കള്ളപ്രവാചകന്മാർ രംഗത്ത്

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ഏപ്രിൽ 23, 1442 റമദാൻ 21

ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാൻ നബി ﷺയുടെ അടൂത്തേക്ക് എത്തുന്ന നിവേദകസംഘങ്ങളുടെ വരവ് കൂടി. മക്കയുടെയും യമനിന്റെയും ഇടയിലെ യമാമയിൽ താമസിക്കുന്ന ബനൂഹനീഫയുടെ നിവേദകസംഘം അതിൽ പ്രധാനപ്പെട്ടതായിരുന്നു. ആ നിവേദകസംഘത്തിന്റെ തലവൻ മുസയ്‌ലിമത്ഇബ്‌നു ഥുമാമയായിരുന്നു. പതിനേഴ് പേരായിരുന്നു ആ കൂട്ടത്തിലുണ്ടായിരുന്നത്. നബി ﷺയെക്കാൾ പ്രായം കൂടുതലുള്ള ആളായിരുന്നു അയാൾ. അങ്ങനെ അയാൾ നബി ﷺയുടെ അടുത്തെത്തി മുസ്‌ലിമായി തിരിച്ചുപോയി. കൂടെയുള്ളവരും നബി ﷺയിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഇയാൾ നബി ﷺയുടെ അടുത്തേക്ക് വരാൻ അൽപം അഹങ്കാരം കാണിക്കുകയും നേതാവാകാൻ മോഹിക്കുകയും ചെയ്തിരുന്നു. ഞാൻ റഹ്‌മാനാണ് എന്നുവരെ അയാൾ വാദിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. യമാമക്കാരുടെ റഹ്‌മാനാണെന്ന് വാദിച്ച് നേതൃത്വം മോഹിച്ച് നടന്നിരുന്ന മുസയ്‌ലിമ നബി ﷺയുടെ അടുത്ത് വരുന്നത് നമുക്ക് ചരിത്രത്തിൽ ഇപ്രകാരം കാണാം:

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലി ﷺന്റെ കാലത്ത് മുസയ്‌ലിമതുൽ കദ്ദാബ് വരികയുണ്ടായി. എന്നിട്ട് അയാൾ പറഞ്ഞു: ‘മുഹമ്മദ് തന്റെ കാലശേഷം കാര്യങ്ങൾ എന്നെ ഏൽപിക്കുകയാണെങ്കിൽ ഞാൻ അവനെ പിന്തുടരുന്നതാണ്.’ അയാളുടെ ജനതയിൽനിന്ന് ധാരാളം പേരും (അയാളുടെ കൂടെ) അവിടെ വന്നു. അല്ലാഹുവിന്റെ റസൂലും ﷺ കൂടെയുണ്ടായിരുന്ന ഥാബിത് ഇബ്‌നുക്വയ്‌സ് ഇബ്‌നു ശമ്മാസും അയാളിലേക്ക് (സ്വീകരിക്കാനായി) മുന്നോട്ടുവന്നു. അന്നേരം നബി ﷺയുടെ കൈയിൽ ഒരു ഈത്തപ്പന മട്ടൽ ഉണ്ടായിരുന്നു. അങ്ങനെ അവിടുന്ന് മുസയ്‌ലിമയുടെ ആളുകളുടെ മധ്യത്തിൽ നിന്നു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘ഈ (ഈത്തപ്പന മട്ടലിന്റെ) കഷ്ണം നീ എന്നോട് ചോദിച്ചാലും ഞാൻ അത് നിനക്ക് തരുന്നതല്ല. (വിശ്വാസിക്കാതെ) നീ പുറകോട്ട് പോകുകയാണെങ്കിൽ അല്ലാഹു നിന്നെ അറുത്ത് കളയുന്നതാണ്. തീർച്ചയായും നിന്റെ കാര്യത്തിൽ ഞാൻ ചിലതെല്ലാം കണ്ടിട്ടുണ്ട്’’ (ബുഖാരി).

