: “വിജ്ഞാനം നിന്നെ സൗഭാഗ്യവാനാക്കട്ടെ.’’ ആ പ്രാർഥന ഫലം കണ്ടു. അദ്ദേഹം പ്രഗത്ഭനായ പണ്ഡിതനായിത്തീർന്നു. ഹിജ്‌റ 17ൽ മദീനയിൽവച്ച് ഉബയ്യ്(റ) ഇഹലോകവാസം വെടിഞ്ഞു.