നബി ﷺ അല്ലാഹുവിന്റെ വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നു ഇപ്രകാരം പറഞ്ഞത്. മുസയ്‌ലിമയുടെ കള്ളത്തരത്തവും ദുർവിചാരവും അല്ലാഹു അവിടുത്തേക്ക് വെളിപ്പെടുത്തിക്കൊടുത്തു. മുസയ് ലിമ വരുന്നതിന് മുമ്പേ തന്നെ അല്ലാഹു ഇത് അറിയിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുകയാണ്:

“അബൂഹുറയ്‌റ എന്നോട് പറയുകയുണ്ടായി; തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ‘ഞാൻ ഉറങ്ങുന്നതിനിടയിൽ സ്വർണത്താലുള്ള രണ്ട് വളകൾ എന്റെ കൈയിൽ ഞാൻ കാണുകയുണ്ടായി. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ സ്വപ്‌നത്തിൽ എനിക്ക് വഹ്‌യ് നൽകപ്പെട്ടു: ‘അവ രണ്ടിലും ഊതുക.’ അപ്പോൾ ഞാൻ അവയിൽ ഊതി. അപ്പോൾ അവ പാറിപ്പോകുകയും ചെയ്തു. അവ രണ്ടിനെയും ഞാൻ വ്യാഖ്യാനിക്കുന്നത് എനിക്ക് ശേഷം രണ്ട് കള്ളന്മാർ രംഗത്ത് വരുമെന്നതാണ്. അവരിൽ ഒരാൾ അൽഅൻസിയും മറ്റേത് മുസയ്‌ലിമയുമായിരുന്നു’’ (ബുഖാരി).

എങ്ങനെയാണ് നബി ﷺ ആ സ്വപ്‌നത്തിന് ഈ രൂപത്തിൽ വ്യാഖ്യാനം നൽകിയത് എന്ന് പണ്ഡിതന്മാർ വിവരിക്കുന്നുണ്ട്: കളവ് എന്നത് ഒരു വസ്തുവിനെ അതിന്റെ യഥാർഥ സ്ഥാനത്തല്ലാതെ വെക്കലാണല്ലോ. സ്വർണത്താലുള്ള വളകൾ അണിയൽ സ്ത്രീകളാണല്ലോ അണിയൽ. അത് നബി ﷺ തന്റെ കൈകളിൽ കാണുന്നു. ഒരാൾക്ക് അവകാശമില്ലാത്ത ഒരു കാര്യം വാദിക്കുന്ന രണ്ടാളുകൾ പ്രത്യക്ഷപ്പെടാനിരിക്കുന്നു എന്ന് അവിടുന്ന് മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ അപ്രകാരം ആ സ്വപ്‌നത്തെ വ്യാഖ്യാനിച്ചത്.

മുസയ്‌ലിമയുടെ മോഹം കേട്ട നബി ﷺ ഈ സ്വപ്‌നത്തെ കുറിച്ച് ഓർത്തു. ഇതിൽ ഒരു ‘വള’ ഇവൻ തന്നെ. ഇവൻ കുഴപ്പക്കാരനാണ്. പക്ഷേ, അയാളെ കൊല്ലാൻ നബി ﷺ മുതിർന്നില്ല. എന്നാൽ അവന് അല്ലാഹുവിന്റെ റസൂൽ ﷺ മുന്നറിയിപ്പ് നൽകി. അധികനേരം അവനോട് സംസാരിക്കാൻ നബി ﷺ കൂട്ടാക്കിയതുമില്ല. കൂടെയുണ്ടായിരുന്ന ഥാബിതി(റ)നോട് സംസാരിക്കാൻ ഏൽപിച്ച് അവിടുന്ന് പിന്മാറി.

അങ്ങനെ മുസയ്‌ലിമ യമാമയിലേക്ക് മടങ്ങി. അവിടെ എത്തിയ ശേഷം നബി ﷺക്ക് ഇപ്രകാരം ഒരു കത്ത് എഴുതുകയുണ്ടായി: “അല്ലാഹുവിന്റെ റസൂലായ മുസയ്‌ലിമയിൽനിന്ന് അല്ലാഹുവിന്റെ റസൂലായ മുഹമ്മദിന്. താങ്കൾക്ക് സമാധാനം. തീർച്ചയായും താങ്കളുടെ കൂടെ കാര്യങ്ങളിൽ ഞാനും പങ്കാളിയാകാം. താങ്കൾക്ക് നല്ല വീടുകളിൽ കഴിയുന്നവരടെ കാര്യവും എനിക്ക് ഗ്രാമീണരുടെ കാര്യവും. പക്ഷേ, ക്വുറയ്ശികൾ അക്രമികളായ ജനതയാകുന്നു.’’ ഉടനെ അല്ലാഹുവിന്റെ റസൂൽ ﷺ അയാൾക്ക് മറുപടി എഴുതി: “അല്ലാഹുവിന്റെ റസൂലായ മുഹമ്മദിൽനിന്ന് പെരുംകള്ളനായ മുസയ്‌ലിമയിലേക്ക്, സന്മാർഗം പിന്തുടരുന്നവർക്കാകുന്നു സലാം. തീർച്ചയായും ഭൂമി അല്ലാഹുവിന്റെതാകുന്നു. അതിനെ അല്ലാഹു അവന്റെ അടിമകളിൽനിന്ന് അവനുദ്ദേശിക്കുന്നവരെ അനന്തരമാക്കുന്നതാണ്. സൂക്ഷ്മത പുലർത്തുന്നവർക്കത്രെ (നല്ല) പര്യവസാനം’’ (ഇബ്‌നു കഥീർ).

മുസയ്‌ലിമ നബി ﷺയുടെ കത്തിനെ തീരെ ഗൗനിച്ചതേയില്ല. അവൻ നാട്ടിൽ അനുയായികളെ ഉണ്ടാക്കാനായി നബിയാണെന്നും വാദിച്ച് നടക്കുകയായിരുന്നു. തനിക്കും ക്വുർആൻ ഇറങ്ങുന്നുണ്ടെന്നു പറഞ്ഞ് ചില വചനങ്ങൾ പ്രാസമൊപ്പിച്ച് പ്രചരിപ്പിക്കാൻ ശ്രമിച്ചു. യമാമക്കാരിൽ പലരും അവനിൽ വിശ്വസിച്ചു. അവരെ അവന്റെ വരുതിയിൽ തന്നെ നിർത്താനായി അവർക്ക് പല സൗകര്യങ്ങളും വാഗ്ദാനം നൽകുകയും ചെയ്തു. അഥവാ ക്വുർആൻ നിഷിദ്ധമാക്കിയ മദ്യം അയാൾ അനുവദനീയമാക്കി. വ്യഭിചാരത്തിനും അംഗീകാരം നൽകി. താൻ നബിയാണെന്നതിന് സാക്ഷ്യം വഹിച്ചവർക്ക് നിസ്‌കാരത്തിൽ നിന്ന് ഇളവും നൽകി. തെമ്മാടികൾ കൊതിക്കുന്ന എല്ലാ കാര്യത്തിനും മുസയ്‌ലിമഃ അനുവാദം നൽകിയതോടെ അവർക്കെല്ലാം പെരുത്ത് ഇഷ്ടമായി. അവർ അയാളുടെ പിന്നാലെ കൂടുകയും ചെയ്തു. സജാഹ് എന്ന് പറയുന്ന ഒരു പെണ്ണ് അയാളിലേക്ക് വല്ലാതെ ആകർഷിക്കപ്പെട്ടു. ഈ പെണ്ണും പ്രവാചകത്വം വാദിച്ച് നബിച്ചിയായി രംഗത്ത് വന്നിട്ടുണ്ട്. ഇവർ തമ്മിൽ വിവാഹവും നടന്നു. മുസയ്‌ലിമ കൊല്ലപ്പെട്ടതിന് ശേഷം ഇവർ മുസ്‌ലിമായി എന്നതാണ് ചരിത്രം.

മുസയ്‌ലിമതുൽ കദ്ദാബിന്റെ രണ്ട് ദൂതന്മാരായ ഇബ്‌നു നവ്വാഹയും ഇബ്‌നു ഉഥാലും അല്ലാഹുവിന്റെ റസൂലി ﷺന്റെ അടുക്കലേക്ക് വന്നു. അപ്പോൾ അവിടുന്ന് അവരോട് ചോദിച്ചു: “ഞാൻ അല്ലാഹുവിന്റെ റസൂലാണ് എന്നത് നിങ്ങൾ സാക്ഷ്യംവഹിക്കുന്നവരാണോ?’’ അവർ പറഞ്ഞു: “മുസയ്‌ലിമ അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങൾ സാക്ഷ്യംവഹിക്കുന്നു.’ അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ഞാൻ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുന്നവനാകുന്നു. ഞാൻ ദൂതന്മാരെ വധിക്കുന്നവനായിരുന്നെങ്കിൽ നിങ്ങളെ ഇരുവരെയും ഞാൻ വധിക്കുകതന്നെ ചെയ്യുമായിരുന്നു’’ (സീറതുന്നബവിയ്യ, ഇബ്‌നു കഥീർ).

ഹിജ്‌റ പത്താം വർഷത്തിലായിരുന്നു ഇയാളുടെ പ്രവാചകത്വം വാദിച്ചുള്ള രംഗപ്രവേശനം. അബൂബക്‌റി(റ)ന്റെ ഭരണകാലത്ത് അല്ലാഹുവിന്റെ റസൂലി ﷺന്റെ പ്രവചനം പുലരുകയുണ്ടായി. ഹിജ്‌റ പന്ത്രണ്ടാം വർഷത്തിൽ അബൂബക്‌റി(റ)ന്റെ ഭരണകാലത്ത് യമാമക്കാരുമായുണ്ടായ യുദ്ധത്തിൽ അവൻ കൊല്ലപ്പെടുകയും ചെയ്തു. വഹ്ശി(റ) ആയിരുന്നു അയാളെ വധിച്ചത്.

ഉഹ്ദ് യുദ്ധത്തിൽ നബി ﷺയുടെ പിതൃവ്യൻ ഹംസ(റ)യെ ചാട്ടുളികൊണ്ട് വധിച്ചത് വഹ്ശിയായിരുന്നല്ലോ. വഹ്ശി പിന്നീട് ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം തത്തുല്ല്യമായ ഒരു പ്രതികാരം ചെയ്ത് അതിന് പ്രായശ്ചിത്തം നൽകുമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഏറ്റവുംനല്ല മനുഷ്യനെ കൊന്നതിന് ഏറ്റവും ദുഷ്ടനായ ഒരാളെ കല്ലാൻ അവസരം ആഗ്രഹിച്ച ആളായിരുന്നു വഹ്ശി(റ). യമാമ യുദ്ധത്തിൽ മുസയ്‌ലിമയുടെ തലയറുത്തെടുത്തു എന്നതാണ് ചരിത്രം. അതെ, നബി ﷺ മുമ്പ് നടത്തിയ പ്രവചനം സത്യമാകുകയും ചെയ്തു. അസ്‌വദുൽ അനസി നബി ﷺയുടെ കാലത്തും മുസയ്‌ലിമ അബൂബക്‌റി(റ)ന്റെ കാലത്തും കൊല്ലപ്പെട്ടു. നബി ﷺ കണ്ട ആ രണ്ട് വളകളും പാറിപ്പോയി. കള്ളപ്രവാചകന്മാരുടെ രംഗപ്രവേശത്തെ സംബന്ധിച്ച് നബി ﷺ നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്:

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബി ﷺ പറഞ്ഞു: “...മുപ്പതോളം വരുന്ന പെരുംനുണയന്മാരും വ്യാജന്മാരുമായവർ അയക്കപ്പെടുന്നതുവരെ അന്ത്യസമയം വരുന്നതല്ല. അവർ എല്ലാവരും അല്ലാഹുവിന്റെ റസൂലാണെന്ന് വാദിക്കുകയും ചെയ്യുന്നതാണ്’’ (ബുഖാരി).

ഥൗബാനി(റ)ൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ‘എന്റെ സമുദായത്തിൽ നിന്ന് ചില വിഭാഗക്കാർ ബഹുദൈവാരാധകരോട് ചേരുന്നതുവരെയും എന്റെ സമുദായത്തിൽനിന്ന് ചില വിഭാഗക്കാർ വിഗ്രഹങ്ങളെ ആരാധിക്കുന്നതുവരെയും ഞാൻ നബിയാണെന്ന് വാദിക്കുന്ന മുപ്പത് പെരുംകള്ളന്മാർ എന്റെ സമുദായത്തിൽനിന്നും ഉണ്ടാകുന്നതുവരെയും അന്ത്യദിനം സംഭവിക്കുന്നതല്ല. ഞാൻ പ്രവാചകന്മാരിൽ അന്തിമനാകുന്നു. എനിക്ക് ശേഷം നബിയില്ല’’ (അബൂദാവൂദ്).

മുഹമ്മദ് നബി ﷺ അന്ത്യപ്രവാചകനാണ്. എന്നാൽ ഈ ഉമ്മത്തിൽനിന്ന് വ്യാജന്മാരായ നബിമാർ രംഗത്ത് വരുന്നതാണെന്ന് നബി ﷺ മുന്നറിയിപ്പ് നൽകുമ്പോൾ ചില കാര്യങ്ങൾ മാനസ്സിലാക്കേണ്ടതുണ്ട്. നബി ﷺയുടെ പ്രവചനം സത്യമാകും. ഇത്തരത്തിലുള്ള കള്ളന്മാർ വന്ന് പ്രവാചകത്വം വാദിക്കുമ്പോൾ അവരിൽ വിശ്വസിക്കാൻ പാടില്ല. മുഹമ്മദ് നബി ﷺ അവസാനത്തെ നബിയാണെന്ന വിശ്വാസം പ്രവാചകന്മാരിലുള്ള വിശ്വാസത്തിന്റെ കാതലായ ഭാഗമാണ്. സ്വഹാബിമാരുടെ കാലത്ത് കള്ളപ്രവാചകന്മാർ രംഗത്ത് വന്നപ്പോൾ അവർ എടുത്ത സമീപനം നാം ശ്രദ്ധിക്കേണ്ടതുണ്ട്. കള്ളപ്രവാചകന്മാർ നിരത്തുന്ന വ്യാജ തെളിവുകൾ സത്യമാണോ അല്ലയോ എന്ന് അവർ പരിശോധിച്ചില്ല. കാരണം നബി ﷺ അന്തിമദൂതനാകുന്നു എന്ന അടിസ്ഥാനവിശ്വാസത്തെ തകർക്കുന്നതാണ് അത്. ഇതേ സമീപനമാണ് നമ്മളും സ്വീകരിക്കേണ്ടത്. വ്യാജവാദി എന്ത് കാണിച്ചാലും അതൊന്നുംതന്നെ അയാൾ നബിയാണെന്ന് വിശ്വസിക്കാൻ കാരണമല്ല. അങ്ങനെ വിശ്വസിക്കുന്നവർ ഇസ്‌ലാമിൽനിന്നും പുറത്തുപോകുന്നതാണ്.

നബി ﷺയുടെ പ്രവചനംപോലെ ധാരാളം ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം നുബുവ്വത്ത് വാദിച്ച് രംഗത്തുവന്നതായി നമുക്ക് ചരിത്രത്തിൽ കാണാൻ സാധിക്കും. പലരും പിന്നീട് അവരുടെ വാദത്തിൽനിന്ന് പിന്മാറി ഇസ്‌ലാം സ്വീകരിച്ചവരാണ്. പലരും കാഫിറായിട്ട് തന്നെയാണ് മരണപ്പെടുകയുണ്ടായത്. അക്കൂട്ടത്തിൽ ഒരാളാണ് ഇന്ത്യയിൽ മുളപൊട്ടിയ മിർസാഗുലാം അഹ്‌മദ് ഖാദിയാനി. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ബട്ടാല താലൂക്കിൽ പെട്ട ഖാദിയാൻ ഗ്രാമത്തിൽ മിർസാഗുലാം മുർതസയുടെയും ചിറാഗ് ബീവിയുടെയും മകനായി 1835ൽ ജനിച്ചു. ഇയാളുടെ അനുയായികളാണ് ഇന്ന് ഖാദിയാനികളെന്നും അഹ്‌മദിയ്യാക്കളെന്നുമൊക്കെ അറിയപ്പെടുന്നത്.

ഈസാ(അ) മരണപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു അയാളുടെ ആദ്യവെടി. അവസാനകാലത്ത് വരാനിരിക്കുന്ന മസീഹ് (മിശിഹ) താനാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ടിയാൻ ഇപ്രകാരം തട്ടിയത്. അയാളുടെ അത്ഭുതമായി പറയുന്നത് ചെറുപ്പം മുതൽക്കേ ചില രോഗങ്ങളുണ്ടായിരുന്നു എന്നതാണ്. അപസ്മാര രോഗിയായിരുന്നു അയാൾ. ഇടക്കിടെ ബോധരഹിതനായി വീഴാറുണ്ടായിരുന്നു. ഓർമശക്തി വളരെ കുറവായിരുന്നു. കാലിൽ സോക്‌സ് ധരിക്കുമ്പോൾ പോലും മുന്നും പിന്നും ശ്രദ്ധിക്കാതെ ഇടാറുണ്ടായിരുന്നു എന്നുവരെ ചരിത്രം പറയുന്നു. ഷൂ ധരിക്കുമ്പോൾ ഇടതും വലതും തിരിയാതെ മാറി ധരിക്കും. ചെറുപ്പം മുതൽതന്നെ വീട്ടിൽവെച്ച് ചെറിയ മോഷണം നടത്താറുണ്ടായിരുന്നു. ഒരു ദിവസം വീട്ടിൽനിന്ന് ഒരു സാധനം എടുക്കാൻ ആരോ നിർദേശിച്ചപ്പോൾ പഞ്ചസാരയാണെന്ന് വിചാരിച്ച് ഉപ്പ് വാരി കീശയിലിട്ട് വരികയും പഞ്ചസാരയാണെന്ന് വിചാരിച്ച് അത് കഴിക്കുകയും ചെയ്തു.

അയാൾക്ക് ഉണ്ടായിരുന്ന രോഗത്തെപോലും താൻ നബിയാണെന്നതിന് തെളിവായി വ്യാഖ്യാനിച്ചിരുന്നു! അപസ്മാരവും മൂത്രവാർച്ചയുമായിരുന്നു അസുഖങ്ങൾ. ഈസാ(അ) ദമസ്‌കസിലെ പള്ളി മിനാരത്തിൽ ഇറങ്ങുന്ന സമയത്ത് രണ്ട് മഞ്ഞപ്പുതപ്പ് അണിഞ്ഞിട്ടുണ്ടാകുമെന്ന് പറഞ്ഞത് അയാളുടെ രണ്ട് രോഗമാണ് സൂചിപ്പിക്കുന്നത് എന്നതായിരുന്നു ടിയാന്റെ കണ്ടെത്തൽ. അതിനാൽ രോഗം ചികിത്സിച്ച് സുഖപ്പെടുത്താൻ അയാൾ സമ്മതിക്കാറില്ലായിരുന്നു. ഇപ്രകാരമെല്ലാമുള്ള വഷളത്തരങ്ങൾ തട്ടിവിട്ടിട്ടും കൂടെക്കൂടാൻ ആളുകളുണ്ട്. അപ്പോൾ അയാളെ പറ്റി പഠിക്കാനും തെളിവുകൾ പരതാനും നാം പോകേണ്ടതില്ല. മുഹമ്മദ് നബി ﷺക്ക് ശേഷം പ്രവാചകത്വം വാദിക്കുന്നവർ എല്ലാവരും വ്യാജന്മാരാണെന്നതാണ് നമ്മുടെ വിശ്വസം. ഇവർ കാഫിറുകളാണെന്നാണ് ഇസ്‌ലാമിക ലോകത്തിന്റെ തീരുമാനം. ഇസ്‌ലാമിലെ ഒരു അവാന്തരവിഭാഗമായി പോലും അവരെ പരിഗണിച്ചുകൂടാ. മുഹമ്മദ് നബി ﷺയുടെ പ്രത്യേകതയായി അല്ലാഹുതന്നെ അറിയിച്ചത് കാണുക:

“മുഹമ്മദ് നിങ്ങളുടെ പുരുഷൻമാരിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകൻമാരിൽ അവസാനത്തെ (ഖാതമുന്നബിയ്യീൻ) ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’’ (ക്വുർആൻ 33:40).

‘ഖാതമുന്നബിയ്യീൻ’ എന്ന് പറഞ്ഞാൽ നബിമാരിൽ അവസാനത്തെയാൾ എന്നാണ് അർഥം. ‘ഖാതം’ എന്ന് പദത്തിന് ‘മുദ്ര’ എന്നും അർഥമുണ്ട്. ഒരു പേപ്പറിൽ എല്ലാം എഴുതി മുദ്രവെക്കപ്പെട്ടാൽ പിന്നെ അതിൽ മാറ്റമില്ലല്ലോ. അതെ, നബി ﷺയോടെ നുബുവ്വത്തിന് മുദ്ര വെക്കപ്പെട്ടു. ഇനി ഒരാളും നുബുവ്വത്ത് വാദിച്ച് വരാനില്ല. എന്നാൽ ഖാദിയാനികൾ ‘നബിമാരിൽ ശ്രേഷ്ഠൻ’ എന്ന അർഥമാണ് നൽകുന്നത്. ഈ അർഥം കൽപിക്കുവാൻ ഭാഷയിലോ മറ്റോ യാതൊരു രേഖയും തന്നെയില്ല.

നബി ﷺക്ക് ശേഷം പ്രവാചകത്വം വാദിക്കാതെ അല്ലാഹുവുമായി നേരിട്ട് തങ്ങൾക്ക് ബന്ധമുണ്ടെന്നും പുതിയ അറിവുകൾ അല്ലാഹു തങ്ങൾക്ക് നേരിട്ട് കൈമാറുന്നുണ്ടെന്നും ചില ത്വരീക്വത്ത് വാദികളും ഇക്കാലത്ത് പ്രചരിപ്പിക്കുന്നുണ്ട്. അവരും വ്യാജന്മാർ തന്നെ. ഇത്തരത്തിൽ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അവർ പറയുന്ന പുതിയ അറിവിന്റെ ഉറവിടം എവിടെയാണെന്ന് കാണുക:

“(നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കൾ ഇറങ്ങുന്നതെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? പെരും നുണയൻമാരും പാപികളുമായ എല്ലാവരുടെ മേലും അവർ (പിശാചുക്കൾ) ഇറങ്ങുന്നു’’ (ക്വുർആൻ 26:221,222).

‘വഹ്‌യ്’ (ദിവ്യബോധനം) എന്ന് പറയുന്നില്ലെങ്കിലും അല്ലാഹുവിൽനിന്ന് തങ്ങൾക്ക് നേരിട്ട് കാര്യങ്ങൾ നൽകപ്പെടുന്നുണ്ടെന്ന് പറയുന്നവർ എല്ലാവരും പാപികളും കള്ളന്മാരുമാകുന്നു. പിശാചുക്കളാകുന്നു അവരിൽ ഇറങ്ങുന്നത്. മഹാനായ ശൈഖ് മുഹമ്മദ് അബ്ദുൽ ക്വാദിർ ജീലാനി(റ)യെ പറ്റി ചിലർ പ്രചരിപ്പിക്കുന്നത് നോക്കൂ:

‘ചൊല്ലീല ഞാനൊന്നും എന്നോട് ചൊല്ലാതെ

ചൊല്ല് നീ എന്റെ അമാനിൽ അതെന്നോവർ’

മുഹമ്മദ് നബി ﷺക്ക് ശേഷമാണല്ലോ ശൈഖിന്റെ ജനനം. നബി ﷺയുടെ വഫാതിലൂടെ വഹ്‌യ് നിന്നു എന്നതാണ് സ്വഹാബിമാർ വിശ്വസിച്ചത്. അതുതന്നെയാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസവും. എന്നാൽ ശൈഖ് അല്ലാഹുവിന്റെ കൽപന പ്രകാരമാണ് സംസാരിച്ചിരുന്നതെന്നും അതിന് അല്ലാഹുവിന്റെ കാവൽ ശൈഖിന് ഉണ്ടായിരുന്നു എന്നെല്ലാമാണ് ഇത്തരക്കാർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്.

(അടുത്ത ലക്കത്തിൽ: നബി ﷺയുടെ വിവാഹങ്ങൾ)